വഹ്‌യ്: ഖുര്‍ആന്റെ അവതരണ രീതി
വിശുദ്ധ ഖുര്‍ആന്‍ പ്രവാചകര്‍ക്ക് അവതീര്‍ണമായ വഹ്‌യുകളാണ്. അല്ലാഹുവിന്റെ ദൗത്യവുമായി മലക്ക് പ്രവാചകരുടെ അടുത്തു വരുന്നു. അവരെ ബോധനം ചെയ്യുന്നു. ഈ ബോധനം അഥവാ വഹ്‌യ് വ്യത്യസ്ത രൂപത്തില്‍ ലഭിക്കാറുണ്ട്. വഹ്‌യുകളുടെ സമാഹാരമായ ഖുര്‍ആന്‍ അജയ്യമായ ഒരു സത്യമാണ്. അതിന്റെ മുമ്പില്‍ ശത്രുക്കള്‍ അനവധി ഉണ്ടാകുമെന്ന് അതിന്റെ അവതാരകനായ സര്‍വജ്ഞന് നേരത്തെ അറിയാമായിരുന്നു. അതുപോലെയൊക്കെത്തന്നെ സംഭവിച്ചു. മുഹമ്മദിന് ഭ്രാന്താണ്, അവന്‍ പറയുന്ന ഈ ഖുര്‍ആന്‍ കവിതയാണ്, ജ്യോത്സ്യമാണ്, അവന്‍ മക്കയുടെ പുറത്തുപോയി പഠിച്ചുവരികയാണ് എന്നൊക്കെ അവര്‍ മാറിമാറിപ്പറഞ്ഞുനോക്കി. വേറെ ചിലപ്പോള്‍ അത് ഇറക്കപ്പെടുന്ന ആളുടെ അയോഗ്യതയാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. ഇതെന്തേ പ്രമുഖനും പ്രസിദ്ധനുമായ ഒരു ഉന്നത വ്യക്തിക്ക് ഇറക്കപ്പെട്ടില്ല, ലോകത്തിന് ഖുര്‍ആന്‍ പഠിപ്പിക്കാനെന്തേ ഒരു മാലാഖ വന്നില്ല? ഇങ്ങനെ പലതും.
ഈ പ്രതിയോഗികളോടൊക്കെ ഖുര്‍ആന്‍ വളരെ ശാന്തമായി പ്രതികരിച്ചു. സംഗതിയുടെ യാഥാര്‍ത്ഥ്യം വ്യക്തമാക്കിക്കൊടുത്ത ശേഷം പറഞ്ഞു: "ഇനി നാം നമ്മുടെ അടിമക്ക് ഇറക്കിയതിനെക്കുറിച്ച് നിങ്ങള്‍ സംശയാലുക്കള്‍ തന്നെയാണെങ്കില്‍ ഇതുപോലെ ഒരു സൂറ നിങ്ങള്‍ കൊണ്ടുവരൂ". ഒരു സൂറ എന്നാല്‍, സാധാരണ മുസ്ഹഫുകളില്‍ ഒരു ഒറ്റവരിയിലെഴുതുന്ന മൂന്നു കൊച്ചു വാക്യങ്ങളാണ്. അതൊരു വെല്ലുവിളിയായിരുന്നു.  അത് ഇന്നും അതേപടി നിലനില്‍ക്കുകയാണ്. ആര്‍ക്കും നേരിടാന്‍ കഴിയാതെ. മുകളില്‍ പറഞ്ഞത് പതിനാലു നൂറ്റാണ്ടുകള്‍ക്കുമുമ്പു ജീവിച്ച പൗരാണികരെക്കുറിച്ചാണ്. ഖുര്‍ആന്‍ അംഗീകരിക്കാന്‍ സന്മനസ്സ് കാണിക്കാത്തവരില്‍നിന്നുണ്ടായ വിലകുറഞ്ഞ പ്രതികരണങ്ങളാണിത്. അവയിലൊക്കെ അവര്‍ അമ്പേ പരാചയപ്പെടുകയും ചെയ്തു. എന്നാല്‍, വഹ്‌യിന്റെ സാധുതയിലവര്‍ സംശയിക്കുകയോ അതിന്റെ സ്വീകാര്യതയെ അവര്‍ ചോദ്യം ചെയ്യുകയോ ചെയ്തിരുന്നില്ല.
പില്‍കാലത്തുവന്ന അതി ബുദ്ധിമാന്മാരായ ഓറിയന്റലിസ്റ്റുകള്‍ ചിത്രം ആദ്യന്തം സ്പഷ്ടമായി വിശകലനം ചെയ്യുകയും പ്രശ്‌നങ്ങള്‍ വ്യക്തമായി പഠിക്കുകയും ചെയ്തു. ഖുര്‍ആന്‍ എന്ന അല്‍ഭുത പ്രതിഭാസത്തിന്റെ ഏതെങ്കിലുമൊരംശമോ ഏതെങ്കിലുമൊരു സ്വഭാവമോ എടുത്ത് അതിനെ പരാചയപ്പെടുത്താന്‍ സാധ്യമല്ലെന്നവര്‍ക്ക് ഉത്തമ വിശ്വാസമുണ്ടായിരുന്നു. അക്കാരണത്താല്‍, ഇനി അവശേഷിക്കുന്നത് ഒരൊറ്റ കുതന്ത്രം മാത്രമാണെന്നവര്‍ കണ്ടുപിടിച്ചു. വഹ്‌യിനെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പ്രചരിപ്പിച്ച് അതിന്റെ വിശ്വസനീയത ശിഥിലമാക്കിക്കളയുക. ബുദ്ധിയുടെ ഉരക്കല്ലില്‍ മാറ്റുരച്ച് വഹ്‌യിനെയും വിലയിരുത്താന്‍ ലോകത്തെ പ്രേരിപ്പിക്കുക. ഇങ്ങനെ വഹ്‌യിനെതിരെ ഓറിയന്റലിസ്റ്റുകള്‍ പെരുമ്പറയടിക്കാന്‍ തുടങ്ങി. ഖുര്‍ആന്റെ സാധുതയെപ്പറ്റിയോ അതിന്റെ ഉള്ളടക്കത്തില്‍ ഏതെങ്കിലും ഭാഗത്തെക്കുറിച്ചോ അവരില്‍ പലരും ക മ എന്നു മിണ്ടിയില്ല. മറിച്ച്, വഹ്‌യ് ആയി ചര്‍ച്ചാവിഷയം. മുഹമ്മദ് നബിക്ക് മനോരാഗമോ അപസ്മാരമോ ഉണ്ടായിരുന്നതായി അവര്‍ പ്രചരണം നടത്തി. ഈ വാദങ്ങളുടെ വക്താവായി മലയാളത്തില്‍ അവതരിച്ച ഇടമുറക് എഴുതുന്നത് കാണുക: .....മുഹമ്മദ് നബിയുടെ ദര്‍ശനങ്ങള്‍ അദ്ദേഹത്തെ ബാധിച്ചിരുന്ന സ്‌കിസോഫ്രേനിയ രോഗത്തിന്റെ ഫലമായിരുന്നുവെന്നുള്ളത് വ്യക്തമാണ്. ഹദീസുകള്‍ വായിക്കുമ്പോള്‍ നബി ഒരു മാനസികരോഗിയായിരുന്നുവെന്ന് തെളിയിക്കുന്ന മറ്റു നിരവധി സംഭവങ്ങള്‍ കാണാം (ഖുര്‍ആന്‍ ഒരു വിമര്‍ശന പഠനം: 43). അനാഥത്വം, അമിതലാളന, സുരക്ഷിതബോധമില്ലായ്മ, അതിരുകവിഞ്ഞ അച്ചടക്കം തുടങ്ങിയവ മൂലമാണ് നബി മാനസികരോഗിയായതെന്നും ഇടക് പറയുന്നുണ്ട് (പേ: 46).
ഇതുപോലെ പ്രതിയോഗികളുടെ ജല്‍പനങ്ങള്‍ ഒട്ടേറെയാണ്. അതൊക്കെ ഇവിടെ എന്തിന് പകര്‍ത്തണം? പക്ഷെ, മുകളില്‍ ഉദ്ധരിച്ചത് തന്നെ ചിന്തിച്ചുനോക്കൂ. സത്യത്തിനുനേരെ ഇങ്ങനെ നിര്‍ലജ്ജം  കൊഞ്ഞനം കാട്ടുവാനും മനുഷ്യന് കഴിയുന്നുണ്ടോ എന്നതാണ് സങ്കടകരം! ആദ്യ വഹ്‌യ് ലഭിക്കുന്നതുവരെ നബിയുടെ ജീവിതം -ശേഷമുള്ളതും- ഒരു തുറന്ന പുസ്തകമായിരുന്നു. കൊടിയ ശത്രുപോലെ ആ പവിത്ര ജീവിതത്തിനെതിരെ ഒരു അക്ഷരമുരിയാടിയിട്ടില്ല. സാമൂഹിക രംഗത്തും രാഷ്ട്രീയ രംഗത്തുമൊക്കെ നബി സുസമ്മതനായിരുന്നു. ദൗത്യലബ്ധിക്കുടനെ അവിടന്ന് മക്കക്കാരെ അബൂഖുബൈസ് പര്‍വതത്തില്‍ വിളിച്ചുചേര്‍ത്തു. അപ്പുറത്തുനിന്ന് ഒരു സൈന്യം നിങ്ങളെ ആക്രമിക്കാന്‍ വരുന്നുണ്ടെന്നു ഞാന്‍ പറഞ്ഞാല്‍  നിങ്ങള്‍ വിശ്വസിക്കുമോ എന്ന് ചോദിച്ചു. അവര്‍ എല്ലാരും ഉവ്വ് എന്ന് പ്രതികരിച്ചു. കാരണം, മറിച്ചു പറയേണ്ട ഒരനുഭവം അവരില്‍ ഏതെങ്കിലും ഒരാള്‍ക്ക് ഏതെങ്കിലും ഒരു വിഷയത്തില്‍ ഉണ്ടായിരുന്നില്ല. ഇത്രയുമായപ്പോള്‍ നബി സംഗതി പറഞ്ഞു- ഇസ്‌ലാമിനെപ്പറ്റി. അവര്‍ ഞെട്ടിത്തരിച്ചു. നബിയെ തള്ളിപ്പറഞ്ഞു. അപ്പോഴും അവരാരും നീ ഭ്രാന്താണ് പറയുന്നതെന്ന്, നിനക്ക് മനോരോഗമുണ്ടെന്നോ ഉണ്ടായിരുന്നെല്ലോ എന്നൊന്നും പറഞ്ഞിരുന്നില്ല. ഓറിയന്റലിസ്റ്റുകളുടെ വാദത്തില്‍ ഒരു തരിമ്പെങ്കിലും സത്യമുണ്ടായിരുന്നെങ്കില്‍ അവര്‍ വായ് തുറന്ന ഉടനെ അതായിരുന്നു പറയേണ്ടത്.
അബൂ സുഫ്‌യാന്‍ റോം ചക്രവര്‍ത്തി (കൈസർ) ഹിര്‍ക്വലിന്റെ സദസില്‍ വെച്ച് നബിയെക്കുറിച്ച് ചോദ്യം ചെയ്യപ്പെട്ട സംഭവം പ്രസിദ്ധമാണ്. നബിയുടെ ഒന്നാംനമ്പര്‍ ശത്രുവും സമൂഹത്തെയാകെ നബിക്കെതിരെ ഇളക്കിവിടുന്നതില്‍ നിരന്തര സേവനങ്ങള്‍ അര്‍പ്പിച്ചുകൊണ്ടിരുന്ന ഖുറൈശീനേതാവുമായ അബൂ സുഫ്‌യാന്‍ (പിന്നീട് അദ്ദേഹം മുസ്ലിമായി) നബിയെക്കുറിച്ച് എന്തെങ്കിലും ഒരു മോശമായ അഭിപ്രായം പോലും പറഞ്ഞിട്ടില്ലായെന്നത് സുജ്ഞാതമാണ്. സത്യത്തിന്റെ കണികയെങ്കിലും ഓറിയന്റലിസ്റ്റു വാദത്തിലുണ്ടായിരുന്നെങ്കില്‍ ഉത്തര ക്ഷണത്തില്‍ അവന്‍ ഭ്രാന്തനാണ് എന്ന് ഹിര്‍ക്വല്‍ ചക്രവർത്തിയുടെ  മുമ്പില്‍ അദ്ദേഹം ബോധിപ്പിക്കുമായിരുന്നു. ഇതൊക്കെ പക്ഷെ, സത്യങ്ങളാണ്. ഓറിയന്റലിസ്റ്റുകള്‍ക്കും ഇസ്‌ലാമിന്റെ പ്രതിയോഗികള്‍ക്കുമൊന്നും വലിയ സത്യദീക്ഷ ഇല്ലെന്ന് അവരുടെ ഗ്രന്ഥങ്ങളും വാദഗതികളും പ്രവര്‍ത്തനങ്ങളും പരിശോധിച്ചാല്‍ വ്യക്തമാകും. യഥാര്‍ത്ഥത്തില്‍ വഹ്‌യിനെ നിഷേധിക്കാന്‍ മുഹമ്മദ് നബിയെ ഭ്രാന്തനേക്കേണ്ടിവന്നു ഇവര്‍ക്ക്.
അത്രമാത്രം അവിശ്വസനീയമോ അയുക്തികമോ ഒന്നുമല്ല വഹ്‌യ് എന്ന് അല്‍പം ചിന്തിച്ചാല്‍ മനസ്സിലാക്കാം. ദൈവം അവന്റെ ദൂതന്മാരുമായി ബന്ധപ്പെടുന്ന മാധ്യമമാണ് വഹ്‌യ്. ഇത് വിവിധ രീതിയിലുണ്ടാകും. അതിവിടെ വിവരിക്കുന്നില്ല. എന്നാല്‍, കാര്യകാരണ ബന്ധങ്ങളിലൂടെയും ഭൗതിക മാനദണ്ഡങ്ങള്‍ക്കധീനമായും അല്ല ഇത് സംഭവിക്കുന്നത് എന്നതിനാലാണ് പ്രതിയോഗികള്‍ അത് നിഷേധിക്കുന്നത്. ആധുനിക ശാസ്ത്രത്തെയും മന:ശാസ്ത്രത്തെയും കുറിച്ച് ഇവര്‍ പഠിക്കണമെന്നാണ് നമുക്ക് അവരോട് അപേക്ഷിക്കാനുള്ളത്. മനുഷ്യമനസ്സിന്റെ അത്യല്‍ഭുതകരവും നിഗൂഢവുമായ പല സിദ്ധികളെയും കുറിച്ച് സൈക്കോളജിയും പാരാസൈക്കോളജിയും ഇന്ന് കണ്ടുപിടിത്തങ്ങള്‍ നടത്തിക്കൊണ്ടിരിക്കയാണ്. വഹ്‌യിന്റെ സാധ്യതയും സാധുതയും ഗ്രഹിക്കാന്‍ ആധുനികന് ഏറ്റവും പറ്റിയ ഒരു ഉദാഹരണമാണ് ഹിപ്‌നോട്ടിസം. അതിന് വിധേയനാകുന്ന വ്യക്തിയില്‍നിന്ന് തീര്‍ത്തും പുതിയൊരു മനുഷ്യനെ ഉണ്ടാക്കാന്‍ ഹിപ്‌നോട്ടിസ്റ്റിന് സാധിക്കുന്നു. മനുഷ്യന്റെ മനസ്സുകള്‍ക്ക് വ്യത്യസ്തവും വിവിധവുമായ മേഖലകളും മണ്ഡലങ്ങളുമുണ്ട് എന്നത് ഇതില്‍നിന്നും വ്യക്തമാണെല്ലോ.
ഡ്യൂക് യൂണിവേഴ്‌സിറ്റിയിലെ ഡോ. റൈന്‍ ഒരു പാരാസൈക്കോളജി പണ്ഡിതനാണ്. താനും സഹധര്‍മിണിയും ഈ വിഷയത്തില്‍ രണ്ടു പതിറ്റാണ്ടുനീണ്ട പഠനവും ഗവേഷണവും നടത്തുകയുണ്ടായി. ഡോ. റൈനിന്റെ അഭിപ്രായങ്ങള്‍ ആരെയും ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്. അദ്ദേഹം എഴുതുന്നു: .... മനുഷ്യര്‍ക്ക് മനസ്സിനെക്കുറിച്ചുള്ള പരിജ്ഞാനം ഇപ്പോള്‍ പരിമിതമാണ്. അതുകൊണ്ടുതന്നെ പുതിയ അറിവുകള്‍ നേടാന്‍ നമ്മള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഒരു കാര്യം നമുക്ക് വ്യക്തമായി മനസ്സിലാക്കാം: സാധാരണയായി അംഗീകരിക്കപ്പെട്ടിട്ടുള്ള വ്യക്തികളില്‍നിന്ന് വ്യത്യസ്തമായോ അതീതമായോ മറ്റു ചില ശക്തികള്‍ നിലനില്‍ക്കുന്നുണ്ട്. ദൂരവും സമയവും തടസ്സങ്ങളാവാതെ വിചാരങ്ങളുടെ പരസ്പര വിനിമയ സാധ്യത, കണ്ണുകളുടെ സഹായും കൂടാതെ കാണാനുള്ള കഴിവ്, ജ്ഞാനേന്ത്രിയങ്ങളുടെ സഹായം കൂടാതെ അറിയാനുള്ള കഴിവ്, ഭാവിയെക്കുറിച്ച് മുന്‍കൂട്ടി അറിയാനുള്ള സാധ്യത- ഈ വക പ്രക്രിയകള്‍ അബദ്ധവശാലോ  യാദൃച്ഛികമോ ആയല്ല സംഭവിക്കുന്നത് എന്ന് സംശയാതീതമായി തെളിഞ്ഞുകഴിഞ്ഞു (മാതൃഭൂമി ആഴ്ചപ്പതിപ്പ് 10-7-79).
ടെലഫോണ്‍, വയര്‍ലസ്, ടെലക്‌സ് തുടങ്ങി മനുഷ്യനിര്‍മിതമായ മാധ്യമങ്ങളിലൂടെ ഇന്നു നാം ക്ഷണ നേരംകൊണ്ട് ആയിരക്കണക്കിന് നാഴികകള്‍ക്കപ്പുറത്തേക്ക് സംസാരിക്കുകയും അവിടെനിന്നുള്ള സന്ദേശങ്ങള്‍ ഇങ്ങോട്ട് സ്വീകരിക്കുകയും ചെയ്യുന്നില്ലേ? അത്യുന്നതമായ വ്യക്തിപ്രഭാവമുള്ളവര്‍ക്ക് മാനസികമായി അല്‍ഭുതകരമായ ഒരു അവസ്ഥയുണ്ടെന്ന്  കാലാകാലങ്ങളായി അംഗീകരിക്കപ്പെട്ടുപോന്നതാണ്. സുപ്രസിദ്ധ തത്വശാസ്ത്രജ്ഞനായ പ്ലാറ്റോ ഇതിനെ ദിവ്യശക്തി എന്നാണ് വിളിക്കുന്നത്. ആധുനിക ശാസ്ത്രവും ഇതംഗീകരിച്ച് കഴിഞ്ഞിരിക്കുന്നു. ഇപ്പറഞ്ഞതെല്ലാം ആധുനിക മനുഷ്യന് സുരിചിതമായ കാര്യങ്ങളും മാധ്യമങ്ങളുമാണ്. ഇവ മുമ്പില്‍വെച്ച് പരിശോധിച്ചാല്‍തന്നെ വഹ്‌യ് അയുകമെന്ന് പറഞ്ഞ് തള്ളിക്കളയേണ്ടതില്ലെന്ന് വ്യക്തമാകും.  എന്നാല്‍, നാം ഇവിടെ പറയുന്ന വഹ്‌യ് എവിടെനിന്ന് ആര്‍ക്കുണ്ടായി എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. മേല്‍പറഞ്ഞ സാധനസാമഗ്രികളും യന്ത്രങ്ങളുമൊക്കെ കണ്ടുപിടിക്കുവാന്‍ മനുഷ്യന് വഴിതെളിയിച്ചുകൊടുത്ത സര്‍വ ശക്തന്‍ അവന്റെ ഏറ്റവും പ്രിയപ്പെട്ട അടിമക്ക് (മുഹമ്മദ് നബിക്ക്) നല്‍കുന്നതാണ് ഈ വഹ്‌യ്. അതിന്റെ ആവശ്യമോ? ലോകത്തിന് മാര്‍ഗദര്‍ശനം നല്‍കുകയെന്ന മഹത്തായ കാര്യവും. തനിക്ക് ഇങ്ങനെ വഹ്‌യ് ലഭിക്കുന്നുവെന്ന് പറയുന്നതോ? ജീവിതത്തിന്റെ നീണ്ട 63 വര്‍ഷങ്ങളില്‍ ഒരിക്കല്‍പോലും ഒരു കളവെങ്കിലും  പറഞ്ഞിട്ടുണ്ടെന്ന് ആരാലും തെളിയിക്കപ്പെടാത്ത ഒരു മഹാമനുഷ്യന്‍!
വഹ്‌യിന്റെ സാധ്യതയെയും സാധുതയെയും മനസ്സിലാക്കാന്‍ തികച്ചും പര്യാപ്തമായ ഹിപ്‌നോട്ടിസവും പാരാസൈക്കോളജിയും ടെലിപ്പതിയും മറ്റുമൊക്കെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ യുഗത്തില്‍, സര്‍വശക്തനായ അല്ലാഹു മുഹമ്മദ് നബിക്ക് നല്‍കിയ ദിവ്യബോധനങ്ങളെ തള്ളിപ്പറയുന്നവര്‍, ആധുനികരോ പ്രാകൃതരോ എന്നാണ് ചിന്തിക്കേണ്ടത്. ഏതായാലും, മുഹമ്മദ് നബി ലോകത്തെയാകെ പിടിച്ചുകുലുക്കിയ സാംസ്‌കാരികവും ചിന്താപരവുമായ ഒരു പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയെന്ന നഗ്ന സത്യം അമുസ്‌ലിം പണ്ഡിതന്മാരാല്‍വരെ സമ്മതിക്കപ്പെട്ടതാണ്. അപ്പോള്‍, ശ്ലാഘനീയമായ ആ മാറ്റത്തിന്റെ നായകത്വം വഹിച്ചത് ഒരു മനോരോഗിയായിരുന്നോ? പക്ഷപാതിത്വവും കുടുസ്സായ ചിന്താഗതിയുംമൂലം മനുഷ്യന്‍ സത്യം മറച്ചുപിടിക്കുമെങ്കിലും അത് അങ്ങേയറ്റം ഹീനവും തരംതാഴ്ന്നതുമായിപ്പോയത് എത്രമാത്രം ലജ്ജാകരമല്ല!  
(ഖുര്‍ആന്‍ ഡൈജസ്റ്റ്, 1985, സുന്നി പബ്ലികേഷന്‍ സെന്റര്‍, ചെമ്മാട, മലപ്പുറം)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter