മയ്യിത്തും ബാധ്യതകളും
ഒരു മുസ്‌ലിം മരണപ്പെട്ടാല്‍ താന്‍ ഉപേക്ഷിച്ച ധനം അവകാശികള്‍ ഓഹരിചെയ്യും മുമ്പ് മയ്യിത്തിന്റെ മേല്‍ നിര്‍ബന്ധമായ ബാധ്യതകള്‍ അനന്തരാവകാശികള്‍ വീട്ടേണ്ടതുണ്ട്. അതു നിര്‍ബന്ധമാണ്. അവ വീട്ടിയതിനു ശേഷമാണ് സ്വത്ത് ഓഹരി ചെയ്‌തെടുക്കേണ്ടത്. ഈ നിര്‍ബന്ധബാധ്യതകള്‍ എന്തൊക്കെയെന്ന് ഹ്രസ്വമായി വിവരിക്കുകയാണിവിടെ.
മനുഷ്യന്റെ സ്വാര്‍ത്ഥ പ്രകൃതിയെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണു ധനം. ആകര്‍ഷണം എന്നര്‍ത്ഥമുള്ള 'മൈല്‍' എന്ന വാക്കില്‍ നിന്നാണു 'മാല്‍' (ധനം) രൂപംകൊണ്ടതു തന്നെ. (റാസി: 16/104) ഈ ആകര്‍ഷണ വസ്തു അതിന്റെ ദാതാവിന്റെ ഇച്ഛക്കും അഭീഷ്ടത്തിനുമൊത്തും മാത്രം ചെലവഴിക്കുന്നവനാണു യഥാര്‍ത്ഥ മുസ്‌ലിം.
മയ്യിത്തു ഉപേക്ഷിച്ച സ്വത്തില്‍നിന്നു ആദ്യം ചെലവഴിക്കേണ്ടതു മയ്യിത്തു പരിപാലനത്തിനാണ്. ശേഷം അല്ലാഹുവുമായി ബന്ധപ്പെട്ട ബാധ്യതകളും പിന്നീട് മനുഷ്യരുടെ കടങ്ങളും വീട്ടണം. ശേഷം മയ്യിത്തിന്റെ വസ്വിയ്യത്ത് നിയമാനുസൃതം നടപ്പാക്കണം. പിന്നെയാണ് സമ്പത്ത് അവകാശികള്‍ ഓഹരി ചെയ്‌തെടുക്കേണ്ടത്. (തുഹ്ഫ: 6/384) സക്കാത്തു നിര്‍ബന്ധമായ ധനം മയ്യിത്തു ഉപേക്ഷിച്ചിട്ടതിലുണ്ടെങ്കില്‍ അതിനാണു മയ്യിത്തു പരിപാലന ചെലവിനേക്കാള്‍ മുന്‍ഗണന നല്‍കേണ്ടത്. (തുഹ്ഫ: 6/385). ഭാര്യയുടെ മയ്യിത്തു പരിപാലന ചെലവ് കഴിവുണ്ടെങ്കില്‍ ഭര്‍ത്താവാണു വഹിക്കേണ്ടത്. (തുഹ്ഫ: 3/121)
ഒരു മയ്യിത്തിന്റെ അനന്തര സ്വത്തില്‍ അവന്‍ മനുഷ്യര്‍ക്കു വീട്ടേണ്ട കടങ്ങളും അല്ലാഹുവിന്റെ ബാധ്യതകളും ഉണ്ടാവുകയും രണ്ടിനും കൂടി സ്വത്ത് തികയാതിരിക്കുകയും ചെയ്താല്‍ അല്ലാഹുവിന്റെ ബാധ്യതകള്‍ക്കാണു മുന്‍ഗണന നല്‍കേണ്ടത്. ഹജ്ജ്, നേര്‍ച്ച, സക്കാത്ത്, കഫ്ഫാറത്ത് (പ്രായശ്ചിത്തം) മുതലായവ അല്ലാഹുവിന്റെ ഹഖ്ഖുകളാണ്. മയ്യിത്തുപേക്ഷിച്ചിട്ട ധനത്തില്‍ അല്ലാഹുവിന്റെ ഹഖ്ഖുകള്‍ മാത്രം ഒരുമിച്ചുകൂടിയാല്‍ സക്കാത്തു അവന്റെ ധനത്തിനോട് നേരിട്ടു ബന്ധിക്കുന്നുണ്ടെങ്കില്‍ സക്കാത്തിനാണു മുന്‍ഗണന. അതേസമയം സക്കാത്തു നിര്‍ബന്ധമാവുകയും കൊടുക്കാന്‍ സൗകര്യമാവുകയും ചെയ്ത ശേഷം ധനം നശിച്ചതിനാല്‍ സമ്പത്തിനോട് നേരിട്ട് ബന്ധിക്കാതെ അവന്റെ ബാധ്യതയില്‍ അവേശിക്കുന്നതാണെങ്കില്‍ സക്കാത്തും മറ്റുള്ളവ (ഹജ്ജ്, നേര്‍ച്ച, കഫ്ഫാറത്ത് മുതലായവ) യോട് തുല്യമാണ്. അപ്പോള്‍ ഉള്ള ധനം അവക്കെല്ലാം കൂടി വീതിക്കണം. (ഫത്ഹുല്‍ മുഈന്‍, പേജ്: 175)
ഹജ്ജും ഉംറയും നിര്‍ബന്ധമായ ഒരാള്‍ക്ക് അതു ചെയ്യാനുള്ള സൗകര്യവും സാധ്യതയും ഉണ്ടായിട്ടും ചെയ്യാതെ മരണപ്പെട്ടാല്‍ അത് ഒരു കടമയായി അയാളില്‍ നില്‍ക്കുന്നതാണ്. മയ്യിത്തിന്റെ അവകാശികള്‍ അയാള്‍ക്കു വേണ്ടി ഹജ്ജും ഉംറയും ചെയ്യണം. അല്ലെങ്കില്‍ മറ്റൊരാളെ കൊണ്ട് ചെയ്യിപ്പിക്കണം. മരണപ്പെട്ട വ്യക്തിക്കു വേണ്ടി വീട്ടപ്പെടുന്ന ഹജ്ജ്, ഉംറ പിന്തിപ്പിക്കാതെ നിര്‍വഹിക്കേണ്ടതാണ്.
മരിച്ചയാള്‍ക്കു സ്വത്തില്ലെങ്കില്‍ അവകാശികളോ മറ്റോ അയാള്‍ക്കുവേണ്ടി ഹജ്ജും ഉംറയും ചെയ്യലും മറ്റൊരാളെ കൊണ്ട് ചെയ്യിപ്പിക്കലും നിര്‍ബന്ധമില്ല. എങ്കിലും സുന്നത്താണ്. മരിച്ചവര്‍ക്കു വേണ്ടിയുള്ള ഹജ്ജ്, ഉംറ ചെയ്യുന്നത് അവകാശികള്‍ തന്നെയാവണമെന്നില്ല. അന്യരുമാവാം. അവകാശികളുടെ സമ്മതമില്ലെങ്കിലും അന്യര്‍ക്കാവുന്നതാണ്. (തുഹ്ഫ: 4/28)
ശമനം പ്രതീക്ഷിക്കാനാവാത്ത രോഗം, വാര്‍ധക്യം എന്നിവ മൂലം നോമ്പനുഷ്ഠിക്കാന്‍ സാധിക്കാത്തവന്‍ ഓരോ നോമ്പിനും ഓരോ മുദ്ദ് (800 മി. ലി) ഭക്ഷ്യവസ്തു ഫിദ്‌യ  നല്‍കുകയാണു വേണ്ടത്. ഇത്തരക്കാര്‍ക്കു നോമ്പല്ല നിര്‍ബന്ധം. പ്രത്യുത മുദ്ദാണു നിര്‍ബന്ധം. ഓരോ ദിവസത്തിന്റെ മുദ്ദുകള്‍ ആ ദിവസത്തിന്റെ രാത്രിയിലോ പകലിലോ നല്‍കാവുന്നതാണ്. രണ്ടോ അതിലധികമോ ദിവസങ്ങള്‍ക്കു മുമ്പ് കൊടുക്കല്‍ അനുവദനീയമല്ല. ഓരോ ദിവസത്തെ നോമ്പിന്റെ മുദ്ദും ഓരോ ദിവസവും നിര്‍ബന്ധമാകുന്നുണ്ടെങ്കിലും ഈ മുദ്ദ് അപ്പപ്പോള്‍ കൊടുത്തുവീട്ടല്‍ നിര്‍ബന്ധമില്ല. പിന്തിപ്പിക്കാവുന്നതാണ്. പിന്തിപ്പിച്ചതിന്റെ പേരില്‍ മുദ്ദ് ഖളാഅ് ആവുകയോ കുറ്റക്കാരനാവുകയോ ചെയ്യുന്നില്ല. തന്റെ മരണത്തിനു മുമ്പ് കൊടുത്തുവീട്ടിയാല്‍ മതി. ഓരോ നോമ്പിന്റെ ദിവസവും പൂര്‍ത്തിയാവലോടു കൂടി പ്രസ്തുത മുദ്ദ് തന്റെ ഉത്തരവാദിത്തത്തില്‍ സ്ഥിരപ്പെടുന്നതാണ്. ഈ മുദ്ദുകള്‍ നല്‍കാതെ മരണപ്പെട്ടാല്‍ അവകാശികള്‍ അതു മയ്യിത്തിന്റെ സ്വത്തില്‍നിന്നു നല്‍കല്‍ നിര്‍ബന്ധമാണ്. എത്ര വര്‍ഷം മുമ്പുള്ള ഫിദ്‌യ:യാണെങ്കിലും ഓരോ നോമ്പിനെ തൊട്ടും ഓരോ മുദ്ദ് വീതം നല്‍കിയാല്‍ മതി. വര്‍ഷങ്ങള്‍ കൂടുന്നതുകൊണ്ട് പ്രസ്തുത മുദ്ദിന്റെ എണ്ണം വര്‍ധിക്കില്ല. (ശര്‍വാനി: 3/346)
എന്നാല്‍, നോമ്പു നിര്‍ബന്ധമായവന്‍ അതു ഉപേക്ഷിച്ചാല്‍ ഓരോ റമളാനിന്റെയും നോമ്പുകള്‍ അടുത്ത റമളാനിന്റെ മുമ്പ് ഖളാഅ് വീട്ടല്‍ സൗകര്യമായിട്ടുണ്ടെങ്കില്‍ അതു ചെയ്യല്‍ നിര്‍ബന്ധമായിരുന്നു. അതു ചെയ്യാതെ  മരിച്ചാല്‍ ഖളാആയ നോമ്പിനു പകരമായി ബന്ധുക്കള്‍ നോറ്റുവീട്ടുകയോ അനന്തര സ്വത്തില്‍ നിന്ന് മുദ്ദ് നല്‍കുകയോ നിര്‍ബന്ധമാവുന്നതിനു പുറമെ ഖളാഅ് വീട്ടാന്‍ പിന്തിച്ചതിന്റെ പേരില്‍ ഓരോ നോമ്പിനും വര്‍ഷങ്ങളുടെ എണ്ണം അനുസരിച്ച് മുദ്ദുകളും നിര്‍ബന്ധമാകുന്നതാണ്. (തുഹ്ഫ: 3/446)
അപ്പോള്‍ മരിക്കുന്നതിന്റെ മൂന്നു വര്‍ഷം മുമ്പുള്ള റമളാന്‍ നോമ്പും തൊട്ടടുത്ത രണ്ടു വര്‍ഷത്തിലെ റമളാന്‍ നോമ്പും അനുഷ്ഠിക്കാത്ത വ്യക്തിക്ക് ഓരോ വര്‍ഷത്തെ നോമ്പും അടുത്ത റമളാനിനു മുമ്പായി ഖളാഅ് വീട്ടാന്‍ സൗകര്യമുണ്ടായിരുന്നിട്ടും ചെയ്യാതിരുന്നതാണെങ്കില്‍ ആദ്യ വര്‍ഷത്തെ മുപ്പതു നോമ്പുകള്‍ക്ക് പകരമായി ബന്ധുക്കള്‍ ഖളാഅ് വീട്ടലോ മുദ്ദോ നിര്‍ബന്ധമാകുന്നതിന്റെ പുറമെ രണ്ടു വര്‍ഷം പിന്നിട്ടതിനു അറുപത് മുദ്ദ് കൂടി നല്‍കല്‍ നിര്‍ബന്ധമാവും. അതുപോലെ രണ്ടാം വര്‍ഷത്തിലെ നോമ്പിനു ഖളാഅ് വീട്ടലോ മുദ്ദോ നിര്‍ബന്ധമായതിനു പുറമെ ഒരു വര്‍ഷം പിന്നിട്ടതിനു മുപ്പതു മുദ്ദ് കൂടി നിര്‍ബന്ധമാവും.
മൂന്നാം വര്‍ഷത്തെ നോമ്പിനു ഖളാഅ് വീട്ടലോ മുദ്ദോ മാത്രമേ നിര്‍ബന്ധമാകുന്നുള്ളൂ. നാലാമത്തെ റമളാന്‍ ആവുന്നതിനു മുമ്പ് മരിച്ചതാണ് കാരണം. പക്ഷേ, ഖളാഅ്, വീട്ടല്‍ നിര്‍ബന്ധമായ എണ്ണത്തേക്കാള്‍ കുറഞ്ഞ ദിവസങ്ങള്‍ മാത്രമേ നാലാമത്തെ റമളാനിന്റെ പിറവിക്കു ഉള്ളതെങ്കില്‍ ഖളാഅ് വീട്ടാന്‍ ഉദ്ദേശിക്കുന്ന പക്ഷവും കുറഞ്ഞ ദിവസത്തെ നോമ്പുകള്‍ ഖളാഅ് വീട്ടാന്‍ കഴിയാതെ വരും. അപ്പോള്‍ ആ എണ്ണം നോമ്പുകള്‍ നാലാം വര്‍ഷത്തെ റമളാനിനു ശേഷത്തേക്കു പിന്തിച്ചത് പോലെയായി. അതു കൊണ്ടു മൂന്നാം റമളാനിലെ അത്ര എണ്ണം നോമ്പുകള്‍ക്കു അത്ര മുദ്ദുകള്‍ കൂടി പിന്തിച്ചതിന്റെ പേരില്‍ നിര്‍ബന്ധമായി വരുന്നു. (മുഗ്നി: 1/442 നോക്കുക)
ഇതുവരെ വിവരിച്ച മുദ്ദുകള്‍ നല്‍കേണ്ടത് ഫഖീര്‍ (ദരിദ്രന്‍), മിസ്‌കീന്‍ (അഗതി) എന്നിവര്‍ക്കു മാത്രമാണ്. സക്കാത്തു വാങ്ങാന്‍ അര്‍ഹതയുള്ള മറ്റു ആറു കക്ഷികള്‍ക്കു അവകാശമില്ല. ഈ മുദ്ദുകളെല്ലാംകൂടി ഒരു ഫഖീറിനു മാത്രവും നല്‍കാവുന്നതാണ്്. ഒരാള്‍ക്കു നിര്‍ബന്ധമായ ഒരു മുദ്ദ് രണ്ടാള്‍ക്കോ ഒരു മുദ്ദും മറ്റൊരു മുദ്ദിന്റെ അല്‍പവും കൂടി ഒരാള്‍ക്കോ കൊടുക്കല്‍ അനുവദനീയമല്ല. കാരണം, ഓരോ മുദ്ദും പരിപൂര്‍ണമായ ഒരു ഫിദ്‌യ:യാണ്. (തുഹ്ഫ: 3/446) പ്രസ്തുത മുദ്ദുകള്‍ നാട്ടിലെ ഫക്കീര്‍, മിസ്‌കീന്‍ എന്നിവര്‍ക്കു തന്നെ നല്‍കണമെന്നില്ല. മറ്റു നാട്ടിലുള്ളവര്‍ക്കും നല്‍കാവുന്നതാണ്. മറ്റൊരു നാട്ടിലേക്കു നീക്കം ചെയ്യല്‍ നിഷിദ്ധമെന്നത് സക്കാതിന്റെ പ്രത്യേകതയാണ്. കഫ്ഫാറത്തിലില്ല. (ശര്‍വാനി: 3/446)
മയ്യിത്തിനു നിര്‍ബന്ധമായ മുദ്ദുകള്‍ അവകാശികള്‍ ഫഖീര്‍, മിസ്‌കീന്‍ എന്നിവര്‍ക്കു നല്‍കല്‍ നിര്‍ബന്ധവും നല്‍കാതെ മയ്യിത്തിന്റെ ധനം ഓഹരി ചെയ്യല്‍ കുറ്റകരവുമാണ്. അതേസമയം കുറ്റക്കാരനാവലോടുകൂടെ സ്വത്ത് ഓഹരി ചെയ്തത് സാധുവാകുന്നതും അവര്‍ക്കതില്‍ മില്‍ക് (ഉടമാവകാശം) വരുന്നതുമാണ്. എന്തുകൊണ്ടെന്നാല്‍ മയ്യിത്തിനു നിര്‍ബന്ധമായ പ്രസ്തുത ബാധ്യതകള്‍ ധനവുമായി നേരിട്ടു ബന്ധപ്പെട്ടതല്ല. മറിച്ച് മയ്യിത്തിന്റെ ബാധ്യതയില്‍ സ്ഥിരപ്പെട്ടതാണ്.
എന്റെ മയ്യിത്തു നിസ്‌കാരത്തിനു ഇന്നയാള്‍ നേതൃത്വം നല്‍കണമെന്ന് ഒരാള്‍ വസ്വിയ്യത്ത് ചെയ്താല്‍ ആ വസ്വിയ്യത്തു നടപ്പില്‍വരുത്തല്‍ രക്ഷാകര്‍ത്താവിനു നിര്‍ബന്ധമില്ലെങ്കിലും  അയാളുടെ ആഗ്രഹം പോലെ പ്രസ്തുത വസ്വിയ്യത്ത് നടപ്പില്‍ വരുത്തലാണ് നല്ലത്. ഒന്നാം  ഖലീഫ: സിദ്ദീഖി(റ)ന്റെ ജനാസ നിസ്‌കാരത്തിനു രണ്ടാം ഖലീഫ ഉമര്‍(റ) നേതൃത്വം നല്‍കിയതും ഉമര്‍(റ) വിന്റെ മയ്യിത്തു നിസ്‌കാരത്തിനു സുഹൈബ്(റ) നേതൃത്വം നല്‍കിയതും ആയിശാ ബീവി(റ)യുടെ ജനാസ നിസ്‌കാരത്തിനു അബൂഹുറൈറ(റ) ഇമാമത്ത് നിന്നതും ഇബ്‌നു മസ്ഊദിന്റെ മയ്യിത്തു നിസ്‌കാരത്തിനു സുബൈര്‍(റ) നേതൃത്വം നല്‍കിയതും വസ്വിയത്തു പ്രകാരമായിരുന്നു. (തുഹ്ഫ: ശര്‍വാനി: 3/155).
എം.എ. ജലീല്‍ സഖാഫി പുല്ലാര

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter