75-ാം സ്വാതന്ത്ര്യദിനത്തിലും കര്‍ഷകര്‍ സമരം ചെയ്യേണ്ടിവരുന്ന ഏറ്റവും വലിയ ജനാധിപത്യരാജ്യം

രാജ്യം കാത്തിരുന്ന പൊൻപുലരിയാണ് 1947 ഓഗസ്റ്റ് 15 ന് പിറകൊണ്ടത്. ആംഗലേയരുടെ കരാളഹസ്തങ്ങളിൽ നിന്ന് മോചിതമായ ഇന്ത്യ ഓഗസ്റ്റ്-14 അർദ്ധരാത്രിമുതൽ പുതിയ ഒരു പ്രഭാതത്തെയായിരുന്നു വരവേറ്റത്.ലോകമൊന്നടങ്കം നിശയുടെ കൂരിരിട്ടിൽ മയങ്ങുമ്പോൾ ഭാരതത്തിലെ ജനങ്ങൾക്ക് പൂവണിഞ്ഞത്  ഉറക്കമൊഴിച്ച് കാത്തിരുന്ന സ്വപ്നമായിരുന്നു.  

രാജ്യത്തിന്റെ സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതോടെ രാജ്യം മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി മാറി. അതേസമയം തന്നെ പാക് ഭരണഘടനാനിര്‍മ്മാണ സഭയില്‍ ആ രാജ്യം മതേതര രാഷ്ട്രമാണെന്ന പ്രഖ്യാപനമുണ്ടായെങ്കിലും അധികം വൈകാതെ ഇസ്‌ലാമിക് റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു. മതത്തിന്റെ പേരില്‍ രൂപീകൃതമായ അതേ പാക്കിസ്താന്‍ തന്നെ പിന്നീട് ഭാഷയുടെയും ഭൂമിശാസ്ത്രത്തിന്റെയും മറ്റു പല ഘടകങ്ങളുടെയും പേരില്‍ വിഭജിച്ച് ബംഗ്ലാദേശെന്ന മറ്റൊരു രാഷ്ട്രം ഉദയം ചെയ്തു. 
അപ്പോഴും മറുവശത്ത് ഇന്ത്യ മതേതര രാഷ്ട്രമായി പുരോഗതിയിലേക്ക് കുതിക്കുകയായിരുന്നു. ഈ കുതിപ്പിനിടയിലും ഇന്ത്യ മതേതര മൂല്യങ്ങള്‍ മുറുകെപ്പിടിച്ചു. കുറ്റങ്ങള്‍ എന്തൊക്കെയുണ്ടെങ്കിലും മൂന്ന് ദശാബ്ദങ്ങള്‍ക്കു മുമ്പുവരെ (ഇന്ത്യയൊരു ഹിന്ദു രാഷ്ട്രമാണെന്ന വാദത്തിലൂന്നി രാമക്ഷേത്ര പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരുന്നതുവരെ) രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിലുണ്ടായ പ്രയത്‌നങ്ങള്‍ ശ്രദ്ധേയമാണ്. 

വേദനാജനകമായ ഇന്ത്യാവിഭജനം അല്ലെങ്കില്‍ മതത്തിന്റെ പേരിലുള്ള പാക്കിസ്താന്റെ രൂപീകരണം ഒരു ഭാഗത്തും മതേതര ഇന്ത്യ മറുഭാഗത്തുമെന്നത് ആ സമയത്ത് അംഗീകരിക്കപ്പെട്ട ചരിത്ര വസ്തുതയായിരുന്നു. സങ്കീര്‍ണതയിലും അതിന്റെ നേരായ പ്രകാശത്തില്‍ ചരിത്ര സംഭവങ്ങളെ മറച്ചുവെക്കാന്‍ കഴിയില്ല എന്ന് അവരില്‍ പലര്‍ക്കും അറിയാമെങ്കിലും ഹൈന്ദവ ദേശീയവാദികള്‍ ഉറച്ചുതന്നെ നിന്നു. മേഘാലയയിലെ ജഡ്ജി ജസ്റ്റിസ് സെന്‍, സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഒരു കേസില്‍ നടത്തിയ പരാമര്‍ശമാണ് പ്രശ്‌നമായത്. മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയും പാക്കിസ്താനുമെന്ന രണ്ട് രാജ്യങ്ങളായി വിഭജിച്ചതാണെന്നും മുസ്‌ലിംകള്‍ക്കുവേണ്ടിയാണ് പാക്കിസ്താന്‍ രൂപീകരിച്ചതെന്നും ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നുമുള്ള തരത്തിലായിരുന്നു പരാമര്‍ശം. വിമര്‍ശനം നേരിടേണ്ടിവന്നപ്പോള്‍ താന്‍ മതേതരത്വത്തിലാണ് വിശ്വസിക്കുന്നതെന്നും മതത്തിന്റെയോ ജാതിയുടെയോ പേരില്‍ ഇന്ത്യ ഇനിയുമൊരു വിഭജനത്തിന് ഇടയാകരുതെന്നും അദ്ദേഹം വ്യകതമാക്കി.

വിദ്യാസമ്പന്നരായ ന്യായാധിപന്മാരില്‍ നിന്ന്പോലും വരുന്ന ഇത്തരം വാക്കുകളെ നാം എങ്ങനെയാണ് കാണേണ്ടത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ചരിത്രവും വിഭജനവും നിരന്തരം തെറ്റായി അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് നാം മനസ്സിലാക്കേണ്ടത്. വിഭജന ദുരന്തത്തിന്റെ കാരണങ്ങളും വിഭജനത്തെതുടര്‍ന്നുണ്ടായ കുടിയേറ്റത്തിന്റെ വലിയ ദുരന്തവും ജനങ്ങള്‍ക്കിടയില്‍ ശരിയായ വിധത്തില്‍ അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്ന് വേണം പറയാന്‍.

മുസ്‌ലിംകളിലെയും ഹിന്ദുക്കളിലെയും മഹാ ഭൂരിപക്ഷമാളുകളും മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്ത ഇന്ത്യന്‍ ദേശീയതയില്‍ നിലകൊണ്ടവരായിരുന്നു. കൊളോണിയല്‍ വിരുദ്ധ പ്രസ്ഥാനത്തെ നയിച്ച ഇവരുടെ കാഴ്ചപ്പാട് ഇന്ത്യയുടെ സ്വാതന്ത്ര്യമായിരുന്നു. സ്വാതന്ത്ര്യത്തോടെ ഇവര്‍ മുഴുവന്‍ ഇന്ത്യക്കാരെയുമാണ് പ്രതിനിധാനം ചെയ്യാന്‍ ശ്രമിച്ചത്. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് രണ്ട് വശങ്ങളുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണത്തോടുള്ള  എതിർപ്പായിരുന്നു ഒന്നാമത്തേത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ അടിത്തറയില്‍ ആധുനിക ഇന്ത്യ നിര്‍മ്മിച്ചെടുക്കലായിരുന്നു മറ്റൊന്ന്.
അതേസമയം, ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യത്തോടെ ആര്‍.എസ്.എസും ഉയര്‍ന്നുവന്നിരുന്നു. ആര്‍ എസ് എസും അതിനെ പിന്തുണക്കുന്ന ഹിന്ദു മഹാസഭ അടക്കമുള്ള സംഘടനകളും സ്വത്വരാഷ്ട്രീയം സ്വീകരിക്കുകയും ‘ഇതര’ മതസമൂഹത്തിനെതിരായി വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തു. ഇവിടം മുതലാണ് കലാപങ്ങൾക്ക് ശിലപാകുന്നത്.

Also Read:സ്വാതന്ത്ര്യ സമരത്തിലെ മുസ്‌ലിം വനിതകള്‍

സ്വാതന്ത്ര്യപോരാളികളും ഗാന്ധിജി അടക്കമുള്ള നേതാക്കളും സ്വപ്നം കണ്ട മഹത്തായ മൂല്യങ്ങളെ, കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ചവിട്ടിത്തേയ്ക്കുന്നതാണ് കാണുന്നത്. നൂറ്റാണ്ടുകളായി, ഇന്ത്യന്‍ സമൂഹത്തിന്റെ വിശാല ജനക്കൂട്ടത്തിന്റെ സ്വപ്‌നങ്ങളും മോഹങ്ങളുമായിരുന്നു അവ. ഇന്ത്യയില്‍ ഇന്ന് കാണുന്ന സ്വത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ച സമൂഹത്തിലെ ചില വിഭാഗങ്ങളെ ഇതൊരു ഹിന്ദു രാജ്യമാണെന്ന് വിശ്വസിപ്പിച്ചു. മതവും ജാതിയും ലിംഗവുമൊന്നും പരിഗണിക്കാത്ത ഒരു സമത്വ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ കടമകള്‍ ഓര്‍മ്മിപ്പിക്കുന്നതിലൂടെ വേഗത്തില്‍ ഉരുകുന്നതാകണം സ്വത്വ പ്രശ്‌നങ്ങള്‍ക്കു ചുറ്റും നിര്‍മ്മിച്ച ഈ മിഥ്യാബോധം.

മാറിമാറി വന്ന ഭരണകൂടം രാജ്യത്തിന്റെ പുരോഗമനത്തതിനായി പ്രയത്നിച്ചു. ഭരണഘടനക്കനുസൃതമായി തന്നെ രാജ്യത്തെ നയിച്ചു. കാര്യമായ രീതിയിലുള്ള പരാജയങ്ങൾ ഏറ്റുവാങ്ങാതെ ഭാരതം മുന്നോട്ട് കുതിച്ചു. ദീർഘ വീക്ഷണത്തിനുടമകളായ പലരുടെയും വിയോഗം പതിയെ പതിയെ രാജ്യത്തെ പിറകോട്ടടിപ്പിച്ചു. ലോകത്തെ ഏറ്റവും  വലിയ  ജനാധിപത്യ രാജ്യമെനന്നറിയപ്പെട്ട ഇന്ത്യ പല കാരണങ്ങളാലും ലോകത്തിനുമുമ്പിൽ തലകുനിക്കേണ്ട ഗതിയിലേക്കെത്തിയിരിക്കുന്നു. അശാസ്ത്രീയമായ നിയമങ്ങളും വ്യത്യസ്ത നയപ്രഖ്യാപനങ്ങളും രാജ്യത്തെ പരാജയത്തിലേക് നയിച്ചു.

നോട്ടുനിരോധനം, യാതൊരു നിയന്ത്രണവുമില്ലാതെ കുതിച്ചുയരുന്ന ഇന്ധന വില, തുടങ്ങി രാജ്യത്തെ ജനങ്ങളെ നടുവൊടിക്കുകയും സാമ്പത്തിക മേഖലയുടെ നട്ടല്ലൊടിക്കുകയും ചെയ്യുന്ന മണ്ടത്തരങ്ങളിലൂടെ രാജ്യം വീണ്ടും കിതക്കുകയാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിലും തികഞ്ഞ പരാജയം തന്നെ.
കഴിഞ്ഞ ആറേഴ്  വര്‍ഷത്തെ ഭരണം ഇന്ത്യയിലെ യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും ദുരിതം മാത്രമാണ് സമ്മാനിച്ചതെന്നത് ഏവർക്കും വ്യക്തമാണ്. രാജ്യത്ത് ഊഹിക്കാന്‍ കഴിയുന്നതിലപ്പുറം അഴിമതിയാണ് മോദിയുടെ ഭരണക്കാലയളവില്‍ സംഭവിച്ചതെന്നതും പകൽ പോലെ യാഥാർഥ്യം. ഇന്ത്യയെ ഉത്തരവാദിത്വമില്ലായ്മയുടെ ആകെത്തുതയാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റെ കഴിഞ്ഞ വര്‍ഷങ്ങൾ. ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ മാത്രമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിച്ചത്.

സ്വതന്ത്ര ഭാരതത്തിന്റെ നിലവിലെ സഞ്ചാരം യതാർത്ഥ വഴിയിൽ നിന്ന് വ്യതിചലിച്ചാണെന്ന കാര്യം അവിതർക്കിതമാണ്. രാജ്യം അതിന്റെ 75 -ാമത് സ്വാതന്ത്ര്യം ആഘോഷിക്കുമ്പോഴും, ഇന്ത്യയുടെ ആത്മാവെന്ന് രാഷ്ട്രപിതാവ് വിശേഷിപ്പിച്ച കര്‍ഷകര്‍ ഇന്നും സമരമുഖത്താണെന്നത് തന്നെ, ഇന്ത്യ എങ്ങോട്ടാണ് പോകുന്നതെന്നതിന്റെ വ്യക്തമായ സൂചനയാണ്.
ഭാരതത്തെ നശിപ്പിക്കുന്ന, സ്വാതന്ത്ര്യത്തിനായി പൂര്‍വ്വീകരൊഴുക്കിയ നിണകണങ്ങളെ വൃഥാവിലാക്കുന്ന ഈ മണ്ടത്തരങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ തീര്‍ത്തില്ലെങ്കില്‍, ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നത്, ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമായി മാറുമെന്ന് ഈ സ്വാതന്ത്ര്യദിനത്തിലെങ്കിലും തിരിച്ചറിയാന്‍ നമുക്കാവട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter