വിശാല വഴികൾ പലതുണ്ട്
സാറെ, സാറെ... പത്ത് കഴിഞ്ഞാൽ ഞാനിനി എന്താ പഠിക്കേണ്ടത്,
പ്ലസ്ടുവിന് ഏത് കോഴ്സിനാ ചേരേണ്ടത്.
എല്ലാറ്റിനും A+ കിട്ടിയിട്ട് ചങ്ങായിമാർക്ക് ഇഷ്ടപ്പെട്ട സ്കൂളിലോ, കോഴ്സിനോ സീറ്റ് കിട്ടിയില്ല... ഞങ്ങൾക്കും ഇതേ ഗതിയാവില്ലേ...
സാർ, ഒരു വഴിപറഞ്ഞ് തരണേ...
ഒരു പത്താംതരക്കാരൻ തൻ്റെ ക്ലാസ് ടീച്ചറോട് ഇന്നലെ സംസാരിച്ചപ്പോൾ ഉള്ള് തുറന്ന് ചോദിച്ച ചോദ്യമാണ് മുകളിലുള്ളത്.
▪️പത്താം ക്ലാസ്സും പ്ലസ്ടുവും ബിരുദവുമൊക്കെ കഴിഞ്ഞശേഷം മുന്നോട്ടുള്ള പഠനം ഏതു ദിശയിലാവണമെന്ന തീരുമാനമെടുക്കേണ്ടി വരുമ്പോള്‍ കുട്ടികളും രക്ഷിതാക്കളും ഒരുപോലെ സമ്മര്‍ദ്ദത്തിലാവുന്നു.
ഏറ്റവുമെളുപ്പം പഠിക്കാവുന്നതും ഏറ്റവും മികച്ച തൊഴില്‍ ലഭിക്കുന്നതുമായ പഠന മേഖലയാണ് എല്ലാവര്‍ക്കും വേണ്ടത്.
അത്തരമൊരു പഠന തൊഴില്‍ മേഖല എടുത്ത് പറയാനില്ല എന്നതാണ് സത്യം.
അനുയോജ്യമായ കോഴ്സ് തിരഞ്ഞെടുത്ത് പഠിക്കുന്നവരുടെ അധ്വാനത്തിനും സമര്‍പ്പണത്തിനും ആനുപാതികമായിട്ട് മാത്രമേ ഫല പ്രാപ്തികൾ ഉണ്ടാകൂ.
ജീവിതത്തിന്റെ മറ്റേതു മേഖലയെപ്പോലെ പഠനത്തിലും ഇതാണ് സ്ഥിതി.
▪️ അഭിരുചി, കോഴ്സ്, തൊഴില്‍
അഭിരുചിക്കും കഴിവിനും അനുസരിച്ചുള്ള പഠനമേഖലയും തൊഴില്‍ മേഖലയും തെരഞ്ഞെടുക്കുക എന്നത് ജീവിത വിജയത്തിന്റെ അടിസ്ഥാനങ്ങളിലൊന്നാണ്.
ഇഷ്ടത്തോടെയും ആത്മ വിശ്വാസത്തോടെയും പഠിക്കുവാന്‍ സാധിക്കുന്ന വിഷയങ്ങള്‍, കൂടുതല്‍ മാര്‍ക്കു നേടാന്‍ സാധിച്ച വിഷയങ്ങള്‍ എന്നിവ പരിഗണിച്ച് ഒരാളുടെ താത്പര്യത്തെ നിശ്ചയിക്കാം.
ഓരോ കരിയറിനും അനുയോജ്യമായ വ്യക്തിഗുണങ്ങള്‍ ഏതെല്ലാമാണെന്ന് അറിയുകയും സ്വന്തം വ്യക്തിത്വം ഏതിനെല്ലാം യോജിക്കുമെന്ന് മനസ്സിലാക്കുകയുമാണ് അടുത്ത ഘട്ടം.
നമ്മുടെ സാഹചര്യങ്ങള്‍, അത് പ്രധാനമായും സാമ്പത്തിക സാഹചര്യങ്ങള്‍, ഒരു കോഴ്‌സ് പഠിക്കാന്‍ ഉതകുന്നതാണോ എന്നും ചിന്തിക്കണം.
ഉദാഹരണമായി, പൈലറ്റാവാന്‍ മോഹമുള്ളവൻ വീടും പുരയിടവും വിറ്റ് കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസൻസ് എടുക്കാൻ പോവരുത്. മറിച്ച് ഇന്ത്യൻ സായുധ സേനയുടെ ഭാഗമായ വ്യോമസേനയിലൂടെ പൈലറ്റ് എന്ന ലക്ഷ്യം നേടാനായ് ശ്രമിക്കണം.
▪️ പഠനത്തിന്റെ കൈവഴികള്‍
പത്ത് കഴിഞ്ഞാൽ പ്ലസ്ടുവിന് സയന്‍സ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നീ മൂന്നു പ്രധാന ശാഖകളാണുള്ളതെന്ന് എല്ലാവര്‍ക്കുമറിയാം. ഇവയില്‍ തന്നെ ചില വിഷയങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള കോമ്പിനേഷനുകളുമുണ്ട്.
അറിയുക; പത്താം ക്ലാസ്സു വരെ പഠിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന വിഷയങ്ങള്‍ പ്ലസ് ടുവിന് ഒരിക്കലും തിരഞ്ഞെടുക്കരുത്.
കുട്ടികളുടെ താല്‍പര്യമനുസരിച്ച് ഇഷ്ടമുള്ള കോമ്പിനേഷന്‍ തിരഞ്ഞെടുക്കാം.
സയന്‍സ് സ്ട്രീം എടുക്കുന്നയാള്‍ക്ക് ഭാവിയിൽ ഹ്യൂമാനിറ്റീസിലും കൊമേഴ്‌സിലും സയന്‍സിലും ഉപരിപഠനം നടത്താനാവും.
ഹ്യൂമാനിറ്റീസ് കൊമേഴ്‌സ് സ്ട്രീമുകളിലൊന്നു പഠിക്കുന്നയാള്‍ക്ക് ഹ്യൂമാനിറ്റീസിലോ കൊമേഴ്‌സിലോ തുടര്‍പഠനം നടത്താനുമാവും.
അടിസ്ഥാന വസ്തുത ഇതാണെങ്കിലും പതിനായിരത്തിലധികം വരുന്ന തൊഴില്‍ മേഖലകളില്‍ ബഹുഭൂരിപക്ഷവും ഏതു സ്ട്രീമില്‍ പ്ലസ്ടൂ പഠിക്കുന്നയാള്‍ക്കും എത്തിച്ചേരാവുന്നതാണ് എന്നതാണു പച്ചയായ യാഥാര്‍ത്ഥ്യം.
മെഡിസിനോ എഞ്ചിനീയറിങ്ങോ അവയുടെ അനുബന്ധ ശാഖകളോ പഠിക്കണമെന്നുള്ളവരും നല്ലതുപോലെ കഠിനാധ്വാനം ചെയ്യാന്‍ തയ്യാറുള്ളവരും, സയൻസിനോടും കണക്കിനോടും താൽപര്യമുള്ളവർ മാത്രം സയന്‍സ് ഗ്രൂപ്പെടുത്താല്‍ മതി.
സയന്‍സ് വിഷയങ്ങളില്‍ ബിരുദ ബിരുദാനന്തര പഠനം ലക്ഷ്യമിടുന്നവരും ഈ ഗ്രൂപ്പെടുക്കണം. ഇത്തരക്കാർക്ക് പത്തിൽ
മാത്‌സ് ഉള്‍പ്പെടെ സയന്‍സ് വിഷയങ്ങളില്‍ നല്ല മാര്‍ക്കും ഉണ്ടായിരിക്കണം.
അക്കങ്ങളെയും കണക്കിനെയും ബിസിനസിനേയും സ്‌നേഹിക്കുന്നവര്‍ക്ക് കോമേഴ്‌സ് ഗ്രൂപ്പ് തിരഞ്ഞെടുക്കാം.
തുടര്‍ന്ന് ബി.കോം, ബി.ബി.എ, എം.ബി.എ. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി, കോസ്റ്റ് അക്കൗണ്ടന്‍സി, കമ്പനി സെക്രട്ടറി തുടങ്ങിയവയൊക്കെ പ്ലാന്‍ ചെയ്യാനാവും.
CA, CMA, കമ്പനി സെക്രട്ടറി തുടങ്ങിയ ചാർട്ടേഡ് പ്രൊഫഷനൽ കോഴ്സുകൾ മറ്റു ഗ്രൂപ്പുകൾ പഠിച്ചവര്‍ക്കും പറ്റുന്ന ഉന്നത കരിയറുകളാണ്.
ആര്‍ട്‌സ് വിഷയങ്ങള്‍ മുന്നോട്ടു പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഹ്യൂമാനിറ്റീസ് ഗ്രൂപ്പെടുക്കാം. തേഡ് ക്ലാസ് വിഷയമാണ് ആർട്സ് ഗ്രൂപ്പ് എന്നത് തെറ്റിദ്ധാരണയാണ്. സയന്‍സ് കോമേഴ്‌സ് വിഷയങ്ങള്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഈ സ്ട്രീം പ്രയോജനപ്രദമാവും. ചുരുക്കം ചില കരിയറുകളൊഴിച്ചാല്‍ വിശാലമായ തൊഴിലവസരങ്ങള്‍ തേടിയുള്ള തുടര്‍പഠനം ഈ ഗ്രൂപ്പിനും സാധ്യമാണ്.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം
പത്താം ക്ലാസ് കഴിഞ്ഞാല്‍ നേരിട്ടു തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നേടാനും അവസരമുണ്ട്.
ഉദാഹരണത്തിന് പോളിടെക്‌നിക്കുകളും ഐ.ടി.എ.കളും, VHSEകളും.
പോളിടെക്‌നിക് പഠനശേഷം ലാറ്ററല്‍ എന്‍ട്രി വഴി എഞ്ചിനീയറിംഗ് ബിരുദം നേടുകയുമാവാം. ഐടിഐകൾ 2 കൊല്ല പഠനം കൊണ്ട് സുരക്ഷിതമായ സ്കിൽ ലെവൽ ജോലി നേടാൻ സഹായകരമായ ഇടങ്ങളാണ്.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായ കോഴ്സാണ്. 40-ഓളം കോഴ്‌സുകള്‍ VHSEയിലുണ്ട്. VHSE പാസ്സാകുന്നവര്‍ക്ക് എഞ്ചിനീയറിംഗ് & ടെക്‌നോളജി, പാരാമെഡിക്കൽ തുടങ്ങിയ ബ്രാഞ്ചുകളില്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് സീറ്റ് സംവരണത്തിന് അര്‍ഹതയുണ്ട്.
ആയുര്‍വേദ ഫാര്‍മസി, ലാബ് ടെക്‌നീഷ്യന്‍, ടൂറിസം ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, ഹോട്ടല്‍ മാനേജ്‌മെന്റ്, ഫാഷൻ ഡിസൈനിങ്ങ്, കോമേഴ്‌സ്യൽ പ്രാക്ടീസ് തുടങ്ങിയവയും പത്ത് കഴിഞ്ഞവർക്കുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ ശ്രദ്ധേയമായവയാണ്.
നെട്ടൂര്‍ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കാര്‍ഷിക സര്‍വ്വകലാശാല, വെറ്റിനറി സര്‍വ്വകലാശാല, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഷൊര്‍ണൂരിലുള്ള പ്രിന്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളും മികവുറ്റവയാണ്.
സംസ്ഥാന സഹകരണ വകുപ്പ് നടത്തുന്ന ജൂനിയര്‍ സഹകരണ ഡിപ്ലോമ പഠിക്കുന്നത് സഹകരണ സ്ഥാപനങ്ങളില്‍ തൊഴില്‍ തേടുന്നതിനു സഹായിക്കും.
ആരോഗ്യ പരിപാലന രംഗത്ത് താത്പര്യമുള്ളവര്‍ക്ക് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ഹെൽത്ത് ഇന്‍സ്‌പെക്‌ടേഴ്‌സ് ഡിപ്ലോമ എന്നിവ +2 സയൻസ് ഗ്രൂപ്പെടുത്ത് പഠിച്ച് കഴിഞ്ഞ് പരിഗണിക്കാം.
ലെതര്‍ ടെക്‌നോളജി, പ്ലാസ്റ്റിക് ടെക്‌നോളജി, സെറാമിക് ടെക്‌നോളജി, പാക്കേജിംങ്ങ് ടെക്‌നോളജി മുതലായ ഒട്ടനവധി കോഴ്‌സുകളും വേറെയുമുണ്ട്.
ഗവേഷണ രംഗം.. അധ്യാപന മേഖലകൾ
പ്രൈമറി സ്‌കൂള്‍ തലം തുടങ്ങി യൂണിവേഴ്‌സിറ്റി തലം വരെ അധ്യാപനത്തിന് അവസരമുണ്ട്.
പ്രീ പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ്, ഡിഎൽഎഡ്, ബിഎഡ്, എംഎഡ് തുടങ്ങിയ പല തട്ടുകളിലാണു പഠന മേഖല.
ഒരു വിഷയത്തെ ഏറെ ഇഷ്ടപ്പെടുന്നവര്‍ ആ വിഷയത്തില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും, ഗവേഷണ ബിരുദവുമെല്ലാം നേടുകയും ആ പഠനശാഖയുടെ വളര്‍ച്ചയ്ക്കു സംഭാവന നല്കുകയും ചെയ്യണം. ബിരുദാനന്തര ബിരുദം നേടിക്കൊണ്ട് UGC NET, CSIR NET പരീക്ഷകൾ എഴുതി ഗവേഷണ മേഖലയിലേക്ക് എൻട്രി നടത്താം.
ആതുരസേവനം
ആതുര സേവന രംഗത്ത് നഴ്‌സിംഗിനുള്ള പ്രാധാനൃം എല്ലാവര്‍ക്കുമറിയാം. പ്രവര്‍ത്തന മികവുള്ള നഴ്‌സുമാര്‍ക്ക് ലോകത്താകമാനം തൊഴില്‍ സാധ്യതയുണ്ട്.
പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ BSc MLT, BPharm, BOT, BPT, സ്റ്റെറൈൽ ടെക്നോളജി പോലുള്ളവ തൊഴില്‍ സാധ്യത ഏറെയുള്ള കോഴ്‌സുകളാണ്.
റേഡിയോളജിക്കല്‍ ടെക്‌നോളജി, ഡെന്റല്‍ മെക്കാനിക്, ഡെൻ്റൽ ഹൈജീനിസ്റ്റ്, എന്‍ഡോസ്‌കോപ്പി, റെസ്പിറേറ്ററി ടെക്‌നോളജി, ബ്ലഡ് ബാങ്ക് ടെക്‌നോളജി തുടങ്ങി നിരവധി പാരാമെഡിക്കല്‍ ഡിപ്ലോമ പ്രോഗ്രാമുകള്‍ വേറെയുമുണ്ട്.
▪️എസ്എസ്എസി/ പി.എസ്സ്.സി. / ബാങ്കുകള്‍ / സിവില്‍ സര്‍വ്വീസ്
ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് തുടങ്ങിയ ഉന്നതോദ്യോഗത്തിനുള്ള സിവില്‍ സര്‍വ്വീസ് പരീക്ഷകൾ, മറ്റു PSC പരീക്ഷകള്‍, സ്റ്റാഫ് സെലക്ഷന്‍, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, ബാങ്കുകള്‍, എല്‍.ഐ.സി. തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ ബിരുദ ജോലികള്‍ക്കെല്ലാം പൊതുയോഗ്യത ഏതെങ്കിലുമൊരു വിഷയത്തില്‍ നേടിയ ബിരുദമാണ്. അതിനാല്‍ ട്രഡീഷണല്‍ വിഷയങ്ങളിലുള്ള ബിരുദ പഠനത്തിന് എപ്പോഴും പ്രാധാന്യമുണ്ട്.
കേരളാ പി.എസ്സ്.സി./SSC പരീക്ഷകള്‍, പത്താം ക്ലാസ്സ്/പ്ലസ്ടു കഴിഞ്ഞവര്‍ക്ക് എഴുതാം.
തുടര്‍ച്ചയായി തീവ്ര പരിശീലനം നടത്താന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും കേരള / കേന്ദ്ര സര്‍ക്കാരിന്റെ നോണ്‍ ഗസറ്റഡ് തസ്തിക മുതല്‍ സിവില്‍ സര്‍വ്വീസ് വരെയുള്ള ഏതുദ്യോഗവും നിസ്സംശയം നേടുവാനാകും.
സായുധ സേന
പ്ലസ്ടുവിന് ശേഷം സൈന്യത്തില്‍ ഓഫീസറാകാന്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമി പരീക്ഷയെഴുതാം. എഞ്ചിനീയറിംഗ് പഠനത്തിനു ശേഷവും മറ്റു ബിരുദ പഠനങ്ങള്‍ക്കു ശേഷവും സായുധ സേനയില്‍ അവസരങ്ങളുണ്ട്. സൈനിക കോളേജുകളില്‍ സൗജന്യമായി എം.ബി.ബി.എസ്സും, നഴ്‌സിംഗും പഠിക്കാനാവും.
മറ്റ് മേഖലകൾ
ഏതു സ്ട്രീമുകാര്‍ക്കും ചേരാവുന്ന കോഴ്‌സുകളും തൊഴിലവസരങ്ങളും അനവധിയുണ്ട്. എല്‍.എല്‍.ബി., ലൈബ്രറി സയന്‍സ്, മര്‍ച്ചന്റ് നേവി, ഹോട്ടല്‍ മാനേജ്‌മെന്റ്, കലാപഠനം, സ്‌പോര്‍ട്‌സ്, സിനിമ, കമ്പ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലായി പരന്നു കിടക്കുന്ന ആയിരകണക്കിനു കരിയറുകളാണുള്ളത്.
ആകാശം പോലെ വിശാലമാണ് ഈ മേഖലകൾ.
തൊഴിലവസരങ്ങള്‍
റീട്ടെയില്‍, അഗ്രി ബിസിനസ്സ് കമ്മ്യൂണിക്കേഷന്‍, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, സാമൂഹ്യസേവനം, അക്കൗണ്ടിംഗ്, മാനേജ്‌മെന്റ്, ആതുരസേവനം, മെഡിസിന്‍, എഞ്ചിനീയറിംഗ്, നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ തൊഴിലവസരങ്ങള്‍ ഇന്ത്യയിലും വിദേശത്തും ഉണ്ട് താനും
നമ്മൾ അറിയേണ്ടത്
▪️പഠിക്കുന്ന വിഷയത്തെപ്പോലെ തന്നെ പഠനത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥാപനത്തിനും ഇക്കാലത്ത് ഏറെ പ്രാധാന്യമുണ്ട്.
പ്രായോഗിക പരിജ്ഞാനവും ആത്മവിശ്വാസവും ലഭിക്കാവുന്ന അവസരങ്ങളും ഓരോ സ്ഥാപനത്തില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്തമായിരിക്കും.
▪️അതുപോലെ തന്നെ എന്തു പഠിക്കണമെന്നതിനേക്കാള്‍ പഠിക്കുന്ന രംഗത്ത് മുന്‍പന്തിയിലെത്തുകയെന്നതാണ് ഒരാളുടെ ഭാവി നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായകമാവുന്നത്. അതുകൊണ്ട് ദൃഢവും ഏകാഗ്രവുമായ മനസ്സോടെ വേണം ലക്ഷ്യപ്രാപ്തിക്കായുള്ള ഓരോ ചുവടും വയ്‌ക്കേണ്ടത്.
???? ജീവിത വിജയത്തിന് ആത്മവിശ്വാസത്തോടെയുള്ള കഠിനപ്രയത്‌നം എന്ന ഒറ്റ കുറുക്കു വഴിയേയുള്ളൂ.
????ഇന്നത്തെ കാലത്തും 'പരിശ്രമം ചെയ്യുകിലെന്തിനേയും
വശത്തിലാക്കാൻ കഴിവുള്ളവണ്ണം
ദീർഘങ്ങളാം കരങ്ങളെ നൽകിയത്രേ
മനുഷ്യനെ പാരിലയച്ചദീശൻ'
എന്ന കവിവാക്യം വളരെ അർഥവത്താണ് താനും.
▪️നമുക്ക് എന്തെല്ലാം ചെയ്യാൻ പറ്റും എന്നുള്ളതിന് യാതൊരു കണക്കുമില്ലാത്ത കാലത്താണ് നമ്മുടെ ജീവിതം.
ബിഹാറിലെ തൊഴിലാളിയുടെ മകൻ, ചെന്നൈയിലെ റിക്ഷവലിക്കുന്ന തൊഴിലാളിയുടെ മകൻ ഇവരൊക്കെ ഐ.എ.എസുകാരായ കഥ നമ്മൾ കേട്ടതാണ്. ഇവർക്കെങ്ങനെ പല പ്രതികൂല സാഹചര്യത്തിലും ഇത് സാധ്യമായി?.
അസാമാന്യമായ ഇവരുടെ ചിന്ത, ഇച്ഛാശക്തി, ഇവരുടെ ലക്ഷ്യബോധം ഇതാണ് ഇവരെ ജീവിതവിജയത്തിലേക്ക് നയിച്ചത്.
അവരുടെ പ്രവർത്തനം ചിട്ടയോടുള്ളതായിരുന്നു.
തെരുവുവിളക്കിന് താഴെയിരുന്നു പഠിച്ചയാളാണ് ലോകമറിയപ്പെടുന്ന ശാസ്ത്രജ്ഞനായ മഷേൽകർ. ഒഡിഷയിലെ ഗിരിവർഗക്കാരനായിരുന്ന സാംപിത്രോട പ്രാരംഭ വിദ്യാഭ്യാസത്തിനുപോലും ബുദ്ധിമുട്ടിയിരുന്നു. ഇദ്ദേഹമാണ് ഇന്ത്യയുടെ ടെലികോം ഭൂപടത്തെ ആകെ മാറ്റിമറിച്ചത്.
ചരിത്രത്തിന്റെ ഭാഗമാവുക, കൂടെ നാഴികക്കല്ലുകൾ ഉണ്ടാക്കുക എന്നുള്ളതാവണം നമ്മളുടെ ഓരോരുത്തരുടെയും ചിന്തയും പ്രവർത്തനവും.
പരസ്യക്കമ്പനി നടത്തി പൊളിഞ്ഞ്, അറസ്റ്റ് വാറണ്ടുകളുമായി ഓടി നടന്നിരുന്ന ഒരു സുഹൃത്തിന്റെ ഇച്ഛാശക്തി അപാരമാണ്. അയാളിലുള്ള അയാളുടെ വിശ്വാസം ചെന്നെത്തിച്ചത് വീണ്ടും വിശാലമായ പരസ്യത്തിന്റെ ലോകത്തിലേക്ക് തന്നെയാണ്.
കമ്പനി പൊളിഞ്ഞ് കോടികളുടെ നഷ്ടത്തിലും ഇദ്ദേഹത്തിന്റെ 'നമ്മളിലുള്ള വിശ്വാസം നമ്മുടെ ദൈവത്തിലുള്ള വിശ്വാസം നമ്മെ മുന്നോട്ട് നയിക്കും' എന്ന പോളിസി ആയിരുന്നു വിജയനിദാനം.
ഇങ്ങനെയുള്ള പ്രതിഭകൾ നമുക്ക് ചുറ്റുമുണ്ട്.
ഇവരെക്കണ്ട്, ഇവരുടെ ജീവിതവിജയത്തിന്റെ കഥകൾ കേട്ട് പഠിച്ച്, നമുക്ക് നമ്മുടെ ലക്ഷ്യപ്രാപ്തിക്ക്, നല്ലൊരു കരിയറിലേക്കെത്താനായ് മനോഹരമായ പരവതാനി വിരിക്കാൻ ശ്രമിക്കാം.
(മുജീബുല്ല KM
സിജി കരിയർ ഡിവിഷൻ
കോ-ഡയരക്ടർ
00971509220561
www.cigi.org
www.cigii.org
www.cigicareer.com)
Leave A Comment