ത്വബരി: തഫ്‌സീര്‍ രചനകളുടെ മാര്‍ഗദര്‍ശി

ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളാണ് തഫ്‌സീറുകള്‍. അവതരണകാലം തൊട്ടുതന്നെ വിശുദ്ധ ഗ്രന്ഥത്തിന്റെ വ്യാഖ്യാന പ്രക്രിയക്കു മുഹമ്മദ് നബി(സ്വ)യും അനുചരന്മാരും തുടക്കം കുറിച്ചിരുന്നുവെങ്കിലും തഫ്‌സീര്‍ ഗ്രന്ഥങ്ങളായവ വികാസം പ്രാപിക്കുന്നത് തുടര്‍നൂറ്റാണ്ടുകളിലാണ്. മൂന്നാം ഇസ്‌ലാമിക നൂറ്റാണ്ടിലെ വിശ്രുത പണ്ഡിതനായ അബൂജഅ്ഫര്‍ മുഹമ്മദ് ബിന്‍ ജരീര്‍ അല്‍ ത്വബരിയുടെ 'തഫ്‌സീര്‍ ത്വബരി' ആദ്യ ഖുര്‍ആനിക വ്യാഖ്യാനമായി ഗണിക്കപ്പെടുന്നു.

ഖുര്‍ആന്‍ വ്യാഖ്യാന മേഖലയില്‍ പില്‍ക്കാലത്തു വിരചിതമായ തഫ്‌സീര്‍ സംരംഭങ്ങളെല്ലാം ഏറ്റക്കുറച്ചിലുകളോടെ ഈ ഗ്രന്ഥത്തില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ടവയാണെന്ന അനിഷേധ്യ വസ്തുത മാത്രം മതി ത്വബരിയുടെ ജ്ഞാനമാഹാത്മ്യം വിലയിരുത്താന്‍. പേര്‍ഷ്യന്‍ പ്രവിശ്യയായ ത്വബരിസ്ഥാനില്‍ 839ല്‍ (ഹിജ്‌റ 224) ജനനം. അനുകൂലമായ കുടുംബ സാഹചര്യങ്ങള്‍ ചെറുപ്രായത്തിലേ ത്വബരിയിലെ പണ്ഡിതനെ ഉത്തേജിപ്പിച്ചു. വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണമായും ഹൃദിസ്ഥമാക്കുമ്പോള്‍ പ്രായം വെറും ഏഴ്! റയ്യ്, ബഗ്ദാദ്, ബസ്വ്‌റ, കൂഫ, വാസിഥ് എന്നിവിടങ്ങളിലെ വിശ്രുത ഗുരുനാഥന്മാരില്‍ നിന്ന് വിവിധ ജ്ഞാനശാഖകളില്‍ ഉപരിപഠനം.

അബൂഅബ്ദില്ലാഹ് മുഹമ്മദ് ബിന്‍ ഹുമൈദ് അല്‍റാസി പ്രധാന ഗുരുനാഥന്‍. റയ്യ് നഗരത്തില്‍ ഇബ്‌നുഹുമൈദിനൊപ്പം ചെലവഴിച്ച അഞ്ചു വര്‍ഷങ്ങള്‍ വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായിത്തീര്‍ന്നു. ഹന്‍ബലി കര്‍മശാസ്ത്ര സരണിയുടെ സ്ഥാപകന്‍ അഹ്‍മ്മദ് ബിന്‍ ഹന്‍ബല്‍ (780-855 AC), ദാഹിരി സരണിയുടെ വിധാതാവ് ദാവൂദ് അല്‍ദാഹിരി (815–883 AC) തുടങ്ങി അതാതു മേഖലകളിലെ അതികായരായ ഒട്ടനേകം ഗുരുനാഥന്മാര്‍.. മതം, സാഹിത്യം, ചരിത്രം എന്നിവയുടെ അഗാധവും അത്ഭുതകരവുമായ മിശ്രണമാണ് ത്വബരിയുടെ ജ്ഞാനലോകം.'

Also read: https://islamonweb.net/ml/%E0%B4%AE%E0%B4%B8%E0%B4%B2%E0%B4%B2%E0%B4%95%E0%B4%A4%E0%B4%A4-%E0%B4%B5%E0%B4%96%E0%B4%AF%E0%B4%A4-%E0%B4%A4%E0%B4%AB%E0%B4%B8%E0%B4%B1%E0%B4%95%E0%B4%B3-%E0%B4%AE%E0%B4%AB%E0%B4%B8%E0%B4%B8%E0%B4%B1%E0%B4%95%E0%B4%B3-17

ഇസ്‌ലാമിക വിജ്ഞാനീയങ്ങളായ ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, കലാം തുടങ്ങിയവയെയെല്ലാം അറബി സാഹിത്യവും വിശ്വചരിത്രവുമായി ആധികാരികമായദ്ദേഹം ബന്ധിപ്പിച്ചു. ഇസ്‌ലാമിക ജ്ഞാനചരിത്രത്തിലെ അത്യുജ്ജ്വല യുഗങ്ങളിലൊന്നായാണ് താന്‍ ജീവിച്ച മൂന്നാം നൂറ്റാണ്ട് ഗണിക്കപ്പെടുന്നത്. വിവിധ ജ്ഞാനശാഖകളുടെ ഉദ്ഭവം, കര്‍മശാസ്ത്ര സരണികളുടെ ജനനം, ആധികാരിക ഹദീസ് ഗ്രന്ഥങ്ങളുടെ സമാഹരണം, വിവിധ തഫ്‌സീര്‍ സങ്കേതങ്ങളുടെ വികാസം എന്നിവയെല്ലാം സംഭവിച്ചത് ഇതേ കാലയളവിലായിരുന്നു. ചരിത്രം, ഹദീസ്, കര്‍മശാസ്ത്രം തുടങ്ങി വിവിധ മേഖലകളില്‍ രചന നടത്തിയിട്ടുണ്ടെങ്കിലും, ഇസ്‌ലാമിക ജ്ഞാനീയങ്ങള്‍ക്കുള്ള ത്വബരിയുടെ ഏറ്റവും വലിയ കരുതിവെപ്പ് ''ജാമിഉല്‍ ബയാന്‍ അന്‍ തഅ്‌വീലി ആയില്‍ ഖുര്‍ആന്‍'' ആണെന്നു നിസംശയം പറയാം.

രചയിതാവിലേക്കു ചേര്‍ത്ത് 'തഫ്‌സീര്‍ ത്വബരി' എന്ന പേരില്‍ വിശ്രുതമായ മാസ്റ്റര്‍പീസ് ഗ്രന്ഥം മുപ്പതു ബൃഹദ് വാല്യങ്ങളിലായി വിശുദ്ധ ഖുര്‍ആന്‍ സാരങ്ങളുടെ വലിയൊരു കലവറ തന്നെ തുറന്നുതരുന്നതാണ്. ഏറ്റവും മികച്ച തഫ്‌സീര്‍ ഗ്രന്ഥം ത്വബരിയുടേതാണെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട് ജലാലുദ്ദീന്‍ സുയൂത്വി (849-911). ത്വബരിയുടേതുപോലെ മറ്റൊരു തഫ്‌സീറും വിരചിതമായിട്ടില്ലെന്നു തീര്‍ത്തു പറയുന്നു ഇമാം നവവി (631-676). 'തഫ്‌സീര്‍ ത്വബരി ഞാന്‍ ആദ്യന്തം വായിച്ചു; ആകാശത്തിനു കീഴെ ത്വബരിയെക്കാള്‍ ജ്ഞാനിയായൊരാളെ എനിക്കറിയില്ലെ'ന്ന് സമകാലികനായ ഇബ്‌നു ഖുസൈമ(223-311)യുടെ സാക്ഷ്യപത്രം. അബൂഹാമിദ് ഇസ്ഫറായീനി (344-406), ഇബ്‌നു തൈമിയ്യ (661-728), ജര്‍മന്‍ ഓറിയന്റലിസ്റ്റ് തിയോഡര്‍ നോള്‍ഡൊകെ (1836-1930) തുടങ്ങിയവര്‍ വരെ ഇതേനിലപാട് കൈക്കൊള്ളുകയുണ്ടായി.

ഇടക്കാലത്ത് ജ്ഞാനലോകത്തു നിന്നുതന്നെ പിന്‍വാങ്ങിയെന്നു കരുതപ്പെട്ട അമൂല്യഗ്രന്ഥത്തിന്റെ കൈയെഴുത്തുപ്രതി പത്തൊമ്പതാം നൂറ്റാണ്ടില്‍ ഒരു നജ്ദ് ഭരണാധികാരിയില്‍ നിന്ന് കണ്ടെടുത്തതോടെയാണ് നമ്മുടെ കാലത്തിനും തഫ്‌സീര്‍ ത്വബരി വായിക്കാന്‍ നിയോഗമുണ്ടായത്. ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രത്തിലെ വിവിധ സമീപനങ്ങളില്‍ ഏറ്റവും ആധികാരികതയുള്ളതാണ് നിവേദനാത്മക സങ്കേതം (തഫ്‌സീര്‍ ബില്‍-മഅ്‌സൂര്‍). തഫ്‌സീര്‍ ബില്‍-മഅ്‌സൂറിന്റെ എക്കാലത്തെയും പ്രമുഖ വക്താവായി ഗണിക്കപ്പെടുന്ന ത്വബരി, തന്റെ രചനയിലും ഇതേ സങ്കേതം അവലംബിച്ചിരിക്കുന്നു. ഖുര്‍ആനിക സൂക്തങ്ങള്‍ക്ക് മറ്റു ഖുര്‍ആന്‍ വചനങ്ങള്‍, പ്രവാചക മൊഴിമുത്തുകള്‍, പ്രവാചകാനുചരന്മാരുടെ വീക്ഷണങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് വ്യാഖ്യാനം കണ്ടെത്തുന്ന രീതിയാണിത്.

ചരിത്രം, ഭാഷ, കര്‍മശാസ്ത്രം എന്നിവക്കും ഖുര്‍ആന്‍ വ്യാഖ്യാനപ്രക്രിയയില്‍ അദ്ദേഹം ഊന്നല്‍ നല്‍കി. ഖുര്‍ആന്‍ വചനങ്ങളുടെ വിശദീകരണമായി വന്ന നിവേദനങ്ങളത്രയും നിവേദകപരമ്പര സഹിതം ഉദ്ധരിക്കുകയും അവയെ താരതമ്യവിധേയമാക്കുകയും, വേണ്ടിടത്ത് സ്വന്തംപക്ഷം വെളിപ്പെടുത്തുകയും ചെയ്യുന്ന സവിശേഷമായ രീതിയാണദ്ദേഹത്തിന്റേത്. അതേസമയം, തഫ്‌സീര്‍ ബില്‍-മഅ്‌സൂറിലെ പ്രധാന വെല്ലുവിളികളിലൊന്നായ ഇസ്‌റാഈലിയ്യാത്തില്‍ നിന്ന് തഫ്‌സീര്‍ ത്വബരിയും മുക്തമല്ല. ജൂത-ക്രൈസ്തവ സ്രോതസുകളില്‍ നിന്ന് ഇസ്‌ലാമിക സമൂഹത്തിലേക്കു കടന്നുകയറിയ കഥകളും നിവേദനങ്ങളുമാണിവ. ഇസ്‌ലാമിലേക്കു കടന്നുവന്ന ഇതരമതസ്ഥര്‍ വഴിയായിരുന്നു പ്രധാനമായും ഇത്തരം നിവേദനങ്ങളുടെ കൈമാറ്റം. ''തഫ്‌സീര്‍ ത്വബരിയിലെ ഇസ്‌റാഈലിയ്യാത്തുകള്‍'' എന്ന വിഷയത്തില്‍ ഡോ. ആമാല്‍ അബ്ദുര്‍റഹ്‍മാന്‍ റബീഅ് കെയ്‌റോ യൂനിവേഴ്‌സിറ്റിയില്‍ സമര്‍പ്പിച്ച ഗവേഷണപ്രബന്ധം പ്രസക്തമാണ്.

Also read: https://islamonweb.net/ml/%E0%B4%AE%E0%B4%B8%E0%B4%B2%E0%B4%B2%E0%B4%95%E0%B4%A4%E0%B4%A4-%E0%B4%B5%E0%B4%96%E0%B4%AF%E0%B4%A4-%E0%B4%A4%E0%B4%AB%E0%B4%B8%E0%B4%B1%E0%B4%95%E0%B4%B3-%E0%B4%AE%E0%B4%AB%E0%B4%B8%E0%B4%B8%E0%B4%B1%E0%B4%95%E0%B4%B3-17

നിവേദക പരമ്പര സഹിതം ഉദ്ധരിച്ചവയായതിനാല്‍ തഫ്സീര്‍ ത്വബരിയിലെ ഇസ്‌റാഈലിയ്യാത്തുകളെ തിരിച്ചറിയാനെളുപ്പമാണ്. ആയര്‍ത്ഥത്തില്‍, അവയുടെ വിവേചനാധികാരം അനുവാചകനു വിട്ടുതരികയാണ് ത്വബരി ചെയ്തതെന്ന് ഇവ്വിഷയകമായ നിരീക്ഷണങ്ങളില്‍ നിന്ന് വ്യക്തമാവുന്നു. ചരിത്രശാഖയ്ക്കുള്ള ത്വബരിയുടെ കനപ്പെട്ട സംഭാവനയാണ് ''താരീഖുല്‍ ഉമമി വല്‍മുലൂക്''; ''താരീഖു റുസുലി വല്‍മുലൂക്'' എന്നും വായനാഭേദമുണ്ട്. തഫ്‌സീര്‍ ഗ്രന്ഥത്തെപ്പോലെ രചയിതാവിലേക്കു ചേര്‍ത്ത് 'താരീഖു ത്വബരി' എന്ന പേരിലാണ് ഇതും അറിയപ്പെടുന്നത്. മനുഷ്യോത്പത്തി മുതല്‍ ഹിജ്‌റ 303ല്‍ രചന പൂര്‍ത്തിയാകുന്നതുവരെയുള്ള ലോകചരിത്രം വിവിധ സ്രോതസുകള്‍ സഹിതം ഗ്രന്ഥത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. 'ആധികാരിക ചരിത്രകാരന്‍' എന്നാണ് ഇബ്‌നുഖല്‍ദൂന്‍ (1332-1406) ത്വബരിയെ വിശേഷിപ്പിക്കുന്നത്. ശിയാ ഗൂഢശ്രമങ്ങളുടെ ഫലമായി ഒട്ടേറെ തിരുത്തലുകള്‍ക്കു വിധേയമായതാണ് പ്രചാരത്തിലുള്ള 'താരീഖു ത്വബരി' എന്ന വാദഗതിയും പ്രബലമാണ്.

മുസ്‌ലിം ലോകത്തിന്റെയും മധ്യപൗരസ്ത്യ ദേശത്തിന്റെയും ആധികാരിക ചരിത്രരേഖയായി ഓറിയന്‍റലിസ്റ്റുകള്‍ ഉപയോഗിച്ചു തുടങ്ങിയതോടെ പാശ്ചാത്യലോകത്തും ഗ്രന്ഥം ചിരപരിചിതമായിത്തീര്‍ന്നു. ചരിത്രഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നാല്‍പതു വാല്യങ്ങളിലായി അമേരിക്കയില്‍ നിന്നു പുറത്തിറക്കിയിരിക്കുന്നു, സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്ക് പ്രസ് (1985). ത്വബരിയുടെ ശിഷ്യനായ അബ്ദുല്ലാഹ് ബിന്‍ അഹ്മദ് ഫര്‍ഗാനി രചിച്ച താരീഖു ത്വബരിയുടെ തുടര്‍ഗ്രന്ഥവും (അല്‍സ്വില) പ്രസിദ്ധമാണ്. ഇസ്‌ലാമിക കര്‍മശാസ്ത്രത്തിലും ത്വബരി വ്യക്തിമുദ്ര പതിപ്പിക്കുകയുണ്ടായി. ഹന്‍ബലികളുമായി നിരന്തര സംവാദത്തിലേര്‍പ്പെട്ടിരുന്നു അദ്ദേഹം. ആദ്യകാലങ്ങളില്‍ ശാഫിഈ സരണിയാണ് അനുധാവനം ചെയ്തിരുന്നതെങ്കിലും സ്വന്തമായൊരു മദ്ഹബ് തന്നെ അവസാന കാലങ്ങളില്‍ അദ്ദേഹം വികസിപ്പിച്ചെടുത്തു. ഇബ്‌നുജരീര്‍ എന്നതിലേക്കു ചേര്‍ത്ത്, ജരീരി മദ്ഹബ് എന്ന പേരിലറിയപ്പെട്ട കര്‍മശാസ്ത്ര സരണി അദ്ദേഹത്തിന്റെ വിയോഗാനന്തരവും രണ്ടു ശതകത്തോളം സജീവമായി നിലനില്‍ക്കുകയുണ്ടായി.

നമസ്‌കാരങ്ങളിലെ സ്ത്രീനേതൃത്വം, വനിതാ ഭരണപങ്കാളിത്തം തുടങ്ങിയ കാര്യങ്ങളില്‍ കുറേകൂടി തുറന്ന സമീപനമായിരുന്നു ജരീരി സരണിയുടേത്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, അടിസ്ഥാന പ്രമാണങ്ങളുടെ ക്രോഡീകരണത്തിന്റെ അഭാവത്തില്‍ കാലക്രമേണ വിസ്മൃതമായിപ്പോകാനായിരുന്നു ഈ മദ്ഹബിന്റെ വിധി. ഹദീസ് ജ്ഞാനശാസ്ത്രത്തിനുള്ള ത്വബരിയുടെ ശ്രദ്ധേയ സംഭാവനയാണ് ''തഹ്ദീബുല്‍ ആസാര്‍''. ഹദീസ് ഗ്രന്ഥങ്ങളുടെ നടപ്പുശൈലിയില്‍ നിന്നു മാറി, നിവേദക പ്രധാനമായൊരു രീതിശാസ്ത്രമാണ് ഗ്രന്ഥത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. എന്നാല്‍, ഗ്രന്ഥരചന പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിനു വിധിയുണ്ടായില്ല. സ്വര്‍ഗീയരായ പത്തു സ്വഹാബികള്‍, പ്രവാചക കുടുംബാംഗങ്ങള്‍, അബ്ദുല്ലാഹ് ബിന്‍ അബ്ബാസ് എന്നിവര്‍ നിവേദനം ചെയ്ത ഹദീസുകള്‍ പൂര്‍ത്തിയായപ്പോഴേക്കും അദ്ദേഹത്തിന്റെ വിയോഗം സംഭവിച്ചു. എണ്‍പത്താറാം വയസില്‍ (923 ഫെബ്രുവരി/ ഹിജ്‌റ 310 ശവ്വാല്‍) ബഗ്ദാദില്‍ വെച്ചായിരുന്നു അന്ത്യം. അന്ത്യവിശ്രമവും ചരിത്രഭൂമിയില്‍.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter