ജന്തുശാസ്ത്രവും ഖുര്‍ആനും
പക്ഷി-മൃഗാദികളിലെ സമൂഹ ജീവിതം ''ഭൂമിയിലുള്ള ഏതൊരു ജന്തുവും രണ്ടു ചിറകുകള്‍കൊണ്ടു പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങള്‍ മാത്രമാകുന്നു'' (6:38). പക്ഷികളും മൃഗങ്ങളും സാമൂഹ്യജീവിതമാണ് നയിക്കുന്നതെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് സംഘടിക്കാനും പരസ്പരം ഒരുമയോടെ ജോലി ചെയ്യാനും അവയെ പ്രേരിപ്പിക്കുന്നു. പറക്കുന്ന പക്ഷി പക്ഷികളുടെ പറക്കലിനെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''അന്തരീക്ഷത്തില്‍ ഉയര്‍ന്നുപറക്കുന്ന പക്ഷികളെ അവര്‍ നോക്കുന്നില്ലേ? അല്ലാഹു അല്ലാതെ ആരും അവയെ താങ്ങി നിര്‍ത്തുന്നില്ല. നിശ്ചയം വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് ഇതില്‍ ദൃഷ്ടാന്തമുണ്ട്'' (16:79). ഇതിനോട് സമാനമായി മറ്റൊരിടത്ത് പറയുന്നു: ''അവര്‍ക്കു മുകളില്‍ ചിറക് വിടര്‍ത്തിയും കൂട്ടിയും പറക്കുന്ന പക്ഷികളെ അവര്‍ നോക്കുന്നില്ലേ? പരമകാരുണികനല്ലാതെ (മറ്റാരും) അവയെ താങ്ങി നിര്‍ത്തുന്നില്ല. നിശ്ചയം അവന്‍ എല്ലാം കണ്ടറിയുന്നവനാണ്'' (67:19).
അറബിയില്‍ 'അംസക' എന്ന പദത്തിന്റെ ഭാഷാര്‍ത്ഥം കൈകോര്‍ക്കുക, പിടിക്കുക, പിടികൂടുക, പിന്നോട്ടു വലിക്കുക എന്നൊക്കെയാണ്. അല്ലാഹു പക്ഷിയെ തന്റെ അധീനത്തില്‍ കൊണ്ടുവന്നു എന്നാണ്  ഇതുകൊണ്ട് വിവക്ഷിക്കുന്നത്. പക്ഷിയും ദൈവവും പല നിലക്കും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. തങ്ങളുടെ സഞ്ചാര പരിപാടികളെക്കുറിച്ച പല കാര്യങ്ങളും ചിലയിനം പക്ഷികള്‍ രേഖപ്പെടുത്തിവെക്കുന്നുവെന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. യാതൊരു മുന്‍ പരിചയവുമില്ലാതെത്തന്നെ ജനിതക കോഡിലെ സൂചനകള്‍ക്കനുസരിച്ച് ദേശാന്തര ഗമനം നടത്താന്‍ ചെറുപക്ഷികള്‍ക്കു പോലും സാധിക്കുന്നു. ഒരു മാര്‍ഗദര്‍ശിയുടെ ആവശ്യം പോലും അവക്കുണ്ടാകുന്നില്ല. പോയ അതേ ദിശയിലൂടെ നിശ്ചിത ദിവസം തിരിച്ചുവരാനും അവക്കു സാധിക്കുന്നു. ശക്തിയും ശേഷണവും (പവര്‍ ആന്റ് ഫ്രാജിലിറ്റി) എന്ന പുസ്തകത്തില്‍ പ്രൊഫ. ഹംബര്‍ഗര്‍ 15,000 മൈലുകള്‍ താണ്ടി പറന്നുപോകുന്ന പസഫിക്കിലെ ഒരിനം പക്ഷിയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. '8' ന്റെ ആകൃതിയിലാണ് അവ ദേശാന്തര ഗമനം നടത്തുന്നത്. ഏകദേശം ആറു മാസത്തോളം അവ നീണ്ട യാത്ര നടത്തുകയും ഒരാഴ്ചയോളം അവിടെ തങ്ങി ശേഷം നിശ്ചിത കേന്ദ്രത്തിലേക്കു തന്നെ തിരികെ പറക്കുകയും ചെയ്യുന്നു. ഇത്രമാത്രം സങ്കീര്‍ണമായ യാത്രകള്‍ക്കുള്ള സര്‍വമാന നിര്‍ദ്ദേശങ്ങളും പക്ഷികളുടെ നാഡീസെല്ലുകളില്‍ അടക്കം ചെയ്യപ്പെട്ടിട്ടുണ്ട്.
അവയാകട്ടെ, നേരത്തെത്തന്നെ കൃത്യമായി പ്രോഗ്രം ചെയ്യപ്പെട്ടതാണുതാനും. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച പ്രോഗ്രാമര്‍ അല്ലാഹുവല്ലാതെ മറ്റാരാണ്!. തേനീച്ച ''നിന്റെ നാഥന്‍ അല്ലാഹുവിന് ഇപ്രകാരം ബോധനം നല്‍കി. മല മുകളിലും മരങ്ങളിലും മനുഷ്യന്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ പാര്‍പ്പിടമുണ്ടാക്കുക. എല്ലാതരം ഫലങ്ങളില്‍നിന്നും ഭക്ഷിച്ചുകൊള്ളുക. ശേഷം, നിന്റെ രക്ഷിതാവ് സൗകര്യപ്രദമായി ഒരുക്കിത്തന്ന മാര്‍ഗങ്ങളില്‍ പ്രവേശിക്കുക'' (16:68-69). തേനീച്ചയുടെ സ്വഭാവം, ആശയ സംവേദനം എന്നിവയെ മുന്‍നിറുത്തി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വോണ്‍ പ്രിസ്‌ക് എന്ന പണ്ഡിതന് 1973 ല്‍ നോബല്‍ പ്രൈസ് ലഭിക്കുകയുണ്ടായി. പുറത്തു സഞ്ചരിക്കുന്ന തേനീച്ചകള്‍ പൂവാടിയോ പുഷ്പമോ കണ്ടെത്തിയാല്‍ ഉടനെത്തന്നെ കൂട്ടിലേക്കു തിരിക്കുകയും തന്റെ കൂട്ടാളികള്‍ക്ക് അങ്ങോട്ടുള്ള വഴി പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഇതിന് തേനീച്ചനൃത്തം (beedance) എന്നാണ് പറയപ്പെടുന്നത്. പ്രാണികള്‍ക്കിടയിലെ ഈ ചലനങ്ങള്‍ ജോലിചെയ്യുന്ന തേനീച്ചകളോടുള്ള ആശയവിനിമയത്തിന്റെ ഭാഗമാണെന്ന് ഫോട്ടോഗ്രഫിയുടെയും മറ്റു ഉപകരണങ്ങളുടെയും വെളിച്ചത്തില്‍ നടത്തിയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
അല്ലാഹു സംവിധാനിച്ചുവെച്ച വഴികള്‍ എങ്ങനെ കണ്ടെത്തുന്നുവെന്നാണ് ഖുര്‍ആനിലെ ഈ സൂക്തം സൂചിപ്പിക്കുന്നത്. പെണ്‍ തേനീച്ചകളാണ് പൊതുവെ ജോലി ചെയ്യുന്നത്. 'തൊഴിലാളി', 'പട്ടാളക്കാരന്‍' എന്നൊക്കെ ഇവ അറിയപ്പെടുന്നു. പതിനാറാം അധ്യായം സൂറത്തുന്നഹ്‌ലിലെ 68, 69 സൂക്തങ്ങളില്‍ തേനീച്ചയെ കുറിക്കാന്‍ സ്ത്രീലിംഗമാണ് (ഫസ്‌ലുകീ, കുലീ തുടങ്ങിയവ) ഉപയോഗിച്ചിരിക്കുന്നത്. ഭക്ഷണം ശേഖരിക്കുന്നതും  പുറത്തുപോകുന്നതും പെണ്‍ തേനീച്ചയാണെന്നാണ് ഇതിലെ സൂചന. 'ഹെന്‍ട്രി നാലാമന്‍' എന്ന ഷേക്‌സ്പിയറിന്റെ ഒരു നാടകത്തില്‍ തേനീച്ച (ആണ്‍) കളെക്കുറിച്ചും അവ റാണിയെ സമീപിക്കുന്നതിനെക്കുറിച്ചും ചില പരാമര്‍ശങ്ങളുണ്ട്. ഇത് ഷേക്‌സ്പീരിയന്‍ കാലത്തെ ജനങ്ങളുടെ മാത്രം വിശ്വസമാണ്. ജോലി ചെയ്യുന്നതും രാജാവിന്റെ വിളിക്ക് ഉത്തരം ചെയ്യുന്നതും ആണ്‍ തേനീച്ചയാണെന്നാണ് അവര്‍ വിചാരിച്ചിരുന്നത്. ഇതൊരിക്കലും ശരിയല്ല. പെണ്‍ തേനീച്ചകളാണ് ജോലിക്കാരായി സേവനം ചെയ്യുന്നത്. അത് രാജാവിനെ കാണാന്‍ പോകുന്നുമില്ല. കഴിഞ്ഞ 300 വര്‍ഷത്തിനിടക്ക് ഇവ്വിഷയകമായി അനവധി ഗവേഷണങ്ങള്‍ നടക്കുകയുണ്ടായി.
ചിലന്തിവല സൂറത്തുല്‍ അന്‍കബൂത്തില്‍ അല്ലാഹു പറയുന്നു: ''അല്ലാഹുവിന് പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടെതുപോലെയാകുന്നു. അത് ഒരു വീടുണ്ടാക്കി. വീടുകളില്‍വെച്ച് ഏറ്റവും ദുര്‍ബലമായത് എട്ടുകാലിയുടെ വീടു തന്നെ, അവര്‍ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കില്‍'' (29:41). ചിലന്തിവലയുടെ ദുര്‍ബലതയും ശക്തിയില്ലായ്മയും പ്രകടിപ്പിക്കുന്നതോടൊപ്പംതന്നെ വിശുദ്ധ ഖുര്‍ആന്‍ ചിലന്തിയുടെ വീട്ടിലെ സ്വരച്ചേര്‍ച്ചയില്ലായ്മയിലേക്കും പൊരുത്തമില്ലായ്മയിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്. പെണ്‍ ചിലന്തികള്‍ ആണ്‍ ചിലന്തിയെ കൊന്നുകളയുകയാണിവിടെ.
ഉറുമ്പിന്റെ ആശയ സംവേദനം അല്ലാഹു പറയുന്നു: ''സുലൈമാന്‍ നബിക്കു മുമ്പില്‍ ജിന്നില്‍നിന്നും മനുഷ്യരില്‍നിന്നും പക്ഷികളില്‍നിന്നമുള്ള തന്റെ സൈന്യം ഒരുമിച്ചുകൂട്ടപ്പെട്ടു. അങ്ങനെ അവര്‍ ഉറുമ്പുകളുടെ താഴ്‌വരയിലൂടെ ചെന്നപ്പോള്‍ ഒരു ഉറുമ്പ് പറഞ്ഞു: ഹേ, ഉറുമ്പുകളേ, നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ പ്രവേശിച്ചുകൊള്ളുക. സുലൈമാനും തന്റെ സൈന്യവും ഓര്‍ക്കാപ്പുറത്ത് നിങ്ങളെ ചവിട്ടിത്തേക്കാതിരിക്കട്ടെ'' (27:17-18). ഉറുമ്പുകളുടെ സംസാരത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുവെന്ന് പറഞ്ഞ് ഖുര്‍ആന്‍ യക്ഷിക്കഥകളുടെ സമാഹാരമാണെന്ന് പരിഹസിച്ചവരുണ്ടായിരുന്നു കഴിഞ്ഞ കാലത്ത്. എന്നാല്‍, ആദ്യകാല സമൂഹങ്ങള്‍ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത അനവധി വിസ്മയങ്ങള്‍ ഉറുമ്പിന്റെ ജീവിത രീതിയിലുണ്ടെന്ന് ഈയിടെ ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സാമൂഹ്യ ജീവിത രീതിയില്‍ മനുഷ്യനോട് ഏറ്റവും സാദൃശ്യം പുലര്‍ത്തുന്നത് ഉറുമ്പുകളാണെന്നാണ്  പഠനങ്ങള്‍ പറയുന്നത്. ചില സാദൃശ്യങ്ങള്‍ നമുക്ക് ഇങ്ങനെ വായിക്കാം: 1. മനുഷ്യന്‍ ശവശരീരങ്ങള്‍ അടക്കം ചെയ്യുന്നതിനോട് ഏറെക്കുറെ സമാനമായി ഉറുമ്പുകളും ചത്ത ഉറുമ്പിനെ അടക്കം ചെയ്യുന്നു. 2. വ്യവസ്ഥാപിതമായ ജോലിവിഭജനം. മാനേജര്‍മാര്‍, സൂപ്രവൈസര്‍മാര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ അവരിലുമുണ്ട്. 3. പരസ്പരം കണ്ടുമുട്ടുമ്പോഴൊക്കെ കുശലാന്വേഷണം നടത്തുന്നു. 4. വികസിച്ചൊരു ആശയ സംവേദന സംവിധാനമുണ്ട് അവക്കിടയില്‍. 5. തണുപ്പുകാലത്ത് ആഹാരം ശേഖരിച്ചുവെക്കുന്നു. അത്തരം ധാന്യങ്ങളില്‍ മുള പൊട്ടിയാല്‍ അവ നശിച്ചുപോകുമോ എന്നു കരുതി വേരുകള്‍ അറുത്തിടുന്നു. മഴ പെയ്ത് ധാന്യങ്ങള്‍ നനഞ്ഞുപോയാല്‍ അവ വെയിലത്തിട്ട് ഉണക്കി തിരികെ കൊണ്ടുപോകുന്നു. ധാന്യത്തിലെ ഈര്‍പം മുളപൊട്ടാന്‍ സഹായകമാകുമോ എന്ന ഭയത്താലാണ് ഇങ്ങനെ ചെയ്യുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter