ഉച്ചഭാഷിണി നിയന്ത്രണം അനിവാര്യമാകുന്നതെവിടെ?

മത-ജാതി-രാഷ്ട്രീയ കൂട്ടായ്മകള്‍ ഭേദമന്യേ പൊതുതലത്തില്‍ ഉച്ചഭാഷിണികളുടെ ഉപയോഗം പരിതിവിട്ട സാഹചര്യത്തില്‍ ഇതിനൊരു നിയന്ത്രണവും പെരുമാറ്റച്ചട്ടവും കൊണ്ടുവരുന്നത് ആശാവഹമാണ്. നിലവിലെ അനുമതിയെ ദുരുപയോഗം ചെയ്തുകൊണ്ട് ആവശ്യമുള്ളതിനും ഇല്ലാത്തതിനും ഉയര്‍ന്ന സ്വരത്തില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. രാഷ്ട്രീയ പാര്‍ട്ടികളോ ഹിന്ദു-മുസ്‌ലിം-ക്രൈസ്തവ മത സംവിധാനങ്ങളോ ഇതില്‍നിന്ന് ഭിന്നമല്ല. 

ഈയൊരു സാഹചര്യത്തില്‍, അനിവാര്യവും അത്യാവശ്യവുമായ കാര്യങ്ങള്‍ക്ക് മാത്രം ഉച്ചഭാഷിണികള്‍ ഉപയോഗിക്കുകയും പൊതുജനത്തെ ശ്ബ്ദമലിനീകരണത്തില്‍നിന്നും രക്ഷിക്കുകയും ചെയ്യേണ്ടത് ഇവിടത്തെ എല്ലാവരുടെയും കര്‍ത്തവ്യമാണ്. ഉച്ചഭാഷിണികളുടെ ഉപയോഗം നിയന്ത്രിക്കുന്ന കോടതിവിധി കര്‍ശനമാക്കാനുള്ള സംസ്ഥാനസര്‍ക്കാറിന്റെ നിര്‍ദേശം ഇതിന് സഹായകമാവും.

അഞ്ച് സുപ്രധാന മാര്‍ഗരേഖകളാണ് ആഭ്യന്തര വകുപ്പ് സര്‍ക്കുലറില്‍ നല്‍കിയിരിക്കുന്നത്.

(1) വിവാഹം, ജന്മദിനം, ഗൃഹപ്രവേശനം അതുപോലെയുള്ള ആഘോഷങ്ങള്‍ക്ക് ബോക്സ് രൂപത്തിലുള്ള ഉച്ചഭാഷിണികള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. കോളാമ്ബി പോലെയുള്ള ആംപ്ലിഫയറുകള്‍ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. ബോക്സുകളില്‍ നിന്നുള്ള ശബ്ദപരിധി പരിപാടി നടക്കുന്ന വീട് അല്ലെങ്കില്‍ ഹാളിന്റെ പരിസരത്തിനുള്ളില്‍ ഒതുങ്ങിനില്‍ക്കണം.

(2) എയര്‍ ഹോണുകളും അമിത ശബ്ദമുള്ള ഹൈ ടൈപ്പ് ഹോണുകളും നിരോധിച്ചിട്ടുണ്ട്.

(3) ഏതുസാഹചര്യത്തിലായാലും ഉച്ചഭാഷിണികള്‍ രാത്രി പത്തുമണിക്കം രാവിലെ ആറു മണിക്കും ഇടയില്‍ ഉപയോഗിക്കാന്‍ പാടില്ല.

(4) ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍ പള്ളികള്‍, മുസ്ലീം ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ ബോക്സ് മാതൃകയിലുള്ള ഉച്ചഭാഷിണികള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. എന്നാല്‍ ഇവയുടെ ശബ്ദം ഈ ആരാധനാലയങ്ങളുടെ വളപ്പിന് പുറത്തുപോകാന്‍ പാടില്ല. മുസ്ലീംപള്ളികളിലെ ബാങ്ക് വിളിക്ക് മാത്രമാണ് ഇതില്‍ ഇളവ് നല്‍കിയിരിക്കുന്നത്. ബാങ്കുവിളികള്‍ ഒരു മിനിറ്റുമാത്രം ദൈര്‍ഘ്യമുള്ളതിനാലാണിത്. ആരാധനാലയങ്ങളിലെ പ്രഭാഷണങ്ങള്‍, ഭക്തിഗാനങ്ങള്‍ റെക്കോര്‍ഡ് ഇടുന്നത്, മുസ്ലീം പള്ളികളിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍, ക്രിസ്ത്യന്‍ പള്ളികളിലെ മറ്റ് ആഘോഷങ്ങളും ചടങ്ങുകള്‍ക്കും ഈ ചട്ടം കര്‍ശനമായി പാലിക്കണം.

(5)തെരുവുകളിലും വാഹനങ്ങളിലും ഉച്ചഭാഷിണികളുടെ ഉപയോഗം പരമാവധി ഒഴിവാക്കണം. പോലീസിന്റെ മുന്‍കൂട്ടിയുള്ള അനുമതി കൂടാതെ ആര്‍ക്കും ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ അനുവാദമില്ല.

ഇത്തരം പൊതു നിയമങ്ങള്‍ നിലവില്‍വരുമ്പോള്‍ സത്യസന്ധവും നീതിനിഷ്@വുമായിരിക്കണം എല്ലാ മേഖലയിലും അതിന്റെ നടത്തിപ്പ് എന്നത് ഉറപ്പ് വരുത്തേണ്ടതാണ്. നിലവില്‍ ക്ഷേത്രങ്ങളില്‍നിന്നും മുസ്‌ലിം പള്ളികളില്‍നിന്നും ക്രൈസ്തവ പള്ളികളില്‍നിന്നുമെല്ലാം ഉച്ചഭാഷിണി വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. അത്യാവശ്യമായ കാര്യങ്ങളില്‍നിന്നും മാറി അനാവശ്യ കാര്യങ്ങളിലും ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. 

ആരാധനകള്‍ക്ക് ഭക്തിയും ആത്മാര്‍ത്ഥതയും ഉണ്ടാവാന്‍ പതിഞ്ഞ സ്വരത്തിലും അച്ചടക്കത്തിലും അത് നടത്തുന്നതാണ് അഭികാമ്യം. കൂടുതല്‍ ആളുകള്‍ വരുമ്പോള്‍ അവരെയെല്ലാം കേള്‍പ്പിക്കാനാണ് സാധാരണ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത്. ഇന്ന് പക്ഷേ, ഈ അടിസ്ഥാന ലക്ഷ്യത്തില്‍നിന്നും മാറി അഹംഭാവത്തിന്റെയും ഖ്യാതി പറച്ചിലിന്റെയും ഭാഗമായി ഉച്ചഭാഷിണിയുടെ ഉപയോഗം മാറിയിട്ടുണ്ട്. വളരെ അടുത്തുള്ള വ്യത്യസ്ത മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളില്‍നിന്നും നിരന്തരമായി ശബ്ദമുയരുമ്പോള്‍ സ്വാഭാവികമായും ഇതില്‍നിന്നും പ്രയാസപ്പെടുന്നത് പൊതുജനമാണ്. 

സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്നതാണ് ഇവിടെ പ്രശ്‌നമായി വരുന്നത്. ആരാധനാലയത്തിനുള്ളില്‍ മാത്രം കേള്‍ക്കേണ്ട സംഗതികളെ ലൗഡ് സ്പീക്കറില്‍ പുറത്തേക്കിട്ട് ശബ്ദ കോലാഹലങ്ങളുണ്ടാക്കുന്നത് സഹിക്കാവതല്ല. എല്ലാവരുടെയും നന്മക്കുവേണ്ടി ജാതി-മത-സംഘടനാ-പാര്‍ട്ടി ഭേദമന്യേ എല്ലാവരും ഇത്തരം നിയമങ്ങള്‍ സത്യസന്ധമായി പ്രയോഗവത്കരിച്ചാല്‍ അത് എല്ലാവര്‍ക്കും നന്ന്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter