ഇന്നത്തോടെ എല്ലാവരും വിട പറയും...മിനാ വീണ്ടും കാലിയാവും..

ഇന്ന് ദുല്‍ഹിജ്ജ 13... അയ്യാമുത്തശ്‍രീഖിന്റെ അവസാന ദിവസം... ഹാജിമാരില്‍ ചിലരൊക്കെ രണ്ടാം ദിവസത്തെ ഏറോട് കൂടി കര്‍മ്മങ്ങള്‍ അവസാനിപ്പിച്ച്, ഇന്നലെയോടെ മിനായില്‍നിന്ന് മടങ്ങിയിട്ടുണ്ട്. അതോടെ വലിയ തിക്കും തിരക്കുമെല്ലാം അവസാനിച്ചിട്ടുണ്ട്. പല തമ്പുകളും കാലിയാവുകയും ചെയ്തിരിക്കുന്നു. പുറപ്പാടിന്റെ അടയാളങ്ങളാണ് ഇപ്പോള്‍ എല്ലായിടത്തും.

എന്നാലും പലരും ഇപ്പോഴും മിനായില്‍ തന്നെ ബാക്കിയാണ്. മൂന്നാം ദിവസത്തെ ഏറ് കൂടി പൂര്‍ത്തിയാക്കിയിട്ട് പോവാമെന്ന ഉദ്ദേശ്യത്തോടെ അവര്‍ മിനായില്‍ തന്നെ തങ്ങുകയാണ്. ഇന്നത്തോടെ ബാക്കിയുള്ള ഇരുപത്തിയൊന്ന് ഏറ് കൂടി കഴിച്ച് അവരും യാത്ര തിരിക്കും. 

കഴിഞ്ഞ അഞ്ച് ദിവസമായി, ലോകത്ത് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള ഭാഗമായിരുന്നു മിനായെന്ന് നിസ്സംശയം പറയാം. ഏതാനും കിലോമീറ്റര്‍ മാത്രം വിസ്തൃതിയില്‍ ദശലക്ഷങ്ങള്‍ തിങ്ങി നിറഞ്ഞിരിക്കുകയായിരുന്നു അവിടെ. സൂചി കുത്താന്‍ ഇടമില്ലാത്ത വിധം, ഉറുമ്പിന്‍ കൂട്ടങ്ങളെപ്പോലെ മനുഷ്യര്‍ പരന്നൊഴുകുകയായിരുന്നു ആ മണ്ണില്‍. ഒന്നൊഴിയാതെ, ലോകത്തിന്റെ സകല മുക്കുമൂലകളില്‍നിന്നും എത്തിയവര്‍..

എല്ലാവരും ഇന്നത്തോടെ മിനാ താഴ്‍വരയോട് യാത്ര പറയും. അവസാന ഹാജിയും നടന്ന്നീങ്ങി കാണാമറയത്ത് മറഞ്ഞ് മറഞ്ഞ് പോവുന്നത് മിനാ താഴ്‍വരയും നോക്കിനോക്കി നില്‍ക്കും. ലോക മുസ്‍ലിംകളുടെ മുഴുവന്‍ പ്രതിനിധികളെയും സ്വീകരിക്കാനായ സന്തോഷം ആ നോട്ടത്തില്‍ കാണാനാവും.. എല്ലാവര്‍ക്കും സുരക്ഷിതമായി കര്‍മ്മങ്ങളെല്ലാം ചെയ്യാന്‍ സൌകര്യമൊരുക്കാനായതിന്റെ ചാരിതാര്‍ത്ഥ്യവും... 

അതേ സമയം,   ഇനി അടുത്ത വര്‍ഷം ദുല്‍ഹിജ്ജ ഏഴ് വരെ, ആരോരുമില്ലാതെ ഒഴിഞ്ഞ് കിടക്കണമല്ലോ എന്ന വിഷമവും ആ നോട്ടത്തില്‍ വായിച്ചെടുക്കാവുന്നതാണ്. എല്ലാവരും പോകുന്നതോടെ, മിന വീണ്ടും കാലിയാവും. അടുത്ത വര്‍ഷം  കൂട്ടമായി കൂട്ടമായി വരുന്ന ഹാജിമാര്‍ക്കായി ആ ഭൂമിക കാത്ത് കാത്തിരിക്കും, മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter