വട്ടപ്പാട്ട്: മാപ്പിള പാടിപ്പതിഞ്ഞ വഴി
ജനമനസ്സുകള്‍ പരസ്പരം കൈമാറി, ജനഹൃദയാന്തരങ്ങള്‍ സന്തോഷാരവങ്ങളിലൂടെ ഏറ്റ് പിടിച്ച ഒരു ജനകീയ കലാരൂപമാണ് വട്ടപ്പാട്ട് അഥവാ ആണ്‍ ഒപ്പന.
കല്ല്യാണ ആഘോഷങ്ങളുടെ ഭാഗമായി കടന്നുവന്ന ഈ കലാരൂപത്തിന്റെ ഉറവിടം വ്യക്തമായി കണ്ടെത്തിയിട്ടില്ലെങ്കിലും ഇത് കേരളത്തില്‍ കൂടുതലും പ്രചരിച്ചത് മലബാര്‍ മേഖലകളിലായിരുന്നു. കല്ല്യാണപ്പാട്ട്, പുതിയാപ്പിളപ്പാട്ട് എന്നിങ്ങനെ അപരനാമമുള്ള ഈ ഗാന സാഹിതീയ കലാരൂപത്തിന് മലബാര്‍ മേഖലകളില്‍ പ്രത്യേകതരം ട്രൂപ്പുകള്‍ തന്നെയുണ്ടായിരുന്നു.
വിവാഹാഘോഷങ്ങളില്‍ തിയ്യതി മുന്‍കൂട്ടി നിശ്ചയിക്കുന്നത്‌പോലെ വട്ടപ്പാട്ടിനും നേരത്തെതന്നെ തിയ്യതി നിശ്ചയിക്കുമായിരുന്നു. എട്ടോപത്തോ അംഗങ്ങളുള്ള പ്രത്യേകതരം വട്ടപ്പാട്ട് ട്രൂപ്പുകള്‍ വൈകുന്നേരം തന്നെ വരന്റെ വീട്ടില്‍ സന്നിഹിതരായിരുന്നു. പായയിലോ അല്ലെങ്കില്‍ വട്ടപ്പാട്ടിന് വേണ്ടി സജ്ജമാക്കിയ പ്രത്യേകതരം സ്ഥലത്തോ വട്ടത്തില്‍ ഇരിക്കുന്നു.
ചെറിയചെണ്ട, കൈമണി, മരം കൊണ്ട് നിര്‍മ്മിച്ച കൈമണി, കോളാമ്പി തുടങ്ങിയ ഉപകരണങ്ങള്‍ ഇതില്‍ ഉപയോഗിക്കുന്നു. ബിരുദവും മുനാജാത്തും ശേഷം മംഗളവും പാടി പരിപാടിക്ക് തുടക്കം കുറിക്കുന്നു. ആവേശത്തോടെ ജനങ്ങള്‍ അതിനെ ഏറ്റിപിടിക്കുന്നു.
മൊത്തത്തില്‍ പറയുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ വട്ടപ്പാട്ട് ഗാന സാഹിതീയ കലാരൂപത്തിന് കൂടുതലും നേതൃത്വം നല്‍കിയത് തമിഴ് കവികളായിരുന്നു. ഷാഹുല്‍ ഹമീദ്, കെ.ടി. മുഹമ്മദ്, ഗുണ്ടേവെടി, ഹസ്സനടി തുടങ്ങിയ പലരചയിതാക്കളും അക്കാലത്ത് വട്ടപ്പട്ടിനെ വാനോളമുയര്‍ത്തി. അന്ന് കാലത്ത് വരന്റെ വീട്ടില്‍ നിന്ന് വധുവിന്റെ വീട്ടിലേക്കും വധുവിന്റെ വീട്ടില്‍ നിന്ന് വരന്റെ വീട്ടിലേക്കുമൊക്കെ നിരവധി മൈലുകള്‍ താണ്ടി സഞ്ചരിക്കേണ്ടതായിവരും. കല്ല്യാണപ്പാട്ടും പുതിയാപ്പിളപ്പാട്ടും ഒത്തുചേര്‍ന്ന വട്ടപ്പാട്ട് അവരെ അനുഗമിക്കുമ്പോള്‍ അവര്‍ക്ക് ആ ക്ലേശകരമായ യാത്ര വളരെയധികം സൗകുമാര്യതയോടെ ആസ്വദിക്കാനാവും.
വധുവിന്റെ വീട്ടില്‍ വെച്ച് ഇരുഗ്രൂപ്പുകളും(വധുവിന്റെ ട്രൂപ്പും വരന്റെ ട്രൂപ്പും) വട്ടപ്പാട്ടിലൂടെ ചോദ്യോത്തരമത്സരം നടത്തുമ്പോള്‍ സദസ്സ് വീണ്ടും ആവേശഭരിതരാകുന്നു.വട്ടപ്പാട്ടിന് ഏറെ സ്വീകാര്യത കിട്ടിയ അക്കാലത്ത് ഒരു ദിവസം തന്നെ 25ഓളം പരിപാടികളില്‍ വരെ പങ്കെടുക്കുന്ന ട്രൂപ്പുകള്‍ സജീവമായി പ്രവര്‍ത്തിച്ചിരിന്നു.
പക്ഷേ, ഇന്ന് കാലം പുരോഗമിച്ചപ്പോള്‍ ജനഹൃദയങ്ങള്‍ നെഞ്ചിലേറ്റിയ ഈ കലാരൂപത്തിന് തന്നെ തിരശ്ശീല വീണിരിക്കുന്നു. ആദ്യ കാലത്ത് കല്ല്യാണ പരിപാടികള്‍ക്ക് ഈ കലാരൂപത്തെ ഒഴിവാക്കാന്‍ ജനങ്ങള്‍ സമ്മതിക്കുമായിരുന്നില്ല. പക്ഷെ, ഇന്ന് പന്തലുകളില്‍ നിന്ന് തന്നെ ഈ കലാരൂപം അസ്തമിച്ചിരിക്കുന്നു. ജനങ്ങള്‍ക്ക് ഇതിനോട് വിരക്തി തോന്നി തുടങ്ങിയിരിക്കുന്നു. അക്കാരണം കൊണ്ട് തന്നെയാണ് ഈ കലാരൂപം കാലഗതി പ്രാപിക്കാനടുത്തു നില്‍ക്കുന്നതും.
Leave A Comment