ഖുര്‍ആനും ശാസ്ത്രവും
 ജ്ഞാനവിസ്മയങ്ങളുടെ ലോകത്ത് ആഴത്തില്‍ ചര്‍ച്ചചെയ്യപ്പെട്ട പുതുവിവരങ്ങളുടെ സര്‍വ്വ വിജ്ഞാനകോശമാണ് വിശുദ്ധ ഖുര്‍ആന്‍. വിവരസാങ്കേതിക വിദ്യകള്‍ വളര്‍ച്ചയുടെ അത്യുന്നതി പ്രാപിച്ച ഇക്കാലത്തുപോലും ഖുര്‍ആന്‍ സ്പര്‍ശിക്കാതെ പോയ വിജ്ഞാനശാഖകള്‍ കണ്ടെത്തുക അസാധ്യം. വിദ്യ കച്ചവടവല്‍കരിക്കപ്പെടുകയും അഭ്യാസം പ്രഹസനത്തിന്റെ വിളനിലമാവുകയും ജ്ഞാനം കിട്ടാക്കനിയായി മാറുകയും ചെയ്യുമ്പോള്‍ ഈ അന്വേഷണം കൂടുതല്‍ പ്രസക്തമാകുന്നു. അടിക്കടി മനുഷ്യനോട് ചിന്തിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഖുര്‍ആന്‍ ഓരോ സൂക്തത്തിലും പുതുവിജ്ഞാനങ്ങളുടെ വിസ്മയ പ്രപഞ്ചങ്ങളിലേക്ക് വാതായനങ്ങള്‍ തുറക്കുന്നതു കാണാം. ഒരു ശാസ്ത്രീയ ഗ്രന്ഥമല്ലെങ്കിലും വിശുദ്ധ ഖുര്‍ആന്‍ ശാസ്ത്രീയ വസ്തുതകളുടെ ആഴങ്ങള്‍ പരിചയപ്പെടുത്തുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നുവെന്നത് ഏറെ ചിന്തോദ്ദീപകംതന്നെ. ശാസ്ത്രത്തിന്റെ പ്രാധമികാറിവുകള്‍ മുതല്‍ വികസിതവും നൂതനവുമായ വിജ്ഞാനങ്ങളുടെ ആഴങ്ങളിലേക്കുവരെ ഇത് വെളിച്ചം വീശുന്നുണ്ട്. ശാസ്ത്രപഠനങ്ങള്‍ കാര്യക്ഷമമാവുകയും പ്രാപഞ്ചിക പര്യവേക്ഷണങ്ങള്‍ സാര്‍വത്രികമാവുകയും ചെയ്ത ഇക്കാലത്ത് ഖുര്‍ആനിന്റെ അര്‍ത്ഥതലങ്ങള്‍ ഏറെ   പ്രസ്പഷ്ടമായിവരികയാണ്. പ്രാപഞ്ചിക രഹസ്യങ്ങളെയും ശാസ്ത്രീയ ചക്രവാളങ്ങളെയും മനസ്സിലാക്കാനുള്ള ഒരു നിഘണ്ടുവായിട്ടാണ് ഇവിടെ വിശുദ്ധ ഖുര്‍ആന്‍ വര്‍ത്തിക്കുന്നത് എന്നു കാണം.
മനുഷ്യനും ശാസ്ത്രവും ഭൂമിയില്‍ അധിവാസം തുടങ്ങിയതുമുതല്‍ മനുഷ്യന്‍ പ്രകൃതിയെ കുറിച്ചും ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. സ്വന്തം സൃഷ്ടിപ്പിനെ കുറിച്ചും ജീവിത ലക്ഷ്യത്തെക്കുറിച്ചും മനസ്സിലാക്കാന്‍ അന്വേഷണങ്ങള്‍ തുടര്‍ന്നു. കാലാന്തരങ്ങളില്‍ വിവിധ നാഗരികതകളിലായി ഉയര്‍ന്നുവന്ന ഈ അന്വേഷണ ത്വര ചരിത്രഗതി നിയന്ത്രിക്കുകയും മനുഷ്യജീവിതം ക്രമീകരിക്കുകയും ചെയ്യുന്ന മതരൂപങ്ങള്‍ക്കു ജന്മം നല്‍കി. ഇവയില്‍ പലതും ചില പുസ്തകങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു.
ചിലത് ദൈവികമാണെന്ന് അവയുടെ അനുയായികള്‍ വാദിക്കുമ്പോള്‍ മറ്റുചിലത് മനുഷ്യന്റെ കേവലാനുഭവങ്ങളുടെ മേല്‍ എടുക്കപ്പെട്ടവയാണ്. ഇസ്‌ലാമിക മൂല്യങ്ങളുടെ അടിസ്ഥാന സ്രോതസായ ഖുര്‍ആന്‍ ദൈവികവും മാനുഷ്യകത്തിന്റെ മാര്‍ഗ ദര്‍ശനവുമാണ്. സാര്‍വ്വ കാലികവും സാര്‍വ്വ ജനീനവുമായ അതിന്റെ സന്ദേശങ്ങള്‍ ഏതു കാലത്തും ഏതു സമൂഹത്തിലും ഒളിമങ്ങാതെ കാലിക പ്രസക്തമായി നിലകൊള്ളുന്നു. അന്ധവിശ്വാസങ്ങള്‍ക്കും അമാനുഷിക കൃത്യങ്ങള്‍ക്കും മനുഷ്യബുദ്ധിയെക്കാള്‍ പ്രാധാന്യം കല്‍പിക്കപ്പെട്ട ഒരു കാലം കഴിഞ്ഞുപോയിട്ടുണ്ട് ലോകനാഗരികതയുടെ ചരിത്രത്തില്‍. പക്ഷെ, ഇത്തരം 'അമാനുഷിക കൃത്യങ്ങളെ' നമുക്കെങ്ങനെ നിര്‍വ്വചിക്കാന്‍ കഴിയും? വിവരണാതീതമാംവിധം മനുഷ്യന്റെ സാധാരണ ജീവിത നിലവാരത്തില്‍നിന്നും പുറത്ത് സ്ഥിതിചെയ്യുന്ന ഒന്നാണെന്നാണെല്ലോ ഇതിനെക്കുറിച്ച് പറയപ്പെടാറ്. എന്തായിരുന്നാലും അമാനുഷിക കൃത്യങ്ങളെ സമീപ്പിക്കുമ്പോള്‍ നാം തീര്‍ച്ചയായും ബോധവാന്മാരാകേണ്ടതുണ്ട്. 
1993 ല്‍ ബോംബെയിലിറങ്ങിയ 'ടൈംസ് ഓഫ് ഇന്ത്യ'യില്‍ ഒരു സന്യാസിയെക്കുറിച്ച് വാര്‍ത്ത വന്നിരുന്നു.  ബാബാ പൈലറ്റ് എന്നാണ് അയാളുടെ പേര്. തുടര്‍ച്ചയായ മൂന്നു ദിവസം ജലസംഭരണിയില്‍ മുങ്ങിക്കിടന്നു എന്നതായിരുന്നു അയാളുടെ അവകാശവാദം. ഇതറിഞ്ഞുവന്ന പത്രപ്രവര്‍ത്തകര്‍ ജലസംഭരണിയുടെ അടിഭാഗം പരിശോധിക്കണമെന്നുപറഞ്ഞപ്പോള്‍ അയാള്‍ അനുവദിച്ചില്ല. കുഞ്ഞിന് ജന്മം നല്‍കിയ ഒരമ്മയുടെ ഗര്‍ഭാഷയും എങ്ങനെ പരിശോധിക്കാനാകുമെന്ന് ചോദിച്ച് വാദിക്കുകയായിരുന്നു അദ്ദേഹം. ബാബ പലതും മറച്ചുവെക്കുകയാണിവിടെ. ജനശ്രദ്ധ നേടാനുള്ള കേവലമൊരു തട്ടിപ്പ് മാത്രമായിരുന്നു ഇത്. ചിന്താപരമായ സൂചനകള്‍ ഉണ്ടെങ്കില്‍പോലും ആധുനിക മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു 'അമാനുഷിക കൃത്യം' അംഗീകരിക്കുക സാധ്യമല്ല. നിരര്‍ത്ഥകമായ ഈ അമാനുഷികതയാണ് ദൈവികതയുടെ മാനദണ്ഡമെങ്കില്‍ വിശ്വവിഖ്യാത മജീഷ്യനായ പി.സി. സോര്‍ക്കറെ ഏറ്റവും വലിയ ദൈവമായി അംഗീകരിക്കേണ്ടിയിരിക്കുന്നു. ദൈവികമെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഗ്രന്ഥം തീര്‍ച്ചയായും അമാനുഷികമാകേണ്ടതുണ്ട്.
ഏതൊരു കാലത്തിന്റെയും നിലവാരം നോക്കി ഇത്തരമൊരു അവകാശവാദത്തിലെ സത്യാവസ്ഥ കണ്ടെത്താവുന്നതാണ്. മാനുഷ്യകത്തിനുമേല്‍ കാരുണ്യമായി അവതരിച്ച മഹാവിസ്മയവും ഒടുവിലത്തെ ദിവ്യവെളിപാടുമാണ് വിശുദ്ധ ഖുര്‍ആന്‍. ഇത്തരുണത്തില്‍, ഈയൊരു വിശ്വാസത്തിലെ സത്യാവസ്ഥ എത്രമാത്രമുണ്ടെന്ന് അന്വേഷിച്ചുനോക്കാം.
ഖുര്‍ആന്റെ വെല്ലുവിളി കവിതയും സാഹിത്യവും ഏതൊരു സംസ്‌കാരത്തിലും മനുഷ്യകഴിവിന്റെയും സര്‍ഗശേഷിയുടെയും മാനദണ്ഡമായി വിലയിരുത്തപ്പെടുന്നു. ഇന്ന് ശാസ്ത്രത്തിനും സാങ്കേതിക വിദ്യക്കും കല്‍പിക്കപ്പെടുന്ന അതേ സ്ഥാനവും മേന്മയും ഒരു കാലത്ത് കവിതയും സാഹിത്യവും ആസ്വദിച്ചിട്ടുണ്ടെന്നതിന് ലോകം സാക്ഷിയാണ്. അറബ് സാഹിത്യത്തില്‍ ഭൂമിലോകത്ത് ഏറ്റവും മികച്ചുനില്‍ക്കുന്നത് വിശുദ്ധ ഖുര്‍ആനാണെന്ന് മുസ്‌ലിംകളെപ്പോലെത്തന്നെ അമുസ്‌ലിംകളും സമ്മതിക്കുന്നുണ്ട്. മനുഷ്യലോകത്തെ വെല്ലുവിളിച്ചുകൊണ്ട് ഖുര്‍ആന്‍ ചോദിക്കുന്നത് കാണുക: ''നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതില്‍ നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിലുള്ളപോലെ ഒരദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ക്കുള്ള സഹായികളെയും വിളിച്ചുകൊള്ളുക. നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ (നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയില്ല) മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നിരകാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിക്കുക. സത്യനിഷേധികള്‍ക്കായി ഒരുക്കപ്പെട്ടതാകുന്നു അത്.'' (2:23-24).
ഖുര്‍ആനിലുള്ളതുപോലെ ചെറിയൊരു അധ്യായമെങ്കിലും കൊണ്ടുവരാനാണ് ഇവിടത്തെ വെല്ലുവിളി. ഇക്കാര്യം പലതവണ വിശുദ്ധ ഖുര്‍ആനില്‍ ആവര്‍ത്തിച്ചുവരുന്നുണ്ട്. അര്‍ത്ഥത്തിലും ഒഴുക്കിലും സൗന്ദര്യത്തിലും ഇതിനോട് അടുത്തുനില്‍ക്കുന്ന ഒരു അധ്യായം കൊണ്ടുവരാനുള്ള വെല്ലുവിളി ഇന്നും സാക്ഷാത്കരിക്കപ്പെടാതെ നിലനില്‍ക്കുകയാണ്. കാവ്യാത്മകമായ ഭാഷയില്‍ ഏറ്റവും അനുയോജ്യമായ നിലക്ക് ഭൂമി പരന്നതാണെന്നു പറയുന്ന ഒരു മത ഗ്രന്ഥത്തെ അംഗീകരിക്കാന്‍ ബുദ്ധയുള്ള ആധുനിക മനുഷ്യന് സാധിക്കില്ല. കാരണം, അവന്‍ യുക്തിചിന്തക്കും ശാസ്ത്രത്തിനും പ്രാധാന്യമുള്ള കാലത്താണ് ജീവിക്കുന്നത്. വ്യതിരിക്തത പുലര്‍ത്തുന്ന മനോഹരമായ ഭാഷകൊണ്ടുമാത്രം ഖുര്‍ആന്റെ ദൈവികത എല്ലാവരും അംഗീകരിച്ചുകൊള്ളണമെന്നില്ല. ദൈവിക വെളിപാടുകളാണെന്ന് അവകാശവാദമുന്നയിക്കുന്ന ഏതൊരു ഗ്രന്ഥവും അതിന്റെതന്നെ കനവും ഗാംഭീര്യവും മുന്‍നിറുത്തി സ്വീകാര്യമാവേണ്ടതുണ്ട്. വിഖ്യാത ഊര്‍ജ്ജതന്ത്രജ്ഞനും നോബല്‍ സമ്മാന ജേതാവുമായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ അഭിപ്രായത്തില്‍ 'മതം കൂടാതെയുള്ള ശാസ്ത്രം മുടന്തനും ശാസ്ത്രം കൂടാതെയുള്ള മതം അന്ധനുമാണ്.' അതുകൊണ്ടുതന്നെ, വിശുദ്ധ ഖുര്‍ആനും ശാസ്ത്രവും ഏതെല്ലാം തലങ്ങളില്‍ ഒത്തുപോകുന്നുവെന്നും ഏതെല്ലാം തലങ്ങളില്‍ ഒത്തുപോകുന്നില്ലെന്നും അന്വേഷിക്കപ്പെടേണ്ടതുണ്ട്. വിശുദ്ധ ഖുര്‍ആന്‍ ഒരിക്കലും ഒരു ശാസ്ത്രീയ ഗ്രന്ഥമല്ല; പ്രത്യുത, ദൃഷ്ടാന്തങ്ങളുടെ (ആയാത്ത്) പുസ്തകമാണ്.
ആറായിരത്തോളം സൂക്തങ്ങളുള്ള ഇതില്‍ നൂറിലേറെ സൂക്തങ്ങള്‍ വളരെ പ്രകടമായിത്തന്നെ ശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. പരോക്ഷമായ സൂചനകള്‍ അതിലേറെയുമുണ്ട്. വിശുദ്ധ ഖുര്‍ആനിലെ ശാസ്ത്രീയ സത്യങ്ങളുടെ സാന്നിദ്ധ്യം കേവല യാദൃച്ഛികതയാണെന്ന് വാദിക്കുന്നത് യുക്തിരഹിതവും ശരിയായ ശാസ്ത്രത്തോടുള്ള വിമുഖതയുമാണ്. ലോകാലോകങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ മനുഷ്യരാശിയെ ഒന്നടങ്കം പ്രേരിപ്പിച്ചുകൊണ്ട് അല്ലാഹു പറയുന്നു: ''നിശ്ചയം ആകാശഭൂമികളുടെ സൃഷ്ടപ്പിലും രാപ്പകലുകള്‍ മാറിവരുന്നതിലും ചിന്തിക്കുന്നവര്‍ക്ക് അനവധി ദൃഷ്ടാന്തങ്ങളുണ്ട്'' (3:19). ഖുര്‍ആനിലെ ശാസ്ത്രീയ വിസ്മയങ്ങള്‍ സത്യത്തില്‍ ഖുര്‍ആനിന്റെ ത്‌നെ ദൈവികതയെയാണ് വിളിച്ചോതുന്നത്. നൂറ്റാണ്ടുകള്‍ക്കു ശേഷം കണ്ടെത്തപ്പെടുന്നതും അല്ലാത്തതുമായ അനവധി ശാസ്ത്രീയ കാര്യങ്ങള്‍ ഉള്‍കൊള്ളിച്ച് പതിനാല് നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇത്തരമൊരു ഗ്രന്ഥമിറക്കുകയെന്നത് മനുഷ്യന്റെ കഴിവില്‍ പെട്ടതല്ല. വിശുദ്ധ ഖുര്‍ആന്‍ ഒരു ശാസത്രീയ ഗ്രന്ഥമല്ല; മറിച്ച്, ദൃഷ്ടാന്തങ്ങളുടെ സമാഹാരമാണ്. പ്രകൃതിയുമായി സഹവര്‍ത്തിത്വത്തോടെ കഴിയാനും ഭൂമിയില്‍ തന്റെ സാന്നിദ്ധ്യം കൊണ്ട് എന്താണോ ലക്ഷീകരിക്കുന്നത് അത് സാക്ഷാത്കരിക്കാനും ഇവ മനുഷ്യനെ പ്രേരിപ്പിക്കുന്നു. സത്യത്തില്‍ സ്രഷ്ടാവും പ്രപഞ്ച പരിപാലകനുമായ അല്ലാഹുവിന്റെ സന്ദേശമാണ് ഖുര്‍ആന്‍.
ആദം നബി മുതല്‍ മൂസാ നബിയിലൂടെ, ഈസാ നബിയിലൂടെ മുഹമ്മദ് നബിയില്‍ പര്യവസാനിച്ച ദീര്‍ഘ പ്രവാചക ശൃംഖല ഒന്നടങ്കം പ്രബോധനം ചെയ്ത അതേ തൗഹീദിന്റെ സന്ദേശമാണിത്. ഖുര്‍ആനും ആധുനിക ശാസ്ത്രവുമെന്ന വിശയത്തില്‍ അനവധി ബൃഹത് ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. ഇന്നും തല്‍വിഷയകമായി കാര്യമാത്രപ്രസക്തമായ ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. വിശുദ്ധ ഖുര്‍ആനിലെ വളരെ കുറച്ചു മാത്രം ശാസ്ത്രീയ പരാമര്‍ശങ്ങളാണ് ഇവിടെ പ്രതിപാദിക്കപ്പെട്ടത്. ഇതുപോലെ അനവധി വസ്തുതകള്‍ നമുക്ക് കണ്ടെത്താനാവുന്നതാണ്. പ്രൊഫ. ടേജസണ്‍ വിശുദ്ധ ഖുര്‍ആനിലെ ഒരേയൊരു ശാസ്ത്രീയ ദൃഷ്ടാന്തം കണ്ടാണ് ഇസ്‌ലാമിലേക്കു കടന്നുവന്നത്. ചിലര്‍ക്കു ഖുര്‍ആന്റെ ദൈവികത ബോധ്യപ്പെടാന്‍ പത്തോ അല്ലെങ്കില്‍ നുറോ തെളിവുകള്‍ വേണ്ടി വരും. അതേസമയം, ചിലര്‍ ആയിരം തെളിവുകള്‍ കണ്ടാലും ഇസ്‌ലാമിലേക്കു കടന്നുവരികയുമില്ല. ഇത്തരം കുടുസായ മനസ്ഥിതിയുള്ളവരെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ''ബധിരരും അന്ധരും ഊമകളുമാകുന്നു അവര്‍. അതിനാല്‍ അവര്‍ (സത്യത്തിലേക്കു) തിരച്ചുവരില്ല'' (2:18). വ്യക്തിക്കും സമൂഹത്തിനും ഒരുപോലെ സമ്പുഷ്ടമായൊരു ജീവിത രേഖ വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നു. ആധുനിക മനുഷ്യന്‍ തന്റെ അജ്ഞതയില്‍നിന്നും കണ്ടെത്തിയ 'ഇസ'ങ്ങളെ അപേക്ഷിച്ച് എത്രയോ സമുന്നതമാണിത്. അല്ലെങ്കിലും, ഉത്തമ മാര്‍ഗ ദര്‍ശനം നടത്താന്‍ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കാണ് സാധിക്കുക?

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter