ഇസ്‌ലാമിയ്യ ലൈബ്രറി: തമിഴുമക്കള്‍ക്ക് ഇസ്‌ലാം പഠിക്കാനായി ഒരു ഗ്രന്ഥാലയം

കോയമ്പത്തൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ‍അകലെ തമിഴ്മക്കള്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നതിനായി അഞ്ചുവര്‍ഷം മുമ്പ് സ്ഥാപിതമായ ലൈബ്രറിയാണ് ഇസ്‌ലാമിയ്യ ലൈബ്രറി. ലൈബ്രറിയെ കുറിച്ച് കഴിഞ്ഞ ദിവസം ദ ഹിന്ദുവില്‍ വന്ന റിപ്പോര്‍ട്ടും നടത്തിപ്പുകാരനായ അബ്ദുല്‍ഹമീദുമായി നടത്തിയ ഫോണ്‍സംഭാഷണവും ഉപജീവിച്ച് തയ്യാറാക്കിയത്- എഡിറ്റര്‍.  

ശാസ്ത്രത്തെ കുറിച്ച് ഇസ്‌ലാമെന്തു പറയുന്നു? മോഷണത്തിന് ഇസ്ലാം വിധിച്ച ശിക്ഷ എന്താണ്? സ്ത്രീ അവകാശങ്ങളെ കുറിച്ച് ഇസ്‌ലാമെന്തു പറയുന്നു? മരണാനന്തരം എന്ത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടി തേടി നടത്തിയ അന്വേഷണം അവസാനം സമഗ്രമായ ഒരു ലൈബ്രറിയുടെ നിര്‍മാണത്തിലെത്തിയതിന്‍റെ കഥയാണ് തമിഴ്നാട്ടിലെ കറുമ്പുകാടായിലെ ഇസ്‌ലാമിയ്യ ലൈബ്രറിയുടേത്. 35 കാരനായ അബ്ദുല്‍ ഹമീദ് തന്‍റെ സംശയങ്ങള്‍ക്ക് മറുപടി തേടി നടത്തിയ അന്വേഷണമാണ് അവാസനം ഇസ്‌ലാമിനെ കുറിച്ചുള്ള ഒരു ലൈബ്രറിയായി മാറിയത്. കോയമ്പത്തൂരില്‍ നിന്ന് രണ്ടുകിലോമീറ്റര്‍ അകലെ, തിരക്കുപിടിച്ച ആറ്റുപാലം റോഡിനഭിമുഖമായുള്ള കെട്ടിടത്തിലെ അവസാനത്തിലെ ഒറ്റമുറിയിലാണ് ഈ ലൈബ്രറി. നീതിമാനും സത്യസന്ധനുമായ ഖലീഫ ഉമറിന്റെ ഭരണം ഇന്ത്യയില്‍ നടപ്പാക്കണമെന്ന തരത്തില്‍ മഹാത്മാഗാന്ധി നടത്തിയ അഭിപ്രായത്തെ ഓര്‍മിപ്പിച്ചുകൊണ്ടാണ് ലൈബ്രറിയുടെ സ്ഥാപകനായ അബ്ദുല്‍ ഹമീദ് സംസാരം തുടങ്ങിയത്. ഖുര്‍ആനും ഹദീസും ഗാന്ധിയെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നു തെളിവുകളുദ്ധരിച്ച് അദ്ദേഹം സമര്‍ഥിക്കുന്നു.

ഇസ്‌ലാമിനെ കുറിച്ച് ഗാന്ധി നടത്തിയ നിരീക്ഷണങ്ങളും ഇവിടത്തെ പുസ്തകക്കൂട്ടത്തിലുണ്ട്. ഇ.വി.ആര്‍ പെരിയാര്‍, എം. കൃഷ്ണമൂര്‍ത്തി തുടങ്ങിയ പ്രശസ്തരായ പലരുടെയും കൃതികള്‍ ഇവിടത്തെ സ്റ്റാക്കുകളിലുണ്ട്. ഖുര്‍ആനും അതിന്‍റെ പരിഭാഷകള്‍ക്കും പുറമെ ഇസ്‌ലാമിനെ കുറിച്ചുള്ള ആധുനിക വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്ന നിരവധി പുസ്തകങ്ങളൂം കൂട്ടത്തിലുണ്ട്. അമുസ്‌ലിംകളടക്കം ആര്‍ക്കും ഇവിടത്തെ ലൈബ്രറിയില്‍ വരാം. സൌജ്യനമായി തന്നെ പുസ്തകങ്ങള്‍ വായിക്കാം. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 1500 ലേറെ അമുസ്‌ലിംകള്‍ ഇവിടെ സന്ദര്‍ശിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും തമിഴിലുമായി ആയിരത്തോളം പുസ്തകങ്ങള് ‍ഇസ്‌ലാമിനെ കുറിച്ച് ഇവിടെയുണ്ട്. അവിടെ ഇരുന്ന വായിക്കാം, ആവശ്യക്കാര്‍ക്ക് വീട്ടിലേക്ക് വായിക്കാനായി കൊണ്ടു പോകുകയുമാകാം. പുറമെ ഇസ്‌ലാമിനെ അറിയാന്‍ താത്പര്യപ്പെട്ടു വരുന്നവര്‍ക്ക് സൌജന്യമായി കൊടുക്കാന്‍ നിരവധി പുസ്തകങ്ങളുമുണ്ട്. അത്തരത്തിലുള്ള പുസ്തകങ്ങള്‍ കെട്ടുകണക്കിന് ഉണ്ടെന്ന് നേരിട്ട് സംസാരിച്ചപ്പോള്‍ ഹമീദ് സൂചിപ്പിച്ചു. ലൈബ്രറിയില്‍ വരുന്ന അമുസ്‌ലിംകള്‍ക്ക് തമിഴിലുള്ള ഒരു പരിഭാഷ സൌജന്യമായി നല്‍കുന്നു. കോയമ്പത്തൂരിലെ തിരുഖുര്‍ആന്‍ ട്രസ്റ്റാണ് ഈ കോപ്പികള് ‍സ്പോണ്‍സര്‍ ചെയ്യുന്നത്. മൌലാനാ വഹീദുദ്ദീന്‍ ഖാന്റെ ഇംഗ്ലീഷ് പരിഭാഷയും വായിക്കാനായി നല്‍കുന്നു. ജോണ്‍ ട്രസ്റ്റ്, ഇന്ത്യന്‍ ഇസ്‌ലാമിക് മിഷന്‍ ട്രസ്റ്റ്, റഹ്മത്ത് പബ്ലിക്കേഷന്‍, സലാം സെന്‍റര്‍ ഫൌണ്ടേഷന്‍, ദാറുല്‍ഹുദാ ഇസ്‌ലാമിക് ബുക്ക് ട്രസ്റ്റ് തുടങ്ങിയ പ്രസാധകരും ലൈബ്രറിയിലേക്ക് പുസ്തകമെത്തിക്കുന്നുവെന്ന് ഹമീദ്. മാര്‍ട്ടിന്‍ ലിംഗ്, മൈക്കല്‍ ഹാര്‍ട്ട് തുടങ്ങിയവരുടെ പ്രവാചകനെ കുറിച്ചുള്ള പുസ്തകങ്ങളുടെ തമിഴ്വിവര്‍ത്തനങ്ങളും കൂട്ടത്തിലുണ്ട്.

പുറമെ നിരവധി തഫ്സീര്‍ ഗ്രന്ഥങ്ങളും ബുഖാരിയടക്കമുള്ള ഹദീസ് ഗ്രന്ഥങ്ങളും ലൈബ്രറി വായനക്കായി നല്‍കുന്നു. കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങള്‍ക്ക് ലൈബ്രറിയില്‍ പ്രത്യേക സ്റ്റാക്കുണ്ട്. ഹദീസു സംബന്ധമായും മറ്റുമുള്ള ആധുനികമായ കെട്ടിലും മട്ടിലുമുള്ള കൃതികളാണവയിലധികവും. ഹസ്രത്ത് ഹസന്‍, ഹസ്രത്ത് ഹുസൈന്‍ എന്നിവരുടെ ജീവതകഥ, ഖുര്ആനെ കുറച്ചും മറ്റുമുള്ള ചോദ്യോത്തര പുസ്തകങ്ങള്‍, അറബിഭാഷയിലെ പ്രാഥമിക പാഠങ്ങള്‍ വിവരിക്കുന്ന ഗ്രന്ഥങ്ങള്‍ തുടങ്ങിയവയെല്ലാം കുട്ടികള്‍ക്കായുള്ള സ്റ്റാക്കില്‍ കാണാം. പുരാതനമായ പല ഖുര്‍ആന്‍ കോപ്പികളും ഇവിടെയുണ്ട്. ടിപ്പുസുല്‍ത്താന്റെ കാലത്തെ വരെ പതിപ്പുകള്‍ കൂട്ടത്തില്‍ പ്രദര്‍ശനത്തിനുണ്ട്. ലൈബ്രറി തുടങ്ങിയപ്പോള്‍ തലമുറകളായി ഇത്തരം അപൂര്‍വ കോപ്പികള്‍ സൂക്ഷിച്ചുപോന്ന ചിലര്‍ അത് സംഭാവന ചെയ്യുകയായിരുന്നുവെന്ന് അബ്ദുല് ഹമീദ്. തമിഴ്നാടിന്റെ പലഭാഗങ്ങളിലായി ഇസ്‌ലാമിനെ കുറിച്ചുള്ള ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഇസ്‌ലാമിയ്യ ലൈബ്രറി വിതരണം ചെയ്തുകഴിഞ്ഞിട്ടുണ്ട്.

എല്ലാ ദിവസവും രാവിലെ പത്തുമുതല്‍ രാത്രി എട്ടുമണി വരെ ലൈബ്രറി തുറന്നു പ്രവര്‍ത്തിക്കുന്നു. മെഡിക്കല്‍ വിദ്യാര്‍ഥികളടക്കമുള്ള പ്രൊഫഷണലുകള്‍ വിവരശേഖരണത്തിനായി ലൈബ്രറി സന്ദര്‍ശിക്കാറുണ്ടെന്ന് പറയുന്നു അബ്ദുല്‍ ഹമീദ്. ലൈബ്രറിക്ക് പുറമെ ഫീല്‍ഡിലിറങ്ങിയും മതപ്രബോധനം നടത്തുന്നുണ്ടെന്ന് നേരിട്ടു വിളിച്ചു സംസാരിച്ചപ്പോള്‍ ഹമീദ് സൂചിപ്പിച്ചു. ഇക്കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നിരവധിപേരെ ഇതുവഴി മുസ്ലിമാക്കാനുമായിട്ടുണ്ട്. ഈ ഉദ്യമത്തില്‍ തന്നെ സഹായിക്കാനായി 30 ഓളം സുഹൃത്തുക്കളും ഹമീദിന്റെ കൂടെയുണ്ട്. 2013 ല്‍ മാത്രം ഇസ്‌ലാമിനെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങള് കൈമാറുന്ന 5000 പുസ്തകങ്ങളെങ്കിലും പൊതുജനത്തിന് സൌജന്യമായി നല്‍കാന്‍ പദ്ധതിയെടുത്തു കഴിഞ്ഞിട്ടുണ്ട് ഈ സംഘം. ഇസ്‌ലാമിയ്യ അഴയ്പ്പു മയ്യം എന്നാണ് ഈ സംഘം സ്വയം പരിചയപ്പെടുത്തുന്നത്. ‘ഇതു ഒരു തുടക്കം മാത്രമാണ്. ഈ ശ്രമം വിപുലപ്പെടുത്തണമെന്നാണ് ആഗ്രഹം. അല്ലാഹു സഹായിച്ചാല് ‍അതിനു കഴിയുമെന്ന് തന്നെയാണ് വിശ്വാസം’- സംസാരം അവസാനിപ്പിക്കും മുമ്പ് ഹമീദ് പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter