ഉള്ളടക്കം: അടിസ്ഥാന വിവരങ്ങള്‍
ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളുടെയും കര്‍മാനു ഷ്ഠാനങ്ങളുടെയും സമഗ്രരൂപവും അടിസ്ഥാന സ്രോതസുമാണ് വിശുദ്ധ ഖുര്‍ആന്‍. ജഗന്നിയന്താവും സര്‍വ്വ ശക്തനുമായ അല്ലാഹുവാണ് ഇതിന്റെ  അവതാരകന്‍. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിക്ക് ജിബ്‌രീല്‍ എന്ന മാലാഖ മുഖേനയായിരുന്നു ഇത് അവതരിക്കപ്പെട്ടിരുന്നത്. വഹ്‌യ് (ദൈവിക വെളിപാട്) ആയിരുന്നു അവതരണ മാധ്യമം. പ്രവാചകര്‍ക്ക് നാല്‍പത് വയസ്സ് പൂര്‍ത്തിയായതിനു ശേഷമായിരുന്നു ഇത് അവതരിച്ചു തുടങ്ങിയിരുന്നത്. മക്കയില്‍ കഅബാലയത്തിന് അഭിമുഖമായി നില്‍ക്കുന്ന പര്‍വതത്തിലെ ഹിറാ ഗുഹയില്‍ ധ്യാനനിമഗ്നനായി ഇരിക്കുക പ്രവാചകരുടെ ആദ്യകാല സ്വഭാവമായിരുന്നു.
ദൈവിക ചിന്തയിലും അന്വേഷണത്തിലുമായി അനവധി പകലുകള്‍ പ്രവാചകന്‍ അവിടെ കഴിച്ചുകൂട്ടിയിട്ടുണ്ട്. തനിക്ക് നാല്‍പത് വയസ്സ് പൂര്‍ത്തിയായ സമയം. ഒരിക്കല്‍ പതിവുപോലെ ഗുഹയില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍, പൂര്‍വ്വകാല പ്രവാചകന്മാര്‍ക്കെല്ലാം ദൈവിക സന്ദേശങ്ങള്‍ എത്തിച്ചുകൊടുത്തിരുന്ന അതേ മാലാഖ (ജിബ്‌രീല്‍) മനുഷ്യരൂപത്തില്‍  പ്രവാചക സവിധം പ്രത്യക്ഷ്യപ്പെട്ടു; വായിക്കാന്‍ പറഞ്ഞു. എനിക്ക് വായിക്കാന്‍ അറിയില്ല; പ്രവാചകന്‍ പ്രതികരിച്ചു. മൂന്നു തവണ ഇതാവര്‍ത്തിച്ചു. ശേഷം, പ്രവാചകരെ അണച്ചുകൂട്ടിക്കൊണ്ട് ജിബ്‌രീല്‍ അലഖ് സൂറത്തിലെ ആദ്യത്തെ അഞ്ചു സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിച്ചു. ''സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്നും സൃഷ്ടിച്ചു. വായിക്കുക; നിന്റെ രക്ഷിതാവ് അത്യൗദാര്യവാനും പേനകൊണ്ട് എഴുതാന്‍ പഠിപ്പിച്ചവനുമാണ്. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു'' (96:1-5).
പ്രവാചക ജീവിതത്തിലെ പ്രഥമ വെളിപാടായിരുന്നു ഇത്. ഇതോടെ അവര്‍ പ്രവാചക പരമ്പരയിലെ അവസാന കണ്ണിയായി. സമൂഹത്തെ സത്യമാര്‍ഗ ദര്‍ശനം നടത്താന്‍ ഔദ്യോഗികമായി ചുമതലപ്പെടുത്തപ്പെട്ടു. പ്രവാചകന്‍ അനന്തമായ ചിന്തകളുടെയും സജീവമായ പ്രബോധനത്തിന്റെയും ലോകത്തേക്കു കടന്നുവന്നു. തുടര്‍ന്നു 13 വര്‍ഷം മക്കയിലും 10 വര്‍ഷം മദീനയിലും അവിടന്നു ജീവിക്കുകയും മദീനയില്‍ ഇഹലോകവാസം വെടിയുകയും ചെയ്തു. ഈ 23 വര്‍ഷങ്ങളായിരുന്നു ഖുര്‍ആന്‍ അവതരണത്തിന്റെ കാലം. ലോകചരിത്രത്തില്‍ ഇസ്‌ലാമിക വിപ്ലവം അതിന്റെ മൂര്‍ദ്ധന്യത കണ്ടതും ഈ കാലയളവിലായിരുന്നു. മക്കയിലെ ബഹുദൈവവിശ്വാസികളായിരുന്നു ഖുര്‍ആന്റെ ആദ്യ പ്രബോധിതര്‍. ഈസാ നബിയുടെ  നിയോഗത്തിനു ശേഷം ദീര്‍ഘ കാലം മറ്റു പ്രവാചകന്മാരൊന്നും അവതരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ, ജനം ധാര്‍മികമായും മതപരമായും വളരെ അധ:പതിച്ചു. കള്ളിനും പെണ്ണിനും അടിമപ്പെട്ട ഒരു കാട്ടാള സമൂഹമായിരുന്നു അന്ന് ഉണ്ടായിരുന്നത്. നിസ്സാര കാര്യങ്ങള്‍ക്കു വേണ്ടി വര്‍ഷങ്ങളോളം അവര്‍ യുദ്ധം ചെയ്തു. സ്ത്രീകളെ ജീവനോടെ കുഴിച്ചുമൂടി. ഗോത്രങ്ങള്‍ തമ്മില്‍ തികഞ്ഞ ശത്രുതയിലും എതിര്‍പ്പിലുമായിരുന്നു. എല്ലാനിലക്കും കണ്ണില്‍ ചോരയില്ലാത്ത ഒരു സമൂഹമായിരുന്നു അത്. ലാത്ത, മനാത്ത തുടങ്ങി വിവിധ വിഗ്രഹങ്ങളെയാണ് അവര്‍ ആരാധിച്ചിരുന്നത്. ഈയൊരു ആള്‍ക്കൂട്ടത്തെ തൗഹീദിന്റെ ശാദ്വല തീരത്തേക്കു വഴിനടത്തലായിരുന്നു ഖുര്‍ആന്റെ ദൗത്യം. പ്രവാചകരുടെ 23 വര്‍ഷത്തെ ഭഗീരഥപ്രയത്‌നം കൊണ്ട് അത് സാധിക്കുകയും ചെയ്തു. ശക്തമായ എതിര്‍ശബ്ദങ്ങളും വിയോജിപ്പുകളുമുണ്ടായിരുന്നുവെങ്കിലും ഖുര്‍ആന്‍ അവയെ അതിജയിച്ചു.
30 ഭാഗങ്ങളി (ജുസ്അ്) ലായി 114 അധ്യായങ്ങളടങ്ങുന്നതാണ് വിശുദ്ധ ഖുര്‍ആന്‍.ഇതില്‍ ചെറുതും വലുതുമായ 6236 ല്‍ പരം സൂക്തങ്ങളുണ്ട്. ഉള്ളടുക്കത്തിന്റെ സ്വഭാവമനുസരിച്ച്   -താക്കീതുകള്‍: 1000, വാഗ്ദാനങ്ങള്‍: 1000, നിഷേധങ്ങള്‍: 1000, കല്‍പനകള്‍: 1000, ഉദാഹരണങ്ങള്‍: 1000, കഥകള്‍: 1000, അനുവദനീയങ്ങള്‍: 250, നിഷിദ്ധങ്ങള്‍: 250, പ്രകീര്‍ത്തനങ്ങള്‍: 100, മറ്റിനങ്ങള്‍: 66- എന്നിങ്ങനെ ഇവ തരം തിരിക്കപ്പെട്ടിരിക്കുന്നു (ഇസ്‌ലാം വിജ്ഞാന കോശം: കലിമ ബുക്‌സ്, കോഴിക്കോട്, പേജ്: 369). ഇതിലെ മൊത്തം പദങ്ങള്‍ 77439 ഉം അക്ഷരങ്ങള്‍ 321180 തുമായി കണക്കാക്കപ്പെടുന്നു (തഫ്‌സീര്‍ ഇബ്‌നു കസീര്‍). ഇമാം അബൂബക്ര്‍ അഹ്മദ് ബിന്‍ ഹുസൈന്‍ അല്‍ മുഖ്‌രിയെ ഉദ്ധരിച്ച് ഇമാം സര്‍ക്കശി രേഖപ്പെടുത്തുന്നു: ഒരിക്കല്‍ ഹജ്ജാജ് ബിന്‍ യൂസുഫ് ഖുര്‍ആനിലെ അക്ഷരങ്ങള്‍ എണ്ണി തിട്ടപ്പെടുത്താന്‍ തീരുമാനിച്ചു. അദ്ദേഹം ബസ്വറയിലെ ഖാരിഉകളായ ഹസന്‍ ബസ്വരി, അബുല്‍ ആലിയ, നസ്‌റു ബിന്‍ ആസിം, ആസിമുല്‍ ജഹ്ദരി, മാലിക് ബിന്‍ ദീനാര്‍ എന്നിവരെ വിളിച്ച് ചുമതലയേല്‍പ്പിച്ചു. അവര്‍ എണ്ണി തിട്ടപ്പെടുത്തിയതനുസരിച്ച് ഖുര്‍ആനിലെ ആകെ വാക്കുകള്‍ 77439 ഉം അക്ഷരങ്ങള്‍ 321315 ഉം ആയിരുന്നു (സര്‍ക്കശി, അല്‍ ബുര്‍ഹാന്‍, വോള്യം: 1, പേജ്: 249).
മക്കാമുശ്‌രിക്കുകളും ഓറിയന്റലിസ്റ്റുകളും യൂറോപ്യന്‍ എഴുത്തുകാരും ആരോപിച്ച പോലെ വിശുദ്ധ ഖുര്‍ആന്‍ ഒരിക്കലും പ്രവാചകരുടെ സൃഷ്ടിയായിരുന്നില്ല. അല്ലാഹുവിന്റെ സന്ദേശങ്ങളെ പരിചയപ്പെടുത്തുന്ന ഒരാള്‍ മാത്രമായിരുന്നു മുഹമ്മദ് നബി. അല്ലാഹു പറയുന്നു: ''നിശ്ചയം ഖുര്‍ആന്‍ ലോക രക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു. നിശ്ചയം, വിശ്വസ്തനായ മാലാഖ അത് നബിയുടെ ഹൃദയത്തില്‍ അവതരിപ്പിച്ചു. അങ്ങ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍വേണ്ടി. സ്പഷ്ടമായ അറബി ഭാഷയില്‍'' (26:192-195). മുസ്ഹഫ് എന്ന പേരില്‍ ഇന്ന് കാണുന്ന ഗ്രന്ഥത്തിനുള്ളില്‍ അടങ്ങിയതാണ് സത്യത്തില്‍ ഖുര്‍ആന്‍ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. പക്ഷെ, അതിലെ ക്രമമനുസരിച്ചായിരുന്നില്ല അതിന്റെ അവതരണമെന്നുമാത്രം. സാഹചര്യത്തിനും സമയത്തിനുമനുസൃതമായി ഓരോ സൂക്തങ്ങളും സൂറകളും അവതരിക്കുകയായിരുന്നു. ഇതില്‍ ആദ്യമായി അവതരിച്ചത് മുമ്പ് സൂചിപ്പിച്ചപോലെ 96-ാമത്തെ അദ്ധ്യായത്തിലെ ഒന്നു മുതല്‍ അഞ്ചു വരെയുള്ള സൂക്തങ്ങളും ഏറ്റവും അവസാനമായി അവതരിച്ചത് രണ്ടാം അദ്ധ്യായത്തിലെ 281 -ാം സൂക്തവുമാണ്.
പക്ഷെ, പ്രവാചക നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ ക്രമീകരണം നടന്നിരുന്നത്. ഓരോ സൂക്തവും അദ്ധ്യായവും അവതരിക്കുമ്പോള്‍ അത് എവിടെ വെക്കണമെന്നും ഏതു അദ്ധ്യായത്തില്‍ ഏതിനു കീഴില്‍ ക്രമീകരിക്കണമെന്നും പ്രവാചകന്‍ പറയുമായിരുന്നു. പ്രവാചകുരുടെ കാലത്ത് കല്ലിലും തോലിലുമായിരുന്നു ഖുര്‍ആന്‍ എഴുതപ്പെട്ടിരുന്നത്. സ്വഹാബികളില്‍ പലയാളുകളും ഇത് മന:പാഠമാക്കുകയും ചെയ്തു. അബൂബക്ര്‍ (റ) വിന്റെ ഭരണകാലത്ത് വേറിട്ടുകിടന്നിരുന്ന ഖുര്‍ആന്‍ സൂക്തങ്ങളെ സമാഹരിക്കുകയും ഒരു ഗ്രന്ഥരൂപത്തില്‍ അത് ക്രോഡീകരിക്കുകയുമുണ്ടായി. ഒരൊറ്റ കോപ്പി മാത്രമേ അന്ന് തയ്യാറാക്കപ്പെട്ടിരുന്നുള്ളൂ. സമാഹരിക്കപ്പെട്ട ശേഷം ഖലീഫ ഇതിന് പുതിയൊരു പേരിടാന്‍ ആവശ്യപ്പെട്ടു. പലരും ഇഞ്ചീല്‍, സിഫ്ര്‍ തുടങ്ങിയ നാമങ്ങള്‍ നിര്‍ദ്ദേശിച്ചെങ്കിലും അവ ക്രിസ്ത്യാനികളുടെയും ജൂതന്മാരുടെയും ഗ്രന്ഥങ്ങളുടെ പേരുകളായതിനാല്‍ അവ സ്വീകരിക്കപ്പെട്ടില്ല. ഒടുവില്‍, ഇബ്‌നു മസ്ഊദ് (റ) അഭിപ്രായപ്പെട്ടതനുസരിച്ച് 'മുസ്ഹഫ്' എന്ന പേര് സ്വീകരിക്കപ്പെട്ടു. ഖുര്‍ആന്‍ അവതരിച്ച കാലത്തെയും സമയത്തെയും അടിസ്ഥാനമാക്കി ഖുര്‍ആന്‍ അധ്യായങ്ങളെ മക്കിയ്യ എന്നും മദനിയ്യ എന്നും രണ്ടായി വിഭജിച്ചിരിക്കുന്നു. പ്രവാചകരുടെ ഹിജ്‌റക്കു മുമ്പ് അവതരിച്ച അധ്യായങ്ങളും സൂക്തങ്ങളുമാണ് മക്കിയ്യ; ശേഷം അവതരിച്ചവ മദനിയ്യയും. ഇവ യഥാക്രമം 83 ഉം 31 ഉം എണ്ണങ്ങള്‍ ആണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter