കാടേരി മുഹമ്മദ് മുസ്‌ലിയാര്‍: ഇൽമിലും ഇബാദതിലും ജീവിച്ച വ്യക്തിത്വം

കാടേരി മുഹമ്മദ് മുസ്ലിയാർ വഫാതിലൂടെ വലിയൊരു മതപണ്‌ഡിതന്റെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ചെറുപ്പം മുതൽ ഇൽമിലും ഇബാദതിലും ജീവിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. അല്ലാഹു ദറജകൾ ഉയർത്തട്ടെ എന്നു പ്രാർത്ഥിക്കാം. 

1963 ലാണ് കാടേരിയുടെ ജനനം. ഗ്രന്ഥകർത്താവും എഴുത്തുകാരനും വാഗ്മിയും സമസ്തയുടെ മുഖപത്രമായിരുന്ന അൽബയാൻ മാസികയുടെ ചീഫ് എഡിറ്ററുമായിരുന്ന മർഹൂം കാടേരി മുഹമ്മദ് അബുൽ കമാൽ മുസ്ലിയാർ  അവരുടെ മകൻ കാടേരി അബ്ദുല്‍ വഹാബ് മുസ്ലിയാരാണ് പിതാവ്. 
സമസ്തയുടെ ഉപാദ്ധ്യക്ഷനായിരുന്ന മർഹും അബ്ദുൽ ഖാദർ ഫള്ഫരിയുടെ ഇളയ പുത്രി മൈമൂനയാണ് മാതാവ്. 

 മർഹൂം ഒ.കെ.സൈനുദ്ദീൻ കുട്ടി മുസ്ലിയാർ (ന.മ)
ഏലംകുളം മുഹമ്മദ് മുസ്ലിയാർ ഇരുമ്പുഴി ഉസ്താദ്
മർഹൂം വൈലത്തൂർ ബാവ മുസ്ലിയാർ (ന.മ)
പിതാവ് കാടേരി അബ്ദുൽ വഹാബ് മുസ്ലിയാർ ( ന.മ) തുടങ്ങിയവരാണ് പള്ളിദർസിലെ ഉസ്താദുമാർ.

 ശേഷം വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് ബാഖവി ബിരുദം നേടി. 

ശൈഖുനാ മൂസ കുട്ടി ഹസ്റത്ത്
മർഹൂം കമാലുദ്ദീൻ ഹസ്റത്ത്
അതിനാം പട്ടണം, മമ്മി കുട്ടി ഹസ്റത്ത്
തുടങ്ങിയവരാണ് വെല്ലൂരിലെ ഉസ്താദുമാർ.

1979ല്‍ മലപ്പുറം കോട്ടപ്പടി മോഡല്‍ എച്ച്.എസ്.എസില്‍ നിന്ന് എസ്.എസ്.എല്‍.സി പാസായിട്ടുണ്ട്.

കാച്ചിനിക്കാട് മുദരിസായിട്ടാണ് അദ്ധ്യാപനജീവിതം തുടങ്ങിയത്. ശേഷം, 33 വര്‍ഷമായി  കൊളപ്പുറം ഇരുമ്പുചോല ജുമാ മസ്ജിദില്‍ മുദര്‍രിസായി സേവനം ചെയ്തുവരികയായിരുന്നു. 

ഒരു മതപണ്ഡിതന്റെ ഗരിമയും മഹത്വവും ഉയർത്തിപ്പിടിച്ചായിരുന്നു ജീവിതം. കേരളത്തിൽ അറിയപ്പെട്ട ദർസുകളിലൊന്നായിരുന്നു അദ്ദേഹത്തിന്റെത്. ദർസ് എന്നാൽ ഭൗതികപഠനം അശേഷം ഇല്ലാത്ത ദർസായിരുന്നു അദ്ദേഹം നടത്തിയത്. മതവിദ്യ മാത്രം ആഗ്രഹിക്കുന്നവർ തന്റെ കൂടെ വന്നാൽ മതി എന്ന നിലപാട്. മരണം വരെ തന്റെ നിലപാടിൽ അദ്ദേഹം വെള്ളം ചേർത്തില്ല. വിദ്യാർത്ഥികളുടെ കുറവോ മറ്റു ഘടകങ്ങളോ അദ്ദേഹം ഇതിൽ ഗൗനിച്ചില്ല. തന്റെ വ്യക്തിപ്രഭാവം വിദ്യാർത്ഥികളിലും നന്നായി പ്രതിഫലിച്ചു. ഒട്ടേറെ പ്രഗൽഭമതികളായ  മുദരിസന്മാർ ശിഷ്യന്മാരായുണ്ട്. സ്വന്തം നാട്ടിലെ കുറേ പേർ അദ്ദേഹത്തിന്റെ ദർസിൽ പഠിച്ചവരാണ്. ശിഷ്യന്മാരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചു. അവർക്കായി സ്നേഹസംഗമങ്ങൾ നടത്തി. പലപ്പോഴും അദ്ദേഹത്തെ കാണാൻ ചെല്ലുന്പോൾ വീട്ടിൽ ശിഷ്യജനങ്ങൾ വന്നിരിക്കും. ചിലപ്പോൾ മക്കളെക്കാളും ബന്ധുക്കളേക്കാളും അടുപ്പം ശിഷ്യന്മാരോടാണെന്ന് തോന്നിപ്പോകുന്ന രീതിയിലായിരുന്നു പെരുമാറ്റം. 

വലിപ്പ ചെറുപ്പമില്ലാതെ ആരോടും കാര്യങ്ങൾ തുറന്നു പറയാൻ ആർജവം കാണിച്ചയാളായിരുന്നു. പ്രലോഭനങ്ങൾക്ക് വഴങ്ങുന്ന പ്രകൃതമായിരുന്നില്ല. 

ഇബാദത്തിൽ വലിയ കണിശത പുലർത്തി. എല്ലാ വഖ്തും പള്ളിയിൽ ജമാഅത്തായി നിസ്കരിക്കാൻ ശ്രദ്ധിച്ചു. തന്റെ മക്കളെയും ശിഷ്യരെയും അതേ രീതിയിൽ വഴി നടത്തുകയും ചെയ്തു. 

പാണക്കാട് കുടുംബത്തോടും മുസ്ലിം ലീഗിനോടും അതിരറ്റ സ്നേഹമായിരുന്നു. രണ്ടു മാസം മുന്പ് നടന്ന മകന്റെ നികാഹിന് കാർമികത്വം വഹിച്ചത് സയ്യിദ് അബ്ബാസ്‌ അലി ശിഹാബ് തങ്ങളാണ്. 

 മങ്കട പള്ളിപ്പുറം, മലപ്പുറം ചെമ്മങ്കടവ് എന്നിവിടങ്ങളിലെ ഖാസിയായിരുന്നു. 

തന്റെ പ്രധാന ഗുരുവര്യരായ ഒ.കെ.ഉസ്താദിനെ മാതൃകയാക്കി സദാ സമയവും വിജ്ഞാന വഴിയിലാണ് ഉസ്താദിന്റെ ജീവിതം 
അനേകം സൂഫിയാക്കളുമായി ആത്മീയ ബന്ധവും സ്ഥാപിച്ചിട്ടുണ്ട് ഇദ്ദേഹം

പാണ്ഡിത്യവും പാരമ്പര്യവും ഒരു പോലെ ഒത്തിണങ്ങിയത് കൊണ്ട് അദ്ദേഹം സമസ്ത കേരള ജംഇയ്യതുൽ ഉലമ മുശാവറയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിറമരുതൂർ മരക്കാർ മുസ്ലിയാരുടെ വഫാത് മൂലം വന്ന ഒഴിവിലേക്കാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.

രണ്ടാഴ്ച മുന്പ് വ്യാഴാഴ്ച ദർസ് നിർത്തി വീട്ടിലെത്തിയതായിരുന്നു. അന്നത്തെ ഇശാ നിസ്കാരവും പള്ളിയിൽ വെച്ച് നിർവഹിച്ചു. ഭക്ഷണം കഴിച്ചു കിടന്നുറങ്ങിയ പാടെ ശ്വാസതടസ്സം അനുഭവപ്പെട്ടു. ഹൃദയാഘാതം സംഭവിച്ചതായിരുന്നു. ഉടൻ ആശുപത്രിയിലെത്തി ചികിത്സ നടത്തി. അല്പം ഭേദപ്പെട്ടു സാധാരണജീവിതത്തിലേക്ക് തിരിച്ച്‌ വരാനുള്ള തയ്യാറെടുപ്പിനിടയിൽ വീണ്ടും ആരോഗ്യനില മോശമായി. അതോടെ, എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. ഒടുവിൽ അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി. 

അല്ലാഹു അവരുടെ ദറജകൾ ഉയർത്തട്ടെ ...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter