അലഖില്‍ നിന്നു സൃഷ്ടിപ്പ് വര്‍ഷങ്ങള്‍ക്കു മുമ്പ് ചില അറേബ്യന്‍ ജ്ഞാനികള്‍ വിശുദ്ധ ഖുര്‍ആനിലെ ഭ്രൂണശാസ്ത്ര വിവരണങ്ങള്‍ ശേഖരിക്കുകയുണ്ടായി. 'അജ്ഞരെങ്കില്‍ ബോധനം നല്‍കപ്പെട്ടവരോട് ചോദിക്കുക' എന്ന സൂക്തത്തിന്റെ വെളിച്ചത്തിലായിരുന്നു ഇത്. ശേഷം, ഇംഗ്ലീഷിലേക്കു വിവര്‍ത്തനം നടത്തി. സുപ്രസിദ്ധ ഭ്രൂണശാസ്ത്ര ജ്ഞാനിയും കാനഡയിലെ ടൊറന്റോ യൂണിവേഴ്‌സിറ്റി അനാട്ടമി ഡിപ്പാര്‍ട്ടുമെന്റ് ചെയര്‍മാനുമായ ഡോ. കീത്മൂറിന് സമര്‍പ്പിച്ചു.
ഭ്രൂണശാസ്ത്രത്തെ സംബന്ധിക്കുന്ന ഖുര്‍ആനിലെ വിവരങ്ങളെ കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം തേടി. തനിക്കു മുമ്പില്‍ സമര്‍പ്പിക്കപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങളുടെ വിവര്‍ത്തനങ്ങള്‍ സസൂക്ഷ്മം അവലോകനം ചെയ്ത ശേഷം അദ്ദേഹം പറഞ്ഞത് ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഭ്രൂണശാസ്ത്ര വിഷയങ്ങള്‍ ആധുനിക ഗവേഷണങ്ങളുമായി എല്ലാ അര്‍ത്ഥത്തിലും അടുത്തുനില്‍ക്കുന്നുവെന്നും അവ പരസ്പരം യാതൊരുവിധ വൈരുധ്യങ്ങളുമില്ലെന്നുമാണ്. തനിക്ക് വിശദീകരിക്കാനാവാത്ത, ശാസ്ത്രീയമായി കൃത്യതയുള്ള ഇനിയും ധാരാളം സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സൂക്തങ്ങളിലെ വിജ്ഞാനങ്ങളെക്കുറിച്ച് കൂടുതലൊന്നും അറിയാത്തതിനാല്‍ ആ വാക്യങ്ങള്‍ തെറ്റോ ശരിയോ ആണെന്ന് പറയാന്‍പോലും അദ്ദേഹത്തിന് ആയില്ല. ആധുനിക പഠനങ്ങള്‍ക്കോ ഭ്രൂണശാസ്ത്ര ഗവേഷണങ്ങള്‍ക്കോ ഈ വിവരണങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ഇന്നേവരെ സാധിച്ചിട്ടില്ല.
അതില്‍പ്പെട്ട സൂക്തമാണ്: ''സൃഷ്ടിച്ചവനായ നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍നിന്നും സൃഷ്ടിച്ചിരിക്കുന്നു'' (96:1-2). കട്ടപിടിച്ച രക്ത പണ്ഡം എന്നതിനു പുറമെ അട്ടയെപ്പോലെ ഒട്ടിപ്പിടിച്ചുനില്‍ക്കുന്ന വസ്തുക്കള്‍ക്കും 'അലഖ്' എന്നു പ്രയോഗിച്ചുവരുന്നു.
ഒരു ഭ്രൂണം പ്രാരംഭ ഘട്ടത്തില്‍ അട്ടയുടെ രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നതെന്നതിനെക്കുറിച്ച് കീത്മൂറിന് യാതൊരു വിവരവും ഉണ്ടായിരുന്നില്ലായെന്നതാണ് വസ്തുത. ഈ സത്യം മനസ്സിലാക്കുന്നതിനായി തന്റെ പരീക്ഷണ ശാലയിലുള്ള ഒരു ഉന്നത മൈക്രോസ്‌കോപ്പു വഴി ഭ്രൂണത്തിന്റെ പ്രാരംഭഘട്ടത്തെക്കുറിച്ച് പഠനം നടത്തി.
ഒരു അട്ടയുടെ രേഖാചിത്രവുമായി താരതമ്യം ചെയ്തുനോക്കിയപ്പോള്‍ രണ്ടും തമ്മിലുള്ള അല്‍ഭുതകരമായ സാമ്യത അദ്ദേഹത്തെ വിസ്മയ ഭരിതനാക്കി. ഇന്നേവരെ, അജ്ഞാതമായ, ഭ്രൂണശാസ്ത്ര സംബന്ധിയായ അനവധി വിവരങ്ങള്‍ അതുവഴി അദ്ദേഹം നേടിയെടുക്കുകയും ചെയ്തു.
ഖുര്‍ആനിലും ഹദീസിലും സൂചിപ്പിക്കപ്പെട്ട ഏകദേശം എണ്‍പതോളം ഭ്രൂണശാസ്ത്ര പ്രശ്‌നങ്ങള്‍ക്ക് ഡോ. കീത്മൂര്‍ ഉത്തരം നല്‍കി. ഖുര്‍ആനിലെയും ഹദീസിലെയും വിവരങ്ങള്‍ ഭ്രൂണശാസ്ത്ര മേഖലയിലെ അത്യാധുനിക കണ്ടുപിടിത്തങ്ങളുമായി പൂര്‍ണമായും യോജിക്കുന്നുവെന്ന് നിരീക്ഷിച്ചുകൊണ്ട് അദ്ദേഹം പറയുന്നു: വര്‍ഷങ്ങള്‍ക്കു മുമ്പാണ് എന്നോട് ഈ ചോദ്യങ്ങള്‍ ചോദിക്കപ്പെട്ടതെങ്കില്‍ ശാസ്ത്രീയ വിവരങ്ങളുടെ അഭാവംകൊണ്ട് അവയില്‍ പകുതിയെണ്ണത്തിനുപോലും ഉത്തരം നല്‍കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല.
ഡോ. കീത്മൂറിന്റെ വിഖ്യാത രചനയാണ് ദി ഡവലപിംഗ് ഹ്യുമണ്‍ (വികസിക്കുന്ന മനുഷ്യന്‍). വിശുദ്ധ ഖുര്‍ആനില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചായിരുന്നു 1982 ല്‍ ഇതിന്റെ മൂന്നാം പതിപ്പ് പുറത്തിറങ്ങിയത്. ഒരൊറ്റ ഗ്രന്ഥകര്‍ത്താവ് എഴുതിയ മികച്ച വൈദ്യശാസ്ത്ര ഗ്രന്ഥത്തിനുള്ള അവാര്‍ഡ് ഈ കൃതി നേടുകയുണ്ടായി.
ലോകത്തിലെ ഒട്ടേറെ പ്രധാന ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഈ ഗ്രന്ഥം, വൈദ്യശാസ്ത്ര പഠനരംഗത്തെ ഭ്രൂണശാസ്ത്രത്തില്‍ ഒന്നാം വര്‍ഷ ടെക്സ്റ്റ് പുസ്തകമായി ഉപയോഗിക്കപ്പെടുന്നു. 1981 ല്‍ സഊദി അറേബ്യയിലെ ദമാമില്‍ നടന്ന ഏഴാം മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ കീത്മൂര്‍ പറഞ്ഞു: ''മനുഷ്യ വളര്‍ച്ചാ സംബന്ധിയായ ഖുര്‍ആനിലെ പരാമര്‍ശങ്ങള്‍ വ്യക്തമാക്കാന്‍ സഹായിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ വചനങ്ങള്‍ വന്നത് ദൈവത്തില്‍നിന്ന്, അഥവാ, അല്ലാഹുവില്‍നിന്നാകുമെന്ന് എനിക്ക് മനസ്സിലാകുന്നു. കാരണം, ഈ വിജ്ഞാനങ്ങളില്‍ ഭൂരിഭാഗവും ഇതേവരെ കണ്ടെത്തപ്പെടാത്തവയാണ്. ഇത്തരുണത്തില്‍, എനിക്ക് വ്യക്തമാകുന്നത് മുഹമ്മദ് നബി അല്ലാഹുവിന്റെ പ്രവാചകന്‍ തന്നെയാണെന്നാണ്.''
യു.എസ്.എയിലെ ഹൂസ്റ്റണ്‍ നഗരത്തില്‍ സ്ഥിതിചെയ്യുന്ന ബായ്‌ലര്‍ കോളേജ് ഓഫ് മെഡിസിന്‍ പ്രസവ-സ്ത്രീരോഗ വിഭാഗം തലവന്‍ ജിയോ ലീ സിംപ്‌സണ്‍ന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്: തിരുമേനിയുടെ ഹദീസുകള്‍ ഏഴാം നൂറ്റാണ്ടിലെ ശാസ്ത്രീയ വിവരങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നില്ല. മതത്തിനും ശാസ്ത്രത്തിനുമിടയില്‍ സംഘട്ടനമില്ലെന്നു മാത്രമല്ല, മതം (ഇസ്‌ലാം) പരമ്പരാഗത ശാസ്ത്രീയ സമീപനങ്ങള്‍ക്ക് കൂടുതല്‍ വെളിപാടുകള്‍നല്‍കി ശാസ്ത്രത്തെ വഴി നടത്തുകയാണ് ചെയ്യുന്നത്. നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും യുക്തമാണെന്ന് തെളിയിക്കപ്പെട്ട ഖുര്‍ആനിക വാക്യങ്ങള്‍ അതു ദൈവത്തില്‍നിന്നു ഉണ്ടായതാണെന്ന സത്യത്തിനു കൂടുതല്‍ ശക്തിയേകുന്നു.
നട്ടെല്ലിനും വാരിയെല്ലിനുമിടയില്‍ ''മനുഷ്യന്‍ ചിന്തിക്കട്ടെ; താന്‍ എന്തില്‍നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്ന്. തെറിച്ചുവീഴുന്ന ഒരു ദ്രാവകത്തില്‍നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടത്. നട്ടെല്ലിനും വാരിയെല്ലിനുമിടയില്‍നിന്നുമത് പുറത്തുവരുന്നു'' (86:5-7). ഭ്രൂണശാസ്ത്ര വ്യവസ്ഥകളെ സംബന്ധിച്ചിടത്തോളം കരളിനടുത്ത് നട്ടെല്ലിനും വാരിയെല്ലിനുമിടയില്‍ ഒരു പ്രത്യേക സ്ഥലത്താണ് പുരുഷന്റെ ബീജവും സ്ത്രീയുടെ അണ്ഡവും വികാസം പ്രാപിക്കുന്നത്. ശേഷം, പുരുഷന്റേത് വൃഷ്ണത്തിലേക്കും സ്ത്രീയുടെത് പെല്‍വിസിലേക്കും ഇറങ്ങിവരുന്നു. പ്രായമായിക്കഴിഞ്ഞാല്‍, നട്ടെല്ലിനും വാരിയെല്ലിനുമിടയില്‍ ഒരു സവിശേഷ സ്ഥാനത്ത് എത്തിപ്പെടുകയും നാഡീവ്യവസ്ഥയും രക്തചംക്രമണവും പ്രവര്‍ത്തിച്ചുതുടങ്ങുകയും ചെയ്യുന്നു. മേദോവാഹിനിയും സിരകളും അവിടേക്കുതന്നെയാണ് ചെന്നുമുട്ടുന്നത്.
നുഥ്ഫത്തില്‍നിന്ന് മനുഷ്യന്‍ നുഥ്ഫത്തില്‍നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്ന് വിശുദ്ധ ഖുര്‍ആനില്‍ പതിനൊന്നോളം സ്ഥലങ്ങളില്‍ ആവര്‍ത്തിച്ച് പ്രതിപാദിക്കുന്നുണ്ട്. 16:4, 18:37, 35:11, 36:77, 40:67, 53:46, 75:37, 76:2, 80:19, 22:5, 23:13 എന്നിവയാണവ. സ്ത്രീ ശരീരത്തിലെ ഒരു അണ്ഡം പ്രജനനയോഗ്യമാകാന്‍ മൂന്നു മില്യനോളം വരുന്ന പുരുഷബീജത്തില്‍നിന്നും ഒന്നു മാത്രം മതി. ഇത് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഒരു കുഞ്ഞിന്റെ പ്രജനനത്തിന് 1/3 മില്യണ്‍ (0.00003%) സാധ്യതയുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സുലാലത്ത് ''പിന്നെ, അവന്‍ സന്തതിയെ നിസ്സാരമായ ഒരുവെള്ളത്തിന്റെ സത്തില്‍നിന്നും ഉണ്ടാക്കി'' (32:8). സുലാല എന്ന അറബി പദത്തിന്റെ അര്‍ത്ഥം സത്ത്, സാരാംശം എന്നൊക്കെയാണ്. മില്യണ്‍ കണക്കിന് ബീജങ്ങളില്‍ ഒന്നുമാത്രം അണ്ഡവുമായി കൂടിച്ചേരാനെന്ന് നാം ഇവിടെനിന്നു തിരിച്ചറിയുന്നു. സുലാലയെന്ന പദപ്രയോഗം ഇതിനെയാണ് പ്രതിനിധീകരിക്കുന്നത്. പിഴിഞ്ഞെടുക്കല്‍, വലിച്ചെടുക്കല്‍ എന്നൊക്കെയാണ് സുലാലയുടെ മറ്റൊരര്‍ത്ഥം. സ്ത്രീ-പുരുഷ അണ്ഡ-ബീജങ്ങളാണ് ഇവിടെ പരാമര്‍ശം. പ്രജനന പ്രക്രിയയുടെ ഘട്ടത്തില്‍ ഇതാണ് സത്യത്തില്‍ സംഭവിക്കുന്നത്. നുഥ്ഫതിന്‍ അംശാജിന്‍ ''കൂടിച്ചേര്‍ന്നുണ്ടാകുന്ന ഒരു ബീജത്തില്‍ (നുഥ്ഫതിന്‍ അംശാജിന്‍) നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു'' 76:2).
നുഥ്ഫതിന്‍ അംശാജിന്‍ എന്ന അറബി പദത്തിന്റെ അര്‍ത്ഥം കൂടിച്ചേര്‍ന്ന ദ്രാവകം എന്നാണ്. ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഇതിനെ പുരുഷന്റെതെന്നോ സ്ത്രീയുടെതെന്നോ ദ്രാവകങ്ങള്‍ എന്നോ മാത്രം സൂചിപ്പിച്ചിട്ടുണ്ട്. സ്ത്രീയുടെ അണ്ഡവും പുരുഷബീജവും കൂടിച്ചേര്‍ന്നാല്‍ (സൈഗോട്ട്) അത് നുഥ്ഫതായി നിലനില്‍ക്കുന്നു. ശരീരത്തിലെ വിവിധ ഗ്രന്ഥികളില്‍നിന്നും ഉല്‍സര്‍ജിക്കപ്പെടുന്ന ഒരിനം ബീജദ്രാവകമായും ഇതിനെ വിശദീകരിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ, നുഥ്ഫതിന്‍ അംശാജിന്‍ എന്നതുകൊണ്ടു വിവക്ഷിക്കുന്നത് സ്ത്രീ-പുരുഷ ണ്ഡ-ബീജങ്ങളുടെ ഒരു സമ്മിശ്രരൂപമാണ്. ലിംഗനിര്‍ണയം ഒരു ഭ്രൂണത്തിന്റെ ലിംഗം നിര്‍ണയിക്കപ്പെടുന്നത് ബീജത്തിന്റെ സ്വഭാവമനുസരിച്ചാണ്. അണ്ഡത്തിനിതില്‍ യാതൊരു പങ്കുമില്ല. ഒരു കുഞ്ഞ് ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത് അവനിലെ ഇരുപത്തിമൂന്നാമത്തെ ക്രോമസോം യഥാക്രമം xy യോ xx ഓ ആണ്. ലിംഗനിര്‍ണയം സത്യത്തില്‍ ബീജസങ്കലന ഘട്ടത്തില്‍ തന്നെ സംഭവിക്കുന്നുണ്ട്. അണ്ഡത്തെ പ്രജനനയോഗ്യമാക്കുന്ന പുരുഷ ബീജത്തെ ആശ്രയിച്ചിരിക്കുന്നു ഇത്. x ഉള്ള ബീജമാണ് അണ്ഡവുമായി കൂടിച്ചേരുന്നതെങ്കില്‍ കുഞ്ഞ് പെണ്ണായിരിക്കും. y ഉള്ള ബീജമാണെങ്കില്‍ കുഞ്ഞ് ആണായിരിക്കും. അല്ലാഹു പറയുന്നു: ''ഒരു ബീജം സ്രവിക്കപ്പെടുമ്പോള്‍ അതില്‍നിന്ന് ആണ്‍ പെണ്‍ എന്നീ രണ്ടു ഇണകളെ അവനാണ് സൃഷ്ടിച്ചത്'' (53:45-46).
അറബിയില്‍ നുഥ്ഫത് എന്ന പദം കുറഞ്ഞ അളവിലുള്ള ദ്രാവകത്തെയാണ് സൂചിപ്പിക്കുന്നത്. തുംന എന്നത് സ്രവിക്കുക എന്ന അര്‍ത്ഥത്തെയും പ്രതിനിധീകരിക്കുന്നു. അതുകൊണ്ടുതന്നെ, നുഥ്ഫ സ്രവിക്കുന്നതാണെന്നതിനാല്‍ അതിനെ ബീജം (സ്‌പേം) എന്നാണ് വിളിക്കുന്നത്. ഖുര്‍ആന്‍ പറയുന്നു: ''അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തിലെ ഒരു കണമായിരുന്നില്ലേ. പിന്നെ, അവന്‍ ഒരു ഭ്രൂണമായി. ശേഷം, അല്ലാഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു. അങ്ങനെ അതില്‍നിന്ന് ആണും പെണ്ണുമായി രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കി'' (75: 37-39). നുഥ്ഫതിന്‍ മിന്‍ മനിയ്യിന്‍ എന്ന പ്രയോഗത്തിലൂടെ ഭ്രൂണ ലിംഗ നിര്‍ണയത്തിന്റെ പൂര്‍ണ ഉത്തരവാദി പുരുഷ ബീജം തന്നെയാണെന്ന് ഒരിക്കല്‍കൂടി വ്യക്തമാക്കുകയാണിവിടെ. ഭ്രൂണ സംരംക്ഷണം ''ഒന്നിനുശേഷം മറ്റൊന്നായി മൂന്നു അന്ധകാരങ്ങള്‍ക്കുള്ളില്‍, നിങ്ങളുടെ മാതാക്കളുടെ വയറുകളില്‍ നിങ്ങളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു'' (39:6). വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന മൂന്നു ഇരുട്ടുകള്‍ (മറകള്‍) കീത്മൂറിന്റെ അഭിപ്രായത്തില്‍ ഇവയാണ്: 1. മാതാവിന്റെ വയര്‍ 2. ഗര്‍ഭപാത്രം 3. ഗര്‍ഭാശയത്തിലെ പ്രത്യേക അറ. സൃഷ്ടിപ്പിന്റെ ഘട്ടങ്ങള്‍ ''നിശ്ചയം കളിമണ്ണിന്റെ സത്തില്‍നിന്നും മനുഷ്യനെ നാം സൃഷ്ടിച്ചു. ശേഷം ഭദ്രമായൊരു സ്ഥാനത്ത് ബീജമാക്കി നിര്‍ത്തി. ആ ബീജത്തെ ഭ്രൂണമായും അതിനെ മാംസപണ്ഡമായും അതിനെ അസ്ഥികൂടമായും പരിവര്‍ത്തിപ്പിച്ചു. അനന്തരം അസ്ഥികൂടത്തെ മാംസംകൊണ്ടു പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അതിനെ വളര്‍ത്തി. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു'' (23:12-14).
ഇന്ദ്രിയത്തുള്ളിയില്‍നിന്നും മനുഷ്യനെ സൃഷ്ടിയെന്നും സുഭദ്രമായൊരു സ്ഥലത്ത് സൂക്ഷിച്ചുവെച്ചു എന്നുമാണ് അല്ലാഹു ഈ സൂക്തത്തില്‍ പറയുന്നത്. ഖറാരിന്‍ മകീന്‍ എന്നതാണ് ഇത് സൂചിപ്പിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട പദം. ശരീര മസിലുകള്‍ക്കിടയില്‍ സ്‌പൈനല്‍കോളത്തിന്റെ സഹായത്തോടെ ശക്തമായി ഉറപ്പിച്ച നിലയിലാണ് ഗര്‍ഭപാത്രം കാണപ്പെടുന്നത്. ഭ്രൂണം അതിനുള്ളില്‍ ഒരു പ്രത്യേകം ദ്രാവകത്തിനുള്ളില്‍ സ്ഥിതിചെയ്യുന്നു. അതുകൊണ്ടുതന്നെ, ഭ്രൂണത്തിന്റെ പാര്‍പിടം ഏറെ സുരക്ഷിത്വത്തോടെതന്നെയാണ് അല്ലാഹു സംവിധാനിച്ചരിക്കുന്നത്. ഇന്ദ്രിയം പിന്നീട് അലഖയായി മാറ്റപ്പെടുന്നു. ഒട്ടിപ്പിടിക്കുക, പറ്റിപ്പിടിക്കുക എന്നൊക്കെയാണ് ഇതിന്റെ ഭാഷാര്‍ത്ഥം. അട്ടയെപോലുള്ള വസ്തുക്കള്‍ക്കും ഇതേ പദംതന്നെ ഉപയോഗിക്കുന്നു. ഏതുവിശദീകരണം നല്‍കിയാലും ഇതു രണ്ടും സത്യത്തോട് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. അഥവാ, ഏതൊരു ഭ്രൂണവും അതിന്റെ ആദ്യകാലങ്ങളില്‍ ഒരു അട്ടയെപ്പോലെ ഗര്‍ഭാശയത്തിന്റെ ഭിത്തികളില്‍ പറ്റിപ്പിടിക്കുന്നു. അട്ടയെപ്പോലെത്തന്നെ രക്തം ഊറ്റിക്കുടിക്കുകയും ചെയ്യുന്നു. പൊക്കിള്‍കൊടിയിലൂടെയാണ് ഈ ബന്ധം സംവിധാനിക്കപ്പെടുന്നത്. രക്തപിണ്ഡം എന്നാണ് അലഖയുടെ മറ്റൊരര്‍ത്ഥം. ഗര്‍ഭധാരണത്തിന്റെ മൂന്നാമത്തെയോ നാലാമത്തെയോ ആഴ്ചയാകുമ്പോഴേക്കു ഗര്‍ഭപാത്രത്തിലെ ഭ്രൂണം ഒരു രക്തക്കട്ടയായി പരിണമിക്കുന്നു. അട്ടയുടെ പ്രതീതിയാണ് പിന്നീടത് പ്രകടമാക്കുന്നത്.
പുരുഷബീജങ്ങളെ മൈക്രോസ്‌കോപുപയോഗിച്ച് ആദ്യമായി പഠന വിധേയമാക്കിയത് ഹാം, ലീവന്‍ ഹോക് എന്നീ ശാസ്ത്രകാരന്മാരാണ്. 1677 ലായിരുന്നു ഇത്. പുരുഷബീജത്തില്‍ കുഞ്ഞിന്റെ മിനിയേച്ചര്‍ രൂപമുണ്ടെന്നും ഗര്‍ഭപാത്രത്തില്‍ അതു വികസിച്ച് സാധാരണ കുട്ടിയായി മാറുന്നുവെന്നും അവര്‍ വിശ്വസിച്ചു. സുഷിര സിദ്ധാന്തം (പെര്‍ഫൊറേഷന്‍ തിയറി) എന്നാണ് ഇത് അറിയപ്പെടുന്നത്. സ്ത്രീയുടെ അണ്ഡം പുരുഷ ബീജത്തെക്കാള്‍ ആകാരത്തില്‍ വലുതാണെന്ന് ശാസ്ത്രം സമര്‍ത്ഥിച്ചു. ഇതിന്റെ വെളിച്ചത്തില്‍ കുഞ്ഞിന്റെ മിനിയേച്ചര്‍ രൂപം സ്ത്രീയുടെ അണ്ഡത്തിലാണെന്ന് ഡിഗ്രാഫ്റ്റും അനുയായികളും മനസ്സിലാക്കി. എന്നാല്‍, പതിനെട്ടാം നൂറ്റാണ്ടില്‍ മാത്രമാണ് മനുഷ്യന്‍ സ്ത്രീ പുരുഷ സംഗമത്തിന്റെ അനന്തരഫലമാണെന്ന് കണ്ടെടുക്കപ്പെട്ടത്. മോര്‍പെറ്റിയസ് എന്ന ജ്ഞാനിയായിരുന്നു ഇതിന്റെ പ്രചാരകന്‍. അലഖ അനന്തരം മുദ്അയാക്കി മാറ്റപ്പെടുന്നു. ചവച്ചരക്കപ്പെട്ട വസ്തു എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. പല്ലുകള്‍കൊണ്ട് കടിച്ച അടയാളംപോലെ ചില പാടുകള്‍വരെ അതില്‍ ദൃശ്യമാണ്. ചുയിംഗത്തെപ്പോലെ വായിലിടാന്‍ പറ്റിയ വലുപ്പത്തിലും ആകാരത്തിലുമായിരിക്കുമിത്. ഈ അര്‍ത്ഥ തലങ്ങളെല്ലാം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രൊഫ. കീത്മൂര്‍ ഒരിക്കല്‍ ഒരു റബര്‍ സെലെടുത്ത് ഭ്രൂണത്തിന്റെ ആകൃതിയില്‍ ചുരുട്ടി വായിലിട്ടു ചവച്ചു. മുദ്അയുടെ രൂപം മനസ്സിലാക്കലായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. ശേഷം, ആദ്യരൂപവും രണ്ടാം രൂപവും മുമ്പില്‍വെച്ചു താരതമ്യ പഠനം നടത്തി. നട്ടെല്ലിന്റെ രൂപീകരണ ആകാരത്തോട് ഏറെ സാദൃശ്യമുണ്ടായിരുന്നു അതിലെ പല്ലടയാളങ്ങള്‍ക്ക്. മുദ്അ ശേഷം എല്ലുകളായി മാറ്റപ്പെടുന്നു. മാംസംകൊണ്ട് കവര്‍ ചെയ്ത നിലയിലായിരിക്കും ഇതിന്റെ സംവിധാനം. അനന്തരം അല്ലാഹു ഇതിനെ പുതിയൊരു സൃഷ്ടിയായി പരിവര്‍ത്തിപ്പിച്ചെടുക്കുന്നു. അമേരിക്കയിലെ ഫിലാഡെല്‍ഫിയയില്‍ സ്ഥിതി ചെയ്യുന്ന തോമസ് ജഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയിലെ ഡാനിയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറും അനാട്ടമി ഡിപ്പാര്‍ട്ടുമെന്റ് ഹെഡുമാണ് പ്രൊഫ. മാര്‍ഷല്‍ ജോണ്‍സണ്‍. ഒരില്‍ക്കല്‍ വിശുദ്ധ ഖുര്‍ആനിലെ ഭ്രൂണശാസ്ത്ര പരാമര്‍ശങ്ങളെക്കുറിച്ച് അദ്ദേഹം ചോദിക്കപ്പെട്ടു.
ഖുര്‍ആനിലെ ഈ പ്രതിപാദ്യങ്ങളെല്ലാം യാദൃച്ഛികമല്ലെന്നും ഒരുപക്ഷെ, പ്രവാചകന്‍ മുഹമ്മദിനോടുകൂടെ അത്യുന്നതമായ വല്ല മൈക്രോസ്‌കോപ്പുണ്ടാവാന്‍ ഇടയുണ്ടെന്നുമായിരുന്നു അയാളുടെ പ്രതികരണം. ആയിരത്തിനാന്നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചതെന്നും പ്രവാചകാഗമനത്തിന്റെ നൂറ്റാണ്ടുകള്‍ക്കു ശേഷമാണ് മൈക്രോസ്‌കോപ് കണ്ടെത്തിയതെന്നും ഓര്‍മിപ്പിച്ചപ്പോള്‍, പ്രഥമ മൈക്രോസ്‌കോപിന് ഒരു വസ്തുവിനെ അതിന്റെ പത്തിരട്ടി വലുപ്പത്തില്‍ കാണിക്കാനോ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനോ കഴിയുമായിരുന്നില്ലെന്ന് സമ്മതിച്ച് ചിരിച്ച് മാറുകയായിരുന്നു അദ്ദേഹം. ഒടുവില്‍, പ്രവാചകന്‍ ഖുര്‍ആന്‍ സൂക്തങ്ങളിലുടെ പരിചയപ്പെടുത്തിയ ഈ കാര്യങ്ങളില്‍ തീര്‍ച്ചയായും ഒരു ദൈവത്തിന്റെ ഇടപെടലല്‍ തള്ളിക്കളയാവതല്ലായെന്ന് അയാള്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ഡോ. കീത്മൂറിന്റെ അഭിപ്രായത്തില്‍ ഭ്രൂണ വികാസത്തിന്റെ ഘട്ടങ്ങള്‍ സംബന്ധമായ ആധുനിക ശാസ്ത്രത്തിന്റെ വിഭജനങ്ങളും പഠനങ്ങളും ലോകം മുഴുക്കെ അംഗീകരിക്കപ്പെടുന്നുണ്ടെങ്കിലും ദുര്‍ഗ്രാഹ്യവും അപൂര്‍ണവുമാണ്.
എന്നാല്‍, ഭ്രൂണത്തിന്റെ വളര്‍ച്ചയെ അടിസ്ഥാനമാക്കിയുള്ള വിശുദ്ധ ഖുര്‍ആന്റെ വിശകലനം കൂടുതല്‍വെളിച്ചം നല്‍കുന്നു. മാതാപിതാക്കളോടുള്ള വ്യത്യസ്ത വികാസ ഘട്ടങ്ങളെ ആശ്രയിച്ചതാണ് ഇതിലെ വിശകലനം. സുഗ്രാഹ്യവും എന്നാല്‍ പ്രായോഗികവുമായ ഒരു മാനത്തോടെയാണ് ഇത് തുറന്നുകാട്ടുന്നത്. വിശുദ്ധ ഖുര്‍ആന്‍ ഇതിലേക്കു സൂചന നല്‍കി പറയുന്നു: ''അവന്‍ ത്രസിപ്പിക്കപ്പെടുന്ന ശുക്ലത്തില്‍നിന്നു ഒരു കണമായിരുന്നില്ലേ? പിന്നെ, അവന്‍ ഒരു ഭ്രൂണമായി. ശേഷം, അല്ലാഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു. അങ്ങനെ, അതില്‍നിന്നും ആണും പെണ്ണുമായി രണ്ടിണകളെ അവന്‍ ഉണ്ടാക്കി'' (75:37-39) ''നിന്നെ സൃഷ്ടിക്കുകയും സംവിധാനിക്കുകയും ശരിയായ അവസ്ഥയിലാക്കുകയും താനുദ്ദേശിച്ച രൂപത്തില്‍ സംഘടിപ്പിക്കുകയും ചെയ്തവനത്രെ അവന്‍'' (82:7-8). ഭ്രൂണത്തിന്റെ പൂര്‍ണതയും അപൂര്‍ണതയും മുദ്അ ഘട്ടത്തില്‍ ഭ്രൂണത്തിന്റെ ഛേദനമോ ആന്തരാവയവങ്ങളില്‍ മുറിവുണ്ടാവുകയോ ചെയ്താല്‍ അവയില്‍ ചിലത് കൂടിച്ചേര്‍ന്നാലും ചിലത് പൂര്‍ണമായും കൂടിച്ചേരാതെയും കാണപ്പെടുന്നു. ഭ്രൂണത്തെ നാം പൂര്‍ണസൃഷ്ടിയെന്ന് വിശദീകരിക്കുമ്പോള്‍ സൃഷ്ടിക്കപ്പെട്ട ഭാഗിക രൂപത്തെക്കുറിച്ചും അപൂര്‍ണ സൃഷ്ടിയെന്ന് പറയുമ്പോള്‍ സൃഷ്ടിക്കപ്പെടാത്ത ഭാഗത്തെക്കുറിച്ചും മാത്രമാണ് വിശദീകരിക്കുന്നതെന്ന് പ്രൊഫ. ജോണ്‍സണ്‍ അഭിപ്രായപ്പെടുന്നു. അപ്പോള്‍, പൂര്‍ണമായിട്ടാണോ അതോ അപൂര്‍ണമായിട്ടാണോ ഭ്രൂണം സൃഷ്ടിക്കപ്പെട്ടുന്നത്? 'ഭാഗികമായി രൂപീകരിക്കപ്പെട്ടതും ഭാഗികമായി രൂപീകരിക്കപ്പെടാത്തതു'മെന്ന ഖുര്‍ആനിക വിശദീകരണത്തെക്കാള്‍ നല്ലൊരു വിശദീകരണം ഗര്‍ഭധാരണത്തിന്റെ ഈ ഘട്ടത്തെക്കുറിച്ച് മറ്റെവിടെയുമില്ലായെന്നതാണ് വസ്തുത. അല്ലാഹു പറയുന്നു: ''നിശ്ചയം നാമാണ് നിങ്ങളെ മണ്ണില്‍നിന്നും അനന്തരം രൂപം നല്‍കപ്പെട്ടതും നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍നിന്നും സൃഷ്ടിച്ചത്. നിങ്ങള്‍ക്കു നാം വസ്തുതകള്‍ വ്യക്തമാക്കിത്തരാന്‍ വേണ്ടി'' (22:5).
ശാസ്ത്രീയമായി പറഞ്ഞാല്‍, ഭ്രൂണവളര്‍ച്ചയുടെ ഘട്ടത്തില്‍ ചില കോശങ്ങള്‍ പരസ്പരം കൂടിച്ചേരുകയും ചിലത് ചേരാതിരിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ, ചില അവയവങ്ങള്‍ രൂപപ്പെടുകയും ചിലത് രൂപപ്പെടാതെ ശേഷിക്കുകയു ചെയ്യുന്നു. കാഴ്ചയും കേള്‍വിയും വളര്‍ന്നുവരുന്ന ഒരു ഭ്രൂണത്തിന് ആദ്യമായി രൂപപ്പെടുന്ന ഇന്ദ്രിയം കേള്‍വി (ചെവി) യാണ്. 24 ആഴ്ചകള്‍ കഴിയുന്നതോടെ ഒരു ഗര്‍ഭസ്ഥ ശിശു കൊച്ചു കൊച്ചു ശബ്ദങ്ങള്‍ കേട്ടുതുടങ്ങുന്നു. പിന്നെ, കാഴ്ചയാണ് ശരിപ്പെട്ടുവരിക. ററ്റിന സംവേദനക്ഷമമാകുന്നതോടെയാണിത്. ഏകദേശം 28 ആഴ്ചകളാണ് ഇതിന് ആവശ്യമായിവരിക. ഇന്ദ്രിയങ്ങളുടെ രൂപീകരണത്തലേക്ക് വിരല്‍ ചൂണ്ടി അല്ലാഹു പറയുന്നു: ''നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചയും ഹൃദയങ്ങളും സൃഷ്ടിച്ചു'' (32:9). ''കൂടിച്ചേര്‍ന്നുണ്ടാകുന്ന ഒരു ബീജത്തില്‍നിന്ന് നാം മനുഷ്യനെ സൃഷ്ടിട്ടു. അവനെ പരീക്ഷിക്കാന്‍വേണ്ടി, ശേഷവും അവന് കേള്‍വിയും കാഴ്ചയും നല്‍കി'' (76:2). ''അവനാണ് നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചയും ഹൃദയങ്ങളും ഉണ്ടാക്കിത്തന്നവന്‍. കുറച്ചുമാത്രമേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ'' (23:78). കാഴ്ചക്കു മുമ്പാണ് ഈ സൂക്തങ്ങളിലെല്ലാം കേള്‍വിയെ പരാമര്‍ശിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, വിശുദ്ധ ഖുര്‍ആന്റെ വിശകലനം ആധുനിക ശാസ്ത്രത്തിനുപോലും മാര്‍ഗദര്‍ശിയായി മാറുകയാണ്.
Leave A Comment