ഇതെന്തു പറ്റി; ഇസ്റായേലില്‍ പോകുന്നതിന് മുമ്പ് 'അമേരിക്ക' ഫലസ്തീനില്‍ വരാറില്ലല്ലോ?
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍കെറി മിഡിലീസ്റ്റില്‍ മറ്റൊരു സന്ദര്‍ശനം കൂടെ നടത്തി ഈയാഴ്ച. പുതിയ സാഹചര്യത്തില്‍ അതിലെ രാഷ്ട്രീയം ആരായുകാണ് കുറിപ്പ്. മോണിറ്റര്‍ ഡോട്ട്കോമില്‍ Daoud Kuttab എഴുതിയ ലേഖനത്തിന്‍റെ വിവര്‍ത്തനം.  width=ജോണ്‍ കെറിയുടെ ഇപ്രാവശ്യത്തെ മിഡിലീസ്റ്റ് സന്ദര്‍ശനം അമേരിക്കന്‍ പതിവിന് വിപരീതമാണ്. എന്തുകൊണ്ടാണ് ഇസ്റായേലി നേതൃത്വവുമായി സംസാരിക്കുന്നതിന് മുമ്പെ റാമല്ലയില്‍ വന്ന് ഫലസ്തീന്‍ നേതാവ് മഹ്മൂദ് അബ്ബാസുമായി അദ്ദേഹം ചര്‍ച്ച നടത്തിയത്. വിഷയത്തില്‍ ഫലസ്തീന് ഒരു പടി മുന്‍തൂക്കം നല്‍കണമെന്ന് അമേരിക്കക്ക് ഉദ്ദേശ്യമുണ്ടോ. അതോ ജൂതരാഷ്ട്രത്തിലെ അവധി ദിനങ്ങള്‍ കണ്ടറിഞ്ഞ് അതനുസരിച്ച് യാത്രാപരിപാടികള്‍ നേരത്തെ തീരുമാനിക്കുകയായിരുന്നോ? ഏതായാലും അന്താരാഷ്ട്രം സമൂഹത്തിന് അറിയുന്നതിലപ്പുറം എന്തൊക്കെയോ ചില കാര്യങ്ങള്‍ മറക്കപ്പുറത്ത് നടക്കുന്നുണ്ട്. അല്ലെങ്കിലും മിഡിലീസ്റ്റിന്‍റെ കാര്യത്തില്‍ പുറത്ത് കേള്‍ക്കുന്നതിലുപരിയുള്ള ചില സ്വകാര്യസംഭാഷണങ്ങളാണ് കാര്യങ്ങള്‍ തീര്‍പ്പാക്കുകയെന്ന് നേരത്തെ പറയാറുണ്ട്. പടിഞ്ഞാറേ അതിര്‍ത്തി കൃത്യമായി വിശദീകരിക്കുന്ന ഫലസ്തീന്‍ രാഷ്ട്രത്തിന്‍റെ ഒരു മാപ്പാണ് അവിടത്തെ നേതൃത്വം സമാധാന ചര്‍ച്ചകളുടെ പ്രാഥമിക നടപടിയെന്നോണം ആവശ്യപ്പെടുന്നത്. അത് നേരത്തെ യാസിര്‍ അറഫാത്തിന്‍റെ കാലം മുതലെ തുടങ്ങിയതുമാണ്. അന്നെല്ലാം വിഷയത്തില്‍ നിന്ന് വലിഞ്ഞൂരി ചര്‍ച്ച അരികുവല്‍ക്കരിക്കുന്ന നയമാണ് ഇസ്റായേല്‍ സ്വീകരിച്ചു വന്നിരുന്നത്. സമാധാന ശ്രമങ്ങള്‍ ആത്മാര്‍ഥപരം ആകണമെങ്കില്‍ ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയെ കുറിച്ച് ധാരണയുണ്ടായിരിക്കുക എന്നത് വളരെ പ്രാഥമികമാണ്. ഫലസ്തീന്‍ പ്രക്ഷുബ്ധമായി തുടരുന്ന സാഹചര്യത്തിലാണ് കെറിയുടെ സന്ദര്‍ശനം എന്നതും എടുത്തു പറയേണ്ടതുണ്ട്. ഇസ്റായേല്‍ തടവറയിലായിരുന്ന 64 കാരന്‍ അബൂഹാമിദ് കാന്‍സര്‍ ബാധിച്ച് മരണപ്പെട്ടതിനെ ചൊല്ലി പ്രദേശത്ത് വിവിധ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് കെറിയുടെ സന്ദര്‍ശനം. അര്‍ബുദം ചികിത്സിക്കാന്‍ ഇസ്റായേല്‍ അധികൃതര്‍ സമ്മതിച്ചിരുന്നുവെങ്കില്‍ ഹാമിദിന്‍റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് ഫലസ്തീന്‍ പറയുന്നത്. ജൂതരാജ്യവുമായി ഫലസ്തീന്‍ ജനത ഇടഞ്ഞുനില്‍ക്കുന്ന പ്രധാനപ്പെട്ട ഒരു വിഷയവും ഇതു തന്നെയാണല്ലോ. 4500 ഫലസ്തീന്‍ യുവാക്കളെങ്കിലും ഇസ്റായേല്‍ തടവറകളില്‍ നിയമവിരുദ്ധമായി പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. ഓസലോ കരാറിന് മുമ്പ് പിടിക്കപ്പെട്ടവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. അവരുടെ കാര്യത്തില്‍ നീതിയുക്തമായ തീരുമാനം കൈകൊള്ളുമെന്ന് വാക്കുനല്‍കിയെങ്കിലും അതൊന്നും പാലിക്കപ്പെടാതെ പോകുകയായിരുന്നു. അതിനുപുറമെയാണ് ദിവസങ്ങളായി നിരാഹാര സമരത്തില്‍ കഴിയുന്ന തടവുപുള്ളികളുടെ കാര്യം. നിയമവിരുദ്ധമായി തങ്ങളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ നിരാഹാരം കിടക്കുന്നത്. സമാധാനം സ്ഥാപിക്കുന്നതിനുള്ള ഏതു ശ്രമവും ഈ തടവുപുള്ളികളുടെ കാര്യം പരിഹരിച്ച ശേഷമെ വിജയിക്കൂവെന്നത് നിസ്സംശയമാണ്. എന്നാല്‍ ഇവ്വിഷയത്തിലും ഒളിച്ചുകളി നയമാണ് ഇസ്റായേലിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.  width=കുടിയേറ്റ പദ്ധതികള്‍ നിറുത്തിവെക്കുകയെന്നതടക്കമുള്ള ഒരു മുന്നുപാധിയുമില്ലാതെ ഫലസ്തീന്‍ ചര്‍ച്ചക്ക് തയ്യാറാകണമെന്നാണ് ഇസ്റായേലിന്‍റെ പക്ഷം. എങ്കിലേ ചര്‍ച്ചയില്‍ തങ്ങള്‍ക്ക് മേല്‍ക്കൈ നേടാനാകൂവെന്ന് ഇസ്റായേല്‍ മനസ്സിലാക്കുന്നു. ഫലസ്തീന്‍ ഒരു വിഷയത്തിലും അന്താരാഷ്ട്ര കോടതിയെ സമീപിക്കരുതെന്നും ഇസ്റായേല്‍ ആവശ്യപ്പെടുന്നുണ്ട്. സമാധാനശ്രമത്തിന് സാധ്യത ആരായുക തന്നെയാണ് ഫലസ്തീന്‍. കുറച്ച് കാലത്തേക്കെങ്കിലും അന്താരാഷ്ട്രകോടതിയെയും ഐക്യരാഷ്ട്രസഭയെയും സമീപിക്കേണ്ടതില്ലെന്നാണ് ഫലസ്തീന്‍ നേതൃത്വം ആലോചിക്കുന്നതെന്ന് തോന്നുന്നു. ഐക്യരാഷ്ട്ര സഭയിലെ പ്രത്യക രാഷ്ട്ര പദവി ലഭിച്ചതിന് ശേഷവും ഇതുവരെ ഫലസ്തീന്‍ വിഷയമുന്നയിച്ച് അന്താരാഷ്ട്രകോടതിയെ സമീപിച്ചിട്ടില്ലല്ലോ. അതെസമയത്ത് പ്രസ്തുത കാലയിളവില്‍ പുതുതായി ഒരു കുടിയേറ്റ പദ്ധതിയുമായി ഇസ്റായേലും മുന്നോട്ട് വരരുതെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട് ഫലസ്തീന്‍. ഇരുരാജ്യങ്ങളും തമ്മില്‍ കാലങ്ങളായി തുടരുന്ന ഈ പ്രശ്നം അവസാനിപ്പിക്കാനുള്ള ശ്രമം വിജകയരമാകുന്നതിന് പ്രാദേശിക ശക്തികളുടെ സഹായം അത്യാവശ്യമാണെന്നതില്‍ ഒരു തര്‍ക്കവുമില്ല. ജോര്‍ദാന്‍റെ സഹായം അമേരിക്ക ഇതിനകം തന്നെ ആവശ്യപ്പെട്ടു കഴിഞ്ഞിട്ടുമുണ്ട്. ഇസ്റായേലുമായി സമാധാന കരാറുള്ള രാജ്യങ്ങളിലൊന്നാണ് ജോര്‍ദാന്‍. ജൂതരാഷ്ട്രവുമായി സമാധാന കരാറുള്ള മറ്റൊരു ഈജിപ്ത് പക്ഷെ അഭ്യന്തര പ്രശ്നങ്ങളില്‍ കിടുന്നുഴലുകയാണ്. തുര്‍ക്കിയും സന്ദര്‍ശിച്ച ശേഷമാണ് ഇത്തവണ കെറി റാമല്ലയിലെത്തിയതെന്നതും ഇത്തരുണത്തില്‍ പ്രത്യേകം ശ്രദ്ധേയമാണ്. ഇസ്റായേല്‍-തുര്‍ക്കി പ്രശ്നങ്ങള്‍ അവസാനിപ്പിക്കുകയെന്ന അമേരിക്കയുടെ സ്വാര്‍ഥ താത്പര്യം തന്നെയായിരിക്കും പ്രസ്തുത സന്ദര്‍ശനത്തിന് പിന്നിലെ വികാരം. എന്നാലും നാറ്റോസഖ്യത്തിലെ അംഗമായ തുര്‍ക്കിയുടെ കൂടെ സഹായം ഫലസ്തീന്‍ പ്രശ്നത്തില്‍ ലഭിക്കുന്നത് നല്ല കാര്യമാണെന്ന് അമേരിക്ക മനസ്സിലാക്കുന്നുണ്ടാകണം. ഏതായാലും രണ്ടോ മൂന്നോ മാസങ്ങള്‍ക്കകം ഈ ചര്‍ച്ചകളുടെ ഭാവിയെന്താണെന്ന് നമുക്ക് തിരിച്ചറിയാനാകും, തീര്‍ച്ച.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter