ബദറിന്റെ അഭ്യര്‍ത്ഥന ജയിക്കും എന്നുറപ്പില്ലാത്ത യുദ്ധങ്ങള്‍ക്കു കൂടിയാണ്‌

ലാഭം ഉറപ്പുള്ള നിക്ഷേപങ്ങള്‍, തൊഴിലുറപ്പുള്ള പഠിപ്പുകള്‍, ജയമുറപ്പുള്ള പരീക്ഷകള്‍, നേടുമെന്നുറപ്പുള്ള ഇടപാടുകള്‍. ജീവിതത്തില്‍ നിന്ന്‌ നൈസര്‍ഗിക വൃത്തികളേയും സര്‍ഗാത്മകതയേയും പ്രത്യുല്‍പന്നപരതയേയും പുറത്താക്കിയ നമ്മുടെ പുതുകാല ജീവിതത്തിന്റെ ലക്ഷണങ്ങളാണ്‌ മുകളിലെഴുതിയവ. ലാഭം ഉറപ്പുള്ള നിക്ഷേപങ്ങള്‍ക്കും നേട്ടം ഉറപ്പുള്ള ഇടപാടുകള്‍ക്കുമേ നമ്മുടെ ഇപ്പോഴത്തെ ജീവിതത്തില്‍ സ്ഥാനമുള്ളൂ. തല്‍സമയത്തേക്കും തല്‍ക്കാലത്തേക്കും മാത്രമുള്ള പരിഹാരങ്ങള്‍, പദ്ധതികള്‍, ഉദ്യമങ്ങള്‍ എന്നായിരിക്കുന്നു അതു കൊണ്ട്‌ സ്വകാര്യ ജീവിതത്തിലേയും പൊതു ജീവിതത്തിലേയും പരിഗണനകള്‍. ജയിക്കും എന്നുറപ്പുള്ള യുദ്ധങ്ങള്‍ക്കേ പുറപ്പെടൂ എന്നതായിരിക്കുന്നു അതിനാല്‍ മനോധര്‍മ്മം. പ്രവൃത്തിയുടെ ഭാഗ്യങ്ങളില്‍ അവിശ്വാസവും ഭാഗ്യക്കുറികളില്‍ വിശ്വാസവും എന്നതാണിതിന്റെ മറ്റൊരു പരിണതി.

ബദര്‍ ഇതിന്റെ വിപരീത ദിശയിലേക്കാണ്‌ നമ്മെ ക്ഷണിക്കുന്നത്‌. പ്രത്യക്ഷ പരിഗണനകളില്‍ ജയിക്കും എന്നുറപ്പില്ലാത്ത നീക്കമായിരുന്നു ബദര്‍. സൈന്യത്തിന്റെ എണ്ണവും സന്നാഹങ്ങളുടെ വണ്ണവും യുദ്ധപരിചയവും കുറവ്‌. പക്ഷേ ജയിക്കേണ്ടത്‌ എന്നുറപ്പുള്ള ഒരു വിശ്വാസപ്രമാണം അവരെ ധീരരും പോരാളികളുമാക്കി. വാരും കാല ചരിത്രത്തെ പോലും ഉഴുതു മറിക്കാന്‍ പോന്ന ഉല്‍സാഹം അതവരില്‍ വിതച്ചു. ആയിരത്തിലേറം പേര്‍ വരുന്ന പ്രതിയോഗികളോട്‌ മുന്നൂറിലേറെ പേര്‍ വരുന്ന ചെറുസംഘം ഏറ്റുമുട്ടുന്ന, ജയിക്കും എന്നുറപ്പില്ലാത്ത ബദര്‍ സംഭവിച്ചു.ജയിക്കും എന്നുറപ്പില്ലാത്ത യുദ്ധമായിരുന്നു അതെങ്കിലും തങ്ങളുടെ കൈവശമുള്ള ആശയം ജയിക്കേണ്ടതാണ്‌ എന്ന ഉറപ്പ്‌ അവര്‍ക്കുണ്ടായിരുന്നു. യുദ്ധത്തില്‍ ജയിച്ചെങ്കിലും ജയിക്കും എന്നുറപ്പില്ലാത്ത യുദ്ധങ്ങള്‍ക്കും ചരിത്രത്തിന്റെ വികാസത്തില്‍ ഇടമുണ്ടെന്നാണ്‌ ബദറിന്റെ പല പാഠങ്ങളിലൊന്ന്‌, ജയിക്കുന്ന ഏര്‍പ്പാടുകള്‍ക്കേ തങ്ങളുള്ളൂ എന്ന്‌ കരുതുന്ന ഒരു സമൂഹത്തില്‍ വിശേഷിച്ചും അതങ്ങനെയാണ്‌.

ചെറു സംഘങ്ങള്‍ വേറെയും വലിയ ശക്തികളെ ജയിച്ചിട്ടുണ്ട്‌ ചരിത്രത്തില്‍. അപ്പോഴൊക്കെയും ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്‌ ഏറ്റെടുക്കാന്‍, പൊരുതാന്‍ ഒരു വിശ്വാസ പ്രമാണമോ, കര്‍മവീര്യം പകരുന്ന ഒരു തത്വശാസ്‌ത്രമോ അവരെ നയിച്ചു എന്നതാണ്‌. നമുക്കിന്നില്ലാത്തതും അതാണ്‌. വിശ്വാസപ്രമാണങ്ങളെ ഏറ്റെടുക്കാനുള്ള കെല്‍പ്പിന്റെ അഭാവത്തില്‍ നാം തല്‍സമയ ധീരതകളുടെ തോഴന്മാരായിരിക്കുന്നു. കാലങ്ങള്‍ കടന്നു ചെല്ലുന്ന ദൗത്യങ്ങളെ ഏറ്റെടുക്കാനുള്ള ക്ഷമയും സഹനശക്തിയും കര്‍മ്മവീര്യവുമില്ലാത്തതിനാല്‍, ഒരു തരം ഭീരുത്വത്തില്‍ നിന്നാണ്‌, ക്രമപ്പെടലില്‍ നിന്നാണ്‌ ഇങ്ങനെ താല്‍ക്കാലിക ലാഭങ്ങളുടെ പോരാളികളായി സമൂഹം മാറുന്നത്‌. പ്രലോഭനങ്ങളുടെ ലോകത്തില്‍ വിശ്വാസികളുടെ ഹൃദയത്തിനു പിടിപെടുന്ന രോഗമാണ്‌ ഈ അധീരത. അതോടെ പരിശ്രമങ്ങള്‍ കാര്യ സാധ്യത്തിനുള്ള ഉപായങ്ങളായും മാറുന്നു.

വലിയ ശക്തികള്‍ക്കെതിരെ ചെറു ശക്തികള്‍ നടത്തിയ ചെറുത്തു നില്‍പ്പുകളില്‍ ബദറിലെ പോലെ ജയിച്ച സന്ദര്‍ഭങ്ങള്‍ മാത്രമല്ല തോറ്റ സന്ദര്‍ഭങ്ങളുമുണ്ട്‌. പക്ഷേ ആ പരാജയങ്ങള്‍ക്ക്‌ പില്‍ക്കാല ചരിത്രത്തില്‍ നിരന്തര സ്വാധീനം ചെലുത്താനായതും അവ പ്രചോദനത്തിന്റെ നിലക്കാത്ത ഉറവിടങ്ങളായി നിലകൊള്ളുന്നതും നമ്മുടെ അനുഭവത്തിലുണ്ട്‌. ജയമോ തോല്‍വിയോ മാത്രമല്ല, ഉയര്‍ത്തപ്പെടുന്ന ആശയം കൂടിയാണ്‌ ചരിത്രത്തേയും ജീവിതത്തേയും സ്വാധീനിക്കുക എന്നതു കൊണ്ടാണത്‌. സ്വയം പ്രവര്‍ത്തിക്കുന്ന ശക്തിയാകാന്‍ പരാജയങ്ങള്‍ക്കു പോലുമാകുന്നത്‌ അതിനൊരു വിശ്വാസ പ്രമാണത്തിന്റേയും പരിവര്‍ത്തനചിന്തയുടേയും പിന്‍ ബലം ഉണ്ടായിരുന്നു എന്നതു കൊണ്ടാണ്‌.

ചെറുത്തു നിന്നാല്‍ ജയിക്കുമോ എന്നു പതറുന്നവര്‍ക്ക്‌, അതോടെ സുഖങ്ങള്‍ അവസാനിക്കുമോ എന്നു ഭയക്കുന്നവര്‍ക്ക്‌ ബദറില്‍ നിന്ന്‌ ഒന്നും പഠിക്കാനില്ല. ബദറിന്റെ അഭ്യര്‍ത്ഥന ജയിക്കും എന്ന ഉറപ്പില്ലെങ്കില്‍ പോലും പൗര സമൂഹത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും പൊതു സമൂഹത്തിന്റെ പരിവര്‍ത്തന ത്വരകള്‍ക്കൊപ്പം നില്‍ക്കാനും മാറ്റത്തിന്റെ ചെറു ചലനങ്ങളെ വ്യക്തി ജീവിതത്തിലെങ്കിലും പിടിച്ചെടുക്കാനുമാണ്‌. ആസന്നമായ സാമൂഹിക സന്ദര്‍ഭങ്ങളുടെ മുന്നില്‍ ചെന്നു നില്‍ക്കാനെങ്കിലും, മാറുന്ന ലോകത്തിന്റെ മസ്‌തിഷ്‌കമായില്ലെങ്കിലും അതിന്റെ കയ്യോ കാലോ ആവാനെങ്കിലും ബദര്‍ നമ്മെ ക്ഷണിക്കുന്നുണ്ട്‌. ഉപജീവനത്തിനും സുഖ ജീവിതത്തിനും കൊതിച്ച്‌ സ്വന്തം നിസ്സാരതകളില്‍ രമിക്കുന്ന, അടിമത്തങ്ങളേയും അധമത്തങ്ങളേയും താല്‍ക്കാലിക ആശ്വാസങ്ങളേയും കൂടുതല്‍ കാലത്തേക്ക്‌ നീട്ടിക്കൊണ്ടു പോകുന്നതിന്‌ ശ്രമിക്കുന്ന നമ്മോട്‌ ബദര്‍ സംസാരിക്കുന്നത്‌ സ്വന്തത്തോട്‌ തന്നെ തന്നെ പൊരുതി നില്‍ക്കേണ്ട യുദ്ധങ്ങളെ കുറിച്ചു കൂടിയാണ്‌. ഉള്ളില്‍ ജയിക്കേണ്ട സമരങ്ങളെ പറ്റിയാണ്‌.

മാനുഷ ചരിത്രത്തില്‍ നിര്‍ണ്ണായകമായ ബദര്‍ യുദ്ധവും അതിലെ വിജയവും ഇതു പോലൊരു റമദാന്‍ പതിനേഴിനായിരുന്നു. ക്രിസ്‌താബ്‌ദം 624 വെള്ളിയാഴ്‌ച. ആത്യന്തിക വിജയം മനസ്സിലുറപ്പിച്ച ഒരാശയത്തിന്റെ പക്ഷവും അതിനെ ഏതു നിലയിലും പരാജയപ്പെടുത്തുക തങ്ങളുടെ നിലനില്‍പിന്റെ പ്രശ്‌നമായി കരുതുന്ന ഏതിര്‍ പക്ഷവും തമ്മിലായിരുന്നു സംഘട്ടനം. നന്മയും തിന്മയും തമ്മിലുള്ള ബലപരീക്ഷണമായാണതിനെ മുസ്‌ലിംകള്‍ പരിഗണിക്കുന്നത്‌. നീതിയും അനീതിയും തമ്മില്‍ അന്നു വേര്‍തിരിക്കപ്പെട്ടതായും യൗമുല്‍ ഫുര്‍ഖാന്‍ എന്ന്‌ ഖുര്‍ആന്‍ പ്രസ്‌തുത ദിവസത്തെ വിശേഷിപ്പിച്ചത്‌ അതു കൊണ്ടാണെന്നും മുസ്‌ലിംകള്‍  കരുതുന്നു. വിശ്വാസികളായ ന്യൂനപക്ഷം നടത്തിയ പോരാട്ടത്തിന്റെ പരിസമാപ്‌തി മറ്റൊരു വിധത്തിലായിരുന്നെങ്കില്‍ മാനുഷചരിത്രത്തിന്റെ ഗതി വേറെ ഒന്നാകുമായിരുന്നു. പക്ഷേ ചരിത്രത്തില്‍ എങ്കിലുകളില്ല.

റമദാനിലെ മൂന്നാമത്തെ വെള്ളിയാഴ്‌ച ചരിത്രപ്രധാനമായ ഈ യുദ്ധം നടക്കുമ്പോള്‍ പ്രവാചകന്‍ മദീനയില്‍ വന്നിട്ട്‌ പത്തൊമ്പതു മാസമെ ആയിരുന്നുള്ളു. ആ വര്‍ഷമാണ്‌ റമദാന്‍ വ്രതം നിര്‍ബന്ധമാവുന്നത്‌. പതിമൂന്നു വര്‍ഷത്തെ പ്രബോധനത്തിന്നിടയില്‍ കഠിനമായ എതിര്‍പ്പുകളാണ്‌ നബിയും നബിയനുയായികളും അനുഭവിച്ചത്‌. സഹചാരികളില്‍ പലരും പ്രതികാരക്രിയകള്‍ക്ക്‌ നബിയോടു അനുവാദം തേടിയിരുന്നു. സഹനവും ക്ഷമയുമായിരുന്നു അവര്‍ക്കു കിട്ടിയ ഉപദേശം. പ്രതിയോഗികള്‍ അവസരം ഉപയോഗപ്പെടുത്തിക്കൊണ്ടേയിരുന്നു. യുദ്ധം ഒരുപാധിയായോ ഉപായമായോ കാണാത്തതിനാല്‍ നബി ക്ഷമ കൈകൊണ്ടു. പ്രബോധനം പ്രകോപനമാവരുതെന്ന അദ്ധ്യാപനത്തെ അനുചര വൃന്ദങ്ങളില്‍ ബലപ്പെടുത്തിക്കൊണ്ടിരുന്നു നബി. നാല്‍പതാണ്ട്‌ കാത്തിരുത്തിയിട്ടാണ് ദിവ്യ ദര്‍ശനം നബിയെ തേടിടെത്തുന്നത്‌. ജനിച്ചതിന്റെ പിറ്റേന്ന്‌ സാമൂഹിക മാറ്റത്തിന്‌ പ്രസംഗം തുടങ്ങിയ, അതിനെ തുടര്‍ന്ന്‌ വാളെടുത്ത ആളല്ല നബി. സാമൂഹിക പരിവര്‍ത്തനത്തിന്റെ ഹേതുവാകുന്ന ഒരാശയത്തിന്റെ സംരക്ഷണത്തിനും നിലനില്‍പ്പിനും വേണ്ടിയാണ്‌ പ്രവാചകനും അനുയായികളും നടത്തിയ പോരാട്ടങ്ങളെല്ലാം. ആദര്‍ശസ്വാതന്ത്ര്യം തടയുകയും മൗലികാവകാശങ്ങള്‍ മാനിക്കപ്പെടാതിരിക്കുകയും മാതൃനാട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്‌തപ്പോഴാണ്‌ പ്രതിരോധത്തിന്നു തയ്യാറെടുക്കാന്‍ ദൈവ നിര്‍ദ്ദേശം ലഭിച്ചത്‌. പ്രവാചകത്വത്തിന്നു പതിനഞ്ചാം വര്‍ഷമാണ്‌ ഈ ആജ്ഞ ലഭിക്കുന്നത്‌. ഇക്കാലമത്രയും സഹനത്തിന്റെയും വിട്ടുവീഴ്‌ചയുടെയും അതിരിലായിരുന്നു നബിയും അനുയായികളും ക്ഷമ കെട്ടിത്താമസിച്ചത്‌.

മര്‍ദ്ദിതര്‍ക്ക്‌ അവര്‍ ദ്രോഹിക്കപ്പെട്ടതു നിമിത്തം തിരിച്ചു യുദ്ധം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നു. നിശ്ചയം അവരുടെ സഹായത്തിന്നു അല്ലാഹു ശക്തന്‍ തന്നെ. തങ്ങളുടെ രക്ഷിതാവ്‌ അല്ലാഹു മാത്രമാണെന്നു പറഞ്ഞതല്ലാത്ത ഒരു ന്യായവും അവരെ അവരുടെ സ്വന്തം ഭവനങ്ങളില്‍ നിന്നും പുറത്താക്കിയവര്‍ക്ക്‌ പറയാനില്ല എന്നാണ്‌ ഖുര്‍ആന്‍ യുദ്ധത്തിന്റെ സാമൂഹിക സന്ദര്‍ഭത്തെ വിശദമാക്കുന്നത്‌. നബിയുടെ കൂടെ മുസ്‌ലിംപക്ഷത്ത്‌ നിരായുധരായ മുന്നൂറ്റി പതിമൂന്ന്‌ പേരായിരുന്നു. നൂറു കുതിരപ്പടയാളികളടക്കം ആയിരം പേരായിരുന്നു ശത്രുക്കള്‍. മദീനയില്‍ നിന്ന്‌ കാല്‍നടയായി യാത്ര ചെയ്യുന്നവര്‍ക്ക്‌ മൂന്നു ദിവസവും മക്കയില്‍ നിന്ന്‌ പത്തു ദിവസവും ദൂരമുള്ള ബദറില്‍ വെച്ച്‌ ശത്രുക്കള്‍ വെല്ലുവിളി നടത്തി. പ്രഭാത നമസ്‌കാരാനന്തരം മുസ്‌ലിം സൈന്യം ശത്രുക്കള്‍ക്ക്‌ അഭിമുഖമായി അണിനിരന്നു. പ്രവാചകന്‍ വികാരാധീനനായി അല്ലാഹുവിനോട്‌ പ്രാര്‍ത്ഥിച്ചു.

`അല്ലാഹുവേ!! ഈ ന്യൂനപക്ഷം നശിച്ചുപോവുകയാണെങ്കില്‍ നിന്നെ സ്‌മരിക്കാന്‍ ഈ ഭൂമുഖത്ത്‌ ആരും ഉണ്ടാവുകയില്ല’ ആ പ്രാര്‍ത്ഥന സ്വീകരിക്കപ്പെട്ടു. സകല സജ്ജീകരണങ്ങളും പ്രതാപങ്ങളും എടുത്തണിഞ്ഞു വന്നവര്‍ക്ക്‌ വിജയത്തില്‍ സംശയമില്ലായിരുന്നു. ജയം ഉറപ്പിച്ചവര്‍ക്ക്‌ പരാജയം പിണഞ്ഞു. അസത്യത്തിനെതിരെ, അനീതിക്കെതിരെ പരിമിതമായ ഭൗതിക വിഭവങ്ങള്‍ മാത്രമുള്ളവര്‍, ജയിക്കും എന്നുറപ്പില്ലാതെ, തങ്ങള്‍ തോറ്റുപോയാലും തങ്ങളുയര്‍ത്തിയ സാമൂഹിക പരിവര്‍ത്തനത്തിന്റെ അശയം തോറ്റു പോകരുതെന്ന്‌ ആഗ്രഹിച്ചവര്‍ വിജയം വരിച്ച ദിനമായിരുന്നു അത്‌.

ബദറില്‍ നിന്നൊരു രംഗം നബിയനുയായികളില്‍ പ്രമുഖനായ അബ്‌ദുറഹ്‌മാനുബ്‌നു ഔഫ്‌ ഓര്‍മ്മിക്കുന്നുണ്ട്‌ ചരിത്രത്തില്‍: ഞാന്‍ ബദറിലെ സൈനിക നിരയില്‍ നില്‍ക്കുമ്പോള്‍ ഇടത്തും വലത്തും രണ്ടു കുട്ടികള്‍ ഒളിച്ചുനില്‍ക്കുന്നു. യുദ്ധം ശക്തമാകുന്നേരം എന്നിക്കവരെ ശ്രദ്ധിക്കാന്‍ പറ്റില്ല. ഞാനാസ്ഥലം മാറിപ്പോകുമ്പോള്‍ അവരിലൊരുവന്‍ എന്റെ കൈപിടിച്ചു ചോദിച്ചു. നിങ്ങള്‍ക്ക്‌ അബൂജഹലിനെ അറിയാമോ, ഞങ്ങള്‍ക്കൊന്നു കാണിച്ചുതരാമോ എന്ന്‌. ഞാനാവരോട്‌ ഉദ്ദേശ്യം തിരക്കി. ഞങ്ങള്‍ ആ ധിക്കാരിയെ കണ്ടുമുട്ടിയാല്‍ കഥ കഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നായിരുന്നു അവരുടെ മറുപടി. കുതിരപ്പുറത്തിരുന്നു യുദ്ധം നിയന്ത്രിക്കുന്ന അബൂജഹലിനെ ഞാന്‍ ചൂണ്ടിക്കാണിച്ചു. അവര്‍ രണ്ടുപേരും ഉടനെ തന്നെ അവന്റെ നേരെ ഓടി. കുട്ടികളായതുകൊണ്ട്‌ ആരും ശ്രദ്ധിച്ചിരുന്നില്ല. ഒരാള്‍ കുതിരയെ വെട്ടി. അബൂജഹല്‍ വീണു. അന്‍സാരി ബാലന്മാരായ മുആദ്‌ബ്‌നു അംറുബ്‌നു ജമൂഹു, മുആദുബ്‌നു അഫറാ എന്നീ ധീരന്മാരായിരുന്നു ആ കുട്ടികള്‍. കുട്ടികളിലൊരാള്‍ ബദറിലെ തങ്ങളുടെ പ്രകടനം ഇങ്ങനെ അനുസമരിച്ചു. അബൂ ജഹ്‌ലിന്റെ കഥ കഴിക്കാന്‍ പ്രയാസമാണെന്നായിരുന്നു പരക്കെ സംസാരം. സുരക്ഷിത വലയത്തിലാണ്‌ അവനുണ്ടാവുകയെന്ന്‌ കേട്ടിരുന്നു. എന്റെ വെട്ടേറ്റു കുതിരപ്പുറത്തു നിന്നു വീണപ്പോള്‍ അവിടെവെച്ചു ഞാന്‍ വീണ്ടും വെട്ടി. മകന്‍ ഇക്‌രിമ സമീപത്തുണ്ടായിരുന്നു. അവനെന്നെ വെട്ടി. എന്റെ ഒരു കൈ മുറിഞ്ഞു തൂങ്ങിക്കിടന്നു. അതുകൊണ്ടൊന്നും ഞാനെന്റെ യുദ്ധം നിര്‍ത്തിയിരുന്നില്ല.

മറ്റുറപ്പുകളേക്കാൾ ആശയത്തിന്റെ കരുത്തും സന്നദ്ധതയും ആഗ്രഹത്തിന്റെ ഉദിപ്പും വിജയ ഹേതുവായി. ജയിക്കും എന്ന ഉറപ്പില്ലാത്ത യുദ്ധത്തിലേക്ക്‌, നീക്കങ്ങളിലേക്ക്‌ സ്വയം സമര്‍പ്പിക്കാന്‍ ആത്മപ്രചോദിതരായവര്‍ക്കേ കഴിയൂ. പരിവര്‍ത്തനം തങ്ങളുടെ ജീവിതത്തില്‍ സാധ്യമായില്ലെങ്കിലും തലമുറകളില്‍ അതിന്റെ ഫലം കാണും എന്നു വിശ്വസിക്കുന്നവര്‍ക്ക്‌ ഓരോ ചെറു ശ്രമവും മാനുഷ ചരിത്രത്തിന്റെ പൊതു വികാസത്തിനുള്ള കാല്‍വെപ്പാണ്‌. താല്‍ക്കാലിക ജീവിത ലാഭങ്ങള്‍ക്കു വേണ്ടിയുള്ള യുദ്ധങ്ങളില്‍ പൊരുതുന്നവരുടെ ജീവിതം ബദറിന്റെ ദൃഷ്‌ടിയില്‍ ഒളിച്ചോട്ടമാണ്‌. അവരുടെ ജീവിത വിജയങ്ങള്‍ പേടിച്ചോടിയവന്റെ വീമ്പു പറച്ചിലുകളുമാണ്‌. ത്യാഗത്തിന്റെ സുഖങ്ങളേക്കാള്‍ ഭോഗത്തിന്റെ സുഖങ്ങളില്‍ സന്തോഷിക്കുന്നവരോട്‌ എന്നാലും ബദറിനു ചിലതു പറയാനുണ്ട്‌.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter