ഉസ്മാന്‍(റ)ന്‍റെ മുസ്ഹഫ്
പ്രവാചകത്വവാദികളോടുള്ള യുദ്ധം ഇസ്ലാമിക ചരിത്രത്തിലെ മറക്കാനാവാത്ത അധ്യായങ്ങളാണ്. ഖാലിദ് ബിന്‍ വലീദ്(റ) ആയിരുന്നു ആ യുദ്ധത്തില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. തന്റെ ധീരതയും നയതന്ത്രവുംകൊണ്ട് അദ്ദേഹം മധ്യഅറബ് രാജ്യത്തെ തന്റെ കാല്‍ക്കീഴില്‍ കൊണ്ടുവന്നു. ആറു മാസത്തിനുള്ളില്‍ അവ കീഴടങ്ങി.
ഖാലിദ് (റ) ആദ്യമായി കീഴടക്കിയത് ഥയ്യ് ഖബീലയാണ്. പിന്നെ, ഥുലൈഹയുടെ കീഴിലായിരുന്ന അസദ്, ഗഥ്ഫാന്‍ എന്നീ ഗോത്രങ്ങള്‍. കള്ളപ്രവാചകനായി വാണിരുന്ന ഥുലൈഹ ക്രൂരനായിരുന്നു. ഖാലിദ് സൈനിക നേതൃത്വം ഏറ്റെടുക്കുന്നതിന് മുമ്പ് രണ്ട് മുസ്‌ലിം സൈന്യങ്ങളെ അയാള്‍ കനത്ത ആക്രമണത്തിന് വിധേയമാക്കിയിട്ടുണ്ട്. അന്ന് മുസ്‌ലിംകള്‍ക്ക് വമ്പിച്ച നാശം സംഭവിച്ചു. ആയിരം പേര്‍ രക്തസാക്ഷികളായി. അവരില്‍ നാന്നൂറ്റമ്പതു പേരും സ്വഹാബികളായിരുന്നു; മിക്കവരും ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയവര്‍.
യമാമയില്‍ ബനൂ ഹനീഫ ഗോത്രത്തോടും ഥുലൈഹ യുദ്ധം ചെയ്തിട്ടുണ്ട്. അന്നവര്‍ മുസൈലിമത്തിനെ അടിച്ചുപായിച്ചു. അദ്ദേഹം രാജ്യം പിടിച്ചടക്കി.
മുസ്‌ലിംകള്‍ക്കെതിരെ ഥുലൈഹ അഴിച്ചുവിട്ട ആക്രമണങ്ങളെകുറിച്ചും മുസ്‌ലിംകള്‍ക്ക് പറ്റിയ കനത്ത നഷ്ടത്തെപ്പറ്റിയും ഖലീഫ അബൂബകര്(റ)ന് വിവരം ലഭിച്ചു. സൈദ് ബിന്‍ സാബിതില്‍നിന്ന് ഈ സംഭവം ബുഖാരി ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു:
യമാമയിലെ മുസ്‌ലിം ഹത്യയെക്കുറിച്ച് സിദ്ദീഖ് (റ) വിന് സന്ദേശം ലഭിച്ചു. അപ്പോള്‍ തന്റെയടുത്ത് ഉമര്‍ ഇരിപ്പുണ്ടായിരുന്നു. സിദ്ദീഖ് പറഞ്ഞു: ഉമര്‍, യമാമയെക്കുറിച്ച് എനിക്ക് വിവരം ലഭിച്ചു. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയവരെ യുദ്ധം അരിഞ്ഞുവീഴ്ത്തിയിരിക്കുന്നു. ഉടനെ ഉമര്‍: ഈ നില തുടര്‍ന്നാല്‍ രാജ്യത്ത് ഖുര്‍റാഉകള്‍ ഉണ്ടാകില്ലെന്ന് ഞാന്‍ ഭയപ്പെടുന്നു. അതുകൊണ്ട് ഖുര്‍ആന്‍ ശേഖരിക്കാന്‍ ഉത്തരവ് പുറപ്പെടീക്കണമെന്ന് എനിക്ക് അഭിപ്രായമുണ്ട്. സിദ്ദീഖ് പറഞ്ഞു: പ്രവാചകന്‍ ചെയ്യാത്ത കൃത്യത്തിന് നാം എങ്ങനെ മുതിരും? ഉമര്‍: അല്ലാഹുവാണെ, ഇത് നല്ല കാര്യമാണ്. നാം ഇത് ചെയ്യണം. സിദ്ദീഖ് പറയുന്നു: ഉമര്‍ പല വട്ടം എന്നെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ, പ്രസ്തുത അഭിപ്രായം ഗുണമാണെന്ന് അല്ലാഹു എനിക്കും തോന്നിച്ചു.
ഹദീസ് നിവേദകനായി സൈദ് ബിന്‍ സാബിത് പറയുന്നു: സിദ്ദീഖ് എന്നോട് പറഞ്ഞു: താങ്കള്‍ യുവാവാണ്. ബുദ്ധിമാനാണ്. നിങ്ങളെ കുറിച്ച് ഞങ്ങള്‍ക്ക് തെറ്റുധാരണയില്ല. പ്രവാചകരുടെ വഹ്‌യ് എഴുത്ത് താങ്കളായിരുന്നുവല്ലോ നിര്‍വഹിച്ചിരുന്നത്. അതിനാല്‍ ഖുര്‍ആന്‍ ശേഖരിക്കുന്ന ചുമതലയും താങ്കളെ ഏല്‍പിക്കാനാണുദ്ദേശ്യം. താങ്കള്‍ ഖുര്‍ആന്‍ പരിശേധിച്ച് അത് ശേഖരിക്കുക.
സൈദ് പറയുന്നു: ഒരു മല പിഴുതുനീക്കല്‍ എന്നെ ചുമതലപ്പെടുത്തുകയാണെങ്കിലും ഇത്ര സാഹസികമാകില്ലായിരുന്നു. ഞാന്‍ ചോദിച്ചു: സിദ്ദീഖ്, പ്രവാചകന്‍ ചെയ്യാത്തൊരു കൃത്യത്തിന് താങ്കള്‍ എങ്ങനെ മുതിരും? സിദ്ദീഖിന്റെ പ്രതികരണം, അല്ലാഹുവാണെ സത്യം അത് ഗുണമാണെന്നായിരുന്നു. സിദ്ദീഖ് വീണ്ടും വീണ്ടും എന്നെ തര്യപ്പെടുത്തി. അവസാനം അതംഗീകരിക്കാന്‍ എല്ലാഹു എനിക്ക് തോന്നിച്ചു. അങ്ങനെ ഖുര്‍ആന്‍ പരതി. ഈത്തപ്പനയോലകളിലും തോല്‍ക്കഷ്ണങ്ങളിലും വെളുത്ത ചെറിയ കല്ലുകളിലും മനുഷ്യഹൃദയങ്ങളിലുമായി പരന്നുകിടക്കുകയായിരുന്നു അത്. സാഹസികമായ ആ യത്‌നത്തിന് ഞാന്‍ തയ്യാറായി. തൗബ സൂറയുടെ അവസാനം ഒരാളില്‍നിന്നുമാത്രമേ ലഭിച്ചുള്ളൂ- അബൂ ഖുസൈമത്തുല്‍ അന്‍സാരിയില്‍നിന്ന്. ലഖദ് ജാഅക്കും എന്നു തുടങ്ങി ആ സൂറയുടെ അവസാനം വരെ അദ്ദേഹത്തില്‍ നിന്നാണ് ലഭിച്ചത്. അങ്ങനെ ഞാന്‍ ശേഖരിച്ചത് സിദ്ദീഖ് (റ) വിനെ ഏല്‍പിച്ചു. മരണം വരെ അദ്ദേഹത്തിന്റെ അടുത്തായിരുന്നു അത്. പിന്നെ, ഉമര്‍ (റ) വിന്റെ കൈവശമായിരുന്നു. അദ്ദേഹത്തിന്റെ മരണാനന്തരം പുത്രി ഹഫ്‌സയുടെ സൂക്ഷിപ്പിലും.
സൈദ് ബിന്‍ സാബിത് മാത്രമായിരുന്നില്ല ഖുര്‍ആന്‍ ശേഖരിച്ചിരുന്നത്. ഈ വകുപ്പുചുമതല അദ്ദേഹത്തിനായിരുന്നുവെന്നുമാത്രം. കാരണം അദ്ദേഹമായിരുന്നു വഹ്‌യ് എഴുതിയിരുന്നത്. ഖുര്‍ആന്‍ മുഴുവന്‍ അദ്ദേഹത്തിന് ഹൃദിസ്ഥമായിരുന്നു. നല്ല ഓര്‍മശക്തിയായിരുന്നു. കൂടാതെ പ്രവാചകന്റെ മരണ വര്‍ഷം ജിബ്‌രീല്‍ ഖുര്‍ആന്‍ പുനരാവര്‍ത്തിച്ചപ്പോള്‍ സൈദ് അവിടെയുണ്ടായിരുന്നു. സൈദിനെ കൂടാതെ ഖുര്‍ആന്‍ ശേഖരണത്തിന് ഉമര്‍ (റ) വും നേതൃത്വപരമായ പങ്ക് വഹിച്ചു.
വളരെ സൂക്ഷ്മതയോടെയാണ് സൈദും ഉമറും ഖുര്‍ആന്‍ ശേഖരിച്ചിരുന്നത്. ശാസ്ത്രീയമായ രീതിതന്നെ അതിന് അവലംബിച്ചു. കണ്ണില്‍ കണ്ടവയൊക്കെ സ്വീകരിക്കുന്ന നയമായിരുന്നില്ല അവരുടേത്. പ്രബലമായ തെളിവുകളുണ്ടെങ്കില്‍ മാത്രമേ അംഗീകരിച്ചിരുന്നുള്ളൂ.
ഉസ്മാന്‍ (റ) വിന്റെ ഭരണകാലം വന്നു. മുസ്‌ലിംരാജ്യങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ഒപ്പം ഖുര്‍ആന്‍ ഓത്തറിയുന്നവരുടെ എണ്ണവും. ഇത് പക്ഷെ, പാരായണ വൈവിധ്യത്തിന് കാരണമായി. ഓരോരുത്തരും അവരുടെ ശൈലിയിലും ഈണത്തിലും ഓതി. ചിലര്‍ ചിലരെ തെറ്റുധരിക്കലും പഴിക്കലും ആരംഭിച്ചു.
ഇബ്‌നു അസീര്‍ തന്റെ 'പൂര്‍ണ്ണ ചരിത്രത്തില്‍' ഹിജ്‌റ മുപ്പതിലെ സംഭവങ്ങളുടെ കൂട്ടത്തില്‍ വിവരിക്കുന്നു: ഹുദൈഫതുബ്‌നുല്‍ യമാനും സഈദുബ്‌നുല്‍ ആസിയും അദര്‍ബൈജാനില്‍ യുദ്ധത്തിന് പോയി. പിന്നെ, ഇരുവരും മദീനയിലേക്കു തിരിച്ചു. ഇതിനിടെ ഹുദൈഫ സ്വന്തം ചില യാത്രകളും നടത്തിയിരുന്നു. മദീനയിലേക്കു തിരിക്കവെ ഹുദൈഫ പറഞ്ഞു: ഞാന്‍ സ്വന്തം നടത്തിയ യാത്രകളില്‍ ചില സംഭവ വികാസങ്ങള്‍ക്ക് സാക്ഷിയായി. അവ പരിഹരിച്ചില്ലെങ്കില്‍ ഖുര്‍ആന്റെ കാര്യത്തില്‍ ജനങ്ങള്‍ ഭിന്നഭിപ്രായക്കാരാകും. സഈദ് കാര്യം അന്വേഷിച്ചു. ഹുദൈഫ പറഞ്ഞു: അലപ്പോ നിവാസികളില്‍ ചിലരെ ഞാന്‍ കണ്ടു. തങ്ങളുടെ ഖിറാഅത്ത് മറ്റുള്ളവരെക്കാള്‍ ഉത്തമമാണെന്ന് അവര്‍ വിശ്വസിക്കുന്നു. മിഖ്ദാദ് (റ) വില്‍നിന്നാണ് അവര്‍ ഖുര്‍ആന്‍ മനസ്സിലാക്കിയത്. പിന്നെ, ഡമസ്‌കസുകാരെയും കൂഫക്കാരെയും കണ്ടു. അവരും ഇതുപോലെ പറയുന്നു. അവരുടെ ഗുരു ഇബ്‌നു മസ്ഊദാണ്. ഇതേ അവകാശവാദം ബസ്വറക്കാരും ഉന്നയിക്കുന്നുണ്ട്. അബൂ മൂസയാണ് അവരുടെ ഗുരുവര്യന്‍. അദ്ദേഹത്തിന്റെ മുസ്ഹഫിന് അവര്‍ ലുബാബുല്‍ ഖുലൂബ് എന്ന പേരും വെച്ചിരിക്കുന്നു.
അവര്‍ കൂഫയിലെത്തിയപ്പോള്‍ ഹുദൈഫ തന്റെ അഭിപ്രായം അവരെ അറിയിച്ചു. നിരവധി സ്വഹാബികളും താബിഇകളും അദ്ദേഹത്തോട് യോജിച്ചു. എന്നാല്‍, ചില വിഭാഗം അദ്ദേഹത്തെ എതിര്‍ത്തു. ഇതുകണ്ട ഹുദൈഫ പറഞ്ഞു: എനിക്ക് ജീവനുണ്ടെങ്കില്‍, താന്‍ അമീറുല്‍ മുഅമിനീനെ സമീപിച്ച് ഇതിന് പ്രശ്‌ന പരിഹാരം തേടും.
താമസിയാതെ അദ്ദേഹം ഉസ്മാന്‍ (റ) വിന്റെ അടുത്തെത്തി കാര്യം പറഞ്ഞു. ഖലീഫ സ്വഹാബികലെ വിളിച്ചു വിഷയത്തിന്റെ ഗൗരവം ചര്‍ച്ച ചെയ്തു. ഉസ്മാന്‍ ഹഫ്‌സയുടെ അടുത്തേക്ക് ദൂതനെ അയച്ചു. നിങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഖുര്‍ആന്‍ ഫലകം കൊടുത്തയക്കുക. കോപ്പി ചെയ്തതിന് ശേഷം തിരിച്ചു നല്കാം. അതായിരുന്നു നിര്‍ദ്ദേശം. സൈദുബ്‌നു സാബിത്, അബ്ദുല്ലാഹിബ്‌നു സുബൈര്‍, സഈദുബ്‌നുല്‍ ആസ്, അബ്ദുര്‍റഹ്മാന്‍ ബിന്‍ ഹാരിസ് ബിന്‍ ഹിശാം എന്നിവര്‍ ഉള്‍ക്കൊള്ളുന്നൊരു കമ്മിറ്റി ഹിജ്‌റ മുപ്പത്തിയൊന്നാം വര്‍ഷം ഉസ്മാന്‍ രൂപീകരിച്ചു. ഹഫ്‌സ സൂക്ഷിച്ചിരുന്ന ഖുര്‍ആന്‍ ഫലകം അവര്‍ കോപി ചെയ്തു.
'നിങ്ങളില്‍ ഭിന്നാഭിപ്രായമുണ്ടായാല്‍ ഖുറൈശിന്റെ ശൈലിയില്‍ എഴുതുക. കാരണം, ഖുര്‍ആന്‍ അവതരിച്ചത് അവരുടെ ശൈലിയിലാണ്. ഒറിജിനല്‍ കോപ്പി ഞാന്‍ മദീനയില്‍ സൂക്ഷിച്ചിരിക്കുന്നു. അതില്‍നിന്ന് മൂന്നുകോപ്പി പകര്‍ത്തി ബസ്വറ, ഡമസ്‌കസ്, കൂഫ എന്നിവിടങ്ങളിലെ മൂന്ന് സൈനിക കേന്ദ്രങ്ങളിലേക്ക് അയച്ചിട്ടുണ്ട്- ഖലീഫയുടെ നിര്‍ദ്ദേശങ്ങളായിരുന്നു ഇവ.  അന്ന് ജീവിച്ചിരുന്നവരും ശേഷക്കാരുമായ എല്ലവരും ഇത് അംഗീകരിച്ചു.
ഉമര്‍ (റ) വിന്റെ ഭരണകാലം അച്ചടക്കപൂര്‍ണമായിരുന്നു. എവിടെയും ശാന്തിയും സ്വസ്ഥതയും ചിറകടിച്ചു. പൊതുജനങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നതക്ക് തിരികൊളുത്തുന്ന പ്രവര്‍ത്തനങ്ങളൊന്നും തലയുയര്‍ത്തിയിരുന്നില്ല. അനാരോഗ്യകരമായ ചര്‍ച്ചകള്‍ നടത്തി ഭിന്നിക്കാന്‍ ജനങ്ങളെ അനുവദിക്കില്ലായിരുന്നു. മുഹാജിറുകളായ ഖുറൈശികള്‍ രാജ്യത്തിന് പുറത്തുപോകണമെങ്കില്‍ അനുമതി തേടേണമെന്ന് നിയമമാക്കി. പുറത്തുപോയി മലീമസാന്തരീക്ഷവുമായി കെട്ടുപിണയുമെന്ന് കരുതിയാണ് ഇങ്ങനെ ചെയ്തത്. ഖുറൈശികളായ മുഹാജിറുകള്‍ക്കേ ഈ നിയമം ഉണ്ടായിരുന്നുള്ളൂ. കൂട്ടത്തില്‍ ആരെങ്കിലും പുറത്ത് യുദ്ധത്തിന് പോകുവാന്‍ സമ്മതം തേടിയാല്‍ ഉമര്‍ (റ) പറയും: നീ നബിയോടൊന്നിച്ചു ചെയ്ത യുദ്ധം നിനക്കു എത്രയോ മതി. ഇന്ന് യുദ്ധത്തെക്കാള്‍ നിനക്കുത്തമം ദുന്‍യാവ് നിന്നെയും നീ ദുനിയാവിനെയും കാണാതിരിക്കലാണ്.
പിന്നെ, ഉസ്മാന്‍ (റ) വിന്റെ ഭരണം വന്നു. ഉമര്‍ (റ) ഏര്‍പ്പെടുത്തിയ നിയമങ്ങളും നിബന്ധനകളുമെല്ലാം അയഞ്ഞു. ആര്‍ക്കും യഥേഷ്ടം എവിടെയും പോകാമെന്നായി. ഒതുങ്ങിക്കൂടിയിരുന്ന മുഹാജിറുകള്‍ ടൗണില്‍  കച്ചവടവും മറ്റും ഏര്‍പ്പെടുത്തി ധനികരായി. അഭിപ്രായഭിന്നത തലയുയര്‍ത്തി. ഉസ്മന്‍ (റ) വിന്റെ ഉദ്യോഗസ്ഥന്മാര്‍ക്കിടയില്‍ കുഴപ്പമായി. ഖലീഫയുടെ മുമ്പില്‍ പ്രശ്‌നങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. പ്രശ്‌നം അനുയായികളുമായി ചര്‍ച്ച ചെയ്തു. അവര്‍ പിടി മുറുക്കാന്‍ നിര്‍ദ്ദേശിച്ചു. ഖലീഫക്ക് പക്ഷെ, ദീനീ കാര്യങ്ങളിലല്ലാതെ അതിന് താല്‍പര്യമില്ലായിരുന്നു. മുആവിയ (റ) ഖലീഫയെ പ്രശ്‌നങ്ങളില്‍നിന്നകന്ന് ജീവിക്കാന്‍ ശാമിലേക്ക് ക്ഷണിച്ചു. ഖലീഫ ആ ക്ഷണം നിരസിക്കുകയായിരുന്നു. മരണംവരിക്കേണ്ടിവന്നാലും പ്രവാചക സാമീപ്യം കൈയൊഴിക്കുന്ന പ്രശ്‌നമില്ലെന്നു അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.
രാജ്യത്ത് നാശം കത്തിപ്പടര്‍ന്നു. വിപ്ലവകാരികള്‍ പലയിടത്തുനിന്നും മദീനയിലേക്ക് വന്നുകൊണ്ടിരുന്നു. ഇരുമുഖവുമായാണവര്‍ രംഗപ്രവേശം ചെയ്തത്. ഇസ്‌ലാമിനെക്കുറിച്ച് മധുരഭാഷണം. കയ്യില്‍ ഇസ്‌ലാമിന്റെ പതാക. നാവില് മുദ്രാവാക്യങ്ങളും. പക്ഷെ, അവരുടെ നയം നേര്‍വിപരീതമായിരുന്നു. അവര്‍ ഖലീഫക്കെതിരെ ശബ്ദിച്ചു. ഉസ്മാന്‍ (റ) സ്ഥാനം രാജിവെക്കലായിരുന്നു അവരുടെ ലക്ഷ്യം. ഇതിനായി അവര്‍ അദ്ദേഹത്തിന്റെ വീട് വളഞ്ഞു.
ഖലീഫക്കെതിരെ ഉപരോധം മൂര്‍ച്ഛ കൂടിക്കൊണ്ടിരുന്നു. അദ്ദേഹം പള്ളിയില്‍ നമസ്‌കരിക്കുന്നത് വിലക്കി. അവസാനം ദാഹജലവും മുടക്കി. പിന്നെ, രഹസ്യമായല്ലാതെ അതും ആ പുണ്യപുരുഷന് ലഭിച്ചിരുന്നില്ല. ഉസ്മാന്‍ (റ) വിപ്ലവകാരികളെ ഉപദേശിച്ചുനോക്കി. ഫലമുണ്ടായില്ല.
ഖലീഫക്കെതിരെയുള്ള മുന്നേറ്റം പുറംലോകം അറിഞ്ഞിരുന്നില്ല. കാരണം, ഇന്നത്തെപ്പോലെ ഖലീഫക്ക് സെക്രട്ടറിമാരോ പാറാവുകാരോ ഇല്ലായിരുന്നു.
ക്രി. 656 ജൂണ്‍ പതിനേഴ്. ഖലീഫ പതിവ് പോലെ വീട്ടില്‍ ഖുര്‍ആന്‍ ഓതിക്കൊണ്ടിരിക്കുന്നു. പെട്ടെന്ന് വിപ്ലവകഴുകന്മാര്‍ വീട്ടിനുള്ളിലേക്ക് ഇരച്ചുകയറി. ഖലീഫയുടെ കഴുത്തില്‍ ആഞ്ഞുവെട്ടി. ആ പുണ്യദേഹം ലോകത്തോട് വിടപറഞ്ഞു. ജുബൈറു ബ്‌നു മുത്ഇം മയ്യിത്ത് നിസ്‌കരിച്ചു.
ഉസ്മാന്‍ (റ) വിന്റെ വധസമയം ഓതിയിരുന്ന മുസ്ഹഫിനെച്ചൊല്ലി പില്‍ക്കാലത്ത് വലിയ ചര്‍ച്ച നടന്നു. അവയില്‍ ചിലത് ശത്രുക്കള്‍ മെനഞ്ഞുണ്ടാക്കിയ വ്യാജങ്ങളായിരുന്നു. ചിലത് യാഥാര്‍ഥ്യങ്ങളും. അന്തിലോഷ്യക്കാരില്‍ ഈ ചര്‍ച്ചക്ക് വാതില്‍ തുറന്നത് അബുല്‍ ഖാസിം തുജീബിസ്സിബ്ഥിയാണ്. ക്രി. 1258 ല്‍ ഡമസ്‌കസിലെ ബനൂ ഉമയ്യ പള്ളയില്‍ അദ്ദേഹം ശാം മുസ്ഹഫ് കണ്ടു. തുടര്‍ന്ന് അദ്ദേഹം ഖുബ്ബത്തുല്‍ യഹൂദിയ്യ സന്ദര്‍ശിച്ചു. അവിടെ മക്കാ മുസ്ഹഫും കാണുകയുണ്ടായി.
അബുല്‍ ഖാസിമിനു ശേഷം ഒരു ശതകം പിന്നിട്ടു. പ്രമുഖ സഞ്ചാരി ഇബ്‌നു ബത്തൂത്ത ഡമസ്‌കസ് സന്ദര്‍ശിച്ചു. ബനൂ ഉമയ്യ മസ്ജിദില്‍ അബുല്‍ ഖാസിം കണ്ട ദൃശ്യം അടിവരയിട്ടു. അദ്ദേഹം വിവരിക്കുന്നു: പള്ളിയുടെ മിഹ്‌റാബിനു പിന്നില്‍ കിഴക്കേ മൂലയില്‍ ഒരു വലിയ ഖജനാവുണ്ട്. അമീറുല്‍ മുഅമിനീന്‍ ഉസ്മാന്‍ (റ) ശാമിലേക്ക് കൊടുത്തയച്ച മുസ്ഹഫ് അതിനകത്താണ്. എല്ലാ വെള്ളിയാഴ്ചയും ജുമുഅ നിസ്‌കാരാനന്തരം അത് തുറക്കും. ഉടനെ, ആ മുസ്ഹഫ് ചുംബിക്കുവാന്‍ ആയിരക്കണക്കിനാളുകള്‍ ആ പെട്ടിക്കു ചുറ്റും തടിച്ചുകൂടും. ഇബ്‌നു ബത്തൂത്ത വീണ്ടും തന്റെ യാത്രയെക്കുറിച്ച് എഴുതുന്നുണ്ട്. അദ്ദേഹം ഇറാഖ് സന്ദര്‍ശിച്ചു. അവിടത്തെ പള്ളിയെക്കുറിച്ച് ആകര്‍ഷകമായി വര്‍ണ്ണിച്ചു. ആ പള്ളിയിലദ്ദേഹം ഉസ്മാന്‍ (റ) വധിക്കപ്പെട്ടപ്പോള്‍ ഓതിക്കൊണ്ടിരുന്ന മുസ്ഹഫ് കണ്ടു. അതില്‍ പതിഞ്ഞ രക്തക്കറ അദ്ദേഹം വര്‍ണ്ണിച്ചു. പ്രസ്തുത രക്തക്കറയെക്കുറിച്ച് പ്രമുഖ ചരിത്രകാരന്‍ ഇബ്‌നു സഅദ് തബഖാത്തുല്‍ കുബ്‌റാ എന്ന ചരിത്ര ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്: അല്ലാഹു നിങ്ങള്‍ക്കു മതി, അവന്‍ കേള്‍ക്കുന്നവനും അറിയുന്നവനുമാണ് എന്നര്‍ത്ഥം വരുന്ന സൂക്തത്തിലാണ് രക്തം പതിഞ്ഞിരിക്കുന്നത്. ശത്രുക്കളുടെ വെട്ടേറ്റ് മുസ്ഹഫിലേക്ക് രക്തം ഇറ്റിവീണപ്പോള്‍ പ്രസ്തുത സൂക്തത്തില്‍ മാത്രം പതിഞ്ഞുവെന്നും മറ്റൊരിടത്തേക്കും അത് വ്യാപിച്ചില്ലെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. ഇബ്‌നു ബത്തൂത്ത കൂഫയിലെയും മക്കയിലെയും മുസ്ഹഫിനെക്കുറിച്ച് വിസ്മരിച്ചിരിക്കുന്നു. അതേസമയം, തന്റെ സമകാലീനനായ അന്തിലോഷ്യക്കാരന്‍ ഇബ്‌നു മര്‍സൂഖ് തല്‍മസാനി മക്കയും ഡമസ്‌കസും സന്ദര്‍ശിച്ചു. അവിടത്തെ മുസ്ഹഫുകള്‍ കണ്ടു. ക്രി. 1334 ല്‍ അദ്ദേഹം മദീന സന്ദര്‍ശിച്ചു. അവിടത്തെ മുസ്ഹഫ് കണ്ടു. അതില്‍ ഖുര്‍ആന്‍ പാരായണം നടത്തി.
അന്തിലോഷ്യന്‍ ചരിത്രകാരനായ ഇബ്‌നു ബശ്ക്‌വാല്‍ പറയുന്നു: ശാം മുസ്ഹഫില്‍ ഉസ്മാന്‍ (റ) വിന്റെ രക്തക്കറയുണ്ടെന്നത് അസംഭവ്യമാണ്. കാരണം, അദ്ദേഹം അത് തന്റെ ജീവിതകാലത്തുതന്നെ ശാമിലേക്ക് കൊടുത്തയച്ചിട്ടുണ്ട്. വേണമെങ്കില്‍, മറ്റൊന്നു സംഭവിക്കാം: മുആവിയ (റ) ശാം നിവാസികളെ ഇളക്കിവിടാന്‍ വേണ്ടി രാഷ്ട്രീയ ദണ്ഡായി ഉസ്മാന്‍ (റ) വിന്റെ മുസ്ഹഫ് ശാമിലേക്ക് കൊണ്ടുവരാം. പക്ഷെ, ചരിത്രകാരന്മാരില്‍ ആരും അങ്ങനെ പറയുന്നവരില്ല. പ്രമുഖരായ സ്വഹാബികളും ഇതിനെക്കുറിച്ച് പറയുന്നില്ല. ഇബ്‌നു മര്‍സൂഖ് പറയുന്നു: അന്തിലോഷ്യയിലെ മുസ്ഹഫും മദീനയിലെ മുസ്ഹഫും ഞാന്‍ പരിശോധിച്ചു. അവയുടെ ലിപിയില്‍ സാമ്യതയുണ്ട്.
അന്തിലോഷ്യയിലെ മുസ്ഹഫ് ഉസ്മാന്‍ (റ) വിന്റെതല്ലെന്ന് വാദിക്കുന്നവര്‍ പറയുന്നു: പ്രസ്തുത മുസ്ഹഫ് അമവി അമീറുമാരില്‍ പ്രഥമനായ അബ്ദുര്‍റഹ്മാന്‍ ഔസത്തിന്റെ കാലത്ത് അഥവാ ക്രി. പത്താം ശതകത്തില്‍ പ്രസ്തുത പള്ളിയിലുണ്ടായിരുന്നു. പണ്ഡിതരെയും മതഗ്രന്ഥങ്ങളെയും അന്വേഷിച്ച് രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും ദൂതരെ അയച്ചിരുന്നു അമീര്‍ അബ്ദുര്‍റഹ്മാന്‍. കൂട്ടത്തില്‍ ഏതെങ്കിലും കഴിവുള്ള കലാകാരന്‍ ഉസ്മാന്‍ (റ) വിന്റെ ലിപിയില്‍ ഒരു മുസ്ഹഫ് എഴുതിക്കൊടുത്തതാകാം. അത് വ്യാജമല്ല, ഉസ്മാന്‍ (റ) വിന്റെതു തന്നെയാണെന്ന് വരുത്താന്‍ പ്രസ്തുത സൂക്തത്തില്‍ രക്തം തേച്ചതായിരിക്കും.
കൊറഡോബ ജാമിഉല്‍ മസ്ജിദിലെ മുസ്ഹഫിനെക്കുറിച്ച് വലിയ വിവാദമൊന്നുമില്ല. കാരണം അതേക്കുറിച്ച് ജനവിശ്വാസംതന്നെ. സഹസ്രാബ്ദങ്ങളായി അവിടെ മുസ്ഹഫ് സ്വസ്ഥമായി ഇരിക്കുന്നുണ്ട്. ചരിത്രത്തില്‍ ഇതെക്കുറിച്ച് തെറ്റുധാരണകള്‍ പരത്തുന്ന ദുര്‍ബലാഭിപ്രായങ്ങള്‍പോലുമില്ല. കൊറഡോബക്കാര്‍ പ്രസ്തുത മുസ്ഹഫിനോട് വളരെ വലിയ ആദരവ് പുലര്‍ത്തിയിരുന്നു. പക്ഷെ, പില്‍ക്കാലത്ത് ക്രി1157 ല്‍ പ്രസ്തുത മുസ്ഹഫ് കൊറഡോബയിലെ മസ്ജിദുല്‍ ജാമിഇല്‍നിന്ന് മൊറോക്കോയിലെ മറാക്കുശിലേക്കു നീക്കി. മുസ്ഹഫ് ചുമന്നവര്‍ അമീര്‍ അബൂ സഈദും അമീര്‍ അബൂ യഅഖൂബുമായിരുന്നു. അമീര്‍ അബ്ദുല്‍ മുഅ്മിന്‍ നിഷ്പക്ഷ നയം സ്വീകരിച്ചു. എന്നാല്‍, ഇതിന്റെ പിന്നില്‍ കൊറഡോബയില്‍ വിപ്ലവം ആളിപ്പടരുമെന്നദ്ദേഹം ഭയന്നിരുന്നു. പക്ഷെ, അതും കെട്ടടങ്ങി.
കൊറഡോബയിലെ ഭരണ കര്‍ത്താക്കളായിരുന്ന മുവഹ്ഹിദുകള്‍ യാത്രയില്‍പ്പോലും പള്ളിയിലെ ഉസ്മാനി മുസ്ഹഫ് കയ്യിലെടുത്തിരുന്നു. യാത്രാസംഘത്തിന്റെ മുന്നില്‍ ചെമന്ന കുതിരപ്പുറത്തായിരുന്നു പ്രസ്തുത മുസ്ഹഫ് വഹിച്ചിരുന്നത്. അവസാനമായി സഈദ് അലി ബിന്‍ മഅ്മൂന്‍ ക്രി. 1247ല്‍ തല്‍മസാനിലേക്ക് പോയപ്പോള്‍ അത് കൊണ്ടുപോയിരുന്നു. തല്‍മസാനിനടുത്തുവെച്ച് അദ്ദേഹം വധിക്കപ്പെടുകയുണ്ടായി. പുത്രന്‍ ഇബ്‌റാഹീം സഹായത്തിനെത്തി. അദ്ദേഹവും വധിക്കപ്പെട്ടു. പലതും കവര്‍ച്ച ചെയ്ത കൂട്ടത്തില്‍ പ്രസ്തുത മുസ്ഹഫും കവര്‍ച്ച ചെയ്യപ്പെട്ടു. പിന്നെ, അതെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. ക്രി. 1269 ല്‍ റമളാന്‍ അവസാനം അലി ബിന്‍ ഉസ്മാന്‍ തല്‍മസാന്‍ രാഷ്ട്ര ഖജനാവ് കീഴടക്കുന്നതുവരെ മുസ്ഹഫ് അവിടെയായിരുന്നു.
ഹറമൈനിശ്ശരീഫൈനിയോട് ഏറ്റവുമധികം ബന്ധം പുലര്‍ത്തിയിരുന്ന സുല്‍ത്താന്‍ അബുല്‍ ഹസന്‍ ക്രി. 1338 ഹജ്ജ് സീസണില്‍ സ്വന്തം എഴുതിയുണ്ടാക്കിയൊരു മുസ്ഹഫ് മക്കയിലെ ഹറമിന് സമ്മാനിച്ചു. പ്രസ്തുത മുസ്ഹഫ് സ്വര്‍ണംകൊണ്ടും മറ്റും വര്‍ണ്ണാലംകൃതമാക്കുകയും മുന്തിയതരം പട്ടുകൊണ്ട് ആവരണം ചെയ്യുകയും ചെയ്തിരുന്നു. അതോടൊന്നിച്ച് കുറേ ധനവും ദരിദ്രര്‍ക്ക് അദ്ദേഹം കൊടുത്തയച്ചു. ഉസ്മാനീ മുസ്ഹഫ് കൈയയിലെടുക്കാതെ അദ്ദേഹം ഒരു യാത്രയും ചെയ്തിരുന്നില്ല. അന്തിലോഷ്യയില്‍ ദുര്‍ബലമായിരുന്ന ഗ്രാനഡ രാഷ്ട്രം ശക്തിപ്പെടുത്തുന്നതില്‍ ബനൂ മരീന്‍ ശക്തിയായി പ്രവര്‍ത്തിച്ചു. പക്ഷെ, ക്രി. 1340 ല്‍ തരീഫ് സംഭവത്തില്‍ കാറ്റ് അവര്‍ക്കെതിരെ വീശി. കാസ്റ്റില്ല യുദ്ധത്തില്‍ ശത്രുസൈന്യവും സഖ്യകക്ഷികളും മുസ്‌ലിം സൈനിക താവളത്തില്‍ കയറിപ്പറ്റി കനത്ത ആക്രമണം നടത്തി.
അങ്ങനെ മുസ്‌ലിംകള്‍ക്ക് ഉസ്മാനീ മുസ്ഹഫ് നഷ്ടപ്പെട്ടു. പോര്‍ച്ചുഗല്‍ക്കാര്‍ അത് കയ്യടക്കിവെച്ചു. അവര്‍ മുസ്‌ലിംകളുടെ എതിര്‍ ചേരിയില്‍ നിന്ന് യുദ്ധം ചെയ്യുകയായിരുന്നു. അബുല്‍ ഹസന്‍ ഇതില്‍ ഏറ്റവും വ്യാകുലപ്പെട്ടു. അതു തിരിച്ചുവാങ്ങാന്‍ പല തന്ത്രവും പ്രയോഗിച്ചു. അങ്ങനെ നാല് വര്‍ഷങ്ങള്‍ക്കു ശേഷം ക്രി. 1344 ല്‍ ഒരു വ്യാപാരി മുസ്ഹഫ് അബുല്‍ ഹസന്ന് തിരിച്ചുനല്‍കി. അതിനവന്‍ ഭീമമായ സംഖ്യ പ്രതിഫലവും വാങ്ങി. അബുല്‍ ഹസന്‍ അത് ഖുറവിയ്യീന്‍ ഖജാനയില്‍ സൂക്ഷിച്ചു. ഇന്ന് പ്രസ്തുത ഖജനാവ് എവിടെയെന്നത് അജ്ഞാതമാണ്.
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter