ഡി-8

മുസ്‌ലിം ലോകത്തിന്റെ സ്വയം പര്യപ്തത ലക്ഷ്യമാക്കി ഡോക്ടര്‍ നജ്മുദ്ദീന്‍ അര്‍ബക്കാന്റെ ശ്രമഫലമായി രൂപീകൃതമായ മുസ്‌ലിം രാഷ്ട്രങ്ങളുടെ കൂട്ടായ്മയായണ് ഡി-8. മൂസ്‌ലിം ധിഷ്ണാശാലികളുടെ അനേക വര്‍ഷത്തെ ചിന്തയുടെ പരിണിതഫലമായിരുന്നു ഡി-8. മൊത്തം ജനസംഖ്യയുടെ അഞ്ചില്‍ ഒന്ന് വരുന്ന മുസ്‌ലിംകള്‍ ലോകത്തിന്റെ കാല്‍ഭാഗത്തിന്റെ (മുപ്പത് മില്യന്‍ കിലോമീറ്റര്‍) ഉടമകളാണ്. അസംസ്‌കൃത എണ്ണയുടെ 60% ഓളം ഉത്പാതിപ്പിക്കുന്ന മുസ്‌ലിം ലോകത്ത് സാമ്പത്തിക വളര്‍ച്ചക്കുള്ള എല്ലാ അടിസ്ഥാന വിഭവങ്ങളും ഒരിടത്ത് അല്ലെങ്കില്‍ മറ്റൊരിടത്ത് ലഭ്യമാണ്. പ്രകൃതി വിഭവങ്ങള്‍കൊണ്ട് അനുഗ്രഹീതമായ മുസ്‌ലിം സമൂഹം നാള്‍ക്കു നാള്‍ എന്തുകൊണ്ടാണ് കടത്തിന്റെ കയങ്ങളില്‍ മുങ്ങുന്നത് എന്ന ചിന്ത മുസ്‌ലിം ബുദ്ധിജീവികളെ അലട്ടിക്കൊണ്ടിരുന്നു.

ആയിടക്ക് ദക്ഷിണ പൂര്‍വേഷ്യന്‍ മുസ്‌ലിം രാഷ്ട്രങ്ങളില്‍ (ഇന്തോനേഷ്യയിലും മലേഷ്യയിലും) ചില മാറ്റങ്ങള്‍ ദൃശ്യമായത് ഏറെ ശ്രദ്ധിക്കപ്പെട്ടു. സാമ്രാജ്യത്വത്തെ അവഗണിച്ച് ശാസ്ത്ര സാങ്കേതിക രംഗത്തും സാമ്പത്തിക രംഗത്തും ശ്രദ്ധയൂന്നി പ്രവര്‍ത്തിച്ചാല്‍ മുസ്‌ലിം ലോകത്തിന് സ്വന്തം കാലില്‍നില്‍ക്കാനാകുമെന്ന് അവര്‍ മനസ്സിലാക്കി. ഈ തിരിച്ചറിവ് ഇഫ്തിഹാര്‍ (ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് ഫോറം ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്റ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലൊപ്‌മെന്റ്) എന്ന ഒരു സംഘടന രൂപീകരിക്കുന്നതില്‍ മുസ്‌ലിം പ്രതിഭാശാലികളെ കൊണ്ടെത്തിച്ചു. മുസ്‌ലിം ലോകത്ത് ശാസ്ത്രവും സാങ്കേതിക വിദ്യയും സ്വന്തമായി വികസിപ്പിച്ചെടുക്കുകയാണ് ഈ സംഘടനയുടെ ലക്ഷ്യം. ഈ സ്വഭാവത്തോടെ നേരത്തെയും ശാസ്ത്ര സാങ്കേതിക വേദികള്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ സംഘടനകളുടെ ഗതി ഇഫ്തിഹാറിന് വരരുതെന്ന് ഡോ. നജ്മുദ്ദീന്‍ അര്‍ബകാന്റെ നിര്‍ബന്ധമാണ് ഡി-എട്ടിന്റെ രൂപീകരണത്തില്‍ എത്തിച്ചത്. ഡി-എട്ടിന്റെ അംഗങ്ങള്‍ ഒരുരംഗത്തല്ലെങ്കില്‍ മറ്റൊരു രംഗത്ത് മികവ് പുലര്‍ത്തുന്നവരാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter