'കൂടിച്ചേര്‍ന്നുണ്ടായ ഒരു ശുക്ലബിന്ദുവില്‍ നിന്ന് നിശ്ചയം നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു.' (വി.ഖു 76: 2) ഭ്രൂണ ശാസ്ത്രം വിശകലനം ചെയ്യുന്ന ഈ സൂക്ത ഭാഗം ജൈവശാസ്ത്രജ്ഞര്‍ക്കിടയില്‍ ഒരു വിസ്മയമാണ്. ടൊറന്‍ടൊ സ്‌കൂള്‍ ഓഫ് മെഡിസിന്‍ അനാട്ടമി പ്രൊഫസര്‍ ഡോ. കീത്ത് മൂര്‍ ഈ സൂക്തം നന്നായി വിശകലനം ചെയ്തുകൊണ്ട് പഠനങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. പുരുഷ ബീജവും സ്ത്രീയുടെ അണ്ഡവും ചേര്‍ന്ന് സിക്താണ്ഡം രൂപപ്പെടുന്നത് മുതല്‍ പൂര്‍ണവളര്‍ച്ച പ്രാപിക്കുന്നത് വരെ ഖുര്‍ആന്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. മാത്രമല്ല ഖുര്‍ആന്‍ പരിചയപ്പെടുത്തിയതു പ്രകാരം വളര്‍ച്ചാഘട്ടങ്ങളനുസരിച്ച് ഭ്രൂണാവസ്ഥ മുതല്‍ പൂര്‍ണ രൂപം പ്രാപിക്കുന്നത് വരെയുള്ള കളിമണ്‍ രൂപങ്ങളെയും അവന്‍ സൃഷ്ടിച്ചു. ഖുര്‍ആന്‍ ദൈവികമെന്ന് വാദിക്കാന്‍ ഒരു സൂക്തഭാഗം തന്നെ ധാരാളം എന്ന് അദ്ദേഹം വിലയിരുത്തുകയുണ്ടായി.
യഥാര്‍ത്ഥത്തില്‍ ഖുര്‍ആനിലെ ശാസ്ത്രീയ സത്യങ്ങള്‍ തെളിയിക്കുന്നത് എന്താണ്? അവ വെളിപാടിന്റെ ദൈവികതയെ ഉറപ്പുവരുത്തുകയാണോ? ഖുര്‍ആന്‍ ശാസ്ത്ര ജ്ഞാന സമാഹാരമാണെന്ന് തെളിയിക്കുകയാണോ? ഈ പ്രശ്‌നത്തിന് നിവാരണം കണ്ടേ തീരൂ. മുസ്‌ലിം ലോകം ശാസ്ത്രത്തോട് കാണിക്കുന്ന ഉള്‍ഭയവും അപകര്‍ഷതാബോധവും മാറേണ്ടതുണ്ട്. ഒപ്പം ഖുര്‍ആന്‍ എല്ലാ വിജ്ഞാനങ്ങളുടെയും അന്ത്യമാണ് എന്നു വിശ്വസിക്കുന്നതിന് പകരം ജ്ഞാന സമ്പാദനത്തിന് നിരന്തരം ഓര്‍മപ്പെടുത്തുന്ന പ്രേരകമാണ് എന്ന് തിരുത്തി വായിക്കണം.
ശാസ്ത്രവും ഖുര്‍ആനും തമ്മിലുള്ള പൊരുത്തപ്പെടലുകള്‍ രണ്ടു വിധത്തില്‍ വായിക്കാം. ഒന്ന് ആധുനിക ശാസ്ത്രീയ സത്യങ്ങളും സിദ്ധാന്തങ്ങളും, 1400 വര്‍ഷം മുമ്പ് അവതരിച്ച ഖുര്‍ആനിന്, അത് ദൈവികമാണെന്ന് വാദിക്കാനുതകുന്ന തെളിവായി വര്‍ത്തിക്കുന്നു. രണ്ടാമതായി, ശാസ്ത്രീയ സത്യങ്ങള്‍ക്ക് സമാനമായവ ഖുര്‍ആനില്‍ ദര്‍ശിക്കുമ്പോള്‍ ഖുര്‍ആനിനവകാശപ്പെട്ട സാര്‍വകാലികതയും മറ്റും ശാസ്ത്രത്തിനും അവകാശപ്പെടാനാവും.
വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഖുര്‍ആന്‍ എല്ലാമെല്ലാമാണ്. അത് ദൈവികമാണ്. മറ്റൊന്നിന്റെ അംഗീകാരം ആവശ്യപ്പെടുന്നില്ല. ശാസ്ത്രം പറയുന്നത് സത്യമാണോ അസത്യമാണോ എന്ന് നീതിപൂര്‍വം വിശകലനം ചെയ്യാനാണ് യഥാര്‍ത്ഥത്തില്‍ ഒരു വിശ്വാസി ഖുര്‍ആന്‍ ഉപയോഗപ്പെടുത്തേണ്ടത്. ശാസ്ത്രത്തെ ശരി വെക്കാന്‍ ഏകപക്ഷീയമായി ഖുര്‍ആനിനെ ഉപയോഗപ്പെടുത്തിയാല്‍ ഖുര്‍ആനിന് നിരക്കാത്ത അസംബന്ധങ്ങളിലേക്കത് നയിക്കും. അത് തീര്‍ത്തും അശുഭകരമത്രേ.
ഇന്ന് ഖുര്‍ആന്‍ കൂടുതല്‍ ശാസ്ത്രീയവും ആധുനികവുമാണെന്ന് തെളിയിക്കാന്‍ ശ്രമിക്കുന്ന പ്രവണത മുസ്‌ലിം ഗ്രന്ഥകര്‍ത്താക്കള്‍ക്കിടയില്‍ കണ്ട് വരുന്നു. യഥാര്‍ത്ഥത്തില്‍ ഖുര്‍ആന്‍ പഠന, മനനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും കണ്ടുപിടിത്തുങ്ങള്‍ക്കും നിറഞ്ഞ പ്രോത്സാഹനമായാണ് നില കൊള്ളുന്നത്. ഖുര്‍ആനില്‍ ആകെ ഇരുനൂറ്റമ്പതോളം വിധിവിലക്കുകളെ കുറിക്കുന്ന സൂക്തങ്ങളാണുള്ളതെങ്കില്‍ എഴുനൂറ്റമ്പതോളം സൂക്തങ്ങള്‍ മിക്കവാറും വായിക്കാനും പഠിക്കാനും ആഹ്വാനം ചെയ്യുന്നവയാണ്. ചിന്തയും പഠനവുമെല്ലാം സാമൂഹ്യജീവിതത്തില്‍ അത്യന്താപേക്ഷിതമാണ്.
ഖുര്‍ആനിന് ശാസ്ത്രീയ പരിവേഷം നല്‍കുന്ന പ്രവണത അറുപതുകളില്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. പ്രപഞ്ച സംബന്ധിയായ ഖുര്‍ആന്‍ സൂക്തങ്ങള്‍ എന്ന തലവാചകത്തില്‍ അക്കാലത്ത് കൈറോവില്‍ പ്രസിദ്ധീകൃതമായ ഒരു ലഘുലേഖനം അതിന് തെളിവാണ്. മുഹമ്മദ് ജമാലുദ്ദീന്‍ അല്‍ഫന്‍ദി ആണ് ലേഖകന്‍. ഗോളശാസ്ത്ര ശാഖയിലെ എല്ലാ കണ്ടുപിടുത്തങ്ങളും തിയറികളും ഖുര്‍ആനില്‍ പരാമര്‍ശവിധേയമായിട്ടുണ്ട് എന്നദ്ദേഹം സിദ്ധാന്തിക്കുന്നുണ്ട് പ്രസ്തുത ലേഖനത്തില്‍. ഖുര്‍ആനിലെ ഏറെക്കുറെ എല്ലാ അധ്യായങ്ങളും ഗോളശാസ്ത്രത്തെ പരാമാര്‍ശിക്കുന്നുണ്ട് എന്നാണ് അദ്ദേഹത്തിന്റെ വാദം. ഉദാഹരണമായി 'നിങ്ങള്‍ക്ക് ഗോചരീഭവിക്കുന്ന തൂണുകള്‍ കൂടാതെ വാനങ്ങളെ ഉയര്‍ത്തിയവനാകുന്നു അല്ലാഹു'. (റഅ്ദ്: 2) ഈ സൂക്തം അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ: 'ശാസ്ത്ര സങ്കല്‍പമനുസരിച്ച് ഭൂമിയുടെ അന്തരീക്ഷം മുതല്‍ മേല്‍പോട്ട് ക്ഷീരപഥങ്ങളും നക്ഷത്രസമൂഹങ്ങളും സൂര്യചന്ദ്രാദി ഗ്രഹങ്ങളുമെല്ലാമടങ്ങുന്ന ആകാശമാണുള്ളത്'. വാനലോകത്തെ ഗോളങ്ങളൊക്കെയും ആദ്യം ഒരൊറ്റ വസ്തുവായിട്ടാണ് സൃഷ്ടിക്കപ്പെട്ടത്. പിന്നീട് ഒരു പൊട്ടിത്തെറിയിലൂടെയാണ് പലവിധ ഗോളങ്ങളായി മാറിയത്.
നാനാവിധ സ്വഭാവമുള്ള ഗോളങ്ങളൊക്കെയും സ്വന്തമായ ഭ്രമണപഥത്തില്‍ പരസ്പരം നിശ്ചിത അകലം സൂക്ഷിച്ചു കറങ്ങിക്കൊണ്ടിരിക്കുകയാണ്. പരസ്പരം കൂട്ടിമുട്ടലുകളോ മറ്റോ ഇല്ലാതെ കൃത്യമായ സഞ്ചാരം നടത്താന്‍ സാധിക്കുന്നത്, പ്രപഞ്ചാകര്‍ഷണത്വം (Universal Gravity) കേന്ദ്ര പരാങ്മുഖ ശക്തി (Centrifugal force) എന്നിവ കൊണ്ടാണ്. അപ്പോള്‍ ഇവയെയാണ് നമുക്ക് കാണാന്‍ സാധിക്കാത്ത തൂണുകള്‍ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഖുര്‍ആന്‍ ശാസ്ത്ര പഠന ഗ്രന്ഥങ്ങളില്‍ ഏറ്റവും ഉദ്‌ഘോഷിക്കപ്പെട്ട ഒന്നാണ് മൗറിസ് ബുക്കായിന്റെ Qur’an, Bible and Science എന്ന ഗ്രന്ഥം. അറബി, പേര്‍ഷ്യന്‍, തുര്‍ക്കി, ഉര്‍ദു, ഇന്തോനേഷ്യന്‍ തുടങ്ങി മിക്ക മുസ്‌ലിം ഭാഷകളിലും വിവര്‍ത്തനം ചെയ്യപ്പെട്ട ഈ ഗ്രന്ഥം ഒരു മുസ്‌ലിം നിര്‍ബന്ധമായും വായിക്കേണ്ടതാണ്. ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ഖുര്‍ആനിക സൂക്തങ്ങള്‍ വളരെ ആഴത്തില്‍ തന്നെ അദ്ദേഹം വിശകലനം ചെയ്യുന്നുണ്ട്.
ഭൂമി, ഗോളശാസ്ത്രം, ജൈവ-സസ്യ ലോകം, മനുഷ്യോല്‍പാദനം എന്നിങ്ങനെ നാല് വിഷയങ്ങളാണ് അദ്ദേഹം ഫോക്കസ് ചെയ്തിട്ടുള്ളത്. ഒരു ഖുര്‍ആന്‍ സൂക്തം ഉദ്ധരിച്ച ശേഷം അതില്‍ പരാമൃഷ്ടമായ ശാസ്ത്രവും വിശദീകരിക്കുന്ന സരളമായ രചനാ രീതിയാണ് ബുക്കായിന്റേത്. 'ഖുര്‍ആന്റെ അവതരണ കാലത്തെ ശാസ്ത്ര ജ്ഞാനങ്ങളല്ല അതിലുള്ളത്. പലപ്പോഴും അന്നത്തെ ശാസ്ത്രസങ്കല്‍പങ്ങള്‍ക്ക് കടകവിരുദ്ധമായവയാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ഇന്നും കണ്ടെത്താത്ത ശാസ്ത്ര സത്യങ്ങള്‍ ഖുര്‍ആനിലുണ്ട്. തീര്‍ച്ച!' ഇങ്ങനെയാണ് അദ്ദേഹം തന്റെ പഠനത്തിന് വിരാമമിടുന്നത്.
ഖുര്‍ആനിലെ ശാസ്ത്ര പാഠങ്ങള്‍ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തി അധ്യാപനം നടത്തപ്പെടണമെന്ന ആവശ്യം മുസ്‌ലിം വിദ്യാഭ്യാസ വിചക്ഷണര്‍ക്കിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിനായുള്ള പ്രാഥമിക പദ്ധതികള്‍ പാകിസ്ഥാനിലും മറ്റും ആവിഷ്‌കരിച്ചുവരുന്നുണ്ട്. ഊര്‍ജ്ജതന്ത്രം, രസതന്ത്രം, ജൈവശാസ്ത്രം, ജന്തുശാസ്ത്രം തുടങ്ങിയ ശാസ്ത്ര ശാഖകളിലൊക്കെയും അനിയോജ്യമായ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ പദ്ധതിയുടെ ഭാഗമായുള്ള പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയത്. പരിണാമവാദം പോലുള്ള മതവിശ്വാസത്തിന് നിരക്കാത്ത ശാസ്ത്ര സിദ്ധാന്തങ്ങളോട് വിയോജിക്കാനും അതുവഴി മതചിന്താഗതി വെച്ചുപുലര്‍ത്തുന്ന ശാസ്ത്ര പ്രതിഭകളെയും വാര്‍ത്തെടുക്കാനും സാധിക്കുമെന്നാണ് അവരുടെ വാദം.
ഖുര്‍ആനും ശാസ്ത്രവും താരതമ്യ പഠന വിധേയമായതിന്റെ ഫലമായി മതത്തിലും ഖുര്‍ആനിലുമുള്ള വിശ്വാസം ശാസ്ത്രലോകത്ത് ശക്തിപ്പെട്ടെങ്കിലും ശാസ്ത്രത്തിന്റെ സാര്‍വകാലികതയെയും സുപ്രിമെസിയെയും അംഗീകരിക്കാന്‍ കൂടി നാം നിര്‍ബന്ധിതരാകും. ഇതൊരു തിക്തഫലമായിട്ടേ നമുക്ക് വിലയിരുത്താനൊക്കൂ. ഖുര്‍ആന്‍ ബ്രഹത്തായ ശാസ്ത്രഗ്രന്ഥമാണെന്ന കാഴ്ചപ്പാടനുസരിച്ച് പഠനങ്ങളും മറ്റും നടക്കുകയാണെങ്കില്‍ പുതിയ കണ്ടുപിടുത്തങ്ങളും സിദ്ധാന്തങ്ങളും കണ്ടെത്തിയെന്ന് വരാം. പക്ഷേ, യഥാര്‍ത്ഥത്തില്‍ ഖുര്‍ആന്‍ ഒരു ശാസ്ത്ര ഗ്രന്ഥമല്ലല്ലോ. പ്രകൃതിയുടെ യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചുപറയുന്ന ഒരു മാര്‍ഗദര്‍ശക ഗ്രന്ഥമാണ് ഖുര്‍ആന്‍.
ശാസ്ത്രം കാലാന്തരേണ പരിഷ്‌കാരങ്ങളും മാറ്റങ്ങളും സ്വീകരിച്ച് വളര്‍ന്നുകൊണ്ടിരിക്കുന്ന ജ്ഞാന ശാഖയാണ്. ഇന്നത്തെ സങ്കല്‍പങ്ങള്‍ക്ക് വിരുദ്ധമായ പല സിദ്ധാന്തങ്ങളും നാളെ കണ്ടെത്തിയെന്നു വരാം. മാറിക്കൊണ്ടിരിക്കുന്ന ശാസ്ത്രത്തിന് പിന്തുണ നല്‍കുന്ന ഒരു ഖുര്‍ആന്‍ സൂക്തം സമര്‍പ്പിച്ചാല്‍ നാളെ ശാസ്ത്രം മാറിയാല്‍ ഖുര്‍ആന്റെ കാലികത ചോദ്യംചെയ്യപ്പെടും. ഖുര്‍ആന്‍ ജ്ഞാനാധിനിവേശത്തിന് പ്രോത്സാഹിപ്പിക്കുന്ന പ്രേരകം മാത്രമാണ്. അതില്‍ നിന്നാണ് സകല ജ്ഞാനവും ഉത്ഭവിക്കുന്നത്. നേരെമറിച്ച് വിജ്ഞാനീയങ്ങളുടെ അവസാന വാക്കായി അതിനെ പരിഗണിക്കരുത്.
ശാസ്ത്രത്തെ വെളിപാടിന് തുല്യമായി പരിഗണിക്കുന്ന പ്രവണത ശാസ്ത്രത്തെ പരമസത്യമായി അംഗീകരിക്കുകയും ഖുര്‍ആനിന് തുല്യമായ പവിത്ര ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ശരിയോ തെറ്റോ എന്ന് വിലയിരുത്താതെ ശാസ്ത്രമായതിനൊക്കെയും വാരിപ്പുണരുന്ന മുസ്‌ലിം ശാസ്ത്രജ്ഞര്‍ ശാസ്ത്രവിമര്‍ശകരുടെ വായടിപ്പിക്കാന്‍ കൂടി ഖുര്‍ആനിലെ ശാസ്ത്ര ദര്‍ശനങ്ങളെ ഉപയോഗപ്പെടുത്തുന്നുണ്ട്. ശാസ്ത്രം പരമമായ 'ശരി'യല്ല. ഖുര്‍ആനിനെ പരിഷ്‌കാരങ്ങള്‍ സ്വീകരിക്കാത്ത വിധം സാര്‍വകാലികതയും അതിന് അവകാശപ്പെടാനില്ല. ശാസ്ത്രം കേവല പ്രശ്‌നപരിഹാരത്തിനും ആവശ്യപൂര്‍ത്തീകരണത്തിനും വേണ്ട സാങ്കേതിക മാത്രമാണ്. പാക് ശാസ്ത്രജ്ഞരായ അബൂ സാലി, സജ്ജാദ് തുടങ്ങിയവര്‍ അഭിപ്രായപ്പെട്ട പോലെ, 'പരിണാമവാദം ദൈവവിശ്വാസത്തെ തളര്‍ത്താനായി സൃഷ്ടിച്ചെടുത്ത ഒരു സിദ്ധാന്തമാണ്. ശാസ്ത്രം ശ്രമിക്കുന്നത് പ്രകൃതിയെയും മനുഷ്യനെയും കീഴൊതുക്കാനാണ്. ഖുര്‍ആനിനെ ശാസ്ത്രത്തിലേക്ക് തിരിച്ചുവിടുന്നത് വഴി ഇവ പരിഹരിക്കാനാവുമെന്ന് വിശ്വസിക്കുക വയ്യ'. ശാസ്ത്രം കണ്ടെത്തുന്നതെന്തും സത്യമാണെന്ന് വിശ്വസിക്കുന്നത് തീര്‍ത്തും മൗഡ്യമാണ്. അന്ധമായ അനുകരണത്തിന് പകരം സൂക്ഷ്മ വിശകലനത്തിന് ശേഷം മാത്രമേ അവ സ്വീകരിക്കാവൂ. പലപ്പോഴും ശാസ്ത്രജ്ഞര്‍ തങ്ങളുടെ അഭിപ്രായങ്ങളും മുന്‍ധാരണകളും ശാസ്ത്രസിദ്ധാന്തങ്ങളില്‍ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കാറുണ്ട്. പരിണാമവാദം ഒരു ഉദാഹരണം.
ശാസ്ത്രം എത്ര തന്നെ പുരോഗതി കൈവരിച്ചാലും ഖുര്‍ആന്‍ നിര്‍വഹിച്ചു പോരുന്ന ധര്‍മം നിറവേറ്റാന്‍ അതിന് സാധിക്കില്ല. മഹത്തായ ധാര്‍മിക മൂല്യങ്ങളും ജീവിത വിജയവും നിര്‍ദേശിക്കുന്ന മാര്‍ഗദര്‍ശനമാണ് ഖുര്‍ആന്‍. ഈ ഉത്തരവാദിത്വം നര്‍വഹിക്കാന്‍ ശാസ്ത്രത്തിന് സാധ്യമല്ല. ജ്ഞാനസമ്പാദനത്തിന് നിരന്തര പ്രേരണ നല്‍കുമ്പോള്‍ തന്നെ ചില മൂല്യങ്ങള്‍ മുറുകെപ്പിടിക്കാന്‍ ഖുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നുണ്ട്. പ്രസ്തുത മൂല്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സ്ഥാനം പിടിക്കുകയാണെങ്കില്‍ ശാസ്ത്ര മേഖലയിലെ മുന്നേറ്റത്തോടൊപ്പം ഖുര്‍ആനിനോടുള്ള കടപ്പാട് വീട്ടിയവര്‍ കൂടിയാകും നമ്മള്‍.
Leave A Comment