ആരാധന സൃഷ്ടികളില്‍

സൃഷ്ടികളില്‍ ഏറ്റവും ഉല്‍കൃഷ്ടനാണ് മനുഷ്യന്‍. 'മനുഷ്യ സമൂഹത്തെ നാം ബഹുമാനിച്ചിരിക്കുന്നു.' (ഖുര്‍ആന്‍)
നടക്കാനും, ഓടാനും, ചാടാനും, ഒടിക്കാനും, തിരിക്കാനും, വളക്കാനുമെല്ലാം പറ്റുന്ന രീതിയിലാണ് മനുഷ്യ ശരീരം സൃഷ്ടിച്ചിരിക്കുന്നത്. ശരീരത്തില്‍ മുന്നൂറ്റി അറുപതോളം കെണിപ്പുകളുണ്ടെന്ന് ഒരു ഹദീസില്‍ കാണാം. ഇത്രയും സന്ധികളിലൂടെ ശരീരത്തെ കൂടുതല്‍ കുറ്റമറ്റതും സൗകര്യപ്രദവുമാക്കുകയാണ് സ്രഷ്ടാവ് ചെയ്തിരിക്കുന്നത്.
മനുഷ്യ ശരീരത്തെ ഏറ്റവും നല്ല രൂപത്തിലാണ് നാം സംവിധാനിച്ചിരിക്കുന്നത്. (തീന്‍ -4)
മനുഷ്യ ശരീരത്തിന്റെ സൃഷ്ടിപ്പ് വളരെ മഹത്തരവും അന്യൂനവുമാണെന്നതില്‍ ഒരു സംശയവുമില്ല. ബയോളജിക്കലായ വിശദീകരണം വിഷയത്തിന്റെ ദിശ മാറ്റുമെന്നതുകൊണ്ട് ആ ഭാഗം ചുരുക്കുന്നു.
അല്ലാഹു സംവിധാനിച്ച സൗകര്യങ്ങള്‍ക്ക് വല്ല കുറവോ, ക്ഷതമോ പറ്റിയാല്‍ എന്തൊരു പ്രയാസമായിരിക്കും അനുഭവിക്കേണ്ടിവരിക. അംഗവൈകല്യമുള്ളവരെയും കുരുടന്‍മാരെയും ഉദാഹരണത്തിന് ചിന്തിക്കുക.
ശരീരത്തിലെ എല്ലാ സൗകര്യങ്ങളും കിട്ടിയ ഒരാള്‍ക്ക് അല്ലാഹു കാഴ്ചശക്തി കൊടുത്തില്ല എന്നിരിക്കട്ടെ. ഈ മനുഷ്യന്റെ ജീവിതം എത്ര പ്രയാസകരമായിരിക്കും. ധാരാളം സമ്പത്ത്, നല്ല വീട്, വാഹനം, വലിയ കുടുംബം, ജീവിക്കാനാവശ്യമായതെല്ലാം ഉണ്ട്. എന്നാലും അന്ധന്‍ അന്ധന്‍ തന്നെ. അവന്റെ ജീവിതം ക്ലേശകരവും പ്രയാസകരവുമായിരിക്കും. മറ്റുള്ള സൗകര്യങ്ങളൊന്നും അന്ധതക്ക് പരിഹാരമാവുകയില്ലതന്നെ. ചിന്തിക്കുകയാണങ്കില്‍ അങ്ങനെ ഒരുപാട് അനുഗ്രഹങ്ങള്‍ മനുഷ്യനില്‍ അല്ലാഹു സമ്മേളനം ചെയ്തു. ഇവയൊന്നും കോടികള്‍ മുടക്കിയാലും കിട്ടാത്തതും അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും തരാന്‍ പറ്റാത്തതുമാണ്. നമ്മുടെ ശരീര സൃഷ്ടിപ്പിലോ, അതിന്റെ രൂപീകരണത്തിലോ, ഗതികള്‍ നിയന്ത്രിക്കുന്നതിലോ സ്രഷ്ടാവല്ലാത്ത ഒരു ശക്തിക്കും ചെറിയ പങ്ക് പോലുമില്ല.
ഇത്രയും സൗകര്യപ്രദമായി മനുഷ്യരെ സൃഷ്ടിച്ചതില്‍ അല്ലാഹുവിന് വ്യക്തമായ ലക്ഷ്യമുണ്ട്. അവന് കീഴ്‌പ്പെട്ട് ജീവിക്കുക എന്നതാണത്. ''ജിന്നുകളെയും മനുഷ്യരെയും എനിക്ക് ആരാധന ചെയ്യാനല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.'' എന്ന ഖുര്‍ആന്‍ വാക്യം മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യം വ്യക്തമാക്കുന്നുണ്ട്. ആരാധനകള്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കണം, ഇതാണ് മനുഷ്യന്റെ പ്രധാന തൊഴില്‍. പക്ഷേ, ഇന്ന് ഈ ചിന്താഗതിയാണധികപേര്‍ക്കും- മറ്റൊരു പണിയുമില്ലെങ്കില്‍ നിസ്‌കാരം, ജമാഅത്ത് എന്നിവയൊക്കെ ശ്രദ്ധിക്കും, തിരക്കാണെങ്കില്‍ ഒന്നുമില്ല തന്നെ. ബിസിനസാണ്, തീരെ സമയമില്ല. ഇതൊക്കെയാണിത്തരക്കാരുടെ ന്യായം. ഇത് ലക്ഷ്യം മറന്ന ജീവിതമാണ്.
സ്രഷ്ടാവായ അല്ലാഹുവിന്ന് ഇബാദത്തുകള്‍ എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കണം. ഇതിനനുകൂലമായ മാനസികാവസ്ഥ സൃഷ്ടിച്ചെടുക്കലാണ് പ്രധാനം. ഇതിന്നെതിരെ പിശാചിന്റെ ബോധനങ്ങളും പ്രലോഭനങ്ങളുമുണ്ടാവും. ഇത് തിരിച്ചറിയാന്‍ സാധിക്കണം. നര്‍മ്മങ്ങളിലും വിനോദങ്ങളിലുമാണ് മനുഷ്യന് പൊതുവെ താല്‍പര്യം. ഇതൊന്നും ആരാധനകളില്‍ നിന്നും ലഭ്യമാവുകയില്ലല്ലോ. അതുകൊണ്ടാണ് ആരാധനകളില്‍ താല്‍പര്യം കുറയുന്നത്. എന്നാല്‍ നര്‍മങ്ങളിലും, വിനോദങ്ങളിലും ഹരം കണ്ടെത്തുന്നതിനുപകരം ആരാധനകള്‍ ഹരമായിമാറണം. അപ്പോഴാണ് പിശാച് പരാജയപ്പെടുന്നതും നമ്മള്‍ വിജയിക്കുന്നതും. അല്ലെങ്കില്‍ പിശാച് ജയിക്കും നമ്മള്‍ പരാജയപ്പെടുകയും ചെയ്യും. ഇത് വലിയ അപകടമാണ്.