പ്രവാചക ജീവിതം: സഹിഷ്ണുതയുടെ നേരറിവുകള്‍

ഒരു വ്യക്തിയുടെ പ്രധാന ആകര്‍ഷണീയത്വം എന്താണ്? സല്‍സ്വഭാവം എന്നാണ് ഇതിനു കൃത്യമായ മറുപടി. പ്രവാചക വ്യക്തിത്വത്തില്‍ ഖുര്‍ആന്‍ എടുത്തുപറഞ്ഞ വസ്തുത ഇതു ബോധ്യപ്പെടുത്തുന്നു.
”താങ്കള്‍ ഉന്നതമായ സ്വഭാവത്തിനുടമയാണ്” (68 : 4).
”നിങ്ങള്‍ നിര്‍മല സ്വഭാവിയാണ്. നിങ്ങള്‍ പരുഷ സ്വഭാവിയായിരുന്നെങ്കില്‍ നിങ്ങളുടെ ചുറ്റില്‍ നിന്നും അവര്‍ അകന്നുപോകുമായിരുന്നു” (3 : 159).
പ്രവാചകന്റെ സ്വഭാവം ഖുര്‍ആനായിരുന്നുവെന്ന് ആയിശ(റ) സാക്ഷ്യപ്പെടുത്തുന്നുണ്ട്.
നബി(സ)യുടെ സ്വഭാവ ഗുണങ്ങള്‍ ഇമാം ഗസ്സാലി(റ) വിവരിക്കുന്നതിങ്ങനെ:
”നല്ല രീതിയിലുള്ള സഹവാസം, നൈര്‍മല്യം, സുകൃതം, വിശ്വാസികളും അവിശ്വാസികളുമായ അയല്‍വാസികളോട് നല്ല ബന്ധം പുലര്‍ത്തുക, വൃദ്ധരെ ബഹുമാനിക്കുക, ഔദാര്യം ചെയ്യുക, പരദൂഷണം, ഏഷണി, അസൂയ, മത്സരം, അഹന്ത, അക്രമം തുടങ്ങിയവ വര്‍ജ്ജിക്കുക” (ഇഹ്‌യാ 2:359).
****
അനുയായികളോട് മാത്രമല്ല പ്രവാചകന്‍ തന്റെ സ്വഭാവഗുണങ്ങള്‍ പ്രകടിപ്പിച്ചത്. ആദര്‍ശ വൈരികളോടും പ്രവാചകന്റെ പെരുമാറ്റം ഹൃദ്യമായിരുന്നു.
യമാമയുടെ ഭരണാധികാരിയായ സുമാമ. ഇസ്‌ലാമിന്റെ കഠിന ശത്രു. ഏതാനും മുസ്‌ലിംകളെ വധിക്കുകയും ചെയ്തിട്ടുണ്ട്.
ഉംറ നിര്‍വഹിക്കാന്‍ പുറപ്പെട്ടതാണ് സുമാമ.
യാത്ര മദീനക്കരികിലൂടെയാണ്.
എന്നാല്‍ പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്.
അതിര്‍ത്തി സംരക്ഷണത്തിനു നബി(സ) നിയോഗിച്ച സഹാബികള്‍ സുമാമയെ പിടികൂടി. അദ്ദേഹം ആരാണെന്നു അവര്‍ക്കറിയില്ലായിരുന്നു.
എന്നാല്‍ തന്റെ മുമ്പില്‍ ഹാജറാക്കപ്പെട്ട കക്ഷിയെ പ്രവാചകന്‍ തിരിച്ചറിഞ്ഞു.
”വളരെ മാന്യമായി മാത്രമെ അദ്ദേഹത്തോട് പെരുമാറാവൂ. യമാമയുടെ ഭരണാധികാരി സുമാമയാണത്.” -നബി(സ) നിര്‍ദേശിച്ചു.
പ്രവാചകന്‍ വീട്ടിലെത്തി.
ലഭ്യമായ ഭക്ഷണങ്ങള്‍ സുമാമക്ക് എത്തിച്ചുകൊടുത്തു.
”താങ്കളെന്തു പറയുന്നു സുമാമ?” -സൗമ്യ ശബ്ദത്തില്‍ പ്രവാചകന്‍ ആരാഞ്ഞു.
”നല്ലത്, നിങ്ങളെന്നെ വധിക്കുന്നുവെങ്കില്‍ തികച്ചും ന്യായമാകും. കാരണം നിങ്ങളുടെ അനുയായികളില്‍ ചിലരെ ഞാന്‍ വധിച്ചിട്ടുണ്ടല്ലോ. എന്നാല്‍ എനിക്കു മാപ്പു നല്‍കുന്നുവെങ്കില്‍ നിശ്ചയമായും ഞാന്‍ നന്ദിയുള്ളവനാകും. സാമ്പത്തികം നിങ്ങള്‍ ലക്ഷ്യമാക്കുന്നുവെങ്കില്‍ ആവശ്യപ്പെടുന്നതു നല്‍കാന്‍ ഞാനൊരുക്കമാണ്.”
നബി(സ) മൗനിയായി പിന്‍മാറി.
രണ്ടു ദിവസങ്ങള്‍ കഴിഞ്ഞു.
സുമാമക്കുള്ള ഭക്ഷണങ്ങള്‍ കൃത്യമായി സഹാബികള്‍ നല്‍കിക്കൊണ്ടിരുന്നു. തികഞ്ഞ ആദരവോടെയുള്ള പെരുമാറ്റവും.
വീണ്ടും നബി(സ) സുമാമക്കരികിലെത്തി.
”നിങ്ങളെന്തു തീരുമാനിച്ചു?”
സുമാമ തന്റെ പഴയ നിലപാടില്‍ ഉറച്ചു നിന്നു.
”നിങ്ങള്‍ സുമാമയെ മോചിപ്പിക്കുക!”
നബി(സ) കല്‍പിച്ചു.
തന്റെ വാഹനം തന്നെ പ്രതീക്ഷിച്ചെന്നവിധം പുറത്തു നില്‍ക്കുന്നു. അല്‍പം അകലെ വെള്ളം തേടി നടന്നു. ശരീര ശുദ്ധി വരുത്തി. മസ്ജിദുന്നബവിയിലേക്കു തിരിച്ചുവന്നു.
സുമാമ തന്റെ ലക്ഷ്യം പ്രവാചകനെ അറിയിച്ചു.
നബി(സ) അദ്ദേഹത്തിനു സത്യസാക്ഷ്യം ചൊല്ലിെക്കൊടുത്തു.
അദ്ദേഹം മനസ്സ് തുറന്നു: ”നബിയെ, താങ്കളുടെ മുഖത്തേക്കാള്‍ വെറുപ്പുള്ള മുഖം ഈ ഭൂമുഖത്ത് എനിക്കുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അത്ര പ്രിയമുള്ളതായും മറ്റൊന്നില്ല. അതുപോലെ നിങ്ങളുടെ മതവും ഈ നാടും മുമ്പ് എനിക്ക് ഏറെ വെറുപ്പ് നിറഞ്ഞതായിരുന്നു. എന്നാല്‍ ഈ നിമിഷം മുതല്‍ അവയൊക്കെ മറ്റെന്തിനെക്കാളും എനിക്കു പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു.”
പിന്നീട് സുമാമ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു: ”ഞാന്‍ അങ്ങയുടെ ചില അനുയായികളെ വധിച്ചിട്ടുണ്ട്. അതിന്റെ വിധി എന്ത്?”
”താങ്കള്‍ കുറ്റക്കാരനല്ല. ഇസ്‌ലാം പൂര്‍വപാപങ്ങളെയൊക്കെ മായ്ച്ചു കളയും.” -നബി(സ) അദ്ദേഹത്തെ സമാധാനിപ്പിച്ചു.
****
ഒരു ജൂത ബാലന്‍ നബി(സ)ക്ക് ഭൃത്യവേല ചെയ്യാറുണ്ടായിരുന്നു. അവനു രോഗം ബാധിച്ചു.
നബി(സ) അവനെ സന്ദര്‍ശിക്കാനെത്തി. അവനെ ആശ്വസിപ്പിച്ചു. കുട്ടി തന്റെ അരികില്‍ നില്‍ക്കുന്ന പിതാവിന്റെ മുഖത്തേക്കു നോക്കൂ.
”നീ അനുസരിക്കൂ. മോനെ” -അയാള്‍ കുട്ടിയോടു നിര്‍ദേശിച്ചു.
ആ കുട്ടി സത്യസാക്ഷ്യം ചൊല്ലി മുസ്‌ലിമായി (ബുഖാരി).

******
മക്കാ വിജയത്തിനു ശേഷം പ്രവാചകനെ ഭയന്ന് സഫ്‌വാനുബ്‌നു ഉമയ്യ യമനിലേക്കു രക്ഷപ്പെട്ടു.
ഉമൈറുബ്‌നു വഹബ്(റ) നബി(സ)യെ സമീപിച്ചു ചോദിച്ചു:
”അങ്ങ് അയാള്‍ക്കു അഭയം നല്‍കുമോ?”
നബി(സ) അനുകൂലമായി മറുപടി നല്‍കി.
നബിയുടെ മുമ്പില്‍ കീഴടങ്ങിയ സഫ്‌വാന്‍ ഇസ്‌ലാമിനെക്കുറിച്ചു ചിന്തിക്കാന്‍ രണ്ടു മാസത്തെ അവധി ആവശ്യപ്പെട്ടു.
തിരുനബി സഫ്‌വാനു നാലു മാസം അവധി നല്‍കി.
സഫ്‌വാന്‍ പിന്നീട് ഇസ്‌ലം സ്വീകരിച്ചു.
******
മക്കാ വിജയഘട്ടം.
അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദ്, ഇക്‌രിമയുടെ (അബൂജഹ്‌ലിന്റെ പുത്രന്‍) ഭാര്യ ഉമ്മുഹഖീം തുടങ്ങി ഏതാനും സ്ത്രീകള്‍ നബിക്കരികിലെത്തി.
ഹിന്ദ് തന്റെ മുഖം മറച്ചാണ് വന്നത്. ഉഹ്ദ് യുദ്ധത്തില്‍ പ്രവാചക പിതൃവ്യന്‍ ഹംസ(റ)യുടെ കൊലക്കു പ്രധാന കാരണക്കാരിയും മൃതശരീരം വികൃതമാക്കിയവളുമാണ് താന്‍!
തന്നെ കണ്ട ഉടന്‍ പ്രതികാരം ചെയ്യുമോ എന്ന ഭയത്താലാണ് മുഖംമൂടി ധരിച്ചിരിക്കുന്നത്.
ഹിന്ദ് സംസാരിക്കാന്‍ തുടങ്ങി: ”നബിയെ! നാം കുടുംബബന്ധമുള്ളവരാണ്. സത്യവിശ്വാസം സ്വീകരിക്കാനാണ് വന്നത്. നിങ്ങളില്‍ നിന്നും നന്മ പ്രതീക്ഷിക്കുന്നു. ഞാന്‍ ഉത്ബയുടെ മകള്‍ ഹിന്ദാണ്.”
”നിനക്കു സ്വാഗതം” -പ്രവാചകന്‍ പറഞ്ഞു.
അടുത്തതു ഉമ്മുഹഖീമിന്റെ ഊഴമായിരുന്നു.
തന്റൈ ദൈന്യത ബോധ്യപ്പെടുത്തിക്കൊണ്ട് മഹതി പറഞ്ഞു: ”എന്റെ ഭര്‍ത്താവ് ഇക്‌രിമ നിങ്ങളെ ഭയന്ന് യമനിലേക്ക് ഒളിച്ചോടിയിരിക്കുന്നു. നിങ്ങള്‍ അദ്ദേഹത്തിന് അഭയം നല്‍കിയാലും.”
പ്രതീക്ഷയോടെ ഉമ്മുഹഖീം കാതോര്‍ത്തു.
”ശരി അദ്ദേഹത്തിനു അഭയം നല്‍കാം. തിരിച്ചു വരട്ടെ.”
ഉമ്മുഹഖീം ഒട്ടും താമസിയാതെ പുറപ്പെട്ടു; കൂടെ അടിമയും.
ചെങ്കടല്‍ തീരത്തു വെച്ചു ഇക്‌രിമയെ കണ്ടെത്തി. സന്തോഷത്തോടെ മഹതി പറഞ്ഞു:
”മനുഷ്യ സമൂഹത്തില്‍ ഏറ്റവും മാന്യനായ ഒരു വ്യക്തിക്കരികില്‍ നിന്നാണ് ഞാന്‍ വരുന്നത്. നിങ്ങള്‍ക്ക് അഭയംനല്‍കാന്‍ ഞാന്‍ അഭ്യര്‍ത്ഥിച്ചു. സമ്മതിക്കുകയും ചെയ്തു. അതുകൊണ്ട് ഇനിയും നാശത്തിലേക്ക് നീങ്ങരുത്. നമുക്കു മക്കയിലേക്കു മടങ്ങാം.”
തനിക്കു അഭയം നല്‍കാം എന്നു പറഞ്ഞതു ഇക്‌രിമക്കു ഉള്‍ക്കൊള്ളാനായില്ല.
”നീ അദ്ദേഹത്തോടു നേരിട്ട് സംസാരിച്ചോ?” -ഇക്‌രിമ സംശയം പ്രകടിപ്പിച്ചു.
”അതേ, ഒട്ടും ഭയക്കണ്ട. അദ്ദേഹം മാന്യനാണ്. വാഗ്ദത്തം ലംഘിക്കില്ല.”
ഇക്‌രിമ മക്കയിലേക്കു തിരിച്ചു.
അദ്ദേഹം എത്തുംമുമ്പ് പ്രവാചകന്‍ സഹാബികളോട് പറഞ്ഞു: ”അധികം വൈകാതെ ഇക്‌രിമ ഇസ്‌ലാം സ്വീകരിക്കാന്‍ ഇവിടെ വരും. അയാള്‍ വരുമ്പോള്‍ നിങ്ങള്‍ അദ്ദേഹത്തിന്റെ പിതാവിനെ ആക്ഷേപിച്ചു സംസാരിക്കരുത്. അതു ഇക്‌രിമയെ വേദനിപ്പിക്കും.”
ഉമ്മുഹഖീമിന്റെ കൂടെ ഇക്‌രിമ നബിക്കരികിലെത്തി. നബി(സ) സന്തോഷത്തോടെ എഴുന്നേറ്റു ചെന്നു സ്വീകരിച്ചു.
”നിങ്ങള്‍ എനിക്കു അഭയം നല്‍കിയിരിക്കുന്നു എന്നു ഉമ്മുഹഖീം എന്നോട് പറഞ്ഞു. ശരിയാണോ?” -മുഖവുരയില്ലാതെ അദ്ദേഹം ആരാഞ്ഞു.
”സത്യമാണ് അവള്‍ പറഞ്ഞത്. നിങ്ങള്‍ക്കു അഭയം നല്‍കാം.”
”എന്താണ് നിങ്ങളുടെ മാര്‍ഗം?” -ഇക്‌രിമ ചോദിച്ചു.
നബി(സ) ഹ്രസ്വമായി ഇസ്‌ലാമിനെ വിശദീകരിച്ചു.
”നിങ്ങള്‍ സത്യത്തിലേക്കല്ലാതെ ക്ഷണിക്കില്ല. കാരണം, പ്രവാചകനാകും മുമ്പ് തന്നെ നിങ്ങള്‍ ഞങ്ങളില്‍ ഏറ്റവും ഉത്തമനും സത്യസന്ധനുമായിരുന്നല്ലോ.”
ഇക്‌രിമ ഇസ്‌ലാം സ്വീകരിച്ചു. അദ്ദേഹം തുടര്‍ന്നു: ”പ്രവാചകരേ, ഞാന്‍ നിങ്ങളെ ഏറെ ദ്രോഹിച്ചു. ഈ വെളിച്ചം ഊതിക്കെടുത്താന്‍ പരമാവധി ശ്രമിച്ചു. നിങ്ങളെനിക്കു പൊറുത്തു കിട്ടാന്‍ തേടിയാല്‍ നന്നായിരുന്നു.”
നബി(സ) പ്രാര്‍ത്ഥിച്ചു.
ഇക്‌രിമയുടെ മുഖം സന്തോഷത്താല്‍ ചുവന്നു!
”നബിയെ, ഇനി എന്റെ ജീവിതം ഇസ്‌ലാമിനാണ്. ഇതു തകര്‍ക്കാന്‍ ശ്രമിച്ചതിന്റെ ഇരട്ടി ഇത് വളര്‍ത്താന്‍ ഞാന്‍ പ്രയത്‌നിക്കും.”
പിന്നീടുള്ള തന്റെ ജീവിതത്തില്‍ ഈ പ്രതിജ്ഞ അദ്ദേഹം സാര്‍ത്ഥകമാക്കി.

******
മക്കാ വിജയം.
തന്റെ മുമ്പില്‍ നില്‍ക്കുന്നവരെ പ്രവാചകന്‍ ശ്രദ്ധിച്ചു.
തന്റെ രക്തത്തിനു ദാഹിച്ചവര്‍. ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ തന്റെ അനുചരരില്‍ പലരെയും വധിച്ചവര്‍. ജന്മനാട് ഉപേക്ഷിക്കാന്‍ തന്നെ നിര്‍ബന്ധിച്ചവര്‍.
പക്ഷേ, അവര്‍ക്കു തല ഉയര്‍ത്താനാകുന്നില്ല. ഭീതി നിറഞ്ഞ മനസ്സും കുനിഞ്ഞ ശിരസ്സുമായി അവര്‍ നിലകൊണ്ടു.
തങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്ന ശിക്ഷയുടെ കാഠിന്യം അവരെ പാടേ തളര്‍ത്തിയിരിക്കുന്നു.
”എന്നില്‍ നിന്നും എന്താണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്?”
പ്രവാചകന്റെ വാക്കുകള്‍ കേട്ട് അവര്‍ തലയുയര്‍ത്തി.
യാചന നിറഞ്ഞ നോട്ടം!
”ഒരു സഹോദരന്റെ സഹോദര പുത്രന്‍ ഞങ്ങളോടു സ്വീകരിക്കുന്ന നിലപാട് മാത്രം!!”
തികച്ചും തളര്‍ന്ന സ്വരത്തില്‍ അവര്‍ മന്ത്രിച്ചു.
പ്രവാചകന്റെ മുഖം വിടര്‍ന്നു.
ദയയും സഹതാപവും നിറഞ്ഞ നയനങ്ങളോടെ:
”നിങ്ങള്‍ക്കു പോകാം. നിരുപാധികം നിങ്ങള്‍ മോചിതരാണ്!”
കേട്ടതു വിശ്വസിക്കാനാകാതെ അവര്‍ തുറിച്ചു നോക്കി.
പലര്‍ക്കുമതു സത്യദീനിന്റെ തീരത്തണയാന്‍ കാരണമാവുകയും ചെയ്തു.
******
അധിനിവേശം കൊണ്ട് പൊറുതിമുട്ടിയ വര്‍ത്തമാന കാലത്തു പ്രവാചകന്റെ നിലപാടുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.
തന്റെ നിര്‍മല സ്വഭാവം കൊണ്ട് ശത്രുവിനെ കീഴടക്കിയ പ്രവാചകന്റെ വ്യക്തിത്വത്തിനു മുമ്പില്‍ നാം അണിനിരക്കുക -നന്മയുടെ പുതിയ പിറവിക്കു വേണ്ടി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter