ജ്ഞാന കൈമാറ്റങ്ങളുടെ നബിദിന പ്രഭാഷണങ്ങള്‍

ധാര്‍മ്മിക മൂല്യങ്ങളെ മാനിച്ച മഹിതപാരമ്പര്യത്തിന്റെ സംസ്‌കൃതിയാണ് കേരളത്തിന്റേത്. ഈ നാട് അധാര്‍മ്മികതയുടെ അഴുക്കുചാലായി മാറാതിരിക്കാന്‍ പൂര്‍വ്വീകര്‍ വിദ്യാപ്രചരണം നടത്തിപ്പോന്നു. ദര്‍സുകളുടെയും മദ്‌റസകളുടെയും കേന്ദ്രങ്ങളില്‍ മാത്രമല്ല സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലും വിദ്യാര്‍ത്ഥി സംഘടനാ മേഖലകളിലും വിജ്ഞാനത്തിന്റെ സര്‍വ്വശാഖകളിലും പുതുമയോടു കൂടിയ മതപ്രചരണം നടത്താന്‍ സംഘാടകര്‍ ശ്രദ്ധവച്ചു.
അര നൂറ്റാണ്ടു മുമ്പ് മുസ്‌ലിം വിദ്യാര്‍ത്ഥി സംഘടനക്ക് എവിടെയെല്ലാം തുടക്കമിട്ടിരുന്നുവോ അവിടെയൊക്കെ പ്രവാചക പുംഗവന്‍ നബികരീം(സ)യുടെ ജന്മദിനാഘോഷങ്ങളിലൂടെ പഠിക്കുവാനും ചിന്തിക്കുവാനുമുള്ള വേദികളാണ് ഒരുക്കപ്പെട്ടത്.
തലശ്ശേരി സര്‍വ്വന്റ്‌സ് ഓഫ് ഇസ്‌ലാം സൊസൈറ്റി (എസ്.ഐ.എസ്.) ഹാളില്‍ സി.പി. മമ്മുക്കോയ സ്മാരക ലൈബ്രറിയിലെ പുസ്തകങ്ങളെ സാക്ഷിനിര്‍ത്തി ഗംഭീര നബിദിന പ്രഭാഷണങ്ങള്‍ നടന്നിരുന്നു. അവിടെ വച്ച് കൊയിലാണ്ടി മുസ്‌ലിം വിദ്യാര്‍ത്ഥി ഫെഡറേഷന്റെ 1942-ലെ വാര്‍ഷിക റിപ്പോര്‍ട്ട് വായിച്ചു.
പ്രവാചക ശിരോമണി നബി(സ)യുടെ ജന്മദിനം 1942 മാര്‍ച്ച് എട്ടിന് വി.എം.മൊയ്തീന്‍ കുട്ടി സാഹിബിന്റെ അധ്യക്ഷതയില്‍ ആഘോഷിച്ചതായിരുന്നു റിപ്പോര്‍ട്ട് പുസ്തകത്തിലെ പ്രധാന ഇനം.
‘നബിയുടെ മാതൃകാ ജീവിതം’ എന്ന വിഷയത്തെ പുരസ്‌ക്കരിച്ച് പി.എം. മുഹമ്മദ് സാഹിബും ആലി സാഹിബും ചെയ്ത പ്രസംഗം ചരിത്രത്തിലെ സുവര്‍ണ്ണാധ്യായമെന്ന് വിശേഷിപ്പിക്കപ്പെട്ടു.
‘എന്റെ വലതു കയ്യില്‍ സൂര്യനെയും ഇടതു കയ്യില്‍ ചന്ദ്രനെയും വച്ചുതന്നാലും ഞാനെന്റെ ദൗത്യനിര്‍വഹണത്തില്‍ നിന്നും പിന്തിരിയില്ല’ എന്നു പ്രഖ്യാപിച്ച് നബി(സ)യുടെ മനഃസ്ഥൈര്യം സ്ഫുരിക്കുന്ന വാക്കുകള്‍ പ്രസംഗകര്‍ ആവര്‍ത്തിക്കുമ്പോള്‍ അതിലെ സവിശേഷതകള്‍ മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ പതിഞ്ഞു. തലശ്ശേരി ടൗണില്‍ എം.എസ്.എഫ്. അടിച്ചിറക്കിയ ലഘുലേഖയുടെ പേര്‍ ‘ഖാരിന്റെ പരിവര്‍ത്തകന്‍’ എന്നായിരുന്നു.
മൗലിദ് പാരായണം എല്ലാ വീടുകളിലും നടക്കുന്ന കാലമായിരുന്നു അത്. എല്ലാ മദ്‌റസകളിലും നബിദിനയോഗങ്ങളും സംഘടിപ്പിക്കുമായിരുന്നു. മുസ്‌ലിം വിദ്യാര്‍ത്ഥി ഫെഡറേഷന്റെ ശാഖാ കമ്മിറ്റികള്‍ നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും നബിദിന പരിപാടികള്‍ ഏര്‍പ്പെടുത്തി. കണ്ണൂര്‍, ഇരിക്കൂര്‍, മട്ടന്നൂര്‍, പഴയങ്ങാടി, തളിപ്പറമ്പ്, മുട്ടം, മാട്ടൂല്‍ തുടങ്ങിയ നിരവധി പ്രദേശങ്ങളില്‍ നബിദിന പരിപാടികളില്‍ സംബന്ധിക്കാനെത്തിയാല്‍ തിരുപുണ്യമൊഴികളെ നെഞ്ചോടണച്ചു വിരിയുന്ന കുരുന്നുകളെ കണ്ട് ചാരിതാര്‍ത്ഥ്യമടയും. സല്‍ബോധം നാമ്പിട്ട പ്രായത്തില്‍ ശാശ്വതസത്യങ്ങളെ പുണരാനുള്ള ആവേശത്തില്‍ സംതൃപ്തിയടയും.
‘മക്കത്തുദിത്തൊളിവേ, റസൂലുള്ള
ആദിയോന്‍ തന്നൊളിവേ…’ തുടങ്ങിയ മാപ്പിള മഹാകവി ഒ. അബുസാഹിബിന്റേയും ടി.ഉബൈദ്, പുന്നയൂര്‍ക്കുളം വി. ബാപ്പു, വിദ്വാന്‍ ടി.സി. മമ്മി, എ.കെ. ഹമീദ് സാഹിബ് തുടങ്ങിയവരുടെയും നബിദിനഗാനങ്ങള്‍ ആലപിക്കുന്ന ചെറുപ്പക്കാരെ സംഘടന പ്രോത്സാഹനം കൊണ്ട് മൂടും.
നബിദിന വിശേഷാല്‍ പ്രതികള്‍ വാങ്ങി വായിക്കുന്നത് വിദ്യാര്‍ത്ഥികളുടെ ശീലമായിരുന്നു. നബിദിന യോഗങ്ങളിലെ കൂട്ടായ്മയും മൗലിദ് സദസ്സിലെ സംഗമങ്ങളും ഓരോ നാടിന്റെയും വെളിച്ചമായിരുന്നു എക്കാലത്തും.
എല്ലാ സംശയങ്ങളും തീര്‍ത്തുതരുന്ന ലേഖനങ്ങള്‍ വായിച്ചു വളര്‍ന്ന വിദ്യാര്‍ത്ഥികള്‍ സമുദായത്തിന്റെ കാവല്‍ഭടന്മാരായിത്തീര്‍ന്ന നാളുകള്‍. പറവണ്ണ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെയും കെ.വി. കൂറ്റനാടിന്റെയും കെ.പി. ഉസ്മാന്‍ സാഹിബിന്റെയും ഈടുറ്റ ലേഖനങ്ങള്‍ അച്ചടിച്ചുവരുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ ഗ്രന്ഥപ്പുരകളെ സമ്പന്നമാക്കിയ നാളുകള്‍.
മതപണ്ഡിതന്മാരുമായി കൂടിക്കാഴ്ച നടത്താനും അവരുടെ കരസ്പര്‍ശം ഗ്രഹിക്കാനും അനുപമ വ്യക്തിത്വങ്ങളുമായി ഇടപഴകാനും അവസരം കിട്ടുന്നവരൊക്കെ അഭിമാനിക്കുമായിരുന്നു.
നൈര്‍മല്യമാര്‍ന്ന മുഖവും മനസ്സുമായി അനേകം കാതം അകലെ നിന്ന് എത്തുന്ന പ്രഭാഷകരുടെ ആര്‍ദ്രമായ മനസ്സ് പഠിച്ചെടുക്കാന്‍ കഴിഞ്ഞ നാളുകള്‍. വിനയത്തിന്റെയും ലാളിത്യത്തിന്റെയും മഹാപുരുഷന്‍മാര്‍ നഗര നഗരാന്തരങ്ങളിലും ഗ്രാമഗ്രാമാന്തരങ്ങളിലും വെളിച്ചം തെളിച്ചു വെച്ച നാളുകള്‍ ഒരിക്കലും വിസ്മൃതിയിലാണ്ടുപോവില്ല.
‘അല്ലാഹു ഒരാളെ സ്‌നേഹിച്ചാല്‍ അത് ജിബ്‌രീലിനോടും അതു പിന്നീട് വാനലോകത്തുള്ള മലക്കുകളോടും അങ്ങനെ ലോകം മുഴുവനും കൊട്ടിയറിയിക്കുകയും എല്ലാ സൃഷ്ടികളും അവരെ സ്‌നേഹിക്കുകയും ചെയ്യും’ എന്ന ഹദീസ് കേട്ടത് ഒരു നബിദിനനാളിലെ പ്രസംഗത്തില്‍നിന്നാണ് അല്ലാഹു സ്‌നേഹിച്ചതാണ് മതപണ്ഡിതന്‍മാര്‍ക്ക് ലഭിക്കുന്ന ആദരത്തിന്റെ കാരണമെന്ന് പഠിച്ചത് ആ നബിദിന യോഗത്തില്‍നിന്നാണ്.
മുപ്പതുകളുടെ രണ്ടാം പകുതി മുതല്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആദ്യദശകം വരെയുള്ള മാപ്പിള സാഹിത്യത്തിന്റെ ദിശാപരിണാമങ്ങളെയും ദര്‍ശനപരമായി ഇക്കാലത്തിന്നിടയില്‍ മുസ്‌ലിം വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ നടത്തിയ സഞ്ചാരങ്ങളെയും കുറിച്ച് വേണ്ടത്ര അവബോധം സൃഷ്ടിക്കപ്പെട്ടിട്ടില്ല.
അവയെ ആറ്റിയെടുക്കേണ്ടതിന്റെ അനിവാര്യതയെ സംബന്ധിച്ചും അതിന്ന് സ്വീകരിക്കേണ്ട വഴികളെ കുറിച്ചും സമൂഹം ഗൗരവപൂര്‍വ്വം ചിന്തിച്ചതുമില്ല.
ലളിതവും കാവ്യോചിതവുമെന്ന് വിശേഷിപ്പിക്കാവുന്ന പദങ്ങളിലൂടെ സംഗീതാത്മകമായി ചൊല്ലിപ്പോവുന്ന ഈരടികള്‍ യുവത്വത്തെ കര്‍മ്മോത്സുകമാക്കിയ നാളുകളില്‍ കുടുംബങ്ങള്‍ കോരിത്തരിച്ചു.
വിശിഷ്ടമായ വാക്കുകളും വിശുദ്ധിയുടെ തൂലികകളും വിനയത്തിന്റെ കിരീടവും വിലപ്പെട്ട ദീനിന്റെ ഉസ്താദും വിസ്മയം ജനിപ്പിച്ച കൂട്ടായ്മയും വിജ്ഞാന പനയോലകളില്‍ കൊത്തിവെച്ച നാളുകളില്‍ നാട് പുളകം കൊണ്ടു. മനുഷ്യപുരോഗതിയുടെ കുതിച്ചുചാട്ടത്തിന് മതം വഹിച്ച പങ്ക് നിസ്തുലമാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ കണക്കുകൂട്ടാന്‍ മതപ്രഭാഷകര്‍ ഞങ്ങളെ പ്രേരിപ്പിച്ചു. അത് ശേഖരിക്കുവാന്‍ നബിദിന യോഗങ്ങള്‍ കൂറേക്കൂടി എളുപ്പമാക്കി.
മദ്‌റസകളില്‍ നിന്നും ദര്‍സുകളില്‍ നിന്നും പള്ളിക്കൂടങ്ങളില്‍ നിന്നും പഠിച്ച കാര്യങ്ങള്‍ പരസ്പരം പങ്കു വച്ചുകൊണ്ടാണ് പടിപടിയായി സാംസ്‌കാരിക ഉയര്‍ച്ചയുടെ പടവുകള്‍ അന്ന് മുസ്‌ലിം കുട്ടികള്‍ താണ്ടിയത്. ഇതിന്ന് നബിദിനാഘോഷങ്ങള്‍ വഹിച്ച പങ്കിനെക്കുറിച്ച് പറയാനേറെയുണ്ട്.
പ്രസംഗങ്ങളിലൂടെ പ്രവര്‍ത്തനത്തിനുള്ള ഊര്‍ജ്ജം എങ്ങനെ സംഭരിക്കപ്പെടാനാവും എന്ന് മതപ്രസംഗ പരമ്പരകള്‍ നാട്ടുകാരെ പഠിപ്പിച്ചു. പള്ളിപ്പരിസരങ്ങളില്‍നിന്ന് സജീവമായി പ്രവഹിച്ച ഉറവകള്‍ നാടിനെ ശുദ്ധീകരിച്ചു. അര്‍ഹതയുള്ളത് നിലനില്‍ക്കും എന്ന തത്വം ഓതിക്കേട്ടതാണ്. ഏതെങ്കിലും വിഡ്ഡികള്‍ വിഭാവനം ചെയ്യുന്ന പമ്പരവിഡ്ഡിത്തങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്നും കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു.
എന്തിനും ഏതിനും കുറ്റം മാത്രം കണ്ടെത്തുന്നവര്‍ പൂര്‍വ്വ മുസ്‌ലിംകളുടെ ജീവിതരീതികളിലും വിശ്വാസ പ്രമാണങ്ങളിലും കുറ്റവും കുറവും പറഞ്ഞുനടന്നപ്പോള്‍ അവരെത്തിപ്പെട്ടത് പോരായ്മകളുടെ ചെളിക്കുണ്ടിലേക്കാണ്.
ഇരുട്ടുമുറിയില്‍ ഇല്ലാത്ത കരിമ്പൂച്ചയെ തിരയുന്നവര്‍ മിന്നാമിനുങ്ങിന് ഊതിതീയ്യുണ്ടാക്കാന്‍ ശ്രമിച്ചു. ചിന്താപരമായ മാനങ്ങള്‍ ഉള്‍ക്കൊള്ളാനുപകരിക്കുന്ന ആഘോഷങ്ങള്‍ മനുഷ്യനുണ്ടാക്കിയ അതിര്‍വരമ്പുകളെല്ലാം ഇല്ലാതാക്കാനുള്ളതാണ്. വികാരമല്ല, വിചാരമാണ് ഓരോ ആഘോഷങ്ങള്‍ക്കും പിന്നിലുള്ളത്. ചിന്തിക്കാനും ഗ്രഹിക്കാനും സൂക്ഷ്മത പാലിക്കാനും നല്ല മനുഷ്യനായി ജീവിക്കാനുമുള്ള സന്ദേശമാണത്. ഓരോ നബിദിനാഘോഷ പരിപാടികളും നല്‍കുന്ന സന്ദേശവും അതു തന്നെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter