ഖുര്‍ആന്‍ പഠനത്തിന് ഹദീസിന്റെ അനിവാര്യത
അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി(സ്വ)ക്ക് അല്ലാഹു അവതരിപ്പിച്ചുകൊടുത്ത ദിവ്യഗ്രന്ഥമത്രെ വിശുദ്ധ ഖുര്‍ആന്‍. മുസ്‌ലിംകള്‍ക്കത് മാര്‍ഗദര്‍ശനവും ഭരണഘടനയുമാണ്. പ്രവാചകരുടെ ആഗമനോദ്ദേശ്യമേതോ അവയുടെ സമാഹാരമാണ് ഖുര്‍ആന്‍. തൗഹീദ്, അനുഷ്ഠന കര്‍മങ്ങള്‍, സ്വഭാവ മര്യാദകള്‍, ജീവിതത്തിന്റെ സമസ്ത മേഖലയിലുള്ള നിര്‍ദ്ദേശങ്ങള്‍, ദുഷ്‌കൃത്യങ്ങള്‍ക്ക് ശിക്ഷാതാക്കീതുകള്‍, പ്രോത്സാഹനങ്ങള്‍, ഉപമകള്‍, ചരിത്രസംഭവങ്ങള്‍ അങ്ങനെ എത്രയെത്ര വിഷയങ്ങളാണതുള്‍കൊള്ളുന്നത്! നബിതിരുമേനി സ്വഹാബികള്‍ക്ക് മുഖദാവില്‍ ഖുര്‍ആന്‍ പഠിപ്പിച്ചു. അവര്‍ തങ്ങളുടെ ശേഷമുള്ളവര്‍ക്കും അവര്‍ പിന്‍ഗാമികള്‍ക്കുമായി പഠിപ്പിച്ചുപോന്നു.
അല്ലാഹു അവതരിപ്പിച്ച അതേരൂപത്തില്‍ ഒരു വള്ളിപുള്ളി വ്യത്യാസമില്ലാതെ ഖുര്‍ആന്‍ ജനങ്ങള്‍ക്ക് പ്രബോധനം ചെയ്യുന്നതിന് പുറമെ അതിന്റെ സൂക്തങ്ങള്‍ വിശദീകരിച്ചുകൊടുക്കുക, അതില്‍ മൊത്തമായും സാമാന്യമായും പറഞ്ഞവ വിസ്തരിച്ചുകൊടുക്കുക, പൊതുതത്വങ്ങള്‍ക്കും നിയമങ്ങള്‍ക്കും വ്യാഖ്യാനവും വിശദീകരണവും നല്‍കുക, അതിന്റെ കല്‍പനാനിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കി കാണിച്ചുകൊടുക്കുക മുതലായ ബാധ്യതകള്‍കൂടി നബി തങ്ങള്‍ക്ക് നിറവേറ്റാനുണ്ടായിരുന്നു. 'ജനങ്ങളിലേക്ക് ഇറക്കപ്പെട്ടിട്ടുള്ളതിനെ താങ്കള്‍ അവര്‍ക്ക് വിശദീകരിച്ചുകൊടുക്കാന്‍വേണ്ടി ഖുര്‍ആന്‍ താങ്കള്‍ക്കു നാം അവതരിപ്പിച്ചുതന്നിരിക്കുന്നു (നഹ്ല്‍ 44). ഖുര്‍ആന്‍ ശരിയാംവിധം ഗ്രഹിക്കുവാനും അതിന്റെ പല ഭാഗങ്ങളുടെയും ഉദ്ദേശ്യം മനസ്സിലാക്കുവാനും അത് ആരുടെമേല്‍ അവതരിപ്പിച്ചുവോ ആ പ്രവാചകരെയും അവിടുത്തെ സുന്നത്തിനെയും അവലംബിക്കാതെ നിര്‍വാഹമില്ല. അതൊഴിച്ചുനിര്‍ത്തിക്കൊണ്ട് ഖുര്‍ആന്‍ മനസ്സിലാക്കുക സാധ്യമല്ലതന്നെ. ഇതുകൊണ്ടാണ് ഖുര്‍ആന്‍ ഗ്രഹിക്കാന്‍ ശ്രമിക്കുമ്പോള്‍ നബി തങ്ങളുടെ സുന്നത്തിന്റെ ഗ്രഹണവും മുസ്‌ലിംകള്‍ക്ക് അനിവാര്യമായിത്തീരുന്നത്.
ഹദീസ്
നബിയുടെ വാക്ക്, പ്രവൃത്തി, സ്ഥിരീകരണം ഇവക്കാണ് ഹദീസ് എന്നുപറയുന്നത്. മിക്കപ്പോഴും സുന്നത്തും ഇതേ അര്‍ത്ഥത്തില്‍തന്നെ ഉപയോഗിക്കപ്പെടും (മുഖദ്ദിമ മുസ്‌ലിം). നിശ്ചയം കര്‍മങ്ങള്‍ ഉദ്ദേശ്യങ്ങള്‍ക്കനുസരിച്ചായിരിക്കും (ബുഖാരി, മുസ്‌ലിം) എന്നതുപോലെയുള്ള ഹദീസുകള്‍ വാക്കുമൂലവും നമസ്‌കാരം, നോമ്പ്, ഹജ്ജ് പോലെയുള്ള ആരാധനാ കര്‍മങ്ങളിലും മറ്റും നബി പ്രവര്‍ത്തിച്ചു കാണിച്ചുതന്നവ പ്രവൃത്തി മൂലവുമുള്ള ഹദീസിന്റെ ഉദാഹരണങ്ങളാണ്. സ്വഹാബികളില്‍നിന്നുണ്ടാകുന്ന വല്ല പ്രവൃര്‍ത്തികളെക്കുറിച്ചോ മറ്റോ നബിതങ്ങള്‍ക്ക് തൃപ്തി ഉണ്ടെന്ന് അറിയിക്കുംവിധം അവിടുന്ന് മൗനമവലംബിക്കുമ്പോള്‍ അത് അംഗീകരണ രൂപത്തിലുളള ഹദീസാകുന്നു. ഉദാഹരണത്ത് ഒന്ന് കാണുക: ബനൂ ഖുറൈള യുദ്ധമുണ്ടായ ദിവസം. അവിടെ ചെന്നല്ലാതെ നിങ്ങള്‍ അസ്ര്‍ നിസ്‌കരിക്കരുതെന്ന് സ്വചാബികളോട് നബിതങ്ങള്‍ പറഞ്ഞു. ചിലര്‍ ഈ കല്‍പനയുടെ ബാഹ്യാര്‍ത്ഥം മനസ്സിലാക്കി സൂര്യന്‍ അസ്തമിച്ചിട്ടും ബനൂ ഖുറൈളയില്‍ എത്തിയ ശേഷം മാത്രമേ അസ്ര്‍ നിസ്‌കരിച്ചുള്ളൂ. ദ്രുതഗതിയില്‍ അവിടെ എത്തണമെന്നതാണ് ഇതിന്റെ താല്‍പര്യമെന്ന് മനസ്സിലാക്കി വേറെ ചിലര്‍ വഴിയില്‍ വെച്ച് കൃത്യസമയത്ത് തന്നെ നമസ്‌കരിച്ചു. രണ്ടുകൂട്ടര്‍ ചെയ്തതും പ്രവാചകന്‍ അറിഞ്ഞു. ആരെയും ആക്ഷേപിക്കുകയുണ്ടായില്ല (ബുഖാരി). രണ്ടിനും മൗനം വഴി അനുമതി നല്‍കുകയാണ് ചെയ്തത്.
സ്വഹാബികളുടെ മാതൃക
നബിയില്‍നിന്ന് ഖുര്‍ആന്‍ നേരിട്ട് പഠിച്ചവരാണെല്ലോ സ്വഹാബികള്‍. തദ്വിഷയത്തില്‍ അവരുടെ നിലപാട് എന്തായിരുന്നുവെന്ന് അറിയലും പരിശോധിക്കലും നമുക്ക് അനിവാര്യമാണ്. സ്വഹാബികള്‍ നബിയില്‍നിന്ന് ഖുര്‍ആന്‍ കേട്ടുപഠിക്കുകയും അതില്‍നിന്നു മതവിധികള്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു. പക്ഷെ,  ആ മതവിധികള്‍ പ്രാവര്‍ത്തികമാക്കാനാവശ്യമായ നിബന്ധനകള്‍, ഘടകങ്ങള്‍, അവക്ക് കുഴപ്പം വരുത്തുന്ന കാര്യങ്ങള്‍ മുതലായവ വിവരിക്കപ്പെടാതെയായിരിക്കും ചിലപ്പോള്‍ ഖുര്‍ആനില്‍ പറയുക. ഉദാഹരണത്തിന് നമസ്‌കാരത്തെപ്പറ്റി ഖുര്‍ആനില്‍ പല സ്ഥലങ്ങളിലും പറഞ്ഞെങ്കിലും അതിന്റെ സമയമോ നിബന്ധനകളോ റകഅത്തുകളുടെ എണ്ണമോ ഒന്നും പറഞ്ഞിട്ടില്ല. എങ്കിലും അതിന്റെ നിബന്ധനകളും മറ്റും ഉള്‍കൊള്ളിച്ച് നബിതങ്ങള്‍ നിസ്‌കരിച്ചുകാണിച്ചുകൊടുത്തിട്ട് അവിടുന്ന് പറഞ്ഞു: ഞാന്‍ എപ്രകാരാം നിസ്‌കരിക്കുന്നതായി നിങ്ങള്‍ കണ്ടുവോ അതുപോലെ നിസ്‌കരിക്കുവിന്‍ (ബുഖാരി). അങ്ങനെ നമസ്‌കാരം, ഹജ്ജ് പോലെയുള്ള അനുഷ്ഠാനങ്ങളില്‍ ആചരിക്കേണ്ട മര്യാദകളും നിയമങ്ങളും അവര്‍ നബിയില്‍നിന്ന് പഠിക്കുകയും ശീലിക്കുകയും ചെയ്തു.
കൂടാതെ ഖുര്‍ആനില്‍ പറയപ്പെട്ടിട്ടില്ലാത്തതും വ്യക്തമായി പ്രസ്താവിക്കപ്പെട്ടിട്ടില്ലാത്തതുമായ പല പ്രശ്‌നങ്ങളും നേരിടും. അപ്പോഴെല്ലാം നബിയെ സമീപിക്കേണ്ടതായും വരും. ദൈവിക കാര്യങ്ങള്‍ പ്രബോധനം ചെയ്യുന്നയാള്‍ നബിതങ്ങള്‍ ആണെല്ലോ. മത സംബന്ധമായ അതിര്‍വരമ്പുകളും മര്യാദകളും മറ്റും വേറെയാരെക്കാളും കൂടുതല്‍ അറിയുന്നതും നബിക്കുതന്നെ. ചിലപ്പോള്‍ ഏതെങ്കിലും കാര്യത്തില്‍ തന്റെ നിര്‍ദ്ദേശം സ്വഹാബികള്‍ സ്വീകരിച്ചില്ലെന്നറിഞ്ഞാല്‍ നബി കോപിക്കും. ഹുദൈബിയ്യ സന്ധി നടന്ന കാലത്ത് ഉംറക്ക് ഇഹ്‌റാമില്‍ പ്രവേശിച്ചായിരുന്നു നബിയും സ്വഹാബികളും ഹുദൈബിയ്യയിലെത്തിയത്. പക്ഷെ, ഖുറൈശ് അവരെ തടുത്തു. തന്‍മൂലം മക്കയില്‍ പ്രവേശിക്കാനാകാതെ വന്നപ്പോള്‍ തലമുടിയെടുത്ത് ഇഹ്‌റാമില്‍നിന്ന് ഒഴിവാകുവാന്‍ നബി തിരുമേനി സ്വഹാബികളോട് കല്‍പിച്ചു. ഉദ്ദിഷ്ട കാര്യമായ ഉംറ നിര്‍വഹിക്കാന്‍ കഴിയാതെ തിരിച്ചുപോകുന്നതില്‍ വൈമനസ്യം നേരിട്ട സ്വഹാബികള്‍ക്ക്- നബിയുടെ കല്‍പന സ്വീകരിക്കുന്നതിലല്ല- ഈ നിര്‍ദ്ദേശത്തിന് മടി തോന്നി. ഇതു  കണ്ട് നബി അനിഷ്ടം പ്രകടിപ്പിക്കുകയും സ്വയം തന്നെ വേഗം അങ്ങനെ ചെയ്യുകയുമുണ്ടായി. ഇതുകണ്ട മറ്റുള്ളവര്‍ നബിയെ അനുകരിക്കുകയും ചെയ്തു. ചുരുക്കത്തില്‍ ഏതൊരു വിഷയത്തിലും നബിയുടെ മാതൃക യാതൊരു ഏറ്റക്കുറച്ചിലും കൂടാതെ അനുസരിക്കാന്‍ സ്വഹാബികള്‍ നിര്‍ബന്ധിതരായിരുന്നു.
ഹദീസിന്റെ അനിവാര്യത
ഖുര്‍ആന്‍ ഗ്രഹിക്കാന്‍ രണ്ടു മാര്‍ഗങ്ങളുണ്ട്. ഖുര്‍ആനില്‍ ഒരിടത്ത് പറഞ്ഞ വിഷയം മറ്റൊരിടത്ത് നിന്ന് വിശദീകരണമായി വന്ന ആയത്തുകൊണ്ട് മനസ്സിലാക്കുക. ഇതാണ് ഒന്ന്. ഖുര്‍ആന്റെ വിശദീകരണമായി വന്ന ഹദീസുകളില്‍ നിന്ന് മനസ്സിലാക്കുകയെന്നതാണ് രണ്ടാമത്തെ മാര്‍ഗം (ഇബ്‌നു കസീര്‍). ഖുര്‍ആന്‍ വചനങ്ങളും അതിന്റെ ഉദ്ദേശ്യങ്ങളും ജനങ്ങള്‍ക്ക് വിവരിച്ചുകൊടുത്താലും ഭിന്നാഭിപ്രായമുള്ള വിഷയങ്ങളില്‍ സത്യം കാണിച്ചുകൊടുക്കല്‍ക്കൂടി നബിയുടെ കര്‍ത്തവ്യമാണെന്ന് അല്ലാഹുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങള്‍ ഭിന്നാഭിപ്രായക്കാരായ വിഷയത്തെ താങ്കള്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും വിശ്വിസിക്കുന്ന ജനതക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമായിട്ടും അല്ലാതെ താങ്കള്‍ക്കു നാം ഖുര്‍ആന്‍ ഇറക്കിത്തന്നിട്ടില്ല (നഹ്ല്‍ 64). ഖുര്‍ആന്‍ മാത്രമല്ല, പുറമെ ഹിക്മത്തുംകൂടി ജനങ്ങള്‍ക്ക് നബി പഠിപ്പിക്കേണ്ടതുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നു. ''അല്ലാഹു താങ്കള്‍ക്ക് കിത്താബും ഹിക്മത്തും ഇറക്കിത്തരികയും താങ്കള്‍ക്ക് അറിയാത്തത് അവന്‍ പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു (നിസാഅ് 113). അഹ്‌സാബ് 34, അല്‍ ബഖറ 231, ആലു ഇംറാന്‍ 164, ജുമുഅ 3, എന്നീ സൂക്തങ്ങളിലെല്ലാം ഈ പരാമര്‍ശം കാണാം.
ഖുര്‍ആനിനെ പറഞ്ഞിടത്തെല്ലാം അതിനുപുറമെ ഹിക്മത്ത് എന്നും പറയുന്നു. എന്നാല്‍, ഈ ഹിക്മത്ത് എന്ന വാക്കു കൊണ്ടുള്ള വിവക്ഷ എന്താണെന്നു നോക്കാം. നബിയുടെ സുന്നത്ത് അംഗീകരിക്കല്‍ നിര്‍ബന്ധമാണെന്നും അത് അനുസരിക്കാതെ ഖുര്‍ആന്‍ ഉള്‍കൊള്ളാന്‍ കഴിയുകയില്ലെന്നും നിരവധി തെളിവുകള്‍ നിരത്തിവെച്ച് സമര്‍ത്ഥിക്കുന്ന കൂട്ടത്തില്‍ മേല്‍ ഉദ്ധരിച്ച സൂക്തത്തിലെ ഹിക്മത്ത് എന്ന പദത്തെക്കുറിച്ച് ഇമാം ശാഫിഈ (റ) പറയുന്നു: ഹിക്മത്ത് എന്നാല്‍ റസൂലിന്റെ സുന്നത്താകുന്നു. ഖുര്‍ആനും സുന്നത്തും പഠിച്ച പണ്ഡിതന്മാരെല്ലാം അങ്ങനെ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട് (അര്‍രിസാല). 'അറിയുക! നിശ്ചയം എനിക്ക് വേദഗ്രന്ഥവും അതോടൊപ്പം അത്രയും കൂടി നല്‍കപ്പെട്ടിരിക്കുന്നു (അബൂ ദാവൂദ്).
അപ്പോള്‍ മേല്‍പറഞ്ഞ ആയത്തുകളില്‍നിന്നും ഹദീസില്‍നിന്നും ചില കാര്യങ്ങള്‍ വ്യക്തമാകുന്നു:
1. ഖുര്‍ആന്‍ പഠിപ്പിക്കുന്നതിനു പുറമെ അതിന്റെ വിശദാംശങ്ങളും നിയമങ്ങളും ജീവിത രീതിയും പഠിപ്പിച്ചുകൊടുക്കല്‍ നബിക്ക് നിര്‍ബന്ധമായിരുന്നു.
2. അത് ദിവ്യബോധനം മൂലമുണ്ടാകുന്ന സുന്നത്താകുന്നു.
3. അവ രണ്ടും കൂടി വെച്ചല്ലാതെ ഖുര്‍ആന്‍ ഗ്രഹിക്കാന്‍ സാധ്യമല്ല.
4. ഖുര്‍ആന്‍ മാത്രം അംഗീകരിച്ച് ഹദീസ് തള്ളിക്കളയുന്നവന്‍ മുസ്‌ലിമാവുകയില്ല.
5. നബിയുടെ വാക്കും പ്രവൃത്തിയും മൗനാനുവാദവുമെല്ലാം ഖുര്‍ആന്‍ പഠിക്കാനും പ്രാവര്‍ത്തികമാക്കാനുമുള്ള മാനദണ്ഡങ്ങളായി സ്വഹാബികള്‍ സ്വീകരിച്ചിരുന്നു.
ഇനി ഇസ്‌ലാമിക നിയമ നിര്‍മാണത്തില്‍ ഒന്നാം സ്ഥാനമര്‍ഹിക്കുന്ന ഖുര്‍ആനിനെ അപേക്ഷിച്ച് ഹദീസിനെ മൂന്നാക്കി തരം തിരിക്കാം:
1. മൊത്തത്തിലും വിശദമായും ഖുര്‍ആന്റെ പ്രസ്താവനകളോട് യോജിച്ച് അതിന്റെ വിധികള്‍ക്ക് ബലം നല്‍കുന്നവ. നമസ്‌കാരം, നോമ്പ്, ഹജ്ജ് മുതലായവയുടെ നിബന്ധനയോ ഘടകങ്ങളോ വിസ്തരിക്കാതെ അവയുടെ നിര്‍ബന്ധത്തെ മാത്രം കാണിക്കുന്ന ഹദീസുകള്‍ ഈ ഇനത്തില്‍ പെട്ടവയാണ്. ഉദാഹരണം കാണുക: ഒരു മുസ്‌ലിമിന്റെ ധനം അവന്റെ പൂര്‍ണ തൃപ്തിയോടെയല്ലാതെ അനുവദനീയമല്ല എന്ന ഹദീസ് 'സത്യവിശ്വാസികളെ, നിങ്ങളുടെ ധനം നിങ്ങള്‍ക്കിടയില്‍ അന്യോന്യം തൃപ്തിയോടെയുള്ള വല്ല കച്ചവടംമൂലമല്ലാതെ അന്യായമായി ഭക്ഷിക്കരുത്' എന്ന ഖുര്‍ആനിക വിരോധത്തോട് യോജിക്കുന്നു.
2. നിരുപാധികമായതിന് ഉപാധി നല്‍കിയും പൊതുവായുള്ളതിനെ പ്രത്യേകതപ്പെടുത്തിയും മറ്റും ഖുര്‍ആന്റെ വിധികള്‍ക്ക് വിവരണമായി നിലകൊള്ളുന്നവ. നമസ്‌കാരം, നോമ്പ്, സക്കാത്ത് മുതലായവയുടെ വിധികള്‍ വിവരിക്കുന്ന ഹദീസുകള്‍ ഈ വകുപ്പില്‍പെട്ടതാണ്.
3. ഖുര്‍ആന്‍ മൗനം അവലംബിച്ച ഏതെങ്കിലും വിധി ഉള്‍കൊള്ളുന്നവ. ഒരു സ്ത്രീ നിലവിലിരിക്കെ അവളുടെ അമ്മാവി ഇളയമ്മ മൂത്തമ്മമാരെ വിവാഹം കഴിച്ചുകൂടാ, വിവാഹിതരായ വ്യഭിചാരിയെ എറിഞ്ഞുകൊല്ലണം, പിതാമഹിക്ക് അനന്തരവകാശം നല്‍കണം എന്നീ വിധികളെ നിര്‍ണയിക്കുന്ന ഹദീസുകള്‍ ഈ വകുപ്പില്‍പെട്ടതാണ് (അര്‍രിസാലത്ത്).
ഈ മൂന്നാമത്തെ വകുപ്പില്‍ ഖുര്‍ആന്‍ പറയാത്ത നിരവധി വിധികള്‍ ഹദീസ് മുഖനേ സ്ഥിരപ്പെടുന്നുണ്ട്. അപ്പോള്‍ ഖുര്‍ആനും ഹദീസുമാകുന്ന രണ്ടു മൂലങ്ങളില്‍നിന്നാണ് ഇസ്‌ലാമിക ശരീഅത്ത് ജന്മമെടുക്കുന്നത്. ഖുര്‍ആനിലില്ലാത്ത പലതും ഹദീസിലുള്ളതിനാല്‍ ഖുര്‍ആന്‍ പോലെത്തന്നെ ഹദീസും സ്വീകരിക്കേണ്ടതാണ്. ഏതെങ്കിലും ഒന്നിനെ ഒഴിവാക്കി ഇസ്‌ലാം ഉള്‍കൊള്ളുക  സാധ്യമല്ലതന്നെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter