ഞാൻ ഹിന്ദു മതം ഉപേക്ഷിച്ച് ഇസ്‌ലാം തെരഞ്ഞെടുത്തതിന് പിന്നിലെ  കാരണങ്ങൾ
ദലിത് ക്യാമറയിലൂടെ (ന്യൂനപക്ഷങ്ങൾ, ആദിവാസികൾ, ദലിതർ, ബഹുജനങ്ങൾ എന്നിവരുടെ ശബ്ദം മുഖ്യധാരയിലെത്തിക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ദലിത് ക്യാമറ) ഞാൻ നേടിയെടുത്ത അനുഭവ സമ്പത്തും കഴിഞ്ഞ 14 വർഷത്തെ ജാതീയതയെ കുറിച്ചുള്ള ഗവേഷണവും എന്നെ പഠിപ്പിച്ച ഏറ്റവും വലിയൊരു പാഠമുണ്ട്; അംബേദ്കര്‍ പറഞ്ഞപോലെ, ജാതീയതയോട് പോരാടേണ്ടത് ഹിന്ദുമതം ഉപേക്ഷിച്ച് കൊണ്ട് തന്നെയാണെന്ന്. അത് കൊണ്ട് തന്നെ, അംബേദ്കറുടെ മാതൃക പിന്തുടർന്ന് ഹിന്ദുമതം ഉപേക്ഷിക്കാന്‍ ഞാൻ തീരുമാനിച്ചു, ഇസ്‌ലാം സ്വീകരിക്കുവാനും. അങ്ങനെ, 2020 ജനുവരി 30ന് തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂര്‍ പള്ളിയില്‍ വെച്ച് പരിശുദ്ധ ഇസ്‌ലാം സ്വീകരിച്ച് ഞാൻ റഈസ് മുഹമ്മദായി മാറി.

ഇന്ത്യയിലെ ആദ്യമസ്ജിദ് പോലെ തന്നെ, ഞാന്‍ തെരഞ്ഞെടുത്ത തിയതിയും പ്രധാനമാണ്. കാരണം അന്നാണ് ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി നാഥുറാം ഗോഡ്സെ ഇന്ത്യയുടെ രാഷ്ട്രപിതാവിനെ വെടിവെച്ചുകൊന്നത്. ഹിന്ദുമതത്തിലെ ജാതി വിവേചനത്തിനെതിരെ പോരാടിയ നമ്മുടെ പ്രിയപ്പെട്ട സഹോദരൻ രോഹിത് വെമുലയുടെ ജന്മദിനവും അന്ന് തന്നെ.

യുക്തിവാദിയായിരുന്ന പെരിയാര്‍ അംബേദ്കറടക്കമുള്ളവരോട് പറഞ്ഞ വാക്കുകൾ ഇങ്ങനെ വായിക്കാം, "15 മിനിറ്റിനുള്ളിൽ ജാതിയുടെ വേലിക്കെട്ടുകള്‍ തകർത്ത് ആത്മാഭിമാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് മുമ്പിലുള്ള ഒരേയൊരു പോംവഴി ഇസ്‌ലാം പുൽകൽ മാത്രമാണ്.” ഇത് അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ അനുഭവിച്ചറിയുകയാണ് ഇപ്പോഴും. തൊട്ടുകൂടാത്തവരെ തുല്യ പൗരന്മാരായി പരിഗണിക്കാനും ഹിന്ദുമതത്തിന് പുറമെ ഇന്ത്യൻ ഭരണഘടനയുടെ പരിരക്ഷയുള്ള വ്യക്തികളായി അവരെ കണക്കാക്കാനും വേണ്ടിയുള്ള സമര പോരാട്ടങ്ങൾക്ക് ഇന്ത്യാചരിത്രത്തില്‍ ഏറെ പഴക്കമുണ്ട്. എന്നാല്‍ ഇസ്‌ലാം ആശ്ലേഷത്തിലൂടെ അതിനെ തകർക്കാമെന്ന ഏറ്റവും ലളിതവും ഏറെ പ്രായോഗികവുമായ പരിഹാരം, എന്ത് കൊണ്ടാണ് ആരും ശ്രദ്ധിക്കാതെ പോവുന്നതെന്ന് എന്നെ പലപ്പോഴും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.

രവിചന്ദ്രൻ ഭത്രൻ എന്ന എന്റെ ഹിന്ദു സ്വത്വത്തെ അതോടെ ഞാന്‍ കുഴിച്ചുമൂടുകയാണ് ചെയ്തത്. ഇപ്പോള്‍ ആ പേര് പോലും പരാമർശിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല, കാരണം എല്ലാ ഹിന്ദു പേരുകളുമെന്ന പോലെ, അതും ജാതിയെ സൂചിപ്പിക്കുന്നതാണ്. എൻറെ മാതാപിതാക്കൾ ഏറെ സ്നേഹത്തോടെ നൽകിയ പേരാണ് രവിചന്ദ്രന്‍ എന്നത്, എനിക്കത് ഏറെ ഇഷ്ടവുമാണ്. എന്നാൽ പ്രശ്നം ഉദിക്കുന്നത് പേരുകളെ ഹിന്ദു സമൂഹം ജാതിയോട് ബന്ധിപ്പിക്കുന്നതും ആ പേരിന്റെ ഉടമകൾ അവരില്‍ അടിച്ചേല്‍പിക്കപ്പെട്ട ജോലികള്‍ മാത്രം ചെയ്യേണ്ടവരാണെന്ന് ശഠിക്കുമ്പോഴുമാണ്. ഭത്രന്മാര്‍ ശുചീകരണവേലകള്‍ക്ക് വിധിക്കപ്പെട്ടവരാണെന്നാണ് സവര്‍ണ്ണ ഹിന്ദുമതവിശ്വാസം. എന്റെ പിതാവ് ജീവിതകാലം മുഴുവന്‍ അതേ ജോലി തന്നെയായിരുന്നു ചെയ്തിരുന്നതും, മാതാവ്, ഒരു പ്രാദേശിക സ്കൂളിലെ തുപ്പുകാരിയുമായിരുന്നു. ഞാനും അത് തന്നെ ചെയ്യണമെന്നാണ് നിയമം. എത്രതന്നെ വിദ്യാഭ്യാസം നേടിയിട്ടോ വിവിധ കഴിവുകളുണ്ടായിട്ടുണ്ടോ കാര്യമില്ലെന്നര്‍ത്ഥം. ഈ അനീതിക്കെതിരെയാണ് കഴിഞ്ഞ 15 വര്‍ഷമായി ഞാന്‍ പോരാടിക്കൊണ്ടിരിക്കുന്നത്.

അതിലുപരി, ശൌചാലയം വൃത്തിയാക്കാന്‍ പോലും ഉന്നതജാതിക്കാര്‍ അവരുടെ വീടുകളിലേക്ക് ഞങ്ങളെ പ്രവേശിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നത് അതിലും വലിയ തമാശയാണ്. അത്കൊണ്ട് തന്നെ, ടോയ്ലറ്റുകൾ വീടുകളുടെ പുറത്താണ് അവര്‍ നിർമ്മിക്കുന്നത്. അവിടങ്ങളിലേക്ക് പ്രവേശിക്കാനായി ദലിതര്‍ക്ക് പ്രത്യേക വാതിലുകളുമുണ്ടാവും. നോക്കൂ, എത്രമാത്രം നിന്ദ്യരും നീചരുമായാണ് അവര്‍ ദലിതരെ കാണുന്നതെന്ന്.

എന്നാല്‍ മുസ്‍ലിംകളോട് ഇടപഴകുമ്പോള്‍ വല്ലാത്ത അഭിമാനവും ഞങ്ങളും മനുഷ്യര്‍ തന്നെയാണെന്ന ബോധവും ജനിക്കുന്നു. പള്ളികളില്‍ പോലും ശുചിമുറികൾ പരിസരത്ത് തന്നെയാണ് നിര്‍മ്മിക്കുന്നത്. അത് ശുദ്ധിയാക്കുന്നവനും പള്ളിയുടെ സെക്രട്ടറിയും ശേഷം ഒരേ സ്വഫില്‍ തോളോട് തോളുരുമ്മിയാണ് നിസ്കരിക്കുന്നത്, പലപ്പോഴും ഇമാം നില്‍ക്കുന്നത് പോലും അയാളായിരിക്കാം. ഇത് അറിഞ്ഞതുമുതലാണ് എനിക്ക് പള്ളികളോടും ഇസ്‍ലാമിനോടും പ്രത്യേക സ്നേഹം അനുഭവപ്പെട്ടു തുടങ്ങിയത്. അതിലൂടെയാണ് ഞാന്‍ ഇസ്‍ലാമിന്റെ സുന്ദരതീരത്തേക്ക് ആകര്‍ഷിക്കപ്പെടുന്നത്. അതിനായി ഇന്ത്യയിലെ ആദ്യപള്ളി തന്നെ തെരഞ്ഞെടുത്തതും അത് കൊണ്ട് തന്നെ.

സി.എ.എ, എന്‍.ആര്‍.സി സമരങ്ങളില്‍ പങ്കെടുത്തപ്പോള്‍ എനിക്ക് തോന്നിയ ഒരു യാഥാര്‍ത്ഥ്യമുണ്ട്. മുസ്‌ലിംകളും ദലിതരും ഇന്ന് പോരാട്ടത്തിന്റെ പാതയിലാണ്, എന്നാല്‍ ദലിതരുടേത് ഏറെ വ്യത്യസ്തമാണ്. മുസ്‌ലിംകൾ പോരാടുന്നത് നീതിക്കും പൗരത്വത്തിനും വേണ്ടിയാണെങ്കിൽ ദലിതർ പോരാടുന്നത് ആത്മാഭിമാനത്തിനും അടിസ്ഥാന അവകാശങ്ങൾക്കും വേണ്ടിയാണ്. ഇങ്ങനെ നോക്കുമ്പോൾ ദലിതരുടെ കാര്യം ഏറെ കഷ്ടമാണെന്ന് പറയാം. സവര്‍ണ്ണഹിന്ദുത്വം പിടിമുറുക്കുന്ന ഇന്ത്യയില്‍ അത് ഇനിയും മരീചികയായി തുടരുകയേ ഉള്ളൂ.

പല ദലിത് സുഹൃത്തുക്കള്‍ക്കും തങ്ങൾ വിവേചനം നേരിടുന്നുവെന്നത് ഹിന്ദുമതം കാരണമാണെന്നോ അതേ സവര്‍ണ്ണ ഹിന്ദു മതത്തിന്റെ വക്താക്കളാണ് ഇന്ന് ഇന്ത്യഭരിക്കുന്നതെന്നോ ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. അതുകൊണ്ടാണ് തങ്ങളുടെയും പൗരത്വം എടുത്തു മാറ്റപ്പെടുന്ന ഒരു ഭീകരദിവസം വരാനുണ്ടെന്ന് ഇനിയും അവർക്ക് മനസ്സിലാകാതെ പോകുന്നത്. അത് കൊണ്ട്, ഈ പോരാട്ടത്തില്‍ ദലിതരും മുസ്‍ലിംകളും ഒന്നിച്ച് നീങ്ങേണ്ടതുണ്ട്.

മുഹമ്മദ് റഈസ് ആയ എനിക്ക് ഇന്ന് ജാതിയില്ല, എങ്കിലും ഇപ്പോഴും ഞാന്‍ ദലിത് ക്യാമറയുടെ ഭാഗമാണ്, അത് അങ്ങനെത്തന്നെ തുടരാനാണ് ഉദ്ദേശ്യവും. എന്റെ ദലിതരായ സഹോദരങ്ങള്‍ അനുഭവിക്കുന്നത് എനിക്ക് നന്നായറിയാം, അവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കേണ്ടതും അവരെ രക്ഷിക്കാന്‍ ശ്രമിക്കേണ്ടതും എന്റെ ബാധ്യതയാണ്, ഒരു ദലിതനായി ജനിച്ചവനെന്ന നിലയിലും ഇപ്പോള്‍ ഒരു മുസ്‍ലിം എന്ന നിലയില്‍, അതിലെല്ലാമുപരി ഒരു മനുഷ്യനെന്ന നിലയിലും.

(രവിചന്ദ്രൻ ഭത്രാൻ ദലിത് ക്യാമറ എന്ന സന്നദ്ധസംഘടനയിൽ പ്രവർത്തിച്ചാണ് പ്രശസ്തനായത്. നിലവിൽ ഇസ്‌ലാം ആശ്ലേഷിച്ച് റഈസ് മുഹമ്മദ് എന്ന പേര് സ്വീകരിച്ചിരിക്കുകയാണ് അദ്ദേഹം)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter