മലസ്ഗരിത് യുദ്ധം: ഇസ്‍ലാമിക ചരിത്രത്തിലെ നാഴികക്കല്ല്

ഇസ്‍ലാമിക ചരിത്രത്തിൽ  ഏറെ നിർണായക സ്വാധീനം ചെലുത്തിയതും വേണ്ട രീതിയിൽ ചർച്ച ചെയ്യപ്പെടാത്തതുമായ ഏടാണ് മലാസ്ഗരിത്. സുന്നി ഭരണകൂടമായിരുന്ന സെൽജുക്കും ബൈസാന്റൈൻ ഭരണകൂടവും തമ്മിൽ ഏറ്റുമുട്ടിയ ഈ യുദ്ധം  ഏറെ ചരിത്ര പ്രാധാന്യമുള്ളതും ഗൗരവ വായന അർഹിക്കുന്നതുമാണ്. 

തുർക്കി സമുദ്ധരാകൻ ഓഗൂസ്ഖാന്റെ കുടുംബ പരമ്പരയിലെ കിനിക് ഗോത്ര തലവൻ തുഗുറുൽ ബെയ് സ്ഥാപിച്ച തുർക് -പേർഷ്യൻ സുന്നി ഇസ്‍ലാമിക ഭരണകൂടമായിരുന്ന സെൽജൂക്കികൾ, സുൽത്താൻ മുഹമ്മദ് അൽപ് അർസലാന്റെ   നേതൃത്വത്തിൽ ക്രിസ്തീയ ഭരണത്തിന്റെ ആണിക്കല്ലായിരുന്ന ബൈസന്റൈൻ ചക്രവർത്തി റോമാനോസ്   IV ഡിയോജന്റെ സൈന്യവുമായി ഏറ്റുമുട്ടിയ അതിജീവന പോരാട്ടം തന്നെയായിരുന്നു യഥാർത്ഥത്തിൽ മലാസ്ഗരിത്. പോരാട്ട ഭൂമിയുടെ സ്ഥലപ്പേര് പരിഗണിച്ച് മലാസ്ഗരിത്/മെനിസ്ഗരിത് എന്നീ പേരുകളിലാണ് ഈ യുദ്ധം പ്രസിദ്ധമായത്. സുൽത്താൻ മുഹമ്മദ് അൽപ് അർസലാനെ പ്രസിദ്ധനാക്കുകയും സെൽജൂക്ക് രാഷ്ട്രത്തിന്  ശക്തമായ അടിത്തറ പാകുകയും ചെയ്തുവെന്നതിലുപരിയായി മുസ്‍ലിം ഭരണകൂടങ്ങൾക്ക് ഏഷ്യ മൈനറിന്റെയും യൂറോപ്പിന്റെയും അനാടോളിയയുടെയും  വാതിലുകൾ തുറക്കുവാൻ സഹായകമായി എന്നതിനാലാണ്  ഈ യുദ്ധം ഇസ്‍ലാമിക ചരിത്രത്തിൽ വിശേഷ പ്രാധാന്യമുള്ളതാവുന്നത്. പ്രവാചകർ(സ്വ)പ്രവചിച്ച കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കലിനും ആറു നൂറ്റാണ്ടുകാലം തല ഉയർത്തി നിന്ന ഉസ്മാനിയ ഭരണകൂടത്തിനും  ലോകചരിത്രത്തിലെ സുപ്രധാന ഏടായ  കുരിശുയുദ്ധങ്ങൾക്കും നിദാനമായ  യുദ്ധമായതിനാൽ മലാസ്ഗരിത്  പോരാട്ടത്തെ ഇസ്‍ലാമിക യുദ്ധചരിത്രത്തിലെ നാഴികക്കല്ലായാണ് പരിഗണിക്കുന്നത്. ഈ യുദ്ധത്തിന്റെ അനന്തരഫലങ്ങളുടെ വ്യാപ്തി പരിഗണിച്ച് പ്രശസ്ത  ടർക്കിഷ് ചരിത്രകാരൻ മുക്രിമിൻ ഹിലാൽ ഇനാക്ക് മലസ്‌ഗരിത് യുദ്ധത്തെ, ലോക ചരിത്രത്തിലെ വഴിത്തിരിവും ഏറ്റവും നിർണായകമായ സംഭവങ്ങളിലൊന്നുമായാണ് വിശേഷിപ്പിച്ചത്  എന്ന കാര്യം  ഇസ്‍ലാമിക ചരിത്രത്തിൽ മാത്രമല്ല, ലോകചരിത്രത്തിൽ തന്നെ ഈ യുദ്ധത്തിന് എത്രമാത്രം സ്വാധീനം ചെലുത്തുവാൻ സാധിച്ചുവന്നത് അടിവരയിട്ട് തെളിയിക്കുന്നുണ്ട്.

ബൈസന്റൈൻ കോൺസ്റ്റന്റൈ X ഡ്യൂക്കാസ് ചക്രവർത്തിയുടെ മരണം മൂലം ഉണ്ടായ രാഷ്ട്രീയ അരക്ഷിതാവസ്ഥയിൽ നിന്ന് അദ്ദേഹത്തിന്റെ വിധവയായ രാജ്ഞി എവദോക്യ അഭയം തേടിയത് സാഹസികനായ സൈനിക ജനറൽ റോമാനോസ്   IV ഡിയോജനെ വിവാഹം കഴിച്ച്  ചക്രവർത്തിപഥം അദ്ദേഹത്തെ ഏൽപ്പിച്ചായിരുന്നു. 1068 ൽ ചക്രവർത്തിയായ ഉടനെ അദ്ദേഹം തുനിഞ്ഞത്, ഒരു ദശാബ്ദത്തോളമായി ഈസ്റ്റേൺ അതിർത്തിയിൽ റോമൻ സൈന്യത്തിന് തലവേദന ഉയർത്തിയ സെൽജൂക്ക് ഭരണകൂടത്തിനെ നിലക്കുനിർത്തുവാൻ യുദ്ധ സന്നഹമൊരുക്കവനാണ്. സമാധാനത്തിനായി ആൽപ് അർസലാൻ ശ്രമിച്ചതായി ചില ചരിത്ര രേഖകളിൽ കാണാൻ സാധിക്കുന്നുണ്ടെങ്കിലും  ബൈസാന്റൈൻ ഭരണകൂടം അതിനുള്ള സാധ്യതകളെ പാടെ നിഷേധിച്ചത് മൂലം  സെൽജുക് സൈന്യം അക്ഷരാർത്ഥത്തിൽ യുദ്ധത്തിലേക്ക് തള്ളിവിടപ്പെടുകയായിരുന്നു.

പിന്നീട് വികാരതീവ്ര രംഗങ്ങൾക്കായിരുന്നു സുൽത്താൻ ആല്പ് അർസലാന്റെ കൂടാരം സാക്ഷിയായത്. അദ്ദേഹം ഒരു വെള്ളത്തുണി  എടുത്ത് യുദ്ധത്തിൽ ഞാൻ മരണപ്പെടുകയാണെങ്കിൽ ഇതിൽ എന്നെ കഫൻ ചെയ്യണമെന്ന് നിർദേശിച്ച് ആ വസ്ത്രം ധരിച്ച് യുദ്ധമുന്നണിയിലേക്ക് നീങ്ങുകയും തന്റെ മരണം മൂലം അരക്ഷിതാവസ്ഥയുണ്ടാവാതിരിക്കാൻ തന്റെ മകൻ മലിക് ഷായെ അടുത്ത സുൽത്താനായി പ്രഖ്യാപിക്കുകയും ചെയ്തു. ഇത് ആൽപ് അർസലാനെ പിന്തുണച്ചവരിലും മുസ്‍ലിം ലോകത്ത് ഒന്നടങ്കവും   വലിയ പ്രതിഫലനം ഉണ്ടാക്കി. അത് മൂലം അബ്ബാസി ഖിലാഫത്തിന്റെ പിന്തുണ നേടിയെടുക്കുന്നതിനും തുർക്കി ഗോത്രങ്ങളുടെ അനിവാര്യമായ ഏകോപനത്തിലേക്കും  അവരുടെ നായക പദവിയിലേക്കും അതിനു പ്രയത്നിക്കുന്ന സമുദ്ധാരകൻ എന്ന നിലയിലേക്കും ആൽപ് അർസലാനെ വളർത്തി. ലോക ശക്തിയെ നേരിടാൻ ഒരുങ്ങി നിൽക്കുമ്പോഴും ഭയത്തിന്റെ ലാഞ്ചന പോലും ഇല്ലാതെ രാഷ്ട്രഭാവി സുരക്ഷിതമാക്കുന്ന നായകവീരൻ മാത്രമല്ല, നല്ല പാടവമുള്ള യുദ്ധ തന്ത്രഞ്ജനാണ് താനെന്നും തെളിയിക്കുന്നതായിരുന്നു സുൽത്താൻ അൽപ് അർസലാന്റെ പിന്നീടുള്ള കരുനീക്കങ്ങൾ.   

ബൈസന്റൈൻ സൈന്യം തങ്ങളെ ആക്രമിക്കാൻ  രണ്ട് ഭാഗങ്ങളായി തിരിഞ്ഞ് അഹ്ലാലാത്തിക്കും  മലാസ്ഗ്രിതിലേക്കും നീങ്ങിയത് അറിഞ്ഞ  സുൽത്താൻ അർസലാൻ ഇരുവഴികൾക്കുമിടയിൽ  പുൽമേടുകളിലും കുന്നിലുമായി ശത്രുവിന്റെ ജാഗ്രതക്കുറവ് മുതലെടുത്ത് തന്റെ ചെറുസൈന്യത്തെ  നിലയുറപ്പിക്കുകയും ബൈസന്റൈൻ പക്ഷത്തുണ്ടായിരുന്ന തുർക്കി-വാടക  സൈനികരെ തന്ത്രപൂർവ്വം മറുകണ്ടം ചാടിക്കുകയും വഴി സുൽത്താൻ മുഹമ്മദ് ആൽപ്പ് അർസാലൻ ശത്രുവിന് ഒരു മുഴം മുമ്പേ യുദ്ധസജ്ജമായി. 

ഒന്നര ലക്ഷത്തിലധികം വരുന്ന   റോമൻ സൈന്യത്തെ പതിനായിരത്തോളം  വരുന്ന ചെറു സൈന്യംകൊണ്ട് പ്രതിരോധിക്കാൻ പുറപ്പെട്ട  സുൽത്താൻ മുഹമ്മദ് അൽപ് അർസലാൻ കാണിച്ച നിശ്ചയദാർഢ്യവും  അദ്ദേഹത്തിന്റെ ക്രാന്ത ദർശിയായ വസീർ നിസാമുൽക് അവസരോചിതമായി പുറത്തെടുത്ത അപാര നയതന്ത്ര   മികവുമാണ് മലാസ്ഗരിതിലെ വിധി നിർണയിച്ചത്. അതിന്റെ ഫലമെന്നോളം പതിനായിരത്തോളം  വരുന്ന തന്റെ സൈന്യത്തിന്റെ അംഗബലം വലിയ തോതിൽ വർദ്ധിപ്പിക്കുവാനും മർവാനിഡ് വിഭാഗത്തിൽ നിന്നു മാത്രമായി തന്നെ ഏകദേശം ഒമ്പതിനായിരത്തോളം വരുന്ന സൈന്യത്തെ സംഘടിപ്പിക്കുവാനും ഇതര തുർക്കി ഗോത്രങ്ങളെ സംയോജിപ്പിച്ചു കൊണ്ടുള്ള യുദ്ധമുന്നണി സജ്ജീകരിക്കുവാനും സൽജുക്ക് ഭരണകൂടത്തിന് സാധിച്ചു. സൽജുക്കികള്‍ക്കായി അബ്ബാസി ഖലീഫ തന്നെ എല്ലാ പള്ളികളിലും പ്രാർത്ഥന നടത്തുവാനും തന്റെ സന്ദേശം വായിക്കുവാനും നിർദ്ദേശിക്കുക കൂടി ചെയ്തതോടെ  വാസ്തവത്തിൽ അത് സെൽജൂക്ക്- ബൈസന്റൈൻ  യുദ്ധം എന്ന നിലയിൽ നിന്നും  അക്ഷരാർത്ഥത്തിൽ സുന്നീമുസ്‍ലിം- ഓർത്തഡോക്സ്ക്രിസ്ത്യൻ യുദ്ധമായി പരിണമിച്ചു. എതിർ സൈന്യത്തിൽ രൂപപ്പെട്ട പടല പിണക്കവും ജാഗ്രതക്കുറവും ആശയവിനിമയ അഭാവവും വേണ്ടുവോളം മുതലെടുത്ത് സുൽത്താൻ മുഹമ്മദ് അൽപ് അർസലാൻ  1071 ആഗസ്റ്റ് 26ന്  ബൈസന്റിയക്ക് മേൽ മലസ്ഗറിതിലെ പോരാട്ട ഭൂമിയിൽ വെന്നിക്കൊടി പാറിച്ചു.

അപ്രതീക്ഷിതമായുള്ള ആക്രമണത്തിൽ തകർന്നു തരിപ്പണമായ ബൈസന്റൈൻ സൈന്യത്തിൽ നിന്ന് ഒരുപാട്  സൈനികർ  പിന്തിരിഞ്ഞോടുകയും  ചക്രവർത്തിയെ  സുൽത്താൻ ജീവനോടെ പിടികൂടുകയും മോചന ദ്രവ്യത്തിന് പകരമായി വിട്ടയക്കുകയും ചെയ്തത് സുൽത്താന് ഇസ്‍ലാമിക ലോകത്തും യൂറോപ്പിലും വലിയ മേൽക്കോയ്മ നേടിക്കൊടുക്കുകയും ചക്രവർത്തിക്ക് അതിന്റെ തിക്താനുഭവം നേരിടേണ്ടി വരികയും ചെയ്തു. ചക്രവർത്തിയെ നേരിട്ട് പിടികൂടപ്പെട്ടതും ഒരു ചെറു രാജ്യത്തിനു മുമ്പിൽ സർവ്വായുധ വിഭൂഷിതരായ തങ്ങളുടെ സൈന്യം കീഴടങ്ങിയതും  പ്രസ്തുത യുദ്ധത്തിന്റെ  ആഘാതം ബൈസന്റൈനിൽ വർദ്ധിപ്പിക്കുവാൻ കാരണമാവുകയും ആഭ്യന്തര പൊട്ടിത്തെറിക്കും റൊമനോസ്      IV ദിയോജന്റെ വധത്തിനും  സാമ്രാജ്യ ബലക്ഷയത്തിനും  വഴിവെക്കുകയും ചെയ്തു. 

യുദ്ധ ഭൂമിയിൽ നിന്നും മടങ്ങിയെങ്കിലും ആ പ്രദേശങ്ങളുടെ മേൽ സമ്പൂർണ്ണമായ ഒരു മുസ്‍ലിം ആധിപത്യം സ്ഥാപച്ചെടുക്കുന്നതിൽ തന്റെ തന്ത്രപൂർവ്വമായ ഇടപെടലിലൂടെയും കാര്യക്ഷമമായ മുന്നേറ്റങ്ങളിലൂടെയും സുൽത്താൻ മുഹമ്മദ് ആൽപ് അർസലാനും സംഘത്തിനും സാധിച്ചു. യുദ്ധവിജയത്തിലൂടെ ശത്രുക്കളിൽ നിന്ന് അന്നത്താഖിയ, ഏദസ്സ, ഹെറബോലീസ്, മലസ്‌ഗരിത് തുടങ്ങിയ തന്ത്രപ്രധാനമായ സ്ഥലങ്ങൾ തന്റെ അധീനതയിൽ ആക്കി എടുക്കുകയും അത് സംരക്ഷിക്കുകയും  ചെയ്ത് സുൽത്താൻ തുടങ്ങിവച്ച തേരോട്ടം അദ്ദേഹത്തിന്റെ പുത്രൻ മലിക് ഷായിലൂടെയും അവരുടെ പിൻമുറക്കാരിലൂടെയും ഉസ്മാനിയ ഖിലഫത്തിലൂടെയും നിർബാധം തുടർന്നു.   മഹത്തായ യുദ്ധവിജയം മുസ്‍ലിം ലോകം  വലിയ ആവേശത്തോടെ ആഘോഷിക്കുകയും ഖലീഫയുടെ നഗരമായ ബഗ്ദാദിൽ തന്നെ അതിന്റെ സ്മരണക്കായി വിജയകമാനങ്ങൾ പണികഴിപ്പിക്കുകയും ചെയ്തു. മോചിപ്പിച്ചതിന് 10 ദശലക്ഷം സ്വർണ്ണക്കട്ടി  റൊമാനോസ് സുൽത്താന് നൽകിയെങ്കിലും അതിൽ 15 ലക്ഷം മാത്രം സ്വീകരിക്കാനാണ് സുൽത്താൻ സന്നദ്ധനായത്. യുദ്ധത്തിൽ ശത്രുവിനോട് കാണിച്ച അനിതര സാധാരണമായ ഭാവുകത്വവും ബൈസന്റൈൻ  സാമ്രാജ്യത്തോട് വിലപേശുവാൻ കിട്ടിയ ഏറ്റവും നല്ല അവസരത്തിൽ പോലും അദ്ദേഹം കാണിച്ച മാന്യതയും അക്ഷരാർത്ഥത്തിൽ, ഇസ്‍ലാമിക സന്ദേശങ്ങളുടെ വിളംബരം ആയി മാറി.  

അതേ സമയം, മുസ്‍ലിം ലോകത്ത് നിന്നുള്ള ഭീഷണിക്ക് അറുതി വരുത്തുവാൻ ഓർത്തഡോക്സ് ബൈസന്റൈൻ സാമ്രാജ്യം, കത്തോലിക്ക സഭയോട് ആവശ്യപ്പെടുകയും അവരുടെ സഹായത്തോടെ അധികം വൈകാതെ കുരിശുയുദ്ധങ്ങൾക്ക് നാന്ദി കുറിക്കുകയും ചെയ്തു. സംഭവബഹുലമായ കുരിശു യുദ്ധങ്ങൾക്കും ഏർതുഗ്രുല്‍  ഗാസിയുടെ  സ്വാഗുത് അധീനപ്പെടുത്തലിനും  ഉസ്മാൻ ഖാസിയുടെ ബ്രൂസ പിടിച്ചടക്കലിനും അടക്കം ഉസ്മാനിയ മുന്നേറ്റങ്ങൾക്ക് വിത്തുപാകിയത് മലസ്‌ഗരിത് യുദ്ധവിജയം വഴി അനാത്തോളിയുടെ വാതിലുകൾ തുറന്നതായിരുന്നു. 

എത്ര ചെറു സൈന്യങ്ങളാണ് എത്ര വലിയ സൈന്യങ്ങളെ തകർത്തു കളഞ്ഞതെന്ന അൽ ബഖറയിലെ ഖുർആനിക അധ്യാപനത്തെ അന്വർഥ്വമാക്കിയ യുദ്ധമാണ് മലാസ്ഗരിത് എന്ന് ചുരുക്കി വായിക്കാം. ഹാറൂൺ റഷീദിന്റെ കാലശേഷം യൂറോപ്പിനോട് കിടപിടിക്കുന്ന  യുദ്ധങ്ങൾ ഒന്നും തന്നെ സംഘടിപ്പിക്കാൻ പ്രാപ്തരല്ലാതെ പോയ അബ്ബാസി ഭരണകൂട കാലത്ത് ഒരു ചെറു സൈന്യം കൊണ്ട് ഒരു മഹാ സൈന്യത്തെ വീഴ്ത്തി ബൈസന്റിയൻ ഗർവിനെ തുടച്ചുനീക്കിയ മലാസ്ഗരിതിൽ യഥാർത്ഥത്തിൽ സംഭവിച്ചത് ഇസ്‍ലാമിക പോരാട്ടവീര്യങ്ങളുടെ പുനരുജ്ജീവനമായിരുന്നു. അഥവാ അവസാനിച്ചു പോകുമായിരുന്ന ഇസ്‍ലാമിക ലോകത്തിന്റെ യൂറോപ്പ് സ്വപ്നങ്ങൾക്ക് ഉയിരെടുപ്പിന്റെ ഉൾവിളിയായിരുന്നു മലസ്‌ഗരിത് പോരാട്ടം എന്ന് സാരം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter