ഇമാം അബൂ ഹനീഫ (റ)

നുഅ്മാന്‍ എന്ന് യഥാര്‍ഥ നാമം. ഇമാമുല്‍ അഅ്‌ളം എന്ന പേരില്‍  അറിയപ്പെട്ടു. പിതാവ് സാബിത് പേര്‍ഷ്യന്‍ വംശജനായ കച്ചവടക്കാരനായിരുന്നു. അബ്ദുല്‍ മലികിന്റെ ഭരണകാലത്ത് ഹിജ്‌റ 80 ല്‍ കൂഫയില്‍ ജനിച്ചു. ഇരുപതില്‍പരം സ്വഹാബികളെ കാണാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. അനസ് ബ്‌നു മാലിക് (റ), മഅ്ഖല്‍ ബിന്‍ യസാര്‍ (റ) തുടങ്ങിയവര്‍ അതില്‍ ചിലരാണ്. പിതാവ് ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടതിനാല്‍ കച്ചവടത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മുഹദ്ദിസ് ഇമാം ശുറഹ്ബീല്‍ ശഅ്ബിയുടെ നിര്‍ദേശപ്രകാരം വിജ്ഞാനരംഗത്തേക്ക് ഇറങ്ങി. വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ വിജ്ഞാനത്തിന്റെ വിവിധ ശാഖകളില്‍ അവഗാഹം നേടി.

അവരുടെ ബുദ്ധിവൈഭവവും പാണ്ഡിത്യവും സര്‍വരാലും അംഗീകരിക്കപ്പെട്ടതാണ്. പ്രധാന മദ്ഹബുകളിലൊന്നായ ഹനഫീ മദ്ഹബ് കോഡ്രീകരിക്കുകയും ജനങ്ങളുടെ ആരാധനകളും പ്രവര്‍ത്തനങ്ങളും ഖുര്‍ആനിന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തു. ലോകത്തുള്ള മുസ്‌ലിം ജനസംഖ്യയുടെ വലിയൊരു ശതമാനം ഇദ്ദേഹത്തിന്റെ മുഖല്ലിദുകളാണ്. അറിയപ്പെട്ട കര്‍മശാസ്ത്ര വിശാരദനും ഹദീസ് പണ്ഡിതനുമായിരുന്നു അബൂ ഹനീഫ (റ). ജനനംകൊണ്ടും മരണംകൊണ്ടും നാലു മദ്ഹബുകളുടെ ഇമാമുകളില്‍ ഒന്നാമനാണ്. മുഥ്‌ലഖ് മുജ്തഹിദായിരുന്ന അദ്ദേഹം ഏഴു സ്വഹാബിമാരില്‍നിന്നും നിരവധി ഥാബിഉകളില്‍നിന്നും ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാലായിരം മുഹദ്ദിസുകളില്‍ നിന്ന് ഹദീസ് രിവായത്ത് ചെയ്തിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഉജ്ജ്വല വാഗ്മിയും ദാര്‍ശനിക ചിന്തകനുമായിരുന്നു അദ്ദേഹം. വാഗ്വിലാസംകൊണ്ട് അന്ന് അദ്ദേഹത്തെ കീഴ്‌പ്പെടുത്തുവാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. അതേസമയം, വാചോയുക്തിയാല്‍ എതിരാളികളെ അടിച്ചമര്‍ത്തുവാനും ന്യായവാദങ്ങളിലൂടെ സത്യത്തിലേക്ക് മാര്‍ഗദര്‍ശനം ചെയ്യാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് അനുപമമായിരുന്നു. പലരെയും മുട്ടുകുത്തിച്ച റോമക്കാരനായ ഒരു യുക്തിവാദി അദ്ദേവുമായി വാദിക്കുകയും അല്‍പനേരംകൊണ്ടുതന്നെ പരാജയം സമ്മതിക്കുകയും ചെയ്യുകയുണ്ടായി. വിജ്ഞാനം കാര്‍ത്തിക നക്ഷത്ര സമീപം ബന്ധപ്പെട്ടതാണെങ്കിലും പേര്‍ഷ്യക്കാരില്‍ ചിലരത് കരസ്ഥമാക്കും എന്നൊരു ഹദീസ് പ്രവാചകരെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് അടിസ്ഥാനപരമായി പേര്‍ഷ്യന്‍ വംശജനായ ഇമാം അബൂ ഹനീഫയെ കുറിച്ചാണെന്നാണ് പണ്ഡിതരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്.

വലിയ ധര്‍മിഷ്ഠനും പരോപകാരിയുമായിരുന്നു അബൂ ഹനീഫ (റ). ബഗ്ദാദില്‍ വസ്ത്ര വ്യാപാരം നടത്തിയിരുന്ന കാലത്തുതന്നെ അദ്ദേഹം ഇത് തുടങ്ങിയിരുന്നു. കൂഫയില്‍നിന്നും ലഭിക്കുന്ന ലാഭത്തിന്റെ സിംഹഭാഗവും അദ്ദേഹം ദാനം ചയ്യലായിരുന്നു പതിവ്. ഓരോരുത്തര്‍ക്കും അഞ്ഞൂറും ആയിരവും വീതം നല്‍കുമായിരുന്നു. അദ്ദേഹത്തിന്റെ വിശ്വസ്തനും കൂട്ടുകാരനുമായ ഹഫ്‌സു ബ്‌നു അബ്ദിര്‍റഹ്മാന്‍ പറയുന്നു:   ഒരിക്കല്‍ വസ്ത്ര വ്യാപാരം നടത്തുമ്പോള്‍ അതില്‍നിന്നും ന്യൂനതകളുള്ള വസ്ത്രങ്ങളെടുത്തു കാണിക്കപ്പെട്ടു. വില്‍പന സമയത്ത് അത് പ്രത്യേകം സൂചിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. പക്ഷെ, വില്‍പന നടത്തിയ ആള്‍ അത് ചെയ്തില്ല. അതുകൊണ്ടുതന്നെ, ഇതില്‍ ലഭിച്ച എല്ലാ ലാഭവും മഹാനവര്‍കള്‍ പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുകയുണ്ടായി. രാജാക്കന്മാരുടെ സ്തുതിപാഠകരാവുകയോ അവരുടെ പ്രീണനങ്ങളില്‍ വീണുപോവുകയോ ചെയ്തുപോയിരുന്നില്ല അദ്ദേഹം. ഖലീഫ അബൂ ജഅഫര്‍ ഭൃത്യന്‍ മുഖേന കൊടുത്തയച്ച പാരിതോഷികം അദ്ദേഹം സ്വീകരിക്കാന്‍ തയ്യാറായില്ല. ഭൃത്യന്‍ അതിവിടെത്തന്നെ ഉപേക്ഷിച്ചുപോയെങ്കിലും വര്‍ഷങ്ങളോളം അത് അതേപടി അവിടെ ശേഷിച്ചു. തന്റെ മരണാനന്തരം ഖലീഫക്കു തന്നെ തിരിച്ചു നല്‍കാനായിരുന്നു വസ്വിയ്യത്ത്. അതതുപോലെത്തന്നെ സംഭവിക്കുകയും ചെയ്തു. പാണ്ഡിത്യത്തിന്റെ വിഷയത്തില്‍ ഇമാം ശാഫിഈ  അബൂ ഹനീഫ (റ) നെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. കര്‍മശാസ്ത്ര വിഷയത്തില്‍ ഭൂമിയിലുള്ള എല്ലാവരും അബൂഹനീഫയുമായി  കട്ടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറയുകയുണ്ടായി.

ഇടക്കിടെ അദ്ദേഹത്തിന്റെ ഖബര്‍ സന്ദര്‍ശിക്കുകയും  അവിടെവെച്ച് പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തിരുന്നു ഇമാം ശാഫിഈ (റ). ഖലീഫ മന്‍സൂര്‍ ഒരിക്കല്‍ അദ്ദേഹത്തെ കൂഫയില്‍നിന്നു ബഗ്ദാദില്‍ കൊണ്ടുവരികയും അവിടത്തെ ഖാസി സ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ, അദ്ദേഹം അതിന് തയ്യാറായില്ല. ഖലീഫ നിര്‍ബന്ധിച്ചെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. തന്റെ കല്‍പന തള്ളിക്കളഞ്ഞ ഇമാം അബൂഹനീഫയെ കുപിതനായ ഖലീഫ ജയിലിലടച്ചു. ശേഷം, അദ്ദേഹം അവിടെവെച്ചായിരുന്നുവത്രെ മരണപ്പെട്ടിരുന്നത്. അദ്ദേഹം സ്വതന്ത്രമാക്കപ്പെട്ടിരുന്നുവെന്നും ഒരഭിപ്രായമുണ്ട്. ഹിജ്‌റ വര്‍ഷം 150 ന് ബഗ്ദാദില്‍ വെച്ച് അദ്ദേഹം മരണപ്പെട്ടു. അഅ്‌ളമിയ്യ എന്ന സ്ഥലത്ത് വിഖ്യാത ഇമാം അബൂ ഹനീഫ മസ്ജിദിനരികെ അന്ത്യവിശ്രമം കൊള്ളുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter