പണവും പ്രതാപവും
കഅ്ബുബ്‌നു മാലിക്(റ) പറയുന്നു: ''അല്ലാഹുവിന്റെ റസൂല്‍(സ) പറഞ്ഞു: ''ഒരാടിന്റെ സമീപത്തേക്ക് വിശന്നു വലഞ്ഞ രണ്ട് ചെന്നായകളെ അഴിച്ചുവിട്ടാല്‍ അവ ആടിനെ നശിപ്പിക്കുന്നതിനെക്കാള്‍ ധനത്തിനും ഉതന്ന പദവിക്കും വേണ്ടി മനുഷ്യന്‍ അവന്റെ ദീനിനെ നശിപ്പിക്കുന്നതാണ്.'' (തുര്‍മുദി) സമ്പത്ത്, ഉയര്‍ന്ന സ്ഥാനം എന്നിവക്കു പിന്നാലെ മനുഷ്യന്റെ മോഹ സങ്കല്‍പ്പങ്ങള്‍ ചിറകടിച്ച് പറക്കുകയാണ്. അതിരുകളില്ലാത്ത അനന്തതയിലേക്കുള്ള ആഗ്രഹങ്ങളുടെ പ്രയാണം ജീവിതാന്ത്യം വരെ തുടര്‍ന്നുകൊണ്ടിരിക്കും. എത്രമേല്‍ സമ്പാദിച്ചാലും ഉന്നതി നേടിയാലും അതിനപ്പുറമുള്ള മോഹതീരം തേടി ജീവിതം മുന്നോട്ട് തന്നെ കുതിക്കുന്നു. അവസാനം ആഗ്രഹങ്ങള്‍ ബാക്കിയായി ജീവിതം ഒടുങ്ങുന്നു. ജീവിതകാലത്ത് സമ്പത്തും ഔന്നത്യവും തേടിയുള്ള നെട്ടോട്ടത്തില്‍ തട്ടിമറിക്കുന്നത് സ്വന്തം ദീനിന്റെ അതിര്‍വരമ്പുകളെയാണോ മാനവിക സംസ്‌കാരത്തിന്റെ ഉത്തമ മൂല്യങ്ങളെയാണോ? ഒന്നും നോട്ടമില്ല. അര്‍ത്ഥത്തിനും ഔന്നത്യത്തിനും വേണ്ടി എന്തുമാവാം എന്നതാണ് ചില മനുഷ്യരുടെ മനഃശാസ്ത്രം. അത്തരക്കാരെ പ്രവാചക തിരുമേനി(സ) പ്രതീകാത്മകമായി അവതരിപ്പിച്ചിരിക്കുകയാണ് ഉദ്ധൃത വാക്യത്തില്‍. ബന്ധനത്തില്‍ കഴിയുന്ന വിശന്നുവലഞ്ഞ രണ്ട് ചെന്നായകള്‍. ഒരാടിന്‍ കുട്ടിയുടെ സമീപത്തേക്ക് അവയെ അഴിച്ചുവിട്ടാല്‍ സൗമ്യജീവിയായ പ്രസ്തുത ആടിനോട് ദയാദാക്ഷിണ്യമേതുമില്ലാതെ ചെന്നായകള്‍ കടിച്ചുകീറും. അതിന്റെ ജീവന്‍ അപകടത്തിലാകുമെന്നോ ശരീരം വികൃതമാകുമെന്നോ ചെന്നായ്ക്കള്‍ക്ക് വല്ല ബോധവുമുണ്ടാകുമോ? അതിനെക്കാള്‍ ഗുരുതരമായ നിലയില്‍ അര്‍ത്ഥസിദ്ധിക്കും സ്ഥാനലബ്ധിക്കും അത്യാര്‍ത്ഥിയുള്ള മനുഷ്യന്‍ തന്റെ മതത്തെ വിരൂപപ്പെടുത്തുന്നു. അഥവാ മതത്തിന്റെ സീമകള്‍ ലംഘിക്കുന്നു. സത്യവിശ്വാസികളില്‍ ഇന്ന് സാര്‍വത്രികമായി കണ്ടുവരുന്നതാണ് നബി(സ)തിരുമേനിയുടെ പ്രസ്താവത്തിലെ ഇത്തരം വ്യക്തിത്വങ്ങള്‍. പണത്തിനും പ്രതാപത്തിനും വേണ്ടി സത്യമതത്തില്‍ നിന്ന് ഭൃഷ്ട് വരുന്നത് പോലും അത്യന്തം ലാഘവത്തോടെയാണവര്‍ കാണുന്നത്.
അസത്യത്തിന്റെ, അധര്‍മത്തിന്റെ, അക്രമത്തിന്റെ മാര്‍ഗങ്ങള്‍ അവലംബിച്ചാെണങ്കില്‍ പോലും ചിലര്‍ക്ക് പണം കിട്ടണം. മറ്റു ചിലര്‍ക്ക് സ്ഥാനം ലഭിക്കണം. വേറെ ചിലര്‍ക്ക് രണ്ടും കൂടി വേണം. എന്നാല്‍, ദുനിയാവിനോടുള്ള ഈ അലച്ച എവിടെയാണ് മനുഷ്യനെ കൊണ്ടെത്തിക്കുന്നത്. എത്ര കിട്ടിയാലാണ് ഈ മോഹം അടങ്ങുന്നത്? പ്രവാചക തിരുമേനി(സ) പറഞ്ഞ പ്രകാരം മനുഷ്യന്റെ വായ മണ്ണില്‍ കുത്തുന്നതുവരെ അത് അടങ്ങുകയില്ല. അതുകൊണ്ടുതന്നെ ജീവിതാന്ത്യം വരെ അസ്വസ്ഥ മാനസനായി അവന്‍ ജീവിതം നയിക്കുന്നു. മനുഷ്യന്റെ യഥാര്‍ത്ഥ ഐശ്വര്യം മനഃസംതൃപ്തിയാണ്. ധാരാളം സമ്പത്തുണ്ടായതു കൊണ്ടോ ഉന്നത സ്ഥാനങ്ങള്‍ നേടിയതു കൊണ്ടോ അതുണ്ടാവുകയില്ല.
അസ്വസ്ഥതകളും അസമാധാനവും കൂടുതലാവുകയേയുള്ളൂ. മോഹങ്ങളുടെ ചിറകിലേറിപ്പോകുന്നവരുടെ ജീവിതപ്രശ്‌നങ്ങള്‍ ക്രമീകൃതാവസ്ഥയിലാകുകയോ അവരുടെ ദരിദ്രമനസിന് ഐശ്വര്യം കൈവരികയോയില്ല. നബി(സ) പറഞ്ഞത് ശ്രദ്ധിക്കുക: ''ഒരു മനുഷ്യന് ദുനിയാവ് എന്ന ഏക ചിന്തമാത്രമാണെങ്കില്‍ അവന്റെ ജീവിതകാര്യങ്ങള്‍ അല്ലാഹു ശിഥിലമാക്കുകയും ദാരിദ്ര്യത്തെ-കിട്ടുന്നത് മതിയാകാത്ത അവസ്ഥയെ- അവന്റെ കണ്‍മുമ്പില്‍ കാണിച്ചുകൊടുക്കുകയും ചെയ്യുന്നതാണ്. അല്ലാഹു മുന്‍കൂട്ടി നിശ്ചയിച്ചതല്ലാതെ ദുന്‍യാവില്‍നിന്ന് യാതൊന്നും അവനു വന്നെത്തുകയില്ല. ഒരാളുടെ ചിന്ത പാരത്രിക കാര്യത്തിലാണെങ്കില്‍ അവന്റെ കാര്യങ്ങള്‍ അല്ലാഹു ഏകീകരിച്ചുകൊടുക്കുകയും ഹൃദയത്തിന് ഐശ്വര്യബോധം നല്‍കുകയും ചെയ്യും. ദുനിയാവ് അനുസരണമുള്ള അടിമയായി അവന്റെ അടുത്തേക്ക് ഇങ്ങോട്ട് വരികയും ചെയ്യുന്നതാണ്.'' (ഇബ്‌നുമാജ, ത്വബ്‌റാനി) സാമ്പത്തിക ഐശ്വര്യങ്ങളും ജീവിത സൗകര്യങ്ങളും അധികമായുണ്ടാകുന്നതിനെക്കുറിച്ച് നബി(സ) ഭയം പ്രകടിപ്പിച്ചിട്ടുണ്ട്. ദായകനായ അല്ലാഹുവിനോട് നന്ദി കാണിക്കുന്നതിനു പകരം നിഷേധാത്മക നിലപാടും ധിക്കാരവും പ്രകടമാക്കാന്‍ ധനാധിക്യം പ്രേരിതമാകുമെന്നതാണ് കാരണം. നബി(സ) പറഞ്ഞത് കാണുക:  ''ഞാന്‍ നിങ്ങളെപ്പറ്റി ഏറ്റവും കൂടുതല്‍ പേടിക്കുന്ന കാര്യം ഐഹിക ഭംഗിയും ആഢംബരവും അല്ലാഹു നിങ്ങള്‍ക്ക് തുറന്നുതരുന്നതിനെയാണ്.'' (ബുഖാരി-മുസ്‌ലിം)
പരലോക നന്മക്ക് ഉപകരിക്കാത്ത ഐഹിക വിഭവങ്ങള്‍ മനുഷ്യന് നേടിക്കൊടുക്കുന്നത് ആപത്തിെനയും ശാശ്വത ദുഃഖത്തെയും മാത്രമായിരിക്കും. പണവും പ്രതാപവും സത്യസന്ധമായ മാര്‍ഗേണയാവുകയും അവയുടെ വിനിയോഗം അല്ലാഹു പൊരുത്തപ്പെടുന്ന വഴിയിലായിരിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് അത് വിജയകരവും ഗുണപ്രദവുമാകുന്നത്.'' ഒരാള്‍ പാരത്രിക കൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ആ കൃഷിയില്‍ അല്ലാഹു വര്‍ധനവ് നല്‍കും. ഒരാള്‍ ഐഹിക കൃഷിയാണു ഉദ്ദേശിക്കുന്നതെങ്കില്‍ ദുനിയാവില്‍ നിന്ന് (അല്‍പം) നല്‍കും. പരലോകത്ത് യാതൊരു ഓഹരിയും അവനുണ്ടാവുകയില്ല.''(അശ്ശുറാ 20)
പലിശ, കൊള്ളലാഭം, ധനവിനിയോഗങ്ങളിലെ കൃത്രിമങ്ങള്‍, പിടിച്ചുപറി, ലോട്ടറി, കളവ് തുടങ്ങി ഇന്ന് നടമാടുന്ന എല്ലാം പരിശുദ്ധ ദീനിനെ കടിച്ചുകീറുന്ന ധനസമ്പാദന മാര്‍ഗങ്ങളാണ്. കാരണം, അവയെല്ലാം ഇസ്‌ലാം കര്‍ശനമായി വിലക്കിയ കാര്യങ്ങളാണ്. ദീനിനെ കേടുവരുത്തുക എന്ന് ഹദീസില്‍ പറഞ്ഞതിന്റെ താല്‍പര്യം ദീനിന്റെ നിയമങ്ങളെ ധിക്കരിക്കുക എന്നാണ്. ഉദ്ധൃത തിരുവാക്യത്തില്‍ നിന്ന് മനസിലാകുന്നത് ഒരു മനുഷ്യന്റെ അത്യാര്‍ത്ഥി തന്നെ രണ്ട് ചെന്നായ്ക്കളുടേതിനെക്കാള്‍ ഗുരുതരമായിക്കുമെന്നാണ്. ധനമോഹവും സ്ഥാനമാനങ്ങള്‍ നേടാനുള്ള ആര്‍ത്തിയും പാടെ വര്‍ജ്യമാണെന്നല്ല നബി തിരുമേനിയുടെ ഹദീസിന്റെ പൊരുള്‍. വഴിവിട്ട മാര്‍ഗത്തിലൂടെയാകുന്നതാണ് കുറ്റകരമാകുന്നത്. പണവും പ്രതാപവും ദീനിന്റെ ചട്ടക്കൂടില്‍ ഒതുങ്ങി നിന്ന് നേടാന്‍ ശ്രമിക്കുന്നതും ഗുണപ്രദമായ മാര്‍ഗത്തില്‍ ഉപയോഗപ്പെടുത്തുന്നതും അല്ലാഹു അനുവദിച്ചതും അവന്റെ പൊരുത്തവും സംതൃപ്തിയും നേടാന്‍ നിമിത്തമാകുന്നതുമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter