സ്‌കൂള്‍ വര്‍ഷാരംഭ ചിന്തകള്‍
backനീണ്ട വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറക്കുകയാണ്. പുതുപുത്തന്‍ വസ്ത്രങ്ങളണിഞ്ഞ് സ്‌കൂളുകളിലേക്ക് ഇദംപ്രഥമമായി കടന്നുവരുന്ന നവാഗതര്‍! ഔപചാരിക വിദ്യാഭ്യാസത്തില്‍ ഒരു ക്ലാസ് കയറ്റംകൂടി കൈവരിച്ച് പുതിയ പഠനമുറികളിലെത്തിയവര്‍; ശ്രേണികള്‍ തന്നെ മാറി ഉന്നതങ്ങള്‍ പ്രാപിക്കുന്നവര്‍ എല്ലാവര്‍ക്കും പുതിയ വിദ്യാഭ്യാസ വര്‍ഷത്തിലേക്കു സ്വാഗതം! ക്ലാസ് മുറികളോ വിദ്യാലയങ്ങളോ മാറുന്നതോ ശ്രേണികള്‍ക്ക് വകഭേദമോ ഔന്നത്യമോ വരുന്നതോ അല്ല വിദ്യാഭ്യാസ പ്രക്രിയയില്‍ പ്രധാനം. എന്തു ലക്ഷ്യത്തിന്നാണോ നാമതു നേടുന്നത് ആ ലക്ഷ്യത്തിലെത്താനുള്ള ശരിയായ മാര്‍ഗത്തിലൂടെ മുന്നേറാന്‍ കഴിയുകയെന്നതാണു പ്രധാനം. വിദ്യയെന്നത് വെളിച്ചമാണ്. അന്ധകാരത്തില്‍നിന്ന് മനുഷ്യനെ സന്മാര്‍ഗത്തിലെത്തിക്കാനുള്ള വെളിച്ചം കാട്ടാളനായേക്കുന്ന വ്യക്തിയെ സംസ്‌കാര സമ്പന്നനും ധര്‍മിഷ്ഠനുമാക്കുക എന്നതാണ് വിജ്ഞാനത്തിന്റെ ധര്‍മം. മിക്ക വിദ്യാഭ്യാസ വിചക്ഷണരും ഇങ്ങനെതന്നെ അതിനെ നിര്‍വചിച്ചിട്ടുമുണ്ട്. ഇസ്‌ലാമിന്റെ വൈജ്ഞാനിക ദര്‍ശനം ഇതിനേക്കാളൊക്കെ സാര്‍ത്ഥകമാണ്. അല്ലാഹുവിന്റെ പ്രകാശമാണ് വിജ്ഞാനം. അധ്യയനവും അധ്യാപനവും പ്രപഞ്ചത്തെ പ്രകാശനമാക്കാനാകണം. വിജ്ഞാനം തേടിയിറങ്ങുന്നവന്‍ സ്വര്‍ഗത്തിന്റെ വഴിയിലാണെന്നാണ് പ്രവാചകാധ്യാപനം. വിജ്ഞാനം നല്‍കപ്പെട്ടവരെ സീമാതീതമായ ഉന്നത തലങ്ങളിലേക്ക് അല്ലാഹു ഉയര്‍ത്തുമെന്ന് ഖുര്‍ആന്‍. നാം വിദ്യയഭ്യസിക്കുന്നതും അറിവുകള്‍ നേടുന്നതും സ്വന്തത്തിനുവേണ്ടി മാത്രമാകരുത്. ദൈവപ്രീതി മാത്രം കാംക്ഷിച്ച് പ്രപഞ്ചത്തെ പ്രകാശനമാക്കുന്ന ഭീമന്‍ പ്രക്രിയയില്‍ ഒരെളിയ പങ്ക് ഞാനും എന്നതാകണം ലക്ഷ്യം. വൈയക്തിക പുരോഗതിയും സ്വന്തം നേട്ടങ്ങളും അപ്പോള്‍ പിറകെ വന്നുകൊള്ളും. ശുദ്ധ മനസ്സും പവിത്ര ലക്ഷ്യവുമുള്ള വ്യക്തികള്‍ക്ക് എവിടെയും അത്യുന്നത പദവിയാണുണ്ടാവുക എന്നതില്‍ ആരും തര്‍ക്കിക്കുമെന്ന് തോന്നുന്നില്ല. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, സ്ഥാപന നടത്തിപ്പുകാര്‍ തുടങ്ങി വൈജ്ഞാനിക മേഖലകളുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും വിജയാശംസകള്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter