ഖുര്‍ആനും ഇതര ഗ്രന്ഥങ്ങളും
 ഏക സമുദായമായിട്ടാണ് ഭൂമിയില്‍ മനുഷ്യവര്‍ഗത്തിന്റെ നിയോഗം. ആദ്യമനുഷ്യന്‍ ആദ്യ പ്രവാചകന്‍കൂടി ആയിരുന്നതിനാല്‍ ആ സമുദായത്തെ സംസ്‌കരിച്ച് പരിപാലിക്കേണ്ട ബാധ്യത അദ്ദേഹത്തിനായിരുന്നു. പിശാചിന്റെ പ്രലോഭനങ്ങള്‍ക്ക് വശംവദനായി കാലാന്തരത്തില്‍ മനുഷ്യന്‍ സത്യമാര്‍ഗത്തില്‍നിന്ന് അകലുകയും വിഘടിച്ച് വിവിധ വിഭാഗങ്ങളായി മാറുകയും ചെയ്തു. ഏകദൈവാരാധനയില്‍നിന്നും ബഹുദൈവാരാധനയിലേക്കുള്ള മാറ്റമായിരുന്നു ഇതില്‍ ഏറ്റവും രൂക്ഷതയേറിയത്. ഇത് അവരെ അധാര്‍മികതയിലേക്കും അരുതായ്മകളിലേക്കും കൊണ്ടെത്തിച്ചു. ദൈവിക കല്‍പനകള്‍ യഥായോഗ്യം മാനിക്കാത്തതു കാരണം സത്യമാര്‍ഗത്തില്‍നിന്നുമകലുകയും ഭിന്നിച്ചുപോവുകയും ചെയ്ത മനുഷ്യരെ സത്യപാതയിലേക്കു തിരികെ കൊണ്ടുവന്ന് ഏകീകരിക്കാന്‍വേണ്ടിയാണ് പ്രവാചകന്മാര്‍ നിയോഗിതരായത്.
മനുഷ്യ മാര്‍ഗ ദര്‍ശനം  ലക്ഷ്യംവെച്ച് ഒരു ലക്ഷ്യത്തി ഇരുപത്തി നാലായിരത്തില്‍പരം ദൈവദൂതന്മാര്‍ അയക്കപ്പെട്ടിട്ടുണ്ട്. സമൂഹത്തിന് നേര്‍മാര്‍ഗം കാണിക്കാനും അവരെ സത്യദീനിന്റെ മൗലിക സിദ്ധാന്തങ്ങളിലേക്ക് അടുപ്പിക്കാനുമായി അവരില്‍ പലരോടൊപ്പവും ദൈവിക ഗ്രന്ഥങ്ങളും അവതരിച്ചിരുന്നു. ഈ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണ് അതതു കാലങ്ങളിലെ പ്രവാചകന്മാര്‍ പ്രബോധനം നടത്തിയിരുന്നത്. പ്രവാചകന്മാരുടെ എണ്ണത്തിനും അവരുടെ നിയോഗ സ്ഥലങ്ങളുടെ വ്യത്യാസത്തിനുമനുസരിച്ച് ധാരാളം ഗ്രന്ഥങ്ങളുടെ അവതരണത്തിന് സാധ്യത കാണാമെങ്കിലും സുപ്രധാനമായ ചില വേദഗ്രന്ഥങ്ങളെക്കുറിച്ചു മാത്രമേ വിശുദ്ധ ഖുര്‍ആന്‍ വിവരം നല്‍കുന്നുള്ളൂ.
ഒന്നാമതായി അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിക്ക് അവതരിച്ച വിശുദ്ധ ഖുര്‍ആന്‍ തന്നെ. ദാവൂദ് നബിക്ക് അവതരിക്കപ്പെട്ട സബൂറും മൂസാ നബിക്ക് അവതരിക്കപ്പെട്ട തൗറാത്തും ഈസാ നബിക്ക് അവതരിക്കപ്പെട്ട ഇഞ്ചീലുമാണ് മറ്റുള്ളവ. ഇവ ഓരോന്നും നിശ്ചിത സമൂഹങ്ങളിലേക്കുള്ള അല്ലാഹുവിന്റെ ബോധനങ്ങളായിരുന്നു. കാലത്തിനും സാഹചര്യത്തിനും ജനങ്ങള്‍ക്കുമനുസരിച്ച് ഇവയുടെ ശൈലിയും രൂപവും ഉള്ളടക്കവും വ്യത്യസ്തമായിരുന്നുവെന്നു മാതം. എങ്കിലും, ഇവയെല്ലാം   ഉയര്‍ത്തിപ്പിടിച്ചിരുന്ന ഒരേയൊരു മുദ്രാവാക്യം ലാഇലാഹ ഇല്ലല്ലാഹ് (അല്ലാഹു അല്ലാതെ ആരാധ്യനില്ല) എന്നതായിരുന്നു. ചില നിശ്ചിത കാലത്തേക്കും സ്ഥലങ്ങളിലേക്കും മാത്രം പരിമിതമായിരുന്നു  ഇവയുടെ നിയോഗം എന്നതാണ് ഇവയെ വിശുദ്ധ ഖുര്‍ആനില്‍നിന്നും വ്യതിരിക്തമാക്കി നിര്‍ത്തുന്ന ഏക ഘടകം. ഖുര്‍ആന്റെ അവതരണത്തോടെ ഇവയെല്ലാം ദുര്‍ബലമാക്കപ്പെട്ടു. അതുകൊണ്ടുതന്നെ, അതിലെ മാത്രം ഭൗതിക-നിയമ ആശയങ്ങള്‍ക്ക് ഇന്ന് യാതൊരു പ്രാമുഖ്യവും പ്രാധാന്യവും കല്‍പിക്കപ്പെട്ടുകൂടാ. അതേസമയം, ഇവയെല്ലാം അല്ലാഹുവിന്റെ വിശുദ്ധ ഗ്രന്ഥങ്ങളായിരുന്നുവെന്നും അവ സത്യസന്ധവും സന്മാര്‍ഗ ദര്‍ശിയുമായിരുന്നുവെന്നും വിശ്വസിക്കല്‍ ഓരോ വിശ്വാസിക്കും അനിവാര്യമാണ്.
ഈ മൂന്നു സത്യവേദങ്ങളും ഉയര്‍ത്തിപ്പിടിച്ച അതേ ആശയം തന്നെയാണ് വിശ്വാസരംഗത്ത് വിശുദ്ധ ഖുര്‍ആനും പ്രവാചകരും ഉയര്‍ത്തിപ്പിടിച്ചിരുന്നത്. വിശുദ്ധ ഖുര്‍ആനും അവക്കുമിടയില്‍ അനൈക്യത്തിന്റെയോ സഹവര്‍ത്തിത്വമില്ലായ്മയുടെയോ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. അല്ലാഹു പറയുന്നത് കാണുക: ''നൂഹിനു നിര്‍ദ്ദേശിച്ചതും നിനക്ക് അറിയിച്ചതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവര്‍ക്കു നാം നിര്‍ദ്ദേശിച്ചു കൊടുത്തതുമായ ദീന്‍ നിങ്ങള്‍ക്കും അവന്‍ നിശ്ചയിച്ചിരിക്കുന്നു. അതെ, ആ ദീന്‍ നിങ്ങള്‍ നിലനിര്‍ത്തുക. അതില്‍ ഭിന്നിക്കരുത്'' (ശൂറാ: 13). ഈയൊരു സന്ദേശം പൊതുസമൂഹത്തോടും പ്രവാചകന്മാരോടും ഒരേ ഗൗവത്തോടെത്തന്നെ അല്ലാഹു  വ്യക്തമാക്കിപ്പറയുന്നുണ്ട്. മറ്റൊരിടത്ത് പറയുന്നു: ''അവരാണ് അല്ലാഹു സന്മാര്‍ഗത്തിലാക്കിയവര്‍. അതിനാല്‍, നീ അവരുടെ മാര്‍ഗത്തെ പിന്തുടരുക''   (അന്‍ആം: 90).
അന്ത്യപ്രവാചകനായ മുഹമ്മദ് നബിക്ക് അവതരിച്ച വിശുദ്ധ ഖുര്‍ആന്‍ ഭൂമിയില്‍ സത്യസന്ദേശ പ്രചരണത്തിനായി അവതരിച്ച അവസാന ഗ്രന്ഥമായിരുന്നുവെന്ന് വ്യക്തമായല്ലോ. ഖുര്‍ആന്റെ അവതരണത്തോടെ മുന്‍വേദങ്ങള്‍ അസാധുവായിപ്പോയിരുന്നുവെങ്കിലും അവയുടെ യഥാര്‍ത്ഥ അദ്ധ്യാപനങ്ങളില്‍നിന്നും അകന്നുകഴിഞ്ഞിരുന്ന അനുയായികള്‍ ഇത് ഉള്‍കൊള്ളാന്‍ തയ്യാറായിരുന്നില്ല. ലോകത്തിനാകെ വെളിച്ചമേകി, പ്രവാചക ശ്രേണിക്ക് പരിസമാപ്തി കുറിച്ച് ഒരു നായകന്‍ കടന്നുവരുമെന്നും അവര്‍ വന്നുകഴിഞ്ഞാല്‍ അവരില്‍ വിശ്വസിക്കല്‍ അനിവാര്യമാണെന്നും ഇവയില്‍ സൂചനകളുണ്ടായിരുന്നു. അല്ലാഹു പറയുന്നു: ''നാം വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ തങ്ങളുടെ മക്കളെ അറിയുന്നതുപോലെ  അവരെ അറിയുന്നതാണ്. നിശ്ചയമായും അവരില്‍ ഒരു വിഭാഗം അവരറിഞ്ഞുകൊണ്ടുതന്നെ യഥാര്‍ത്ഥം ഒളിച്ചുവെക്കുന്നു (2:146).'' ''അത് സത്യമായി നിന്റെ രക്ഷിതാവിങ്കല്‍നിന്ന് ഇറക്കപ്പെട്ടതാണെന്ന് നാം മുമ്പ് വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ക്കറിയാം. അതിനാല്‍, നീ ഒരിക്കലും സംശയാലുക്കളില്‍ പെട്ടുപോകരുത്'' (6:114). ''ഇസ്‌റാഈല്‍ സന്തതികളിലെ പണ്ഡിതന്മാര്‍ക്ക് അത് അറിയാം എന്ന കാര്യം ഇവര്‍ക്ക് (അവിശ്വാസികള്‍) ഒരു ദൃഷ്ടാന്തമായിരിക്കുന്നില്ലേ'' (26: 197).
ക്രിസ്ത്യാനികളിലും ജൂതന്മാരിലുംപെട്ട പല ജ്ഞാനികളും അക്കാലത്തുതന്നെ വരാനിരിക്കുന്ന ഖുര്‍ആനിലും പ്രവാചകരിലും വരെ വിശ്വസിച്ചിരുന്നതായും കാണാവുന്നതാണ്. ഖുര്‍ആന്‍ പറയുന്നു: ''ദൈവദൂതന്ന് അവതരിക്കപ്പെട്ടത് അവര്‍ (ക്രൈസ്തവര്‍) ശ്രവിച്ചാല്‍ സത്യം മനസ്സിലാക്കിയതിന്റെ പേരില്‍ അവരുടെ നയനങ്ങളില്‍നിന്ന് കണ്ണുനീരൊഴുകുന്നതായി നിനക്കു കാണാം. അവര്‍ പറയും: നാഥാ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍, സത്യസാക്ഷികളോടൊപ്പം ഞങ്ങളെയും നീ രേഖപ്പെടുത്തേണമേ (5:83).'' എന്നാല്‍, കൈകടത്തലുകള്‍ക്ക് വിധേയമാക്കപ്പെടുകയും പിന്നീട് ചില സ്വതന്ത്ര മതങ്ങളുടെ സ്വതന്ത്ര ഗ്രന്ഥങ്ങളായി ഉപര്യുക്ത വേദങ്ങള്‍ അവരോധിക്കപ്പെടുകയും ചെയ്യുന്ന രംഗങ്ങളാണ് പിന്നീട് ഉണ്ടായത്.
തൗറാത്തും ഇഞ്ചീലും ഇന്ന് ജൂതന്മാരുടെയും ക്രൈസ്തവരുടെയും മൗലിക ഗ്രന്ഥങ്ങളായ തോറയും ബൈബിളുമായാണ് വിലയിരുത്തപ്പെടുന്നത്. ഇതിലെ സത്യാവസ്ഥ അന്വേഷണവിധേയമാക്കപ്പെടേണ്ടതുതന്നെയാണ്. ഇന്ന് ക്രിസ്ത്യാനികളുടെയും ജൂതന്മാരുടെയും കരങ്ങളില്‍ കാണുന്ന ബൈബിളും തോറയും അവയുടെ യഥാര്‍ത്ഥ രൂപങ്ങളായിരുന്ന ദൈവിക ഭാഷ്യങ്ങളുമായി പുലബന്ധംപോലും പുലര്‍ത്തുന്നില്ലായെന്നതാണ് വസ്തുത. പലവിധേനയും ഗുരുതരമായ മാറ്റത്തിരുത്തലുകള്‍ക്ക് പാത്രമായതിനാല്‍ ഭാഗികമായിപോലും അവ ദൈവികമാണെന്നു പറയുക അസാധ്യമാണ്. ഹിബ്രു, ബിബ്ലിക്കല്‍ ഗ്രീക്ക്, അറമായാ തുടങ്ങിയ ഭാഷകള്‍ക്ക് സജീവ സാന്നിധ്യംപോലുമില്ലാത്ത ഇക്കാലത്ത് ബൈബിളിന്റെ യഥാര്‍ത്ഥ പ്രതി കണ്ടെത്തുക പ്രായോഗികമല്ല. ക്രിസ്ത്യന്‍ മേലധ്യക്ഷന്മാരാകട്ടെ, അസ്സല്‍ പ്രതിക്ക് വലിയ പ്രാധാന്യവും കല്‍പ്പിക്കുന്നില്ല. ബൈബിളിലെ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന അവര്‍ അതിന്റെ വ്യാഖ്യാനങ്ങളെയും പരിഭാഷകളെയും മാത്രമാണ് ആശ്രയിക്കുന്നത്. അതല്ലാതെ മറ്റൊന്ന് അവര്‍ക്ക് ലഭ്യവുമല്ല. സത്യത്തില്‍, ഇത്തരം വിവര്‍ത്തന-വിശദീകരണ കൃതികള്‍ മാത്രമാണ് ഇന്ന് ബൈബിള്‍ എന്ന പേരില്‍ അറിയപ്പെടുന്നതും.
ഒരു ദൈവിക ഗ്രന്ഥത്തിന്റെ കാര്യത്തില്‍ പരിഭാഷാ കൃതികള്‍ എവിടെ നില്‍ക്കുമെന്നത് നമുക്ക് ചിന്തിക്കാവുന്നതേയുള്ളൂ. മൗലിക ഗ്രന്ഥം ഒറിജിനല്‍ ഭാഷയില്‍ ലഭ്യമാകാത്ത കാലത്ത് പ്രത്യേകിച്ചും. കാരണം, വിവിധ പരിഭാഷകളും കൃതികളും ഓരോ കാര്യങ്ങളും വിവിധ തരത്തിലാണ് പരിചയപ്പെടുത്തുന്നത്. വിവര്‍ത്തനങ്ങളില്‍ ശക്തമായ തിരുത്തലുകളും മാറ്റിയെഴുത്തുകളും നടന്നിട്ടുണ്ടെന്നത് ഇത് വ്യക്തമാക്കുന്നുണ്ട്. വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രതന്നെ വ്യാഖ്യാന കൃതികളില്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. പരിഭാഷാ കൃതികളെ നോക്കി ദൈവികം എന്ന് വിശേഷിപ്പിക്കുന്നതിലെ നിരര്‍ത്ഥകത വളരെ വ്യക്തമാണ്. കാരണം, ദൈവിക ഗ്രന്ഥങ്ങള്‍ അവയുടെ   മൂല ഭാഷയില്‍ത്തന്നെ സംരംക്ഷിക്കപ്പെടുമ്പോഴാണല്ലോ അതിലെ അമാനുഷികത പ്രകടമാകുന്നത്.
ബൈബിള്‍ പഴയ നിയമവും പുതിയ നിയമവും മുമ്പില്‍വെച്ച് ചെറുതായൊന്ന് പരിശോധിച്ചാല്‍തന്നെ അതിന് ദൈവികതയുമായി യാതൊരു ബന്ധവുമില്ലായെന്ന് മനസ്സിലാവും. പ്രവാചകന്മാരെ മാത്രമല്ല ദൈവത്തെ പോലും കളിയാക്കുന്ന വിധത്തിലാണ് അതിലെ പല പരാമര്‍ശങ്ങളും. ഏതൊരു പുസ്തകമായാലും അതിന്റെ    രചയിതാവിനെക്കുറിച്ച് മനസ്സിലാക്കാന്‍ ഏറ്റവും ബന്ധപ്പെട്ടത് ആ പുസ്തകം തന്നെയാണ്. എന്നാല്‍, പുതിയ നിയമത്തിലോ പഴയനിയമത്തിലോ ഇത് ദൈവികമാണെന്ന് എവിടെയും തന്നെ സൂചിപ്പിക്കുന്നുപോലുമില്ല.
ബൈബിള്‍ ദൈവിക വചനങ്ങളുടെ സമാഹാരമാണെന്നു ക്രിസ്ത്യാനികള്‍പോലും വിശ്വസിക്കുന്നില്ലാ എന്നതാണ് ഏറ്റവും വലിയ തമാശ. മറിച്ച്, പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായ ദൈവപുരുഷന്മാരാല്‍ സമാഹരിക്കപ്പെട്ടതാണെന്നാണ് അവര്‍തന്നെ പറയുന്നത്. മോശെ എഴുതിയതെന്നു എല്ലാവരാലും വിശ്വസിക്കപ്പെടുന്ന ന്യായപ്രമാണ ഗ്രന്ഥങ്ങളിലെ അവസാനത്തെ പുസ്തകമായ ആവര്‍ത്തനത്തില്‍ മോശെ മരിക്കുന്ന രംഗങ്ങള്‍വരെ പച്ചയായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതുതന്നെ മതി ഇതിനു പിന്നില്‍ നടന്ന കൈക്രിയകളെക്കുറിച്ച് ശരിക്കും മനസ്സിലാക്കാന്‍. കാവ്യങ്ങളുടെ സമാഹാരമായ സങ്കീര്‍ത്തനങ്ങളെ പൊതുവെ ദാവീദിന് ലഭിച്ച സബൂറായാണ് മനസ്സിലാക്കപ്പെടുന്നതെങ്കിലും അതിനു പിന്നിലെയും കഥകള്‍ മറ്റൊന്നല്ല. പുതിയ നിയമം കൂടുതലായും യേശുവിന്റെ ജനനമരണങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിലും യേശുവിന്റെ ഒരു സുവിശേഷവും നമുക്കതില്‍ കാണാന്‍ കഴിയുന്നില്ലായെന്നതും വിചിത്രം തന്നെ.
സത്യപ്രകാശനം നടത്താന്‍വേണ്ടി നിയോഗിക്കപ്പെട്ട പ്രവാചകന്മാരെ കള്ളുകുടിയന്മാരും പെണ്ണുപിടിയന്മാരുമായാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത് എന്നതാണ് ഇതിലെ മറ്റൊരു കപട മുഖം. ഇനി, ഹൈന്ദവ വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും കാര്യമെടുത്താലും കഥ ഇതുതന്നെ. അനവധി മിഥ്യകളുടെയും സങ്കല്‍പങ്ങളുടെയും മേല്‍ എടുക്കപ്പെട്ട ചില കഥനങ്ങളും ഭാവനാ ചിത്രണങ്ങളുമെന്നതിനപ്പുറം അതിലും യുക്തമായനിലക്ക് പരമാധികാരിയായ ഒരു ദൈവത്തിന്റെ ഇടപെടലുകള്‍ കണ്ടെത്തുക അസാധ്യമാണ്. ശ്രുതി, സ്മൃതി എന്നിങ്ങനെ രണ്ടു വിഭാഗമായാണ് ഹിന്ദു മത ഗ്രന്ഥങ്ങള്‍ പൊതുവെ മനസ്സിലാക്കപ്പെടാറ്. ഉപനിഷത്തുകള്‍, ആരണ്യങ്ങള്‍, ബ്രാഹ്മണങ്ങള്‍, വേദസംഹിതകള്‍ തുടങ്ങിയവ ശ്രുതിയുടെ ഗണത്തിലും ഇതിഹാസങ്ങളും പുരാണങ്ങളും സ്മൃതിയുടെ ഗണത്തിലും മനസ്സിലാക്കപ്പെടുന്നു. ശ്രുതികള്‍  ദൈവിക വചനങ്ങളായും സ്മൃതികള്‍ ഋഷിപ്രോക്ത വചനങ്ങളായുമാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍, ഈ ശ്രുതിയുടെ കാര്യത്തില്‍തന്നെ ഹൈന്ദവ പണ്ഡിതര്‍ വിവിധ അഭിപ്രായങ്ങളാണ് വെച്ചുപുലര്‍ത്തുന്നത്. സ്വാമി ദയാനന്ദ സരസ്വതിയെപ്പോലെയുള്ളവര്‍ വേദസംഹിതകള്‍ മാത്രമാണ് ദൈവികമായിട്ടുള്ളത് എന്നു സമര്‍ത്ഥിക്കുന്നു.
ഇനി, ബ്രാഹ്മണങ്ങളുടെയും  ആരണ്യങ്ങളുടെയും വേദങ്ങളുടെയും അവസ്ഥയും ഭിന്നമല്ല. ഉപനിഷത്തുക്കളെപ്പോലെത്തന്നെ ഇവയുടെ ഉള്ളടക്കം പരിശോധിച്ചാലും ഒരു ദൈവിക ഗ്രന്ഥമാകാനുള്ള യാതൊരു സാധ്യതയുംതന്നെ ഇല്ലായെന്ന് വ്യക്തമായി ബോധ്യപ്പെടും. നേരെമറിച്ച് പ്രകൃതി വിരുദ്ധ ബന്ധങ്ങളുടെയും യാഗങ്ങളുടെയും വഴിപാടുകളുടെയും മഹാ പ്രളയമാണ് നമുക്ക് ഇതില്‍ കണ്ടെത്താന്‍ സാധിക്കുക. യക്ഷിക്കഥകളുടെയും സാങ്കല്‍പിക കഥകളുടെയും ഒരു ശ്രേണി എന്നതില്‍ കവിഞ്ഞ് ഇതിന്റെ ഓരോ  താളങ്ങളിലും ദൈവികത കാണുന്നത് വങ്കത്തമായിരിക്കും. സര്‍വ്വജ്ഞനും സര്‍വ്വവ്യാപിയുമായ ഒരു ദൈവത്തില്‍നിന്നും അവതീര്‍ണമായ ഒരതുല്യ ഗ്രന്ഥത്തിനു മാത്രമേ ലോകത്തെ മാര്‍ഗദര്‍ശനം ചെയ്യാന്‍ സാധിക്കുകയുള്ളൂ. എന്നിരിക്കെ, കൈക്കടത്തലുകള്‍ക്കു വിധേയമായതോ മനുഷ്യനിര്‍മിതമോ ആയ ഉപര്യുക്ത രൂപങ്ങള്‍ക്കൊന്നും ആ ഉത്തരവാദിത്തം ചെയ്തുതീര്‍ക്കാന്‍ സാധിക്കില്ലായെന്നത് അവിതര്‍ക്കിതമാണ്. അജയ്യവും അന്യൂനവും സാര്‍വ്വകാലികവുമായ വിശുദ്ധ ഖുര്‍ആനു മാത്രമേ ഇതിനു സാധിക്കുകയുള്ളൂ. പ്രവാചക നിയോഗത്തോടെ ദുര്‍ബലമായ സ്ഥിതിക്ക് ഇനി ഇഞ്ചീലിനും സബൂറിനും തൗറാത്തിനും യാതൊരു പ്രസക്തിയുംതന്നെയില്ല. അവയുടെ അനുയായികളെന്ന് വാദിക്കുന്ന ഒരു വിഭാഗം അങ്ങനെ പറയുന്നുണ്ടെങ്കിലും!

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter