സിറിയയുടെ ഭരണമാറ്റവുംഇറാന്റെ ഹ്രസ്വകാലയുദ്ധവും
മധ്യേഷ്യയില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ കാലമായിരുന്നു 2025. സിറിയയിലെ പതിറ്റാണ്ടുകള്‍ നീണ്ട സ്വേഛാധിപത്യ ഭരണം തകര്‍ന്നതും ഇറാന്‍ ഇസ്റാഈലുമായി നടത്തിയ 12 ദിവസം നീണ്ട യുദ്ധവും ഈ വര്‍ഷത്തെ ഏറ്റവും പ്രധാന സംഭവങ്ങളാണ്.
സിറിയ
വര്‍ഷങ്ങളായി ഭരണകൂട ഭീതിദ സ്ഥിതിഗതികളിലൂടെ നീങ്ങുകയായിരുന്ന സിറിയക്ക് 2025 ആശ്വാസത്തിന്റെ വര്‍ഷമായിരുന്നു. ബശ്ശാറുല്‍അസദിന്റെ ദുര്‍ഭരണം അവസാനിക്കുകയും അഹ്മദ് ശര്‍ഇന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വരുകയും ചെയ്തത്, 2025ലെ പ്രധാന രാഷ്ട്രീയ സംഭവമായി മാറി. പൊതുജനത്തിന്റെ കൃത്യവും ആസൂത്രിതവുമായ പ്രതിഷേധ നീക്കത്തില്‍ പിടിച്ച് നില്ക്കാനാവതെ നാട് വിടുകയായിരുന്നു ബശ്ശാര്‍.
ഹയാത്ത് തഹ്‌രീർ അൽശാം (HTS) എന്ന സായുധ സംഘടനയാണ് ഈ ഭരണമാറ്റത്തിന് നേതൃത്വം നല്കിയത്. 2024 നവംബർ അവസാനത്തിൽ ആരംഭിച്ച 'ഓപ്പറേഷൻ ഡിറ്ററൻസ് ഓഫ് അഗ്രഷൻ' (Deterrence of Aggression) സിറിയയുടെ ഗതി തന്നെ മാറ്റിമറിച്ചു. ഇദ്‍ലിബ് കേന്ദ്രമായി തുടങ്ങിയ മുന്നേറ്റം അവസാനം ദമസ്കസിലെത്തി ഭരണം പിടിച്ചെടുക്കുന്നതാണ് കണ്ടത്. റഷ്യയും ഇറാനും പരമാവധി പിന്തുണച്ചെങ്കിലും കാര്യമുണ്ടായില്ല. അഹ്മദ് അല്‍ശറഅ് ഇടക്കാല പ്രസിഡണ്ടായി സ്ഥാനമേല്‍ക്കുകയും വൈകാതെ തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു.
വര്‍ഷങ്ങളായി ബന്ധികളായിരുന്ന പലരും സന്തോഷാശ്രുക്കള്‍ പൊഴിച്ചാണ് സ്വതന്ത്രരായത്. അതേ സമയം, ഈ ഭരണമാറ്റവും അത്ര സുഗമമായിരുന്നില്ല. കുര്‍ദ് വംശജരും അലവി-ശിയാ വിഭാഗങ്ങള്‍ അടങ്ങിയ പ്രദേശത്തെ ന്യൂനപക്ഷങ്ങളും അവകാശങ്ങളും സുരക്ഷയും ഉറപ്പ് നല്കണമെന്ന് ആവശ്യപ്പെട്ട് പലയിടങ്ങളിലും പ്രകടനങ്ങള്‍ നടത്തുകയും പുതിയ ഭരണകൂടത്തിന്റെ സൈന്യവുമായി ചിലയിടങ്ങളില്‍ സംഘര്‍ഷങ്ങളുണ്ടാവുകയും പലരും കൊല്ലപ്പെടുകയും ചെയ്തു.
യുദ്ധക്കെടുതികള്‍ മൂലം അഭയാര്‍ത്ഥികളായി പലായനം ചെയ്ത 12 ലക്ഷത്തിലധികം പേരാണ് സിറിയയിലേക്ക് തിരിച്ചെത്തിയത്. പതിനഞ്ച് മില്യണിലധികം ആളുകള്‍ക്ക് മാനുഷിക സഹായം ആവശ്യമുണ്ടെന്നതാണ് നിലവിലെ സിറിയയുടെ അവസ്ഥ. തകര്‍ന്നടിഞ്ഞ നഗരങ്ങളെയും ദുരിതപൂര്‍ണ്ണമായ ജീവിതത്തെയും തിരിച്ച് പിടിക്കാന്‍ ഇനിയും ഒരു പാട് വര്‍ഷങ്ങള്‍ തന്നെ വേണ്ടിവരും. അതോടൊപ്പം, ഒരു ഭീകര സംഘടനയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന എച്ച്.ടി.എസ് അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് ശേഷം അവരുടെ സമീപനങ്ങളും നയതന്ത്ര ബന്ധങ്ങളും എങ്ങനെ ആയിരിക്കുമെന്ന് ലോകം സാകൂതം വീക്ഷിക്കുകയാണ്. അവയെ കൂടി ആശ്രയിച്ചിരിക്കും സിറിയയുടെ ഭാവി.
ലബനാന്‍
ലബനാനിലും ചില രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് 2025 സാക്ഷ്യം വഹിച്ചു. സൈന്യാധിപന്‍ ജോസഫ് ഔനിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തത്, രണ്ട് വര്‍ഷത്തിലേറെ കാലം ആ സ്ഥാനം ഒഴിഞ്ഞ് കിടന്ന ശേഷമായിരുന്നു. അതേ സമയം, ഹിസ്ബുല്ലയുടെ സ്വാധീനവും മറ്റു സാമ്പത്തിക പ്രതിസന്ധികളും ഈ വര്‍ഷവും ലബനാന് ഏറെ തലവേദനയായി തന്നെ തുടരകയാണ്. ഇസ്റാഈല്‍-ഫലസ്തീന്‍- ഇറാന്‍ സംഘര്‍ഷങ്ങളിലൊന്നും ഇടപെടാതെ സുരക്ഷിതമായി കഴിയാനായിരുന്നു ലബനാന്റെ ശ്രമമെങ്കിലും അത് വേണ്ടത്ര വിജയിച്ചില്ലെന്ന് മാത്രമല്ല, ഇസ്റാഈല്‍ പല അക്രമണങ്ങള്‍ക്കും ലബനാന്‍ ഇരയാവുകയും ചെയ്തു. ജൗലാന്‍ ഇസ്റാഈലിന് അവകാശപ്പെട്ടതാണെന്ന അമേരിക്കന്‍ പ്രസിഡണ്ടിന്റെ പ്രസ്താവനക്ക് മുന്നിലും ലബനാന് കാര്യമായി ഒന്നും ചെയ്യാനായിട്ടില്ല.
ഇറാന്റെ 12 ദിവസ യുദ്ധം
ഇറാനും ഇസ്റാഈലും തമ്മിലുള്ള ഒരു ഹ്രസ്വ യുദ്ധത്തിനും 2025 സാക്ഷിയായി. 2025 ജൂണില്‍ നടന്ന ഈ യുദ്ധം പന്ത്രണ്ട് ദിവസമാണ് നീണ്ടുനിന്നത്. ഇറാന്റെ സൈനിക കേന്ദ്രങ്ങളെ അക്രമിച്ച് ഇസ്റാഈല്‍ ആണ് യുദ്ധത്തിന് തുടക്കം കുറിച്ചത്. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ വധിക്കാന്‍ തങ്ങളുടെ ഭൂമി ഉപയോഗപ്പെടുത്തിയതടക്കം, തിരിച്ചടിക്കാന്‍ കാരണങ്ങള്‍ ഏറെ ഉണ്ടായിരുന്നെങ്കിലും പരിമിതമായ രീതിയില്‍ മാത്രമായിരുന്നു ഇറാന്റെ തിരിച്ചടി. വൈകാതെ, അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്ന് അത് അവസാനിക്കുകയും ചെയ്തു. ഖത്തറിലെ അമേരിക്കന്‍ സൈനിക കേമ്പുകള്‍ക്ക് നേരെ പേരിന് ഒരു അക്രമണം നടത്തിയാണ് ഇറാന്‍ ഇത് അവസാനിപ്പിച്ചത്.
മുസ്‍ലിംലോകത്തെ അടിമുടി ബാധിക്കുന്ന അനേകം സംഘര്‍ഷങ്ങളിലൂടെ കടന്ന്പോയപ്പോഴും, പ്രമുഖ അറബ്-മുസ്‍ലിം രാജ്യങ്ങളൊന്നും ഇതില്‍ കാര്യമായി ഇടപെടാതെ മൗനം ദീക്ഷിക്കുകയാണ് ചെയ്തത്. പല സംഘര്‍ഷങ്ങളിലും മധ്യസ്ഥരുടെ റോളിലെത്തി പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഖത്തറും തുര്‍കിയും നടത്തിയ ശ്രമങ്ങള്‍ മാത്രമാണ് എടുത്ത് പറയാവുന്നത്. മറ്റുള്ളവരെല്ലാം കേവലം നോക്കുകുത്തികളായി സാധാരണ പോലെ ജീവിതം ആസ്വദിക്കുക തന്നെയായിരുന്നു.
യമന്‍
പത്ത് വര്‍ഷത്തിലേറെയായി ആഭ്യന്തര കലാപങ്ങളിലൂടെ നീങ്ങുന്ന യമന്‍ 2025 ലും അതേ ദുരിതങ്ങളിലൂടെയാണ് കഴിച്ച് കൂട്ടിയത്. എന്നാല്‍ വര്‍ഷം അവസാനത്തോട് അടുത്തപ്പോള്‍, പലയിടങ്ങളിലും വിമതരെ തുരത്താനും നിയന്ത്രണം തിരിച്ച് പിടിക്കാനും സൈന്യത്തിന് ആയിട്ടുണ്ട്. തെക്കന്‍ യമനിന്റെ എണ്‍പത് ശതമാനവും എണ്ണ ശേഖരങ്ങളുടെ 90 ശതമാനവും ട്രാന്‍സിഷന്‍ സമിതിയുടെ നിയന്ത്രണത്തിലായെന്നാണ് പറയപ്പെടുന്നത്. അതേ സമയം, സൗദി അറേബ്യയും യു.എ.ഇയും ചേര്‍ന്ന സഖ്യസൈന്യത്തിലുണ്ടായ വിള്ളലുകളും പലയിടങ്ങളില്‍നിന്നും ട്രാന്‍സിഷന്‍ സമിതി സൈന്യത്തോട് പിന്മാറാന്‍ ആവശ്യപ്പെട്ട് അവിടങ്ങളില്‍ അക്രമണങ്ങള്‍ നടത്തിയതും യമന്‍ സൈന്യത്തെ ചൊടിപ്പിച്ചിരുന്നു. വിദേശ സൈനിക ശക്തികളെല്ലാം യമനില്‍നിന്ന് എത്രയും വേഗം പിന്മാറണമെന്ന് ശക്തമായ ഭാഷയില്‍ അവര്‍ താക്കീത് നല്കിയതും അത് കൊണ്ട് തന്നെ.
പത്ത് വര്‍ഷത്തിലേറെ നീണ്ടു നിന്ന ഈ യുദ്ധം രാജ്യത്തെ പൂര്‍ണ്ണമായും തകര്‍ത്ത് കളഞ്ഞിട്ടുണ്ട്. 13 മില്യണ്‍ കുട്ടികളടക്കം 23.5 മില്യണ്‍ ജനങ്ങള്‍ പട്ടിണിയിലാണ്. നഗരങ്ങളും കെട്ടിടങ്ങളും ആരോഗ്യ സംവിധാനങ്ങളുമെല്ലാം തരിപ്പണമായിരിക്കുകയാണ്. പകര്‍ച്ച വ്യാധികളും കാന്‍സര്‍ പോലോത്ത മാറാ രോഗങ്ങളും ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. യുദ്ധം അവസാനിച്ച് സമാധാനത്തിലേക്ക് തിരിച്ച് നടന്നാല്‍ പോലും, പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും ഇവയില്‍നിന്നെല്ലാമുള്ള ഒരു മോചനം യമന്‍ ജനതക്ക് സാധ്യമാവുമോ എന്നത് കാത്തിരുന്ന് കാണേണ്ടിവരും.
സോമാലിയ
ഇസ്‍ലാമിക ശരീഅത് പൂര്‍ണ്ണമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്നവരും ജനാധിപത്യമാണ് വേണ്ടതെന്ന് പറയുന്ന, പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പിന്തുണക്കുന്ന സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം 2025 ലും തുടരുന്നതാണ് സോമാലിയയിലെ അവസ്ഥ. രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങളും സമ്പത്തും വിദേശ ശക്തികള്‍ കൊള്ളയടിക്കുന്നത് തുടരുക തന്നെയാണ്. അവസാനമായി ഡിസംബറില്‍, സോമാലിയയില്‍നിന്ന് സ്വതന്ത്രമാവണമെന്ന് വാദിക്കുന്ന സോമാലിലാന്റിനെ ഇസ്റാഈല്‍ അംഗീകരിച്ചതും, മൊഗാദിഷു അടക്കമുള്ള നഗരങ്ങളില്‍ ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു. രാഷ്ട്രത്തിന്റെ പരമാധികാരത്തിന്മേലുള്ള ഭീഷണി എന്നായിരുന്നു സര്‍ക്കാര്‍ ഇതിനോട് പ്രതികരിച്ചത്. ആഫ്രിക്കയിലേക്കുള്ള ഇസ്റാഈലിന്റെ കടന്നുകയറ്റമായാണ് ഇതിനെ പലരും കാണുന്നത്.
ആഫ്രിക്കന്‍ തീരപ്രദേശങ്ങളായ മാലി, ബൊര്‍കിനാഫാസോ, നൈജീരിയ തുടങ്ങിയ രാഷ്ട്രങ്ങള്‍ക്കും 2025 അത്ര നല്ല വര്‍ഷമായിരുന്നില്ല. മൂന്ന് രാഷ്ട്രങ്ങളും ചേര്‍ന്ന്, വിദേശ ഇടപെടലുകള്‍ തടയാനും പ്രദേശത്തിന്റെ സുസ്ഥിരത ഉറപ്പ് വരുത്താനുമായി, പ്രത്യേക സൈനിക മുന്നണി രൂപീകരിച്ചിരുന്നുവെങ്കിലും മാര്‍ച്ചില്‍ നൈജീരിയ അതില്‍നിന്ന് പിന്മാറുകയായിരുന്നു. അതേ സമയം, ജിഹാദികളെന്ന് സ്വയം വിളിക്കുന്ന നിയമവിരുദ്ധ വിഭാഗങ്ങളുടെ അക്രമണങ്ങളും ഒരു ഭാഗത്ത് ഈ രാജ്യങ്ങള്‍ക്ക് നേരിടേണ്ടിവന്നു. പല നയതന്ത്ര മേഖലകളും അവരുടെ കൈകളിലാവുന്നതിനും 2025 സാക്ഷ്യം വഹിച്ചു.



Leave A Comment