മനുഷ്യ സൃഷ്ടിപ്പിന്റെ അര്‍ത്ഥവും ലക്ഷ്യവും സവിസ്തരം പ്രതിപാദിക്കുന്ന ദൈവിക ഉല്‍ബോധനങ്ങളുടെ സമഗ്ര നിദര്‍ശനമാണ് വിശുദ്ധ ഖുര്‍ആന്‍. മാനവരാശിയുടെ ഉല്‍ഭവവും വികാസവും പരിണാമങ്ങളും ഔദ്യോഗികമായി പരിചയപ്പെടുത്തുന്നതോടൊപ്പം അവരുടെ മാര്‍ഗദര്‍ശനത്തിന്റെയും മാര്‍ഗഭ്രംശത്തിന്റെയും കഥകള്‍ പച്ചയായി അനാവരണം ചെയ്യുന്ന പ്രഥമ ദൈവിക ഗ്രന്ഥമാണിത്. മാനവനാഗരികതകളെയും പ്രാചീന സമുദായങ്ങളെയും മൂല്യങ്ങളെ അടിസ്ഥാനമാക്കി വിലയിരുത്തുകവഴി ഒരു പുതിയ തലമുറയുടെ സൃഷ്ടിപ്പിനെയാണ് ഖുര്‍ആന്‍ പ്രതിനിധീകരിക്കുന്നത്.
മനുഷ്യോല്‍പത്തി മുതല്‍ പ്രവാചകരുടെ കാലംവരെയുള്ള എല്ലാ കാലങ്ങളെയും ജനങ്ങളെയും അത് പരിചയപ്പെടുത്തുന്നു. അസംസ്‌കൃതരായ ജനതതിയുടെ ദാരുണമായ പരിണതികളില്‍നിന്നും പാഠമുള്‍കൊണ്ട് നാഗരികരും സംസ്‌കൃതരുമായ ഒരു വിഭാഗത്തെ വളര്‍ത്തിയെടുക്കാനാണ് അത് ശ്രമിക്കുന്നത്. ലോകാന്ത്യംവരെ വരാനിരിക്കുന്ന ജനസമൂഹത്തിന് തങ്ങളുടെ ജീവിതം തൗഹീദിന്റെ അര്‍ത്ഥതലങ്ങളില്‍ ഊന്നിനിന്ന് പുനര്‍നിമിതി നടത്താന്‍ അത് ആഹ്വാനം ചെയ്യുന്നു. ഫാത്തിഹ എന്ന ഔദ്യോഗിക തുടക്കത്തിനു ശേഷം ബഖറ (പശു) എന്ന അദ്ധ്യായത്തില്‍തുടങ്ങി നാസ് (ജനങ്ങള്‍) എന്ന അദ്ധ്യായത്തില്‍ പര്യവസാനിക്കുമ്പോള്‍ പശുവിന്റെ മൃഗീയതയില്‍നിന്നും ജനങ്ങളുടെ നാഗരികതയിലേക്കും മനുഷ്യത്വത്തിലേക്കും ഒരു സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവന്ന കഥയാണ് ഖുര്‍ആന്‍ പറയുന്നത്.
അതോടൊപ്പം, മൂല്യങ്ങള്‍ക്കുമുമ്പില്‍ അന്ധത ബാധിക്കുകയും വിവര-സാങ്കേതിക രംഗത്ത് അത്യുന്നതി പ്രാപിക്കുകയും ചെയ്ത വര്‍ത്തമാനകാലത്തുപോലും അത്തരം ഒരു വിപ്ലവം അനിവാര്യമാണെന്നും അത് ഉല്‍ഘോഷിക്കുന്നു. ഇങ്ങനെ നോക്കുമ്പോള്‍ മനുഷ്യ നാഗരികതകള്‍ക്കും ഭൗമോപരിതലത്തിലെ മനുഷ്യ നിയോഗത്തിനുമുള്ള ഒരു മുഖവുരയായി വിശുദ്ധ ഖുര്‍ആനെ കണ്ടെത്താം. മനുഷ്യചരിത്രത്തിന്റെ യഥാര്‍ത്ഥ നാള്‍വഴികള്‍ പരിചയപ്പെടുത്തുകയാണ് വിശുദ്ധ ഖുര്‍ആന്‍. അതുകൊണ്ടുതന്നെ, ഭൂതത്തിനു നല്‍കുന്ന അതേ പ്രാധാന്യം ഭാവിക്കും കല്‍പിക്കുന്നു. ആദ്യപിതാവായ ആദം നബിയില്‍നിന്നും തുടങ്ങുന്ന മനുഷ്യസൃഷ്ടിപ്പിന്റെ ചരിത്രം ഈ ലോക ജീവിതത്തിനു ശേഷം വരാനിരിക്കുന്ന ശാശ്വതമായ പാരത്രിക ജീവിതത്തോടെയാണ് പര്യവസാനിക്കുന്നതെന്നാണ് ഖുര്‍ആന്റെ ഭാഷ്യം. മനുഷ്യജന്മത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും വെച്ചുപുലര്‍ത്തപ്പെടുന്ന വികലവിശ്വാസങ്ങള്‍ അസത്യവും അബദ്ധജടിലവുമാണെന്ന തിരിച്ചറിവാണ് ഇത് മുന്നോട്ടുവെക്കുന്നത്.
നൂഹ്‌നബിയുടെ കാലംമുതല്‍തന്നെ ഭൂമിയില്‍ മനുഷ്യന്‍ വ്യവസ്ഥാപിതമായനിലക്ക് സാമൂഹിക ജീവിതം ആരംഭിച്ചിട്ടുണ്ട്. ആ സന്താന പരമ്പരയില്‍നിന്നാണ് ലോകത്തിന്റെ സര്‍വ ദിക്കുകളിലും മനുഷ്യകുലം വ്യാപിച്ചത്. ഒരു ലക്ഷത്തില്‍ പരം പ്രവാചകന്മാരും ദൈവദൂതന്മാരും ലോകത്ത് കടന്നുവന്നിട്ടുണ്ടെന്നതാണ് ചരിത്രം. ഇതില്‍ 25 പ്രധാനികളെ വിശുദ്ധ ഖുര്‍ആന്‍ എടുത്തുപറയുകയും അവരുടെ പ്രവര്‍ത്തനങ്ങളെ സവിശദം പ്രതിപാദിക്കുകയും ചെയ്യുന്നു. യഅ്ഖൂബ് നബിയും അവിടെനിന്നുമാരംഭിക്കുന്ന ബനൂ ഇസ്‌റാഈല്യരും ഖുര്‍ആനിലെ വലിയൊരു ചര്‍ച്ചാവിഷയമാണ്. മൂസാനബിയും ഈസാനബിയും വലിയ രണ്ടു സമുദായങ്ങളുടെ പ്രതിനിധികളായിരുന്നു. ഇവക്കെല്ലാംപുറമെ, ഫറോവമാരെക്കുറിച്ചും ദഖ്‌യാനൂസുമാരെക്കുറിച്ചും അബ്‌റഹത്തുമാരെക്കുറിച്ചും ഖുര്‍ആന്‍ ആഴത്തിലുള്ള പാഠങ്ങള്‍ നല്‍കി. അവരുടെ കാലത്തെ സാസ്‌കാരിക-നാഗരിക മാറ്റങ്ങളെയും ധര്‍മ-അധര്‍മ വ്യാപനത്തെയും അത് വിലയിരുത്തി. നൂറ്റാണ്ടുകളുടെ ചരിത്രമാണ് ഇവിടങ്ങളിലെല്ലാം കൈകാര്യം ചെയ്യപ്പെട്ടത്. സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ കാലാനുക്രമ ചരിത്രചിത്രണമെന്ന ഒരു ശൈലിയായിരുന്നില്ല ഇവിടെ സ്വീകരിക്കപ്പെട്ടിരുന്നത്.
പ്രത്യുത, വിവിധ സമൂഹങ്ങളെ മൊത്തമായെടുത്ത് മൂല്യങ്ങളുടെ അളവുകോലില്‍ അളന്നെടുത്ത് വസ്തുതാപരമായ ചരിത്രാവലോകനം നടത്തുകയായിരുന്നു ഖുര്‍ആന്‍. ക്രിസ്തുവര്‍ഷം ആറാം ശതകത്തില്‍ പ്രവാചകന്‍ മുഹമ്മദ് (സ) യുടെ നിയോഗം ഉണ്ടായതോടെ ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്ന മൂല്യാധിഷ്ഠിത ജീവിതത്തിന്റെ ഏറ്റവും അനുകരണീയമായ മാതൃക അവതരിക്കപ്പെടുകയായിരുന്നു. ഒരു വ്യക്തിയുടെ ചരിത്രാംശങ്ങള്‍ അവതരിപ്പിക്കുക മാത്രമായിരുന്നില്ല പ്രവാചകരുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ അനാവരണം ചെയ്യുന്നതിലൂടെ ഖുര്‍ആന്‍ ചെയ്തിരുന്നത്. മറിച്ച്, മതങ്ങളുടെ പൗരസ്ത്യന്‍ ഭൂമികയില്‍ നാനാവിധേനയും ഏറ്റവും അധ:പതിച്ച ഒരു സമൂഹത്തെ സാംസ്‌കാരികമായും സാമ്പത്തികമായും സാമൂഹികമായും സംസ്‌കരിക്കുക വഴി ഒരു ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കുകയും അവരെ ലോകത്തിന് മാതൃകയാക്കി വളര്‍ത്തിയെടുക്കുകയുമായിരുന്നു.
വളരെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഇത് ഫലം കാണുകയും ചെയ്തു. ഖുര്‍ആനിക ആഹ്വാനങ്ങളുടെ വെളിച്ചത്തില്‍ പ്രവാചകന്‍ സാധിച്ചെടുത്ത ഈ സാമൂഹിക വിപ്ലവം ലോകചരിത്രത്തില്‍തന്നെ അത്യുദാത്തവും തുല്യതയില്ലാത്തതുമാണ്. വിശ്വനാഗരികതകളുടെ ചാലക ശക്തികളും നിര്‍ണായക ശില്‍പികളുമായി പ്രവാചകാനുയായികള്‍ ഇതോടെ കടന്നുവരികയായിരുന്നു. ഖുര്‍ആനിക ചിന്തകളില്‍നിന്നും ആവേശമുള്‍കൊണ്ടായിരുന്നു അവരിതിന് നായകത്വം വഹിച്ചിരുന്നത്. പിന്നീടങ്ങോട്ട്, ശാസ്ത്രീയ ചിന്തകളും വൈജ്ഞാനിക ചര്‍ച്ചകളും ശക്തമാവുകയും പുതിയൊരു ലോകാന്തരീക്ഷം സാധ്യമാവുകയും ചെയ്തു. വിശുദ്ധ ഖുര്‍ആനായിരുന്നു ഇത്തരം വൈജ്ഞാനിക സാംസ്‌കാരിക ധൈഷണിക മാറ്റങ്ങള്‍ക്കെല്ലാം അടിസ്ഥാനമായി വര്‍ത്തിച്ചതെന്ന് സുതരാം വ്യക്തമാകും.
മാര്‍ഗദര്‍ശനത്തിന്റെ സത്യവേദം
മാനവരാശിയുടെ മാര്‍ഗദര്‍ശനമാണ് വിശുദ്ധ ഖുര്‍ആന്റെ ആത്യന്തിക ലക്ഷ്യം. സംശയരഹിതമായ ഈ ഗ്രന്ഥം സൂക്ഷ്മതയുള്ളവര്‍ക്ക് നേര്‍വഴികാണിക്കാന്‍വേണ്ടിയാണ് ഇറക്കപ്പെട്ടതെന്ന് സൂറത്തുല്‍ ബഖറയുടെ ആദ്യഭാഗത്തുതന്നെ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട് (2:2). മുസ്‌ലിംകളെ മാത്രമല്ല, പ്രത്യുത, മാലോകരെ ഒന്നടങ്കം അഭിമുഖീകരിക്കുന്നുവെന്നതാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. മനുഷ്യ സമൂഹത്തെ ജീര്‍ണതകളില്‍നിന്നും സാംസ്‌കാരിക ഔന്നത്യത്തിലേക്കു ഉയര്‍ത്തിക്കൊണ്ടുവരല്‍ ഇവിടെ അടിസ്ഥാനപരമായും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഖുര്‍ആന്‍ ഇരുപത്തിമൂന്നു വര്‍ഷത്തെ അതിന്റെ അവതരണ കാലത്ത് അറേബ്യയില്‍ സാധ്യമാക്കിയതും അതുതന്നെയായിരുന്നു. അന്ധവിശ്വാസങ്ങളില്‍നിന്നും ബഹുദൈവാരാധനകളില്‍നിന്നും പ്രാകൃത സമൂഹങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കുകവഴി തൗഹീദിനെ സംസ്ഥാപിക്കുകയാണ് ഖുര്‍ആന്‍ ചെയ്തത്.
സത്യാസത്യവിവേചനത്തിനുള്ള കഴിവ് നല്‍കിയതിനുശേഷമാണെല്ലോ അല്ലാഹു ഓരോ മനുഷ്യനെയും ഭൂമിയിലേക്കു സൃഷ്ടിച്ചുവിടുന്നത്. തന്റെ പ്രതിനിധിയായി ഭൂമിയില്‍ നിയോഗിക്കപ്പെടുന്ന മനുഷ്യനോട് 'ഞാന്‍ മാത്രമാണ് നിങ്ങളുടെ ദൈവമെന്നും എന്നെയാണ് നിങ്ങള്‍ ആരാധിക്കേണ്ടത്' എന്നുമായിരുന്നു അവന്റെ കല്‍പന. ഇതല്ലാതെ ദിവ്യത്വം ആരോപിക്കപ്പെടുന്ന സര്‍വ്വ ചരാചരങ്ങളും വ്യാജവും അസത്യവുമാണെന്ന സന്ദേശമാണ് ഖുര്‍ആന്‍ ഇതിലൂടെ നല്‍കുന്നത്. അല്ലാഹു ഏകനും നിരാശ്രയനും ജനിക്കാത്തവനും ജനനം നല്‍കാത്തവനും അതുല്യനുമാണെന്ന് (112:1-4) ഖുര്‍ആന്‍ അടിവരയിട്ടുപറഞ്ഞു. ആദം നബി മുതല്‍ മുഹമ്മദ് നബി വരെയുള്ള എല്ലാ പ്രവാചകന്മാരും ഈയൊരു സന്ദേശത്തിന്റെ പ്രചാരകരായിരുന്നു. പക്ഷെ, പിശാചിന്റെ പ്രലോഭനങ്ങള്‍ക്കു വിധേയമായി കാലാന്തരത്തില്‍ മനുഷ്യര്‍ക്കിടയില്‍ ഈയൊരു ആശയത്തെ തകിടംമറിക്കുന്ന പലവിധ നൂതന ചിന്തകളും വഴികേടുകളും തലപൊക്കിയിരുന്നുവെങ്കിലും അതുകാരണമായി അവരെ ഒറ്റയടിക്ക് നശിപ്പിച്ചുകളയാന്‍ അല്ലാഹു ഉദ്ദേശിച്ചിരുന്നില്ല. സത്യദൂതന്മാരെ നിയമിച്ച് അവരെ ഏകദൈവാരാധനയിലേക്ക് തിരികെ കൊണ്ടുവരാനായിരുന്നു അവന്റെ തീരുമാനം. ഇത് ഒരു മഹാ ഉത്തരവാദിത്തമായി പിന്നീട് പണ്ഡിതരിലും ജ്ഞാനികളിലും സജീവമായി നിലനിന്നു. മുഹമ്മദ് നബിയുടെ നിയോഗത്തിലൂടെയും ഖുര്‍ആന്റെ അവതരണത്തിലൂടെയും ഇതിനൊരു സജീവവും ഏകീകൃതവുമായ മുഹൂര്‍ത്തം വന്നുചേരുകയായിരുന്നു. ബഹുദൈവാരാധനയുടെ അന്ധകാരത്തില്‍നിന്നും ഏകദൈവാരാധനയുടെ വെളിച്ചത്തിലേക്കായിരുന്നു വിശുദ്ധ ഖുര്‍ആന്‍ വഴിനടത്തിയിരുന്നത്.
ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രമേയം
മനുഷ്യനും അവന്റെ ജീവിതവുമാണ് അടിസ്ഥാനപരമായും ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിഷയം. ഐഹിക ലോകത്ത് മാനുഷിക ജീവിതത്തിന്റെ അര്‍ത്ഥം, ലക്ഷ്യം, ഉദ്ദേശ്യം, മരണാന്തരജീവിതം, അനന്തര വിധിനിര്‍ണയങ്ങള്‍, രക്ഷാ-സിക്ഷാ മുറകള്‍, ശാശ്വത ജയാപചയങ്ങള്‍ തുടങ്ങിയവയെ വലയംചെയതുകൊണ്ടാണ് അതിലെ ഓരോ അദ്ധ്യായങ്ങളും സൂക്തങ്ങളും കടന്നുപോകുന്നത്. ഭൂമിയില്‍ മനുഷ്യന്‍ ദൈവത്തിന്റെ പ്രതിനിധിയാണെന്നും ഏകത്വത്തില്‍ വിശ്വസിച്ച് അവന്റെ കല്‍പനകള്‍ക്കു വിധേയനായി ജീവിക്കേണ്ടവനാണെന്നുമുള്ള ഒരു ധ്വനി ഖുര്‍ആന്‍ മുഴുക്കെ കാണാവുന്നതാണ്. വിവിധ സമുദായങ്ങളുടെയും കാലങ്ങളുടെയും അനുഭവങ്ങളും ചരിത്രങ്ങളും അവലോകനം ചെയ്യുമ്പോഴും അത് അഭിമുഖീകരിക്കുന്ന കാലത്തെ ജനങ്ങളുടെ ജീവിത ശുദ്ധിയാണ് ഖുര്‍ആന്‍ ഉന്നം വെക്കുന്നത്.
മനുഷ്യന്റെ ഐഹിക ജീവിതം ഭാസുരവും സംഭവബഹുലവുമായി മാറാന്‍ വേണ്ടിയാണ് അത് ജീവിതത്തിന്റെ നാനാതുറകളിലെ വ്യവഹാരങ്ങളെയുംകുറിച്ച് സമഗ്രമായി ബോധനം നല്‍കുന്നത്. ഖുര്‍ആന്‍ ഉയര്‍ത്തിയിരുന്ന ചിന്തകളെയും മൂല്യങ്ങളെയും അടിസ്ഥാനമാക്കി ജീവിതം നയിച്ച തലമുറയാണ് ലോകത്ത് വിജ്ഞാന വിപ്ലവം സാധ്യമാക്കിയത്. മധ്യകാലത്തെ ശാസ്ത്രീയ വളര്‍ച്ചക്കും വിവരവിസ്‌ഫോടനത്തിനും പിന്നില്‍ ഇതിന്റെ പ്രചോദനമായിരുന്നു. സാക്ഷാല്‍, മനുഷ്യനായി ജീവിക്കാന്‍ പഠിപ്പിക്കുകവഴി ലോകത്തെ വൈജ്ഞാനികമായി കീഴടക്കാനും സംസ്‌കാര സമ്പന്നരായ പുതിയൊരു തലമുറയെ വാര്‍ത്തെടുക്കാനുമാണ് ഖുര്‍ആന്‍ ഉല്‍ഘോഷിക്കുന്നത്. ഇതിന്റെ വിജയകരമായ സാക്ഷാല്‍കാരമാണ് ലോകചരിത്രത്തില്‍ മുസ്ലിംകള്‍ക്ക് അല്‍ഭുതകരമായ മേല്‍വിലാസം നല്‍കിയത് എന്നുകാണാം.
Leave A Comment