ഇറാൻ ഹൂതികളെ സഹായിക്കുന്നു; വിമർശനവുമായി സൗദി

29 June, 2020

+ -
image

റിയാദ്: യമനിലേക്ക് കടത്താന്‍ ശ്രമിച്ച ഇറാന്‍ ആയുധങ്ങള്‍ പിടിച്ചെടുത്തതായി സഊദി അറേബ്യ. ഇറാന്‍ ബന്ധം വ്യക്തമാക്കുന്ന ഏതാനും രേഖകളും ഇതോടൊപ്പം കണ്ടെത്തിയിട്ടുണ്ട്. യമനിലെ വിമത വിഭാഗമായ ഹൂതികളെ ഇറാന്‍ സഹായിക്കുന്നതായും സഊദിക്കെതിരെ നടക്കുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ ഇറാന്റെ കരം ഉണ്ടെന്നുമുള്ള ആരോപണങ്ങള്‍ ഏറെകാലമായി സഊദി ഉന്നയിച്ച്‌ വരുന്നുണ്ട്.

ഇതിനിടെയാണ് ഇറാന്‍ ആയുധങ്ങള്‍ യമന്‍ തീരത്ത് വെച്ച്‌ സഊദി പിടികൂടിയത്. പിടികൂടിയ ആയുധങ്ങള്‍ ഇന്ന് വൈകുന്നേരം റിയാദില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്‌തു. അമേരിക്കയുടെ ഇറാനിലേക്കുള്ള പ്രത്യേക ദൂദന്‍ ബ്രയാന്‍ ഹുക്കിന്റെ സാന്നിധ്യത്തിലാണ് സഊദി അറേബ്യ ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.

ആയുധ നിരോധനം നീക്കിയാല്‍ ഇറാന്‍ മിസൈലുകള്‍ വികസിപ്പിക്കുമെന്നും മേഖലയില്‍ സ്ഥിരത കൈവരിക്കാന്‍ ഇറാന്‍ ആയുധ നിരോധനം നീട്ടണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സഊദി-അമേരിക്ക സഹകരണം തുടരും. സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേനയാണ് ആയുധങ്ങള്‍ പിടികൂടിയത്. യെമനിലെ മൊഖ തീരത്ത് വെച്ചാണ് ചെറു ബോട്ടുകളില്‍ ആയുധങ്ങള്‍ പിടികൂടിയത്. റഡാര്‍ കണ്ണുകളില്‍ പെടാതിരിക്കാനാണ് ഇത്തരത്തിലുള്ള മരം കൊണ്ടുള്ള ചെറു ബോട്ടുകള്‍ ഉപയോഗിച്ചത്. യമനിലേക്ക് ഇറാന്റെ ആയുധ കടത്തിന്റെ ഏറ്റവും പുതിയ തെളിവാണിതെന്ന് സഊദി അറേബ്യ അറിയിച്ചു. അടുത്ത കാലത്തായി സഊദിക്കെതിരെ നിരവധി ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളാണ് യമനില്‍ നിന്നും ഉണ്ടായത്. യമനിലെ വിമത വിഭാഗമായ ഹൂഥികളാണ് ആക്രമണങ്ങള്‍ക്ക് പിന്നില്‍. നിരവധി തെളിവുകളുമായി സഊദി അറേബ്യനേരത്തെയും രംഗത്തെത്തിയിരുന്നു.

RELATED NEWS