ബദ്റിലെ ശുഹദാക്കള്‍
ഇസ്‌ലാമിക ചരിത്രം ഇന്നും ഉള്‍പ്പുളകത്തോടെ ഓര്‍ക്കുന്നതാണ് ബദ്റ് യുദ്ധം. അതില്‍ പങ്കെടുക്കാനോ രക്തസാക്ഷിത്വം വഹിക്കാനോ സൌഭാഗ്യം ലഭിച്ചവരെ അതീവ ബഹുമാനാദരവുകളോടെയാണ് മുസ്‌ലിം ലോകം ഇന്നും വീക്ഷിക്കുന്നത്.
ബദ്റ് യുദ്ധത്തില്‍ 14 പേരാണ് ശഹീദായത്. മുഹാജിറുകളില്‍നിന്ന് 6 പേരും അന്‍സ്വാറുകളില്‍നിന്ന് 8 പേരുമായിരുന്നു. ഉബൈദതുബ്നുല്‍ ഹാരിസ്, ഉമൈര്‍ ബിന്‍ അബീവഖാസ്, ദുശ്ശിമാലൈന്‍, ആഖിലുബ്നുല്‍ബുകൈര്‍, മഹ്ജഅ്, സ്വഫവാന്‍ബിന്‍ബൈളാഅ് എന്നിവരാണ് മുഹാജിറുകളായ ശുഹദാക്കള്‍. ചരിത്രപണ്ഡിതരില്‍ ചിലര്‍ മറ്റു ചില പേരുകളും പറയുന്നവരുണ്ട്.
സഅ്ദ്ബിന്‍ഖൈസമ, മുബശ്ശിര്‍ബിന്‍അബ്ദില്‍മുന്‍ദിര്‍, യസീദ്ബിന്‍ഹാരിസ്, ഉമൈര്‍ബിന്‍ഹമാം, റാഫിഉബ്നുല്‍മുഅല്ലാ, ഹാരിസബിന്‍സുറാഖ, ഔഫ്ബിന്‍ഹാരിസ്, മുഅവ്വിദ്ബിന്‍ഹാരിസ് എന്നിവരാണ് അന്‍സ്വാര്‍ പക്ഷത്ത് നിന്ന് ശഹീദായവര്‍.
ഇവരില്‍ ഏറ്റവും പ്രായം കുറഞ്ഞവര്‍ ഉമൈര്‍ബിന്‍അബീവഖാസ്(റ) ആയിരുന്നു. പതിനാറ് വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന് പ്രായം. ബദ്റിലേക്ക് പുറപ്പെടാനുള്ള സംഘത്തെ തയ്യാറാക്കിയ വേളയില്‍ കൂട്ടത്തില്‍ പ്രവാചകരുടെ കണ്ണില്‍പെടാതെ ഒളിഞ്ഞുനില്‍ക്കുകയായിരുന്ന അദ്ദേഹം പ്രവാചകരുടെ ശ്രദ്ധയില്‍പെട്ടു. കുട്ടികളാണെന്ന് തോന്നിയാല്‍ പ്രവാചകര്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും തിരിച്ചയക്കുമെന്നും അദ്ദേഹത്തിനറിയാമായിരുന്നു. പക്ഷേ, രക്തസാക്ഷിയാവാനുള്ള അടങ്ങാത്ത മോഹം ഉമൈറിനെ പിന്തിരിപ്പിച്ചില്ല. അദ്ദേഹത്തെ തിരിച്ചറിഞ്ഞ പ്രവാചകര്‍ മടങ്ങിപ്പോകാന്‍ പറഞ്ഞു, ഉമൈര്‍ പൊട്ടിക്കരഞ്ഞു. ഉമൈറിന്‍റെ ആവേശവും ആത്മാര്‍ത്ഥതയും മനസ്സിലാക്കിയ പ്രവാചകര്‍ അവസാനം സമ്മതം മൂളുകയായിരുന്നു.
ബദ്റില്‍ ആദ്യമായി മരിച്ചുവീണത് ഹാരിസബിന്‍സുറാഖയായിരുന്നു. അദ്ദേഹം മരണപ്പെട്ട വിവരം അറിഞ്ഞ് അവരുടെ മാതാവ് റബീഅ പ്രവാചകരുടെ സമീപം വന്ന് ഇങ്ങനെ പറഞ്ഞു, പ്രവാചകരേ, ഞാന്‍ എന്റെ മകനെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് താങ്കള്‍ക്കറിയാമല്ലോ. അവന്‍ മരിച്ചുവീണിരിക്കുന്നു. അവന്‍ ഇതോടെ സ്വര്‍ഗ്ഗാവകാശിയായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ അവനെ അര്‍പ്പിക്കാനായതില്‍ എനിക്ക് സന്തോഷമേയുള്ളൂ. അല്ലാത്തപക്ഷം, ഞാന്‍ ചെയ്യാന്‍ പോകുന്നത് താങ്കള്‍ കാണേണ്ടിവരും. പ്രവാചകരുടെ മറുപടി ഇങ്ങനെയായിരുന്നു, സ്വര്‍ഗ്ഗം ഒന്ന് മാത്രമല്ല, പലതാണ്. അവയില്‍ ഏറ്റവും ഉന്നതമായ ഫിര്‍ദൌസിലാണ് ഹാരിസയുടെ സ്ഥാനം. അത് കേട്ട ആ ധീരമാതാവ് തിരിച്ചുപോയി, അവരുടെ കണ്ണുകളില്‍നിന്ന് സന്തോഷത്തിന്‍റെ അശ്രുകണങ്ങള്‍ പൊഴിയുന്നുണ്ടായിരുന്നു.
Leave A Comment