ഖുര്‍ആനിലെ നസ്ഖ്: വസ്തുതയെന്ത്?
ഖുര്‍ആനിലെ നസ്ഖ് അഥവാ ദുര്‍ബലപ്പെടുത്തല്‍ എന്നത് ശത്രുക്കളുടെ വിമര്‍ശനങ്ങള്‍ക്ക് പാത്രമായിക്കൊണ്ടിരിക്കുന്ന ഒരു വിഷയമാണ്. ആദ്യമായി അവതരിക്കപ്പെട്ട വിഷയം തിരുത്തി മറ്റൊരു വിഷയമാക്കി അവതരിപ്പിക്കുന്നതിലൂടെ ഇസ്‌ലാമിന്റെ ദൈവത്തിന് പിഴവ് പറ്റിയിട്ടുണ്ടെന്നാണ് ശത്രുക്കളുടെ ആരോപണം. ഖുര്‍ആനില്‍ നസ്ഖിനെ കുറിച്ചുവന്ന സൂക്തങ്ങള്‍ നമുക്ക് അവലോകനം ചെയ്യാം: ''വല്ല സൂക്തത്തെയും നാം ദുര്‍ബലപ്പെടുത്തുകയോ അതിനെ വിസ്മരിക്കുകയോ ചെയ്താല്‍ അതിനെക്കാള്‍ ഉത്തമമായതിനെയോ അതുപോലെയുള്ളതിനെയോ നാം കൊണ്ടുവരുന്നതാണ്. നിനക്കറിഞ്ഞുകൂടേ, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്ന്?'' (20: 106) ''ഒരു സൂക്തത്തിന്റെ സ്ഥാനത്ത് മറ്റൊരു സൂക്തം നാം പകരമാക്കിയാല്‍- അല്ലാഹുവാകട്ടെ, ഇറക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്- അവര്‍ പറയും നിശ്ചയം നീയൊരു കെട്ടിച്ചമക്കുന്നവന്‍ തന്നെയാണെന്ന്. പക്ഷെ, (അതല്ല), അവരില്‍ അധികമാളുകള്‍ക്കും അറിഞ്ഞുതൂടാ'' (16:101)
ഈ രണ്ടു സൂക്തങ്ങളിലും പ്രയോഗിച്ച ആയത്ത് എന്ന അറബി പദത്തിന് ദിവ്യവെളിപാട്, സൂക്തം എന്നീ രണ്ടു അര്‍ത്ഥങ്ങള്‍ നല്‍കപ്പെടാറുണ്ട്. ഈ രണ്ട് അര്‍ത്ഥങ്ങളുടെയും അടിസ്ഥാനത്തില്‍ നസ്ഖിന് രണ്ട് വ്യാഖ്യാനം നല്‍കപ്പെടുന്നു. ദിവ്യവെളിപാട് എന്ന അര്‍ത്ഥത്തിലാകുമ്പോള്‍ ദുര്‍ബലപ്പെടുത്തപ്പെട്ടത് തൗറാത്ത്, സബൂര്‍, ഇഞ്ചീല്‍ തുടങ്ങിയ ദൈവിക ഗ്രന്ഥങ്ങളാണ്. ഇവ ദുര്‍ബലപ്പെടുത്തപ്പെട്ടതോടെ ഇവക്ക് സമാനമോ അല്ലെങ്കില്‍ ഇവയെക്കാള്‍ ഉത്തമമോ ആയ ദിവ്യവെളിപാട് അല്ലാഹു പകരം നല്‍കിയിരിക്കുന്നു.  അതാണ് വിശുദ്ധ ഖുര്‍ആന്‍. ഇനി, ആയത്ത് എന്നതിന് സൂക്തം എന്ന അര്‍ത്ഥം പരിഗണിച്ചാല്‍, ഖുര്‍ആനില്‍ ദുര്‍ബലപ്പെടുത്തപ്പെടുന്ന സൂക്തങ്ങള്‍ക്കു പകരം സമാനമോ അതിനെക്കാള്‍ മെച്ചപ്പെട്ടതോ ആയ സൂക്തങ്ങളെ പകരം നല്‍കപ്പെട്ടിരിക്കുന്നുവെന്നതാണ്.
അതായത്, ഖുര്‍ആനില്‍ മുമ്പു അവതരിച്ച ചില സൂക്തങ്ങളെ പിറകെ വന്ന ചില സൂക്തങ്ങള്‍ ദുര്‍ബലപ്പെടുത്തിയിട്ടുണ്ടെന്നര്‍ത്ഥം. രണ്ടു വിശദീകരണങ്ങളെയും അംഗീകരിക്കാം. ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ക്കു പകരം മറ്റു ചില സൂക്തങ്ങള്‍ അവതരിപ്പിക്കപ്പെടുകയോ, ആദ്യ സൂക്തങ്ങളെ പിറകെ വന്ന സൂക്തങ്ങള്‍ ദുര്‍ബലപ്പെടുത്തുകയോ ചെയ്തതിനാല്‍ ദുര്‍ബലപ്പെടുത്തപ്പെട്ട, അല്ലെങ്കില്‍ പകരം വെക്കപ്പെട്ട സൂക്തങ്ങള്‍ വ്യജവും അസത്യവുമാണെന്ന് അമുസ്‌ലിംകളും ചില മുസ്‌ലിംകളും തെറ്റിദ്ധരിച്ചിട്ടുണ്ട്. ഈ സൂക്തങ്ങള്‍ പരസ്പരവിരുദ്ധമാണെന്നാണ് ഇവര്‍ ഇപ്പോഴും മനസ്സിലാക്കിയിരിക്കുന്നത്.
ഇത്തരം ചില ഉദാഹരണങ്ങള്‍ നമുക്ക് പരിശോധിക്കാം. മുഹമ്മദ് നബിക്ക് ഖുര്‍ആന്‍ അവതരിച്ചപ്പോള്‍ മക്കയിലെ സത്യനിഷേധികള്‍ പ്രവാചകനെ പരിഹസിക്കുകയും ഖുര്‍ആന്‍ സ്വയം മെനഞ്ഞുണ്ടാക്കിയതാണെന്ന് ആക്ഷേപിക്കുകയും ചെയ്തു. അപ്പോള്‍, അല്ലാഹു ഖുര്‍ആനിലൂടെ മക്കാ മുശ്‌രികുകളെ വെല്ലുവിളിച്ചു. ഖുര്‍ആനിലെ പതിനേഴാമത്തെ അധ്യായത്തിലെ എണ്‍പത്തിയെട്ടാം സൂക്തത്തിലൂടെ ഖുര്‍ആന് സമാനമായൊരു ഗ്രന്ഥം കെട്ടിച്ചമച്ചുണ്ടാക്കാന്‍ അല്ലാഹു അവരോട് ആവശ്യപ്പെട്ടു. പിന്നീട്, പതിനൊന്നാം അധ്യായത്തിലെ പതിമൂന്നാം സൂക്തത്തിലൂടെ ഖുര്‍ആനിലേതിന് സമാനമായ പത്ത് അധ്യായങ്ങള്‍ കൊണ്ടുവരാന്‍ പറഞ്ഞു. ശേഷം, പത്താം അധ്യായത്തിലെ മുപ്പത്തിയെട്ടാം സൂക്തത്തിലൂടെയും രണ്ടാം അധ്യായത്തിലെ ഇരുപത്തിമൂന്നാം സൂക്തത്തിലൂടെയും ഖുര്‍ആനിലുള്ളതിനോട് സമാനമായ ഒരു അധ്യായമെങ്കിലും കൊണ്ടുവരാന്‍ വെല്ലുവിളിക്കുകയുണ്ടായി. ഇങ്ങനെ വെല്ലുവിളി ക്രമമായി സരളമാക്കിക്കൊടുക്കുകയാണ് ഖുര്‍ആന്‍ ചെയ്തത്.
ഇതിനര്‍ത്ഥം, അവസാനമായി ഇറങ്ങിയ പത്താം അധ്യായത്തിലെ മുപ്പത്തിയെട്ടാം സൂക്തവും രണ്ടാം അധ്യായത്തിലെ ഇരുപത്തിമൂന്നാം സൂക്തവും ആദ്യമായി ഇറങ്ങിയ മറ്റു രണ്ടു സൂക്തങ്ങളോടും വൈരുധ്യമാകുന്നുവെന്നല്ല. ഒരേ സമയത്ത് സംഭവിക്കാന്‍ സാധ്യതയില്ലാത്ത രണ്ടു കാര്യങ്ങളെ ആജ്ഞാപിക്കുമ്പോഴാണ് വൈരുധ്യം സംജാതമാകുന്നത്. ഇവിടെ അങ്ങനെ സംഭവിക്കുന്നില്ല. ഇവയില്‍, ആദ്യമായി അവതീര്‍ണമായ സൂക്തങ്ങള്‍ ദൈവിക വചനങ്ങളും അവയുള്‍കൊള്ളുന്ന വിവരങ്ങള്‍ ഈ ദിനം വരെയും വാസ്തവങ്ങളുമാണ്. അവസാനമായി ഉയര്‍ത്തിയ വെല്ലുവിളിയാണ് ഇവയില്‍ എളുപ്പമായതെന്നുമാത്രം. അപ്പോള്‍, അവസാനമായി ഉയര്‍ത്തിയ വെല്ലുവിളിതന്നെ നിറവേറ്റാന്‍ കഴിയില്ലെങ്കില്‍ ആദ്യത്തെ വെല്ലുവിളികളെങ്ങനെ നിറവേറ്റാന്‍ കഴിയുമെന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല.
ഒരു വിദ്യാര്‍ത്ഥി മൂകനായതിനാല്‍ പത്താം ക്ലാസില്‍ ജയിക്കാന്‍ സാധ്യമല്ലെന്ന് ഞാന്‍ പറയുന്നുവെന്ന് സങ്കല്‍പിക്കുക. പിന്നെ, അവന് അഞ്ചാം ക്ലാസില്‍ ജയിക്കാന്‍ സാധിക്കുകയില്ലെന്ന് ഞാന്‍ പറയുന്നു.  ശേഷം, അവന് ഒന്നാം ക്ലാസിലും കിന്റര്‍ ഗാര്‍ഡനിലും ജയിക്കുക സാധ്യമല്ലെന്ന് ഞാന്‍ പ്രസ്താവിക്കുന്നു.   ഒരാള്‍ക്ക് സ്‌കൂള്‍ പ്രവേശനം സാധ്യമാണെങ്കില്‍ കിന്റര്‍ ഗാര്‍ഡന്‍ ജയിച്ചിരിക്കണം. കിന്റര്‍ ഗര്‍ഡന്‍ പോലും  ജയിക്കാന്‍ കഴിയാത്ത കുട്ടിയാണവനെന്ന് പ്രസ്താവിക്കുകയാണ് എന്റെ ഉദ്ദേശ്യം. അതിന് എന്റെ അവസാനത്തെ പ്രസ്താവന മാത്രം മതി. എന്നാല്‍, എന്റെ ആദ്യത്തെ മൂന്നു പ്രസ്താവനകള്‍ എതിരല്ലതാനും. ലഹരി നിരോധനവും ഇങ്ങനെ വിവിധ സൂക്തങ്ങളിലൂടെയാണ് പ്രാബല്യത്തില്‍ വന്നത്. ആദ്യമായി അവതീര്‍ണമായ സൂക്തമിതാണ്: ''കള്ളിനെയും ചൂതാട്ടത്തെയും കുറിച്ച് അവര്‍ നിങ്ങളോട് ചോദിക്കുന്നു. പറയുക: അവ രണ്ടിലും വന്‍ കുറ്റവും മനുഷ്യര്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. അവയുടെ കുറ്റമാകട്ടെ, പ്രയോജനത്തെക്കാള്‍ വലിയതാകുന്നു. എന്താണവര്‍ ചെലവഴിക്കേണ്ടതെന്നും നിങ്ങളോടവര്‍ ചോദിക്കുന്നു. പറയുക: സൗകര്യപ്പെട്ടത് ചെലവഴിക്കുക. ഇപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് ലക്ഷ്യങ്ങള്‍ വിവരിച്ചുതരുന്നു, നിങ്ങള്‍ ചിന്തിച്ചുനോക്കാന്‍ വേണ്ടി'' (2:219)
അതിനു ശേഷം അവതീര്‍ണമായ സൂക്തം നിസാഅ് അധ്യായത്തിലെ നാല്‍പത്തിമൂന്നാം സൂക്തമാകുന്നു: ''വിശ്വസിച്ചവരേ, നിങ്ങള്‍ പറയുന്നത് എന്തെന്നറിയുന്നതുവരെ ലഹരി ബാധിച്ചവരായി നിങ്ങള്‍ നമസ്‌കാരത്തെ സമീപ്പിക്കരുത്.'' അതിനു ശേഷമാണ് ലഹരിയെ പൂര്‍ണമായി നിരോധിച്ചുകൊണ്ടുള്ള സൂക്തമിറങ്ങുന്നത്. മാഇദ അധ്യായത്തിലെ തൊണ്ണൂറാം സൂക്തത്തിലാണ് പ്രസ്തുത നിരോധനം ഖുര്‍ആന്‍ അവതരിപ്പിച്ചത്. അല്ലാഹു പറയുന്നു: ''വിശ്വസിച്ച സമൂഹമേ, കള്ളും ചൂതാട്ടവും വിഗ്രഹങ്ങളും പ്രശ്‌നക്കോലുകളും നീചവും ചെകുത്താന്റെ പ്രവര്‍ത്തനങ്ങളില്‍ പെട്ടതുമാണ്. നിങ്ങള്‍ വിജയികളാകാന്‍വേണ്ടി അവയെ വെടിയുക.'' ഉപര്യുക്ത സൂക്തങ്ങളിലൂടെ ഘട്ടംഘട്ടമായാണ് ലഹരി നിരോധനം നിലവില്‍വന്നത്. ലഹരിയില്‍ വലിയ തെറ്റും ചെറിയ നേട്ടവുമുണ്ടെന്നും തെറ്റ് നേട്ടത്തെക്കാള്‍ വലുതാണെന്നുമായിരുന്നു ലഹരി സംബന്ധമായി വന്ന ആദ്യത്തെ പരാമര്‍ശം. ലഹരി ബാധിച്ചവരായി നിസ്‌കാരത്തിനെത്തരുതെന്നായിരുന്നു പിന്നീട്  അവതരിച്ച വചനം. ഈ വചനപ്രകാരം നിസ്‌കാരമല്ലാത്ത വേളയില്‍ ലഹിരി ഉപയോഗിക്കാമെന്ന് പലരും ധരിച്ചുവശായി. അങ്ങനെ രാത്രിയില്‍ പലരും മദ്യപിച്ചുതുടങ്ങി. ഈ പഴുതുകൂടി അടച്ചുകൊണ്ടാണ് മാഇദ അധ്യായത്തിലെ തൊണ്ണൂറാം സൂക്തം അവതരിച്ചത്. അങ്ങനെ ലഹരി ഉപയോഗം പൂര്‍ണമായും വര്‍ജ്യമായി.
ഈ മൂന്നു സൂക്തങ്ങളും തമ്മില്‍ വൈരുധ്യമില്ല. ഇവയില്‍ വൈരുധ്യമുണ്ടെങ്കില്‍ ഒരേസമയം ഈ മൂന്നു സൂക്തങ്ങളും അനുസരിക്കുക സാധ്യമാകുമായിരുന്നില്ല. ഒരു ഉദാഹരണത്തിലൂടെ ഇത് കൂടുതല്‍ വിശദമാക്കാം. ഞാന്‍ ലോസ്ആഞ്ചല്‍സിലല്ല താമസിക്കുന്നത് എന്ന് പറയുന്നുവെന്ന് കരുതുക. പിന്നെ, ഞാന്‍ കാലിഫോര്‍ണിയയിലല്ല താമസിക്കുന്നതെന്ന് പറയുന്നു. ശേഷം, അമേരിക്കയിലല്ല ഞാന്‍ താമസിക്കുന്നതെന്ന് പറയുന്നു. ഇതിനര്‍ത്ഥം, ഈ മൂന്നു പ്രസ്താവനകളും പരസ്പര വിരുദ്ധമാണെന്നല്ല. ഓരോന്നും മറ്റേതിനെക്കാള്‍ കൂടുതല്‍ വിവരം നല്‍കുന്നുണ്ടെന്നു മാത്രം. ഞാന്‍ അമേരിക്കയിലല്ല താമസിക്കുന്നത് എന്ന പ്രസ്താവന കൊണ്ട് ഞാന്‍ ലോസ് ആഞ്ചല്‍സിലും കാലിഫോര്‍ണിയയിലും അല്ല താമസിക്കുന്നതെന്ന് വ്യക്തമാണ്. അതുപോലെ, ലഹരി ഉപയോഗിക്കുന്നത് നിരോധിക്കപ്പെട്ടിരിക്കുന്നുവെന്ന സൂക്തത്തില്‍ മറ്റു രണ്ട് സൂക്തങ്ങളിലുമുള്ള ആശയങ്ങളും ഉള്‍കൊണ്ടിട്ടുണ്ട്. ഖുര്‍ആന്‍ പൂര്‍ണമായും അവതീര്‍ണമായത് ഇരുപത്തിരണ്ടര വര്‍ഷത്തെ കാലയളവിലായിരുന്നു.
സംബോധിത സമൂഹത്തിന് ഇസ്‌ലാമിക വിധിവിലക്കുകള്‍ അനായാസേന അനുസരിക്കുന്നതിനുവേണ്ടി സമൂഹത്തില്‍ ക്രമേണയാണ് പരിഷ്‌കരണങ്ങള്‍ നടപ്പില്‍ വരുത്തിയത്. കാരണം, സമൂഹ ഘടനയില്‍ പെട്ടെന്നു വരുത്തുന്ന പരിഷ്‌കാരങ്ങള്‍ അരാജകത്വവും വിപ്ലവവും സൃഷ്ടിക്കുമെന്നത് സ്വാഭാവികം മാത്രം. അതിനാല്‍, ഖുര്‍ആനില്‍ നസ്ഖ് ഉള്ളതുകൊണ്ട് വൈരുധ്യുണ്ടെന്നര്‍ത്ഥമില്ല. അതുകൊണ്ട് ഖുര്‍ആനിലെ എല്ലാ സൂക്തങ്ങളും സ്വീകാര്യവും അനുസരണയോഗ്യവുമാണ്. ഖുര്‍ആനില്‍ വൈരുധ്യങ്ങളുണ്ടെങ്കില്‍ അതൊരിക്കലും ദൈവിക വചനമാകുമായിരുന്നില്ല. അല്ലാഹു പറയുന്നു: ''എന്നാലവര്‍ ഖുര്‍ആനിനെക്കുറിച്ച് ഉറ്റാലോചിക്കുന്നില്ല. അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍നിന്നായിരുന്നുവെങ്കില്‍ അതില്‍ പരസ്പര വൈരുധ്യം കണ്ടെത്തുകതന്നെ ചെയ്യുമായിരുന്നു'' (4:82).
ഡോ. സാകിര്‍ നായിക്    
(തെളിച്ചം മാസിക, 2002)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter