കോപ്പി റൈറ്റർ എന്ന കരിയർ കോപ്പി എഴുതുന്ന പോലുള്ളതല്ല

കയ്യക്ഷരം നന്നാക്കാൻ പ്രൈമറി പഠന കാലയളവിൽ 2, 3, 4 വരി കോപ്പികൾ എഴുതിയവരാണ് നമ്മൾ. 
അതിനെ നമ്മൾ കോപ്പിറൈറ്റിങ് എന്ന് പറഞ്ഞ് വെച്ചു. എന്നാൽ യഥാർത്ഥ കോപ്പിറൈറ്റിങ്ങ് എന്നത് ഒരു കലയാണ്, കരിയറാണ്. ഇതിനെ പാഷനുമാക്കാം കരിയറുമാക്കാം

കോപ്പി റൈറ്ററാകുക എന്നത് 100 ശതമാനം ക്രിയാത്മകമായ ജോലിയാണ്.
 ഭാരമേറിയ ബിരുദങ്ങൾ ഉള്ളയാൾക്ക് നല്ല പരസ്യ വാചകങ്ങൾ സൃഷ്ടിക്കാൻ കഴിയണമെന്നില്ല.

വ്യത്യസ്തമായ ഉൽപ്പന്നങ്ങളെ അവയുടെ സവിശേഷതകൾ ചോർന്ന് പോകാതെ രസകരവും ക്രിയാത്മകവുമായി ഉപഭോക്താക്കൾക്ക് താൽപര്യമുണ്ടാക്കുന്ന രീതിയിൽ എഴുത്തിലൂടെ അവതരിപ്പിക്കുവാൻ നിങ്ങൾക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ കോപ്പി റൈറ്റിങ് നിങ്ങൾക്ക് ഇണങ്ങും. വിപണിയിലെത്തുന്ന സാധനങ്ങളേയും സേവനങ്ങളേയും വിവിധ മാധ്യമങ്ങളിലൂടെ പുതുമയോടെയും ആകർഷകമായും അവതരിപ്പിക്കുകയാണു കോപ്പി റൈറ്ററുടെ ഉത്തരവാദിത്വം.

ഓരോ മാധ്യമത്തിനും ഓരോ രീതിയിലാണ് കോപ്പി റൈറ്റിങ്. ദൃശ്യ മാധ്യമമായ ടെലിവിഷന് ശ്രവ്യമാധ്യമമായ റേഡിയോയ്ക്കുള്ള കോപ്പി ഉപയോഗിച്ചാൽ അത് കാര്യക്ഷമമായ മാർക്കറ്റിംഗിന് ഉപകരിക്കില്ല. 
ഇത് രണ്ടുമല്ല ഡിജിറ്റൽ മാധ്യമങ്ങൾക്കും സമൂഹ മാധ്യമങ്ങൾ വഴിയുമുള്ള പരസ്യ ക്യാമ്പയിനുകൾക്ക് വേണ്ടത്. അതുകൊണ്ട് തന്നെ മാധ്യമം മനസ്സിലാക്കി ഉത്പന്നം അവതരിപ്പിക്കുവാനുള്ള കഴിവുണ്ടാകണം. സമയ നിഷ്ഠയോടെ അത് ക്ലയന്റിന് നൽകുകയും വേണം. പ്രസിദ്ധീകരണത്തിനുള്ളവയുടെ പ്രൂഫ് റീഡിങ്ങും കോപ്പി റൈറ്ററുടെ ജോലിയാണ്

 എങ്കിലും ഒരു തൊഴിൽ രംഗമെന്ന നിലയ്ക്ക് പരസ്യ മേഖലയിൽ പ്രഗത്ഭരായ വ്യക്തിത്വങ്ങൾ കോപ്പി റൈറ്റിങ്ങിൽ പരിശീലനങ്ങൾ നൽകുന്നുണ്ട്. 
എം.എ മാസ് കമ്മ്യൂണിക്കേഷൻ ബിരുദത്തിന്റെ ഉപവിഭാഗമാണ് അഡ്വർടൈസിംഗ്.

കോപ്പിറൈറ്റർ ആകുന്നതിനു സാങ്കേതിക യോഗ്യത മാനദണ്ഡമായി കരുതാൻ കഴിയില്ല.
 പക്ഷേ ഇതിനു പരിശീലനം നൽകുന്ന ചില സ്ഥാപനങ്ങളുണ്ട്. എല്ലാ യോഗ്യതകൾക്കുമപ്പുറം കോപ്പി റൈറ്റർ ആശയ സമ്പന്നനായ വ്യക്തിയായിരിക്കണം.
 കൃത്യമായും ക്രിയാത്മകമായും ജോലി തീർക്കണമെങ്കിൽ തീവ്രമായ ആശയങ്ങൾ ആവശ്യമാണു.

പഠനം:

ഇന്ത്യയിലെ ചില സ്ഥാപനങ്ങൾ കോപ്പി റൈറ്റിങ്ങുമായി ബന്ധപ്പെട്ട കമ്മ്യൂണിക്കേഷൻ കോഴ്സുകൾ നടത്തുന്നുണ്ട്. 

ഇത്തരത്തിലുള്ള ചില സ്ഥാപനങ്ങൾ

 ????IIMC ഡൽഹി (http://www.iimc.nic.in/), മുദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ അഹമ്മദാബാദ് (http://www.mica.ac.in/mode/home) 

????നാർസി മോൻജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്റ് സ്റ്റഡീസ് മുംബൈ (http://nmims.edu/),

???? ഡൽഹിയിലെ Sri Aurobindo Centre for Arts and Communication (SACAC) (http://www.sac.ac.in/)

???? ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴിസിറ്റി (http://www.ignou.ac.in/) ഇംഗ്ലീഷിലും ഹിന്ദിയിലും കോപ്പിറൈറ്റിങ്ങിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് നടത്തുന്നുണ്ട്.

 കേരളത്തിൽ പ്രസ് അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളിലും കമ്മ്യൂണിക്കേഷൻ കോഴ്സുകളുണ്ട്.

കൂടാതെ  
മുമ്പൈ അന്ധേരിയിലെ സ്കൂൾ ഓഫ് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ,

 പുണെ സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ,

 മുംബൈ സേവിയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ

 എന്നിവിടങ്ങളിലും കോപ്പിറൈറ്റിങ് ഉൾപ്പെടെ അഡ്വർട്ടൈസിങ്ങ് പഠിക്കാം. 

ഡൽഹി സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ, നാഷണൽ ഇൻസ്റ്ററ്റ്യൂട്ട് ഓഫ് അഡ്വർടൈസിംഗ്, മുബൈയിലെ ഭവൻസ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് മാനേജ്മെന്റ്, തെലങ്കാനയിലെ ഭാരതീയ വിദ്യാഭവൻ, തമിഴ്നാട്ടിലെ ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് അഡ്വർടൈസിംഗ്, ന്യൂഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയ എന്നിവിടങ്ങളിൽ അഡ്വർടൈസിംഗ് മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പി.ജി ഡിപ്ലോമയും ഉണ്ട്.

തൊഴിൽ സാധ്യതകൾ: 

പരസ്യ ഏജൻസികളും, റേഡിയോ- ടി.വി. – ഡിജിറ്റൽ മാധ്യമങ്ങൾ, ദിനപത്രങ്ങൾ, വ്യവസായമേഖല, സർക്കാരുകളുടെയും വൻകിട സ്വകാര്യ കമ്പനികളുടെയും പബ്ലിക് റിലേഷൻ വകുപ്പ് എന്നു തുടങ്ങി പരസ്യം എവിടെയുണ്ടോ, അവിടെ ക്രിയാത്മകതയുള്ള കോപ്പി റൈറ്ററിന് തൊഴിലുണ്ട്. ആകർഷകമായ ശമ്പളവും ഉണ്ടാകും. ഫ്രീലാൻസ് കോപ്പി റൈറ്ററായും ജോലി ചെയ്യാം.

(മുജീബുല്ല KM
സിജി ഇൻ്റർനാഷനൽ കരിയർ ഗൈഡ്
www.cigii.org
www.cigicareer.com)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter