28 January 2021
19 Rajab 1437

തിംബുക്തു- മാനുസ്ക്രിപ്റ്റുകളെ പ്രണയിച്ച ആഫ്രിക്കന്‍ നാഗരികത

ഹംസ സ്വാലിഹ്‍‍

13 January, 2021

+ -
image

വെസ്റ്റ് ആഫ്രിക്കയിലെ പ്രമുഖ നദിയായ നൈജറിൻറെ തെക്ക് ഭാഗത്താണ് സഹാറ മരുഭൂമി. അതിന്റെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന തിംബുക്തുവിന് പറയാനുള്ളത്, പ്രതാപപൂര്‍ണ്ണമായ ഭൂതകാലത്തിന്റെ ഒരു പിടി സുവര്‍ണ്ണ സ്മരണകളാണ്.ആഫ്രിക്കൻ ജ്ഞാനോൽപാദനത്തിലും വാണിജ്യ ഇടപാടുകളിലും രാഷ്ട്ര രൂപീകരണത്തിലും അനൽപമായ പങ്കുവഹിച്ചിട്ടുള്ളതാണ് തിംബുക്തു. നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ  തിംബുക്തുവിൽ മനുഷ്യവാസമുള്ളതായി ആന്ത്രപ്പോളജിസ്റ്റ്സ് രേഖപ്പെടുത്തിവെച്ചിട്ടുണ്ടെങ്കിലും പന്ത്രണ്ടാം നൂറ്റാണ്ടിൽ ആഫ്രിക്കൻ നാടോടി ഗോത്രമായ തുറാഗിൻറെ രംഗപ്രവേശത്തോടെയാണ് അവിടെ സ്ഥിരതാമസം ആരംഭിക്കുന്നത്.പതിനാലാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നാന്ദികുറിച്ച വിദ്യാഭ്യാസ രീതിയും എഴുത്തും അച്ചടിയും അമൂല്യമായ മാനുസ്ക്രിപ്റ്റുമാണ് മറ്റു ലോക നാഗരികതകളിൽ നിന്നും തിംബുക്തുവിനെ വ്യതിരിക്തമാക്കുന്നത്. ഇസ്‍ലാമിക ജ്ഞാനോൽപാദന കേന്ദ്രമായി പരിഗണിക്കപ്പെടുന്ന മക്കയിലേയും ഈജിപ്തിലെയും പ്രഗൽഭരായ അധ്യാപകരിൽ നിന്നും പഠിച്ചിറങ്ങിയ ഇരുപത്തി അയ്യായിരത്തോളം പണ്ഡിതന്മാർ തിംബുക്തുവിലെ വ്യത്യസ്ത മേഖലകളിൽ സേവനമനുഷ്ഠിച്ചിരുന്നു. പതിനാറാം നൂറ്റാണ്ട് ആയപ്പോഴേക്കും ക്രിയാത്മകമായി ആസൂത്രണം ചെയ്ത സിലബസുമായി മുന്നോട്ടുപോകുന്ന 150-ഓളം സ്കൂളുകൾ ഇവിടെ സ്ഥിതി ചെയ്തിരുന്നുവത്രെ, മാത്രമല്ല പ്രായ-ലിംഗ ഭേദമന്യേ എല്ലാവരും വിദ്യ നുകർന്നിരിന്നു എന്നും ചരിത്രം പറയുന്നു. 1327-ൽ ആത്മീയ ഉന്നമനവും വൈജ്ഞാനിക പുരോഗമനവും  ലക്ഷ്യമാക്കി മാലി ഡൈനാസ്റ്റിയിലെ പ്രമുഖ രാജാവായ മസ്നാ മൂസ നിർമ്മിച്ച, അലക്സാണ്ട്രിയൻ ലൈബ്രറിക്ക് ശേഷം ലോകത്തെ ഏറ്റവും വലിയ പുസ്തക ശേഖരമുള്ള സൻകോർ മദ്രസയാണ് (ഇപ്പോൾ യൂണിവേഴ്സിറ്റിയായി അറിയപ്പെടുന്നു) തിംബുക്തുവിലെ പ്രധാന വിദ്യാഭ്യാസസ്ഥാപനം. ഏഴ് ലക്ഷത്തോളം മാനുസ്ക്രിപ്റ്റുകൾ അടങ്ങുന്ന ലൈബ്രറിയും 25000 വിദ്യാർത്ഥികൾക്ക് ഒരേസമയം താമസിക്കാനുള്ള സൗകര്യവുമുള്ള ഈ യൂണിവേഴ്സിറ്റി, പ്രഗല്‍ഭരായ ഏറെ ആർക്കിടെക്റ്റേഴ്സിനെയും എൻജിനിയേഴ്സ്നെയും ശാസ്ത്രജ്ഞരെയും ഇസ്‍ലാമിക പണ്ഡിതരെയും വാർത്തെടുത്തിട്ടുണ്ട്.പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട Djingareyber, Sidi Yahia പള്ളികളാണ് തിംബുക്തുവിലെ ഇസ്‍ലാമിക വിജ്ഞാന സമൃദ്ധിയെ സൂചിപ്പിക്കുന്ന മറ്റു ഘടകങ്ങൾ. ഈ സ്കൂളിലെ അക്കാദമിക സിലബസുകളിൽ ഇസ്‍ലാമിക ജ്ഞാന ശാഖകളായ തഫ്സീർ, ഹദീസ്, ഫിഖ്ഹ്, ഉസൂൽ (നിദാനശാസ്ത്രം) എന്നീ വിഷയങ്ങളോടൊപ്പം തത്വശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയിലെ ഗഹനമായ പഠനങ്ങൾക്കും പ്രോത്സാഹനം നൽകുകയും ചെയ്തിരുന്നു.  ഭാഗ്യവശാൽ, കോളനിവൽകരണത്താൽ നാശോന്മുഖമായിക്കൊണ്ടിരുന്ന തിംബുക്തു നാഗരികതയുടെ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിഞ്ഞ് പത്തൊമ്പതാം നൂറ്റാണ്ടിൻറെ അവസാനത്തിൽ മാലി ഗവൺമെന്റും യുനെസ്കോയും ഈ സ്ഥാപനങ്ങളൾക്ക് സാമ്രാജ്യത്വ ശക്തികളിൽ നിന്നും സംരക്ഷണവലയം തീർത്തതുകൊണ്ട് അവ ഇപ്പോഴും ചരിത്രശേഷിപ്പുകളായി പ്രൗഢിയോടെ തലപൊക്കി നിലനിൽക്കുന്നുണ്ട്.ഇസ്‌ലാമിക ലൈബ്രറികളുടെ സവിശേഷതയായ ഖുർആൻ വ്യാഖ്യാനങ്ങളുടെയും തഫ്സീറുകളുടെയും വ്യത്യസ്തമായ പകർപ്പുകളും കയ്യെഴുത്തു പ്രതികളും തിംബുക്തുവിലെ ഓരോ ലൈബ്രറികളിലും പവിത്രതയോടെ കാത്തുസൂക്ഷിക്കപെട്ടിരിക്കുന്നു. ലൈബ്രറിയിലേക്ക് പ്രവേശിക്കുന്നവരെ സ്വീകരിക്കുന്ന രീതിയിൽ പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്ന പരിശുദ്ധ ഗ്രന്ഥം വായനക്കാർക്ക് ആത്മീയ ഉന്മേഷവും ഊർജ്ജവും പകരുക കൂടി ചെയ്യുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സൗത്ത് ആഫ്രിക്കയിൽ നിന്ന്  മക്കയിലേക്കുള്ള തീർഥാടകരുടെയും വടക്കുഭാഗത്ത് മൊറോക്കോയിലേക്കുള്ള യാത്രികരുടെയും ആധുനിക സുഡാൻറെയും പ്രമുഖ സങ്കലന കേന്ദ്രമെന്ന മറ്റൊരു പ്രത്യേകത കൂടി തിംബുക്തുവിനുണ്ട്. അത് കൊണ്ട് തന്നെ യൂറോപ്പിലെയും അറേബ്യയിലെയും കച്ചവടക്കാർ അവിടെ നിരന്തരമായി സന്ദർശനം നടത്തിയിരുന്നു. ഇത് ആഫ്രിക്കക്കാർക്കും യൂറോപ്യർക്കും ഇസ്‍ലാമിക മൂല്യങ്ങളെ പകർന്നു നൽകുന്നതിനും മനുഷ്യരോട് സ്നേഹവും കച്ചവടത്തിൽ വിശ്വസ്തതയും വിദ്യാഭ്യാസത്തിന് പ്രാധാന്യവും കൽപ്പിക്കുന്ന മതത്തെ പരിചയപ്പെടുത്തുന്നതിനുമുള്ള ഒരു അവസരം കൂടിയായിരുന്നു. 

സ്വർണ്ണവും അടിമകളും ഉപ്പും പട്ടുവസ്ത്രങ്ങളും തിംബുക്തുവിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിൽ കൈമാറ്റം ചെയ്യപ്പെട്ടിരുന്നെങ്കിലും പുസ്തകങ്ങളായിരുന്നു അമൂല്യമായ വ്യാപാരചരക്ക്. ദൈവശാസ്ത്രവും ഗണിതശാസ്ത്രവും ഫിലോസഫിയും ശാസ്ത്രവും മുഖ്യ വിഷയങ്ങളായിരുന്നു. ഈ പുസ്തകങ്ങളാണ് 'Timbuktu Manuscripts' എന്ന പേരിൽ അറിയപ്പെടുന്നത്. മാത്രമല്ല, വാണിജ്യ ഇടപാടുകളിൽ മാനുസ്ക്രിപ്റ്റുകൾ അമൂല്യമായി പരിഗണിക്കപ്പെട്ടിരിന്നതുപോലെ കുടുംബമഹിമയും അന്തസ്സും അവരുടെ വീടുകളിൽ സൂക്ഷിച്ചിരുന്ന മാനുസ്ക്രിപ്റ്റുകൾക്കനുസരിച്ചായിരുന്നു കണക്കാക്കിയിരുന്നത്. അതുപോലെ കൊട്ടാര സദസ്സുകളിൽ നടക്കുന്ന കലാ പ്രവർത്തനങ്ങൾക്കും മുഖസ്തുതി പറയുന്നവർക്കും വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകുന്ന പതിവ് സമ്പ്രദായങ്ങളിൽ നിന്നും വ്യത്യസ്തമായി അമൂല്യമായ മാനുസ്ക്രിപ്റ്റിയിരുന്നു സമ്മാനങ്ങളായി ഭരണാധികാരികൾ നൽകിയിരുന്നത്. തിംബുക്തുവിലെ സുവർണ്ണ കാലഘട്ടമായി പരിഗണിക്കപ്പെടുന്ന പതിനഞ്ചാം നൂറ്റാണ്ടിൽ ഇസ്‌ലാമിക വിഷയങ്ങളിൽ അവഗാഹമുള്ള അഹ്മദ് ബാബയെയും മുഹമ്മദ് ബഗ്യാഗയെയും പോലോത്ത പണ്ഡിതന്മാരുടെ രംഗപ്രവേശത്തോടെയാണ്  ഇസ്‍ലാമിക വിജ്ഞാനങ്ങളിൽ ഗഹനമായ പഠനങ്ങൾ നടക്കുകയും അതിലൂടെ ലോകശ്രദ്ധ നേടാൻ കാരണമാവുകയും ചെയ്തത്. ഈ കാലയളവിൽ തന്നെയാണ് കയ്യെഴുത്തുപ്രതികൾ ധാരാളമായി രചിക്കപ്പെട്ടതും വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടതും. ഓരോ രചനകളും പകർത്തിയെഴുതാൻ വേണ്ട സമയവും വേതനവും കൃത്യമായി എഴുതി വെക്കപ്പെട്ട, ഇബ്ന്‍ സിബ്‍ലയുടെ അല്‍മുഹ്കം വല്‍മുഹീതുല്‍ അഅ്ളം ഫില്ലുഗ എന്ന പുസ്തകം പകർത്തിയെഴുത്ത് എത്ര പ്രാധാന്യത്തോടെയാണ് കാണപ്പെട്ടിരുന്നത് എന്നതിനെ ചിത്രീകരിക്കുന്നുണ്ട്. വിദ്യാർഥികളായിരുന്നു ഇവയുടെ ജോലിയുമായി മുന്നോട്ടു പോയിരുന്നത്. മാത്രമല്ല അധ്യാപകരിൽ നിന്നും നൽകപ്പെടുന്ന മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് അവർ ചെയ്യുന്ന ജോലിക്ക് ലഭിക്കുന്ന വേതനം സാമ്പത്തിക തടസ്സമില്ലാതെ പഠനം മുന്നോട്ടു കൊണ്ടുപോവാൻ ഒരു പരിധിവരെ വിദ്യാർഥികളെ സഹായിച്ചിട്ടുണ്ട്.ഘാന സാമ്രാജ്യത്തിൽ തുടങ്ങി പതിനാലാം നൂറ്റാണ്ടിൽ മാലി സാമ്രാജ്യവും 1468ൽ സോങ്കായി സാമ്രാജ്യവും അവസാനം 1591ൽ മൊറോക്കൻ പട്ടാളം വരുന്നതുവരെയും പല ഭരണാധികാരികളും തിംബുക്തുവിൻറെ സമ്പൽസമൃദ്ധിയുടെയും രാഷ്ട്രനിർമ്മാണത്തിൻറെയും ഭാഗമായിട്ടുണ്ട്. എന്നാൽ കങ്കന്‍ മൂസ എന്ന പേരിൽ അറിയപ്പെടുന്ന മാലി സാമ്രാജ്യത്തിലെ പത്താമത്തെ ഭരണാധികാരി മൻസാ മൂസയാണ് മധ്യകാല ലോകചരിത്രത്തിലെ ഇസ്‍ലാമിക വിജ്ഞാന കൈമാറ്റത്തിൻറെയും വാണിജ്യ  ഇടപാടുകളുടെയും മുഖ്യ ഇടമായി തിംബുക്തുവിനെ മാറ്റിയെടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചത്. വികസിത രാജ്യങ്ങളിൽ അഭിരമിക്കുന്ന യൂറോപ്പ്യരേയും അമേരിക്കക്കാരെയും കച്ചവടക്കാരും പ്രബോധകരുമായ അറബികളെയും ആകർഷിക്കുന്നതിന് ഇത് കാരണമായി. തിംബുക്തുവിൽ നടക്കുന്ന സ്വർണ വ്യാപാരത്തെ കുറിച്ചുള്ള വിവരങ്ങള്‍, യാത്രാകുറിപ്പുകളിലൂടെ യൂറോപ്പില്‍ വരെ എത്തിയിട്ടുണ്ട്. “അവരുടെ മേൽക്കൂര സ്വർണ്ണ പാത്രങ്ങളാൽ മറക്കപ്പെട്ടതാണ്, പുഴയുടെ ആഴങ്ങളിൽ മുഴുവനും വിലപിടിപ്പുള്ള കല്ലുകളാണ്" എന്ന് അദ്ദേഹത്തിൻറെ ഭരണകാലത്തെ സമ്പൽസമൃദ്ധിയെയും പ്രശസ്തിയെയും കുറിച്ച് 1620 ൽ ഇംഗ്ലീഷ് യാത്രികനായ റിച്ചാർഡ് ജോൺസൺ  ആലങ്കാരികമായി എഴുതിവച്ചിട്ടുണ്ട്. 

രാജകീയ പ്രൗഢിയോടെ, മസ്നാ മൂസ ഈജിപ്തിലേക്ക് നടത്തിയ പര്യടനത്തിനും മക്കയിലേക്കുള്ള ആത്മീയ തീർഥാടനത്തിനും ശേഷമാണ് ഐശ്വര്യവും അതിലേറെ  ദൈവികതയും പ്രദാനം ചെയ്യുന്ന ഇസ്‍ലാമിക സംസ്കാരം തന്റെ സാമ്രാജ്യത്തിലും വേണെന്ന ചിന്ത അദ്ദേഹത്തിനുണ്ടാവുന്നത്. ഈ ലക്ഷ്യത്തെ തുടർന്നാണ് സ്പെയിനിലും കാനഡയിലും അധിവസിച്ചിരുന്ന ലോകപ്രശസ്ത ആർക്കിടെക്റ്റുകളെയും വിദ്യാഭ്യാസ വിചക്ഷണരെയും ഇസ്‍ലാമിക പണ്ഡിതരേയും  കൊണ്ടുവന്ന് നവ വിപ്ലവത്തിന് അദ്ദേഹം നാന്ദി കുറിച്ചത്.

പതിനാലാം നൂറ്റാണ്ടിൽ ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിലെ പ്രമുഖ വാണിജ്യകേന്ദ്രവും ഇസ്‍ലാമിക ജ്ഞാന കൈമാറ്റങ്ങളാലും അമൂല്യമായ മാനുസ്ക്രിപ്റ്റുകളുടെ ശേഖരണങ്ങളാലും സമ്പന്നമായിരുന്നു തിംബുക്തു. പക്ഷേ, ചരിത്രത്തിന്റെ സ്വാഭാവിക ഗതി അധികം വൈകാതെ തിംബുക്തുവിനെയും തേടിയെത്തി. 1591 ൽ മൊറോക്കൻ സൈന്യം അവിടെ കീഴടക്കിയതോടെ, തിംബുക്തുവിന്റെ ശോഷണം ആരംഭിക്കുകയായിരുന്നു. ശേഷം മാറി മാറി വന്ന സാമ്രാജ്യത്വശക്തികളുടെ ചൂഷണങ്ങള്‍ അതിന് ആക്കം കൂട്ടി. അവസാനം, ഐസിസ്, അൽക്വയ്ദ പോലോത്ത നവ ഇസ്‌ലാമിക ജിഹാദി നാമധാരികളുടെ നരനായാട്ടിനും തിംബുക്തു സാക്ഷിയായി. അത്യധികം വിലപ്പെട്ട മാനുസ്ക്രിപ്റ്റുകൾ സൂക്ഷിച്ചുവെക്കപ്പെട്ട ലൈബ്രറികളും ചരിത്രശേഷിപ്പുകളുമെല്ലാം പലപ്പോഴായി തകര്‍ക്കപ്പെട്ടു. മനുഷ്യനിർമ്മിതമായ യുദ്ധങ്ങളും അധികാര വടംവലികളും പ്രകൃതി ചൂഷണവും വനനശീകരണവുമെല്ലാം കാരണം, വൈകാതെ വരൾച്ചയുടെയും പട്ടിണിയുടെയും പിടിയിലമര്‍ന്ന തിംബുക്തുവിന് ഇന്നും അതില്‍ നിന്നൊരു മോചനം ലഭിച്ചിട്ടില്ല. വൈകിയാണെങ്കിലും തിംബുക്തുവിനെ സംരക്ഷിക്കാനായി, 1990-ൽ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ ഉൾപ്പെടുത്തി യുനെസ്കോ ഇതിന്റെ സംരക്ഷണം ഉറപ്പു് വരുത്തിയിരിക്കുകയാണ്. പ്രകൃതി വിഭവങ്ങളെകൊണ്ട് സമ്പന്നമായ തിംബുക്തു വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം,  അതിനായി പ്രാര്‍ത്ഥിക്കാം.(ദാറുല്‍ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ സിവിലൈസേഷന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്മെന്‍റിലെ പി.ജി വിദ്യാര്‍ത്ഥിയാണ് ലേഖകന്‍) 


RELATED ARTICLES