ഖുര്‍ആന്‍ സൂക്തങ്ങളും അവതരണ പശ്ചാത്തലങ്ങളും

ഭാഷാപരിജ്ഞാനംകൊണ്ടുമാത്രം ഖുര്‍ആനിലെ ആശയം ഗ്രഹിക്കുക സാധ്യമല്ല. ഒട്ടനവധി വൈതരണികള്‍ അതിന് തരണം ചെയ്യണം. സൂക്തങ്ങളുടെ അവതരണ പശ്ചാത്തലം ഗ്രഹിക്കുക അതിലൊന്നാണ്. നബിയുടെ കാലത്ത് വല്ല പ്രത്യേക സംഭവങ്ങളുണ്ടായി; അല്ലെങ്കില്‍ തങ്ങളുടെ മുമ്പില്‍ വല്ല പ്രശ്‌നവുമുല്‍ഭവിച്ചു; ഈ സംഭവത്തെയോ പ്രശ്‌നത്തെയോ ആസ്പദമാക്കി ഒന്നോ അധികമോ ഖുര്‍ആന്‍ സൂക്തം അവതരിക്കുന്നു. ഈ സംഭവത്തിന് അഥവാ പ്രശ്‌നത്തിന് അവതരണ പശ്ചാത്തലം (സബബുന്നുസൂല്‍) എന്ന് പറയപ്പെടുന്നു.

ഖുര്‍ആന്‍ സൂക്തങ്ങള്‍ രണ്ടുവിധമുണ്ട്. സൃഷ്ടികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുക എന്ന പൊതു ഉദ്ദേശ്യത്തോടെ അവതരിച്ചതാണ് ഒന്ന്. അധിക സൂക്തങ്ങളും ഈ ഇനത്തില്‍ പെടുന്നു. പ്രത്യേക അവതരണ പശ്ചാത്തലമുള്ളതാണ് മറ്റൊന്ന്. ഈ ഇനമാണ് നമ്മുടെ ചര്‍ച്ചാവിഷയം. ഇമാം ബുഖാരിയുടെ ഗുരുവായ അലി ബ്‌നുല്‍ മദീനി, ഇബ്‌നു ഹജര്‍, ഇമാം സുയൂഥി തുടങ്ങിയ ഒട്ടനവധി മഹന്മാര്‍ ഇവ്വിഷയകമായി ഗ്രന്ഥ രചന നടത്തിയിട്ടുണ്ട്.

സംഭവങ്ങളും പ്രശ്‌നങ്ങളും

സൂക്താവതരണത്തിന് പശ്ചാത്തലമൊരുക്കിയ സംഭവങ്ങള്‍ വിവിധ നിലകളിലാണ്. ഉദാഹരണം കാണുക: ഔസ്, ഖസ്‌റജ് എന്നീ ഗോത്രങ്ങള്‍ പൂര്‍വ്വ കാല വൈരികളാണ്. നബി മദീനയില്‍ വന്ന ശേഷം നല്‍കിയ ഇസ്‌ലാമിക സാഹോദര്യത്തിന്റെ മഹത്തായ സന്ദേശമാണ് അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കിയത്.  നൂറ്റാണ്ടുകളായി നിലനിന്നുവന്ന സ്പര്‍ദ്ധ അങ്ങനെ തിരോധാനം ചെയ്തു. മുസ്‌ലിംകളുടെ അഭ്യന്തര ശത്രുക്കളായ കപട വിശ്വാസികള്‍ക്കോ അവര്‍ക്ക് പ്രചോദനവും പിന്തുണയും നല്‍കുന്ന ജൂതന്മാര്‍ക്കോ ഇതൊരിക്കലും രുചിച്ചില്ല. എന്തെങ്കിലും കാരണമുണ്ടാക്കി പൂര്‍വ്വകാല സ്പര്‍ദ്ധ ചികഞ്ഞെടുത്തു രണ്ടു ഗോത്രങ്ങളെയും തമ്മിലടിപ്പിക്കാന്‍ അവര്‍ ശ്രമം നടത്തിവന്നു. ഒരിക്കലത് ഫലിച്ചു. രണ്ടു ഗോത്രത്തിലെയും ഏതാനും ആളുകള്‍ തമ്മില്‍ ശണ്ഠ കൂടി. ആയുധ പ്രയോഗത്തോളമെത്തി. ഈ സംഭവത്തെ അധികരിച്ചുകൊണ്ടാണ്  താഴെ കൊടുത്ത സൂക്തങ്ങള്‍ അവതരിക്കുന്നത്: ''ഓ സത്യവിശ്വാസികളെ, ഗ്രന്ഥം നല്‍കപ്പെട്ടവരില്‍ ഒരു വിഭാഗത്തെ (ജൂതന്മാരെ) നിങ്ങള്‍ അനുസരിക്കുന്ന പക്ഷ, നിങ്ങളുടെ സത്യവിശ്വാസത്തിനു ശേഷം അവര്‍ നിങ്ങളെ അവിശ്വാസികളാക്കി മാറ്റിക്കളയുന്നതാണ്. അല്ലാഹുവിന്റെ വചനങ്ങള്‍ നിങ്ങള്‍ക്ക് ഓതിത്തരികയും അല്ലാഹുവിന്റെ ദൂതന്‍ നിങ്ങളില്‍ ഉണ്ടായിരിക്കുകയും ചെയ്യുന്ന സ്ഥിതിക്ക് നിങ്ങളെങ്ങനെ അവിശ്വസിക്കും! ആരെങ്കിലും അല്ലാഹുവിനെ മുറുകെ പിടിക്കുന്ന പക്ഷം അവര്‍ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കപ്പെട്ടു'' (ആലു ഇംറാന്‍: 100-101).

മുസ്‌ലിംകള്‍ തമ്മില്‍ ഭിന്നിക്കുകയും ശണ്ഠകൂടുകയും ചെയ്യുന്നതിനെതിരെ ശക്തമായ താക്കീതാണ് ഈ സൂക്തങ്ങള്‍. ഐക്യത്തിലും സൗഹാര്‍ദ്ദത്തിലും ജീവിക്കാന്‍ അവരെ അങ്ങേയറ്റം അവ പ്രോത്സാഹിപ്പിക്കുന്നു. മറ്റൊരു ഉദാഹരണം കാണുക: മദ്യപാനം കര്‍ശനമായി നിരോധിക്കപ്പെടാത്ത കാലം. മദ്യപിച്ചുകൊണ്ടൊരാള്‍ മഗ്‌രിബ് നിസ്‌കാരത്തിന് ഇമാമായി നിന്നു. നിസ്‌കാരത്തില്‍ സൂറത്തുല്‍ കാഫിറൂന്‍ തെറ്റായി ഓതി. അതുകാരണമാണ് ലഹരി ബാധിച്ചവരായി നമസ്‌കാരത്തില്‍ പ്രവേശിക്കുന്നത് നിരോധിച്ചുകൊണ്ട് സൂറത്തു ന്നിസാഇലെ നാല്‍പത്തിമൂന്നാം സൂക്തമവതരിപ്പിച്ചത്. ആദ്യത്തെ ഉദാഹരണത്തില്‍ സ്വഹാബത്ത് തമ്മിലുണ്ടായ ഒരു ശണ്ഠയാണ് അവതരണ പശ്ചാത്തലമെങ്കില്‍ രണ്ടാമത്തെതില്‍ തങ്ങളുടെ മുമ്പില്‍വെച്ചുനടന്ന ഒരു സംഭവം തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുകയും   ശരിയായ വശം വിവരിച്ചുകൊടുക്കുകയുമാണ് (മനാഹിലുല്‍ ഇര്‍ഫാന്‍).

ചില പ്രത്യേക വിശയങ്ങളില്‍ സുവ്യക്തമായ തീരുമാനം ഉണ്ടാകണമെന്ന ചില സ്വഹാബിമാരുടെ ആഗ്രഹമനുസരിച്ച് പല സൂക്തങ്ങളുമവതരിച്ചിട്ടുണ്ട്. ഉമര്‍ (റ) വിന്റെ ആഗ്രഹവും അഭിപ്രായവുമനുസരിച്ച്  പല തവണ ഖുര്‍ആന്‍ അവതരിച്ചത് അതിന് ഉദാഹരണമാണ്. സൂക്താവതരണത്തിന് കാരണമായ, നബിയുടെ മുമ്പില്‍ സംജാതമായ പ്രശ്‌നങ്ങളുടെ സ്വഭാവങ്ങളും പലതാണ്. ഭൂതകാലത്തെ സ്പര്‍ശിച്ചുകൊണ്ടായിരിക്കും ചില ചോദ്യങ്ങള്‍. ഉദാഹരണത്തിന് സൂറത്തുല്‍ കഹ്ഫിലെ 83 മുതലുള്ള സൂക്തങ്ങള്‍ നബിയുടെ ജനനത്തിന് നുറ്റാണ്ടുകള്‍ക്കു മുമ്പു ജീവിച്ച ദുല്‍ഖര്‍നൈനിയെ കുറിച്ച ചോദ്യത്തിനുള്ള മറുപടിയാണ്. വര്‍ത്തമാനകാലത്തെ കുറിക്കുന്നതാണ് റൂഹിനെ കുറിച്ച ചോദ്യവും മറുപടിയും (17:85). അന്ത്യനാളിനെ കുറിച്ച ചോദ്യവും മറുപടിയും (ഉദാ: 79:42) ഭാവിയെക്കുറിച്ച ചോദ്യങ്ങളില്‍പെടുന്നു.

അറിയുന്നതിന്റെ ആവശ്യകത

ഖുര്‍ആന്‍ സൂക്തങ്ങളുടെ അവതരണ പശ്ചാത്തലം അറിയുന്നതുകൊണ്ടുള്ള പ്രയോജനമെന്ത്? പൂര്‍വികള്‍ വിശദമായ ചര്‍ച്ചക്ക് വിഷയമാക്കിയിട്ടുണ്ട്. ചരിത്രപഠനമെന്നതില്‍ കവിഞ്ഞ ഒരു ഫലവും അതുകൊണ്ട് ഇല്ലെന്നാണ് ചിലരുടെ അഭിപ്രായം. വളരെ ബാലിശവും പിഴച്ചതുമായ ഒരു അഭിപ്രായമാണിതെന്ന് കാര്യകാരണ സഹിതം പണ്ഡിത ശ്രേഷ്ഠര്‍ സമര്‍ഥിച്ചിട്ടുണ്ട്. അവര്‍ രേഖപ്പെടുത്തിയ ചില വിശദീകരണങ്ങള്‍ കാണുക:

1. നിയമ നിര്‍മാണത്തിലും അത് നടപ്പിലാക്കുന്നതിലും അല്ലാഹു കൈകൊണ്ട, പ്രായോഗികമായ യുക്തിമാര്‍ഗങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നു. ഉദാഹരണത്തിന് മദ്യനിരോധനമെടുക്കാം. അറബികളുടെ ജീവിതവുമായി മദ്യത്തിന്റെ ബന്ധം അഭേദ്യായിരുന്നു. ഘട്ടങ്ങളിലൂടെയാണ് നിരോധനം നടപ്പാക്കുന്നത്. ഓരോ ഘട്ടങ്ങളിലും അവതരിച്ച സൂക്തങ്ങള്‍ക്ക് പ്രത്യേക പശ്ചാത്തലങ്ങളുണ്ട്. അവ മനസ്സിലാക്കുക വഴി നിയമ നിര്‍മാണത്തില്‍ അല്ലാഹു സ്വീകരിച്ച നിശ്ചിത മാര്‍ഗവും അതിലടങ്ങിയ യുക്തിയും പ്രായോഗികതയും ഗ്രഹിക്കാന്‍ കഴിയുന്നു.

2. ഖുര്‍ആന്‍ സൂക്തങ്ങളുടെ അര്‍ത്ഥവും ഉദ്ദേശ്യവും ഗ്രഹിക്കാനും അവയിലെ നിയമങ്ങളെക്കുറിച്ച് ഉല്‍ഭവിക്കുന്ന സംശയങ്ങള്‍ ദൂരീകരിക്കാനും സഹായിക്കുന്നു. സൂക്തങ്ങളുടെ അവതരണ പശ്ചാത്തലവും ചരിത്രവും മനസ്സിലാക്കാതെ സാരം ഗ്രഹിക്കുക സാധ്യമല്ലെന്നാണ് ഇമാം വാഹിദി (റ) ന്റെ അഭിപ്രായം. മറ്റു ചിലര്‍ പറയുന്നത് ഇതാണ്: അവതരണ പശ്ചാത്തലം ഗ്രഹിക്കുന്നതുമൂലം സൂക്തങ്ങളുടെ അര്‍ത്ഥം ഗ്രഹിക്കാന്‍ കഴിയുന്നു. ഒരു കാര്യത്തിന്റെ കാരണം ഗ്രഹിക്കുന്നതോടെ ആ കാര്യവും ഗ്രഹിക്കാന്‍ കഴിയുന്നതുകൊണ്ടാണിത്. ഉദാഹരണം കാണുക: ''കിഴക്കും പടിഞ്ഞാറും അല്ലാഹുവിനുള്ളതാണ്. അതുകൊണ്ട് നിങ്ങള്‍ ഏതുഭാഗത്തേക്കു തിരിഞ്ഞാലും  അവിടെ അല്ലാഹു ഉണ്ട് (അല്‍ ബഖറ). ഏതു നമസ്‌കാരത്തിലും ഇഷ്ടമുള്ള ഭാഗത്തേക്കു തിരിയാം. ഒരു നിശ്ചിത ഭാഗം (കഅബ) കൊള്ളെ തിരിയണമെന്നില്ല. ഇതാണ് മേല്‍സൂക്തത്തില്‍നിന്ന് പ്രഥമ ദൃഷ്ട്യാ മനസ്സിലാവുക. നമസ്‌കാരത്തില്‍ കഅബയിലേക്കുതന്നെ തിരിയണമെന്ന നിബന്ധനക്കെതിരാണു താനും. അവതരണ പശ്ചാത്തലത്തെക്കുറിച്ചറിയുമ്പോള്‍ ഈ ധാരണ നീങ്ങുന്നു. ഈ ആയത്ത് എല്ലാ നമസ്‌കാരത്തെക്കുറിച്ചുമല്ല പ്രതിപാദിക്കുന്നത്.

മറിച്ച്, യാത്രാവേളയില്‍ വാഹനപ്പുറത്തുവെച്ച് സുന്നത്ത് നമസ്‌കരിക്കുന്നതിനെക്കുറിച്ചാണ്. മഹാനായ ഇബ്‌നു അബ്ബാസ് (റ) ഇത് വ്യക്തമാക്കിയിട്ടുണ്ട്. ചിലര്‍ക്ക് ഖിബ്‌ലയുടെ ഭാഗം അവ്യക്തമായി. ഓരോരുത്തരും ഗവേഷണം ചെയ്തു എത്തിച്ചേര്‍ന്ന നിഗമനമനുസരിച്ച് നമസ്‌കരിച്ചു. അതു സംബന്ധിച്ച് അവതരിച്ചതാണ് ഈ സൂക്തമെന്നാണ് ചിലരുടെ അഭിപ്രായം. രണ്ടഭിപ്രായമനുസരിച്ചും നമസ്‌കാരത്തിന്റെ പൊതു അവസ്ഥയല്ല, മറിച്ച് പ്രത്യേക ഘട്ടമാണ് സൂക്തമുള്‍കൊള്ളുന്നതെന്നത് വ്യക്തമാണ്. മറ്റവസരങ്ങളില്‍ ഖിബ്‌ലയുടെ നേര്‍ക്ക് തിരിഞ്ഞുകൊണ്ടുമാത്രമേ നിസ്‌കാരം സാധുവാകുകയുള്ളൂ.

അതിന് വേറെ തെളിവുകളുണ്ട്. ഉദാ: ''തങ്ങള്‍ പ്രവര്‍ത്തിച്ച കാര്യത്തില്‍ സന്തോഷിക്കുകയും പ്രവര്‍ത്തിക്കാത്ത കാര്യത്തില്‍ പ്രശംസിക്കപ്പെടണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ ശിക്ഷയില്‍നിന്ന് രക്ഷപ്പെട്ടവരാണെന്ന് താങ്കള്‍ ഒട്ടും വിചാരിക്കരുത്. അവര്‍ക്ക് വേദനാ ജനകമായ ശിക്ഷയുണ്ട് (3:188). മര്‍വാന്‍ ബിന്‍ ഹകം (റ) വിന് ഈ സൂക്തം കടുത്ത സംശയം ഉളവാക്കി. ചെയ്ത കാര്യത്തില്‍ സന്തോഷിക്കുകയും ചെയ്യാത്തതില്‍ പ്രശംസിക്കപ്പെടണമെന്ന് ആഗ്രഹിക്കുകയും ചെയ്യുക നിമിത്തം ശിക്ഷിക്കപ്പെടുമെങ്കില്‍ നാമെല്ലാം കടുത്ത ശിക്ഷക്ക് പാത്രമാവുകതന്നെ ചെയ്യും. അദ്ദേഹം ഖണ്ഡിതമായി പറഞ്ഞു. അവതരണ പശ്ചാത്തലം മുമ്പില്‍വെച്ചുകൊണ്ട് ഇബ്‌നു അബ്ബാസ് (റ) നല്‍കിയ വിവരണമേ അദ്ദേഹത്തിന്റെ ധാരണ നീക്കിയുള്ളൂ. ഇബ്‌നു അബ്ബാസ് പറഞ്ഞു: ഇത് വേദക്കാരെക്കുറിച്ച് അവതരിച്ചതാണ്. ഒരു ദിവസം യഹുദികളുടെ വേദഗ്രന്ഥത്തിലെ ഒരു പ്രശ്‌നത്തെക്കുറിച്ച് നബിതങ്ങള്‍ അവരോടാരാഞ്ഞു. അവര്‍ സത്യം മൂടിവെച്ച് മറ്റൊന്ന് പറഞ്ഞു. തങ്ങള്‍ പറഞ്ഞത് സത്യമാണെന്ന് നബി ധരിച്ചിരിക്കുമെന്ന് കരുതി അവര്‍ സന്തുഷ്ടരായി. സത്യം പറഞ്ഞവരെന്ന് ധരിച്ച ജനങ്ങള്‍ തങ്ങളെ പ്രശംസിക്കണമെന്നവര്‍ ആഗ്രഹിച്ചു. അവരെക്കുറിച്ചാണ് പ്രസ്തുത സൂക്തം അവതരിച്ചത്.

മറ്റൊരു ഉദാഹരണം: ''സഫായും മര്‍വായും അല്ലാഹുവിന്റെ ഛിഹ്നങ്ങളില്‍ പെട്ടവയാണ്. അതുകൊണ്ട് ആരെങ്കിലും കഅബയില്‍ ചെന്ന് ഹജ്ജോ ഉംറയോ നിര്‍വഹിക്കുകയാണെങ്കില്‍ അവയെ പ്രദക്ഷിണം (സഅയ്) ചെയ്യുന്നതില്‍ കുറ്റമില്ല.'' സഅയ് നിര്‍ബന്ധമില്ല; അനുവദനീയമാണ് ഇതാണ് സൂക്തത്തിന്റെ ബാഹ്യാര്‍ത്ഥം. വാസ്തവത്തില്‍ സഅയ് ഹജ്ജിന്റെയും ഉംറയുടെയും അവിഭാജ്യഘടകമാണ്. മഹാനായ ഉര്‍വതു ബിന്‍ സുബൈര്‍ (റ) വിന് ഈ സംശയം ജനിച്ചു. തന്റെ മാതൃസഹോദരിയും നബിയുടെ പ്രിയ പത്‌നിയുമായ ആയിശ (റ) യുടെ മുമ്പില്‍ അവരത് ഉന്നയിച്ചു. മഹതി നല്‍കിയ മറുപടിയുടെ ചുരുക്കം ഇങ്ങനെയായിരുന്നു: സഫാ കുന്നില്‍ ഇസാഫ് എന്ന പേരിലും മര്‍വാ കുന്നില്‍ നാഇല എന്ന പേരിലും ഓരോ ബിംബങ്ങളുണ്ടായിരുന്നു. ആ ബിംബങ്ങളെ തെട്ടുതടവിയായിരുന്നു ജാഹിലിയ്യാ കാലത്ത് ബുഹുദൈവ വിശ്വാസികള്‍ സഅയ് ചെയ്തിരുന്നത്. മക്കാ ഫത്ഹ് ദിനത്തില്‍ ബിംബങ്ങള്‍ മാറ്റപ്പെട്ടു. എന്നിട്ടും മുസ്‌ലിംകള്‍ സഅയ് ചെയ്യാന്‍ ഇഷ്ടപ്പെട്ടില്ല. അവരത് കുറ്റകരമായി ഗണിച്ചു. മുമ്പവിടെ ബിംബമുണ്ടായിരുന്നതാണ് കാരണം. ഈ ധാരണ ശരിയല്ലെന്നും സഫാമര്‍വക്കിടയില്‍ സഅയ് ചെയ്യല്‍ കുറ്റമല്ലെന്നും കാണിച്ചുകൊണ്ട് അവതരിച്ചതാണ് പ്രസ്തുത സൂക്തം. കുറ്റമില്ലെന്നതിനാല്‍ നിര്‍ബന്ധമില്ലെന്നുവരില്ല. നിര്‍ബന്ധത്തെ കുറിക്കുന്ന വേറെ സൂക്തങ്ങളുണ്ട്. സൂക്താവതണത്തിന്റെ പശ്ചാത്തലാടിസ്ഥാനത്തിലുള്ള വിവരണാനന്തരമേ ഉര്‍വത്തിന്റെ സംശയം നീങ്ങിയുള്ളൂ.

3. സൂക്തത്തില്‍ പ്രതിപാദിച്ചവര്‍ക്കുമാത്രമേ അതിലെ വിധി ബാധകമാവുകയുള്ളൂ എന്ന ധാരണ നീക്കാനും വിധിയുടെ വ്യാപ്തി ഗ്രഹിക്കാനും സാധിക്കുന്നു. ഉദാഹരണം: ''പറയുക, ശവം, ഒലിക്കുന്ന രക്തം, പന്നിമാംസം- നിശ്ചയമായും അത് നിഷിദ്ധമാണ്- അല്ലാഹു അല്ലാത്തവരുടെ നാമം ഉദ്ധരിച്ചു അറുക്കപ്പെട്ടവ എന്നിവയല്ലാതെ മറ്റൊന്നും ഭക്ഷിക്കുന്നവന് നിശിദ്ധമാണെന്ന് എനിക്ക് അറിയിക്കപ്പെട്ട ദിവ്യന്ദേശത്തില്‍ ഞാന്‍ കാണുന്നില്ല'' (അല്‍ അന്‍ആം: 145). ഇവ മാത്രമാണ് ഭക്ഷ്യവസ്തുക്കളില്‍ നിഷിദ്ധമായവയെന്നാണ് സൂക്തത്തില്‍നിന്നും സാധാരണ ഗതിയില്‍ മനസ്സിലാവുക. ഇമാം ശാഫിഈ പറയുന്നു: നിഷിദ്ധ വസ്തുക്കള്‍ അവയില്‍ പരിമിതമല്ല. അവതരണ പശ്ചാത്തലമാണ് അതിനൊരു തെളിവ്. അല്ലാഹു അനുവദിച്ചത് അവിശ്വാസികള്‍ നിഷിദ്ധമാക്കി. അവന്‍ നിഷിദ്ധമാക്കിയത് അവര്‍ അനുവദനീയമാക്കി. അതിനെ ഖണ്ഡിച്ചുകൊണ്ടാണ് പ്രസ്തുത സൂക്തം അവതരിച്ചത്. അല്ലാതെ, അതില്‍ കാണിച്ചതുമാത്രമേ നിഷിദ്ധമുള്ളൂ എന്ന് വിവരിക്കാനല്ല.

4. സൂക്തങ്ങള്‍ വേഗം ഓര്‍മിക്കാനും ഗ്രഹിക്കാനും കഴിയുന്നു.  കാരണമിതാണ്: കാര്യത്തോട് കാരണവും വിധികള്‍ സംഭവങ്ങളോടും ബന്ധപ്പെട്ടതായിരിക്കും.  സംഭവങ്ങളാകട്ടെ വ്യക്തികളോടും കാലങ്ങളോടും സ്ഥലങ്ങളോടും ബന്ധപ്പെടുന്നു. ഇവയോരോന്നും മനസ്സില്‍ ആവര്‍ത്തനവും പ്രതിഫലനവും സൃഷ്ടിക്കുന്നു. കാര്യങ്ങളോര്‍ക്കാന്‍ അത് സഹയിക്കുന്നു.

5. സൂക്താവതരണത്തിന് കാരണമായ പ്രത്യേക വ്യക്തിയെ മനസ്സിലാക്കാന്‍ സാധിക്കുന്നു. അത് മനസ്സിലാക്കിയിട്ടില്ലെങ്കില്‍ സൂക്തത്തില്‍ ഉള്‍കൊള്ളുന്ന വിധി മറ്റൊരാളുടെ മേല്‍ ആരോപിക്കാന്‍ ഇടവരും. അതാവട്ടെ വമ്പിച്ച തെറ്റിലേക്കാണ് നയിക്കുക. സൂറത്തുല്‍ അഹ്ഖാഫിലെ പതിനേഴാം സൂക്തത്തില്‍ മാതാപിതാക്കള്‍ക്കനുസരിക്കാത്ത ഒരു പുത്രനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഈ പുത്രന്‍ സിദ്ദീഖ് (റ) വിന്റെ പുത്രന്‍ അബ്ദുര്‍റഹ്മാനാണെന്ന് മര്‍വാന്‍ ഒരിക്കല്‍ ആരോപിച്ചു. ആയിശ (റ) അവതരണ പശ്ചാത്തലം മുമ്പില്‍ വെച്ചുകൊണ്ട് തെറ്റാണെന്ന് വ്യക്തമാക്കുകയുണ്ടായി (ഇബ്‌നു കസീര്‍ 4/159).

ചുരുക്കത്തില്‍ സബബൂന്നുസൂലിനെ (അവതരണ പശ്ചാത്തലം) മാറ്റി നിര്‍ത്തി ഖുര്‍ആനിനെ പൂര്‍ണമായും ഗ്രഹിക്കുക സാധ്യമല്ല. അത്രക്കും ദൃഢമാണ് ആയത്തുകളുമായി അവയുടെ ബന്ധം. മുകളിലുദ്ധരിച്ച ഉദാഹരണങ്ങള്‍ അതിന് മതിയായ തെളിവാണ്. ഖുര്‍ആന്‍ കൈകാര്യം ചെയ്യുന്നവര്‍ അവതരണ പശ്ചാത്തലത്തിന് വേണ്ടത്ര പരിഗണന നല്‍കാതിരിക്കുന്നത് ഗുരുതരമായ അനര്‍ത്ഥങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ടുതന്നെ, കഴിഞ്ഞ കാല പണ്ഡിതന്മാര്‍ അവതരണ പശ്ചാത്തലത്തെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടത്തി. ബൃഹത്തായ ഗ്രന്ഥങ്ങള്‍ രചിച്ചു.

ശരിയായ മാര്‍ഗം

നബിക്ക് വഹ്‌യ് (ദിവ്യസന്ദേശം) ലഭിക്കുന്നത് അനുഭവത്തിലൂടെ മനസ്സിലാക്കിയവരാണ് സ്വഹാബത്ത്. അവരില്‍നിന്നു ലഭിക്കുന്ന ശരിയായ റിപ്പോര്‍ട്ടുമാത്രമേ അവതരണ പശ്ചാത്തലം നിര്‍ണയിക്കുന്നതില്‍ അവലംബിക്കാവൂ. നബിതങ്ങള്‍ പറഞ്ഞു: ശരിയായ അറിവു ലഭിച്ച കാര്യങ്ങള്‍ മാത്രമേ നിങ്ങള്‍ പറയാവൂ. കാരണം, എന്റെ മേല്‍ ഒരാള്‍ മന:പൂര്‍വ്വം കളവു പറയുന്നുവെങ്കില്‍ നരകത്തില്‍ ഒരു ഭവനം അവന്‍ ഒരുക്കിക്കൊള്ളട്ടെ. സ്വഹാബിയുടെ റിപ്പോര്‍ട്ട് സ്വീകാര്യമാണ്. കാരണം, ഇത്തരം പ്രശ്‌നങ്ങളില്‍ സ്വഹാബിയുടെ ഗവേഷണത്തിനോ സ്വന്തം അഭിപ്രായത്തിനോ സ്ഥാനമില്ല. എന്നാല്‍ താബിഇല്‍നിന്നാണ് റിപ്പോര്‍ട്ടെങ്കില്‍ മറ്റൊരു താബിഇലൂടെ അത് ബലവത്താകണം. അതിനുപുറമെ സ്വഹാബത്തിനെത്തൊട്ട് നിവേദനം ചെയ്യുന്ന ഇമാമുകളില്‍ ഉള്‍പെടണം റിപ്പോര്‍ട്ടര്‍. മുജാഹിദ്, ഇക്‌രിമ, സഈദ് ബിന്‍ ജുബൈര്‍ തുടങ്ങിയവര്‍ ഉദാഹരണമാണ് (മനാഹിലുല്‍ ഇര്‍ഫാന്‍).

വ്യത്യസ്ത കാരണങ്ങള്‍

ഒരു സൂക്തത്തിനു തന്നെ വിവിധ അവതരണ പശ്ചാത്തലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ചിലപ്പോള്‍ കാണും. അവയില്‍ ഏത് സ്വീകരിക്കണം? വിശദമമായ ചര്‍ച്ചയര്‍ഹിക്കുന്ന വിശയമാണിത്. സുര്‍ഖാനി നാലായി വിഭജിച്ചാണ് ഇത് ചര്‍ച്ച ചെയ്തത്. ചുരുക്കം ഇങ്ങനെ ഗ്രഹിക്കാം:

1. ഒരു റിപ്പോര്‍ട്ട് സ്വഹീഹും മറ്റൊന്ന് സ്വഹീഹ് അല്ലാത്തതും വരുമ്പോള്‍ സ്വഹീഹ് സ്വീകരിക്കണം. ഉദാഹരണം: ''പൂര്‍വ്വാഹ്നത്തെക്കൊണ്ട് സത്യം; ഇരുള്‍മൂടിയ രാത്രികൊണ്ടും സത്യം; താങ്കളുടെ നാഥന്‍ താങ്കളെ ഉപേക്ഷിച്ചിട്ടില്ല. താങ്കളോട് കോപിച്ചിട്ടും ഇല്ല.''എന്നര്‍ത്ഥം വരുന്ന 93 ാം അധ്യായത്തിലെ സൂക്തങ്ങള്‍ അവതരിക്കാനുള്ള കാരണം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെയാണ്: രോഗം കാരണം നബിക്ക് ഒന്നോ രണ്ടോ രാത്രി എഴുന്നേല്‍ക്കാന്‍ സാധിച്ചില്ല. ഇതറിഞ്ഞ അബൂ ലഹബിന്റെ ഭാര്യ ഉമ്മു ജമീല്‍ വന്നുപറഞ്ഞു: മുഹമ്മദ്! നിന്റെ ശൈത്വാന്‍ നിന്നെ ഉപേക്ഷിച്ചെന്നാണ് തോന്നുന്നത്. ഈയൊരു പ്രസ്താവനയോട് അനുബന്ധിച്ചാണ് ഈ സൂക്തം അവതരിച്ചത്. ഥബ്‌റാനിയുടെ റിപ്പോര്‍ട്ട് ഇങ്ങനെയാണ്: ഒരു നായക്കുട്ടി നബിയുടെ കട്ടിലിനടിയില്‍ കിടന്ന് ചത്തു. ആരും അതറിഞ്ഞില്ല. അനന്തരം നാലു ദിവസം വരെ വഹ്‌യ് ഇറങ്ങിയില്ല. വീട്ടില്‍ അസാധാരണമായ വല്ലതും സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ ഖൗലാ ബീവിയോട് പറഞ്ഞു. ഖൗല വീട് അടിച്ചുവാരി വൃത്തിയാക്കാന്‍ തുടങ്ങി. നയക്കുട്ടി ദൃഷ്ടിയില്‍പ്പെട്ടു. അതിനെ എടുത്തുമാറ്റി. താമസിയാതെ വഹ്‌യ് ഇറങ്ങി. (നായ ഉള്ളിടത്ത് ജിബ്‌രീല്‍ (അ) ഇറങ്ങുകയില്ല) പ്രസ്തുത സൂക്തങ്ങള്‍ തദവസരം അവതരിച്ചതാണ്. മുകളിലുദ്ധരിച്ച രണ്ടു കാരണങ്ങളില്‍ ആദ്യത്തേതിന് മുന്‍ഗണന ലഭിക്കുന്നു. കാരണം, ആ റിപ്പോര്‍ട്ട് കുറ്റമറ്റതാണ്. രണ്ടാമത്തേത് അങ്ങനെയല്ല.

2. റിപ്പോര്‍ട്ട് രണ്ടും സ്വഹീഹാവുകയും ഒന്നിന് വ്യത്യസ്ത കാരണങ്ങളാല്‍ മുന്‍തൂക്കം ലഭിക്കുകയും ചെയ്യുക. ഉദാഹരണം: ''അവര്‍ റൂഹി (ആത്മാവ്) നെ കുറിച്ച് ചോദിക്കുന്നു. റൂഹ് എന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ പെട്ടതാണെന്ന് അവരോട് മറുപടി പറയുക'' എന്നര്‍ത്ഥം വരുന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ അവതരണ പശ്ചാത്തലം ബുഖാരി വിവരിക്കുന്നത് ഇങ്ങനെയാണ്: ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ഞാന്‍ നബിയുമൊന്നിച്ച് മദീനയിലൂടെ നടന്നുപോവുകയാണ്. ഒരു സംഘം യഹൂദികളുടെ അടുത്തെത്തിയപ്പോള്‍ റൂഹിനെ കുറിച്ചവര്‍ നബിയോട് ആരാഞ്ഞു. നബി അവിടെ അല്‍പ സമയം നിന്നു. തങ്ങള്‍ക്ക് വഹ്‌യ് വരികയാണെന്ന് എനിക്ക് മനസ്സിലായി. അനന്തരം തങ്ങള്‍ പ്രസ്തുത സൂക്തമോതി. ഇബ്‌നു അബ്ബാസ് പറഞ്ഞതായി തുര്‍മുദി റിപ്പോര്‍ട്ട് ചെയ്യുന്നു: ജൂതന്മാരുടെ പ്രേരണ നിമിത്തം ഖുറൈശികള്‍ നബിയോട് റൂഹിനെ കുറിച്ച് ചോദിച്ചപ്പോഴാണ് പ്രസ്തുത സൂക്തമവതരിച്ചത്. ഇവിടെ രണ്ടു റിപ്പോര്‍ട്ടും സ്വഹീഹ് തന്നെ. പക്ഷെ, ആദ്യത്തെത് ബുഖാരി റിപ്പോര്‍ട്ട് ചെയ്തതാകയാല്‍ അതിന് മുന്‍ഗണനയുണ്ട്. കൂടാതെ ദൃസാക്ഷി വിവരണവുമാണത്. രണ്ടാമത്തേത് അങ്ങനെയാണെന്നതിന് തെളിവില്ല.

3. രണ്ടു റിപ്പോര്‍ട്ടുകളും സ്വഹീഹാണ്. ഒന്നും പ്രത്യേക മുന്‍ഗണനയര്‍ഹിക്കുന്നില്ല. രണ്ടു റിപ്പോര്‍ട്ടുകളിലുള്ള കാരണങ്ങളും ഒന്നിച്ചുണ്ടാകാന്‍ സാധ്യതയുമുണ്ട്. ഇങ്ങനെ വരുമ്പോള്‍ രണ്ടും അവതരണ പശ്ചാത്തലമായി ഗണിക്കപ്പെടും. ഉദാഹരണം: ഒരാള്‍ സ്വന്തം ഭാര്യയില്‍ വ്യഭിചാരമാരോപിച്ചു. സാക്ഷികളില്ല. എന്നാല്‍, സത്യം പറയുന്നവരില്‍പെട്ടവനാണെന്ന് നാലു പ്രാവശ്യം അല്ലാഹുവിനെക്കൊണ്ട് അവന്‍ സത്യം ചെയ്യണം. അഞ്ചാം പ്രാവശ്യം, താന്‍ കളവ് പറയുന്നവരില്‍ പെട്ടവനാണെങ്കില്‍ തന്റെ മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടാവട്ടെ എന്ന് ശാപപ്രാര്‍ത്ഥനയും വേണം. ഇതിന് ലിആന്‍ എന്ന് പറയപ്പെടുന്നു. ഈ വിധി പ്രഖ്യാപിക്കുന്ന 24:6,7 സൂക്തങ്ങളുടെ അവതരണ പശ്ചാത്തലം ബുഖാരി ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു: തന്റെ ഭാര്യ വ്യഭിചരിക്കുന്നതായി ഹിലാലുബ്‌നു ഉമയ്യത്ത് നേരില്‍ കണ്ടു. അദ്ദേഹമത് നബിയോട് പറഞ്ഞു. 'സാക്ഷികള്‍ വേണം, അല്ലെങ്കില്‍ വ്യഭിചാരാരോപണ ശിക്ഷക്ക് താങ്കള്‍ വിധേയമാകേണ്ടി വരും' അതായിരുന്നു നബിയുടെ പ്രതികരണം. ഹിലാല്‍ (റ) പറഞ്ഞു: ഒരാള്‍ തന്റെ ഭാര്യ വ്യഭിചരിക്കുന്നതു കാണുമ്പോള്‍ സാക്ഷി നിറുത്താന്‍ ആളെ അന്വേഷിച്ചുപോകുമോ നബിയേ. ഞാന്‍ പറഞ്ഞത് സത്യമാണ്. ഇതിനെ തുടര്‍ന്നാണ് മുകളില്‍ പറഞ്ഞ സൂക്തം അവതരിച്ചത്. ബുഖാരിയുടെ മറ്റൊരു റിപ്പോര്‍ട്ടില്‍ ഉവൈമിറിനെയും ഭാര്യയെയും കുറിച്ചാണ് ഇത് അവതരിച്ചത് എന്നാണ് കാണുന്നത്. ഈ രണ്ടു റിപ്പോര്‍ട്ടുകളും കുറ്റമറ്റതാണ്. ഒന്നിനും മുന്‍ഗണനയില്ല. രണ്ടു സംഭവങ്ങളുണ്ടാകാനും സാധ്യതയുണ്ട്. അതുകൊണ്ട് രണ്ടും അവതരണ പശ്ചാത്തലമായി ഗണിക്കാം.

4. രണ്ടു റിപ്പോര്‍ട്ടുകളും സ്വഹീഹാണ്. രണ്ടും മുന്‍ഗണനയര്‍ഹിക്കുന്നില്ല. രണ്ടു സംഭവങ്ങളും ഒന്നിച്ചുണ്ടാകാന്‍ സാധ്യതയുമില്ല. രണ്ടു സംഭവങ്ങള്‍ക്കിടയില്‍ കാല ദൈര്‍ഘ്യം ഉണ്ടായതാണ് കാരണം. ഇങ്ങനെ വരുമ്പോള്‍ വ്യത്യസ്ത സംഭവങ്ങള്‍ക്കനുസരിച്ച് സൂക്താവതരണത്തില്‍ ആവര്‍ത്തനമുണ്ടായിട്ടാണെന്ന് മനസ്സിലാക്കണം. ഉദാഹരണം: നിങ്ങള്‍ ശിക്ഷിക്കുകയാണെങ്കില്‍ ശിക്ഷിക്കപ്പെട്ടതിന് തുല്യമായി ശിക്ഷിക്കുക. നിങ്ങള്‍ ക്ഷമിക്കുകയാണെങ്കില്‍ ക്ഷമാശീലര്‍ക്ക് അതാണുത്തമം എന്നു തുടങ്ങുന്ന 16: 126-128 സൂക്തങ്ങളുടെ അവതരണ പശ്ചാത്തലം ഒരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: ഉഹ്ദ് യുദ്ധത്തില്‍ ഹംസ (റ) കൊല്ലപ്പെട്ടു. അംഗങ്ങള്‍ ഛേദിച്ച് ശത്രുക്കള്‍ അദ്ദേഹത്തെ വിരൂപനക്കി. ഇതുകണ്ട് വേദനാപൂര്‍വ്വം നബി പറഞ്ഞു: താങ്കളുടെ സ്ഥാനത്ത് ശത്രുക്കളുടെ ഭാഗത്ത് എഴുപത് പേരെ നാം വിരൂപമാക്കും. ഉടനെ മുകളിലുദ്ധരിച്ച സൂക്തങ്ങള്‍ അവതരിച്ചു (ബൈഹഖി). മറ്റൊരു റിപ്പോര്‍ട്ട്: ഉഹ്ദ് യുദ്ധത്തില്‍ അന്‍സാരികളില്‍ 64 പേരും മുഹാജിറുകളില്‍ ആറു പേരും കൊല്ലപ്പെട്ടു. ശത്രുക്കള്‍ അവരെ അംഗവിച്ഛേദം നടത്തി വിരൂപമാക്കി. ഇതുകണ്ട അന്‍സ്വാരികള്‍ പറഞ്ഞു: ഇനിയൊരു ദിനം നമുക്കു ലഭിച്ചാല്‍ ഇതിനെക്കാള്‍ കൂടുതല്‍ അവരെ നാം വിരൂപമാക്കും. വര്‍ഷങ്ങള്‍ക്കു ശേഷം മുസ്‌ലിംകള്‍ മക്ക വിജയിച്ചടക്കി. അപ്പോഴാണ് പ്രസ്തുത സൂക്തം അവതരിക്കുന്നത് (തുര്‍മുദി).

ബൈഹഖിയുടെ റിപ്പോര്‍ട്ടനുസരിച്ച് ഉഹ്ദിലാണ് അവതരണം. തുര്‍മുദിയുടെതനുസരിച്ച് മക്കാ ഫത്ഹിലും. രണ്ടിനുമിടയില്‍ വര്‍ഷങ്ങളുടെ അകലമുണ്ട്. അതുകൊണ്ട് രണ്ടു ഘട്ടങ്ങളിലും സൂക്തങ്ങള്‍ അവതരിച്ചിരിക്കുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. ആവര്‍ത്തനം കൊണ്ടുള്ള ഗുണമെന്ത്? മറ്റു സൂക്തങ്ങളെക്കാള്‍ അവ മഹത്വമര്‍ഹിക്കുന്നുണ്ടെന്നും അവ വിസ്മരിക്കാവതല്ലെന്നും ആവര്‍ത്തനം ഉണര്‍ത്തുന്നു. അതോടൊപ്പം അവയുടെ ആശയങ്ങള്‍ പ്രത്യേകം  പരിഗണനയര്‍ഹിക്കുന്നതാണെന്ന് ശക്തമായി ചൂണ്ടിക്കാണിക്കുന്നു.

കാരണം ഒന്ന്; സൂക്തം പലത്

ഒരു സൂക്തം അവതരിക്കാന്‍ ഒന്നിലധികം കാരണങ്ങള്‍ ഉണ്ടാകാമെന്ന് മുമ്പ് വിവരിച്ചു. ചിലപ്പോള്‍ ഒരു കാരണത്താല്‍ പല സൂക്തങ്ങള്‍ അവതരിക്കാറുമുണ്ട്. ഉദാഹരണം കാണുക: ഒരിക്കല്‍ നബിയോട് ഉമ്മു സലമ പറഞ്ഞു: തങ്ങള്‍ പുരുഷന്മാരെക്കുറിച്ച് പറയുന്നു. സ്ത്രീകളെ പമാര്‍മര്‍ശക്കുന്നില്ല. എന്താണത്?. സൂറത്തുല്‍ അഹ്‌സാബിസെ മുപ്പത്തിയഞ്ചാം സൂക്തവും ആലു ഇംറാനിലെ 195 ാം സൂക്തവും അവതരിച്ചത് ഈ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു (ഹാകിം). ഈമാന്‍ കൈകൊള്ളുകയും സല്‍കര്‍മമനുഷ്ഠിക്കുകയും ചെയ്യുന്നത് ആണോ പെണ്ണോ ആവട്ടെ അവരുടെ പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തുകയില്ല. സൂക്തങ്ങളുടെ ചുരുക്കം ഇതാണ്.

ആമ്മ്, ഖാസ്സ്വ്

ഒരു പ്രത്യേക വ്യക്തിയെയോ സംഭവത്തെയോ മാത്രം ബാധിക്കുന്നതിന് ഖാസ്സ് (വ്യക്തിപരം) എന്നും എല്ലാവരെയും ബാധിക്കുന്നതിന് ആമ്മ് (സാമാന്യമായത്) എന്നും പറയപ്പെടുന്നു. ഇവ രണ്ടും അവതരണ പശ്ചാത്തലത്തിലും അതനുസരിച്ച് അവതരിക്കുന്ന സൂക്തങ്ങളിലെ പദങ്ങളിലും ഉണ്ടാവാറുണ്ട്. രണ്ടനുസരിച്ചും സൂക്തത്തിലെ വിധി അവതരണത്തിനു കാരണമായ വ്യക്തിയെ മാത്രം ബാധിക്കുന്നതോ അതോ എല്ലാവരെയും ബാധിക്കുന്നതോ? നിദാന ശാസ്ത്ര പടുക്കള്‍ സുദീര്‍ഘമായ ചര്‍ച്ചക്ക് വിധേയമാക്കിയ വിഷയമാണിത്. സബബുന്നുസൂലില്‍ മാത്രം ഒതുങ്ങുന്നതല്ല ഇത്. ഖുര്‍ആനിലും സുന്നത്തിലും വന്ന ആമ്മും ഖാസ്സും ആയ എല്ലാ പദങ്ങളും ചര്‍ച്ചയുടെ പരിധിയില്‍ വരുന്നു. സര്‍ഖാനി തന്റെ മനാഹിലില്‍ സബബുന്നുസൂലിനെ സ്പര്‍ശക്കുന്ന ഭാഗങ്ങള്‍ സംക്ഷേപിച്ചിട്ടുണ്ട്. അവയില്‍ ചിലത് ഇവിടെ കുറിക്കാം:

അപൂര്‍ണമായ മറുപടി

ഒരു ചോദ്യത്തിന്റെ മറുപടി രണ്ടു രൂപത്തില്‍ വരും. ഒന്ന്, സ്വയം പൂര്‍ണമല്ലാത്തത്. (ചോദ്യത്തോട് ബന്ധപ്പെടുത്തിയാല്‍ മാത്രമേ അതിനൊരു ബന്ധം ലഭിക്കുകയുള്ളൂ.) രണ്ട്: സ്വയം പൂര്‍ണം. (ചോദ്യത്തോട് ബന്ധപ്പെടാതെത്തന്നെ നിയമം ലഭ്യമാകുന്നത്) ഒന്നാമത്തെ വിഭാഗത്തില്‍ ചോദ്യവും മറുപടിയും തുല്യനിലയില്‍ വരുമ്പോള്‍ അതിനെ രണ്ടായി തരം തരിക്കാം. 1. സാമാന്യമായ ചോദ്യവും മറുപടിയും (ആമ്മ്). അതിലെ നിയമം സാമാന്യമായിരിക്കും. ഉദാഹരണം: കടലിലെ വെള്ളംകൊണ്ട് വുളൂ എടുക്കല്‍ അനുവദനീയമാണോ? എന്ന ചോദ്യത്തിന് അതെ എന്നോ അനുവദനീയമാകും എന്നോ ആണ് മറുപടിയെങ്കില്‍ ഉദ്ദേശ്യമിതാണ്: കടലിലെ വെള്ളംകൊണ്ട് ചോദ്യകര്‍ത്താവടക്കമുള്ള എല്ലാവര്‍ക്കും വുളൂ എടുക്കാം. 2. ചോദ്യവും മറുപടിയും സാമാന്യമല്ല; ഖാസ്സ് ആണ്. അവിടെ നിയമവും സാമാന്യമായിരിക്കയില്ല എന്നതാണ് ശരിയായ പക്ഷം. ഉദാഹരണം: ഞാന്‍ കടലിലെ വെള്ളംകൊണ്ട് വുളൂ എടുത്തു. എനിക്കത് മതിയാകുമോ? എന്ന ചോദ്യത്തിന് നിങ്ങള്‍ക്കത് മതിയാകും എന്നാണ് മറുപടിയെങ്കില്‍ ചോദ്യകര്‍ത്താവിനുമാത്രമേ മതിയാകും എന്ന നിയമം ബാധിക്കുകയുള്ളൂ. മറ്റുള്ളവരുടെത് മറുപടി ഉള്‍കൊള്ളുന്നില്ല. അതിനുവേറെ തെളിവുവേണം.

സ്വയംപൂര്‍ണ മറുപടി

ചോദ്യത്തോട് അഥവാ കാരണത്തോട് ബന്ധപ്പെടുത്താതെത്തന്നെ നിയമം ഗ്രഹിക്കാവുന്ന സ്വയംപൂര്‍ണമായ മറുപടിയും രണ്ടായി തരം തിരിക്കാം:

1. സാമാന്യമായ ചോദ്യവും അഥവാ കാരണവും മറുപടിയും. നിയമവും സാമാന്യമായിരിക്കേണമെന്നു പറയേണ്ടതില്ല. ഇതിന് ധാരാളം ഉദാഹരണങ്ങള്‍ ഖുര്‍ആനിലുണ്ട്. (അനാഥക്കുട്ടികളോടുള്ള പെരുമാറ്റത്തെക്കുറിച്ച് ചോദ്യവും മറുപടിയും (2:220) ആലു ഇംറാന്‍ സൂറയിലെ ഉഹ്ദ് യുദ്ധത്തെക്കുറിച്ച സൂക്തങ്ങളും കാണുക.)

2. വ്യക്തിപരമായ ചോദ്യവും കാരണവും മറുപടിയും. നിയമവും വ്യക്തിപര (ഖാസ്സ്) മായിരിക്കും. ഉദാഹരണം: ആത്മീയ സംസ്‌കരണത്തിനായി ധനം നല്‍കുന്ന, ഭക്തിയുള്ളവര്‍ അതി (നരകം) ല്‍നിന്ന് അകലെയാക്കപ്പെടും എന്ന അല്‍ ഐന്‍ സൂറയിലെ പതിനേഴാം സൂക്തം മുതല്‍ക്കുള്ള ഭാഗം ബിലാല്‍ (റ) വിനെ സിദ്ദീഖ് (റ) മോചിപ്പിച്ചതിനെ സംബന്ധിച്ചുള്ളതാണ് (ജലാലൈനി). ഭക്തിയുള്ളവര്‍ എന്നര്‍ത്ഥം വരുന്ന അല്‍ അത്ഖാ എന്നതിലെ അല്‍ എന്ന അവ്യയം ഒരു പ്രത്യേക വ്യക്തിയെ കുറിക്കുന്നു. ഇനി സ്വയം പൂര്‍ണമായ മറുപടി ചോദ്യവുമായി (കാരണവുമായി) യോജിക്കാതെ വരുമ്പോള്‍ രണ്ടായിരിക്കാം. ഒന്ന്. ചോദ്യം (കാരണം) സാമാന്യമായത്. മറുപടി വ്യക്തിപരം. ഇതൊരു സാധ്യത മാത്രമാണ്. ഖുര്‍ആനില്‍ അതിന് ഉദാഹരണമില്ല. രണ്ട്. ചോദ്യം (കാരണം) വ്യക്തിപരം. സാമാന്യമായ മറുപടി. ലഹരി ബാധിച്ചവരായി നമസ്‌കരിക്കുന്നതിനെ വിരോധിച്ചുകൊണ്ടുള്ള 4:43 ലിആനിനെ കുറിച്ച് അവതരിച്ച 24:6-7 സൂക്തങ്ങള്‍ ഉദാഹരണങ്ങളാണ്. വ്യക്തിപരമായ പ്രശ്‌നത്തെ പുരസ്‌കരിച്ച് സാമാന്യ പദങ്ങളുപയോഗിച്ചുകൊണ്ടവതരിച്ച ഇത്തരം സൂക്തങ്ങളിലെ വിധികള്‍ പരാമൃഷ്ട വ്യക്തിക്ക് മാത്രം ബാധകമായതാണോ അതോ എല്ലാവരെയും ബാധിക്കുമോ? പണ്ഡിതന്മാര്‍ക്കിടയില്‍ ഇത് സംബന്ധിച്ച് സുദീര്‍ഘമായ ചര്‍ച്ച നടന്നിട്ടുണ്ട്. പരാമൃഷ്ട വ്യക്തിയടക്കം എല്ലാവര്‍ക്കും അത് ബാധകമാണെന്നാണ് ഭൂരിപക്ഷാഭിപ്രായം. ഒട്ടനവധി തെളിവുകളുടെ അടിസ്ഥാനത്തില്‍ സമര്‍ത്ഥിച്ചിട്ടുണ്ട്. ഖുര്‍ആന്റെ ഘടനയോടും ആശയ സംപുഷ്ടതയോടും അനുയോജ്യം അതാണെന്നവര്‍ വ്യക്തമാക്കുന്നു.

ഉദാഹരണത്തിന് ഹിലാല്‍ ബിന്‍ ഉമയ്യത്തിന്റെ പ്രശ്‌നമെടുക്കാം. അദ്ദേഹം തന്റെ ഭാര്യയുടെ മേല്‍ വ്യഭിചാരം ആരോപിച്ചു. സാക്ഷികളില്ലാത്തതുകൊണ്ടു വ്യഭിചാരാരോപണ ശിക്ഷ (80 അടി) ക്ക് വിധേയനാകേണ്ടി വരുമെന്ന് നബി അദ്ദേഹത്തോട് പറഞ്ഞു. തദവസരമാണ് ലിആനിന്റെ ആയത്ത് അവതരിക്കുന്നത്. ഇവിടെ ഹിലാല്‍ (റ) വിന്റെതാണ് പ്രശ്‌നം. അത് വ്യക്തിപരം (ഖാസ്സ്) ആണ്. സൂക്തത്തിലെ പദം മൗസൂലയാണ്. അത് സര്‍വ്വനാമമാണ്. വാച്യാര്‍ത്ഥംകൊണ്ടുതന്നെ ഓരോ വ്യക്തിക്കും അത് ബാധകമാകുമെന്ന് വ്യക്തം. ഭാര്യമാരുടെമേല്‍ വ്യഭിചാരാരോപണം നടത്തുകയും സാക്ഷികളെ ഹാജരാക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന ഭര്‍ത്താക്കള്‍ക്കൊക്കെ ഈ സൂക്തത്തിലെ വിധി ബാധകമാണ് എന്നത് സ്പഷ്ടമാണ്. മറ്റൊരു തെളിവ് അതിന് ആവശ്യമില്ല. ഇതാണ് ഭൂരിപക്ഷാഭിപ്രായം. സൂക്താവതരണത്തിന് കാരണമായ ഹിലാല്‍ (റ) വിന് മാത്രമേ സൂക്തത്തിലെ വിധി വ്യക്തമായി ബാധിക്കൂ. ഖിയാസ് പോലെയുള്ള വേറെ തെളിവുണ്ടെങ്കില്‍  മറ്റുള്ളവര്‍ക്കും ബാധകമാകും...ഇതാണ് മറുപക്ഷം. എന്നാല്‍, അവതരണത്തിന് കാരണമായ വ്യക്തിക്ക് മാത്രമേ അത് ബാധകമാകൂ എന്നതിന് പ്രത്യേക തെളിവുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്കത് ബാധകമാവുകയില്ല എന്നത് അവിതര്‍ക്കിതമാണ്.

അവതരണ പശ്ചാത്തലത്തെ സംബന്ധിച്ച ഏതാനും കാര്യങ്ങളാണ് മുകളില്‍ ഉദ്ധരിച്ചത്. അവയില്‍ ഓരോന്നും പ്രത്യേക ചര്‍ച്ചയും പഠനവുമര്‍ഹിക്കുന്നു. അഗാധ ജ്ഞാനവും പരിചയവുമില്ലാതെ അവതരണ പശ്ചാത്തലം നിര്‍ണയിക്കുക ക്ഷിപ്രസാധ്യമല്ല. അര്‍ഹരായ ആളുകള്‍ അവതരണ പശ്ചാത്തലം ഇന്നതാണെന്ന് വ്യക്തമാക്കാത്ത സ്ഥലങ്ങളില്‍ വിശേഷിച്ചും. മഹാനായ ശാഹ് വലിയ്യുല്ലാഹി ദ്ദഹ്‌ലവി പറയുന്നു: അവതരണ പശ്ചാത്തലം മനസ്സിലാക്കുക പ്രയാസകരമാണ്. പൂര്‍വികരും പിന്‍ഗാമികളുമായ പണ്ഡിതരുടെ പ്രസ്തുത വിഷയത്തിലെ അഭിപ്രായ ഭിന്നതകള്‍ പ്രയാസത്തിനൊരു കാരണമാണ്. ഇന്ന വിഷയത്തിലാണ് ഈ സൂക്തം അവതരിച്ചത് എന്ന പ്രയോഗം അവതരണ പശ്ചാത്തലത്തെ കുറിക്കാന്‍ മാത്രമുള്ളതല്ല. സ്വഹാബത്തിന്റെയും താബിഉകളുടെയും വാക്കുകള്‍ പരിശോധിച്ചാല്‍ അത് മനസ്സിലാകും.

(അല്‍ ഫൗസുല്‍ കബീര്‍ ഫീ ഉസൂലിത്തഫ്‌സീര്‍).  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter