നമ്മുടെ നിസ്‌കാരങ്ങള്‍ സാധുവാകുന്നുണ്ടോ?

ഇസ്‌ലാമിന്റെ അടിത്തറയെയും പഞ്ചസ്തംഭങ്ങളെയും നോക്കിക്കാണുന്നതില്‍ സാധാരണ മുസ്‌ലിം നന്നേ പരാജയപ്പെട്ട് തുടങ്ങിയിട്ട് കാലം കുറച്ചായി. മതത്തിന്റെ ആണിക്കല്ലുകള്‍ ഇളകുമ്പോഴും പുറം വെള്ളപൂശാനുള്ള ഒരുതരം പ്രകടനപരത ഇന്ന് സര്‍വ്വ വ്യാപകമാണ്. ഇസ്‌ലാമിന്റെ അന്തഃസത്തയും അകക്കാമ്പും മനസ്സിലാക്കാതെ ഇസ്‌ലാമെന്നത് വെറും പുറംപൂച്ച് കാണിക്കലും കുറെ ഉയര്‍ന്ന് നില്‍ക്കുന്ന ആളൊഴിഞ്ഞ കോണ്‍ക്രീറ്റ് മസ്ജിദുകളുമാണെന്ന ധാരണ നല്ലൊരളവോളം സമൂഹത്തില്‍ വേരൂന്നിയിട്ടുണ്ട്. ഹൃദയം തകരുമ്പോഴും മുഖംമിനുക്കുന്ന തരത്തില്‍ ഒരുമാതിരി നാറാണത്ത് ഭ്രാന്ത് മുസ്‌ലിം സമൂഹത്തിന്റെ തലക്ക് പിടിച്ചതായി കാണാം. ഇസ്‌ലാമിന്റെ രണ്ടാം സ്തംഭമായ നിസ്‌കാരവും അതിനോട് ബന്ധപ്പെട്ട ജുമുഅ ജമാഅത്തും പള്ളികളും പൊതുധാരയില്‍ ഇന്ന് അത്ര ഗൗനിക്കപ്പെടുന്നില്ലെന്നതാണ് നേര്.

മുസ്‌ലിം സമൂഹത്തിന്റെ അംഗത്വം അവകാശപ്പെടുമ്പോഴും അതിലെ നല്ലൊരു ശതമാനം കൃത്യമായി നിസ്‌കരിക്കാത്തവരോ ആഴ്ചയിലൊരിക്കലെങ്കിലും പള്ളി കാണാത്തവരോ ആയിട്ടുണ്ട്. ആറു നാട്ടില്‍ നൂറു ഭാഷ എന്ന ചൊല്ലിനെ ആറു നാട്ടില്‍ നൂറു പള്ളിയെന്ന് മാറ്റിച്ചൊല്ലാന്‍ സമയം അതിക്രമിച്ചിട്ടും പള്ളികള്‍ കൂണ്‍ കണക്കെ ഉയര്‍ന്ന് പൊന്തുകയെന്നല്ലാതെ നിസ്‌കാരവും ജമാഅത്തും വേണ്ട രീതിയില്‍ പലയിടത്തും നടത്തപ്പെടുന്നില്ലെന്നതാണ് സത്യം. ജമുഅക്ക് വേണ്ടി മാത്രം സംവിധാനിച്ച ബഹുനില കോണ്‍ക്രീറ്റ് മസ്ജിദുകള്‍ ബഹുവര്‍ണ്ണങ്ങളില്‍ പ്രശോഭിച്ച് നില്‍ക്കുന്നത് ഇന്ന് സ്ഥിരം കാഴ്ചയാവുകയാണ്. ആഴ്ചയില്‍ ഒരു ദിവസം റോഡരികില്‍ മുസ്വല്ല വിരിക്കേണ്ടിവരുന്ന പള്ളിക്കമ്മിറ്റിക്ക് മറ്റു ആറു ദിവസങ്ങളില്‍ ഒന്നാം സ്വഫ്ഫിന് ആളെ കൂട്ടാന്‍ പാട് പെടേണ്ട അവസ്ഥയാണ് മിക്കയിടത്തും.

പ്രാധാന്യം, കണിശത

രണ്ടു ശഹാദത്തിനെ ഒഴിച്ച് നിര്‍ത്തിയാല്‍ ശാരീരിക ആരാധനകളില്‍ ഏറ്റവും പ്രഥമവും പ്രധാനവും നിസ്‌കാരമാണ്. അതുകൊണ്ടുതന്നെ കലിമ ചൊല്ലി മുസ്‌ലിമായവന് ആദ്യം ബാധ്യതയാവുന്നത് നിസ്‌കാരം തന്നെ. ശാരീരിക, സാമ്പത്തിക ഒഴിവുകഴിവുകള്‍ പൊതുവെ ആരാധനകളില്‍ പരിഗണിക്കാറുണ്ടെങ്കിലും നിസ്‌കാരം ഇതില്‍ നിന്നും വ്യതിരിക്തമാണെന്നത് ശ്രദ്ധേയമാണ്. നിന്നും ഇരുന്നും ചെരിഞ്ഞോ മലര്‍ന്നോ കിടന്നും ആംഗ്യം കാണിച്ചും മനസ്സില്‍ വിചാരിച്ചും തുടങ്ങിയ രീതികളില്‍ ഏതെങ്കിലും ഒരു രൂപേണ കഴിവിന്റെ പരമാവധി നിസ്‌കരിക്കണമെന്ന് കര്‍മ്മശാസ്ത്രം നിഷ്‌കര്‍ഷിക്കുന്നതായി കാണാം. ശരീരം അടിമുടി മരവിച്ചാലും ബുദ്ധിയും ബോധവും ഉള്ള കാലമത്രയും ഒരാളില്‍നിന്ന് നിസ്‌കാരം ഒരിക്കലും ഒഴിഞ്ഞുമാറില്ലെന്ന് കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ തീര്‍ത്തു പറഞ്ഞതാണ്. ജീവന്റെ അവസാന മിടിപ്പ് മാത്രം ശേഷിച്ച, മൃതപ്രായമായ മനുഷ്യക്കോലങ്ങള്‍ വരെ നിസ്‌കരിക്കണമെന്ന് വരുമ്പോള്‍ സമയമുണ്ടെങ്കിലൊന്ന് നിസ്‌കരിക്കാമെന്ന് ധരിച്ചുവെച്ച പുതിയ തലമുറക്ക് നിസ്‌കാരത്തില്‍ ഇസ്‌ലാം കാണിച്ച കണിശതയും കാര്‍ക്കശ്യവും ഉള്‍ക്കൊള്ളാനാവാത്തതില്‍ നമുക്ക് സഹതപിക്കാം.

വിശുദ്ധ ഖുര്‍ആനിലും തിരുഹദീസുകളിലും അനല്‍പം സ്ഥലങ്ങളില്‍ നിസ്‌കാരത്തിന്റെ ഗൗരവത്തെക്കുറിച്ച് സൂചിപ്പിച്ചതായി കാണാം. യുദ്ധക്കളത്തില്‍ ശത്രുപക്ഷത്തോട് മല്ലിടുമ്പോഴും സമയമായാല്‍ നിസ്‌കരിക്കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ സൂറത്തുന്നിസാഇല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ സുപ്രധാനവും അന്ത്യനാളില്‍ ആദ്യം വിചാരണ ചെയ്യപ്പെടുന്നതും നബി(സ)യുടെ അവസാന വസ്വിയ്യത്തും നിസ്‌കാരമായിരുന്നുവെന്ന് പ്രഭലമായ ഹദീസുകളില്‍ വന്നിട്ടുണ്ട്. നുബുവ്വത്ത് കൊണ്ടുള്ള ദിവ്യബോധനം കഴിഞ്ഞ് ആദ്യം നബി(സ)ക്ക് ബോധനം ലഭിച്ചത് നിസ്‌കാരസംബന്ധിയായിരുന്നു. നുബുവ്വത്തിന് ശേഷം പത്ത് വര്‍ഷവും മൂന്ന് മാസവും കഴിഞ്ഞുള്ള റജബ് 27ന് (മിഅ്‌റാജ് രാവ്) ആയിരുന്നു നിസ്‌കാരം നിര്‍ബന്ധമാക്കിയത്. (ഫത്ഹുല്‍ മുഈന്‍). ഹിജ്‌റക്ക് ഒരു വര്‍ഷം മുമ്പായിരുന്നു ഇതെന്ന് ഇമാം ശര്‍വാനി(റ) പറയുന്നതായി കാണാം. (ശര്‍വാനി 1/116). മുന്‍കാല പ്രവാചകന്മാര്‍ക്കും നല്‍കപ്പെടാത്ത അഞ്ചുനേര നിസ്‌കാരം നമ്മുടെ നബി(സ)യുടെ മാത്രം പ്രത്യേകതയാണെന്ന് വരുമ്പോള്‍ നിസ്‌കാരവും നാമും എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സുതരാം വ്യക്തമാകും.(1)

നമ്മള്‍ നിസ്‌കരിക്കുന്ന മുഅ്മിനോ? നിസ്‌കരിക്കാത്ത കാഫിറോ?

നിസ്‌കാരം നിര്‍ബന്ധമാണെന്നതിനെ നിഷേധിച്ചാല്‍ കാഫിറാകുമെന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ല. (തുഹ്ഫ 3/115) എന്നാല്‍, നിസ്‌കാരത്തെ നിസ്സാരവല്‍ക്കരിച്ച് മടികാരണം ഉപേക്ഷിക്കുന്നവന്‍ മുസ്‌ലിമാണോ അല്ലേ എന്നതില്‍ അവര്‍ രണ്ടു തട്ടിലാണ്. ഇമാം ശാഫിഈ(റ), മാലിക്(റ), അഹ്മദ് (റ) എന്നിവര്‍ ഇത്തരക്കാരെ പിരടിവെട്ടി കൊല്ലണമെന്ന് തന്നെ അഭിപ്രായപ്പെട്ടവരാണ്. നിസ്‌കാരം അതിന്റെ സമയം കഴിയുന്നത് വരെ അകാരണമായി ഉപേക്ഷിച്ചാല്‍ കാഫിറാകുമെന്ന് പണ്ഡിതന്മാരിലെ പ്രഭല വിഭാഗം തന്നെ അഭിപ്രായപ്പെടുന്നുണ്ട്. പ്രമുഖ താബിഉകളും ഇമാം ബുഖാരി(റ), മുസ്‌ലിം(റ), അബൂദാവൂദ്(റ), നസാഈ തുടങ്ങിയ പ്രഗല്‍ഭ ഹദീസ് പണ്ഡിതരുടെ ഗുരുവര്യരുമായ ഇബ്‌റാഹീം നഖ്ഈ, അയ്യൂബ് സിജസ്താനി, അബ്ദുല്ലാഹിബ്‌നു മുബാറക്, അഹ്മദ്ബ്‌നു ഹംബല്‍, ഇസ്ഹാഖ്ബ്‌നു റാഹവൈഹി തുടങ്ങിയവര്‍ ഈ ഭാഗത്തുണ്ട്. (നോ. കിതാബുല്‍ കബാഇര്‍, പേജ് 22) ഖുലഫാഉ റാശിദൂന്‍, ഇബ്‌നു അബ്ബാസ്(റ), ഇബ്‌നു മസ്ഊദ്(റ) തുടങ്ങിയ തലക്കനമുള്ള വലിയ സ്വഹാബി വൃന്ദത്തിന്റെ അഭിപ്രായമാണ് ഉദ്ധ്യത പണ്ഡിതരെ അവരുടെ നിലപാടിലേക്കെത്തിച്ചത്. നിസ്‌കരിക്കാത്തവര്‍ കാഫിറാണെന്ന് ദ്യോതിപ്പിക്കുന്ന ഒട്ടനവധി ഖുര്‍ആനിക സൂക്തങ്ങളുടെയും തിരുവചനങ്ങളുടെയും വെളിച്ചത്തിലാണ് സ്വഹാബത്തും പണ്ഡിതന്‍മാരും അശ്രദ്ധമായി നിസ്‌കാരം ഉപേക്ഷിക്കുന്നവര്‍ കാഫിറാണെന്ന് അഭിപ്രായപ്പെട്ടത്. അവര്‍ (മുശ്‌രിക്കുകള്‍) തൗബ ചെയ്ത് മടങ്ങുകയും നിസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് കൊടുത്ത് വീട്ടുകയും ചെയ്യുന്ന പക്ഷം, അവര്‍ നിങ്ങളുടെ ദീനിലെ സഹോദരന്‍മാരാണ് (തൗബ 111) എന്ന സൂക്തവും സൂറത്ത് മുദ്ദസിറിലെ 42,43 സൂക്തങ്ങളില്‍ സ്വര്‍ഗവാസികള്‍ നരകവാസികളോടെ നിങ്ങളെന്തേ 'സഖ്ര്‍' എന്ന നരകത്തില്‍ പ്രവേശിച്ചതെന്ന് ചോദിക്കുമ്പോള്‍ ഞങ്ങള്‍ നിസ്‌കരിക്കാറുണ്ടായിരുന്നില്ലെന്ന് അവര്‍ മറുപടി പറയുന്ന ഭാഗവുമാണ് പണ്ഡിതര്‍ ഇവ്വിഷയകമായി തെളിവ് പിടിച്ചത്.

ഉമര്‍(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: അല്ലാഹു അല്ലാതെ ഒരാരാധ്യനില്ലെന്ന് പറയുകയും നിസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും ചെയ്യുന്നത് വരെ ജനങ്ങളോട് യുദ്ധം ചെയ്യാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. അവര്‍ അപ്രകാരം ചെയ്താല്‍ അവരുടെ ന്യായമായ ജീവനും സമ്പത്തും എന്നില്‍നിന്ന് സംരക്ഷിക്കപ്പെട്ടു. അവരുടെ വിചാരണ അല്ലാഹുവിങ്കലാണ്. (ബുഖാരി, മുസ്‌ലിം) ബുറൈദ(റ)യില്‍ നിന്ന് നിവേദനം: നമുക്കും അവര്‍ക്കും (കാഫിരീങ്ങള്‍) ഇടയിലുള്ള ഉടമ്പടി നിസ്‌കാരമാണ്. ആരെങ്കിലും അത് ഉപേക്ഷിക്കുന്നപക്ഷം അവര്‍ കാഫിറാകുന്നതാണ്. (അബൂദാവൂദ്, അഹ്മദ്, നസാഇ, തിര്‍മുദി, ഇബ്‌നു മാജ) ഒരടിമക്കും കുഫ്‌റിനുമിടയിലുള്ളത് നിസ്‌കാരം ഉപേക്ഷിക്കലാണ്. (മുസ്‌ലിം, അഹ്മദ്, അബൂദാവൂദ്) തുടങ്ങിയ ഒട്ടനവധി ഹദീസുകള്‍ നിസ്‌കാരത്തിന്റെ തിരസ്‌കാരം കുഫ്‌റ് തന്നെയെന്ന് തറപ്പിച്ച് പറയുന്നുണ്ട്.

സംഘടിത നിസ്‌കാരത്തിന്റെ ഔന്നത്യം

നിസ്‌കരിക്കുക മാത്രമല്ല ഒരു മുസ്‌ലിമിന്റെ ബാധ്യത, മറിച്ച് അഞ്ചു നേര നിസ്‌കാരമത്രയും സംഘടിതമായിരിക്കണമെന്ന നിര്‍ബന്ധവുമുണ്ട് ഇസ്‌ലാമിന്. ഓരോ ദേശത്തും ദിനംപ്രതി അഞ്ചു നേരം ആബാലവൃദ്ധം ജനങ്ങള്‍ പ്രായ-വര്‍ണ്ണ-ഭാഷ സ്ഥാനമാന വ്യത്യാസമില്ലാതെ പള്ളിയില്‍ ഒരുമിച്ച് കൂടുകയും തോളോട് തോളുരുമ്മി മടമ്പുകളൊപ്പിച്ച് (അല്ലാത്തപക്ഷം മനസ്സുകള്‍ അകലുമെന്ന് ഹദീസ് പാഠം) ഒരുവന്റെ മുമ്പില്‍ എല്ലാം സമര്‍പ്പിക്കുകയും ചെയ്യേണ്ട ഒരു ജനകീയ-സംഘടിത ആരാധനയായിട്ടാണ് ഇസ്‌ലാം നിര്‍ബന്ധനിസ്‌കാരങ്ങളെ നിയമമാക്കിയത്. അതുകെണ്ടാണ് പോര്‍ക്കളത്തില്‍ ശത്രുവിനോട് പോരാടുമ്പോഴും സമയമായാല്‍ രണ്ടു വിഭാഗമായി ഘട്ടം ഘട്ടമായി ജമാഅത്തായി തന്നെ നിസ്‌കരിക്കേണ്ട രൂപം സൂറത്ത് നിസാഇല്‍ നീണ്ട മൂന്ന് സുക്തങ്ങളില്‍ വിശദീകരിച്ചതും അതിനായി നിശ്കര്‍ഷിച്ചതും. മനസും ശരീരവും ഭീഷണി നേരിടുമ്പോഴും നാഥനു മുന്നില്‍ ഒറ്റക്കെട്ടായി നിസ്‌കരിക്കണമെന്ന ഖുര്‍ആനിക ഭാഷ്യം എയര്‍കണ്ടീഷന്‍ ചെയ്ത റൂമില്‍ പകലന്തിയോളം കൂര്‍ക്കം വലിച്ചുറങ്ങുന്ന കപകട വിശ്വാസിക്ക് മനസിലാക്കാന്‍ പ്രയാസമുണ്ടായിരിക്കാം.

ജമാഅത്തിന്റെ മഹത്വങ്ങള്‍ വ്യക്തമാക്കുന്ന ഹദീസുകള്‍ ഒട്ടനവധിയാണ്. ''ഒറ്റയായി നിസ്‌കരിക്കുന്നതിനേക്കാള്‍ സംഘടിത നിസ്‌കാരത്തിന് 27 ഇരട്ടി പ്രതിഫലമുണ്ടെണ്ടന്ന'' പ്രഭല ഹദീസ് അതിലൊന്നാണ് .ജമാഅത്ത് നിലനിര്‍ത്തുന്നതിനും പ്രത്യേകം പുണ്യമുണ്ടെന്ന് ഹദീസ് പഠിപ്പിക്കുന്നുണ്ട്. ''ഒന്നാമത്തെ തക്ബീര്‍ എത്തിക്കുന്ന രീതിയില്‍ നാല്പത് ദിവസം ആരെങ്കിലും അല്ലാഹുവിന് വേണ്ടി ജമാഅത്തായി നിസ്‌കരിച്ചാല്‍ നരകത്തില്‍ നിന്നും കാപട്യത്തില്‍ നിന്നുമുള്ള രണ്ടുതരം മോചനം അവനെഴുതപ്പെടും''(തുര്‍മുദി) എന്ന അനസ്ബിനു മാലിക്(റ) ഉദ്ധരിച്ച ഹദീസ് ജമാഅത്ത് മുറതെറ്റാതെ നിത്യമാക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്നു. ജമാഅത്തിന്റെ കര്‍മ്മശാത്രം വളരെ കര്‍ക്കശമാണ്. ഫര്‍ള്  കിഫായ എന്നതാണ് ശാഫിഈ മദ്ഹബിലെ പ്രഭല അഭിപ്രായമെങ്കിലും പല പണ്ഡിതരും ജമാഅത്ത് ഫര്‍ള് ഐന്‍ (വ്യക്തിഗത ബാധ്യത) തന്നെയാണെന്ന് കടന്ന് സംസാരിച്ചിട്ടുമുണ്ട്. ഹംബലീ മദ്ഹബില്‍ ജമാഅത്ത് ഫര്‍ള് ഐന്‍ തന്നെയാണെന്നാണ് പ്രഭല അഭിപ്രായം. ഇസ്‌ലാമിക ചിഹ്‌നങ്ങള്‍ പ്രകടമാവുന്ന രീതിയില്‍ ജമാഅത്ത് ഓരോ ദേശത്തും നിലനിര്‍ത്തണമെന്നതില്‍ എല്ലാ പണ്ഡിതര്‍ക്കും ഒരേ സ്വരമാണ്.

പള്ളിമിനാരങ്ങളില്‍ നിന്ന് ബാങ്കൊലി കേള്‍ക്കുന്നുവെങ്കില്‍ എതൊരാള്‍ക്കും പള്ളിയിലെത്തല്‍ നിര്‍ബന്ധമാണ്. ജീവിതതിരക്കും കായിക ന്യൂനതകളും അതിനൊരു തടസമല്ലെന്നാണ് ഹദീസ് പാഠം. ബുഖാരി, മുസ്‌ലിം തുടങ്ങിയവര്‍ റിപ്പോര്‍ട്ട് ചെയ്ത പ്രസിദ്ധമായ ഒരു ഹദീസുണ്ട്. അതിങ്ങനെ വായിക്കാം: മദീനാപള്ളിയില്‍ നിന്ന് ദൂരെ താമസിക്കുന്ന അന്ധനായ സ്വഹാബി വര്യന്‍ അബ്ദുല്ലാഹിബിനു ഉമ്മിമക്തൂം(റ) ഒരിക്കല്‍ നബി(സ) തങ്ങളോട് പരാതിപ്പെട്ടു: ''നബിയെ ഞാന്‍ അന്ധനാണ്. എന്നെ പള്ളിയിലേക്ക് വഴിനടത്താന്‍ ആരുമില്ല. പള്ളിയിലേക്കുള്ള വഴിയിലാണെങ്കില്‍ നിറയെ ഇഴജന്തുക്കളും വന്യജീവികളും. എനിക്ക് ജമാഅത്തില്‍ നിന്ന് വല്ല വിട്ടുവീഴ്ചയുമുണ്ടോ.. നബിയേ.'' ഇതു കേട്ട നബി(സ) അദ്ദേഹത്തിന് ആദ്യം വിടുതി (റുഖ്‌സ) നല്‍കിയെങ്കിലും തിരുഞ്ഞു നടന്ന അബ്ദുല്ലാഹിബ്‌നി ഉമ്മുമക്തൂമിനെ തിരികെ വിളിച്ച് അവിടുന്ന് ആരാഞ്ഞു: ''നിസ്‌കാരത്തിലേക്കുള്ള വിളി നീ കേള്‍ക്കാറുണ്ടോ? അദ്ദേഹം അതെ എന്ന് മറുപടി പറഞ്ഞ മാത്രയില്‍ എങ്കില്‍ നീ ജമാഅത്തിന് പള്ളിയില്‍ വരണമെന്ന് നബി(സ) പ്രതിവചിക്കുകയായിരുന്നു. പള്ളിയുടെ അയല്‍വാസിക്ക് പള്ളിയിലല്ലാതെ നിസ്‌കാരമില്ലെന്ന തിരുവചനം ഇതിനോട് കൂട്ടിവായിക്കുമ്പോള്‍ ജമാഅത്തും മുസ്‌ലിമും തമ്മിലുള്ള അഭേദ്യ ബന്ധം സുതരാം വ്യക്തമാകും.

ജമാഅത്തിന് പങ്കെടുക്കാത്തവരെ കരിച്ച് കളയാന്‍ വരെ നബി തങ്ങള്‍ വിചാരിച്ചതായി ഹദീസില്‍ കാണാം. ഒരിക്കല്‍ ഇശാ നിസ്‌കാരാനന്തരം പലരും ജമാഅത്തില്‍ പങ്കെടുക്കാത്തതായി നബി(സ)ക്ക് മനസ്സിലായപ്പോള്‍ നബി(സ) പറഞ്ഞു: വീട്ടില്‍ സ്ത്രീകളും കുട്ടികളുമില്ലായിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് നിസ്‌കരിക്കാന്‍ മറ്റൊരാളെ ഏല്‍പിച്ച് ജമാഅത്തിന് പങ്കെടുക്കാത്തവരിലേക്ക് ചെന്ന് അവരുടെ വീടടക്കി വിറകിട്ട് ചാമ്പലാക്കാന്‍ ഞാന്‍ വിചാരിച്ചു'' (ബുഖാരി, മുസ്‌ലിം) അഗ്നിയുടെ നാഥനല്ലാതെ അഗ്നി കൊണ്ട് ശിക്ഷിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞുവെച്ച പ്രവാചകര്‍ ജമാഅത്തിന് പങ്കെടുക്കാത്തവരെ തീയിലിട്ടെരിക്കാന്‍ ആത്മഗതം ചെയ്‌തെങ്കില്‍ ജമാഅത്തിന്റെ ഗൗരവം ഊഹിക്കാവുന്നതേയുള്ളൂ. മുന്‍ഗാമികള്‍ വളരെ ഗൗരവത്തോടെയാണ് ജമാഅത്തിനെയും അതിലുപരി നിസ്‌കാരത്തെയും കണ്ടത്. ഇബ്‌നു ഉമര്‍ (റ)ന് ഒരിക്കല്‍ ഇശാ നിസ്‌കാരത്തിന്റെ ജമാഅത്ത് നഷ്ടപ്പെട്ടപ്പോള്‍ അന്ന് രാത്രി സുബ്ഹി വരെ പരിഹാരമെന്നോണം അദ്ദേഹം നിന്ന് നിസ്‌കരിച്ചുവത്രെ! തന്റെ ഈത്തപ്പഴ തോട്ടത്തിലേക്ക് ഇറങ്ങിത്തിരിച്ച് ഒരു സ്വഹാബി തിരിച്ചു വരുമ്പോഴേക്കും എല്ലാവരും അസര്‍ നിസ്‌കരിച്ച് പള്ളിയില്‍ നിന്ന് ഇറങ്ങുന്നത് കാണുകയും ജമാഅത്ത് നഷ്ടപ്പെട്ടതില്‍ മനം നൊന്ത് അദ്ദേഹം കൂടെയുള്ളവരോട് ഇപ്രകാരം പറയുകയും ചെയ്തു: ''ഈ തോട്ടം പാവപ്പെട്ടവര്‍ക്ക് സ്വദഖയാണെന്ന് നിങ്ങളെ ഞാന്‍ സാക്ഷി നിര്‍ത്തി പറയുന്നു.'' (ഇആനത്ത് : 2/2) തോട്ടവും നെട്ടോട്ടവും ആരാധനക്ക്/ജമാഅത്തിന് തടസ്സം നില്‍ക്കുമ്പോള്‍ അവ ത്യജിക്കാന്‍ അവര്‍ സര്‍വ്വോപരി സന്നദ്ധരായിരുന്നുവെന്നര്‍ത്ഥം. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുന്ന അഭിനവന് ഇത്തരം സംഭവങ്ങള്‍ ഒരു ഉട്ടോപ്യന്‍ മിത്തായി തോന്നുന്നതില്‍ അത്ഭുതപ്പെടാനില്ല. വിശ്രുതനായ പ്രമുഖ താബിഅ് സഈദുബ്‌നു മുസയ്യിബ് (റ) പറഞ്ഞു: ്യൂ''ഞാന്‍ പള്ളിയിലില്ലാതെ മുഅദ്ദിന്‍ ഇരുപതു വര്‍ഷം ബാങ്ക് വിളിച്ചിട്ടില്ല?'' ബാങ്ക് വിളിച്ചിട്ടും ഇരുന്ന ഇരുപ്പില്‍ നിന്നും ആസനം പൊങ്ങാത്ത അഭിനവ മുസ്‌ലിമിന് ഇതൊരു തട്ടിവിടലായിട്ടെ വിലയിരുത്താനാവൂ. ബാങ്ക് വിളി കേട്ട് അതിന് ഉത്തരം ചെയ്യാതിരിക്കുന്നതിനേക്കാള്‍ നല്ലത് മനുഷ്യന്‍ അവന്റെ കാതില്‍ ഈയം നിറക്കലാണെന്ന് അബൂ ഹുറൈറ(റ) പറഞ്ഞിട്ടുണ്ട്. പ്രഗല്‍ഭ സൂഫിവര്യന്‍ ഹാല്‍ ഹസ്വമ്മ് ജമാഅത്ത്  പതിവാക്കുകയും നഷ്ടപ്പെട്ടാല്‍ മനം പൊട്ടിക്കരയാറുമുണ്ടായിരുന്നുവത്രെ. അദ്ദേഹം പറയുന്നത് കാണുക: ഒരിക്കലെനിക്ക് ജമാഅത്ത് നഷ്ടപ്പെട്ടപ്പോള്‍ എന്നെ സമാശ്വസിപ്പിക്കാനായത് അബൂ ഇസ്ഹാഖ് അല്‍ബുഖാരി എന്നവര്‍ മാത്രമായിരുന്നു.

എന്നാല്‍, എന്റെ മോന്‍ മരിച്ചാല്‍ പത്തായിരത്തിലധികം പേരെങ്കിലും എന്നെ സാന്ത്വനിപ്പിക്കാനുണ്ടാകും. ജനങ്ങളുടെ കണ്ണില്‍ ദീനിലെ ആപത്ത് ദുന്‍യാവിലെ ആപത്തിനെക്കാള്‍ എത്രയോ നിസ്സാരമായതാണതിന് കാരണം.'' (നോ. ഇഹ്‌യാ 1/154) ഇത്തരുണത്തില്‍ നിസ്‌കാരത്തിന്റെയും ജമാഅത്തിന്റെയും ഗൗരവം തലയില്‍ കേറാന്‍ ഇസ്‌ലാമിന്റെ അകത്തെ പള്ളിയില്‍ ജനിക്കണമെന്നില്ലെന്നു കൂടുതല്‍ ബോധ്യപ്പെടുന്നുണ്ട്. ഒരുകാലത്ത് നന്മയുടെ വിളനിലവും തഖ്‌വയും ഈറ്റില്ലവുമായിരുന്ന പള്ളികളെ കൊലയും തമ്മില്‍തല്ലും നടക്കുന്ന പൂരപ്പറമ്പുകളുടെ റോളിലേക്ക് ഗതിമാറ്റിയതിന് സമൂഹത്തിലെ ഓരോരുത്തരും മറുപടി പറയേണ്ടതുണ്ട്. അന്ത്യനാളാകുമ്പോഴേക്ക് കോലാഹലം കൂട്ടുന്ന ചന്തകളായി പള്ളികള്‍ മാറുമെന്ന പ്രവാചക പ്രവചനത്തെ നൂറുമേനി അന്വര്‍ത്ഥമാക്കുന്ന വിധം സമകാലിക സാഹചര്യത്തില്‍ പള്ളികള്‍ ഗ്രൂപ്പിസത്തിന്റെയും അധികാര വടംവലിയുടെയും അരങ്ങായിരിക്കുകയാണ്. നിസ്‌കരിക്കുന്ന മുസ്‌ലിമും നിസ്‌കരിക്കാത്ത മുസ്‌ലിമും സമൂഹത്തില്‍ ഒരേപോലെ മാനിക്കപ്പെടുമ്പോഴും പള്ളിയുടെ പവിത്രത ആരൊക്കെയോ നട്ടുച്ചക്ക് കട്ടെടുക്കുമ്പോഴും അല്ലാമാ ഇഖ്ബാല്‍ തന്റെ 'ജവാബെ ശിക്‌വ'യില്‍ പരിതപിച്ചത് പോലെ നമുക്കും പരിതപിക്കാം:- നിലനില്‍ക്കുന്നു ബാങ്കൊലിയുടെ രൂപം; ഇല്ല ബിലാലിന്‍ ബാങ്കൊലി ചൈതന്യം തത്വ ശാസ്ത്രമുണ്ട്; എവിടെ ഗസ്സാലിയന്‍ തത്വശാസ്ത്രപാടവം മസ്ജിദുകള്‍ ശോകമൂകം; ഉയരുന്നില്ല പ്രാര്‍ത്ഥന വചനകള്‍ ഇല്ല, ജീവിച്ചിരിപ്പില്ല ഹിജാസിയന്‍ പ്രതാപശാലികള്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter