സലാം യാ റമദാന്‍

പുണ്യങ്ങൾ പേമാരി കണക്കെ പെയ്തിറങ്ങിയ റമളാനിന്റെ ദിനരാത്രങ്ങൾ നമ്മെ വിട്ട് പിരിയാൻ  ഒരുങ്ങുകയാണ്. മുൻ കാലങ്ങളെ അപേക്ഷിച്ച് തീർത്തും വ്യത്യസ്ഥത പുലർത്തിയ ഒരു നോമ്പ് കാലമാണ് കഴിഞ്ഞ് പോകുന്നത്. ഇക്കാലയളവിൽ അനുഭവപ്പെട്ട നഷ്ടങ്ങളിൽ സങ്കടപ്പെട്ട് കഴിയുന്നതിന് പകരം ലാഭകരമായ വഴികളിലൂടെ കടന്ന് പോയവർക്ക് ഈ ഒരു റമളാൻ തികച്ചും മനഃശാന്തി പകർന്നു നൽകിയെന്ന് തന്നെ വിശ്വസിക്കാം. 

സുകൃതങ്ങളുടെ പൂക്കാലമായ റമളാൻ വിട പറയുന്നത് സത്യവിശ്വാസികളുടെ മനസ്സകങ്ങളിൽ സങ്കടക്കടൽ തീർക്കുന്ന കൈപേറിയ ഒരു അനുഭവമായിരിക്കും. കാരണം, ആരാധനാകർമ്മങ്ങളും നന്മകളും കൊണ്ട് പടച്ച തമ്പുരാനിലേക്കുള്ള സാമീപ്യം ശക്തമാക്കാൻ ഈ മാസത്തെ കവച്ചുവെക്കുന്ന മറ്റൊരു മാസവുമില്ല. ഈ ലോക്ഡൗൺ നോമ്പുകാലത്തും വിശ്വാസികൾ ഭക്തിയോടെയും ദൈവപ്രീതി കാംക്ഷിച്ചും ആത്മശാന്തി കൈവരിച്ച് മുന്നേറി. പരക്കെ പള്ളികളുടെ വാതിലുകൾക്ക് പൂട്ട് വീണപ്പോഴും വീടുകളിലെ മുസ്വല്ലകളിൽ വിശ്വാസികളുടെ നെറ്റിത്തടം പതിഞ്ഞിരുന്നു. മനമുരുകിയ പ്രാർത്ഥനകളും തസ്ബീഹ് മാലയിൽ കോർത്തിണക്കിയ മന്ത്രോച്ചാരണങ്ങളുമായി അവർ വീടുകൾക്ക് നിറദീപ്തി ചൊരിഞ്ഞു. നിത്യവും വീടിന്റെ അകത്തളങ്ങളെ ഖുർആനിക വചനങ്ങൾ കൊണ്ട് മുഖരിതമാക്കാനുള്ള ശ്രമത്തിലായിരുന്നു അവർ. 

Also Read:റമദാന്‍ വിട പറയുമ്പോള്‍

നബി വചനം ഇങ്ങനെയാണ്: "സത്യവിശ്വാസിയുടെ കാര്യം അത്ഭുതമാണ്, സന്തോഷ വേളകളിൽ അവൻ നന്ദിയുള്ളവനും സങ്കടാവസ്ഥകളിൽ ക്ഷമ കൈകൊള്ളുന്നവനുമാണ്." മസ്ജിദുകളിലെ ജമാഅത്തുകൾ നഷ്ടമായെങ്കിലും നിരാശരാവാതെ ഭവന കൂട്ട പ്രാർത്ഥനകളിൽ സംതൃപ്തി നേടിയവരായിരുന്നു വിശ്വാസികൾ. കോവിഡ് നഷ്ടങ്ങളിലും ക്ഷമ കൈവെടിയാതെ നാഥനിലേക്കുള്ള ദൂരം ചുരുക്കാനുള്ള മാർഗ്ഗങ്ങൾ തേടി പ്രാർത്ഥനകളും നന്മകളുമായി അവർ ഭവനങ്ങളിൽ തന്നെ കഴിച്ചുകൂട്ടി. ജീവിത വിശുദ്ധിയും ആത്മസംസ്കരണവും ഊട്ടിയുറപ്പിച്ച് ലോക്ഡൗൺ നോമ്പ്കാലത്തും അവർ പരിഭവങ്ങളൊന്നും ഇല്ലാതെ ജീവിതം നയിച്ചു. അല്ലെങ്കിലും സത്യവിശ്വാസിക്കെന്ത് പരിഭവം, പരീക്ഷണ ഘട്ടങ്ങളിൽ ഇലാഹീചിന്തകളും കാപട്യമില്ലാത്ത വിശ്വാസവും മുറുകെ പിടിച്ചവന് ദുഃഖിതനാവേണ്ട കാര്യമില്ലല്ലോ. 

കോവിഡ് കാലത്ത് പട്ടിണിയുടെ ആഴക്കയങ്ങളിലേക്ക് തള്ളപ്പെട്ടവർക്ക് കരുണ വറ്റാതെ ഭക്ഷണക്കിറ്റുകളും പൊതികളുമായി സഹായഹസ്തങ്ങൾ നീട്ടിയവരുണ്ട്. കൂടുതൽ അനുയോജ്യമായ സമയത്ത് തന്നെ ദാനം നൽകിയതിന്റെ പ്രത്യേക പ്രതിഫലം ഈ കാരുണ്യകരങ്ങൾക്ക് ലഭിക്കുമെന്നത് തീർച്ചയാണ്. പ്രതിസന്ധികൾക്കിടയിലും സ്വയം മറന്ന് മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ നെട്ടോട്ടമോടിയവർ ഈ റമളാൻ കാലത്തും ലാഭം കൊയ്തവരും നാഥന്റെ കാരുണ്യനോട്ടം കൊണ്ട് അനുഗ്രഹീതരുമാണ്.

തീർച്ചയായും ഞെരുക്കത്തിനൊപ്പം ആശ്വാസമുണ്ടെന്ന ഖുർആൻ വചനമാവട്ടെ ഇനിയങ്ങോട്ട് നമ്മുടെ പ്രയാണങ്ങൾക്കുള്ള കൂട്ട്. പരീക്ഷണങ്ങളെ വൈകാരികമായി നേരിടാതെ ക്ഷമയുടെയും സഹനത്തിന്റെയും മഹത്വമുൾക്കൊണ്ട് പ്രതീക്ഷയുടെ കിരണങ്ങൾക്കായി കാത്തിരിക്കാം. ദുർഘടഘട്ടങ്ങൾ തരണം ചെയ്യാനുള്ള പരിഹാരമാർഗ്ഗങ്ങൾ അചഞ്ചല വിശ്വാസവും ദൈവസ്മരണയും ചിന്തകളുമാണെന്ന് ഉൾക്കൊണ്ട് ജീവിതസഞ്ചാരം നടത്താൻ നാഥൻ അനുഗ്രഹിക്കട്ടെ. ആമീൻ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter