ഖുര്‍ആനികാദ്ധ്യാപനവും അദ്ധ്യയനവും പോലെ അത് പാരായണം ചെയ്യലും പാരായണം ചെയ്യുന്നത് കേള്‍ക്കലും വളരെ പുണ്യമുള്ള കര്‍മങ്ങളാണ്. യഥാവിധി ഖുര്‍ആന്‍ പാരായണം ചെയ്യുക വഴി നമുക്ക് പല നേട്ടങ്ങളുമുണ്ടാക്കാന്‍ കഴിയും. തദ്വിഷയകമായ ആയത്തുകളും ഹദീസുകളും നിരവധിയാണ്. അല്ലാഹു പറയുന്നു: ''അല്ലാഹുവിന്റെ ഗ്രന്ഥം ഓതുകയും നിസ്‌കാരം നിലനിര്‍ത്തുകയും നാം കൊടുത്തത്തില്‍നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവര്‍ തീരെ നഷ്ടം വരാത്ത ഒരു കച്ചവടം ആഗ്രഹിക്കുന്നവരാണ് (35:29). നിസ്‌കാരം, ദാനധര്‍മം എന്നിവയോടൊപ്പം ഖുര്‍ആന്‍ പാരായണവും പരാമര്‍ശിക്കപ്പെട്ടിരിക്കയാണിവിടെ. വിനഷ്ടമല്ലാത്തൊരു വ്യാപാരമാണ് ഖുര്‍ആന്‍ പാരായണമെന്ന് അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. ''ഗ്രന്ഥത്തില്‍നിന്ന് നിനക്ക് സന്ദേശം അറിയിക്കപ്പെട്ടതിനെ നീ പാരായണം ചെയ്തുകൊണ്ടിരിക്കുക. നിസ്‌കാരം നിലനിര്‍ത്തുകയും ചെയ്യുക (29:45).
ആയിശ (റ) യില്‍നിന്ന് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഒരു ഹദീസ് ഇപ്രകാരമാണ്: ഖുര്‍ആനില്‍ പ്രാവീണ്യം നേടിയവര്‍ പുണ്യവാളന്മാരായ മലക്കുകളോടുകൂടെയായിരിക്കും. ഖുര്‍ആന്‍ ഓതുന്നതില്‍ പ്രയാസത്തോടെ വിക്കി വിക്കി ഓതുന്നവന് രണ്ട് പ്രതിഫലമുണ്ട്. അബൂ ഹുറൈറ നിവേദനം ചെയ്യുന്ന ഒരു ഹദീസ് കാണുക: പ്രവാചകന്‍ ചോദിച്ചു: നിങ്ങളിലൊരാള്‍ നിങ്ങളുടെ വീട്ടുകാരിലേക്കു മടങ്ങിച്ചെല്ലുമ്പോള്‍ തടിച്ചുകൊഴുത്ത ഗര്‍ഭിണികളായ മൂന്നു ഒട്ടകങ്ങളെ അവിടെ കണ്ടെത്തുന്നത് നിങ്ങള്‍ക്കു ഇഷ്ടമാകുമോ? ഞങ്ങള്‍ പറഞ്ഞു: അതെ. അപ്പോള്‍ തിരുമേനി പറഞ്ഞു: എന്നാല്‍ നിങ്ങള്‍ നിസ്‌കാരത്തിലോതുന്ന മൂന്ന് ആയത്തുകള്‍ മൂന്ന് തടിച്ചുകൊഴുത്ത ഗര്‍ഭിണികളായ ഒട്ടകങ്ങളെക്കാള്‍ അവന് ഗുണമേറിയതാണ് (മുസ്‌ലിം). ഖുര്‍ആന്‍ ഓതുന്നവര്‍ക്ക് പരലോകത്ത് പ്രത്യേകം പരിഗണനയുണ്ടാകും. ഇബ്‌നു ഉമര്‍ (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസ് കാണുക: ഖുര്‍ആന്റെ ആളുകളോട് പറയപ്പെടും: നിങ്ങള്‍ ഓതുക. ഇഹത്തില്‍വെച്ച് നീ എപ്രകാരം ഓതിയിരുന്നുവോ അപ്രകാരം സാവകാശം ഓതിക്കൊള്ളുക. നീ ഓതുന്നതിന്റെ അവസാനത്തിലായിരിക്കും നിന്റെ സ്ഥാനം (അഹ്മദ്). ഓത്തിനനുസരിച്ച് ഒരാള്‍ക്ക് സ്ഥാന പ്രാപ്തി സാധ്യമാണെന്നും പരലോക ഔന്നത്യത്തിന്റെ മാനദണ്ഡം സാവധാനം നല്ലനിലയില്‍ ഓതലാണെന്നും ഈ ഹദീസില്‍നിന്നും വ്യക്തമാകുന്നു.
മുസ്‌ലിം സമുദായത്തിന് അല്ലാഹു നല്‍കിയ ഒരു ഭാഗ്യസമ്മാനമാണ് ഖുര്‍ആന്‍. അത്യാഗാധമായൊരു വിജ്ഞാന സാഗരമാണത്. ഇസ്‌ലാമിന്റെ വൈരികള്‍ക്ക് അത് പുല്‍കാന്‍ ഭാഗ്യമില്ലാതെപോയി. എന്നാല്‍, ഈ ഖുര്‍ആന്‍ പഠിക്കാതെയും പാരായണം ചെയ്യാതെയുമിരിക്കല്‍ വലിയ വീഴ്ചയും നഷ്ടവുമായിട്ടാണ് ഇസ്‌ലാം കാണുന്നത്. മുആവിയ (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ കാണാം. പ്രവാചകന്‍ പറഞ്ഞു: മൂന്നു വസ്തുക്കള്‍ ഐഹിക ലോകത്ത് പരദേശികളാണ്. അധര്‍മകാരിയുടെ മനസ്സിലെ ഖുര്‍ആന്‍, ദുര്‍ജ്ജനങ്ങള്‍ക്കിടയിലെ സാത്വികര്‍, വീട്ടില്‍ ഓതപ്പെടാതെയിരിക്കുന്ന ഖുര്‍ആന്‍ എന്നിവയാണവ. ഖുര്‍ആന്‍ പഠിച്ച ഒരാള്‍ അതു പാരായണം ചെയ്തില്ലെങ്കില്‍ അവനെതിരിലത് മഹ്ശറയില്‍ സാക്ഷി നില്‍ക്കുന്നതാണ്. 'എന്റെ രക്ഷിതാവേ, ഇതാ, എന്നെ പരിത്യജിച്ച നിന്റെ അടിമ. എന്റെയും ഇവന്റെയും ഇടയില്‍ നീ വിധി കല്‍പിക്കേണമേ (ഹദീസ്). ഖുര്‍ആന്‍ പാരായണം യഥാവിധിയാകുമ്പോള്‍ മാത്രമേ ഖുര്‍ആന്റെ മധുരിമയും അമാനുഷികതയും മറ്റു ഗുണവിശേഷങ്ങളുമെല്ലാം അനുഭവിക്കാന്‍ കഴിയുകയുള്ളൂ. അല്ലാഹു പറയുന്നു: ''നാം ആര്‍ക്ക് വേദം നല്‍കുകയും അവര്‍ അത് മുറപ്രകാരം പാരായണം ചെയ്യുകയും ചെയ്യുന്നുവോ അവര്‍ അതില്‍ (ഖുര്‍ആന്‍) വിശ്വസിക്കുന്നു. ആരെങ്കിലും അതിനെ നിഷേധിച്ചുകളഞ്ഞാല്‍ അവര്‍ തന്നെയാണ് നഷ്ടപ്പെട്ടവര്‍ (2:121). വിധിവിലക്കുകള്‍ പാലിച്ചും വാക്യങ്ങള്‍ മാറ്റിമറിക്കാതെയും തെറ്റാതെയും പാരായണം ചെയ്യുമ്പോള്‍ മാത്രമേ പാരായണം മുറപ്രകാരമാവുകയുള്ളൂ. ഇമാം ഗസാലി (റ) പറയുന്നു: മുറപ്രകാരം പാരായണം ചെയ്യുക എന്നാല്‍ നാവും ബുദ്ധിയും ഹൃദയവും പാരായണത്തില്‍ പങ്കു ചേരുക എന്നതാണ്. നാവിന്റെ പങ്ക് അക്ഷരങ്ങള്‍ വ്യക്തമായി ഉച്ചരിക്കലും ബുദ്ധിയുടെ പങ്ക് അര്‍ത്ഥങ്ങള്‍ വിശകലനം ചെയ്യലും ഹൃദയത്തിന്റെ പങ്ക് വിധിവിലക്കുകള്‍ സ്വീകരിക്കലും ഉദ്‌ബോധനങ്ങള്‍ ഉള്‍കൊള്ളലുമാണ്.
ഖുര്‍ആന്‍ പാരായണത്തിന് അതിന്റേതായ ഒരു ശൈലിയുണ്ട്. തജ്‌വീദ് (ഖുര്‍ആന്‍ പാരായണ ശാസ്ത്രം) പഠിച്ചവര്‍ക്കേ ഖുര്‍ആന്‍ യഥാവിധി പാരായണം ചെയ്യാന്‍ സാധിക്കുകയുള്ളൂ. തജ്‌വീദ് പഠിക്കാതെയും നീട്ടിയും കുറുക്കിയും മണിച്ചും ഈണത്തിലുമൊക്കെ ഖുര്‍ആന്‍ ഓതാന്‍ കഴിഞ്ഞെന്നുവരും. പക്ഷെ, അതിലെ വൈകല്യങ്ങള്‍ പഠിച്ചവര്‍ക്ക് വേഗത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നതാണ്. ഖുര്‍ആന്റെ പാരായണ ശൈലി കവിതാ രൂപത്തിലോ പദ്യ-ഗദ്യ രൂപത്തിലോ അല്ല. അത്തരം രൂപ ശൈലികളിലൊന്നും തന്നെ അത് പാരായണം ചെയ്തുകൂടാ. അല്ലാഹു ഖുര്‍ആന്‍ ഇറക്കിയ ശൈലിയെയോ പണ്ഡിതന്മാര്‍ ഏകോപിച്ച തജ്‌വീദ് നിയമങ്ങളെയോ പരിഗണിക്കാതെ ഒരാല്‍ ഖുര്‍ആന്‍ ഓതിയാല്‍ അതൊരിക്കലും ഖുര്‍ആന്‍ ആവുകയില്ല. അത്തരം ഖിറാഅത്തുകള്‍ നിമിത്തം നിസ്‌കാരം അസാധുവാകുന്നതുമാണ്. ഇബ്‌നു ഹജര്‍ (റ) വിന്റെ ഫതാവ പോലുള്ള ഗ്രന്ഥങ്ങളില്‍ ഇത് വിവരിക്കുന്നുണ്ട്. ഇബ്‌നു ഗാസി തന്റെ ശറഹില്‍ പറയുന്നു: തജ്‌വീദ് പഠനം ഫര്‍ദ് കിഫയാണെന്നതില്‍ രണ്ട് അഭിപ്രായങ്ങള്‍ക്ക് ഇടമില്ല. ഖുര്‍ആന്‍ പാരായണത്തില്‍ തജ്‌വീദ് പ്രാവര്‍ത്തികമാക്കല്‍ ഏതൊരു സ്ത്രീ-പുരുഷനും ഫര്‍ദ് ഐനുമാണ്. ഇക്കാര്യം ഖുര്‍ആന്‍ കൊണ്ടും ഹദീസ് കൊണ്ടും സ്ഥിരപ്പെട്ടതാണ്. അല്ലാഹു പറഞ്ഞു: 'നീ വളരെ സാവധാനത്തില്‍ ഓതുക.' സരള ഭംഗിയോടെ തജ്‌വീദ് അനുസരിച്ച് ഓതുക എന്ന വിശദീകരണമാണ് ഇവിടെ ഇമാം ബൈളാവി നല്‍കിയിരിക്കുന്നത്. ഇവിടെ, സംബോധന പ്രവാചകരോടാണെങ്കിലും ഉദ്ദേശ്യം മറ്റുള്ളവരാണ്. പ്രവാചകന്‍ പറഞ്ഞു: എത്രയെത്ര ഓത്തുകാരാണ്, ഖുര്‍ആന്‍ അവരെ ശപിച്ചുകൊണ്ടിരിക്കുന്നു!. ഖുര്‍ആന്‍ അധ്യാപനങ്ങളുടെ അനുഷ്ടാനത്തില്‍ വിഘ്‌നത വരുത്തുമ്പോഴാണ് ഖുര്‍ആന്‍ ശാപത്തിന് ശരവ്യമാകുന്നത്. മുറപ്രകാരം സാവകാശം പാരായണം ചെയ്യുക അനുഷ്ടാനങ്ങളുടെ കൂട്ടത്തില്‍ പെട്ടതാണ്.
ശൈഖ് മുഹമ്മദ് മക്കി എന്ന പണ്ഡിതന്‍ തന്റെ നിഹായത്തുല്‍ ഖൗലില്‍ മുഫീദ് ഫീ ഇല്‍മിത്തജ്‌വീദ് എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ഓതുന്നവര്‍ പ്രധാനമായും ഖുര്‍ആന്റെ മൂന്നു കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. 1) നിപുണനും ബുദ്ധിശാലിയും പ്രവാചകരില്‍നിന്നും പരമ്പര മുറിയാത്തവനുമായ ഒരു അധ്യാപകനില്‍നിന്നും ഓത്ത് പഠിക്കുക. 2) ഉസ്മാനി എഴുത്ത് സാമാന്യമായെങ്കിലും അറിഞ്ഞിരിക്കുക. 3) ഖിറാഅത്ത് ഖുര്‍ആന്‍ വ്യാകരണ ശാസ്ത്രവുമായി ഏതെങ്കിലും വിധേന യോജിക്കുക. ഈ മൂന്നു കാര്യങ്ങള്‍ക്ക് വിഘ്‌നത സൃഷ്ടിച്ചാല്‍ ഓത്ത് നിയമാതീതമായി തീരുന്നതാണ്. പ്രവാചകരുടെ കാലത്ത് ഖുര്‍ആന്‍ പഠനം ഇന്നത്തേതുപോലെ ഗ്രന്ഥങ്ങള്‍ ആശ്രയിച്ചായിരുന്നില്ല. സ്വരചിഹ്നങ്ങളും പുള്ളികളുമൊന്നും അന്ന് നടപ്പിലുണ്ടായിരുന്നില്ല. പിന്നീട്, അറബി ലിപിയില്‍ പല പരിഷ്‌കരണങ്ങളും നടക്കുകയുമുണ്ടായി. ഉസ്മാനി മുസ്ഹഫുകളില്‍ പുള്ളികളും സ്വരചിഹ്നങ്ങളുമൊന്നും ഉണ്ടായിരുന്നില്ല. നഹ്‌വും ഇക്കാലത്ത് ഇല്ലായിരുന്നു. അവര്‍ പിഴവ് പറ്റാത്ത അറബികളായതിനാലായിരിക്കും ഇത്. ആദ്യമായി നഹ്‌വും മുസ്ഹഫില്‍ സ്വരചിഹ്നങ്ങളും നടപ്പാക്കിയത് അബുല്‍ അസ്‌വദു ദ്ദുവലി എന്ന പണ്ഡിതനാണ്. ചുവന്ന ഓരോ പുള്ളികളിട്ടായിരുന്നു ഇതിന്റെ തുടക്കം- അകാര ചിഹ്നം അക്ഷരത്തിന്റെ മുകളിലും ഇകാര ചിഹ്നം അക്ഷരത്തിന്റെ താഴെയും ഉകാര ചിഹ്നം അക്ഷരത്തിന്റെ നടുവിലുമായിരുന്നു ഇട്ടിരുന്നത്. വലീദ് ബിന്‍ അഹ്മദ് എന്നയാള്‍ പിന്നീട് ഇതില്‍ ചില പരിഷ്‌കരണങ്ങള്‍ വരുത്തി. ശദ്ദ്, മദ്ദ്, ഹംസ വസ്‌ലിന്റെ ചിഹ്നം തുടങ്ങിവ അതില്‍പെടുന്നു. ഹജ്ജാജു ബിന്‍ യൂസുഫിന്റെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു ഇത്. പുള്ളി ആദ്യമായി നടപ്പാക്കിയത് നസ്‌റു ബിന്‍ ആസിം എന്ന പണ്ഡിതനാണ് (ഖസീനത്തുല്‍ അസ്‌റാര്‍).
ഖുര്‍ആന്‍ ഇറക്കപ്പെട്ട കാലത്ത് ഏഴുവിധം ഓത്തുകള്‍ നിലവിലുണ്ടായിരുന്നു. പക്ഷെ, അവ ഇന്ന് നിലവിലില്ല. നബിക്ക് അവസാന വര്‍ഷം രണ്ടു തവണ സമ്പൂര്‍ണമായി ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുകയുണ്ടായി. അതനുസരിച്ചാണ് പിന്നീട് ഓത്ത് നിലവില്‍ വന്നത്. അതോടെ മറ്റുള്ള ഓത്തുകളെല്ലാം ദുര്‍ബലപ്പെടുകയുണ്ടായി. അബൂബക്ര്‍ (റ), ഉമര്‍ (റ), ഇബ്‌നു മസ്ഊദ് (റ), ഉബയ്യ്, സൈദ്, സാലിം, മുആദ്, ഇബ്‌നു അബ്ബാസ്, ഉസ്മാന്‍, അലി (റ) തുടങ്ങിയവര്‍ ഖുര്‍ആന്‍ പാരായണക്കാരില്‍ പേരെടുത്തു പറയേണ്ടവരാണ്. ഓത്തിന് നാം അവലംബിക്കുന്ന ഏഴു ഓത്തുകാരായ അബൂ അംറ്, ബിന്‍ കസീര്‍, നാഫിഅ്, ഇബ്‌നു ആമിര്‍, ആസ്വിം, സംസ, അലി തുടങ്ങിയവര്‍ ഈ പരമ്പരയില്‍ പെട്ടവരാണ്. തജ്‌വീദിന്റെ അനുബന്ധവിഷയം എന്ന നിലക്കാണ് ഇത്രയും പറഞ്ഞത്. വഖ്ഫ് (വെപ്പ്), മഖ്‌റജ് (ഉച്ചാരണം), വസ്‌ല് (ചേര്‍ത്തിയോതല്‍), ഗുന്നത്ത് (മണിക്കല്‍), ഇദ്ഗാം (മിശ്രണം), ഇള്ഹാര്‍ (വെളിവാക്കല്‍), ഇഖ്ഫാഅ് (മറക്കല്‍), ഇഖ്‌ലാബ് (മറിക്കല്‍), മദ്ദ് (ദീര്‍ഘം), ഖസ്‌റ് (കുറുക്കല്‍), സക്ത്ത (അടുക്കം) മുതലാവയെല്ലാം ഓത്തുകാരന്റെ അനിവാര്യ ശ്രദ്ധ പതിയേണ്ടവയാണ്. ഇവയെല്ലാം ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല.
ഒരാള്‍ എത്ര കണ്ടു ഖുര്‍ആന്‍ ഓതണം? പൂര്‍വികരുടെ മാതൃക ഇതില്‍ എന്താണ്? നമുക്ക് പരിശോധിച്ചുനോക്കാം: പൂര്‍വികര്‍ ഖുര്‍ആന്‍ ഖതം തീര്‍ക്കുന്ന സമയങ്ങള്‍ ഭിന്നമാണ്. രണ്ടു മാസത്തിലൊരിക്കല്‍ ചിലര്‍ ഖത്തം തീര്‍ക്കുമ്പോല്‍ ഓരോ മാസത്തിലും ഓരോ ഖത്തം തീര്‍ക്കുന്നവരാണ് മറ്റു ചിലര്‍. ഏഴു മാസത്തിലൊരിക്കല്‍ പൂര്‍ത്തിയാക്കുന്ന ചിലരുമുണ്ട്. അതേസമയം, ആറു ദിവസത്തിലും അഞ്ചു ദിവസത്തിലും നാലു ദിവസത്തിലും മൂന്നു ദിവസത്തിലുമൊക്കെ ഖത്തം തീര്‍ക്കുന്നവരുമുണ്ടായിരുന്നു. പകലും രാത്രിയും കൂടി രണ്ടോ മൂന്നോ ഖത്തം തീര്‍ക്കുന്നവരെയും ചരിത്രത്തില്‍ നമുക്ക് കാണാവുന്നതാണ്. നന്നാലു വീതം രാത്രിയും പകലുമായി എട്ടു ഖത്തം തീര്‍ക്കുന്നവരും വളരെ വിരളമായിട്ടാണെങ്കിലും ഉണ്ടായിട്ടുണ്ട്. മഹാനായ സയ്യിദ് ഇബ്‌നുല്‍ കാത്തിബ് ഇത്തരം മഹാന്മാരില്‍ ഒരാളായിരുന്നു. പൂര്‍വ്വ സൂരികള്‍ക്കിടയില്‍ ഇത്തരം വിവിധ ഗണത്തിലുള്ളവരെ കാണാവുന്നതാണ് (അദ്കാറുന്നബവി).
ഇമാം അബൂ ഹനീഫയുടെ അഭിപ്രായപ്രകാരം വര്‍ഷത്തില്‍ രണ്ടു തവണ ഖുര്‍ആന്‍ ഓതിത്തീര്‍ത്താല്‍ ഖുര്‍ആന്റെ അവകാശം വകവെച്ചുകൊടുത്തുവെന്നാണ്. എന്നാല്‍, നാല്‍പത് ദിവസത്തെക്കാള്‍ ഒരു ഖത്തം പിന്തിപ്പിക്കല്‍ കറാഹത്താണെന്നാണ് ഇമാം അഹ്മദ് (റ) വിന്റെ പക്ഷം. അബ്ദുല്ലാഹിബ്‌നു അംറ് (റ) ഒരിക്കല്‍ പ്രവാചകരോട് ചോദിച്ചു. എത്രകൂടുമ്പോള്‍ ഖുര്‍ആന്‍ ഓതി പൂര്‍ത്തിയാക്കണം? അവിടന്നു പറഞ്ഞു: നാല്‍പത് ദിവസത്തിലൊരിക്കല്‍ (അബൂ ദാവൂദ്). പക്ഷെ, ഇതൊരിക്കലും ഒരു നിര്‍ബന്ധ കല്‍പനയല്ല. നിസ്‌കാരമാണ് ഖുര്‍ആന്‍ പാരായണത്തിന് ഏറ്റവും അനുയോജ്യമായ സമയം. നിസ്‌കാരത്തില്‍ ഖിറാഅത്തുമായി നിര്‍ത്തം ദീര്‍ഘിപ്പിക്കുന്നതാണ് സുജൂദും മറ്റും ദീര്‍ഘിപ്പിക്കുന്നതിനെക്കാള്‍ ഉത്തമമെന്നാണ് ഇമാം ശാഫിഈ (റ) വിനെപ്പോലെയുള്ളവരുടെ അഭിപ്രായം.
നിസ്‌കാരം കഴിഞ്ഞാല്‍ പിന്നെ, രാത്രിയുടെ അന്ത്യയാമവും രാത്രിയുമാണ് ഖിറാഅത്തിന് ഏറ്റവും ഉത്തമമായിട്ടുള്ളത്. ഇശാ-മഗ്‌രിബിനിടയിലും ഓത്ത് പുണ്യംതന്നെ. പകല്‍ ഓതുന്നവര്‍ക്ക് സുബ്ഹി നിസ്‌കാരത്തിനു ശേഷമാണ് ഏറ്റവും ഉത്തമം. നിസ്‌കാരം വിലക്കപ്പെട്ട സമയങ്ങളില്‍ ഖിറാഅത്തിന് യാതൊരു വിരോധവുമില്ല. വെള്ളി, തിങ്കള്‍, വ്യാഴം, അറഫാ ദിനം, ദുല്‍ ഹിജ്ജ ആദ്യ പത്ത്, റമദാന്‍, പ്രത്യേകിച്ചും റമദാന്‍ അവസാന പത്ത് തുടങ്ങിയവ ഖുര്‍ആന്‍ പാരായണത്തിന് തെരഞ്ഞെടുക്കല്‍ വളരെ ഉത്തമമാണ്. തികഞ്ഞ നിഷ്‌കളങ്കതയോടുകൂടിയായിരിക്കണം ഖുര്‍ആന്‍ പാരായണം. ഓത്തുകാരന്‍ അല്ലാഹുവിന്റെ പ്രതിഫലമല്ലാതെ യാതൊരു മുതലെടുപ്പും ആഗ്രഹിക്കാവതല്ല. ഖുര്‍ആന്‍ ഉദരപൂരണത്തിനുള്ള മാര്‍ഗമാക്കല്‍ വലിയ തെറ്റാണ്. അല്ലാഹുവിന്റെ ഗ്രന്ഥമാണ് ഓതുന്നതെന്നും അവനോടുള്ള സംഭാഷണമാണ് ചെയ്യുന്നതെന്നുമുള്ള തികഞ്ഞ ബോധം ഓത്തുകാരന് ഉണ്ടായിരിക്കണം.
ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അവന്റെ ഏറ്റവും വലിയ ഗുരു ഖുര്‍ആനുശ്ശരീഫാണ്. ആ ഗുരുവിന്റെ മുമ്പില്‍ വിനയാന്വിതനായി ഇരിക്കേണ്ടതുണ്ട്. സുഗന്ധം ഉപയോഗിക്കുക, വുളൂ എടുക്കുക, മിസ്‌വാക്ക് ചെയ്യുക, വായ ശുദ്ധി വരുത്തുക, ഭംഗിയുള് വസ്ത്രം ധരിക്കുക മുതലായ കാര്യങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നവന്ന് സുന്നത്തുണ്ട്. നജസായ വായകൊണ്ട് ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ പാടുള്ളതല്ല. അത് കറാഹത്താണെന്നും ഹറാമാണെന്നും അഭിപ്രായങ്ങളുണ്ട്. കോട്ടുവായുവും കീഴ്‌വായുവും ഉണ്ടാകുമ്പോള്‍ ഖിറാഅത്ത് നിര്‍ത്തല്‍ ചെയ്യേണ്ടതാണ്. നല്ല വൃത്തിയുള്ള സ്ഥലത്തു വെച്ചായിരിക്കണം പാരായണം. പള്ളിയായിരിക്കല്‍ ഏറ്റവും നല്ലതാണ്. അങ്ങാടികളിലും കളിവിനോദങ്ങളും ശബ്ദകോലാഹലങ്ങളും ഉയരുന്ന സ്ഥലങ്ങളിലും മൂഢന്മാരുടെ സങ്കേതങ്ങളിലും ഖുര്‍ആന്‍ ഓതുക നല്ലതല്ല. എന്നാല്‍, ചിന്തിക്കാന്‍ ശേഷിയുള്ള ആളുകള്‍ക്കിടയില്‍ ഓതാവുന്നതാണ്. അവര്‍ക്കേ ഖുര്‍ആന്റെ വിശിഷ്ടതകള്‍ ഉള്‍കൊള്ളാന്‍ കഴിയുകയുള്ളൂ. പ്രാരംഭത്തില്‍ പിശാചില്‍നിന്ന് കാവല്‍ തേടലും ബിസ്മി ചൊല്ലലും സുന്നത്തുണ്ട്. അല്ലാഹു പറയുന്നു: നീ ഖുര്‍ആന്‍ ഓതിയാല്‍ (ഓതാന്‍ ഉദ്ദേശിച്ചാല്‍) പിശാചില്‍നിന്ന് അല്ലാഹുവിനോട് അഭയം തേടുക (നഹ്ല്‍: 98). ചുരുക്കം ചിലര്‍ ഇവിടെ ആയത്തിന്റെ ബാഹ്യാര്‍ത്ഥമനുസരിച്ച് കാവല്‍ തേടല്‍ ഓത്ത് കഴിഞ്ഞിട്ടാണെന്ന് പറഞ്ഞിട്ടുണ്ട്. പൂര്‍വികരും പിന്‍ഗാമികളുമായ ഏതാണ്ടെല്ലാ മുഫസ്സിരീങ്ങളും ഓത്ത് ആരംഭക്കുമ്പോള്‍ എന്നുതന്നെയാണ് വ്യാഖ്യാനിച്ചിട്ടുള്ളത്. അഊദു നിര്‍ബന്ധമാണെന്ന പക്ഷക്കാരെയും കാണാവുന്നതാണ്. ഓത്ത് മറ്റൊരാള്‍ കേള്‍ക്കുമെന്നുണ്ടെങ്കിലും മറ്റൊരാള്‍ക്ക് ഓതിക്കൊടുക്കുമ്പോഴും അഊദു ഉച്ചത്തിലാക്കുന്നതാണ് നല്ലത്. സ്വയമോ നിസ്‌കാരത്തിലോ ഓതുമ്പോള്‍ മെല്ലെയും ഓതണം.
അല്ലാഹുവിന്റെ തിരുനാമത്തില്‍ സമാരംഭിക്കുക എന്നതാണ് ബിസ്മി ചൊല്ലുന്നതിന്റെ പൊരുള്‍. പ്രവാചകന്‍ പറഞ്ഞു: ജിബ്‌രീല്‍ വഹ്‌യുമായി എന്റെ അടുക്കല്‍ വന്നാല്‍ ബിസ്മി ആയിരിക്കും ആദ്യം ഓതിത്തരിക (ദാറഖുത്‌നി). ബിസ്മിയുടെ മഹത്വത്തിന് നിദര്‍ശനമായി ധാരാളം ഹദീസുകള്‍ വേറെയുമുണ്ട്. ബറാഅത്ത് ഒഴിച്ചുള്ള എല്ലാ സൂറത്തുകളുടെയും തുടക്കത്തില്‍ ബിസ്മി ഒരായത്തിന്റെ സ്ഥാനം അലങ്കരിക്കുന്നുവെന്നാണ് അധിക പണ്ഡിതരുടെയും പക്ഷം. അവര്‍ക്കിടയില്‍ ഇവ്വിഷയകമായി നീണ്ട അഭിപ്രായാന്തരങ്ങള്‍ കാണാം. ഉച്ചത്തിലോതുമ്പോഴെല്ലാം ബിസ്മിയും ഉച്ചത്തിലായിരിക്കണം. ഖുര്‍ആന്‍ പാരായണം എന്നല്ല, എല്ലാ നല്ല കാര്യങ്ങളുടെയും പ്രാരംഭം ബിസ്മി ചൊല്ലിയ ശേഷമായിരിക്കല്‍ സുന്നത്താണ്. അറിവുള്ളവര്‍ അര്‍ത്ഥം ചിന്തിച്ചുകൊണ്ടായിരിക്കണം ഓതേണ്ടത്. അര്‍ത്ഥം അറിയാതെയുള്ള ഓത്തും പ്രതിഫലാര്‍ഹം തന്നെയാണ്. അതുപോലെ, സാവധാനത്തിലും ഭക്തിയോടെയും പാരായണം ചെയ്യണം. ഓതുമ്പോള്‍ കരയല്‍ സുന്നത്തുണ്ട്. കരയാന്‍ കഴിയുന്നില്ലെങ്കില്‍ അഭിനയിച്ചെങ്കിലും കരയണമെന്നാണ് പ്രവാചകര്‍ പഠിപ്പിക്കുന്നത്.
കാണാതെ ഓതുന്നതിനെക്കാള്‍ നല്ലത് മുസ്ഹഫില്‍ നോക്കി ഓതുന്നതാണ്. പ്രവാചകന്‍ പറഞ്ഞു: ആരാധനകളില്‍നിന്ന് കണ്ണിനുള്ള അവകാശം നിങ്ങള്‍ നല്‍കുക. അവര്‍ ചോദിച്ചു: പ്രവാചകരെ, കണ്ണിന്റെ അവകാശമെന്താണ്? പ്രവാചകന്‍ പറഞ്ഞു: മുസ്ഹഫില്‍ നോക്കലും അതില്‍ ചിന്തിക്കലുമാണ്. ഇനി, കാണാതെ ഓതുമ്പോഴാണ് ചിന്തിക്കാന്‍ കഴിയുന്നതെങ്കില്‍ അങ്ങനെ ഓതുന്നതാണ് നല്ലത്. ലോകമാന്യം പിടികൂടുകയില്ലെന്ന് കാണുമ്പോള്‍ ഉറക്കെ ഓതലാണ് ഉത്തമം. പക്ഷെ, അത് നിസ്‌കരിക്കുന്നവര്‍ക്കോ ഉറങ്ങുന്നവര്‍ക്കോ ശല്യം ചെയ്യുന്നതാവരുതെന്ന ഉപാധിയുണ്ട്. മെല്ലെ ഓതുന്നതില്‍നിന്നും ആപേക്ഷികമായി ഉറക്കെ ഓതുന്നതിലാണ് ഗുണമധികവും. ശബ്ദം ഭംഗിയാക്കുക, പരസ്പരം ബന്ധമുള്ള തലമുതല്‍ തുടങ്ങുക, ഇടക്കുവെച്ച് ഓത്തു മുറിക്കാന്‍ അവസരമുണ്ടാകാത്ത വിധം ആളൊഴിഞ്ഞ സ്ഥലത്തുനിന്ന് ശാന്തമായി ഓതുക തുടങ്ങിയവ സുന്നത്തുണ്ട്. ഓത്തിനിടക്ക് സലാം പറഞ്ഞാല്‍ സുന്നത്ത് കിട്ടാതിരിക്കയില്ല. തുമ്മിയാല്‍ സ്തുതിക്കാനും തശ്മീത്ത് ചെല്ലാനും ബാങ്കിന് ഇജാബത്ത് ചെയ്യാനും ഓത്ത് മുറിക്കല്‍ സുന്നത്ത് തന്നെയാണ്. പണ്ഡിതര്‍ പോലെയുള്ളവരുടെ ആഗമനത്തിന് ഓത്തുകാരന്‍ ഓത്തു മുറിക്കലിന് വിരോധമില്ല.
സൂറത്തുകളുടെ ക്രമമനുസരിച്ച് ഓതുക, ഓത്തില്‍ പ്രവാചകരുടെ പേര് പരാമര്‍ശിക്കുമ്പോള്‍ സ്വലാത്ത് ചൊല്ലുക, കാരുണ്യത്തിന്റെ ആയത്തുകളോതുമ്പോള്‍ അല്ലാഹുവിനോട് കാരുണ്യം ചോദിക്കുക, ശിക്ഷയുടെ ആയത്തുകള്‍ ഓതപ്പെടുമ്പോള്‍ അവനോട് കാവല്‍ ചോദിക്കുക, സജദയുടെ ആയത്തുകള്‍ ഓതപ്പെടുമ്പോള്‍ സുജൂദ് ചെയ്യുക തുടങ്ങിയ കാര്യങ്ങളും സുന്നത്തില്‍ പെടുന്നു. ഓത്ത് നിന്നാണെങ്കിലും ഇരുന്നാണെങ്കിലും ഖിബ്‌ലക്ക് മുന്നിട്ടായിരിക്കണം. ചമ്പറംപടിയിട്ടും ചാരിയിരുന്നിട്ടും ഓതുന്നത് നല്ലതല്ല. ഓത്തിനിടയില്‍ അനാവശ്യവും അന്യവുമായ സംസാരം, വിനോദാത്മക വസ്ത്തുക്കളിലേക്കുള്ള നോട്ടം തുടങ്ങിയവ വര്‍ജ്ജിക്കേണ്ടതാണ്. ജനാബത്തുള്ളവര്‍ക്കും ഹൈളും നിഫാസുമുള്ളവര്‍ക്കും ഖുര്‍ആന്‍ പാരായണം നിഷിദ്ധമാണ്. കുറച്ച്, കൂടുതല്‍ എന്ന വ്യത്യാസം അവിടെയില്ല. അവര്‍ക്ക് ഖുര്‍ആന്‍ ഉച്ചരിക്കാതെ ഹൃദയത്തിലൂടെ നടത്താവുന്നതാണ്. മുസ്ഹഫില്‍ നോക്കുന്നതിന് വിരോധമൊന്നുമില്ല. ദിക്ര്‍ ചൊല്ലലും തഥൈവ.
വുളൂ ഇല്ലാത്തവര്‍ ഖുര്‍ആന്‍ സ്പര്‍ശിക്കലും വഹിക്കലും നിഷിദ്ധമാണ്. ഖുര്‍ആന്റെ സംരക്ഷണത്തിന് തയ്യാറാക്കപ്പെട്ട സഞ്ചി, പെട്ടി, മുസ്ഹഫിന്റെ ചട്ട എന്നിവയുടെ വിധിയും ഇപ്രകാരം തന്നെ. നജസ് കൊണ്ടോ നജസിന്റെ മുകളിലോ ഖുര്‍ആന്‍ എഴുതലും ഖുര്‍ആനില്‍ സ്പര്‍ശിക്കലും ഹറാമുതന്നെ. ഭക്ഷണം, വസ്ത്രങ്ങള്‍, മതിലുകള്‍ (അവ പള്ളിയുടെതായാലും) തുടങ്ങിയവയില്‍ ഖുര്‍ആന്‍ എഴുതല്‍ കറാഹത്താണ്. കേട്ടാല്‍ നിഷേധിക്കുമെന്ന് ഉറപ്പുള്ള ആക്രമിയുടെ മുമ്പിലും ഖുര്‍ആന്‍ ഓതല്‍ പാടുള്ളതല്ല. ഖുര്‍ആന്‍ ഓതിത്തീര്‍ന്നാല്‍ പ്രാര്‍ത്തിക്കല്‍ ഉത്തമമായ സുന്നത്താണ്. ദുആക്ക് മറുപടി ആഗ്രഹിക്കപ്പെടാവുന്ന സമയങ്ങളില്‍ ഒന്നാണിത്. പ്രവാചകന്‍ പറഞ്ഞു: ഒരാള്‍ ഖുര്‍ആന്‍ ഓതിത്തീര്‍ന്നാല്‍ ഉത്തരം കിട്ടപ്പെടുന്ന ഒരു പ്രാര്‍ത്ഥന അല്ലാഹുവിന്റെ അടുക്കല്‍ അവന് അവകാശപ്പെട്ടതാണ്. അല്ലാഹു ഉദ്ദേശിച്ചാല്‍ ഐഹിക ലോകത്തുവെച്ചുതന്നെ അവനത് നല്‍കും. അവന്‍ ഉദ്ദേശിച്ചാല്‍ ആഖിറത്തിലേക്ക് അതിനെ മാറ്റിവെക്കുകയും ചെയ്യും (ത്വബ്‌റാനി).
അനസ് (റ) നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: നിശ്ചയം ഓത്തുകാരന് എല്ലാ ഖത്തത്തോടൊപ്പവും ഒരു ദുആയും സ്വര്‍ഗത്തില്‍ ഒരു വൃക്ഷവും അവകാശപ്പെട്ടതാണ് (ദാരിമി). അനസ് (റ) ഖത്തം തീര്‍ത്താല്‍ കുടുംബങ്ങളെ സംഘടിപ്പിച്ച് ദുആ ചെയ്തിരുന്നതായി അബൂ ദാവൂദ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഖത്തം തീര്‍ന്നാല്‍ ഒരു അഞ്ചു ആയത്തിന്റെ കണക്ക് കണ്ട് തുടക്കത്തില്‍ നിന്ന് ഓതി വീണ്ടും ഓത്ത് തുടങ്ങി വെക്കലും അല്ലാഹുവിന്റെ സത്യവചനങ്ങളെ സ്ഥിരീകരിക്കലും പ്രവാചകരുടെ തബ്‌ലീഗ് സമ്മതിക്കലും സുന്നത്തുണ്ട്. തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ടെന്നും അഭിപ്രായമുണ്ട്.
(ഖുര്‍ആന്‍ ഡൈജസ്റ്റ്, 1985, എസ്.പി.സി, ചെമ്മാട്, മലപ്പുറം)
Leave A Comment