മനുഷ്യരില്‍ അല്ലാഹു നിക്ഷേപിച്ച മഹത്തായ രണ്ടു വസ്തുക്കളത്രെ വിശേഷ ബുദ്ധിയും ശുദ്ധ പ്രകൃതിയും. എന്നാല്‍, മനുഷ്യനെ നന്മയിലേക്കു നയിക്കാനും ഗുണത്തിലേക്കു വഴി തെളിക്കാനും അവകൊണ്ടു മാത്രം അല്ലാഹു മതിയാക്കിയില്ല. അവനെ മാത്രം ആരാധിക്കുകയെന്ന തൗഹീദില്‍ അധിഷ്ഠിതമായ ഋജുവായ മാര്‍ഗത്തിലേക്ക് മനുഷ്യനെ ക്ഷണിക്കാനും അനുസരിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കാനും നിരാകരിക്കുന്നവര്‍ക്ക് താക്കീത് നല്‍കാനുമായി ദൂതന്മാരെ നിയോഗിച്ചു. അവര്‍ക്കു ഗ്രന്ഥങ്ങളും നല്‍കി. അല്ലാഹു മനുഷ്യന് ചെയ്ത അതിമഹത്തായ ഔദാര്യമാണത്. വഴികാട്ടികളായി ആരെങ്കിലും വരികയോ സുവിശേഷമോ താക്കീതോ നല്‍കപ്പെടുകയോ ചെയ്തില്ലായെന്ന് മനുഷ്യന്‍ ന്യായ വാദം നടത്താതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. ഖുആന്‍ പറയുന്നു: ''അതനുസരിക്കുന്നവര്‍ക്ക് സന്തോഷം അറിയിക്കുന്നവരായും നിരാകരിക്കുന്നവര്‍ക്ക് താക്കീത് നല്‍കുന്നവരായും ദൂതന്മാരെ നാം അയച്ചു. ദൂതന്മാര്‍ വന്നാല്‍ പിന്നെ അല്ലാഹുവിനെതിരില്‍ മനുഷ്യര്‍ക്ക് ന്യായവാദം നടത്താന്‍ നിര്‍വാഹമുണ്ടാവില്ലല്ലോ; അതിനുവേണ്ടി'' (4:165).
മനുഷ്യവര്‍ഗം പുരോഗതി പ്രാപിക്കുകയും ചിന്താപരമായി വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്തു. അപ്പോഴെല്ലാംതന്നെ അതതു കാലത്തെ ദൂതന്മാര്‍ മുഖേന അവരുടെ സമൂഹത്തിന് ദിവ്യ സന്ദേശങ്ങള്‍ ലഭിക്കുകയുണ്ടായി. അനുയോജ്യമായ നിര്‍ദ്ദേശങ്ങളും കാലികമായ പ്രശ്‌നങ്ങളും പരിഹാരങ്ങളും അവയിലുണ്ടായിരുന്നു. അങ്ങനെ, മാനുഷ്യകം പൂര്‍ണ വളര്‍ച്ച പ്രാപിച്ചു. മുഹമ്മദ് നബി (സ) ക്ക് നല്‍കപ്പെട്ട സന്ദേശം ലോകത്താകെ വ്യാപിക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുകയും ദൂതന്മാര്‍ ആരുമില്ലാത്ത അനുയോജ്യമായ ഒരു ഘട്ടത്തില്‍ തിരുനബിയെ നിയോഗിക്കുകയും ചെയ്തു. മുന്‍ദൂതന്മാരായ സഹോദരങ്ങള്‍ പടുത്തുയര്‍ത്തിയ പരിശുദ്ധ മന്ദിരം (ദീന്‍) പരിപൂര്‍ണമാക്കാനായി വ്യാപകവും ശാശ്വതവുമായ ശരീഅത്തും തന്റെ മേല്‍ അവതരിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥവും അതിനായി അല്ലാഹു നല്‍കി. ആ വിശുദ്ധ ഗ്രന്ഥമത്രെ ഖുര്‍ആന്‍. ''എന്റെയും മുമ്പുള്ള പ്രവാചകന്മാരുടെയും ഉപമ, ഒരാള്‍ നിര്‍മിച്ച കെട്ടിടത്തിന്റെ ഉപമയാണ്. അയാള്‍ വളരെ മനോഹരമായി ആ കെട്ടിടം നിര്‍മിച്ചു. ഒരു മൂലക്കല്ല് മാത്രം ഒഴിവാക്കി. സന്ദര്‍ശകര്‍ ആ കെട്ടിടത്തിനു ചുറ്റും നടന്ന് അതിന്റെ മേന്മയും മനോഹാരിതയും കണ്ട് അല്‍ഭുതം കൂറി. ആ മൂലക്കല്ലുകൂടി ഉണ്ടായിരുന്നുവെങ്കില്‍! അവര്‍ അഭിപ്രായം പ്രകടിപ്പിച്ചു. ആ മൂലക്കല്ലത്രെ ഞാന്‍. ഞാന്‍ അന്ത്യപ്രവാചകനാണ്'' (ഹദീസ്).
മുഴുവന്‍ മനുഷ്യരിലേക്കുമായി അല്ലാഹു നല്‍കിയ സന്ദേശമാണ് ഖുര്‍ആന്‍. കിത്താബിലും സുന്നത്തിലും അത്തരം നിരവധി പ്രതിപാദനങ്ങള്‍ കാണാം. ''താങ്കള്‍ പറയുക: മനുഷ്യരെ, ഞാന്‍ നിങ്ങള്‍ക്കു മുഴുവനായി അയക്കപ്പെട്ട അല്ലാഹുവിന്റെ റസൂലാണ്'' (7:157). ''ലോകജനതക്ക് മുഴുവന്‍ മുന്നറിയിപ്പു നല്‍കുന്ന ആളാകാനായി തന്റെ ദാസന് ഫുര്‍ഖാന്‍ അവതരിപ്പിച്ചവന്‍ പരിശുദ്ധനത്രെ'' (25:1). ഓരോ പ്രവാചകനും തന്റെ ജനതയിലേക്കു മാത്രം അയക്കപ്പെട്ട ആളായിരുന്നു. ഞാന്‍ മുഴുവന്‍ ജനങ്ങളിലേക്കും നിയോഗിക്കപ്പെട്ടവനാണ് (ബുഖാരി, മുസ്‌ലിം). മുഹമ്മദ് നബി ലോക ജനതയിലേക്കു മുഴുവന്‍ പ്രവാചകനായി നിയോഗിക്കപ്പെട്ടതുകൊണ്ടും മുന്‍ പ്രവാചകന്മാര്‍ പ്രചരിപ്പിച്ച ദീനിനെ പരിശുദ്ധ ഖുര്‍ആന്‍ മുഖേന പരിപൂര്‍ണമാക്കിയതുകൊണ്ടും ഇനിയൊരു സന്ദേശം അല്ലാഹുവില്‍നിന്നു ലഭിക്കുകയില്ല. ഇനിയൊരു പ്രവാചകനോ ദൂതനോ നിയോഗിക്കപ്പെടുകയുമില്ല. ഖുര്‍ആന്‍ പറയുന്നു: ''മുഹമ്മദ് നിങ്ങളില്‍ ആരുടെയും പിതാവല്ല; പക്ഷെ, അല്ലാഹുവിന്റെ ദൂതനും അന്ത്യപ്രവാചകനുമാകുന്നു'' (33:40).
മനുഷ്യ രാശിയുടെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഖുര്‍ആന്‍ മതിയാകണമെന്നും അതുതന്നെ പൂര്‍വ്വ മതങ്ങളുടെ അടിത്തറയില്‍നിന്നുകൊണ്ടാകണമെന്നും ഇതുവരെ പറഞ്ഞതില്‍നിന്നു വ്യക്താകുന്നു. ''നൂഹ് നബിയോട് അല്ലാഹു ഉപദേശിച്ചതും താങ്കള്‍ക്കു നാം ബോധനം നല്‍കിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോട് നാം ഉപദേശിച്ചതും തന്നെയാണ് നിങ്ങള്‍ക്കും അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്. അതായത്, ഈ ദീനിനെ നിലനിര്‍ത്തുക. അതില്‍ നിങ്ങള്‍ ഭിന്നിക്കരുത്'' (42:13). ഖുര്‍ആന്‍ അറബി ഭാഷയിലാണ്. അതുകൊണ്ട് അറബ് ലോകത്തെ പ്രവാചകന്‍ വെല്ലുവിളിച്ചു. അവരുടെ ഭാഷയിലാണ് ഖുര്‍ആന്‍ അവതരിച്ചത്. അവര്‍ ഭാഷാ വിജ്ഞരും ഭാഷാ പടുക്കളുമാണ്. എന്നിട്ടും തത്തുല്യമായ ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ അവര്‍ക്കു സാധിച്ചില്ല. ഒരദ്ധ്യായം പോലും കൊണ്ടുവരാന്‍ അവര്‍ അശക്തരായി. ഖുര്‍ആന്റെ അല്‍ഭുത ശക്തി, തത്തുല്യമായത് കൊണ്ടുവരാന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന് തെളിയിക്കുന്ന ശക്തി അങ്ങനെ സ്ഥിരപ്പെട്ടു.
അതുകൊണ്ടുതന്നെ, പ്രവാചകന്റെ പ്രവാചകത്വം സ്ഥിരീകൃതമായി. അതിനെ കാത്തുസൂക്ഷിക്കുമെന്നും യാതൊരു മാറ്റവും ഭേദഗതിയും കൂടാതെ വിശ്വാസ യോഗ്യരായ നിരവധി പേര്‍ വഴി അത് നിവേദനം ചെയ്യപ്പെടുമെന്നും അല്ലാഹു നിശ്ചയിച്ചുകഴിഞ്ഞതാണ്. അത് കൊണ്ടുവരുന്ന മലക്ക്, ഏതൊരു പ്രവാചകന് അത് അവതരിച്ചു കിട്ടുന്നുവോ ആ പ്രവാചകന്‍, അത് കൈകാര്യം ചെയ്യുന്ന മറ്റുള്ളവര്‍ എല്ലാം എങ്ങനെയുള്ളവരാണെന്ന് അല്ലാഹു വ്യക്തമാക്കുന്നത് കാണുക: ''വിശ്വസ്താത്മാവ് (ജിബ്‌രീല്‍) അതുംകൊണ്ടിറങ്ങി'' (26:193). നിശ്ചയം അത് ഉത്കൃഷ്ടനായ ദൂതന്റെ (ജിബ്‌രീല്‍) വാക്കാണ്. ശക്തനും സിംഹാസനത്തിന്റെ ഉടമയുമായ അല്ലാഹുവിങ്കല്‍ സ്ഥാനമുള്ളവനുമായ (ദൂതന്‍). അദ്ദേഹം വിശ്വസ്തനുമാണ്. നിങ്ങളുടെ കൂട്ടുകാരന്‍ (നബി) ഭ്രാന്തനല്ല. അദ്ദേഹം ആ ദൂതനെ വ്യക്തമായി ചക്രവാളത്തില്‍ കണ്ടു. അദ്ദേഹം തനിക്കു വന്നുകിട്ടിയ ഗുപ്ത കാര്യങ്ങളില്‍ പിശുക്ക് കാണിക്കുകയില്ല (18:19-24). നിശ്ചയം അത് ഉത്കൃഷ്ടമായ ഖുര്‍ആനാണ്. ഭദ്രമായി സൂക്ഷിക്കപ്പെട്ട ഗ്രന്ഥത്തിലുള്ളതാണത്. ശുദ്ധരല്ലാതെ അതിനെ സ്പര്‍ശിക്കുകയില്ല (56: 77-79).
ഈ പ്രത്യേകതകളൊന്നുംതന്നെ മുമ്പു ഇറക്കപ്പെട്ട ഗ്രന്ഥങ്ങള്‍ക്കില്ല. അവയെല്ലാം പ്രത്യേകം കാലത്തേക്കു അവതരിച്ചവയാണുതാനും. ഖുര്‍ആന്റെ സന്ദേശം മനുഷ്യര്‍ക്കു മാത്രമുള്ളതല്ല; ജിന്നുകള്‍ക്കുകൂടിയുള്ളതാണ്. ''ഖുര്‍ആന്‍ കേള്‍ക്കുന്നവരായി ഒരു സംഘം ജിന്നുകളെ നാം താങ്കളിലേക്കു തിരിച്ചുവിട്ട സന്ദര്‍ഭം ഓര്‍ക്കുക. അങ്ങനെ അവര്‍ ഖുര്‍ആന്‍ ഓതുന്നിടത്ത് സന്നിഹിതരായപ്പോള്‍ 'നിങ്ങള്‍ ശ്രദ്ധിച്ചുകൊള്‍ക' എന്ന് അവര്‍ പറഞ്ഞു. ഖുര്‍ആന്‍ ഓതിക്കഴിഞ്ഞപ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നവരായി തങ്ങളുടെ സമൂഹത്തിലേക്ക് അവര്‍ തിരിച്ചുപോയി. എന്നിട്ട് അവര്‍ പറഞ്ഞു: സമൂഹമേ, നിശ്ചയം മൂസാ നബിക്കു ശേഷം ഇറക്കപ്പെട്ട, അതിനു മുമ്പുള്ളതിനെ ശരിവെക്കുന്ന ഒരു ഗ്രന്തം ഞങ്ങള്‍ കേട്ടു. അത് സത്യത്തിലേക്കും സന്മാര്‍ഗത്തിലേക്കും വഴി കാട്ടുന്നു. സമൂഹമേ, അല്ലാഹുവിന്റെ പ്രബോധകന് നിങ്ങള്‍ ഉത്തരം ചെയ്യുകയും അദ്ദേഹത്തില്‍ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുക (46: 29-31).
ആത്മികോന്നതിക്കു വേണ്ടിയോ പരലോക വിജയത്തിനു വേണ്ടിയോ മാത്രമല്ല ഖുര്‍ആന്‍ മാര്‍ഗ ദര്‍ശനം നല്‍കുന്നത്. ശാരീരികം, സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയം മുതലായ എല്ലാ മേഖലകളിലും അത് വെളിച്ചം കാണിക്കുന്നു. മനുഷ്യന്‍ കടന്നുപോകുന്ന എല്ലാ മണ്ഡലങ്ങളും ഉള്‍കൊള്ളുന്ന വിധം അനുയോജ്യമായ അടിത്തറയില്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ, അത് എക്കാലത്തും നിലനില്‍ക്കുന്നു. ജീവിതത്തിന്റെ പ്രകടിത വശങ്ങളെയെല്ലാം അത് ഉള്‍കൊള്ളുന്നതുകൊണ്ടും അനുരൂപമായ മറ്റൊരു മാര്‍ഗദര്‍ശക ഗ്രന്ഥം ഇല്ലാത്തതുകൊണ്ടും മനുഷ്യലോകത്തെ ഇന്ന് അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ വിധ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിക്കാനും അങ്ങനെ മനുഷ്യരെ രക്ഷിക്കാനും ഖുര്‍ആനിനല്ലാതെ കഴിയുകയില്ല. എന്റെ മാര്‍ഗനിര്‍ദ്ദേശത്തെ പിന്‍പറ്റിയവന്‍ വഴിതെറ്റുകയില്ല. നിര്‍ഭാഗ്യവാനാവുകയില്ല. എന്റെ ഉപദേശം വിട്ടു തിരിഞ്ഞുകളഞ്ഞവന് നിശ്ചയം കുടുസ്സായ ജീവിതമാണ് ഉണ്ടാവുക. പുനരുത്ഥാന നാളില്‍ അന്ധനായി അവനെ നാം ഒരുമിച്ചുകൂട്ടുകയും ചെയ്യും (20:123, 124).
കൂരിരുട്ടിന്റെ നടുവില്‍ ഖുര്‍ആന്റെ വെളിച്ചവുമായി നിലകൊള്ളുന്നവന്‍ മുസ്‌ലിംകള്‍ മാത്രമാണ്. അതുകൊണ്ട് അസത്യവും അബദ്ധ ജടിലവുമായ സരണികളില്‍നിന്നെല്ലാം ശുദ്ധമായി, വഴിയറിയാതെ പരിഭ്രാന്തരായി നില്‍ക്കുന്ന മനുഷ്യവര്‍ഗത്തെ ഖുര്‍ആന്‍ മുഖേന നേര്‍വഴിക്ക് നയിക്കുകയും സമാധാനത്തിന്റെ തീരത്തേക്കു കരകേറ്റുകയും ചെയ്യേണ്ടത് അവരുടെ കടമയാകുന്നു. മുസ്‌ലിംകള്‍ക്ക് കഴിഞ്ഞകാലത്ത് പ്രതാപമുണ്ടായത് ഖുര്‍ആന്‍കൊണ്ടാണ്. അത് വീണ്ടെടുക്കാന്‍ ആധുനിക യുഗത്തിലും ഖുര്‍ആന്‍കൊണ്ടു മാത്രമേ സാധ്യമാകൂ.
(ഖുര്‍ആന്‍ ഡൈജസ്റ്റ്, 1985, എസ്.പി.സി., ചെമ്മാട്, മലപ്പുറം)
Leave A Comment