വിഭജനങ്ങള്‍ക്കതീതമാണ് വിശുദ്ധ ഖുര്‍ആന്റെ ആശയതലം. സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത് പ്രകാശനം/ പാരായണം നടത്തപ്പെടുന്ന ഖുര്‍ആന്‍ വചനങ്ങളത്രയും ദിവ്യഗ്രന്ഥത്തിന്റെ സമ്പൂര്‍ണത പ്രദാനം ചെയ്യുന്നതില്‍ പരാജയമായിരിക്കും. വിശുദ്ധ സൂക്തങ്ങള്‍ സന്ദര്‍ഭാനുസരണം പാരായണം നടത്തുകയും ഉദ്ധരിക്കുകയും ചെയ്യരുതെന്നല്ല ഇപ്പറഞ്ഞതിനര്‍ത്ഥം. പക്ഷേ, അതിന്റെ സ്വാധീനവലയം അവിഭക്ത ഖുര്ആനിലേതിനെക്കാള് പരിമിതമായിരിക്കുമെന്നത് തീര്‍ച്ച. ഉദാഹരണമായൊരു മൊസൈക്ക് പ്രതലമെടുക്കുക. കറുപ്പും വെളുപ്പും വര്‍ണങ്ങളിലുള്ള മൊസൈക്ക് കഷ്ണങ്ങള്‍ പരസ്പരം ചേര്ന്നുനില്ക്കുമ്പോഴേ അതിന്റെ സമ്പൂര്‍ണ സൗന്ദര്യം അനുഭവവേദ്യമാക്കാനാവൂ. പരസ്പര പൂരകങ്ങളായി വര്‍ത്തിക്കുന്ന അവയില്‍ നിന്ന് ഒരു തുണ്ടം മാത്രം ഛേദിച്ചെടുത്താല് ഭാഗികഭംഗി മാത്രമേ അനുഭവിക്കാനാവൂ.
വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നുതന്നെ ചില ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക: അല്‍ ബഖറ അധ്യായത്തിലെ നൂറ്റെഴുപത്തെട്ടാം സൂക്തം ശിക്ഷാനിയമത്തെക്കുറിച്ചാണ്: 'സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുക എന്നത് നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു.' അശ്ശൂറാ അധ്യായത്തിലെ നാല്പതാം സൂക്തം മാപ്പരുളാനും വിട്ടുവീഴ്ച ചെയ്യാനുമാണ് ആഹ്വാനം നടത്തുന്നത്: 'ഒരു തിന്മക്കുള്ള പ്രതിഫലം അതുപോലുള്ളൊരു തിന്മയാകുന്നു. എന്നാല്‍, ആരെങ്കിലും മാപ്പരുളുകയും രഞ്ജിപ്പുണ്ടാക്കുകയുമാണെങ്കില്‍ അവനുള്ള പ്രതിഫലം അല്ലാഹുവിന്റെ ബാധ്യതയത്രെ.' 'അല്ലാഹു നിങ്ങള്‍ക്കനുവദിച്ച് നല്‍കിയിട്ടുള്ള വിശിഷ്ട വിഭവങ്ങളെ നിങ്ങള്‍ നിഷിദ്ധമാക്കരുത്. നിങ്ങള്‍ പരിധി ലംഘിക്കുകയും അരുത്. പരിധിവിടുന്നവരെ അല്ലാഹു ഒട്ടും ഇഷ്ടപ്പെടുകയില്ല.' (അല്‍ മാഇദ: 87) മറ്റൊരു വിശുദ്ധ സൂക്തമിങ്ങനെ: 'വിവിധതരം ആളുകള്‍ക്ക് ഇഹലോകത്ത് നാം നല്‍കിയിട്ടുള്ള ഐഹിക സുഖാഡംബരങ്ങളില്‍ താങ്കള്‍ കണ്ണ് പായിക്കരുത്' (ത്വാഹാ: 131) ഇങ്ങനെ ഉദാഹരണങ്ങള്‍ നിരവധി...
ഒറ്റയിരിപ്പിന് ഓതിത്തീര്ക്കുന്നൊരാള്ക്ക് വിശുദ്ധ ഗ്രന്ഥമത്രയും വൈരുധ്യങ്ങളനുഭവപ്പെടും. അതൊരിക്കലും ശരിയല്ലെന്ന് മാത്രമല്ല, വസ്തുത നേരെ മറിച്ചുമാണ്. പരസ്പരവിരുദ്ധ ചേരികളില്‍ നിലകൊള്ളുന്നതായി പ്രഥമദൃഷ്ട്യാ അനുഭവപ്പെടുന്ന കാര്യങ്ങള്‍ക്കിടയിലെ സവിശേഷമായ രഞ്ജിപ്പാണ് വിശുദ്ധ ഖുര്‍ആന്റെയും ഇസ്ലാമിന്റെ തന്നെയും അത്യുന്നതവും സുന്ദരവുമായ പ്രത്യേകത. ഒരൊറ്റ കാര്യം മാത്രം ചെയ്യാനാവശ്യപ്പെടുന്നതിന് പകരം രണ്ടുകാര്യം ചെയ്യാനാണ് വിശുദ്ധ ഖുര്‍ആന്റെ അര്‍ത്ഥന. പ്രതിക്രിയ മാത്രമല്ല, വിട്ടുവീഴ്ചയും വേണം. ഇഹലോകത്തിന് വേണ്ടി മാത്രമല്ല, പരലോകത്തിനു വേണ്ടിയും കഠിനാധ്വാനം നടത്തണം. ന്യായമായ ആവശ്യമാണെങ്കില്‍ പോലും, പ്രതികാരമല്ലാതെ മറ്റൊന്നുമറിയാത്ത ഇസ്ലാമിക സമൂഹങ്ങളില്‍ സത്യവിശ്വാസത്തിന്റെ സമ്പൂര്‍ണത ദര്‍ശിക്കാനാവില്ല; തിന്മക്കുനേരെ പ്രതിരോധം തീര്‍ക്കാതെ, വിട്ടുവീഴ്ച മാത്രമറിയുന്ന മുസ്ലിംകളിലും ഈ സമ്പൂര്‍ണത സാധ്യമല്ല.
ഒരേസമയം ഇരുധ്രുവങ്ങളുമറിയുന്ന സമീകൃത വ്യക്തിത്വമാവാനേ ഒരു മുസ്ലിമിന് തരമുള്ളൂ. വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണമായി ഗ്രഹിക്കുമ്പോഴേ ഈ സന്തുലിതത്വം പ്രയോഗതലത്തിലെത്തിക്കാനാവൂ എന്നതാണനുഭവം. സുപ്രധാനമായ മറ്റൊരു ഘടകം ദിനംപ്രതി ഖുര്‍ആന്‍ പാരായണം നടത്തണം എന്നതാണ്. ഓരോ പുതിയ ഖുര്ആന്വായനയും നവീനമായ ജ്ഞാനങ്ങള്‍ പകര്‍ന്നുതരും നമുക്ക്. ഒരുവിധ മാറ്റത്തിരുത്തലുകള്‍ക്കും വിധേയപ്പെടാതെ വിശുദ്ധ ഗ്രന്ഥം ഇന്നും നിലനില്‍ക്കുന്നുവെന്നത് ശരി തന്നെ. പക്ഷേ, മറ്റു പലതിനും മാറ്റം സംഭവിക്കുന്നുണ്ട്. നമ്മള്, നമ്മുടെ ചുറ്റുപാട്, നമ്മുടെ ലോകം; എല്ലാറ്റിലും പരിവര്‍ത്തനം കാണാനാകുന്നുണ്ട്. അടിക്കടിയുണ്ടാകുന്ന ഈ മാറ്റങ്ങളാണ് വീണ്ടും വീണ്ടും വിശുദ്ധ ഗ്രന്ഥത്തിന്റെ അഗാധതകളിലേക്കിറങ്ങിച്ചെല്ലാന് നമുക്ക് പ്രേരണ നല്‍കുന്നത്. ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള പാരായണത്തിനിടെ ചില സവിശേഷ സൂക്തങ്ങള്‍ നമ്മുടെ അന്തരാളങ്ങളില്‍ മാറ്റൊലി സൃഷ്ടിക്കുന്നത് പൊടുന്നനെയാണ്. മുമ്പൊന്നും നമ്മള് അവയുടെ ആശയപരിസരം പോലും വേണ്ടപോലെ ഉള്ക്കൊണ്ടിട്ടുണ്ടായിരിക്കില്ല. ഇത്തരം അനുഭവങ്ങള്‍ ഏതൊരു പാരായകനും തീര്ച്ചപ്പെടുത്താവതാണെങ്കിലും എന്റെ അനുഭവങ്ങളില്‍ നിന്നുള്ള ഏതാനും സാംപിളുകള്‍ പറയാം:
കുറേയധികം കാലങ്ങള്‍ക്ക് മുമ്പ്; എന്റെ ബാല്യകാലങ്ങളില്‍ ഖുര്‍ആന്‍വായന നടത്തുമ്പോള്‍ അധ്വാനം, ജിഹാദ്, നൈതികത തുടങ്ങിയവ പരാമൃഷ്ടമാകുന്ന സൂക്തങ്ങള്‍ക്കു മുമ്പില്‍ കുറച്ചധികം സമയം ഞാന്‍ ചെലവഴിക്കുമായിരുന്നു. അതിക്രമങ്ങള്‍ക്കും ഏകാധിപത്യ പ്രവണതകള്‍ക്കും നേരെ പ്രതിരോധം തീര്‍ക്കേണ്ടത് നിര്‍ബന്ധ ബാധ്യതയാണെന്ന് വ്യക്തമാക്കുന്ന സൂക്തങ്ങള്‍ അന്നെന്റെ ചിന്താപഥത്തെ കോള്മയിര് കൊള്ളിച്ചിരുന്നു. സന്തുലിതമായൊരു മുസ്ലിം വ്യക്തിത്വത്തെ ഖുര്‍ആന്‍ ഇങ്ങനെ അടയാളപ്പെടുത്തുന്നു: 'തങ്ങള്‍ക്ക് നേരെ അതിക്രമങ്ങളുണ്ടായാല്‍ പ്രതിരോധിക്കുന്നവരാകുന്നു അവര്‍.' (ശൂറാ: 39) ലഭ്യമായ അവസരങ്ങളിലത്രയും ഈ സൂക്തത്തിലൂന്നി ഞാന്‍ സംവേദനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് അല്ലാഹുവും ഇഹലോകത്തിന്റെ സൗന്ദര്യാലങ്കാരവും അതിന്റെ നശ്വരതയുമെല്ലാമാണ്. കര്‍മോത്സുകരാവാന്‍ പ്രേരിപ്പിക്കുന്ന സൂക്തങ്ങള്‍ക്കു പകരം ധ്യാനനിമഗ്നനാവാന്‍ ആഹ്വാനം ചെയ്യുന്നവയില്‍ കൂടുതല്‍ കരുത്ത് ഞാന്‍ കണ്ടെത്തുന്നു. അല്ലാഹുവൊഴികെയുള്ള സര്‍വസ്വവും നശിക്കുമെന്ന സൂക്തമാണ് ഇന്നെന്റെ മനസ്സിനെ മഥിച്ചുകൊണ്ടിരിക്കുന്നത്. കാരണം, അവന് മാത്രമാണ് ശാശ്വതമായ സത്ത. 'ഭൂതലത്തിലുള്ളതത്രയും നശ്വരമാണ്; മഹോന്നതനും അത്യുദാരനുമായ നിന്റെ രക്ഷിതാവിന്റെ അസ്തിത്വം മാത്രമേ ശേഷിക്കുകയുള്ളൂ.' (അര്റഹ്മാന്: 26, 27)
എന്റെ വന്ദ്യമാതാവ് രക്ഷിതാവിലേക്ക് തിരികെപ്പോയ നാളുകളില്‍ തീവ്രദുഃഖവും അസഹ്യവേദനയും മൂലം ഹൃദയം എരിപിരി കൊള്ളുകയായിരുന്നു. ഹൃദയഹാരിയായ ആ നാളുകളില്‍ അല്ഫജ്ര് അധ്യായവുമായി ഒരുനിമിഷവും ഞാന്‍ വേര്പിരിയുമായിരുന്നില്ല. 'ഹേ, സമാധാനമടഞ്ഞ ആത്മാവേ, നിന്റെ നാഥനിലേക്ക് മടങ്ങിക്കൊള്ളുക; സംതൃപ്തനും തൃപ്തി ലഭിച്ചവനും ആയിക്കൊണ്ട്. എന്റെ വിശിഷ്ട ദാസരില്‍ കടന്നുകൊള്ളുക. എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക.' (27-30) സൗകുമാര്യതയുടെ നിറബിംബമായി തുടികൊള്ളുന്ന ഈ സൂക്തത്തിനു മുന്നില്‍ നിത്യവും ഞാന്‍ നില്ക്കുമായിരുന്നു. വികാര പരവേശത്താല്‍ നയനങ്ങള്‍ ആര്‍ദ്രമായിത്തീരും. ഈ വിശുദ്ധ വചസ്സുകളെക്കാളും ഉത്തമമായ മറ്റൊരു സാന്ത്വനമൊഴിയും ഇന്നേവരെ ഞാന്‍ ദര്‍ശിച്ചിട്ടില്ല. സ്വന്തം മാതാവിന്റെ നിശ്ചലമുഖം ചുംബനങ്ങള്‍ കൊണ്ട് പൊതിയാന്‍ വിധി നിര്‍ബന്ധിച്ചാല്‍ ഇതിലേറെ ഹൃദയസ്പൃക്കായ സാന്ത്വനമൊഴികള്‍ പറയാന്‍ ആര്‍ക്കാണ് കഴിയുക? ഞാന്‍ എന്നോടുതന്നെ ചോദിച്ചിരുന്ന ചോദ്യമാണിത്.
ശരീഅത്തും തക്ബീറും ജിഹാദുമാണ് ഒരു വശത്തെ ഖുര്ആനെങ്കില് ശാന്തിയും സാന്ത്വനവും സമാധാനവുമാണ് മറുവശത്തെ ഖുര്‍ആന്‍. വൈയക്തിക സാഹചര്യങ്ങള്‍ക്കും മാനസിക വ്യവഹാരങ്ങള്ക്കുമൊത്ത് വിവിധ വശങ്ങളില് നാം ആകൃഷ്ടരാവുന്ന പോലെത്തന്നെ, സമുദായം കടന്നുപോകുന്ന വിവിധ ദശാസന്ധികള്ക്കനുസരിച്ച് നമ്മെയാകര്ഷിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളിലും മാറ്റം സംഭവിക്കുന്നു. വര്‍ണവെറി കൊടികുത്തിവാഴുന്നൊരു സമൂഹത്തില്‍ മനുഷ്യസമത്വം ഊന്നിപ്പറയുന്ന സൂക്തത്തിനാണ് ന്യായമായും മുന്‍ഗണന ലഭിക്കുക. ഉദാഹരണത്തിന്, അന്നിസാഅ് അധ്യായത്തിലെ പ്രഥമ സൂക്തം: 'ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുവിന്‍. ഒരൊറ്റ ആത്മാവില്‍ നിന്ന് നിങ്ങളെ സൃഷ്ടിക്കുകയും അതില്‍ നിന്ന് തന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവരിരുവരില്‍ നിന്നുമായി എണ്ണമറ്റ സ്ത്രീ- പുരുഷന്മാരെ വ്യാപിപ്പിക്കുകയും ചെയ്തവനത്രേ അവന്.' (അന്നിസാഅ്: 01) അതേസമയം, മതകീയ അവകാശങ്ങള്‍ ഹനിക്കപ്പെടുകയും വിവേചനങ്ങള്‍ നിലനില്ക്കുകയും ചെയ്യുന്നൊരു സമൂഹത്തില്‍ മൂന്നേമൂന്ന് പദങ്ങള്‍ (ലാ- ഇക്റാഹ- ഫിദ്ദീന്‍) കൊണ്ടൊരു ആടിസ്ഥാനിക തത്വം അവതരിപ്പിക്കുന്ന സൂക്തം (മതത്തിന്റെ കാര്യത്തില്‍ യാതൊരുവിധ ബലപ്രയോഗവുമില്ല- അല്‍ ബഖറ: 256) ആയിരിക്കും മികച്ചുനില്ക്കുക.
ഖുര്‍ആന്‍ സൂക്തങ്ങള്‍ക്കിടയില്‍ യാതൊരുവിധത്തിലുള്ള വിവേചനവും കാണിക്കാത്തവരാണ് മുസ്ലിംകളായ നാമെങ്കിലും മതസഹിഷ്ണുത വിളംബരം ചെയ്യുന്ന ഈ കൊച്ചുവചനം അത്യുന്നതവും സുന്ദരവുമായിരിക്കുമെന്നത് തീര്‍ച്ച. ഖുര്‍ആന്‍ പാരായണത്തിന്റെ രീതിശാസ്ത്രത്തോടൊപ്പം അത്ര തന്നെ പ്രസക്തമാണ് സുന്ദരമായ പാരായണവും ശ്രവണവും. ഖുര്‍ആന്‍ ഉപയോഗപ്പെടുത്തുന്ന ഭൂരിഭാഗം മുസ്ലിം ജനസാമാന്യത്തിനും അതിന്റെ അര്‍ത്ഥ തലങ്ങളെക്കുറിച്ച് അവഗാഹമില്ലാത്തതിനാല്‍ കേവല പാരായണം നിഷ്ഫലമാണെന്ന് ചിലര്‍ ആരോപിക്കാറുണ്ട്. ഈ നിരീക്ഷണത്തോടെനിക്ക് വിയോജിപ്പാണുള്ളതെന്ന് പറയാതെ വയ്യ. അവിസ്മരണീയമായൊരു അനുഭവമിങ്ങനെ: അന്താരാഷ്ട്ര തലത്തിലുള്ളൊരു ഇസ്ലാമിക സമ്മേളനത്തില്‍ പങ്കുകൊള്ളാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പൊരു അവസരമെനിക്ക് ലഭിച്ചു. ഇസ്ലാമിക നവോത്ഥാനം: സമസ്യകളും കടമ്പകളും എന്നതായിരുന്നു സമ്മേളനവിഷയം.
പ്രസിദ്ധമായൊരു യൂറോപ്യന്‍ നഗരമാണ് സമ്മേളന വേദി. പ്രബന്ധവായനക്കും വിഷയാവതരണത്തിനുമായി വിശ്വപ്രസിദ്ധ പണ്ഡിതരും ചിന്തകരും... ഒരു സുപ്രസിദ്ധ ഖാരിഇന്റെ (ഖുര്‍ആന്‍ പാരായകന്‍) ശ്രവണ സുന്ദരമായ ഖുര്‍ആന്‍ പാരായണത്തോടെയായിരുന്നു ഓരോ ദിവസത്തെയും സെഷനുകളുടെ ആരംഭവും അവസാനവും. വിഷയാവതാരകരുടെ വാക്കുകള്‍ സാകൂതമായിരുന്നു സദസ്സ് ശ്രദ്ധിച്ചിരുന്നത്. എന്നിരുന്നാലും ഒട്ടധികം ആളുകളുടെ സാന്നിധ്യം അവ നടക്കുന്നതിനിടയിലും ഞങ്ങള്‍ അനുഭവിച്ചറിഞ്ഞു; ചിലര്‍ അടുത്തിരിക്കുന്നവരോട് സ്വകാര്യ സംഭാഷണം നടത്തുന്നു. മറ്റു ചിലര്‍ ചെയറുകള്‍ ക്രമപ്പെടുത്തുന്നു. മറ്റുചിലര്‍ കടലാസ് കഷ്ണങ്ങള്‍ പരതി നോക്കുന്നു. അങ്ങനെയങ്ങനെ... പക്ഷേ, ഖുര്‍ആന്‍ പാരായണം തുടങ്ങേണ്ട താമസം മുഴുചലനങ്ങളും കെട്ടടങ്ങി. സവിശേഷമായൊരു ശാന്തത സദസ്സിനെയൊന്നടങ്കം ആവരണം ചെയ്തു. ശ്വാസോച്ഛ്വാസത്തിനായി ഖാരിഅ് പാരായണം നിര്ത്തുമ്പോഴൊന്നും മറ്റൊരു കലപിലയും കേള്‍ക്കുന്നില്ല. സദസ്യരുടെയത്രയും ശ്വാസം നിലച്ചതു പോലെ! ആ പാരായണം അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഒഴുക്കുള്ളൊരു പുഴയായിരുന്നു. ചിലപ്പോഴതിന്റെ ഭാവം ശാന്തതയായിരുന്നു. മറ്റു ചിലപ്പോള്‍ രൗദ്രതയും.
സവിശേഷമായ ഖുര്ആനനുഭവം ഉച്ചസ്ഥായി പ്രാപിച്ചത് സമ്മേളനത്തിന്റെ സമാപന ദിവസമാണ്. വിടപറയും മുമ്പ് പ്രത്യേകമായൊരു ഉപഹാരം തന്ന് ഖാരിഅ് ഞങ്ങളെ അനുഗ്രഹിച്ചു; ഘടനയിലും സൗന്ദര്യത്തിലും പ്രസിദ്ധ അധ്യായമായ അര്റഹ്മാന് സൂറത്താണ് അന്നദ്ദേഹം ഞങ്ങള്‍ക്ക് വേണ്ടി കരുതി വെച്ചിരുന്നത്. അദ്ദേഹം പാരായണം നടത്തിയപ്പോഴത്തെ ഞങ്ങളുടെ മനോനില വിവരിക്കുക അസാധ്യം. അര്‍റഹ്മാനില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്ന 'ഫബി അയ്യി ആലാഇ റബ്ബികുമാ തുകദ്ദിബാന്‍' ഒഴികെ പ്രസ്തുത അധ്യായത്തിലെ മറ്റൊരു സൂക്തത്തിന്റെയും അര്‍ത്ഥം എനിക്കറിയില്ലായിരുന്നു. എന്നിട്ടും മുഴുവന്‍ സൂക്തങ്ങളും എന്റെ മനസ്സിലേക്ക് ആവാഹിച്ച പോലെ... സമ്മേളന വേദിയിലെ ഓരോ ദിവസത്തെയും ഖുര്‍ആന്‍ പാരായണസെഷന്‍ സമാപിക്കുന്തോറും അവിടെ സന്നിഹിതരായവരുമായി ഞാന്‍ കൂടുതല്‍ കൂടുതല്‍ അടുക്കുന്നു. സവിശേഷമായ ഈ അനുഭൂതി സദസ്യര്‍ക്ക് മുഴുവനുമുണ്ടെന്ന് അവരുടെ മുഖഭാവങ്ങള്‍ വിളിച്ചറിയിക്കുന്നതു പോലെ... 'കാണുന്നില്ലേ സോദരാ, നമ്മളത്രയും ഇസ്ലാമിക സഹോദരങ്ങളാണ്' എന്നവര്‍ വിളിച്ചുപറയുന്ന പ്രതീതി..! ഹൃദയസ്പര്‍ശിയായ ഈ അനുഭവത്തിന് ശേഷം കേവലമായ(?) ഖുര്‍ആന്‍ ശ്രവണത്തിനെ ഇടിച്ചുതാഴ്ത്താനെനിക്ക് ധൈര്യം തോന്നിയിട്ടില്ല. മുഴുവന്‍ മുസ്ലിം മനസ്സുകളും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ വിശുദ്ധ ഖുര്‍ആന്‍ മുഴുവനും മനസ്സിലാക്കിയെടുക്കുന്നുണ്ട്, തീര്‍ച്ച.
(തെളിച്ചം മാസിക, ജനുവരി, 2011, ദാറുല്‍ഹുദാ, ചെമ്മാട്)
Leave A Comment