തയമ്മും: എപ്പോള്‍, എങ്ങനെ ചെയ്യാം?

കരുതല്‍ എന്നാണ് 'തയമ്മും' എന്ന വാക്കിന്റെ അര്‍ത്ഥം. ചില നിബന്ധനകളോടെ മുഖത്തും രണ്ടു കൈകളിലും മണ്ണ് ഉപയോഗിക്കുക എന്നതു തയമ്മുമിന്റെ ശര്‍ഈ അര്‍ത്ഥവുമാണ്. ഇസ്‌ലാം തിരുനബി(സ്വ)യുടെ സമുദായത്തിനു മാത്രം നല്‍കിയ സവിശേഷതയാണിത്. മുന്‍ സമുദായങ്ങള്‍ക്കൊന്നും തയമ്മും നിയമമാക്കപ്പെട്ടിട്ടില്ല. (തുഹ്ഫ 1/324)

വിശുദ്ധ ഖുര്‍ആന്‍, തിരുസുന്നത്ത്, മുജ്തഹിദുകളായ പണ്ഡിതരുടെ ഏകോപനം (ഇജ്മാഅ്) എന്നീ മൂന്ന് ഖണ്ഡിത പ്രമാണങ്ങള്‍ മുഖേന സ്ഥിരപ്പെട്ടതാണ് തയമ്മും . ഹിജ്‌റ നാലാം വര്‍ഷത്തിലാണ് അതു നിര്‍ബന്ധമാക്കപ്പെട്ടത്. 
അല്ലാഹു പറയുന്നു: ''നിങ്ങള്‍ക്ക് ശുദ്ധീകരിക്കാന്‍ വെള്ളം ലഭിച്ചില്ലെങ്കില്‍ ശുദ്ധമായ മണ്ണിനെ തേടുക.''(മാഇദ: 6) ''ശുദ്ധീകരിക്കാന്‍ വെള്ളം കിട്ടാത്തപക്ഷം ശുദ്ധിയുള്ള മണ്ണിനെ കരുതുക. എന്നിട്ട് മുഖവും രണ്ടു കൈകളും തടവുക.''(നിസാഅ്: 43) വിശുദ്ധ ഖുര്‍ആനില്‍ പ്രസ്തുത രണ്ട് സൂക്തങ്ങളിലാണ് അല്ലാഹു തയമ്മുമിനെ കുറിച്ച് പരാമര്‍ശിച്ചത്. നബി(സ്വ) തങ്ങള്‍ പ്രസ്താവിച്ചു: ''ഭൂമിയെ നിങ്ങള്‍ക്ക് സുജൂദ് ചെയ്യാനുള്ള സ്ഥലവും ഭൂമിയിലെ മണ്ണിനെ ശുദ്ധീകരണത്തിനുമാക്കി.''(അഹ്മദ്)  

മൂന്നു കാരണങ്ങള്‍
തയമ്മും  അനുവദനീയമാവാന്‍ മൂന്നു കാരണങ്ങളുണ്ട്. ഒന്ന്: വെള്ളം ഇല്ലാതിരിക്കുക. രണ്ട്: കൊല്ലല്‍ നിഷിദ്ധമായ ജീവികളുടെ (അത് സ്വശരീരമോ കൂട്ടുകാരോ മറ്റു ജീവികളോ ആകട്ടെ) ദാഹശമനത്തിനു വെള്ളം ആവശ്യമായിവരിക. മൂന്ന്: വെള്ളം ഉപയോഗിക്കുന്നതുമൂലം ഒരു അവയവത്തിന്റെ ഉപകാരം നഷ്ടപ്പെടുക, സുഖം പ്രാപിക്കാന്‍ താമസം നേരിടുക, പ്രത്യക്ഷാവയവങ്ങളില്‍ വികൃതമാകുന്ന പാടുകളുണ്ടാവുക എന്നിവ ഭയപ്പെടല്‍. ഈ മൂന്നു കാരണങ്ങള്‍ ഉണ്ടായാല്‍ ചെറിയ അശുദ്ധിയുള്ളവരും വലിയ അശുദ്ധിയുള്ളവരും വുളൂ, കുളി എന്നിവയ്ക്കു പകരം തയമ്മും ചെയ്യണം. (തുഹ്ഫ: 1/325)
തയമ്മുമിന്റെ മുമ്പ് നജസ് നീക്കുക, സമയം പ്രവേശിച്ച ശേഷം തയമ്മും  ചെയ്യുക, തയമ്മും  ശുദ്ധിയുള്ള പൊടിമണ്ണ് കൊണ്ടാവുക, രണ്ടു പ്രാവശ്യം മണ്ണ് അടിച്ചെടുക്കുക എന്നിവ ശര്‍ത്തുകളാണ്. തയമ്മുമിന്റെ മുമ്പ് നജസ് നീക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ തയമ്മും  ചെയ്ത് നിസ്‌കരിക്കുകയും നിസ്‌കാരം പിന്നീട് മടക്കുകയും വേണമെന്ന് ഇമാം ഇബ്‌നു ഹജര്‍(റ) പ്രസ്താവിച്ചിട്ടുണ്ട്. (കുര്‍ദി: 1/190)

ഫര്‍ളുകള്‍ 
തയമ്മുമിനു അഞ്ച് ഫര്‍ളുകളുണ്ട്. 1) നിയ്യത്ത്. മുഖം തടവാന്‍ വേണ്ടി മണ്ണ് അടിച്ചെടുക്കുമ്പോഴാണ് നിയ്യത്ത് ചെയ്യേണ്ടത്. മുഖം തടവുന്നതുവരെ നിയ്യത്തിനെ നിലനിര്‍ത്തണം. നിസ്‌കാരത്തെ ഹലാലാക്കുന്നുവെന്നോ ശുദ്ധീകരണം അനിവാര്യമായ ത്വവാഫ്, മുസ്വ്ഹഫ് ചുമക്കല്‍, മയ്യിത്ത് നിസ്‌കാരം, ജുമുഅ, ജുമുഅയിലെ ഖുതുബ പോലുള്ള വല്ല കാര്യങ്ങളും ഹലാലാക്കുന്നുവെന്നോ കരുതലാണ് തയമ്മും  സ്വഹീഹാകാനുള്ള നിയ്യത്ത്. അശുദ്ധിയെ ഉയര്‍ത്തുന്നുവെന്ന് കരുതിയാല്‍ തയമ്മും സാധുവാകില്ല. 
ശുദ്ധീകരണം ആവശ്യമായ എല്ലാ കാര്യങ്ങളും മേല്‍ വിവരിച്ച എല്ലാ നിയ്യത്ത് കൊണ്ടും ചെയ്യാവതല്ല. ഫര്‍ള് നിസ്‌കാരം, അല്ലെങ്കില്‍ ഫര്‍ളായ ത്വവാഫ് ഹലാലാക്കുന്നുവെന്ന് കരുതിയാല്‍ പ്രസ്തുത തയമ്മും കൊണ്ട് ഫര്‍ളും സുന്നത്തുകളും നിര്‍വഹിക്കാവുന്നതാണ്. 
സുന്നത്ത് ഹലാലാക്കുന്നുവെന്നോ വെറും നിസ്‌കാരം ഹലാലാക്കുന്നുവെന്നോ കരുതിയാല്‍ ആ തയമ്മും കൊണ്ട് സുന്നത്ത് നിസ്‌കാരം മാത്രം നിര്‍വഹിക്കാം; ഫര്‍ള് നിസ്‌കരിച്ചുകൂടാ. നിസ്‌കാരം, ത്വവാഫ് എന്നിവയല്ലാത്ത ശുദ്ധി ആവശ്യമായ മറ്റേതെങ്കിലും കര്‍മങ്ങളെ ഹലാലാക്കുന്നുവെന്ന് കരുതി തയമ്മും ചെയ്താല്‍ അവ രണ്ടുമല്ലാത്ത കാര്യങ്ങളും നിര്‍വഹിക്കാം. 
ചുരുക്കത്തില്‍ തയമ്മുമിന്റെ നിയ്യത്തിന്റെ കാര്യത്തില്‍ മൂന്ന് പദവിയാണുള്ളത്. ഒന്ന്: ഫര്‍ളായ നിസ്‌കാരം, ഫര്‍ളായ ത്വവാഫ് എന്നിവ ഹലാലാക്കുന്നുവെന്ന് കരുതല്‍. രണ്ട്: സുന്നത്തായ നിസ്‌കാരം, സുന്നത്തായ ത്വവാഫ്, മയ്യിത്ത് നിസ്‌കാരം, ജുമുഅയുടെ ഖുതുബ എന്നിവ ഹലാലാക്കുന്നുവെന്ന് കരുതല്‍. മൂന്ന്: മുസ്വ്ഹഫ് ചുമക്കല്‍, ഖുര്‍ആന്‍ പാരായണത്തിന്റെ സുജൂദ്, വലിയ അശുദ്ധിക്കാരന്‍ ഖുര്‍ആന്‍ ഓതല്‍ ഹലാലാക്കുന്നുവെന്ന് കരുതല്‍.
പ്രസ്തുത മൂന്ന് പദവികളില്‍ നിന്ന് ഒന്നാം ഇനത്തില്‍ പെട്ട ഏതെങ്കിലുമൊന്ന് കരുതിയാല്‍ ആ തയമ്മും കൊണ്ട് ഒന്നാം ഇനത്തില്‍ പെട്ട കാര്യങ്ങളും രണ്ടും മൂന്നും പദവികളില്‍ പെട്ട കാര്യങ്ങളും ചെയ്യാവുന്നതാണ്. രണ്ടാം പദവിയില്‍ പെട്ട ഏതെങ്കിലുമാണ് കരുതിയതെങ്കില്‍ ഒന്നാം പദവിയിലെ കാര്യങ്ങള്‍ ചെയ്യാവതല്ല. രണ്ടും മൂന്നും പദവികളിലെ സര്‍വ കാര്യങ്ങളും നിര്‍വഹിക്കുകയും ചെയ്യാം. മൂന്നാം പദവിയിലെ നിയ്യത്ത് കൊണ്ടുള്ള തയമ്മും കൊണ്ട് ആ പദവിയിലെ കാര്യങ്ങള്‍ ചെയ്യാമെന്നല്ലാതെ ഒന്നും രണ്ടും പദവിയിലെ കാര്യങ്ങള്‍ ചെയ്തുകൂടാ. (തുഹ്ഫ, ശര്‍വാനി: 1/360, 361)
മണ്ണിനെ അടിച്ചെടുക്കലാണ് രണ്ടാമത്തെ ഫര്‍ള്. കാറ്റ് അടിച്ചതുമൂലം പൊടിമണ്ണ് മുഖത്താവുകയും അതു തടവുകയും ചെയ്താല്‍ തയമ്മുമാവില്ല. കാരണം, മണ്ണ് അടിച്ചെടുത്തിട്ടില്ല. ഒരാളുടെ സമ്മതത്തോടെ മറ്റൊരാള്‍ തയമ്മും ചെയ്തുകൊടുത്താല്‍ മതിയാകുന്നതാണ്. സമ്മതം കൊടുത്തവന്‍ തന്നെ നിയ്യത്ത്  ചെയ്യണം.
മുഖം തടവല്‍, രണ്ട് കൈമുട്ട് ഉള്‍പ്പെടെ തടവല്‍ എന്നിവ മൂന്നും നാലും ഫര്‍ളുകളാണ്. അഞ്ച്:  മുഖം തടവിയ ശേഷം കൈ തടവല്‍.

തയമ്മുമിന്റെ സുന്നത്തുകള്‍ 
ആദ്യത്തില്‍ ബിസ്മി ചൊല്ലല്‍, ഖിബ്‌ലയിലേക്ക് മുന്നിടല്‍, ബിസ്മിയുടെയും മണ്ണ് അടിച്ചെടുക്കുന്നതിന്റെയും ഇടയില്‍ മിസ്‌വാക്ക് ചെയ്യല്‍, രണ്ടു കൈ കൊണ്ട് മണ്ണിനെ ഒരുമിച്ചടിക്കല്‍, ആദ്യത്തെ അടിയുടെ അവസരത്തില്‍ മോതിരം അഴിച്ചുവയ്ക്കല്‍, ഓരോ അടിയിലും കൈവിരലുകള്‍ വിട്ടുപിരിക്കല്‍, മണ്ണിനെ അടിച്ചെടുത്ത ശേഷം മുഖം തടവും മുമ്പ് രണ്ടു കൈ കുടഞ്ഞുകൊണ്ടോ ഊതിക്കൊണ്ടോ മണ്ണിനെ ലഘൂകരിക്കല്‍, മുഖത്തിന്റെ മേല്‍ഭാഗവും വലത് കൈയും മുന്തിക്കല്‍, രണ്ടു കൈ വിരലുകളെ കോര്‍ത്തുകൊണ്ട് തടവല്‍, കൈ തടവുമ്പോള്‍ തോളം കൈ തടവല്‍, ഒരു ഉള്ളം കൈ കൊണ്ട് മറ്റേ ഉള്ളം കൈതടവല്‍, അവയവത്തിന്റെ മേല്‍ കൈശക്തമാക്കി നടത്തല്‍, രണ്ടു തടവലും തുടര്‍ച്ചയായി കൊണ്ടുവരല്‍, തടവല്‍ ആവര്‍ത്തിക്കാതിരിക്കല്‍, നിസ്‌കാരം, അതുപോലെയുള്ളത് അവസാനിക്കുന്നതു വരെ മുഖത്തും കരങ്ങളിലുമുള്ള മണ്ണിനെ തടവാതിരിക്കല്‍, വുളൂ, കുളി എന്നിവയ്ക്കു ശേഷമുള്ള ദിക്ര്‍, ദുആകള്‍ തയമ്മുമിനുശേഷം കൊണ്ടുവരല്‍. തയമ്മും ചെയ്ത ശേഷം രണ്ടു റക്അത്ത് സുന്നത്ത് നിസ്‌കാരം നിര്‍വഹിക്കല്‍ എന്നിവ തയമ്മുമിന്റെ സുന്നത്തുകളാണ്.

മുസ്തഅ്മലായ മണ്ണ്
മുസ്തഅ്മലായ വെള്ളം ഉള്ളതുപോലെത്തന്നെ മുസ്തഅ്മലായ മണ്ണുമുണ്ട്. ശരീരത്തില്‍ (മുഖത്തും രണ്ടു കരങ്ങളിലും) തങ്ങി നില്‍ക്കുന്ന മണ്ണിനും തയമ്മുമിന്റെ സമയത്ത് അവയവങ്ങളില്‍നിന്നു താഴെ വീഴുന്ന മണ്ണിനും മുസ്തഅ്മലായ മണ്ണിന്റെ വിധിയാണുള്ളത്. മണ്ണില്‍ രണ്ടാമത്തെ അടിക്കല്‍ കൊണ്ട് തന്നെ രണ്ട് ഉള്ളന്‍കൈ കൊണ്ട് തടവുക എന്ന ബാധ്യത നിറവേറി. പ്രസ്തുത വേളയില്‍ രണ്ട് കൈയിലുമുള്ള മണ്ണിന് മുസ്തഅ്മലിന്റെ വിധിയില്ല. കൈയില്‍ നിന്നു പിരിഞ്ഞ മണ്ണിനാണ് മുസ്തഅ്മലായ മണ്ണിന്റെ വിധിയുള്ളത്. രണ്ടാം തവണ രണ്ട് ഉള്ളന്‍കൈകൊണ്ട് മണ്ണില്‍ അടിക്കലോടുകൂടി തന്നെ രണ്ട് ഉള്ളന്‍കൈ തടവിയ ബാധ്യതയില്‍ നിന്ന് ഒഴിവായതുകൊണ്ടാണ് രണ്ട് കൈമുട്ടോടുകൂടി തടവിയാല്‍ ഒരു ഉള്ളന്‍ കൈകൊണ്ട് മറ്റേ ഉള്ളന്‍കൈ തടവല്‍ സുന്നത്തിന്റെ കൂട്ടത്തില്‍ എണ്ണിയത്. (ഉമൈറ 1/91)

തയമ്മുമിന്റെ രീതി
ഖിബ്‌ലയിലേക്കു മുന്നിട്ട് ബിസ്മി ചൊല്ലുക, ശേഷം മിസ്‌വാക്ക് ചെയ്യുക, കൈവിരലില്‍ മോതിരമുണ്ടെങ്കില്‍ അത് അഴിച്ചുവയ്ക്കുക, ശേഷം ഫര്‍ളാക്കപ്പെട്ട നിസ്‌കാരത്തെ ഞാന്‍ ഹലാലാക്കുന്നുവെന്ന് നിയ്യത്ത് ചെയ്ത് രണ്ടു കൈ ശുദ്ധമായ പൊടിമണ്ണില്‍ അടിച്ച് കൈകുടഞ്ഞു മണ്ണ് ലഘുവാക്കി മുഖം പരിപൂര്‍ണമായി തടവുക. മൂക്കിന്റെ ഭാഗവും താടിയുടെ ഭാഗവുമെല്ലാം ശ്രദ്ധിച്ചു തടവണം. 
മുഖം, കൈ എന്നിവയിലുള്ള മുടിയുടെ കുറ്റിയിലേക്ക് മണ്ണ് ചേര്‍ക്കല്‍ നിര്‍ബന്ധമില്ല. അത് ബുദ്ധിമുട്ടാണെന്നാണ് ഫുഖഹാഅ് കാരണം പറഞ്ഞത്. തിങ്ങിയ താടിയുടെ ഉള്‍ഭാഗവും നിര്‍ബന്ധമില്ല. (തുഹ്ഫ, ശര്‍ഫാനി: 1/362)
രണ്ടാം തവണ കൈ മണ്ണിലടിച്ച് ആദ്യം ഇടതു കൈകൊണ്ട് വലതു കൈ മുട്ട് വരെയും പിന്നെ വലത് കൈകൊണ്ട് ഇടതുകൈ മുട്ടു വരെയും തടവുക. 
കൈ തടവേണ്ട രൂപം: ഇടത് കൈയിന്റെ വിരലുകളുടെ പള്ളകള്‍ കൊണ്ട് (തള്ളവിരല്‍ ഒഴികെ, അത് ഉയര്‍ത്തി പ്പിടിക്കണം) വലത് കൈയിന്റെ തള്ളവിരല്‍ ഒഴികെയുള്ള വിരലുകളുടെ തലമുതല്‍ പുറംഭാഗം മുട്ട് ഉള്‍പ്പെടെ കൈയിന്റെ പുറംഭാഗം തടവുക. ശേഷം ഇടത് മുന്‍ കൈയിന്റെ പള്ള കൊണ്ട് വലതുകൈയിന്റെ പള്ളഭാഗം മുട്ട് മുതല്‍ തടവുക. ശേഷം ഇടതു കൈയിന്റെ തള്ളവിരല്‍ കൊണ്ട് വലതു കൈയിന്റെ തള്ളവിരലിന്റെ പുറംഭാഗം തടവുക. ഈ വിവരിച്ചതുപോലെ ഇടതുകൈ വലത് കൈകൊണ്ട് തടവുക. അതിനുശേഷം രണ്ടില്‍ ഒന്നിന്റെ ഉള്ളന്‍ കൈ കൊണ്ട് മറ്റേത് തടവുക. വിരലുകള്‍ പരസ്പരം കോര്‍ക്കുക. 
രണ്ടാം തവണ മണ്ണ് അടിച്ചെടുക്കുമ്പോള്‍ കൈവിരലില്‍ മോതിരം ഉണ്ടെങ്കില്‍ അത് ഊരല്‍ നിര്‍ബന്ധമാണ്. എങ്കിലേ തയമ്മും സ്വഹീഹാവുകയുള്ളൂ. 
നിസ്‌കാരത്തിന്റെ സമയം പ്രവേശിച്ച ശേഷമേ തയമ്മും ചെയ്യാവൂ എന്നു പറഞ്ഞല്ലോ. എന്നാല്‍, ഒരാള്‍ ളുഹ്ര്‍ നിസ്‌കാരത്തിന്റെ സമയം പ്രവേശിച്ച ശേഷം തയമ്മും ചെയ്തു. പക്ഷേ, ളുഹ്ര്‍ നിസ്‌കരിച്ചില്ല. എങ്കില്‍ ആ തയമ്മും കൊണ്ട് അസ്വ്‌റിന്റെ സമയം പ്രവേശിച്ച ശേഷം അസ്വര്‍ നിസ്‌കരിക്കാം. കാരണം തയമ്മും ഇവിടെ സ്വഹീഹായിട്ടുണ്ട്. (തുഹ്ഫ 1/360). അതേസമയം ഒരാള്‍ ളുഹാ നിസ്‌കാരം നിര്‍വഹിക്കാന്‍ വേണ്ടി ളുഹായുടെ സമയത്തിനുശേഷം തയമ്മും ചെയ്തു. പ്രസ്തുത തയമ്മും കൊണ്ട് ളുഹാ നിസ്‌കരിച്ചാലും ഇല്ലെങ്കിലും ളുഹ്‌റിന്റെ സമയമായ ശേഷം ളുഹ്ര്‍ നിസ്‌കരിക്കാവതല്ല. കാരണം, ളുഹാ സുന്നത്തും ളുഹ്ര്‍ നിര്‍ബന്ധവുമാണല്ലോ. ളുഹാ നിസ്‌കാരം നിര്‍വഹിക്കാന്‍ നേര്‍ച്ചയാക്കുകയും ളുഹായുടെ സമയം പ്രവേശിച്ച ശേഷം തയമ്മും ചെയ്തു. പക്ഷേ, ളുഹാ നിസ്‌കരിച്ചില്ല. എങ്കില്‍ ളുഹ്‌റിന്റെ സമയം പ്രവേശിച്ച ശേഷം ളുഹ്ര്‍ നിസ്‌കരിക്കാം. കാരണം, നേര്‍ച്ചയാക്കപ്പെട്ട ളുഹാ നിസ്‌കാരവും ളുഹ്‌റും നിര്‍ബന്ധമാണ്. (തുഹ്ഫ: 1/360) 

മുറിവും തയമ്മുമും
ദേഹത്ത് മുറിവുള്ളതിനാല്‍ സാധ്യമായ ഭാഗങ്ങളെല്ലാം കഴുകി ബാക്കി ഭാഗങ്ങള്‍ക്കു വേണ്ടി തയമ്മും ചെയ്ത വലിയ അശുദ്ധിക്കാരന്‍ രോഗം സുഖപ്പെട്ടാല്‍ മുമ്പ് കഴുകാന്‍ സാധിക്കാത്ത ഭാഗവും കഴുകല്‍ നിര്‍ബന്ധമാണ്. (തുഹ്ഫ: 1/365)
വെള്ളം പൂര്‍ണമായോ ഭാഗികമായോ ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ വലിയ അശുദ്ധിക്കുവേണ്ടി തയമ്മും ചെയ്ത രോഗി സുഖം പ്രാപിച്ചാല്‍ കുളിക്കല്‍ നിര്‍ബന്ധമാണ്. എന്തുകൊണ്ടെന്നാല്‍ രോഗം സുഖപ്പെടലോടു കൂടി തയമ്മും ബാത്വിലായി. എന്നതാണ് ഇതിന്റെ കാരണം. (തുഹ്ഫ 1/365)
മുറിവ് കാരണം വലിയ അശുദ്ധിക്കാരന്‍ തയമ്മും ചെയ്ത ശേഷം തയമ്മുമിന്റെ അവയവത്തില്‍ നിന്ന് കഴുകാന്‍ സൗകര്യമായ ഭാഗങ്ങള്‍ കഴുകലാണ് ഉത്തമം. മണ്ണിന്റെ അടയാളത്തെ വെള്ളം നീക്കിക്കളയുന്നതിനുവേണ്ടിയാണിത്. വലിയ അശുദ്ധിക്കാരന്‍ കഴുകാന്‍ സൗകര്യമായതു കഴുകിയ ശേഷം തയമ്മും ചെയ്താലും സാധുവാണ്. കുളി നിര്‍ബന്ധമായവന്റെ ശരീരത്തില്‍ എത്ര സ്ഥലത്ത് മുറിവുണ്ടെങ്കിലും ഒരു തയമ്മും ചെയ്താല്‍ മതി.  

ഒന്നിലധികം തയമ്മും
വെള്ളം ഉപയോഗിക്കുന്നതിനു ഭാഗികമായി തടസ്സമുണ്ടാകുംവിധം വുളൂഇന്റെ ഒരു അവയവത്തില്‍ മുറിവുണ്ടെങ്കില്‍ ഒരു തയമ്മുവും രണ്ട് അവയവത്തിലാണെങ്കില്‍ രണ്ട് തയമ്മുവും മൂന്ന് അവയവത്തിലാണെങ്കില്‍ മൂന്നു തയമ്മുവും നിര്‍ബന്ധമാണ്. രണ്ടു കൈകളെ ഒരുമിച്ച് ഒരു അവയവമായിട്ടാണിവിടെ പരിഗണിക്കുക. രണ്ട് കാലുകളും ഒരു അവയവമായാണ് പരിഗണിക്കുന്നത്. കൊണ്ടാണ് പരിഗണന. അപ്പോള്‍ മുഖം, കൈ, തല, കാല്‍ എന്നിങ്ങനെ നാലു അവയവങ്ങളാണ് വുളൂഇന്റെ അവയവങ്ങളായി ഉണ്ടാവുക. മൂന്ന് അവയവങ്ങളില്‍ ഭാഗികമായും തലയില്‍ ആസകലവും മുറിവുണ്ടെങ്കില്‍ നാല് തയമ്മും നിര്‍ബന്ധമാണ്. (തുഹ്ഫ 1/348)
അവയവങ്ങളുടെ മുറിവ് കാരണം ചെറിയ  അശുദ്ധിക്കാരന്‍ തയമ്മും ചെയ്യുമ്പോള്‍ സാധ്യമാകുന്ന  ഭാഗങ്ങളെല്ലാം കഴുകല്‍ നിര്‍ബന്ധമാണ്. വുളൂഇല്‍ തര്‍ത്തീബ് നിര്‍ബന്ധമായതിനാല്‍ ഓരോ അവയവവും കഴുകുന്ന വേളയിലാണ് പ്രസ്തുത അവയവത്തിനു വേണ്ടിയുള്ള തയമ്മും ചെയ്യേണ്ടത്. അപ്പോള്‍ മുഖത്ത് മുറിവുള്ളവന്‍ മുഖം കഴുകുന്ന വേളയില്‍ തന്നെ മുഖത്തെ മുറിവിനു വേണ്ടി തയമ്മും ചെയ്യണം. അതിനു ശേഷമേ കൈ കഴുകാവൂ. 
മുഖത്തു മാത്രമോ അല്ലെങ്കില്‍ മുഖത്തും രണ്ട് കൈകളിലും അതുമല്ലെങ്കില്‍ എല്ലാ അവയവങ്ങളിലും മുറിവ് വ്യാപകമായാല്‍ ഒരു തയമ്മും മതിയാകും. തര്‍ത്തീബ് ഇവിടെ ഒഴിവായതിനാല്‍ വുളൂഇനു പകരമായി ഒരു തയമ്മും മതി. ഇനി തലയല്ലാത്ത എല്ലാ അവയവങ്ങളിലും മുറിവ് വ്യാപകമായാല്‍ രണ്ടു തയമ്മും അനിവാര്യമായി വരും. മുഖത്തിനും രണ്ടു കൈകള്‍ക്കും വേണ്ടി ഒരു തയമ്മുവും രണ്ടു കാലുകള്‍ക്കുവേണ്ടി മറ്റൊരു തയമ്മുവും. കൈകാലുകള്‍ക്കിടയില്‍ തല തടവല്‍ ഇവിടെ നിര്‍ബന്ധമായതിനാലാണ് രണ്ട് തയമ്മും അനിവാര്യമായത്. 
കഴുകാന്‍ സാധ്യമാകുന്നത് കഴുകുന്നതിന്റെയും തയമ്മും ചെയ്യുന്നതിന്റെയും ഇടയില്‍ തര്‍തീബ് നിര്‍ബന്ധമില്ലാത്തതിനാല്‍ ആദ്യം കഴുകലും പിന്നീട് തയമ്മുവും ആകാം.  എങ്കിലും ആദ്യം തയമ്മുവും ശേഷം കഴുകലുമാണ് ഉത്തമം. (തുഹ്ഫ 1/348)
മുറിവുള്ള സ്ഥലത്ത് 'മറ'യുണ്ടെങ്കില്‍ ആ മറയ്ക്ക് മുകളില്‍ വെള്ളം കൊണ്ട് തടവല്‍ നിര്‍ബന്ധമില്ല. എന്നാല്‍, തയമ്മുമിന്റെ അവയവത്തിലാണ് പ്രസ്തുത മറയെങ്കില്‍ സാധിക്കുമെങ്കില്‍ മണ്ണടിച്ചെടുത്ത കൈ കൊണ്ട് തടവല്‍ നിര്‍ബന്ധമാണ്. 
മുറിവിനു മുകളില്‍ ശീല കൊണ്ടോ മറ്റോ വച്ച് കെട്ടല്‍ ആവശ്യമായി വന്നാല്‍ പൂര്‍ണ ശുദ്ധി വരുത്തിയ ശേഷമേ (വുളൂ എടുത്ത ശേഷം) വച്ച് കെട്ടാവൂ. പിന്നീട് ശുദ്ധി വരുത്തുന്ന അവസരം മറയുടെ താഴ്ഭാഗം കഴുകാനും തയമ്മും ചെയ്യുമ്പോള്‍ തടയാനും അവനു ഭയമില്ലെങ്കില്‍ പ്രസ്തുത 'മറ' നീക്കണം. ഭയമുണ്ടെങ്കില്‍ നീക്കേണ്ടതില്ല. എങ്കിലും മുറിവ് കെട്ടിയപ്പോള്‍ മുറിവില്ലാത്ത ചില ഭാഗങ്ങള്‍ കൂടി ആവശ്യമില്ലാതെ മറഞ്ഞിട്ടുണ്ടെങ്കില്‍ വെള്ളം കൊണ്ട് പ്രസ്തുത മറയ്ക്കു മുകളില്‍ തടവല്‍ നിര്‍ബന്ധമാണ്. 

നിസ്‌കാരം മടക്കണോ?
തയമ്മും ചെയ്തു നിസ്‌കരിച്ചവന്റെ രോഗം സുഖപ്പെട്ടാല്‍ പ്രസ്തുത നിസ്‌കാരങ്ങളെല്ലാം മടക്കേണ്ട രൂപവും അല്ലാത്ത രൂപവും ഉണ്ട്. 
മടക്കി നിസ്‌കരിക്കേണ്ട രൂപങ്ങള്‍ താഴെ വിവരിക്കുന്നു: ഒന്ന്: തയമ്മും ചെയ്തവന്റെ മുറിവില്‍ കൂടുതല്‍ രക്തമുണ്ടാവുക. രണ്ട്: വച്ചുകെട്ടിയ 'മറ' തയമ്മുവിന്റെ അവയവത്തിലാവുക. മൂന്ന്: വച്ചുകെട്ടിയ മറ അവയവത്തില്‍ പിടിച്ചുനില്‍ക്കാന്‍ ആവശ്യമായ സ്ഥലത്തേക്കാള്‍ കൂടുതലാവുക. നാല്: അശുദ്ധിയോടെ വച്ചുകെട്ടുക. (തുഹ്ഫ 1/381)
പുരുഷന്‍മാര്‍ വുളൂ ചെയ്തശേഷം മുറിവ് കെട്ടുന്നത് അന്യസ്ത്രീയും സ്ത്രീ വുളൂ ചെയ്തശേഷം തന്റെ മുറിവ് കെട്ടുന്നത് അന്യപുരുഷനുമാണെങ്കില്‍ വുളൂ മുറിയുമല്ലോ. 
തയമ്മുമിന്റെ അവയവത്തിലാണ് മുറിവ് എങ്കില്‍ അത് ശീല കൊണ്ടോ മറ്റോ വച്ച് കെട്ടിയിട്ടുണ്ടെങ്കില്‍ വച്ച് കെട്ടുമ്പോള്‍ വുളൂ ഉണ്ടെങ്കിലും ഇല്ലെങ്കിലും രോഗം സുഖപ്പെട്ടാല്‍ തയമ്മും ചെയ്തു നിസ്‌കരിച്ച സര്‍വനിസ്‌കാരങ്ങളും മടക്കി നിസ്‌കരിക്കണമെന്നു വ്യക്തമായല്ലോ. 
മുറിവില്ലാത്ത സ്ഥലത്തിനെ അല്‍പം പോലും 'മറ' കവര്‍ന്നെടുത്തിട്ടില്ലെങ്കിലും അതുപോലെ വച്ചുകെട്ടിയ മറ ശരീരത്തില്‍ നില്‍ക്കാന്‍ ആവശ്യമായ സ്ഥലം മാത്രമേ മറച്ചിട്ടുള്ളൂവെങ്കില്‍ പൂര്‍ണ ശുദ്ധി വരുത്തിയശേഷം വച്ചുകെട്ടുകയും അത് നീക്കല്‍ ബുദ്ധിമുട്ടാവുകയും ചെയ്യുന്നപക്ഷം നിസ്‌കാരം മടക്കേണ്ടതില്ല. (തുഹ്ഫ 1/382) 
ശൈത്യം കാരണം തയമ്മും ചെയ്തു നിസ്‌കരിച്ച വ്യക്തി മടക്കി നിസ്‌കരിക്കേണ്ടതാണ്. (തുഹ്ഫ 1/381) അതുപോലെ വെള്ളം ഇല്ലാത്തതിനുവേണ്ടി നാട്ടില്‍ താമസിക്കുന്നവന്‍ (യാത്രക്കാരനല്ല) തയമ്മും ചെയ്താലും വെള്ളം കിട്ടിയ ശേഷം മടക്കി നിസ്‌കരിക്കണം. നാട്ടില്‍ താമസിക്കുമ്പോള്‍ വെള്ളം ഇല്ലാതിരിക്കല്‍ അപൂര്‍വമാണെന്നതാണു കാരണം. തയമ്മും ചെയ്തു നിസ്‌കരിച്ച ഫര്‍ളും സുന്നത്തുമായ എല്ലാ നിസ്‌കാരങ്ങളും അവര്‍ മടക്കണം. ജുമുഅ നിസ്‌കാരം ളുഹറാക്കി മടക്കണം. (തുഹ്ഫ 1/379) 
തയമ്മും ചെയ്തവന്‍ മടക്കി നിസ്‌കരിക്കേണ്ടവനാണെങ്കില്‍ അവനു നിസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ പാടില്ല. അത്തരം ഇമാമിനോട് തുടര്‍ച്ച സാധുവല്ല. (തുഹ്ഫ: 2/381) 
തയമ്മും ചെയ്തവന്‍ മടക്കി നിസ്‌കരിക്കല്‍ നിര്‍ബന്ധമില്ലാത്തവനാണെങ്കില്‍ അവന് ജുമുഅ നിസ്‌കാരത്തില്‍ നേതൃത്വം നല്‍കാം. ഖുതുബയ്ക്കു ഒരു തയമ്മുവും ജുമുഅ നിസ്‌കാരത്തിനു മറ്റൊരു തയമ്മുവും നിര്‍ബന്ധമാണ്. (തുഹ്ഫ 1/372)
തയമ്മും ചെയ്തു ഫര്‍ള്  നിസ്‌കരിച്ച വ്യക്തി മറ്റൊരു ഫര്‍ള് നിസ്‌കരിക്കാന്‍ ഉദ്ദേശിച്ചാല്‍ വുളൂ മുറിഞ്ഞിട്ടില്ലെങ്കില്‍ തയമ്മും ചെയ്താല്‍ മാത്രം മതി. വുളൂ ആവര്‍ത്തിക്കേണ്ടതില്ല. വലിയ അശുദ്ധിക്കു വേണ്ടി തയമ്മും ചെയ്ത് ഫര്‍ള് നിസ്‌കരിച്ചവന്‍ മറ്റൊരു ഫര്‍ള് ഉദ്ദേശിച്ചാല്‍ വുളൂ മുറിഞ്ഞിട്ടില്ലെങ്കില്‍ തയമ്മും മാത്രം എടുത്താല്‍ മതി. 
ഒരു തയമ്മും കൊണ്ട് ഒരു ഫര്‍ള് മാത്രമേ നിസ്‌കരിക്കാവൂ. ഫര്‍ളിന് പുറമെ സുന്നത്തുകള്‍ എത്രയും നിര്‍വഹിക്കാം. മയ്യിത്ത് നിസ്‌കാരങ്ങളും എത്രയും നിസ്‌കരിക്കാം.  

ബാത്വിലാകുന്ന കാര്യങ്ങള്‍
അശുദ്ധി, മതത്തില്‍നിന്നു പുറത്തുപോകല്‍ രോഗം സുഖപ്പെടല്‍, വെള്ളം ലഭിക്കാതെ തയമ്മും ചെയ്തവന്‍ നിസ്‌കാരത്തിന്റെ പുറത്തുള്ള വേളയില്‍ വെള്ളം ഉണ്ടെന്നു ഭാവിക്കല്‍, നിസ്‌കാരം മടക്കല്‍ അനിവാര്യമായ തയമ്മും ചെയ്തു നിസ്‌കരിച്ചുകൊണ്ടിരിക്കെ വെള്ളം എത്തിക്കല്‍ എന്നിവ കൊണ്ടു തയമ്മും ബാത്വിലാകുന്നതാണ്. (തുഹ്ഫ 1/367)
സുന്നത്ത് നിസ്‌കാരം നേര്‍ച്ചയാക്കിയാല്‍ അതു നിര്‍ബന്ധമായല്ലോ. അപ്പോള്‍ തറാവീഹ് നിസ്‌കാരം ഒരു ദിവസം നിസ്‌കരിക്കാന്‍ ഒരാള്‍ നേര്‍ച്ചയാക്കിയാല്‍ 20 റക്അത്ത് നിസ്‌കരിക്കാന്‍ 10 തയമ്മും നിര്‍ബന്ധമാണ്. എല്ലാ ഈ രണ്ട് റക്അത്തുകളിലും സലാം വീട്ടേണ്ടതുണ്ടല്ലോ. (ശര്‍വാനി 1/361)
തയമ്മും ഒരു വിട്ടുവീഴ്ചയാണെന്ന് ആദ്യം തന്നെ വ്യക്തമാക്കിയല്ലോ. അതുകൊണ്ട് തന്നെ തെറ്റായ യാത്രക്കാരന് തയമ്മും അനുവദനീയമല്ല. (തുഹ്ഫ: 1/380)
വെള്ളവും മണ്ണും ലഭിക്കാത്തവന്‍ സമയത്തിന്റെ ബഹുമാനം മാനിച്ച് ശുദ്ധിയില്ലാതെ നിസ്‌കരിക്കണം. ഫര്‍ള് നിസ്‌കാരങ്ങള്‍ മാത്രമേ ഇങ്ങനെ നിസ്‌കരിക്കാവൂ. പിന്നെ വെള്ളം കിട്ടുമ്പോള്‍ മടക്കി നിസ്‌കരിക്കണം. മണ്ണാണ് ആദ്യം കിട്ടിയതെങ്കില്‍ തയമ്മും ചെയ്തു നിസ്‌കരിച്ചാല്‍ പിന്നെ പ്രസ്തുത നിസ്‌കാരം വീണ്ടും മടക്കല്‍ നിര്‍ബന്ധമാകുന്നില്ലെങ്കില്‍ തയമ്മും ചെയ്ത് നിസ്‌കരിക്കണം. ഇനി, അവന്‍ തയമ്മും ചെയ്തു നിസ്‌കരിച്ചാലും വീണ്ടും മടക്കി നിസ്‌കരിക്കേണ്ടിവരുമെങ്കില്‍ തയമ്മും ചെയ്തു നിസ്‌കരിക്കേണ്ട. കാരണം, ആ നിസ്‌കാരം കൊണ്ട് യാതൊരു പ്രയോജനവുമില്ല. സമയത്തെ മാനിച്ച് അവന്‍ നിസ്‌കരിച്ചിട്ടുണ്ടല്ലോ. ഇനി വെള്ളം കിട്ടുമ്പോള്‍ നിസ്‌കരിച്ചാല്‍ മതി. (തുഹ്ഫ 1/379)
വുളൂഇന്റെ സുന്നത്തുകളായ മുന്‍കൈകഴുകള്‍, വായ കൊപ്ലിക്കല്‍, മൂക്കില്‍ വെള്ളം കയറ്റല്‍, ചെവിതടവല്‍ പോലുള്ള സുന്നത്തുകള്‍ ചെയ്യാന്‍ കഴിയാതെ വന്നാലും പകരം തയമ്മും ചെയ്യല്‍ സുന്നത്താണെന്ന് നമ്മുടെ ഇമാമുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. (ശര്‍വാനി 1/347)

മയ്യിത്തും തയമ്മുമും
വെള്ളം ചേരല്‍ നിര്‍ബന്ധമായ ഭാഗങ്ങളിലേക്ക് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു തുന്നിയതുകൊണ്ട് വെള്ളം ചേരാതിരുന്നാല്‍ തയമ്മും ചെയ്തുകൊടുക്കല്‍ നിര്‍ബന്ധമാണ്. അതുപോലെ തന്നെ ചേലാകര്‍മം ചെയ്യപ്പെടാത്ത വ്യക്തി(കുട്ടിയായാലും അല്ലെങ്കിലും) മരണപ്പെട്ടാല്‍ അവന്റെ ലിംഗാഗ്ര ചര്‍മ്മത്തിനു താഴെ വെള്ളം ചേര്‍ക്കാന്‍ കഴിയാതെ വന്നാല്‍ (തൊലി നീക്കി വെള്ളം ചേര്‍ക്കല്‍ ബുദ്ധിമുട്ടാണ്) മുറിവ് സംഭവിക്കുമെന്ന് കണ്ടാല്‍ തൊലി നീക്കല്‍ ഹറാമാണ്. അവന്റെ മയ്യിത്ത് കുളിപ്പിക്കുമ്പോഴും തയമ്മും നിര്‍ബന്ധമാണ്. ലിംഗാഗ്ര ചര്‍മ്മത്തിനു താഴെ നജസുണ്ടാകാനാണ് കൂടുതല്‍ സാധ്യത. തയമ്മും സാധുവാകാന്‍ തയമ്മുമിന്റെ മുമ്പ് നജസ് നീക്കണമെന്ന നിയമമുണ്ട്. പക്ഷേ, മയ്യിത്തിന്റെ കാര്യത്തില്‍ ലിംഗാഗ്ര ചര്‍മ്മത്തിന്റെ ഉള്ളില്‍ നജസുണ്ടെങ്കിലും അതോടുകൂടി തയമ്മും സാധുവാകും. (ഫത്ഹുല്‍ മുഈന്‍: പേജ് 151, ഇആനത്ത്: 2/107) 

Leave A Comment

3 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter