സഈദ് ബിന്‍ സൈദ് (റ)

സ്വര്‍ഗംകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്തുപേരില്‍ ഒരാള്‍. പിതാവ് സൈദ് ബിന്‍ അംറ് ബിന്‍ നുഫൈല്‍. സൈദ് നേരത്തെതന്നെ ബഹുദൈവാരാധനയില്‍നിന്നും അകന്നു ജീവിച്ച വ്യക്തിയായിരുന്നു. ഇബ്‌റാഹീം നബിയുടെ ദീനില്‍ അടിയുറച്ചു നിന്ന അദ്ദേഹം കഅബ സന്ദര്‍ശിക്കുകയും ജനങ്ങളെ ബഹുദൈവാരാധനയില്‍നിന്നും അകുന്നു നില്‍ക്കാന്‍ ഉപദേശിക്കുകയും ചെയ്തു. ഈ വീട്ടില്‍ ജീവിച്ച സഈദ് (റ) നെ സംബന്ധിച്ചിടത്തോളം ഏകദൈവവിശ്വാസം ചിന്തക്ക് ഉള്‍കൊള്ളാത്ത കാര്യമായിരുന്നില്ല.  പ്രവാചകന്‍ ഇസ്‌ലാമുമായി പ്രത്യക്ഷപ്പെട്ട ഉടനെത്തന്നെ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. പ്രവാചകന്‍ ദാറുല്‍ അര്‍ഖമില്‍ പ്രവേശിക്കുന്നതിനു മുമ്പായിരുന്നു ഇത്. സഈദിനോടൊപ്പം ഭാര്യ ഫാഥിമ ബിന്‍തുല്‍ ഖഥാബും ഇസ്‌ലാം സ്വീകരിച്ചിരുന്നു. ആദ്യകാല മുസ്‌ലിംകളില്‍ പെട്ടവരായതുകൊണ്ടുതന്നെ രണ്ടു പേര്‍ക്കും അനവധി ക്ലേശങ്ങള്‍ സഹിക്കേണ്ടിവന്നു. നാനാഭാഗത്തുനിന്നും ശത്രുക്കള്‍ അവരെ മര്‍ദ്ദിക്കുകയും പീഢിപ്പിക്കുകയും ചെയ്തു. ഇവര്‍ കാരണമായിട്ടാണ് ഉമര്‍ ബിന്‍ ഖഥാബ് (റ) ഇസ്‌ലാംമതം സ്വീകരിച്ചിരുന്നത്. പ്രവാചകരെ വധിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട അദ്ദേഹം തന്റെ സഹോദരിയുടെ ഇസ്‌ലാമിനെക്കുറിച്ചറിയുകയും അവരുടെ വീട്ടിലേക്കു പുറപ്പെടുകയുമായിരുന്നു. അവിടെയെത്തിയപ്പോള്‍ ഖബ്ബാബ് ബിന്‍ അറത്തിനോടൊപ്പം അവര്‍ ഖുര്‍ആന്‍ പാരായണത്തിലാണ്. ഇതുകേട്ട ഉമര്‍ (റ) വിന്റെ മനസ്സ് മാറുകയും ഇസ്‌ലാമിലേക്കു കടന്നുവരികയുമായിരുന്നു.
ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ അനവധി ത്യാഗങ്ങള്‍ക്കു സന്നദ്ധനായ അദ്ദേഹം അബ്‌സീനിയയിലേക്കും മദീനയിലേക്കും ഹിജ്‌റ പോയിരുന്നു. മദീനയില്‍ പ്രവാചകന്‍ അദ്ദേഹത്തെ ഉബ്യ്യ് ബിന്‍ കഅബ് (റ) വുമായി ചെങ്ങാത്തത്തിലാക്കി. ബദര്‍ യുദ്ധത്തിനു മുന്നോടിയായി, ശാമില്‍നിന്നും കച്ചവടം കഴിഞ്ഞു വരുന്ന സംഘങ്ങളുടെ ചലനങ്ങളറിയാന്‍ പ്രവാചകന്‍ അയച്ചിരുന്നത് സഈദിനെയും ഥല്‍ഹത് ബിന്‍ ഉബൈദില്ലയെയുമായിരുന്നു. അതിനാല്‍, അവര്‍ക്ക് ബദര്‍ യുദ്ധത്തില്‍ പങ്കെടുക്കാനായില്ല. പ്രവാചകന്‍ ഗനീമത്ത് വിഹിതിച്ചപ്പോള്‍ അവര്‍ക്കും ഒരോഹരിയുണ്ടായിരുന്നു. ശക്തനും ധീരനുമായ അദ്ദേഹം പ്രവാചകരോടൊപ്പം മറ്റു യുദ്ധങ്ങളിലെല്ലാം പങ്കെടുത്തിട്ടുണ്ട്.
പ്രാര്‍ത്ഥനക്ക് ഉടനടി ഉത്തരം നല്‍കപ്പെട്ടിരുന്ന പണ്ഡിതനായിരുന്നു സഈദ് (റ). മര്‍വാന്‍ ബിന്‍ ഹകമിന്റെ കാലം. ഒരു സ്ത്രീ അദ്ദേഹത്തിനെതിരെ ഒരാരോപണവുമായി മുമ്പില്‍ വന്നു. അയാള്‍ തന്റെ ഭൂമി കയ്യേറി എന്നായിരുന്നു സ്ത്രീയുടെ ആരോപണം. സഈദ് (റ) ഇത് നിഷേധിച്ചു. മര്‍വാന്‍ സത്യമാവശ്യപ്പെട്ടു. സഈദ് (റ) കാര്യം തെളിച്ചു പറഞ്ഞു. ശേഷം ഇങ്ങനെ പ്രാര്‍ത്ഥിച്ചു: നാഥാ, ഇവള്‍ പറയുന്നത് കളവാണെങ്കില്‍ മരിക്കുന്നതിനു മുമ്പ് അവളുടെ കാഴ്ച ശക്തി നീ തിരിച്ചെടുക്കുകയും അവളുടെ മരണം ഒരു കിണറില്‍ വെച്ചാക്കുകയും ചെയ്യേണമേ. ശേഷം, അദ്ദേഹം തര്‍ക്ക ഭൂമി അവള്‍ക്കു ഒഴിഞ്ഞുകൊടുത്തു. താമസിയാതെ അവളുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടു. പരിചാരികയുടെ സഹായത്തോടെയാണ് പിന്നീടവള്‍ നടന്നിരുന്നത്. ഒരു രാത്രി ഉറക്കില്‍നിന്നുമെഴുന്നേറ്റ് എന്തോ ആവശ്യത്തിന് പുറത്തിറങ്ങിയ അവള്‍ മുറ്റത്തെ കിണറില്‍ വീണ് മരണമടയുകയായിരുന്നു.
ജനങ്ങള്‍ക്കിടയിലെ സര്‍വ്വാംഗീകൃതനും സ്വീകാര്യനുമായിരുന്നു സഈദ് (റ). മുസ്‌ലിംകള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ തലപൊക്കിയപ്പോള്‍ അദ്ദേഹം അതിലൊന്നും ഇടപെട്ടിരുന്നില്ല. ആരാധനയിലും ദൈവസ്മരണയിലും കഴിഞ്ഞുകൂടിയ അദ്ദേഹം ഹിജ്‌റ 51 ല്‍ വഫാത്തായി. മദീനയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter