അബൂ സഈദ് അസ്സംആനി(റ): ജ്ഞാനം തേടിയലഞ്ഞ പണ്ഡിത സൂരി

ഖുറസാൻ, അറിവിന് പേര് കേട്ട നാടാണ്, അനേകം പണ്ഡിതരുടെയും. ജ്ഞാനികൾ അവിടത്തെ നിത്യസന്ദർശകരാണ്. വിശിഷ്യ മർവ് പ്രവിശ്യ പണ്ഡിതകുടുംബങ്ങളാൽ സമൃദ്ധമാണ്. പാരമ്പര്യമായി അറിവുകൾ കൈമാറിപ്പോരുന്നവർ. ആർക്കും എപ്പോഴും കയറി ചെന്ന് ഹദീസുകൾ ചോദിച്ചറിയാം. ആരും തടുക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യില്ല, അത്രയും ജ്ഞാനത്തിന് പ്രാധാന്യം കൽപിക്കുന്ന നാട്.

ഇമാം അബൂസഈദ് അസ്സംആനി(റ)ന്റെ തറവാടും പണ്ഡിതരാൽ കേളി കേട്ടതാണ്. അത് കൊണ്ട് തന്നെ, വിദ്യനേടാനുള്ള അടങ്ങാത്ത ദാഹം ചെറുപ്പത്തിലേ ആ മനസ്സില്‍ കൂട് കെട്ടിയിരുന്നു, കുശാഗ്ര ബുദ്ധി അതിന് കൂട്ടുമുണ്ടായിരുന്നു. കുടുംബത്തിൽ നിന്ന് തന്നെ പൂര്‍ത്തിയാക്കിയ ആദ്യഘട്ട ജ്ഞാനസമ്പാദനത്തിന് ശേഷം, അദ്ദേഹം വിദ്യ തേടിയുള്ള യാത്രകള്‍ക്ക് തുടക്കമിട്ടു. ഇമാം അബ്ദുൽ കരീം അൽമർഖസി എന്ന അബൂസഈദ് അസ്സംആനിയുടേത് വിസ്മയകരമായ ജ്ഞാനയാത്രയുടെ ഏടുകളാണ്. മടുപ്പില്ലാതെ, ദാഹവും വിശപ്പും വകവെക്കാതെ ജ്ഞാന പ്രഭുക്കളെത്തേടി അദ്ദേഹം ചുറ്റിക്കറങ്ങിയത് 100 ലേറെ നഗരങ്ങളായിരുന്നു. വിദ്യനുകർന്നത് 7000 ഗുരുശ്രേഷ്ഠരിൽ നിന്നും. ജ്ഞാനദാഹം പിടിപെട്ടാല്‍ പിന്നെ അങ്ങനെയാണ്, രാജ്യാതിര്‍ത്തികളോ ഭൂഖണ്ഡവൈദൂര്യങ്ങളോ അതിന് തടസ്സമാവുന്നേയില്ല. അതാണ് അദ്ദേഹത്തിന്റെ ജീവിതവും വിളിച്ച് പറയുന്നത്.

താജുൽ ഇസ്‍ലാമിന്റെ മകൻ താജുൽ ഇസ്‍ലാമെന്നാണ് ഇമാം താജുദ്ധീൻ സുബ്കി(റ)യുടെ വിശേഷണം. പിതാവും പുത്രനും ജ്ഞാനലോകത്തെ കേസരികളാണെന്ന് സാരം. കിഴക്കിന്റെ ഹദീസ് വിശാരദൻ എന്നു വിശേഷിപ്പിച്ചതും ഇമാമവർകൾ തന്നെ. പിതാവ് ഇമാം അബൂബക്കർ സംആനി മക്കളെ ജ്ഞാമാർഗത്തിൽ അടിയുറപ്പിച്ചു നിൽക്കാൻ ചെറുപ്പത്തിലേ അവരുടെ ചിന്തയിലും പ്രവൃത്തിയിലും അതിനോടുള്ള ആവേശം കുത്തിവെച്ചിരുന്നു.
ഒരിക്കൽ നൈസാബൂരിലേക്ക് പുറപ്പെട്ട ഇമാം അബൂബക്കറിന്റെ തോളിൽ മൂന്നരവയസ്സായ പുത്രൻ അബൂ സഈദുമുണ്ടായിരുന്നു. പ്രധാനികളായ മൂന്ന് ഹദീസ് പണ്ഡിതരുടെ സദസ്സിലിരുന്ന് ഹദീസ് കേൾപ്പിച്ചു. പുത്രനു വേണ്ടി പിതാവ് വായിച്ചു കേൾപ്പിച്ചു. പിന്നീട് പുത്രൻ എടുത്തുദ്ധരിക്കാൻ സഹായകമാകട്ടെയെന്നു കരുതി പിതാവ് പ്രബല ഹദീസുകൾ പ്രത്യേകം എഴുതിവെച്ചു. പുത്രനുവേണ്ടി പിതാവ് ഗുരുനാഥന്മാരിൽ നിന്നും ഇജാസത്ത് വാങ്ങി സൂക്ഷിക്കുകയും ചെയ്തു.

അങ്ങനെ മകന്റെ ഉന്നതിക്കു വേണ്ടി എല്ലാം ത്യജിച്ച പിതാവിന്റെ തണൽ അധിക കാലമൊന്നും അബൂസഈദിന് ലഭിച്ചില്ല. എങ്കിലും ഒരായുഷ്കാലം ചെയ്യാൻ കഴിയുന്നതിലേറെ മകനായി സമ്മാനിച്ചായിരുന്നു ആ അന്ത്യയാത്ര.
തിരികൊളുത്തിയ ജ്ഞാനവിളക്ക് അനശ്വരമായി വെളിച്ചം വീശി കൊണ്ടേയിരുന്നു. അബൂ സഈദ് ഇന്ന് പണ്ഡിതപ്രമുഖരുടെ കൂട്ടത്തിലാണ് ഗണിക്കപ്പെടുന്നത്. അതിനിടെ ഖുർആൻ മനഃപാഠമാക്കിയ അബൂ സഈദ്, ഇമാം ഇബ്റാഹീം അൽ മർദൂനിയിൽ നിന്നും ഫിഖ്ഹിൽ അഗാധ ജ്ഞാനവും നേടി.

ഇനി ഒരു യാത്രയുടെ പുറപ്പാടാണ്. പന്ത്രണ്ടാം വയസ്സിൽ പിതാവ് നൽകിയ ഹദീസുകളെ കൂടുതൽ മികവോടെ കരസ്ഥമാക്കാനുള്ള യാത്ര. ഇരുപത് വർഷം നീണ്ട ആ യാത്രയിൽ കണ്ടുമുട്ടിയത് എണ്ണിയാലൊടുങ്ങാത്ത മുഹദ്ദിസുകളെ... പഠിച്ചെടുത്തത് ആയിരത്തിലേറെ ഹദീസുകൾ... കൂടെ മറ്റു ജ്ഞാനകുറിപ്പുകളും ആ ഭാണ്ഡത്തിലുണ്ടായിരുന്നു. മർവിൽ തിരിച്ചെത്തിയ അബൂ സഈദ് വിവാഹം കഴിച്ചു. പിൽകാലത്ത് ഹദീസ് വിശാരദരിൽ ശ്രദ്ധേയനായ ഹാഫിള് അബുൽമുളഫ്ഫർ ആ ദാമ്പത്യത്തില്‍ ജനിച്ച കുട്ടിയായിരുന്നു. പിന്നീട് യാത്ര മകനെയും കൂട്ടിയായിരുന്നു. തന്റെ പിതാവ് ചെയ്തതുപോലെ മകനെയും ജ്ഞാനാർത്ഥിയുടെ മാധുര്യവും സന്തോഷവും അറിയിച്ചുകൊടുക്കാനുള്ള യാത്ര. ലോകത്തിന്റെ സമസ്ത കോണുകളും ആ ജ്ഞാനന്വേഷികളുടെ മുന്നിൽ തുറക്കപ്പെട്ടു.

അറിവ് എവിടെയുണ്ടെങ്കിലും അത് തേടിപഠിക്കണമെന്നാണ് പ്രവാചകാധ്യാപനം. കാരണം അതൊരു മുത്താണ്, പവിഴമാണ്, അമൂല്യമായ രത്നവുമാണ്. ശേഷം അബൂ സഈദ് പത്തുവർഷത്തോളം ഗ്രന്ഥരചനയുടെ ലോകത്തായിരുന്നു. അറുപത്തെട്ടോളം സാരസമ്പുഷ്ടമായ കൃതികൾ ആ തൂലികയിൽ വിരിഞ്ഞു. ചരിത്രത്തെ പുളകം കൊള്ളിച്ച ജ്ഞാനയാത്രയുടെ കഥകൾ ഇന്നും വിസ്മയമാണ്. ഇബനുനജ്ജാർ(റ) പറയുന്നു, ഏഴായിരം ഗുരുനാഥന്മാരുണ്ടായിരുന്നു അബൂ സഈദിന്. മറ്റൊരാൾക്കും പ്രാപിക്കാനാവാത്ത കാര്യമാണിത്. കിഴക്ക് ഖുറാസാൻ മുതൽ പടിഞ്ഞാർ ശാം വരെ, വടക്ക് ഇറാഖിൽ തുടങ്ങി തെക്ക് ഹിജാസുവരെ, ഗ്രാമങ്ങളിലൂടെയും വഴിയോരങ്ങളിലൂടെയുമായുള്ള യാത്ര മറ്റൊരു ജ്ഞാനിയുടെയും ജീവിതകഥയലില്ല എന്നു തന്നെ പറയാം. 

ഇമാം ഫുറാവി(റ)നെ കാണാൻ കൊതിക്കുന്ന അബൂ സഈദിന്റെ കഥയുണ്ട് ചരിത്രത്താളുകളിൽ. ഇരുപത് വയസ്സിനോടടുത്ത സമയം, സ്വഹീഹ് മുസ്‍ലിം വിദഗ്ധനായിരുന്ന അബൂ അബ്ദില്ലാഹിൽ ഫുറാവിയിൽ നിന്നും സ്വഹീഹു മുസ്‍ലിം കേൾക്കാൻ നൈസാബൂരിലേക്ക് പോകാൻ ബന്ധുക്കളോട് അനുവാദം ചോദിച്ചു നോക്കി. വാര്‍ധക്യത്തിലെത്തി നില്ക്കുന്ന ഇമാം ഫുറാവി ഏതു സമയവും വഫാത്ത് സംഭവിക്കുമെന്ന അവസ്ഥയിലായിരുന്നു. ഇമാം മുസ്‍ലിമില്‍നിന്ന് മൂന്ന് കണ്ണികള്‍ മാത്രമാണ് ഇമാം ഫുറാവിയിലേക്കുള്ല ദൂരം. അത് കൊണ്ട് തന്നെ, എങ്ങനെയെങ്കിലും അദ്ദേഹത്തെ നേരില്‍ കാണണമെന്നത് അദ്ദേഹത്തിന്റെ അടങ്ങാത്ത ആഗ്രഹമായിരുന്നു.

ഫുറാവി(റ) മരണപ്പെടരുതേയെന്ന പ്രാർത്ഥനയോടെ അതു സംഭവിച്ചാലുണ്ടാകുന്ന നഷ്ടമോർത്ത് അബൂ സഈദ് തന്റെ ആവശ്യം ഉന്നയിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ ഇരുപത്തിരണ്ടാം വയസ്സിൽ പിതൃവ്യന്മാർ സമ്മതിച്ചതിന്റെ അടിസ്ഥാനത്തിൽ, അവിടെയെത്തി സ്വഹീഹ് മുസ്‍ലിം ആദ്യാവസാനം ഫുറാവിയിൽ നിന്നും കേട്ടുപഠിച്ചു. ഈ സംഭവത്തിന് ശേഷമായിരുന്നു ജ്ഞാനയാത്രകളുടെ തുടക്കം കുറിച്ചത്.

ജ്ഞാനത്തിനായി ജീവിച്ചു തീർത്ത മഹാപണ്ഡിതൻ. കൂടെ സമാനതകളില്ലാത്ത വിധം എഴുതി തീർത്ത ഗ്രന്ഥങ്ങളിലൂടെ അവർ അത് വരുംതലമുറകള്‍ക്കായി ബാക്കി വെക്കുകയും ചെയ്തു. ആ പിതാവില്ലായിരുന്നെങ്കിൽ സാഗരതുല്യനായ ഈ പണ്ഡിതനെ നമുക്ക് ലഭിക്കില്ലായിരുന്നു. ജ്ഞാനിയായ പേരമകനേയും.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter