നോമ്പുകാലത്ത് ‘ബദര്‍’ നടത്തി നാം ‘മദീന’ കെട്ടിപ്പടുക്കുന്നു, നോമ്പു കഴിയുന്നതോടെ നാം തന്നെ അതിനോട് ‘ഉഹ്ദ്’ പ്രഖ്യാപിക്കുന്നു

പുണ്യനബി ജീവിച്ചിരുന്ന കാലം. അന്നത്തെ മദീന. സച്ചരിതരായ അവിടത്തെ അനുചരന്മാര്‍. നമ്മുടെ ചിന്ത ചരിത്രത്തിന്‍റെ വിശുദ്ധമായ ആ ഏടുകളിലേക്ക് ഒന്ന് തിരിച്ചു വെക്കുക. ഖുര്‍ആനായിരുന്നു അന്ന് മദീനയുടെ തെരുവുകള്‍ക്ക് വിളക്കായിരുന്നത്. പുണ്യനബിയുടെ പള്ളിയായിരുന്നു ലോകം കണ്ട ഏറ്റവും നല്ല ആ സമൂഹത്തിന് കേന്ദ്രമായി വര്‍ത്തിച്ചിരുന്നത്. വുശുദ്ധ ഗ്രന്ഥം മുന്നോട്ട് വെച്ച ജീവിതം ആ പള്ളിക്ക് ചുറ്റും വളര്‍ന്നു.

ഖുര്‍ആനില്‍ നിന്ന് അവര്‍ ജീവിതത്തിന്‍റെ തത്വം രൂപപ്പെടുത്തി. മസ്ജിദുന്നബവി കേന്ദ്രമായുള്ള ആ ജീവിതത്തില്‍ പ്രസ്തുത തത്വങ്ങളുടെ പ്രയോഗികവശം കാണിച്ചു തന്നു. അവരുടെ താത്വിക ജീവിതത്തിന് ഖുര്ആനും സാമുഹ്യമായ പ്രായോഗിക ജീവിതത്തിന് മസ്ജിദുന്നബവിയും വഴി കാണിച്ചു. അതുവഴി ആ സമൂഹം ലോകം കണ്ട ഏറ്റവും നല്ല സംസ്കാരമായി വളര്‍ന്നു.

അപ്പോഴും അവര്‍ അവരുടെ നിത്യജീവിതം മറന്നിരുന്നില്ല. അന്നന്നത്തെ അന്നപാനീയങ്ങള്‍ അവര്‍ കണ്ടെത്തി. അക്കാലത്തിന് അനുയോജ്യമായ രീതിയിലുള്ള മറ്റു ജീവിത സാഹചര്യങ്ങളും അവര്‍ക്കുണ്ടായിരുന്നു. പ്രധാനമായും കച്ചവടം ജീവിതോപാധിയായിരുന്ന ആ സമൂഹത്തില്‍ ഏറെ പേര്‍ കച്ചവടം നടത്തി. ഇതര ജീവിതോപാധികള്‍ തേടി. അതിന് മുന്നിലുള്ള തടസ്സങ്ങളെ അവര്‍ അതിജയിച്ചു. അങ്ങനെ ഒരു പുതിയ നാഗരികതക്കും അതു വഴിവെച്ചു.

രണ്ട്

വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്‍റെ ജീവിതത്തിന് രണ്ടു തലങ്ങളാണുള്ളത്. വ്യക്തിപരമായതും സാമൂഹികമായതും. രണ്ടും പരസ്പര പൂരകങ്ങള്‍ തന്നെയാണെങ്കിലും.  അവന്‍റെ വ്യക്തിജീവിതത്തില്‍ ഏറെ പ്രധാനമാണ് വിശുദ്ധ ഖുര്‍ആന്‍. എന്നാല്‍ അവന്‍റെ സാമൂഹിക ജീവിതത്തില്‍ ഖുര്‍ആനോളം തന്നെ പ്രധാനമായി വരുന്നുണ്ട് അവന്‍റെ പരിസരത്തുള്ള മസ്ജിദ്. ഖുര്‍ആന്‍ ഉദ്ഘോഷിച്ച ജീവിതത്തിന്‍റെ പ്രയോഗിക തലം പുണ്യനബിയുടെ കാലത്ത് സാധ്യമാക്കിയത് മസ്ജിദുന്നബിയായിരുന്നല്ലോ. അത് കൊണ്ട് തന്നെ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഖുര്‍ആന്‍ അനുസരിച്ചുള്ള അവന്‍റെ ജീവിതക്രമത്തിന്‍റെ രാസത്വരകമായി വര്‍ത്തിക്കേണ്ടത് പള്ളിയാണ്, പള്ളിയുമായുള്ള ഇടപെടലുകളാണ്.

കേരളീയമുസ്‌ലിം പശ്ചാത്തലത്തില്‍ ഇത് രണ്ടും അവരുടെ പൊതുജീവിതത്തിന്‍റെ ഭാഗമാകുന്നത് റമദാനില്‍ മാത്രമാണ്. അതായത്, റമദാനിലാണ് നമ്മുടെ ചുറ്റുവട്ടങ്ങള്‍ കുറച്ചെങ്കിലും ഇസ്‌ലാമികമാകാറ്. അന്ന് നാട്ടിലെ വിശ്വാസികളെല്ലാവരും സുബ്ഹി അടക്കമുള്ള നിസ്കാരത്തിന് ജമാഅത്തിന് മസ്ജിദില്‍ തന്നെ ഒരുമിച്ചു കൂടാന്‍ ശ്രമിക്കുന്നു. ചുരുങ്ങിയ പക്ഷം ഒരു ഖത്ം എങ്കിലും ഖുര്‍ആന്‍ ഓതിത്തീര്‍ക്കുന്നു. പുതിയ കാലത്ത് ഖുര്‍ആന്‍ ഓതിത്തീര്‍ക്കുക എന്നതലുപരി അതിന്‍റെ അര്‍ഥം മനസ്സിലാക്കാനുള്ള ശ്രമങ്ങളും നമ്മള് നടത്തുന്നുണ്ട്, ഒറ്റക്കൂം കൂട്ടായുമെല്ലാം.

വര്‍ഷത്തിലൊരിക്കല്‍ നാം പുണ്യനബിയുടെ കാലം പുനനിര്‍മിക്കാനുള്ള ഒരു ശ്രമം ഇതിലൂടെ നടത്തുകയാണെന്ന് തോന്നുന്നു. അതുവഴി നമ്മുടെ ചുറ്റുവട്ടങ്ങളെ ആ മദീനയാക്കി മാറ്റാനുള്ള ഒരു സാഹസവും. അതിന് വിരുദ്ധമായി വരുന്ന എല്ലാ ശക്തികളോടും നാം സ്വയം യുദ്ധം നടത്തുന്നു. ഒരു തരത്തില്‍ ബദര്‍യുദ്ധം തന്നെ.

റമദാനില്‍ നാം സ്വയം നന്നാകാനുളള ശ്രമം നടത്തുന്നുണ്ടല്ലോ. അത് നമ്മുടെ ജീവിതോപാധികളെ വെടിഞ്ഞ് കൊണ്ടൊന്നുമല്ല. റമദാനല്ലാത്ത മാസങ്ങളില്‍ നാം ചെയ്തിരുന്ന ജോലികളിലായിട്ട് തന്നെയാണ് റമദാനും കടന്നു പോകുന്നത്. പാടത്ത് പണിയെടുക്കുന്നവന്‍ റമദാനിലും അതിരാവിലെ പാടത്തേക്ക് പോകുന്നുണ്ട്. ഓഫീസിലെ ജോലിക്കാരന്‍റെ കാര്യവും അങ്ങനെ തന്നെ. അതില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്താറില്ല. എന്നിട്ടും ജമാഅത്ത് ലഭിക്കുന്നതിന് നാം ശ്രമിക്കുന്നു. ഖുര്‍ആന്‍ ഓതിത്തീര്‍ക്കാന്‍ മുന്നോട്ട് വരുന്നു. തെറ്റുകളില്‍ നിന്ന് പരമാവധി ഒഴിഞ്ഞ് നില്‍ക്കുന്നു.ഒരു പരിധിവരെ അതില്‍ നമ്മുടെ ശ്രമം വിജയിക്കുകയും ചെയ്യുന്നു.

എന്നാല്‍ റമദാനല്ലാത്ത കാലങ്ങളില്‍ നമുക്ക് ജമാഅത്തിനെ കുറിച്ച ബോധമില്ല. ഖുര്‍ആനോത്തില്ല. ജീവിതോപാധികളും ഏര്‍പ്പെട്ടിരിക്കുന്ന ജോലികളുമാണ് അതിന് നാം പറയുന്ന കാരണങ്ങള്‍. ഓഫീസിലെ ജോലിത്തിരക്ക് കാരണം നമുക്ക് ജമാഅത്തിന് കൂടാന്‍ കഴിയുന്നില്ല. ചിലര്‍ മസ്ജിദില്‍ തന്നെ പോകാറില്ല. വീട്ടില്‍ നിന്നായിരിക്കും എല്ലാ വഖ്തും നിസ്കരിക്കുന്നത്. അതിനും പറയുന്ന ന്യായം ജോലിത്തിരക്കിന്റേത് തന്നെ.

അടുത്ത റമദാനെത്തുന്നതോടെ എന്തു സാഹസം ചെയ്തും വീണ്ടും പള്ളിയില്‍ സജീവമാകുന്നു. ഖുര്‍ആനോത്തുമായി കൂടുന്നു. ചെറിയപെരുന്നാളോടെ അത് വീണ്ടും പഴയപടിയിലേക്ക് തിരിച്ചു വരുന്നു!

സത്യത്തില്‍ ഓരോ റമദാനിലും ‘മദീന’ പുനര്‍നിര്‍മിക്കുന്ന നമ്മുടെ മഹല്ലുകള്‍ റമദാന്‍ കഴിയുന്നതോടെ ആ മദീനയോട് യുദ്ധം ചെയ്യുന്നു. വ്രതത്തിന്‍റെ നിറവില്‍ നാം നേടിയെടുത്ത സാംസ്കാരിക ഉന്നതിയെ നാം സ്വയം തന്നെ ഇല്ലായ്മ ചെയ്യുന്നു. അതിനായുള്ള മറ്റുപലരുടെയും ശ്രമങ്ങളില്‍ അറിയാതെ നാമും ഭാഗവാക്കാകുന്നു. ബദര്‍യുദ്ധത്തിലൂടെ പണ്യനബിയും സ്വഹാബികളും നേടിയെടുത്ത സാംസ്കാരിക ഉന്നതി ഓരോ റമദാനിലും കൈവരിച്ച ശേഷം പിന്നെ നാം തന്നെ അതിനോട് ഒരു ‘ഉഹ്ദ്’ പ്രഖ്യാപിക്കുന്നു. ജീവിതത്തോടുള്ള, ആരാധനയോടുള്ള നമ്മുടെ മാനസിക മനോഭാവം പരിഗണിച്ച് നമ്മെ എണ്ണേണ്ടത് മുസ്‌ലിംകളുടെ കൂട്ടത്തില്‍ തന്നെയാണോ? നാം സ്വയം ആലോചിക്കേണ്ടിയിരിക്കന്നു.

മൂന്ന്

റമദാനില്‍ നാം നടത്തുന്ന ആരാധനകളുടെ പുണ്യങ്ങളെ കുറിച്ച് സന്തോഷിക്കുകയല്ല വേണ്ടത്. മറിച്ച് റമദാനല്ലാത്ത കാലത്ത് നാം ആരാധനയുടെ കാര്യത്തില്‍ കാണിക്കുന്ന മടിയെ കുറിച്ച് വ്യാകുലപ്പെടുകയാണ്. അതിനുള്ള അവസരമാണ് ഓരോ റമദാനും സത്യത്തില്‍ ഒരുക്കിത്തരുന്നത്.

മനസ്സുവെച്ചാല്‍ റമദാനില്‍ നാം ജീവിതത്തിന് വരുന്ന ചിട്ടകളും നോമ്പുകാലത്ത് പതിവാക്കുന്ന പൊതുവായ ആരാധനകളും അടുത്ത റമദാന്‍ വരെയും, അതുവഴി ജീവിതാവസാനം വരെയും, തുടര്‍ത്താവുന്നതെയുള്ളൂ. മദീനയില്‍ പ്രവാചകരും അനുചരന്മാരും അങ്ങനെയായിരുന്നല്ലോ ചെയ്തിരുന്നത്. അതു പക്ഷേ, നിലവില്‍ ഇരുപത്തൊമ്പതോ മുപ്പതോ ദിവസത്തേക്കു മാത്രമായി നാം നടത്തുന്ന മാനസിക ഒരുക്കം കൊണ്ട് സാധ്യമല്ല. മറിച്ച്, ജീവിതാന്ത്യം വരെക്കുള്ള സന്നാഹം മാനസികമായി നാം നടത്തേണ്ടതായി വരും. അങ്ങനെ നടത്തിയാല്‍ ഇപ്പറഞ്ഞ കാര്യങ്ങളൊന്നും അസാധ്യമാകില്ല തന്നെ.

ശരിയാണ്. പ്രവാചകരുടെ കാലത്തിന്‍റേത് പോലെ ശ്രേഷ്ഠമായ കാലമൊന്നുമല്ല ഇത്. അത് അവിടുന്ന് തന്നെ ഒരു ഹദീസിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നതും ശരി തന്നെ. എന്നാല്‍ പ്രസ്തുത ഹദിസ് നബി പഠിപ്പിച്ചത് കാലത്തിന്‍റെ മോശത്തിനനുസരിച്ച് നിങ്ങളും മോശമായിക്കോളൂ എന്ന് അനുവദിക്കാനായിരുന്നില്ല. മറിച്ച് മുന്നിലുള്ള മോശത്തരങ്ങളില്‍ നിന്ന് നിങ്ങള്‍ വിടുതി നേടൂയെന്ന് ആവശ്യപ്പെടാനായിരുന്നു. ‘സമുദായം മോശമാകുന്ന സമയത്ത് എന്‍റെ സുന്നത്ത് മുറകെ പിടിക്കുന്നവന് ആയിരം ശഹീദിന്‍റെ കൂലിയുണ്ടെ’ന്നു അതെ പുണ്യനബി തന്നെ പഠിപ്പിച്ചത് അതുകൊണ്ടായിരുന്നല്ലോ.

നാല്

റമദാന്‍ മദീനയുടെ ഓരോ വാര്‍ഷിക നിര്‍മിതിയാണ്. ഓരോ റമദാനിലും ആദ്യത്തെ ‘കരുണയുടെ പത്തും’ രണ്ടാമത്തെ ‘പാപമോചനത്തിന്‍റെ പത്തും’ അവസാനത്തെ ‘നരകമോചനത്തിന്‍റെ പത്തും’ നാം പ്രതീക്ഷിക്കുന്നു. അതുപോലെ ‘ലൈലത്തുല്‍ഖദറി’നായി നാം കാത്തിരിക്കുന്നു. അതിനായി രാപ്പകലുകളില്‍ നാം ഇഅതികാഫിരിക്കുന്നു. പള്ളികളെ സജീവമാക്കുന്നു.

എന്നാല്‍ റമദാനിലെ ബദര്‍ദിനം നാം മൌലിദ് ഓതി അനുസ്മരിക്കുക മാത്രം ചെയ്യുന്നു. ഓരോ കാലത്തിനനുസരിച്ചും വിശ്വാസികള്‍ക്ക് പുതിയ ശത്രുക്കളുണ്ടാകും. സായുധരായ ശത്രുക്കള്‍ തന്നെ വേണമെന്നില്ല. മറിച്ച് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ യഥാര്‍ഥ വിശ്വാസമൂല്യങ്ങളില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുന്ന ചില കാര്യങ്ങള്‍ എപ്പോഴും ശത്രുക്കളായി കാണും. അതോട് യുദ്ധം ചെയ്യണമെന്ന്, ബദര്‍ നടത്തണമെന്ന്, ഓരോ റമദാനും ആവശ്യപ്പെടുന്നുണ്ട്. അത് നാം തത്കാലം വിസ്മരിക്കുന്നു.

പുതിയ മാധ്യമങ്ങളും മറ്റും അധികരിച്ച ഇക്കാലത്ത് വിശ്വാസി യുദ്ധം പ്രഖ്യാപിക്കേണ്ട നിരവധി കാര്യങ്ങള്‍ പുതുതായി രൂപംകൊണ്ടിട്ടുണ്ട്. അവയെ പക്ഷേ, നാം അവഗണിക്കുന്നു. അന്യനെ കുറ്റം പറയാതിരിക്കാനും ഗീബത്തിലടപെടാതിരിക്കാനും നാം റമദാന്‍ കാലത്ത് പ്രത്യേകമായി ശീലിക്കാറുണ്ട്. എന്നാല്‍ ഫൈസ്ബുക്കും ഇതര സോഷ്യല്‍നെറ്റുവര്‍ക്കിങ്ങ് സൈറ്റുകളും നിത്യജീവിതത്തെ സ്വാധീനിച്ചിരിക്കുന്ന ഇക്കാലത്ത് നാം അറിയാതെ തന്നെ പലവിധ ഗീബത്തുകളിലും ഏര്‍പ്പെടുന്നു. നമ്മുടെ ഓരോ പോസ്റ്റുകളും നോമ്പിനെ തന്ന കരിച്ചുകളയാന്‍ പോന്ന ഏഷണികളായി മാറുന്നത് നാം അറിയാതെ പോകുന്നു. യൂട്യൂബ് അടക്കമുള്ള വെബ്സൈറ്റുകള്‍ അതിപ്രസരം നേടിക്കഴിഞ്ഞ ഇന്‍റര്‍നെറ്റ് കാലത്തെ നോമ്പിനെ കുറിച്ച് പ്രത്യേകമായി തന്നെ ഒരു കുറിപ്പെഴുതാന്‍ മാത്രമുണ്ട്. അത് കൊണ്ട് തത്കാലം ആ വിഷയം മാറ്റിവെക്കുന്നു.

 

കുറിപ്പിലേത് ലേഖകന്‍റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. മെയില്‍ ഐഡി: manharup@gmail.com

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter