ഹജ്ജ് ചെയ്യാതെ ഹജ്ജിന്റെ പുണ്യം കരസ്ഥമാക്കിയ ചെരുപ്പ് കുത്തി
നന്മയിൽ നിന്ന് ഒന്നും നിസാരമാക്കരുത് എന്ന് പഠിപ്പിച്ച പ്രവാചകന്റെ വചനങ്ങളെ അന്വർഥമാക്കുന്നതാണ്, ഇസ്‍ലാമിക ചരിത്രത്തിലെ ചെരിപ്പ് കുത്തിയായ മുവഫിഖിന്റെ കഥ.
അബ്ദുല്ലാഹിബ്നുൽ മുബാറക്ക്(റ)വിൽ നിന്ന് ഉദ്ധരിക്കപ്പെട്ട സംഭവം ഇങ്ങനെയാണ്. ഞാൻ ഒരു പ്രാവശ്യം ഹജ്ജ് ചെയ്ത ശേഷം ഹറമിൽ വിശ്രമിക്കുകയായിരുന്നു. എന്റെ സ്വപ്നത്തിൽ രണ്ട് മലക്കുകൾ ആകാശത്തിൽ നിന്ന് ഇറങ്ങിവന്നതു കണ്ടു.
ഒരു മലക്ക് മറ്റേ മലക്കിനോട് ചോദിച്ചു: "ഇക്കൊല്ലം എത്ര പേർ ഹജ്ജിൽ പങ്കെടുത്തു..?
ആറുലക്ഷം പേർ എന്ന് മറ്റേ മലക്ക് പറഞ്ഞപ്പോൾ ഇവരിൽ എത്രയാളുടെ ഹജ്ജ് സ്വീകരിക്കപ്പെട്ടു എന്നായി ചോദ്യം. ആരുടേയും ഹജ്ജ് സ്വീകാര്യമായില്ല എന്നായിരുന്നു മറുപടി.
പിന്നീട് മലക്ക് പറഞ്ഞു: പക്ഷേ, ഡമസ്കസിലെ മുവഫഖ് എന്ന ചെരുപ്പ് കുത്തി ഹജ്ജിൽ പങ്കെടുത്തിട്ടില്ലെങ്കിലും അയാൾക്ക് അതിന്റെ പുണ്യം ലഭിക്കുകയും അയാളുടെ ഹജ്ജിന്റെ ബറകത്ത് കൊണ്ട് എല്ലാവരുടെയും ഹജ്ജ് അല്ലാഹു സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.
ഇതു കേട്ട് ഉണർന്ന ഞാൻ താമസിയാതെ ഡമസ്കസിലേക്ക് പുറപ്പെട്ടു. ചെരുപ്പ് കുത്തിയായ മുവഫഖിനെ അന്വേഷിച്ചു കണ്ടെത്തി. ഞാൻ കണ്ട സ്വപ്നം അയാൾക്ക് വിവരിച്ച് കൊടുത്തു.
ഞാൻ ചോദിച്ചു: ഈ ഉന്നതമായ പദവി താങ്കൾക്ക് എങ്ങെനെയാണ് ലഭിച്ചത്?
മുവഫഖ് എന്നവർ കാര്യം വിശദീകരിച്ചു,
ഞാന്‍ ഹജ്ജ് യാത്രക്ക് ആഗ്രഹം തുടങ്ങിയിട്ട് കാലം ഏറെ ആയെങ്കിലും സാമ്പത്തിക ഞെരുക്കം കാരണം ആ സ്വപ്നം പൂവണിഞ്ഞില്ല വളരെ സാഹസപ്പെട്ട് ചെരുപ്പ് തുന്നി മുന്നൂറ് ദിർഹം സമ്പാദിച്ചു ഞാൻ ഇക്കൊല്ലം ഹജ്ജിന് ഒരുങ്ങിയതാണ്.
അങ്ങനെയിരിക്കെയാണ് ഒരിക്കൽ ഗർഭിണിയായ എന്റെ ഭാര്യക്ക് അയൽപക്കത്ത് നിന്ന് മാംസത്തിന്റെ വാസന ഏറ്റപ്പോൾ അവൾക്ക് ആ ഭക്ഷണത്തോട് കൊതി തോന്നി എന്നോട് ആഗ്രഹം പ്രകടിപ്പിച്ചത്.
അൽപം ഭക്ഷണം ചോദിക്കാനായി ഞാൻ അയൽവാസിയുടെ വീട്ടിലേക്ക് പുറപ്പെട്ടു. അവിടെ നിന്ന് ഒരു സ്ത്രീ പുറത്തേക്ക് വന്നപ്പോൾ അവരോട് എന്റെ ഭാര്യയുടെ ആഗ്രഹം പറഞ്ഞു.
അപ്പോൾ ആ സ്ത്രീ പറഞ്ഞു: "എന്റെ അവസ്ഥ വളരെ പരിതാപകരമാണ്. എന്റെ അനാഥ മക്കൾ ഭക്ഷണം കഴിച്ചിട്ട് മൂന്ന് ദിവസമായി. അവരുടെ വിശപ്പിന് പരിഹാരം തേടി അലഞ്ഞപ്പോൾ ഒരു ചത്ത ആടിന്റെ ശവമാണ് ഞാൻ കണ്ടത്. ആ ശവത്തിന്റെ മാംസമാണ് ഞാന്‍ വേവിച്ചിരിക്കുന്നത്. അതിന്റെ വാസനയായിരിക്കും താങ്കളുടെ ഭാര്യക്കു കിട്ടിയത്. ജീവൻ നിലനിര്‍ത്താന്‍ മറ്റൊന്നും ലഭിക്കാത്തതിനാല്‍ ഞങ്ങള്‍ക്ക് അത് ഹലാല്‍ ആണല്ലോ. പക്ഷേ, നിങ്ങൾക്കും ഭാര്യക്കും അത് ഹറാം അല്ലേ. "
ഇത് കേട്ട എനിക്ക് സ്വന്തത്തോട് തന്നെ ലജ്ജ തോന്നി. നേരെ വീട്ടിലെത്തി ഹജ്ജ് യാത്രക്ക് ഒരുക്കിവെച്ച മുന്നൂറ് ദിർഹം എടുത്ത് അനാഥകളുടെ ആവശ്യത്തിന് ചെലവാക്കാൻ ആ അയൽവാസിക്ക് നൽകി. വീട്ടുമുറ്റത്ത് തന്നെ ഹജ്ജുള്ളപ്പോൾ എന്തിന് മക്കയിലേക്ക് പോകണമെന്ന് കരുതി. ഇതായിരിക്കാം ഞാൻ ചെയ്ത പുണ്യം.
(ഇർശാദുൽ ഇബാദ്)
Leave A Comment