വജ്ജഹ്തു ഓതാന്‍ മറന്നാല്‍

നിയ്യത്തും അതിന്റെ കൂടെ നിര്‍ബന്ധമായ തക്ബീറത്തുല്‍ ഇഹ്‌റാമും ചൊല്ലി നിസ്‌കാരത്തില്‍ പ്രവേശിച്ചവര്‍ ഇനി ചെയ്യേണ്ടത് പ്രാരംഭ പ്രാര്‍ത്ഥനയാണ്. എല്ലാ നിസ്‌കാരത്തിലും എല്ലാവര്‍ക്കും അതു സുന്നത്തില്ല. നിസ്‌കാരത്തിലെ ഹയ്ആത്തു സുന്നത്താണ് ദുആഇല്‍ ഇഫ്തിഹാഅ് - പ്രാരംഭപ്രാര്‍ത്ഥന. അതുകൊണ്ടുതന്നെ അതു ഒഴിവാക്കിയാല്‍ മറവിയുടെ സുജൂദ് (സഹ്‌വിന്റെ സുജൂദ്) സുന്നത്തില്ല.

പ്രാരംഭ പ്രാര്‍ത്ഥനയില്‍ ഒന്നിലധികം പ്രാര്‍ത്ഥന ഹദീസുകളില്‍ വന്നിട്ടുണ്ട്. അതില്‍ ഏറ്റവും മഹത്വം ഇമാം മുസ്‌ലിം(റ) റിപ്പോര്‍ട്ടു ചെയ്ത വജ്ജഹ്തു വജ്ഹിയ... എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനയാണ്. അതുകൊണ്ടുതന്നെ ഇന്നു വജ്ജഹ്തു ഓതുക എന്നാണു പലരും പറയുന്നത്.

പ്രാരംഭപ്രാര്‍ത്ഥന സുന്നത്താവാന്‍ അഞ്ചു നിബന്ധനകളുണ്ട്. ഒന്ന്, മയ്യിത്തു നിസ്‌കാരം അല്ലാതിരിക്കണം. ഈ നിസ്‌കാരത്തില്‍ വജ്ജഹ്തു സുന്നത്തില്ലാതിരിക്കാന്‍ കാരണം നിസ്‌കാരം  ലഘൂകരിക്കാനാണ്. വേഗം നിസ്‌കരിച്ചു മയ്യിത്തു മറവുചെയ്യാനാണു ശര്‍ഇന്റെ നിര്‍ദേശം. ഈ കാരണം മറഞ്ഞ മയ്യിത്തു നിസ്‌കാരത്തില്‍ വരുന്നില്ലല്ലോ. അതുകൊണ്ടുതന്നെ മറഞ്ഞ മയ്യിത്തു നിസ്‌കാരത്തില്‍ പ്രാരംഭ പ്രാര്‍ത്ഥന സുന്നത്തുണ്ടെന്നു പണ്ഡിതരില്‍ പലരും പ്രസ്താവിച്ചിട്ടുണ്ട്. രണ്ട്, നിസ്‌കരിക്കുന്നവന്‍ അഊദു, ഫാതിഹ എന്നിവയില്‍ ആരംഭിക്കാതിരിക്കണം. ഓത്തില്‍ ആരംഭിച്ചാല്‍ പ്രാരംഭ പ്രാര്‍ത്ഥനയുടെ അവസരം നഷ്ടപ്പെട്ടു. മൂന്ന്, നിസ്‌കാരസമയം നഷ്ടപ്പെടില്ല എന്ന അറിവു വേണം. വജ്ജഹ്തു ഓതി നിസ്‌കരിക്കുമ്പോഴേക്കും പ്രസ്തുത നിസ്‌കാരത്തിന്റെ സമയം തീരുമോ എന്നു ഭയമുള്ളവര്‍ക്കു പ്രസ്തുത പ്രാര്‍ത്ഥന സുന്നത്തില്ല. നാല്, മഅ്മൂം തനിക്കു ഫാതിഹ നഷ്ടപ്പെടുന്നില്ലെന്ന കാര്യത്തില്‍ ഭയമില്ലാതിരിക്കണം. താന്‍ പ്രാരംഭ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചാല്‍ ഇമാമിന്റെ കൂടെ നിര്‍ത്തത്തിലായി തനിക്കു ഫാതിഹ ഓതാന്‍ സമയം ലഭിക്കില്ലെന്ന ഭയം ഉണ്ടെങ്കില്‍ അവന്‍ ഈ പ്രാര്‍ത്ഥന നിര്‍വ്വഹിക്കല്‍ സുന്നത്തില്ല. അഞ്ച്, ഇമാമോടു കൂടെ നിര്‍ത്തത്തില്‍ തുടരണം. റുകൂഅ്, സുജൂദ്, അത്തഹിയ്യാത്ത് എന്നവയില്‍ തുടര്‍ന്നാല്‍ ഈ പ്രാര്‍ത്ഥന സുന്നത്തില്ല. അത്തഹിയ്യാത്തില്‍ തുടര്‍ന്നവന്‍ ഇമാം സലാം വീട്ടിയശേഷം എഴുന്നേറ്റു നിസ്‌കരിക്കുമ്പോള്‍ ഫാതിഹയാണു ഓതേണ്ടത്, പ്രാരംഭ പ്രാര്‍ത്ഥനയല്ല. പ്രാരംഭ പ്രാര്‍ത്ഥന നടത്തല്‍ സുന്നത്തില്ലാത്ത മഅ്മൂം (മസ്ബൂഖ്) അതു നടത്തുകയും തന്റെ ഫാതിഹ പൂര്‍ത്തിയാവും മുമ്പ് ഇമാം റുകൂഇലേക്കു പോകുകയും ചെയ്താല്‍ മഅ്മൂം റുകൂഇലേക്ക് പോകാവതല്ല. എന്തുകൊണ്ടെന്നാല്‍, അവനു സുന്നത്തില്ലാത്ത കാര്യത്തില്‍ അവന്‍ സമയം ചെലവഴിച്ചു. ഈ പ്രാരംഭ പ്രാര്‍ത്ഥനയില്‍ എത്ര അക്ഷരങ്ങളാണോ അവന്‍ ഉച്ചരിച്ചത് അത്രയും അക്ഷരങ്ങള്‍ ഫാതിഹയില്‍ നിന്നവന്‍ ഓതല്‍ നിര്‍ബന്ധമാണ്. മാത്രമല്ല, ശേഷം ഇമാമിന്റെ കൂടെ റുകൂഇല്‍ അടങ്ങിത്താമസിക്കുകയും വേണം. അതായത്, ഇമാം ചുരുങ്ങിയ റുകൂഇല്‍നിന്നും തല ഉയര്‍ത്തും മുമ്പ് മസ്ബൂക് റുകൂഇല്‍ എത്തി ത്വുമഅ്‌നീനത്ത് (അടങ്ങല്‍) ലഭിക്കണം. സാധാരണ അവസ്ഥയില്‍ സുബ്ഹാനല്ലാഹ് എന്നു പറയുന്ന സമയമാണ് ചുരുങ്ങിയ ത്വുമഅ്‌നീനത്ത്. ത്വുമഅ്‌നീനത്തു ലഭിച്ചില്ലെങ്കില്‍ റക്അത്തു ലഭിക്കില്ല. പ്രാരംഭ പ്രാര്‍ത്ഥനയില്‍ എന്റെ മുഖത്തെ മുന്നിടീച്ചു എന്നതിന്റെ ഉദ്ദേശ്യം ശരീരം എന്നാണ്. ഏറ്റവും മഹത്വമുള്ള ഒരു അവയവം പറഞ്ഞു എന്നു മാത്രം. പ്രസ്തുത പ്രാര്‍ത്ഥനയില്‍ 'ഇന്നസ്വലാത്തി വനുസുകീ' എന്ന സ്ഥാനത്ത് 'നുസ്‌കീ' എന്നായി പോവാതിരിക്കാന്‍ ശ്രദ്ധിക്കണം. മഅ്മൂം തക്ബീറതുല്‍ ഇഹ്‌റാം ചൊല്ലിയതും ഇമാം ഫാതിഹ കഴിഞ്ഞതും ഒരുമിച്ചായി അങ്ങനെ ഇമാമിന്റെ കൂടെ ഇവര്‍ ആമീന്‍ പറഞ്ഞുവെങ്കിലും പ്രാരംഭ പ്രാര്‍ത്ഥന സുന്നത്തുണ്ട്.

<img alt=" width=" 1"="" height="1">

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter