ട്രാന്‍സിഷന്‍ പരിഹാരമല്ല, വ്യാമോഹങ്ങള്‍ മാത്രമാണ് അവ സ്റ്റീവന്‍ എ. റിച്ചാര്‍ഡ്

(ട്രാന്‍സിഷനിലൂടെ സന്തുഷ്ട ജീവിതം സാധ്യമാവുമെന്ന് കരുതി, ട്രാന്‍സ് വുമണായി മാറി, എട്ട് വര്‍ഷത്തോളം ജീവിച്ചയാളാണ് ആസ്ട്രേലിയക്കാരനായ സ്റ്റീവന്‍ റിച്ചാര്‍ഡ്. ട്രാന്‍സിഷനിലൂടെ സ്വപ്നം കണ്ട സന്തോഷം കേവലം മരീചികയാണെന്ന് ബോധ്യപ്പെട്ട അദ്ദേഹം ശേഷം ഡീട്രാന്‍സിഷന്‍ ചെയ്ത് പഴയ രൂപത്തിലേക്ക് തന്നെ തിരിച്ച് പോരുകയാണുണ്ടായത്. ഇപ്പോള്‍ cutdowntree.substack.com എന്ന വെബ് പോര്‍ട്ടലിലൂടെ ട്രാന്‍സ് പ്രസ്ഥാനത്തിനെതിരെയും അതിന്റെ വാദങ്ങള്‍ക്കെതിരെയും നിരന്തരം എഴുതിക്കൊണ്ടിരിക്കുന്നു. സ്വന്തം അനുഭവം പങ്ക് വെച്ച അദ്ദേഹത്തിന്റെ കുറിപ്പിന്റെ സ്വതന്ത്രവിവര്‍ത്തനം)


ശരീരം കൊണ്ട് ഞാനൊരു പുരുഷനായിരുന്നെങ്കിലും എന്റെ മനസ്സ് സ്ത്രൈണമായിരുന്നു. ഞാനനുഭവിച്ചിരുന്ന ഏകാന്തതയും സ്‌കൂളിലും കൂട്ടുകാര്‍ക്കിടയിലും നേരിടേണ്ടിവന്നിരുന്ന ശാരീരിക-മാനസിക പീഢനങ്ങളും വീട്ടിലെയും കുടുംബത്തിലെയും പ്രശ്‌നങ്ങളുമെല്ലാം ചേര്‍ന്ന് എന്നില്‍ ശക്തമായ അരക്ഷിതാവസ്ഥ തന്നെ സൃഷ്ടിച്ചിരുന്നു. സ്ത്രീയായി മാറുക എന്നതായിരുന്നു എന്റെ മുന്നിലുള്ള പോംവഴി. അങ്ങനെ, പതിനഞ്ച് വയസ്സുള്ളപ്പോഴാണ് ഞാനൊരു മെയില്‍ ടു ഫീമെയില്‍ ട്രാന്‍സ്‌ജെന്‍ഡറാവുന്നത്. സ്‌നേഹവും പിന്തുണയും പരിഗണനയും ലഭിക്കാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. ആ പരിഗണന എനിക്ക് ലഭിച്ചത് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തില്‍ നിന്നായിരുന്നു. പക്ഷേ എനിക്കതിന് പകരമായി നല്‍കേണ്ടി വന്നത് എന്റെ ആരോഗ്യമായിരുന്നു. യഥാര്‍ത്ഥത്തില്‍ ട്രാന്‍സ് വുമണ്‍ എന്ന നിലയിലെ എന്റെ ജീവിതം എന്നെ രോഗിയും പരിഭ്രാന്തനുമാക്കി മാറ്റുകയാണെന്ന് അധികം വൈകാതെ എനിക്ക് ബോധ്യപ്പെട്ടു. എന്നിട്ടും അതെല്ലാം സഹിച്ച് എട്ട് വര്‍ഷത്തോളം ഞാനാ ജീവിതം തുടര്‍ന്നു. കാരണം, തങ്ങളുടെ അംഗങ്ങളെ തീവ്ര നിലപാടുകളെടുക്കാന്‍ പ്രേരിപ്പിക്കുകയും അകപ്പെട്ടവരെ ഒരിക്കലും അതില്‍നിന്ന് രക്ഷപ്പെടാന്‍ അനുവദിക്കാത്ത വിധം വരിഞ്ഞുമുറുക്കുകയും ചെയ്യുന്നതായിരുന്നു ട്രാന്‍സ്‌ജെന്‍ഡര്‍ പ്രസ്ഥാനങ്ങളുടെ രീതി. ജീവിതത്തില്‍ ഞാനെടുത്ത ഏറ്റവും അവിവേകപരമായ തീരുമാനമായിരുന്നു ട്രാന്‍സിഷന്‍ എന്ന് ഇന്നും ഞാന്‍ വേദനയോടെ ഓര്‍ക്കുന്നു.

ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന എന്റെ പുതിയ സ്വത്വം, അത് വരെ എനിക്ക് ലഭിക്കാതെ പോയിരുന്ന നിരവധി കാര്യങ്ങള്‍ നേടിത്തന്നു എന്നത് ആദ്യഘട്ടത്തില്‍ വല്ലാത്ത സന്തോഷമായിരുന്നു എനിക്ക് സമ്മാനിച്ചത്. ഒരുപാട് സുഹൃത്തുക്കള്‍, മുതിര്‍ന്ന വഴികാട്ടികള്‍, ജീവിത ലക്ഷ്യം എന്നിവ അതില്‍ പ്രധാനമായിരുന്നു. ഏകാന്തവും അരക്ഷിതവുമായ എന്റെ കൗമാരം അങ്ങനെ ഒരു 'ദുഷ്ട' സമൂഹത്തിനെതിരെയുള്ള പോരാട്ടമായി മാറി. പ്രാദേശിക ക്വീര്‍ ഗ്രൂപ്പുകള്‍ സിസ് ജെന്‍ഡര്‍ (ബയോളജിക്കല്‍ സെക്‌സും ജെന്‍ഡറും ഒന്നായ വ്യക്തി) വ്യക്തികള്‍ക്കെതിരെ നിരന്തരം വെറുപ്പ് പ്രചരിപ്പിച്ചു കൊണ്ടിരുന്നു. സിസ് പുരുഷന്‍ എന്ന മ്ലേച്ഛവും ദുഷ്ടവുമായ സ്വത്വത്തില്‍ നിന്നുള്ള ഒരു രക്ഷപ്പെടലായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം 'ട്രാന്‍സിഷന്‍'.

ട്രാന്‍സിഷന്‍ നടത്താനുള്ള തീരുമാനം മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിനായി, എന്റെ മാനസിക നിലയെ കുറിച്ച് മാതാപിതാക്കളോടും ഡോക്ടര്‍മാരോടും എന്തൊക്കെയാണ് പറയേണ്ടതെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലെ മുതിര്‍ന്നവര്‍ എനിക്ക് പഠിപ്പിച്ച് തന്നു. ജെന്‍ഡര്‍ ഡിസ്‌ഫോറിയ അനുഭവിക്കുന്നു എന്ന് അവരെ എങ്ങനെ ധരിപ്പിക്കാം എന്ന് ഞാനവരില്‍ നിന്ന് പഠിച്ചു. സത്യത്തില്‍, ജെന്‍ഡര്‍ ഡിസ്‌ഫോറിയ എന്ന പദം സ്വന്തം ലിംഗത്വത്തെ കുറിച്ച സംശയത്തെ കുറിക്കുന്നതാണെങ്കിലും മനുഷ്യന്റെ സകല ലൈംഗിക വൈകൃതങ്ങളെയും സൂചിപ്പിക്കാനാണ് ട്രാന്‍സ് കമ്മ്യൂണിറ്റി പ്രസ്തുത പദം ഉപയോഗിച്ച് പോരുന്നത്. തങ്ങളുടെ വളര്‍ന്ന് കൊണ്ടിരിക്കുന്ന ശരീരവും ലിംഗത്വവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആശങ്കാകുലരായ എന്നെപ്പോലെയുള്ള കൗമാരക്കാരെ അനായാസം ആകര്‍ഷിക്കുന്നവായിയിരുന്നു അവ.

പതിനഞ്ച് വയസ്സ് തികഞ്ഞ് അധികം കഴിയുംമുമ്പെ ഞാന്‍ ലുപ്രണ്‍ എന്ന പ്യബര്‍ട്ടി ബ്ലോക്കര്‍ ഉപയോഗിക്കാന്‍ തുടങ്ങി, പതിനാറില്‍ സിന്തറ്റിക് ഈസ്ട്രജനും. പക്ഷെ, ട്രാന്‍സിഷന്‍ മരുന്നുകളും സര്‍ജറികളും എന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സഹായകമായിരുന്നില്ല. കമ്യൂണിറ്റിയില്‍ എന്റെ സംശയങ്ങളും ചോദ്യങ്ങളും ഞാന്‍ ഉന്നയിച്ചു. എന്നാല്‍, എല്ലാ ട്രാന്‍സ് മനുഷ്യര്‍ക്കും ഒരു ഘട്ടത്തില്‍ തങ്ങള്‍ ട്രാന്‍സ് അല്ലെന്ന തോന്നല്‍ ഉണ്ടാവാമെന്നും അതിനെയെല്ലാം അവഗണിച്ച് ട്രാന്‍സിഷനുമായി മുന്നോട്ട് പോയാല്‍ ട്രാന്‍സ് വുമണെന്ന നിലയില്‍ സന്തുഷ്ട ജീവിതം കരഗതമാവും എന്നുമായിരുന്നു എനിക്ക് ആവര്‍ത്തിച്ച് കിട്ടിയിരുന്ന മറുപടി. ട്രാന്‍സിഷന്‍ പ്രോസ്സസ് പൂര്‍ത്തിയാക്കി സന്തുഷ്ട ജീവിതം നയിക്കാനാവുമെന്നത് ഒരു വിചിത്ര സ്വപ്‌നം പോലെ എനിക്ക് തോന്നാന്‍ തുടങ്ങി. എനിക്ക് ചിന്താ ശേഷി നഷ്ടപ്പെടാന്‍ തുടങ്ങി, വിദ്യാര്‍ത്ഥി ജീവിതം തന്നെ ഇല്ലാതെയായി, നിരന്തരമായ തലവേദനയും സന്ധി വേദനകളും എന്നെ വേട്ടയാടി. ആത്മഹത്യാ പ്രവണത എന്നില്‍ വളര്‍ന്ന് കൊണ്ടിരുന്നു. പരീക്ഷകളില്‍ പാസാവാനുള്ള മാര്‍ക്ക് പോലും എനിക്ക് നേടാനായില്ല.

ഞാന്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ മരുന്നുകളുടെ അനന്തരഫലമല്ലെന്ന് വിശ്വസിക്കാന്‍ ട്രാന്‍സ് കമ്യൂണിറ്റി എന്നെ നിര്‍ബന്ധിച്ചു. അതിന്റെയെല്ലാം ഉത്തരവാദിത്തം എന്നെ 'ഇല്ലാതാക്കാന്‍' ശ്രമിക്കുന്ന ട്രാന്‍സ് ഫോബിക്കായ സമൂഹത്തിന് മേല്‍ കെട്ടി വെക്കുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. അങ്ങനെ ഞാന്‍ ട്രാന്‍സ് കമ്യൂണിറ്റിക്ക് പുറത്തുള്ള സകലരെയും വെറുക്കാനും ഭയത്തോടെ മാത്രം സമീപിക്കാനും തുടങ്ങി. എന്റെ ട്രാന്‍സിഷനെ ചോദ്യം ചെയ്യുകയോ സംശയങ്ങള്‍ ഉന്നയിക്കുകയോ ചെയ്തവരെ ഞാന്‍ മത മൗലികവാദികളും ട്രാന്‍സ് ഫോബിക്കുകളുമായി മുദ്ര കുത്തി. റോഡില്‍ എന്നെ കടന്ന് പോവുന്നവരെല്ലാം എന്റെ ശത്രുക്കളാണെന്ന് ഞാന്‍ കരുതി. എന്റെ മാതാപിതാക്കള്‍ പോലും എന്നോട് വളരെ സൂക്ഷിച്ച് മാത്രമേ സംസാരിക്കുമായിരുന്നുള്ളൂ. കാരണം, ഞാന്‍ അങ്ങനെയായിരുന്നു അവരോട് പോലും പെരുമാറിയിരുന്നത്.

പത്തൊമ്പൊതാം വയസ്സിലെത്തിയപ്പോഴേക്കും വിജയത്തെ കുറിച്ചുള്ള എന്റെ മോഹം വ്യാമോഹമായി മാറി. എന്റെ അവസ്ഥ ദിനംപ്രതി മോശമായിക്കൊണ്ടിരുന്നു. പക്ഷേ അപ്പോഴും ട്രാന്‍സിഷന്‍ പ്രക്രിയകള്‍ നിര്‍ത്താന്‍ ഞാന്‍ സന്നദ്ധനായിരുന്നില്ല. കാരണം ട്രാന്‍സിഷന്‍ അവസാനിപ്പിക്കുക വഴി എനിക്കെന്റെ സുഹൃദ് വലയം നഷ്ടപ്പെടുമായിരുന്നു. അതിലുപരി, ഞാനേറ്റവും ഭയപ്പെടുകയും വെറുക്കുകയും ചെയ്യുന്ന ഒരു 'സിസ് മെയില്‍' ആയി ഞാന്‍ മാറുകയും ചെയ്യും. അതെനിക്ക് ചിന്തിക്കാനേ സാധിക്കുമായിരുന്നില്ല. 'എന്റെ ചികിത്സ പൂര്‍ണമാവാത്തതിനാലാവാം...' ഞാന്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു. 

ട്രാന്‍സ് വുമണ്‍ എന്ന എന്റെ സ്വത്വത്തെ പൂര്‍ത്തിയാക്കാന്‍ ഓര്‍കിക്ടെമി (വൃഷ്ണം നീക്കം ചെയ്യുന്ന സര്‍ജറി) ക്ക് സാധിക്കുമെന്ന് വിശ്വസിച്ച ഞാന്‍ എന്റെ ഡോക്ടറെ സമീപിച്ചു. അവര്‍ പരിപൂര്‍ണ പിന്തുണ അറിയിക്കുകയും ആരോഗ്യ ഇന്‍ഷൂറന്‍സ് മുഖേന സര്‍ജറി നടത്താനാവാശ്യമായ കത്തില്‍ ഒപ്പ് വെക്കുകയും രണ്ടാമത്തെ കത്തില്‍ ഒപ്പ് വെക്കാനായി  ഒരു മനോരോഗ വിദഗ്ധനെ നിര്‍ദേശിക്കുകയും ചെയ്തു. അദ്ദേഹവും ആവശ്യമായ നടപടികള്‍ അതിവേഗം ചെയ്ത് തന്നു. മാസങ്ങള്‍ക്കുള്ളില്‍ സര്‍ജറി നടന്നു. എന്നാല്‍, സര്‍ജറിയാനന്തരം എനിക്ക് ലഭിക്കുമെന്ന് ഞാന്‍ വിശ്വസിച്ച സന്തുഷ്ട ജീവിതം വെറും മരീചികയാണെന്ന് വീണ്ടും എനിക്ക് ബോധ്യപ്പെട്ടു. അത് എന്നെ കൂടുതല്‍ അസ്വസ്ഥനാക്കി. ഓര്‍കിക്ടെമി കഴിഞ്ഞ് രണ്ട് വര്‍ഷമായപ്പോള്‍ ഞാന്‍ പഴയ വിഷാദ രോഗത്തിന് അടിമയായി. ട്രാന്‍സ് കമ്യൂണിറ്റിയില്‍ തുടരുന്ന എന്റെ മുന്നില്‍ രണ്ട് വഴികള്‍ മാത്രമാണ് അപ്പോഴുണ്ടായിരുന്നത്. ഒന്നുകില്‍ സ്ത്രീയായി മാറി ഒരു സന്തുഷ്ട ജീവിതം നയിക്കുക എന്നത് സാധ്യമല്ലെന്ന് അംഗീകരിക്കുക. അല്ലെങ്കില്‍ മറ്റൊരു തുടര്‍ സര്‍ജറി കൂടി ചെയ്ത് നല്ല ഭാവിക്കായി കാത്തിരിക്കുക. സന്തുഷ്ട ഭാവി വരുമെന്ന് വിശ്വസിച്ച് സ്വയം വഞ്ചിതനാവാന്‍ ഞാനൊരുക്കമല്ലായിരുന്നു. 

അല്ലെങ്കില്‍ പിന്നെ, ഡീട്രാന്‍സിഷന്‍ (പൂര്‍വ സ്ഥിതിയിലേക്ക് മാറല്‍) നടത്തി തിരിച്ചുപോവുകയും പുരുഷ സത്വം അംഗീകരിച്ച് ജീവിക്കുകയും ചെയ്യുക എന്നതായിരുന്നു. സുഹൃത്തുക്കളെ നഷ്ടപ്പെടുമല്ലോ എന്ന ചിന്ത അത്തരം ഒരു പരിഹാരത്തെ കുറിച്ച് ആലോചിക്കാന്‍ പോലും എന്നെ അനുവദിച്ചില്ല. ഇക്കാലയളവില്‍ ഞാന്‍ നേരിട്ട നഷ്ടങ്ങള്‍ തിരിച്ചറിയുകയും അതുമായി പൊരുത്തപ്പെടുകയും ചെയ്യുകയെന്നത് വളരെ ശ്രമകരമായിരുന്നു. ജീവിതം തുടക്കം മുതല്‍ കെട്ടിപ്പടുക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം ഞാനേറ്റെടുക്കേണ്ടി വന്നു. പക്ഷേ ഞാനത് ചെയ്തു. ഭക്ഷണത്തിനും പാര്‍പ്പിടത്തിനും ട്രാന്‍സ് സമൂഹത്തെ മാത്രം അവലംബിക്കുന്ന വലിയൊരു വിഭാഗം ആളുകള്‍ക്കും ഡീട്രാന്‍സിഷന്‍ ഒരു ഓപ്ഷനേ അല്ല. 

ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ സന്തുഷ്ട ജീവിതം നയിക്കാന്‍ സാധിക്കുമെന്ന് സ്വപ്‌നം കണ്ട് ട്രാന്‍സിഷന്‍ സര്‍ജറികള്‍ നടത്തിക്കൊണ്ടിരിക്കുന്ന എത്രയോ ട്രാന്‍സുകള്‍ ഇപ്പോഴുമുണ്ട്. പക്ഷേ, അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാന്‍ പറയുന്നു, അത് കേവലം സ്വപ്നമാണ്, ഒരിക്കലും യാഥാര്‍ത്ഥ്യമാവാത്ത സുമോഹന സ്വപ്നം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter