ഖുര്‍ആന്‍ പഠനവും പാരായണവും
വിശുദ്ധ ഖുര്‍ആന്‍ പഠിക്കലും പഠിപ്പിക്കലും പാരായണം ചെയ്യലും പാരായണം ചെയ്യുന്നത് കേള്‍ക്കലുമെല്ലാം വളരെ പുണ്യമുള്ള സല്‍കര്‍മങ്ങളാകുന്നു. ഇതിന് അതേ പവിത്ര ഗ്രന്ഥത്തിലും അതിന്റെ വ്യാഖ്യാനമായ തിരുനബിയുടെ ബൃഹത്തായ സുന്നത്തുകളിലും പല തെളിവുകളും വന്നിട്ടുണ്ട്. ചിലത് സൂചിപ്പിക്കാം: താങ്കളിലേക്കു നാം അവതരിപ്പിച്ച അനുഗൃഹീത ഗ്രന്ഥമാണിത്. ജനങ്ങള്‍ ഇതിലെ സൂക്തങ്ങള്‍ ചിന്തിക്കുവാനും ബുദ്ധിമാന്മാര്‍ ഇതിനെക്കുറിച്ച് ഗാഢമായി പഠിക്കുവാനുമാണ് നാമിത് അവതരിപ്പിച്ചത് എന്ന് സൂറത്ത് സ്വാദ് 29 ല്‍ അല്ലാഹു പറഞ്ഞിട്ടുണ്ട്. അനുഗൃഹീതം എന്ന ഉപര്യുക്ത വിശേഷണം മറ്റു പല സ്ഥലത്തും കാണാം. അല്‍ അന്‍ആം 92, 155 അന്‍ അമ്പിയാ 50 മുതലായവ നോക്കുക. ഇത്രമാത്രം സമുല്‍കൃഷ്ടവും പവിത്രവുമായ ഒരു ഗ്രന്ഥം പഠിക്കുന്നത് പുണ്യവും മഹത്തരവുമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
അതിനാല്‍, ഖുര്‍ആന്‍ പഠിക്കാനും അതിന്റെ സൂക്തങ്ങളെക്കുറിച്ച് ചിന്ത, പഠനം, ചര്‍ച്ച, ഗവേഷണം തുടങ്ങിയവ നടത്താനും അതുതന്നെ പ്രോത്സാഹനവും നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. പഠിക്കുവാനും ചിന്തിക്കുവാനും ഖുര്‍ആനെ നാം എളുപ്പമാക്കിയിരിക്കുന്നു; എന്നാല്‍ ചിന്തിക്കുന്നവരായി ആരെങ്കിലുമുണ്ടോ എന്നാണ് ഗൗരവപൂര്‍വം അല്ലാഹു ചോദിക്കുന്നത് (അല്‍ ഖമര്‍: 17). ചിന്തോദ്ദീപകമായ അതേ ചോദ്യം മൂന്നു ആവൃത്തി ഇതേ സൂറയില്‍ ഉന്നയിച്ചിരിക്കുന്നുവെന്നതും ശ്രദ്ധേയമത്രെ. ഖുര്‍ആന്‍ അവര്‍ ചിന്തിക്കുന്നില്ലേ എന്ന് അന്നിസാഅ് 82 ചോദിക്കുന്നുവെങ്കില്‍ അതിനോടൊപ്പം 'അതോ, അവരുടെ ഹൃദയങ്ങള്‍ മൂടികളിട്ടടച്ചിട്ടുണ്ടോ?' എന്നാണ് സൂറത്ത് മുഹമ്മദ് 24 ല്‍ ഉള്ളത്. തിരുനബി നിയുക്തരായതിന്റെ പ്രധാന ലക്ഷ്യം ഈ പവിത്ര ഗ്രന്ഥം ലോകത്തിന് പഠിപ്പിച്ചുകൊടുക്കലായിരുന്നുവല്ലോ. അവടന്നു പറയുകയുണ്ടായി: നിങ്ങളില്‍ ഏറ്റം ശ്രേഷ്ഠന്‍ ഖുര്‍ആന്‍ പഠിക്കുകയും അതു പഠിക്കുകയും ചെയ്തവരത്രെ (ബുഖാരി, മുസ്‌ലിം).
മറ്റൊരിക്കല്‍ അവടന്നു അരുളി: അല്ലാഹുവിന്റെ ഒരു ഭവനത്തില്‍ കുറേയാളുകള്‍ ഖുര്‍ആന്‍ ഓതാനും അതുസംബന്ധിച്ച് പരസ്പരം ചര്‍ച്ച ചെയ്യാനും ഒരുമിച്ചുകൂടിയാല്‍, അവരില്‍ സമാധാനം ഇറങ്ങുകയും അനുഗ്രഹം അവരെ ആവരണം ചെയ്യുകയും മലക്കുകള്‍ അവരെ പൊതിയുകയും തന്റെയടുത്തുള്ളവരുടെ സമൂഹത്തില്‍ (മലക്കുകള്‍) വെച്ച് അല്ലാഹു അവരെക്കുറിച്ച് പ്രശംസിച്ചു പറയുകയും ചെയ്യാതിരിക്കയില്ല (മുസ്‌ലിം, അബൂ ദാവൂദ്). നിങ്ങള്‍ പള്ളിയില്‍ പോയി എന്നും ഖുര്‍ആനില്‍നിന്ന് രണ്ട് ആയത്തുകള്‍ പഠിക്കുന്നത് രണ്ടോ മൂന്നോ ഒട്ടകങ്ങള്‍ ലഭിക്കുന്നതിനെക്കാള്‍ ശ്രേഷ്ഠമാണ് എന്നത്രെ മറ്റൊരിക്കല്‍ അവടന്ന് സ്വഹാബികളെ പഠിപ്പിച്ചത് (മുസ്‌ലിം, അബൂദാവൂദ്). ഖുര്‍ആന്‍ പഠിപ്പിക്കുന്നത് സംബന്ധിച്ചും അതിന്റെ മാഹാത്മ്യത്തെക്കുറിച്ചും ഇതുപോലെ ധാരാളം നബി വചനങ്ങള്‍ കാണാം.   മുകളിലുദ്ധരിച്ച ബുഖാരി, മുസ്‌ലിമിന്റെ ഹദീസ് തന്നെ അതിന്റെ പ്രാധാന്യം വിളിച്ചോതുന്നുണ്ട്.
ഇനി ഖുര്‍ആന്‍ ഓതുന്നത് സംബന്ധിച്ച് ചിലതു ചൂണ്ടിക്കാണിക്കാം: ഫാത്വിര്‍ 29 ല്‍ ഇങ്ങനെ പറയുന്നു: ''നിശ്ചയമായും അല്ലാഹുവിന്റെ കിത്താബ് ഓതുകയും നമസ്‌കാരം മുറപ്രകാരം അനുഷ്ഠിച്ചുപോരുകയും നാം നല്‍കിയിട്ടുള്ളതില്‍നിന്നു രഹസ്യവും പരസ്യവുമായി ചെലവഴിക്കുകയും ചെയ്യുന്നവര്‍ തീരെ നഷ്ടം വരാത്ത ഒരു കച്ചവടം ആഗ്രഹിക്കുകയാണ് ചെയ്യുന്നത്.'' നമസ്‌കാരം, സക്കാത്ത് തുടങ്ങിയ സല്‍കര്‍മങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവ പോലുള്ള ഒരു പുണ്യകര്‍മമാണ് ഖുര്‍ആന്‍ പാരായണമെന്ന് ഈ വിശുദ്ധ സൂക്തം പഠിപ്പിക്കുന്നു. നമ്മുടെ ആത്മാവ് എന്നാണ് മറ്റൊരിടത്ത് ഖുര്‍ആനെ അല്ലാഹു വിശേഷിപ്പിക്കുന്നത്.  നിര്‍ജീവ വസ്തുക്കള്‍ക്ക് ആത്മാവ് ജീവന്‍ നല്‍കുന്നതുപോലെ മനുഷ്യന്റെ ചേതനയറ്റതും നിര്‍ജീവവുമായ ഹൃദയത്തെ ഖുര്‍ആന്‍ ജീവിപ്പിക്കുമെന്നു താത്പര്യം- നമ്മുടെ കാര്യത്തില്‍നിന്നുള്ള ഒരു റൂഹിനെ താങ്കള്‍ക്കു നാം വഹ്‌യ് നല്‍കി (അശ്ശൂറ: 52).
സുപ്രധാനമായ കാര്യങ്ങളുടെ കൂടെത്തന്നെ ഖുര്‍ആനോത്തിന്റെ കാര്യം നബിയോട് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നുവെന്നത് വളരെ ശ്രദ്ധേയവും ഗൗരവാര്‍ഹവുമാണ്- ഈ രാജ്യത്തെ (മക്ക) പവിത്രമാക്കിയ ഇതിന്റെ നാഥന്- അവനുള്ളത് തന്നെയത്രെ അഖില വസ്തുക്കളും-ആരാധിക്കുവാനും മുസ്‌ലിംകളിലുള്‍പെടുവാനും    ഖുര്‍ആന്‍ ഓതുവാനും ഞാന്‍ അനുശാസിക്കപ്പെട്ടിരിക്കുന്നു (അന്നംല്: 91, 92). പാരായകരെ പ്രശംസിക്കുന്നതാണ് മറ്റൊരു തിരുസൂക്തം: നാം വേദം നല്‍കിയവര്‍ അത് മുറപ്രകാരം ചെയ്യുന്നതാണ് (അല്‍ ബഖറ: 121). അല്‍ കഹ്ഫ് 121 ലുമുണ്ട് ഓതാനുള്ള കല്‍പന- താങ്ങളുടെ രക്ഷിതാവിന്റെ കിത്താബില്‍നിന്ന് താങ്കള്‍ക്ക് വഹ്‌യ് നല്‍കപ്പെടുന്നത് പാരായണം ചെയ്യുക. ഈ ആയത്തുകളില്‍നിന്നെല്ലാം പ്രഥമ ദൃഷ്ട്യാ തന്നെ ഖുര്‍ആന്‍ പാരായണത്തിന്റെ പ്രാധാന്യവും ശ്രേഷ്ഠതയും ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും.
ഖുര്‍ആന്‍ അര്‍ത്ഥം അറിയാതെ ഓതിയാലും പ്രതിഫലം ലഭിക്കുന്നതാണ്. പ്രവാചന്‍ പറയുകയുണ്ടായി: ആരെങ്കിലും അല്ലാഹുവിന്റെ കിത്താബില്‍നിന്ന് ഒരക്ഷരം ഓതിയാല്‍ അതിനു പകരം അവന് ഒരു നന്മയുണ്ട്. നന്മയാകട്ടെ, അതിന് പത്തിരട്ടി പ്രതിഫലമാണുള്ളത്. അലിഫ് ലാം മീം എന്നത് ഒരക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. അലിഫ് ഒരക്ഷരം, ലാം ഒരക്ഷരം, മീം ഒരക്ഷരം- ഇങ്ങനെയാകുന്നു (തുര്‍മുദി). ഖുര്‍ആനിലെ ചില സൂറത്തുകളുടെ ആരംഭത്തിലുള്ള അലിഫ് ലാം മീം, ഹാമീം, അലിഫ് ലാം റാ തുടങ്ങിയ കേവലക്ഷരങ്ങളുടെ വിവക്ഷ 'അല്ലാഹു ഏറ്റവും അറിയുന്നവനാണ്' എന്നു പറഞ്ഞുകൊണ്ട് പൂര്‍വികരായ വ്യാഖ്യാതാക്കള്‍ മതിയാക്കിയിരിക്കുകയാണ്. അവയുടെ അര്‍ത്ഥം നാം അറിയില്ലെങ്കിലും ഓതിയാല്‍ പ്രതിഫലമുണ്ടെന്നു പ്രവാചകരുടെ വചനംകൊണ്ട് വ്യക്തമാണെല്ലോ. എന്നാല്‍, അര്‍ത്ഥം അറിഞ്ഞുകൊണ്ട് ഓതലാണ് ഏറ്റവും നല്ലത്.
ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്ക് അത്യുന്നത സ്ഥാനമുണ്ടെന്ന് ഒട്ടേറെ ഹദീസുകളില്‍നിന്നും മനസ്സിലാക്കാവുന്നതാണ്. ഒരിക്കല്‍ അവിടന്നു പ്രസ്താവിച്ചു: ഖുര്‍ആന്‍ ഓതുന്നവനോട് ഇങ്ങനെ പറയപ്പെടും: നീ സമാധാനപൂര്‍വ്വം ഓതി പതവികളില്‍ കയറുക. ഭൗതിക ലോകത്ത് നീ ചെയ്തിരുന്നതുപോലെ സാവധാനം ഓതൂ. എന്തെന്നാല്‍, നീ ഒടുവില്‍ ഓതുന്ന ആയത്തിന്റെ അടുത്താകുന്നു നിന്റെ പദവി (തുര്‍മുദി). മഹാനായ അബൂ ദര്‍റിനോട് അവിടന്നു അരുളി: അബൂദര്‍റ്, ഖുര്‍ആന്‍ പാരായണ കാര്യത്തില്‍ നീ ജാഗ്രത പുലര്‍ത്തുക. കാരണം ഭൂമിയില്‍ നിങ്ങള്‍ക്ക് അതൊരു പ്രകാശവും ആകാശത്ത് അതൊരു നിക്ഷേപവുമായിരിക്കും (ഇബ്‌നു ഹിബ്ബാന്‍). ഖുര്‍ആന്‍ ഓതിക്കേള്‍ക്കലും ശ്രേഷ്ഠകൃത്യമാകുന്നു. ഈ ശ്രവണത്തിനു തന്നെ വമ്പിച്ച പ്രതിഫലനമുണ്ടാക്കാന്‍ കഴിയും. അതുകൊണ്ടാണ് മുശ്‌രിക്കുകള്‍ അതില്‍ അസ്വാരസ്യം രേഖപ്പെടുത്തിയത്. ഖുര്‍ആന്‍ അവരെ ഉദ്ധരിക്കുന്നതു കാണുക: സത്യ നിഷേധികള്‍ പറഞ്ഞു- ഈ ഖുര്‍ആനിലേക്ക് നിങ്ങള്‍ ചെവി കൊടുക്കരുത്. അതില്‍ നിങ്ങള്‍ ബഹളം വെക്കുക; നിങ്ങള്‍ വിജയിച്ചേക്കാം (ഫുസ്സ്വിലത്ത്: 26).
തിരുനബി ശ്രവണമധുരമായി ഖുര്‍ആന്‍ ഓതുമായിരുന്നു. മറ്റുള്ളവര്‍-മുശ്‌രിക്കുകള്‍വരെ- ആ മന്ദ്രമധുരമായ സ്വരത്തില്‍ ആകൃഷ്ടരായിപ്പോകും. അവര്‍ക്ക് അതിനെ മറികടക്കാനായില്ല. ഈ പശ്ചാത്തലത്തില്‍ ഖുറൈശ് നേതാക്കളും ബുഹുദൈവ വിശ്വാസികളിലെ തല മുതിര്‍ന്നവരും രോഷം പൂണ്ടു. അവര്‍ മറ്റുള്ളവര്‍ ഖുര്‍ആന്‍ ശ്രവിക്കുന്നത് തടഞ്ഞു. അതാണ് മേല്‍ സൂക്തം വ്യക്തമാക്കുന്നത്. അല്ലാഹുവിന്റെ പവിത്ര വചനങ്ങള്‍ ഓതപ്പെടുമ്പോള്‍ അവ ശ്രദ്ധിച്ചുകേള്‍ക്കേണ്ടതാണ്- ഖുര്‍ആന്‍ ഓതപ്പെട്ടാല്‍ നിങ്ങളത് സശ്രദ്ധം ശ്രവിക്കുകയും ശാന്തരായിരിക്കുകയും ചെയ്യുക; നിങ്ങള്‍ക്ക് കരുണ വര്‍ഷിക്കപ്പെടാനായി (അഅ്‌റാഫ്: 204). ഈ സൂക്തത്തിലുള്ള കല്‍പനയെക്കുറിച്ച് പണ്ഡിതര്‍ ഭിന്നാഭിപ്രായക്കാരാണ്. ഏറ്റം ചുരുങ്ങിയത് ഖുര്‍ആന്‍ ശ്രവണം സുന്നത്താണെന്നതില്‍ പക്ഷാന്തരമില്ല. തിരുനബി ഒരിക്കല്‍ പറഞ്ഞു: ഖുര്‍ആന്‍ പാരായകനും ശ്രോതാവും പ്രതിഫലത്തില്‍ പങ്കുകാരാകുന്നു (അബൂ ഹുറൈറ, അഹ്മദ്). ഒരിക്കല്‍ പ്രവാചകന്‍ അബൂമൂസല്‍ അശ്അരിയുടെ ഓത്ത് കേട്ടു. ഈ വിവരം അവിടന്ന് അദ്ദേഹത്തെ അറിയിച്ചപ്പോല്‍ താന്‍ പ്രതികരിച്ചത് ഇങങനെയായിരുന്നു: അല്ലാഹുവാണെ, അങ്ങ് എന്റെ ഓത്ത് ശ്രദ്ധിച്ചുകൊണ്ടിരുന്നത് ഞാന്‍ കണ്ടിരുന്നുവെങ്കില്‍ വളരെ ഭംഗിയായി ഞാനത് ഓതിക്കാണിക്കുമായിരുന്നു (മുസ്‌ലിം).
ഒരിക്കല്‍ പ്രവാചകന്‍ തനിക്ക് ഖുര്‍ആന്‍ ഓതിക്കേള്‍പിക്കുവാന്‍ ഇബ്‌നു മസ്ഊദ് (റ) വിനോട് ആവശ്യപ്പെട്ടു. ഖുര്‍ആന്‍ അവതരിച്ചതുതന്നെ അങ്ങേക്കായിരിക്കെ ഞാന്‍ ഓതിത്തരികയോ എന്ന് അപ്പോള്‍ അദ്ദേഹം ചോദിച്ചു. അത് മറ്റൊരാളില്‍നിന്നു കേള്‍ക്കല്‍ ഞാന്‍ ഇഷ്ടപ്പെടുന്നു എന്നായിരുന്നു പ്രവാചകരുടെ മറുപടി.  തല്‍സമയം അദ്ദേഹം സൂറത്തുന്നിസാഅ് പാരായണം ചെയ്തുതുടങ്ങി. അങ്ങനെ അതിലെ 41 ാം വാക്യം (ഓരോ സമുദായത്തില്‍നിന്നു ഓരോ സാക്ഷിയെ നാം കൊണ്ടുവരികയും അവരുടെമേല്‍ സാക്ഷിയായി താങ്കളെ നാം സന്നിഹിതനാക്കുകയും ചെയ്യുമ്പോള്‍- സത്യനിഷേധികളുടെയും പാപികളുടെയും സ്ഥിതി എന്തായിരിക്കും?) എത്തിയപ്പോള്‍ ഇപ്പോള്‍ മതി എന്ന് അവടന്നു പറഞ്ഞു. ഇബ്‌നു മസ്ഊദ് നോക്കുമ്പോള്‍ നബിയുടെ ഇരു നേത്രങ്ങളില്‍നിന്നും കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു (ബുഖാരി, മുസ്‌ലിം). ഒരിക്കല്‍ ഉബയ്യ് ബിന്‍ കഅബിനോട് പ്രവാചകന്‍ പറഞ്ഞു: താങ്കള്‍ക്ക് ഖുര്‍ആന്‍ ഓതിക്കേള്‍പിക്കാന്‍ അല്ലാഹു എന്നോട് കല്‍പിച്ചിരിക്കുന്നു (ബുഖാരി, മുസ്‌ലിം).
ഖുര്‍ആന്‍ ശ്രവണംമൂലം ആമൂലാഗ്രമുള്ള പരിവര്‍ത്തനങ്ങള്‍ക്കും മാനസാന്തരങ്ങള്‍ക്കും വിധേയരായ വ്യക്തികള്‍ കുറച്ചൊന്നുമല്ല. അത്തരക്കാരുടെ രോമാഞ്ച ജനകമായ സ്മരണകളുമായി നിറഞ്ഞുനില്‍ക്കുകയാണ് ഇസ്‌ലാമിക ചരിത്രത്താളുകള്‍. മഹാനായ ഉമര്‍ ബിന്‍ ഖത്താബിന്റെ സംഭവം സുവിദിതമാണ്. ഇസ്‌ലാമിന്റെ ആജന്മ ശത്രുവായിരുന്ന ഉത്ബത്ത് ഒരിക്കല്‍ ഖുര്‍ആന്‍ ശ്രവിക്കാനിടയായി. അതിന്റെ മാസ്മരിക ശക്തി ഖുറൈശ് നേതാക്കളോടും മറ്റും അവര്‍ തുറന്നു പ്രഖ്യാപിച്ചു. ഥുഫൈലു ബ്‌നു അംരിനിദ്ദൗസി എന്ന പ്രഗല്‍ഭ കവി മസ്ജിദുല്‍ ഹറാമിലേക്കു പോയപ്പോള്‍ ഖുര്‍ആന്‍ കേള്‍ക്കാതിരിക്കാനായി ചെവിട്ടില്‍ പഞ്ഞി തിരുകിയടച്ചിരുന്നു. പക്ഷെ, പ്രവാചകന്‍ ഓതുന്ന ഒരായത്ത് അദ്ദേഹം കേട്ടുപോയി. ഫലമോ? തൊണ്ണൂറോളം വീടുകള്‍ ഉള്‍ക്കൊള്ളുന്ന അദ്ദേഹത്തിന്റെ ഗോത്രം ദൗസ് ഒന്നടങ്കം ഇസ്‌ലാം ആശ്ലേഷിച്ചു. അപ്രകാരം നജാശി രാജാവിന്റെയടുത്തുനിന്ന് പ്രവാചകരുടെ സന്നിധിയിലെത്തിയ നിവേദക സംഘം യാസീന്‍ സൂറത്ത് കേട്ട് പരിവര്‍ത്തന വിധേയരായി ഇസ്‌ലാം മതം സ്വീകരിച്ചു. അവരെക്കുറിച്ച് ഇങ്ങനെ ഖുര്‍ആന്‍ അവതരിക്കുകയുണ്ടായി: പ്രവാചകന് അവതീര്‍ണമായത് ശ്രവിച്ചാല്‍ തങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞ സത്യംമൂലം അവരുടെ നേത്രങ്ങളില്‍ കണ്ണുനീര്‍ നിറഞ്ഞൊഴുകുന്നത് നിനക്ക് കാണാം (അല്‍ മാഇദ: 83).
ഖുര്‍ആനോടു നാം പുലര്‍ത്തേണ്ട ആദരവും ബഹുമാനവും പ്രത്യേകം ശ്രദ്ധേയമാണ്. വലിയ അശുദ്ധി ഉള്ളവര്‍ അത് തൊടുന്നതും ഓതുന്നതും നിരോധിക്കപ്പെട്ടിരിക്കുന്നു. മന:പാഠമായി ഓതുകയാണെങ്കിലും വുളൂ ഉണ്ടായിരിക്കല്‍ വളരെ നല്ലതാണ്. വുളൂ ഇല്ലാതെ മുസ്ഹഫ് എടുക്കാനോ തൊടാനോ പാടില്ല. അല്‍ വാഖിഅ 79 അക്കാര്യം പഠിപ്പിക്കുന്നുണ്ട്. ശുദ്ധി വരുത്തിയവരല്ലാതെ ഖുര്‍ആന്‍ സ്പര്‍ശിക്കരുത് എന്നാണതിന്റെ താല്‍പര്യം. ചെറിയതും വലിയതുമായ അശുദ്ധികളില്‍നിന്നു ശുദ്ധിയാവല്‍ എന്നു സാരം. തഫ്‌സീര്‍ ഗ്രന്ഥങ്ങള്‍ തൊടുന്നതിലും ശ്രദ്ധിക്കേണ്ടതുണ്ട്: വ്യാഖ്യാനത്തിന്റെ അക്ഷരങ്ങള്‍ അതിലുള്ള ഖുര്‍ആന്റെ അക്ഷരങ്ങളെക്കാള്‍ കൂടുതലാണെങ്കില്‍ വുളൂ ഇല്ലാതെ എടുക്കാവുന്നതാണ്, മറിച്ചാണെങ്കില്‍ വുളൂ വേണം. തഫ്‌സീര്‍ എന്നു പറഞ്ഞതില്‍ അറബി തഫ്‌സീറുകളും ഇതര ഭാഷയിലുള്ള തഫ്‌സീറുകളും ഒരു പോലെയാണ്. ഖുര്‍ആന്‍ ആദരണീയമാണെന്നു അല്‍ വാഖിഅ 77 ലും അത് മഹത്വമേറിയതാണെന്ന് അല്‍ ബുറൂജ് 21 ലും അല്ലാഹു പറയുന്നുണ്ട്. അങ്ങനെയുള്ള ഖുര്‍ആനോട് മലിന (നജസ്) വസ്തുക്കള്‍ ചേര്‍ക്കലും ശുദ്ധികൂടാതെ തൊടലും എടുക്കലും അതിന്റെ മാഹാത്മ്യത്തോട് യോജിക്കുന്നതല്ല. അമുസ്‌ലിംകള്‍ക്ക് കൊടുക്കാവതുമല്ല വിശുദ്ധ ഖുര്‍ആന്‍. അവര്‍ ചെറിയതോ വലിയതോ ആയ അശുദ്ധിയുള്ളവരായിരിക്കുമെന്നത് പറയേണ്ടതില്ലല്ലോ. ഖുര്‍ആന്‍ എഴുതിയ കടലാസുകള്‍ ഇക്കാലത്ത് സാധനങ്ങള്‍ പൊതിയുവാന്‍ ഉപയോഗിക്കപ്പെടുകയും കുപ്പത്തൊട്ടികളിലും അഴുക്കുചാലുകളിലും വലിച്ചെറിയപ്പെടുകയും ചെയ്യുന്നതായി കാണുന്നു. ഖുര്‍ആന്റെ അനുയായികള്‍തന്നെ അതിനോട് ചെയ്യുന്ന ഏറ്റവും വലിയ അക്രമവും കടുത്ത അപരാധവുമാണിതെന്നു പറയാതെ വയ്യ.
അല്‍ ഹജ്ജ് 30 ല്‍ ഇങ്ങനെ കാണാം: ''അല്ലാഹുവിന്റെ പരിപാവന വസ്തുക്കളെ ആരെങ്കിലും ബഹുമാനിക്കുന്നതായാല്‍ അവനു തന്റെ രക്ഷിതാവിങ്കല്‍ ഏറ്റവും ഗുണമുള്ളതാകുന്നു.'' ആരെങ്കിലും അല്ലാഹുവിന്റെ ചിഹ്നങ്ങളെ ബഹുമാനിക്കുന്നതായാല്‍ നിശ്ചയമായും അത് ഹൃദയങ്ങളുടെ ഭക്തിയില്‍പെട്ടതാണ് എന്ന് അല്‍ ഹജ്ജ് 32 ലുമുണ്ട്. ഈ വാക്യങ്ങള്‍ നാം പ്രത്യേകം ഗൗനിക്കേണ്ടതാണ്. വിശുദ്ധ ഖുര്‍ആന്‍ അല്ലാഹു ബഹുമാനിച്ച പാവനമായ മത ചിഹ്നമാണെന്നു വിശിഷ്യാ പറയേണ്ടതുണ്ടോ? അത്യന്തം ബഹുമാനത്തോടെയാണ് ഖുര്‍ആന്റെ മുമ്പിലിരിക്കേണ്ടതുതന്നെ. വുളൂ എടുക്കുക, സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിക്കുക, ദന്ത ശുദ്ധീകരണം നടത്തുക മുതലായവ ഖുര്‍ആന്‍ ഓതുന്നവന് സുന്നത്താണ്. നജസുള്ള വായകൊണ്ട് ഓതല്‍ ഹറാം തന്നെയാണെന്നത്രെ ചില പണ്ഡിതരുടെ അഭിപ്രായം. തുടങ്ങുമ്പോള്‍ പിശാചില്‍നിന്നു കാവല്‍ തേടല്‍ (അഊദു ഓതല്‍), ബിസ്മി ചൊല്ലല്‍ എന്നിവ സുന്നത്താണ്. അന്നഹ്ല്‍ 98 ല്‍ ഇങ്ങനെ കാണാം: ''നീ ഖുര്‍ആന്‍ ഓതാന്‍ ഉദ്ദേശിക്കുമ്പോള്‍ പിശാചില്‍നിന്ന് അല്ലാഹുവോട് കാവല്‍ തേടുക.'' നബി ഖുര്‍ആന്‍ സൂക്തങ്ങള്‍ ഓതാനാരംഭിക്കുമ്പോള്‍ ബിസ്മി ചൊല്ലാറുണ്ടായിരുന്നു. ഒരു ഹദീസില്‍, ദിവ്യ സന്ദേശവുമായി ജിബ്‌രീല്‍ എന്റെ അടുത്തു വരുമ്പോള്‍ ആദ്യം ഓതിയിരുന്നത് ബിസ്മിയായിരിക്കും (ത്വബ്‌റാനി) എന്ന് നബി പഠിപ്പിക്കുന്നുണ്ട്.
സൂറത്തുകളുടെ ഖുര്‍ആനിക ക്രമമനുസരിച്ച് ഓതിത്തീര്‍ക്കലാണ് സുന്നത്ത്. ഇതിനാണ് കത്ത്മ് എന്ന് പറയുന്നത്. എത്ര സമയത്തിനിടക്ക് ഒരു ഖത്ത്മ് തീര്‍ക്കണമെന്നതില്‍ പണ്ഡിതര്‍ ഭിന്നാഭിപ്രായക്കാരാണ്. ഒരിക്കല്‍ അബ്ദില്ലാഹി ബ്‌നി അംറ് (റ) നബിയോട് ചോദിച്ചു: എത്ര സമയത്തിനകം ഖുര്‍ആന്‍ ഓതി പൂര്‍ത്തീകരിക്കണം? അവിടന്നു പറഞ്ഞു: നാല്‍പത് ദിവസത്തിലൊരാവൃത്തി (അബൂ ദാവൂദ്). വര്‍ഷത്തില്‍ രണ്ട് ആവൃത്തി ഓതിയാല്‍ ഖുര്‍ആന്റെ അവകാശം വീട്ടി എന്നാണ് ഇമാം അബൂ ഹനീഫ (റ) അഭിപ്രായപ്പെട്ടിട്ടുള്ളത്. അര്‍ത്ഥമറിയുന്നവര്‍ അത് ചിന്തിച്ചുകൊണ്ട് പാരായണം ചെയ്യണം, റഹ്മത്തിന്റെ ആയത്തുകള്‍ ഓതുമ്പോള്‍ അല്ലാഹുവോട് റഹ്മത്ത് ചോദിക്കുക, ശിക്ഷകളുടെ ആയത്തുകള്‍ക്കു ശേഷം അതില്‍നിന്നു കാവല്‍ തേടുക, സജദയുടെ ആയത്തുകള്‍ക്കു ശേഷം സുജൂദ് ചെയ്യുക, ഓതുന്നത് ഖിബ്‌ലക്ക് തിരിഞ്ഞ് ആവുക തുടങ്ങിയവയും സുന്നത്താണ്. ഖുര്‍ആന്‍ ഓതിത്തീര്‍ന്ന ശേഷമുള്ള ദുആക്ക് പ്രത്യേക പുണ്യവും പരിഗണനയുമുണ്ട്. മറുപടി പ്രതീക്ഷിക്കപ്പെടാവുന്ന ദുആകളിലൊന്നാണത്രെ അത്. അനസ് ബിന്‍ മാലിക് (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു നബി വചനത്തില്‍ ഇങ്ങനെയുണ്ട്. തീര്‍ച്ചയായും ഖുര്‍ആന്‍ ഓതുന്നവന് എല്ലാ ഖത്ത്മിനോടൊപ്പവും ഇജാബത്ത് നല്‍കപ്പെടുന്ന ഒരു ദുആയും സ്വര്‍ഗത്തില്‍ ഒരു വൃക്ഷവും അവകാശപ്പെട്ടിരിക്കുന്നു (ദാരിമി). മറ്റൊരിക്കല്‍ പ്രവാചകന്‍ അരുളി: ഒരാള്‍ ഖുര്‍ആന്‍ പാരായണം ചെയ്തു തീര്‍ന്നാല്‍ ഉത്തരം ലഭിക്കുന്ന ഒരു ദുആ അല്ലാഹുവിങ്കല്‍ അവന് കടപ്പെട്ടിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഇഹലോകത്തുവെച്ചുതന്നെ ധൃതിപ്പെട്ടു അതു നല്‍കുകയോ അല്ലെങ്കില്‍ ആഖിറത്തിലേക്ക് അത് സൂക്ഷിവെക്കുകയോ ചെയ്യുന്നതാണ് (ത്വബ്‌റാനി). അബൂ ദാവൂദ് റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു ഹദീസില്‍, അനസ് ബിന്‍ മാലിക് (റ) ഖത്ത്മ് തീര്‍ത്താല്‍  കുടുംബങ്ങളെ സമ്മേളിപ്പിച്ച് ദുആ ചെയ്തിരുന്നുവെന്നു കാണാം.
(ഫത്ഹു ര്‍റഹ്മാന്‍: ഖുര്‍ആന്‍ വ്യഖ്യാനം ആമുഖത്തില്‍നിന്ന്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter